സുഊദി സിലബസിലെ രാമായണവും മഹാഭാരതവും: ആരോപണത്തിന്റെ നിജസ്ഥിതിയെന്ത്?

നൗഫല്‍ മദീനി

2021 മെയ് 15 1442 ശവ്വാല്‍ 03

ഇന്ത്യയിലെ രാമായണവും മഹാഭാരതവും സുഊദിയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പോവുകയാണെന്ന വാര്‍ത്ത കാണാനിടയായി. അങ്ങനെയൊരു തീരുമാനം അവരെടുത്തിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. എന്നാല്‍ അത് ഔദ്യോഗികമായി അറിയിക്കേണ്ടത് അവര്‍ തന്നെയാണ്. പലരും വാര്‍ത്തയുടെ ലിങ്കുകള്‍ അയച്ചുതരാന്‍ തുടങ്ങി. അതിലൊന്നും പക്ഷെ, വാര്‍ത്തയുടെ ഉറവിടം കാണാന്‍ കഴിഞ്ഞില്ല. അതോടെ ഈ വാര്‍ത്തയുടെ വിശ്വാസ്യതയില്‍ സംശയം തോന്നി. ചില സ്ഥാപിത താല്‍പര്യക്കാരുടെ കരങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന സംശയം ഉടലെടുത്തു. എന്നിട്ടും, സുഊദി അറേബ്യയുടെ പേരില്‍ നിരവധി വ്യാജവാര്‍ത്തകള്‍ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നതുകൊണ്ട് ഇതും അതില്‍പെട്ടതാണെന്ന് കരുതി അവഗണിച്ചു. വീണ്ടും വീണ്ടും ഈ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ ഇതിന്റെ പിന്നിലെ യഥാര്‍ഥ്യം അറിയുവാന്‍ ഒരു ശ്രമം നടത്തി.

സുഊദിയിലെ ഒന്നുരണ്ട് പ്രമുഖ വ്യക്തികളുമായി ഈ വിഷയത്തെപ്പറ്റി സംസാരിച്ചു. അവര്‍ രണ്ടുപേരും ഒരേ സ്വരത്തില്‍; ഇത് കളവാണ്, സുഊദിക്കെതിരെ ആളുകള്‍ പടച്ചുവിടുന്നതാണെന്ന് പറഞ്ഞു. മദീനയില്‍നിന്നുള്ള ഒരു ശൈഖ് പറഞ്ഞത് ഇത്തരം കള്ളവാര്‍ത്തകള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചുണ്ടാക്കുന്നവയാണ് എന്നാണ്.  

സുഊദി എംബസിയിലെ ഉദ്യോഗസ്ഥനായ ഒരു ശൈഖ് പറഞ്ഞത്, ഈ കള്ളപ്രചാരണം ഒരു സ്ത്രീയുടെ ട്വിറ്ററിലെ കുറിപ്പില്‍നിന്ന് ഉണ്ടായതാണ് എന്നാണ്. സുഊദിയിലെ വിദ്യാഭ്യാസ വകുപ്പോ മറ്റു ഉത്തരവാദപ്പെട്ടവരോ അറിയാത്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

അപ്പോള്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ തീരുമാനിച്ചു നെറ്റിലും സോഷ്യല്‍ മീഡിയയിലും പരതി. അവസാനം അത് കണ്ടെത്തി. അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു:

നൗഫ് അല്‍മര്‍വഈ എന്ന സ്ത്രീയുടെതാണ് ട്വീറ്റ്. ഇതില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്: ''സുഊദി അറേബ്യയുടെ 'വിഷന്‍ 2030'ഉം പാഠ്യപദ്ധതിയും സഹവര്‍ത്തിത്വവും മിതത്വവും സഹിഷ്ണുതയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സഹായിക്കും. എന്റെ മകന്റെ സ്‌കൂളിലെ ചരിത്രത്തിന്റെ പരീക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകളാണിത്. അതില്‍ ഹിന്ദുയിസം, ബുദ്ധിസം, രാമായണം, കര്‍മ, മഹാഭാരതം, ധര്‍മം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. അവന്റെ പഠനത്തില്‍ സഹായിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു.''

ഇതാണ് ഒരു രാജ്യത്തിന്റെ പാഠ്യപദ്ധതിയിലെ മാറ്റത്തിന് തെളിവായി മീഡിയകളും സുഊദിയുടെ ശത്രുക്കളും ചൂണ്ടിക്കാണിക്കുന്നത്. കൂടെ നടക്കുന്നവരോട് പോലും ഇതില്‍ പറഞ്ഞ മൂല്യങ്ങളൊന്നും കാണിക്കാത്തവരാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ വൈരുധ്യം.

ഇതിനെക്കുറിച്ച് നമ്മുടെ നാട്ടിലെ സോഷ്യല്‍ മീഡിയ മാത്രമല്ല ചില മുന്‍നിര മാധ്യമങ്ങള്‍ വരെ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം തെറ്റുധാരണാജനകവും ദുരുപധിഷ്ഠിതവുമായ വാര്‍ത്തകളാണ്.

നൗഫ് അല്‍ മര്‍വഈ തന്റെ ട്വീറ്റ് വിവരദോഷികള്‍ ഇങ്ങനെ പ്രചരിപ്പിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ട്വിറ്ററിലെ അവരുടെ പ്രൊഫൈലില്‍ അവര്‍ സുഊദിയിലെ ആദ്യത്തെ യോഗാചാര്യ ആണെന്നും പത്മശ്രീ അവാര്‍ഡ് ജേതാവാണെന്നും പറയുന്നുണ്ട്. ഇങ്ങനെയുള്ള ഒരു സ്ത്രീയുടെ ട്വിറ്റര്‍ പോസ്റ്റിനെ ഒരു രാജ്യത്തിന്റെ നിലപാടാക്കി പ്രദര്‍ശിപ്പിക്കുന്നതിനു പിന്നിലെ ദുരുദ്ദേശ്യം മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട.  

ഏതായാലും ഈ വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ട്വിറ്ററിലൂടെ അവരുമായി സംസാരിച്ചു. അതില്‍ ഈ പ്രചരിപ്പിക്കപ്പെടുന്നതിനെ അവര്‍ നിഷേധിക്കുകയും അത് ശരിയായ വാര്‍ത്തയല്ലെന്ന് അറിയിക്കുകയും ചെയ്തു. മീഡിയകളും മറ്റും അനുവാദമില്ലാതെ ട്വീറ്റുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് അവരുടെ ട്വിറ്റര്‍ ലോക്ക് ചെയ്തിരിക്കുകയാണെന്നും ഞാന്‍ ട്വീറ്റ് ചെയ്തവയും മറുപടികളും അയച്ച് തരാമെന്ന് പറയുകയും അവര്‍ അത് അയച്ചുതരികയും ചെയ്തു. അതില്‍നിന്ന് വ്യക്തമാകുന്നത് ഇതാണ്:

അവരുടെ മകന്‍ പഠിക്കുന്നത് സുഊദി നാഷണല്‍ കരിക്കുലത്തിന് കീഴിലുള്ള സ്‌കൂളിലല്ല, മറിച്ച് സുഊദിയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ്. സുഊദിയില്‍ വിവിധ അന്താരാഷ്ട്ര സ്‌കൂളുകള്‍ ഉണ്ട്. എംബസി സ്‌കൂളുകളുമുണ്ട്. അവയുടെ കരിക്കുലത്തില്‍ പലതും പഠിപ്പിക്കുന്നുമുണ്ട്. അത് പോലുള്ള ഒരു സ്‌കൂളിലുള്ള കാര്യമാണ് അവര്‍ പറഞ്ഞത്.

അവരുടെ ട്വിറ്ററില്‍ പ്രതികരണവുമായി സുഊദി വനിതകള്‍ അടക്കമുള്ളവര്‍ വന്നിട്ടുണ്ട്. വിഷന്‍ 2030 എന്ന ഹാഷ്ടാഗ് എന്തിന് ഉപയോഗിച്ചു എന്നും അവര്‍ ചോദിക്കുന്നുണ്ട്. സുഊദി സ്‌കൂളുകളില്‍ ഇതൊക്കെ പഠിപ്പിക്കപ്പെടും എന്ന് തെറ്റിദ്ധരിപ്പിച്ചതെന്തിനാണെന്നും അവര്‍ ചോദിക്കുന്നു. അതിനുള്ള മറുപടിയായി നൗഫ് അല്‍മര്‍വഈ പറഞ്ഞത് ഇപ്രകാരമാണ്: 'ഹിന്ദുമതം പഠിപ്പിക്കുന്നു എന്ന് ഞാന്‍ പറഞ്ഞില്ല, മറിച്ച് നാഗരികതയും ഇന്ത്യന്‍ ചരിത്രവും പഠിപ്പിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. രാമായണവും മഹാഭാരതവും സാംസ്‌കാരികവും ചരിത്രപരവുമായ യുദ്ധങ്ങളെ കുറിച്ചുള്ളവയാണ്...'

രാമായണവും മഹാഭാരതവും മതഗ്രന്ഥമല്ല എന്ന് പറഞ്ഞതിനെ ഞാന്‍ തിരുത്തിക്കൊടുത്തിട്ടുണ്ട്. മതഗ്രന്ഥമായി പ്രചരിപ്പിക്കപ്പെടുന്നത് തന്നെയാണ് അവ എന്ന് അവരെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.

സുഊദിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രചാരണങ്ങളുടെയും യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ശരിയായ ഉറവിടങ്ങളിലൂടെയല്ലാതെയുള്ള വാര്‍ത്തകള്‍ വലിയരൂപത്തില്‍ പടച്ചുവിടപ്പെട്ടുകൊണ്ടിരിക്കുന്നു. വാര്‍ത്താദാരിദ്ര്യം നേരിടുന്ന മീഡിയകള്‍ ഇവ ഏറ്റുപിടിക്കുകയും ചെയ്യുന്നു.

സഹവര്‍ത്തിത്വവും മിതത്വവും സഹിഷ്ണുതയും പോലെയുള്ള മൂല്യങ്ങള്‍ ഇന്ത്യയിലെ ആളുകള്‍ക്ക് ആദ്യം പകര്‍ന്നുനല്‍കാന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് അപേക്ഷിക്കുന്നു. ഇന്ത്യയില്‍ അവയൊന്നും പാലിക്കപ്പെടാതെ മറ്റു രാജ്യങ്ങളിലേക്ക് അവ എന്തിന് കയറ്റുമതി ചെയ്യണം?

അവിടെയുള്ളവര്‍ക്ക് സഹിഷ്ണുതയും സഹവര്‍ത്തിത്വവുമൊക്കെയുള്ളതുകൊണ്ടല്ലേ നമ്മളിവിടെ മഹാമാരികൊണ്ട് പ്രയാസപ്പെടുമ്പോള്‍ നമ്മള്‍ ആവശ്യപ്പെടാതെ തന്നെ നമുക്ക് വേണ്ട സഹായങ്ങള്‍ അവര്‍ അയച്ചുതരാന്‍ സന്നദ്ധത കാണിച്ചത്? എന്നിട്ട് നാം ചെയ്തതോ? അവര്‍ അയച്ചുതന്നതിന്റെ മേല്‍ നമ്മുടെ നാട്ടിലെ കോര്‍പ്പറേറ്റ് കമ്പനിയുടെ മേല്‍വിലാസമൊട്ടിച്ച് സ്വന്തം സഹായമാണെന്ന് വരുത്തിത്തീര്‍ക്കലും! ഈ ചതി അറിഞ്ഞിട്ടും അവര്‍ സഹായം നല്‍കുന്നതില്‍നിന്ന് പുറകോട്ട് പോയിട്ടില്ല എന്നത് അവരുടെ സഹിഷ്ണുതയുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നു. ഇത്തരം മൂല്യങ്ങളെല്ലാം അവിടുന്ന് ഇങ്ങോട്ട് കയറ്റുമതി ചെയ്യുകയല്ലേ വേണ്ടത്?

അപ്പോള്‍, ഇതാണ് ഈ വ്യാജപ്രചാരണത്തിന്റെ യാഥാര്‍ഥ്യം. ഈ വിഷയത്തില്‍ ആള്‍ട്ട്‌ന്യൂസിന് അവര്‍ നല്‍കിയ പ്രതികരണത്തിന്റെ പരിഭാഷ കൂടി ഇവിടെ നല്‍കുന്നു. വ്യാജപ്രചാരകര്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ തന്നെ അയച്ചുതന്നതാണ്:

''ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്റെ മകനെ പഠിപ്പിക്കുന്നത് ഞാന്‍ ആസ്വദിച്ചുവെന്ന് ഞാന്‍ പങ്കുവെച്ചു. എന്റെ മകന്‍ ഒരു സ്വകാര്യസ്‌കൂളില്‍ പഠിക്കുന്നു, അതിന്റെ പാഠ്യപദ്ധതി വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതാണ്. രാമായണവും മഹാഭാരതവും എന്റെ മകന്റെ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും. ദക്ഷിണേഷ്യന്‍ ആര്‍ട്ട് വിഭാഗത്തിന്റെ സാഹിത്യ ഉപശീര്‍ഷകത്തിന് കീഴില്‍ ഇത് ഇന്ത്യയുടെ ചരിത്ര ഇതിഹാസകാവ്യമായി പരാമര്‍ശിക്കപ്പെട്ടു എന്ന് മാത്രമേയുള്ളു' എന്ന് അവര്‍ പറഞ്ഞു.

'സ്‌ക്രീന്‍ഷോട്ടുകള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന്റെ' ശൂന്യത പൂരിപ്പിക്കുക (Fill in the blanks) െ ടെസ്റ്റിന്റെതാണ്. അതില്‍ പരീക്ഷിക്കപ്പെട്ട വിഷയം സാമൂഹിക പഠനവും (Social studies)െ ലോക ഭൂമിശാസ്ത്രവുമാണ് (World Geography), അവര്‍ കൂട്ടിച്ചേര്‍ത്തു.

'സുഉൗദി അറേബ്യയുടെ വിഷന്‍ 2030മായി ബന്ധപ്പെട്ട തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നിരവധി മാധ്യമങ്ങള്‍ എന്റെ ട്വീറ്റ് ഉപയോഗിച്ചതായി ശ്രദ്ധയില്‍ പെട്ടു. യോഗയോടുള്ള എന്റെ അഭിനിവേശം ഇന്ത്യയില്‍ നല്ല സ്വീകാര്യത നേടിയതില്‍ ഞാന്‍ സന്തുഷ്ടയാണ്, പക്ഷേ, കാര്യങ്ങള്‍ വ്യക്തമാക്കാന്‍ എന്റെ അഭിപ്രായങ്ങള്‍ക്കായി ഒരു മാധ്യമവും എന്നെ സമീപിച്ചില്ല. മുന്നോട്ടുപോകുമ്പോള്‍, എന്റെ പ്രസ്താവന സന്ദര്‍ഭോചിതമല്ലാതെ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എന്നെ ബന്ധപ്പെടാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു' എന്നും മാര്‍വായ് ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ സുഉൗദി അറേബ്യന്‍ സ്‌കൂളുകളില്‍ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നുവെന്ന് തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്.