ഇസ്‌ലാം ക്ഷണിക്കുന്നത് ജാറങ്ങളിലേക്കല്ല

മൂസ സ്വലാഹി, കാര

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

(അറുതിയില്ലാത്ത അന്ധവിശ്വാസങ്ങള്‍ 23)

മതാധ്യാപനങ്ങളെ ജീവിതത്തില്‍ അടയാളപ്പെടുത്തി, മൂല്യങ്ങളെ കാത്തുസൂക്ഷിക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. എന്നാല്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങളെ മാറ്റിവച്ച് നിര്‍മിത ആശയങ്ങളെ വലുതാക്കി കാണിക്കുക എന്നത് സമസ്തയുടെ പണ്ഡിതന്മാര്‍ സ്വീകരിച്ചുവരുന്ന നയമാണ്.

2021 ഫെബ്രുവരി ആദ്യലക്കം സുന്നിവോയ്സില്‍ 'മഖ്ബറകള്‍ വഴിവിളക്കുകള്‍' എന്ന പേരില്‍ വന്ന ലേഖനം വിശ്വാസികളെ അല്ലാഹുവില്‍നിന്ന് അകറ്റിക്കളയുന്ന വിധത്തില്‍ ആദര്‍ശവിരുദ്ധത നിറഞ്ഞതാണ്. വേദക്കാരുടെ തെറ്റായ വിശ്വാസങ്ങളെചാണിനുചാണായി പിന്‍പറ്റുവാന്‍ ഇക്കൂട്ടര്‍ മത്സരിക്കുകയാണോ എന്ന് തോന്നിപ്പോകും.

നബി ﷺ ക്ക് ക്വുര്‍ആന്‍  നല്‍കിയ താക്കീത് കാണുക: "യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നതുവരെ. പറയുക: അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനുശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല" (ക്വുര്‍ആന്‍ 2:120).

ഇതിന്‍റെ വിശദീകരണത്തില്‍ ഇബ്നു കഥീര്‍ (റഹി) പറഞ്ഞു:

'ക്വുര്‍ആനില്‍നിന്നും നബിചര്യയില്‍നിന്നും ജൂത-ക്രെെസ്തവരെ സംബന്ധിച്ച് അറിഞ്ഞതിനുശേഷം അവരുടെ വഴികളെ പിന്‍പറ്റുന്നതിനെ തൊട്ട് ശക്തമായ ശാസന ഇതിലുണ്ട്. അല്ലാഹുവില്‍ കാവല്‍ തേടുക. നബി ﷺ യോടുള്ള ഈ സംസാരം അദ്ദേഹത്തിന്‍റെ സമൂഹത്തോടുള്ള കല്‍പനയാണ്' (ഇബ്നു കഥീര്‍/പേജ് 225/വാള്യം 1).

ലേഖകന്‍ എഴുതുന്നു: "കേരളത്തില്‍ നൂറില്‍പരം മഖ്ബറകളുണ്ട്. അവയില്‍ അന്തിയുറങ്ങുന്ന പുണ്യാത്മാക്കളെ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ ഇസ്ലാമിക സംസ്കാരം വളര്‍ന്നത്. അവരുടെ ലളിതമായ ജീവിതരീതിയിലും നിസ്വാര്‍ത്ഥ സമീപനത്തിലും ജ്ഞാനവൈപുല്യത്തിലും ആകൃഷ്ടരായാണ് കേരളീയര്‍ ഇസ്ലാമിലേക്ക് കടന്നുവന്നത്. ജീവിതകാലത്ത് വഴിവിളക്കുകളായി ജ്വലിച്ചുനിന്ന അവര്‍ മരണാനന്തരവും കെടാജ്യോതിസ്സുകളായി പരിലസിക്കുന്നു" (സുന്നിവോയ്സ്, 2020 ഫെബ്രുവരി 1-15, പേജ് 33).

പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നബി ﷺ  പഠിപ്പിച്ചതാണ് മതസംസ്കാരമെന്ന സാമാന്യ വിവരംപോലും ഇവര്‍ക്കില്ലാതെ പോയല്ലോ! മക്വ്ബറകള്‍ കണ്ടിട്ടാണോ കേരളത്തില്‍ ഇസ്ലാമിലേക്ക് ആളുകള്‍ വന്നത്? മക്വ്ബറകളെ കേന്ദ്രീകരിച്ചുള്ള സംസ്കരണ പ്രവര്‍ത്തനമാണോ നബി ﷺ  നടത്തിയിട്ടുള്ളത്?

അല്ലാഹു പറയുന്നു: "അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു" (ക്വുര്‍ആന്‍ 62:2)

വഴിവിട്ട ജീവിതം നയിച്ചിരുന്ന അറബികളില്‍ വിപ്ലവകരമായ മാറ്റമുണ്ടായത് നബി ﷺ  അന്ധവിശ്വാസങ്ങള്‍ക്ക് കാവലിരുന്നത് മൂലമല്ല. നമ്മുടെ നാട്ടിലെ കെട്ടിയുണ്ടാക്കപ്പെട്ട ജാറങ്ങളുടെ എണ്ണം പറഞ്ഞ് അവയെ പരിശുദ്ധമാക്കാന്‍ ശ്രമിച്ചതുകൊണ്ടൊന്നും അത് ഇസ്ലാമിന്‍റെ പരിധിയില്‍ വരികയുമില്ല. അഹ്ലുസ്സുന്നയുടെ പണ്ഡിതരില്‍ ആരുടെ ക്വബ്റും ജാറമാക്കി ആരാധിക്കപ്പെടുന്ന അവസ്ഥ കേരളത്തിലെന്നല്ല മറ്റെവിടെയുമില്ല. 'മനുഷ്യസൗഹാര്‍ദം' ഊട്ടിയുറപ്പിക്കേണ്ടതിനുപകരം 'മത സൗഹാര്‍ദ'ത്തിനുവേണ്ടി പണിയെടുത്ത് ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

ലേഖകന്‍ തുടരുന്നു: "വിശ്വാസികള്‍ക്ക് ആത്മീയപ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന വഴിവിളക്കുകളാണ് മഖ്ബറകള്‍. ഇസ്ലാമിന്‍റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ ഓര്‍മപ്പെടുത്തുന്ന ചരിത്ര മുദ്രകള്‍ കൂടിയാണ് അവ. മുസ്ലിംകളുടെ സംസ്കാരം രൂപപ്പെടുത്തുന്നതിലും സമുദായത്തിന് ദിശാബോധം നല്‍കുന്നതിലും നിര്‍ണായക പങ്കുവഹിച്ച നവോത്ഥാന നായകന്‍മാരുടെ ത്യാഗോജ്വലമായ ഇന്നലെകളിലേക്ക് ഓരോ മഖ്ബറയും വെളിച്ചം പകരുന്നു" (സുന്നിവോയ്സ്, 2020 ഫെബ്രുവരി 1-15, പേജ് 34).

മതത്തെ കളങ്കപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ മക്വ്ബറ വ്യവസായത്തിന്‍റെ ഉദ്ഘാടകരായ ശിയാക്കളുടെ പിന്‍പറ്റുന്നതുകൊണ്ടാകാം ഇതിനെ 'ചരിത്രമുദ്രകളായി' മുസ്ലിയാര്‍ പരിചയപ്പെടുത്തിയത്. ഇസ്ലാമിക ചരിത്രത്തില്‍ ഇത്തരമൊരു ഏര്‍പ്പാട് ഇല്ലെന്നതിന് പ്രധാന തെളിവാണ് നബി ﷺ യുടെ ക്വബ്ര്‍.

ജാബിറി(റ)ല്‍നിന്ന് നിവേദനം: "നബി ﷺ യുടെ ക്വബ്ര്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തപ്പെട്ടതായി ഞാന്‍ കണ്ടു"(ഇമാം ബൈഹക്വി).

നാല് ഖലീഫമാരുടെ ക്വബ്റുകളെ സ്വഹാബികളില്‍ ആരെങ്കിലും ജാറമാക്കിയോ? അഹ്ലുസ്സുന്നയുടെ ഇമാമുകളില്‍ ആരെങ്കിലും 'ജാറനിര്‍മാണ സമ്പ്രദായ'ത്തെ അനുകൂലിച്ചിട്ടുണ്ടോ?

ജാറസ്നേഹികളുടെ ദുര്‍വാദങ്ങളെ വേരോടെ പിഴുതെറിയാന്‍ മാത്രം ഹദീഥുകള്‍ ഈ വിഷയത്തിലുണ്ട്.

ജാബിറി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: "ക്വബ്റുകള്‍ കുമ്മായമടിക്കുക, അതിന്മേല്‍ ഇരിക്കുക, അതിന്മേല്‍ എടുപ്പുണ്ടാക്കുക എന്നിവ നബി ﷺ  വിരോധിച്ചിരിക്കുന്നു" (മുസ്ലിം).

അബുല്‍ ഹയ്യാജ് അല്‍അസദി(റ)ല്‍നിന്ന്; അലി(റ) എന്നോട് പറഞ്ഞു: "നബി ﷺ  എന്നെ നിയോഗിച്ച അതേ കാര്യങ്ങള്‍ക്കുവേണ്ടി നിന്നെ ഞാന്‍ നിയോഗിക്കുന്നു. ഒരു സ്തൂപവും നീ നശിപ്പിക്കാതെ ഒഴിവാക്കരുത്. കെട്ടി ഉയര്‍ത്തപ്പെട്ട ഒരു ക്വബ്റും നശിപ്പിക്കാതെ വിടരുത്."

ആഇശ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: 'ജൂത-ക്രെെസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവരുടെ പ്രവാചകന്മാരുടെ ക്വബ്റുകളെ സുജൂദ് ചെയ്യാനുള്ള സ്ഥലമായി അവര്‍ സ്വീകരിച്ചു" (ബുഖാരി).

ശാഫിഈ മദ്ഹബിന്‍റെ പേരില്‍ അന്ധമായ അനുകരണം കൊണ്ടുനടക്കുന്ന ഇവര്‍ പണ്ഡിത നിലപാടുകളെ പൂഴ്ത്തിവച്ചും അവരുടെ വാക്കുകളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തുമൊക്കെയാണ് ഈ തെറ്റിന് തെളിവുണ്ടാക്കുന്നത്

എന്നാല്‍ ഇമാം ശാഫിഈ(റഹി) അടക്കമുള്ളവരുടെ വിശ്വാസമെന്താണ്? അദ്ദേഹം പറഞ്ഞു: "മക്കയിലെ ഭരണാധികാരികള്‍ അവിടുത്തെ ക്വബ്റുകളിന്മേല്‍ നിര്‍മിച്ചവ മുഴുവന്‍ പൊളിച്ചുകളയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മക്കയിലെ ഒരു പണ്ഡിതനും അതിനെ ആക്ഷേപിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല" (അല്‍ഉമ്മ്/പേജ് 463,464).

 ഇബ്നു ഹജറുല്‍ ഹൈതമി(റഹി) പറയുന്നു: "കെട്ടിപ്പൊക്കിയ ക്വബ്റുകളും അതിന്മേലുള്ള ഖുബ്ബകളും പൊളിച്ചുനീക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ അത് മസ്ജിദുള്ളിറാറിനെക്കാള്‍ (കപട വിശ്വാസികളുടെ പള്ളി) അപകടം പിടിച്ചതാണ്. ഇത് നിര്‍മിക്കപ്പെട്ടത് നബി ﷺ യുടെ കല്‍പന ധിക്കരിച്ചു കൊണ്ടാണ്. നിശ്ചയം നബി ﷺ  അതിനെ വിലക്കുകയും ഉയര്‍ന്നുനില്‍ക്കുന്ന ക്വബ്റുകളെ തട്ടിനിരപ്പാക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്" (അസ്സവാജിര്‍/വാള്യം1/പേജ് 148,149).

ഇത്രത്തോളം വിലക്കപ്പെട്ട, ഇരുള്‍പടര്‍ത്തുന്ന ഒരു കാര്യം സമൂഹത്തിന് വെളിച്ചം പകരുന്നതെങ്ങനെയാണ്? ഇതിനെ പുണ്യകര്‍മമായി അവതരിപ്പിക്കുന്നത് ശുദ്ധ വഞ്ചനയാണ്.

ലേഖകന്‍ എഴുതുന്നു: "ലൗകിക ബന്ധങ്ങളെല്ലാം വിഛേദിച്ച് ഹൃദയത്തെ സ്ഫുടംചെയ്ത് അതീന്ദ്രിയജ്ഞാനം നേടിയ മഹാത്മാക്കളാണ് വലിയ്യുമാര്‍. പഞ്ചേന്ദ്രിയങ്ങളുടെ സഹായംകൂടാതെ അന്തര്‍ ദൃഷ്ടിയിലൂടെ അദൃശ്യങ്ങള്‍ വായിച്ചെടുക്കാനുള്ള സിദ്ധിയും അല്ലാഹുവുമായുള്ള സാമീപ്യംവഴി അത്ഭുതകാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അസാധാരണ കഴിവും പലപ്പോഴും അവര്‍ക്ക് സ്രഷ്ടാവില്‍നിന്ന് ലഭ്യമാകുന്നു" (സുന്നിവോയ്സ്, ഫെബ്രുവരി 2020, പേജ് 34).

വലിയ്യുകളെ സംബന്ധിച്ചുള്ള ഒരു ശരാശരി സമസ്തക്കാരന്‍റെ അറിവാണിത്. വലിയ്യുകള്‍ക്ക് ഇങ്ങനെയൊരു നിര്‍വചനം ആരാണു നല്‍കിയത്? ഇതെല്ലാം സ്വൂഫീ, ബറേല്‍വി സങ്കല്‍പത്തിലുള്ള ഔലിയാ വിശ്വാസമായതിനാല്‍ ഇതിനൊന്നും പ്രമാണങ്ങളുടെ പിന്‍ബലമില്ല. ഔലിയാക്കളെ കുറിച്ചുള്ള ഇസ്ലാമിക നിലപാട് സമൂഹം അറിഞ്ഞാല്‍ തങ്ങളുടെ 'ഔലിയാ കച്ചവടം' വഴിമുട്ടിപ്പോകുമോ എന്ന ഉള്‍ഭയം പുരോഹിതന്മാരെ നിരന്തരം വേട്ടയാടുന്നുണ്ടാകും. അല്ലാഹുവില്‍ ഭരമേല്‍പിച്ച് സൂക്ഷ്മത കൈവിടാതെ ജീവിക്കുന്നവരാണ് യഥാര്‍ഥ വലിയ്യുകള്‍.

അല്ലാഹു പറയുന്നു: "ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ (വലിയ്യുകള്‍) അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍" (ക്വുര്‍ആന്‍ 10:62,63).

മതനിയമങ്ങളെ മാനിക്കാത്തവരാണ് സമസ്തയുടെ പട്ടികയിലുള്ള മിക്ക ഔലിയ വാദികളും. നബി ﷺ  പോലും അവകാശപ്പെടാത്ത കാര്യങ്ങളാണ് ഇവര്‍ തങ്ങള്‍ക്കുള്ളതായി വാദിക്കുന്നത്.

അല്ലാഹു പറയുന്നു: "(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിനുതന്നെ ഉപകാരമോ  ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്" (ക്വുര്‍ആന്‍ 7:188).

ഭൗതിക ജീവിതത്തെ മറന്ന് കഴിയുക എന്നത് ഇസ്ലാം മനസ്സിലാക്കിത്തരുന്ന വലിയ്യുകളുടെ പ്രത്യേകതയല്ല. അല്ലാഹു നിശ്ചയിച്ചത് ആഗ്രഹിച്ചുകൊണ്ടാണ് ജീവിക്കേണ്ടത്.

അല്ലാഹു പറയുന്നു: "അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല" (ക്വുര്‍ആന്‍ 28:77).

സത്യസന്ധമായ വിശ്വാസവും സല്‍കര്‍മനിഷ്ഠയുമാണ് അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കുന്നത്. അതിനായി തട്ടിപ്പുവഴികളെ ആശ്രയിക്കേണ്ടതില്ല.

അല്ലാഹു പറയുന്നു: "ഭൂമിയില്‍ നന്മ വരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു" (ക്വുര്‍ആന്‍ 7:56).

ലേഖകന്‍ വീണ്ടും എഴുതുന്നു: "മഹാന്മാരുടെ ഖബറിടങ്ങള്‍ അഭയകേന്ദ്രങ്ങളും സാന്ത്വന സദനങ്ങളുമായിട്ടാണ് വിശ്വാസികള്‍ കരുതുന്നത്. നീറുന്ന പ്രശ്നങ്ങള്‍ക്കും മാറാരോഗങ്ങള്‍ക്കും ശാന്തി തേടി അവരവിടെയെത്തുന്നു. ജീവിതകാലത്തെന്നപോലെ മരണാനന്തരവും അവര്‍ സഹായിക്കുമെന്നും അതിനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കുമെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നു" (സുന്നിവോയ്സ്, ഫെബ്രുവരി 2020, പേജ് 36).

ജീവിതകാലത്തെന്നപോലെ മരണാനന്തരവും വലിയ്യുകള്‍ സഹായിക്കുമെന്നും അതിനുള്ള കഴിവ് അല്ലാഹു അവര്‍ക്ക് നല്‍കുമെന്നും പഠിപ്പിക്കുന്നആ പ്രമാണങ്ങള്‍ ഒന്നു ചൂണ്ടിക്കാണിക്കാമോ? വിശ്വാസികള്‍ എന്നതിന് ശിര്‍ക്ക് ചെയ്യുന്നവര്‍ എന്നാണ് സമസ്തയുടെ നിഘണ്ടുവില്‍ അര്‍ഥമെങ്കില്‍ മുസ്ലിയാര്‍ പറഞ്ഞത് ശരിയാണ്. കാരണം യഥാര്‍ഥ വിശ്വാസികള്‍ മക്വ്ബറകളില്‍ അഭയം തേടുന്നവരോ അവിടെനിന്ന് സമാധാനം കാംക്ഷിക്കുന്നവരോ അല്ല. മക്കാ മുശ്രിക്കുകളോട് ചോദിക്കാനായി അല്ലാഹു കല്‍പിച്ചത് കാണുക:

"നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെനിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?" (ക്വുര്‍ആന്‍ 23:88,89).

ഓരോ ജാറത്തിലുള്ളവരെയും വ്യത്യസ്ത കഴിവുകളുള്ളവരായാണ് ഇക്കൂട്ടര്‍ പരിചയപ്പെടുത്തുന്നത്. ജാറങ്ങളെ കേന്ദ്രീകരിച്ച് വലിയ രൂപത്തില്‍ സാമ്പത്തിക കൊള്ളയും നടക്കുന്നു. അല്ലാഹു അല്ലാത്തവരില്‍ അഭയം തേടിയാല്‍ അലഞ്ഞുതിരിയേണ്ടിവരുമെന്ന് ക്വുര്‍ആന്‍ തന്നെ ഉണര്‍ത്തുന്നു:

"അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും അറിയുന്നില്ല" (ക്വുര്‍ആന്‍ 39:29).

അല്ലാഹുവിനെയോര്‍ത്ത് യഥാര്‍ഥ സമാധാനം കണ്ടെത്തേണ്ടതിനു പകരം ശിര്‍ക്കിലകപ്പെടുന്നത് അസ്വസ്ഥത മാത്രമെ ഉണ്ടാക്കുകയുള്ളൂ.

അല്ലാഹു പറയുന്നു: "അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്" (ക്വുര്‍ആന്‍ 13:28).

രോഗമാകുന്ന പരീക്ഷണത്തില്‍നിന്ന് ശമനം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. ചികിത്സ അതിനുള്ള കാരണം മാത്രം.

ഇബ്രാഹീം നബിൗ അല്ലാഹുവിനെ പരിചയപ്പെടുത്തിത് ഇപ്രകാരം കാണാം: "എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്" (ക്വുര്‍ആന്‍ 26:80).

അനുവദനീയമായ ചികിത്സാരീതികള്‍ സ്വീകരിക്കാതെ നിഷിദ്ധമാക്കപ്പെട്ട വഴിയില്‍ ശമനം തേടുന്നതും അതില്‍ വിശ്വസിക്കുന്നതും ഇസ്ലാംവിരുദ്ധം തന്നെയാണ്. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ സാധിക്കാത്ത സഹായംപോലും വലിയ്യുകള്‍ക്ക് അവരുടെ മരണാനന്തരം ചെയ്തുകൊടുക്കാന്‍ സാധിക്കും എന്നതാണ് സമസ്തയുടെ വിശ്വാസം.  ഇത് നൂറുശതമാനവും ഇസ്ലാമികവിരുദ്ധമാണ്. മരണം ഭൗതിക ജീവിതവുമായുള്ള ബന്ധത്തെ മുറിക്കുമെന്നതാണ് വാസ്തവം. ഇസ്ലാമില്‍ ഇവര്‍ പറയുന്നതുപോലുള്ള ഒരു വിശ്വാസം ഉണ്ടെങ്കില്‍ നബി ﷺ യുടെ വഫാത്തിനുശേഷം അത് പുലര്‍ന്നുകാണുമായിരുന്നു. സത്യസന്ധരും സൂക്ഷ്മതയോടെ ജീവിതം നയിച്ചവരുമായ വലിയ്യുകള്‍ക്ക് നല്‍കപ്പെടാത്ത കഴിവുകള്‍ ഇവര്‍ ഔലിയാപട്ടം ചാര്‍ത്തിക്കൊടുക്കുന്നവര്‍ക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കുവാന്‍ പമ്പരവിഡ്ഢികള്‍ക്കേ കഴിയൂ.

ലേഖകന്‍ എഴുതുന്നു: "ചില മഖ്ബറകള്‍ പ്രത്യേക ചികിത്സക്കു പ്രസിദ്ധമായിട്ടുണ്ട്. വിഷംതീണ്ടി മരണവക്കിലെത്തിയ നൂറുകണക്കിനാളുകള്‍ പുത്തന്‍പള്ളിയില്‍ വന്ന് ജലപാനം നടത്തി വിഷമുക്തി നേടി തിരിച്ചുപോകുന്നു. ബീമാപള്ളി മാനസിക രോഗത്തിനും ഐലക്കാട് മഖാം കൂടോത്ര നിവാരണത്തിനും വിശ്രുതമത്രെ" (സുന്നിവോയ്സ്, 2020 ഫെബ്രുവരി 1-15, പേജ് 36).

ഇതെല്ലാം വിശ്വാസ, സാമ്പത്തിക ചൂഷണങ്ങള്‍ക്ക് 'കേളികേട്ട' സ്ഥലങ്ങളാണ്. അല്ലാഹുവില്‍ യഥാവിധം വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ ജല്‍പിക്കാന്‍ കഴിയില്ല. വ്യാജമായ അവകാശവാദങ്ങളും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള ആളെക്കൂട്ടലും കച്ചവട താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്.

'അശ്ശാഫി' അഥവാ സൗഖ്യമേകുന്നവന്‍ എന്നത് അല്ലാഹുവിന്‍റെ നാമമാണ്. പതിനെട്ട് വര്‍ഷക്കാലം കഠിനരോഗത്താല്‍ പരീക്ഷിക്കപ്പെട്ട അയ്യൂബ് നബിൗ ശമനത്തിനായി തേടിയത് അല്ലാഹുവിനോട് മാത്രമാണ്:

"അയ്യൂബിനെയും (ഓര്‍ക്കുക). തന്‍റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ" (ക്വുര്‍ആന്‍ 21:83).

രോഗാവസ്ഥയില്‍ പ്രാര്‍ഥിക്കാന്‍ വേണ്ടി നബി ﷺ  ഇങ്ങനെ പഠിപ്പിച്ചത് കാണാം: "ജനങ്ങളുടെ രക്ഷിതാവേ, ഉപദ്രവം നീ തുടച്ചുമാറ്റേണമേ. നിന്‍റെ കയ്യിലാകുന്നു രോഗശമനം. രോഗത്തെ നീക്കുന്നവനായി നീയല്ലാതെ മറ്റാരുമില്ല" (ബുഖാരി, മുസ്ലിം).

നബി ﷺ  സ്വഹാബത്തിന് പറഞ്ഞുകൊടുത്ത, രാജാവിന്‍റെയും മാരണക്കാരന്‍റെയും കഥയില്‍ കുട്ടിയോട് നീ എനിക്ക് ശമനം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് നല്‍കിയ മറുപടി മുസ്ലിയാക്കന്മാരുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്: "നിശ്ചയം, ഞാന്‍ ആര്‍ക്കും ശമനംനല്‍കുന്നവനല്ല. തീര്‍ച്ചയായും സൗഖ്യമേകുന്നവന്‍ അല്ലാഹുവാണ്. താങ്കള്‍ അല്ലാഹുവില്‍ വിശ്വസിച്ചാല്‍ ഞാന്‍ അവനോട് പ്രാര്‍ഥിക്കാം. അപ്പോള്‍ നിങ്ങള്‍ക്ക് ശമനം കിട്ടും. അദ്ദേഹം വിശ്വസിക്കുകയും അല്ലാഹു സൗഖ്യം നല്‍കുകയും ചെയ്തു" (മുസ്ലിം).

പ്രമാണങ്ങള്‍ വരച്ചുകാണിച്ച സംസ്കരണ പാത മുറുകെ പിടിക്കുന്നവര്‍ക്കേ ജാറവാദികളുണ്ടാക്കുന്ന കുരുക്കില്‍നിന്ന് രക്ഷപ്പെടാനാകൂ.