നീതിയുടെ മതം

ഉസ്മാന്‍ പാലക്കാഴി

2021 മെയ് 15 1442 ശവ്വാല്‍ 03

നിര്‍ഭയജീവിതം, സുരക്ഷിത സമൂഹം

(സുരക്ഷിത സമൂഹത്തിന്റെ ഇസ്‌ലാമിക പാഠങ്ങള്‍, ഭാഗം 4)

തൊഴിലിന്റെയും കൃഷിചെയ്യുന്നതിന്റെയും മഹത്ത്വവും ഇസ്‌ലാം അതിനു നല്‍കുന്ന പ്രാധാന്യവും കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. ദാരിദ്ര്യത്തില്‍നിന്നും രക്ഷ ലഭിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും അതുവഴി പട്ടിണിയില്‍നിന്ന് നിര്‍ഭയത്വം ലഭിക്കാനും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതും കാര്‍ഷികരംഗത്ത് സജീവമാകുന്നതും എത്രമാത്രം ഉപകാരപ്രദമാണെന്ന് പറയേണ്ടതില്ല. അതുപോലെ തന്നെ ഇസ്‌ലാം അനുവദിച്ച ഒരു വരുമാന മാര്‍ഗമാണ് കച്ചവടം. കച്ചവടത്തെ അനുവദനീയമാക്കുന്നതിനോടൊപ്പം ഇസ്‌ലാം പലിശ നിരോധിക്കുകയും ചെയ്യുന്നു. രണ്ടും വരുമാനമാര്‍ഗംതന്നെയാണ്. എന്നാല്‍ കച്ചവടം പരസ്പരം തൃപ്തിപ്പെട്ടു നടത്തുന്ന ഇടപാടാണ്. അതിലൂടെ ലഭിക്കുന്ന ലാഭം ന്യായവും അനിവാര്യവുമാണ്. എന്നാല്‍ പലിശ എന്നത് തികച്ചും ചൂഷണമാണ്. സാധാരണക്കാരായ മിക്കവാറുമെല്ലാവരും പലിശക്ക് കടം വാങ്ങുന്നത് നിവൃത്തികേടുകൊണ്ടാണ്. മൂലധനത്തിന്റെ കൂടെ നിശ്ചിത ശതമാനം പലിശയും തിരിച്ചുകൊടുക്കുമ്പോള്‍ അത് തൃപ്തിയോടെയായിരിക്കില്ല. ഇല്ലാത്തവനെ പ്രയാസപ്പെടുത്തുവാനല്ല, അകമഴിഞ്ഞ് സഹായിക്കുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പലിശയെ മഹാപാപമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്. അത് നിഷിദ്ധമാണെന്ന് മനസ്സിലാക്കിയിട്ടും അതില്‍ ഉറച്ചുനില്‍ക്കുന്നവര്‍ നരകാവകാശികളാണ് എന്നാണ് അല്ലാഹു പറയുന്നത്:  

''പലിശ തിന്നുന്നവര്‍ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്) വല്ലവനും (പലിശയില്‍ നിന്ന്) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത്തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (ക്വുര്‍ആന്‍ 2:275).

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് പണം പലിശക്ക് കടംകൊടുക്കുകയല്ല; ദാനം നല്‍കി അവരെ സഹായിക്കുകയാണ് വേണ്ടത്. പലിശ വാങ്ങുന്നവന്‍ സ്രഷ്ടാവിനോട് നന്ദികേട് കാണിക്കുന്നവനും ദുര്‍വൃത്തനുമാണ്:  

''അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല''(ക്വുര്‍ആന്‍ 2:276).

പലിശയിടപാടില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസികളോട് അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ഥ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തുനിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമരപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്. ഇനി (കടം വാങ്ങിയവരിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നതുവരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍ (ക്വുര്‍ആന്‍ 2:278-280).  

ഇസ്‌ലാം മനസ്സിലാക്കിത്തരുന്നത് സമ്പത്ത് എന്നത് അല്ലാഹുവിന്റെതാണ് എന്നാണ്. അവനാണത് തരുന്നത്.  അത് ഉണ്ടാക്കുന്നതും വളര്‍ത്തന്നതും അവനാണ്; മനുഷ്യര്‍ അത് അനുഭവിക്കാനും പരസ്പരം വിനിമയം നടത്താനും വേണ്ടി. ജനങ്ങള്‍ അതിന്റെ കൈകാര്യകര്‍ത്താക്കള്‍ മാത്രമാണ്.

''...അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 24:33).

''നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്.'' (ക്വുര്‍ആന്‍ 57:7).

പിശുക്ക് കാണിച്ച് ധനം ചെലവഴിക്കാത്തവരെ അല്ലാഹു ആക്ഷേപിക്കുന്നത് കാണുക:

''ഹേ; കൂട്ടരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനംചെയ്യപ്പെടുന്നത്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്ക് കാണിക്കുന്നപക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു, നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല'' (ക്വുര്‍ആന്‍ 47:38).

പിശുക്കിവെച്ച ധനംകൊണ്ട് പരലോകത്ത് ശിക്ഷിക്കപ്പെടുന്നതാണ്: ''അല്ലാഹു അവന്റെ അനുഗ്രഹത്തില്‍നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാലചാര്‍ത്തപ്പെടുന്നതാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 3:180).

പിശുക്കന്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തെ മറച്ചുവെക്കുന്നവനാണ്. അതിനാല്‍ പിശുക്കനെ അല്ലാഹു നന്ദികെട്ടവന്‍ എന്ന് വിശേഷിപ്പിക്കുന്നു: ''പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യംകൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചുവെക്കുകയും ചെയ്യുന്നവരാണവര്‍. ആ  നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്'' (ക്വുര്‍ആന്‍ 4:37).

''(നബിയേ,) പറയുക: എന്റെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്നുപോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുകതന്നെ ചെയ്യുമായിരുന്നു. മനുഷ്യന്‍ കടുത്ത ലുബ്ധനാകുന്നു'' (ക്വുര്‍ആന്‍ 17:100).

പിശുക്ക് മുന്‍ഗാമികള്‍ നശിപ്പിക്കപ്പെടാന്‍ പോലും കാരണമായിട്ടുണ്ട്:

ജാബിറി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ അക്രമം സൂക്ഷിക്കുക. തീര്‍ച്ചയായും അക്രമം അന്ത്യനാളില്‍ അന്ധകാരമായിരിക്കും. പിശുക്കിനെയും നിങ്ങള്‍ സൂക്ഷിക്കുക. അതാണ് നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചതും രക്തം ചിന്താനും കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കാനും അവരെ പ്രേരിപ്പിച്ചതും'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: 'പിശുക്കന്റെയും ചെലവഴിക്കുന്നവന്റെയും ഉദാഹരണം തങ്ങളുടെ മുലമുതല്‍ തോളെല്ലുവരെ അങ്കി ധരിച്ച രണ്ടാളുകളെപ്പോലെയാണ്. വിരലുകള്‍ മറയുകയും അടയാളം ഇല്ലാതാവുകയും ചെയ്യുംവിധം തൊലി യെല്ലാം മൂടുന്നവിധമുള്ള വസ്ത്രം അണിഞ്ഞല്ലാതെ (പാപങ്ങളെ മറയ്ക്കുന്ന ആവരണമാണ് ഉദ്ദേശ്യം) ചെലവഴിക്കുന്നവന്‍ തന്റെ ധനം വ്യയം ചെയ്യുന്നില്ല. എന്നാല്‍, പിശുക്കന്‍ പടയങ്കി അതിന്റെ സ്ഥാനത്ത് ചേര്‍ത്തുവെച്ചതല്ലാതെ ചെലവഴിക്കാന്‍ ഉദ്ദേശിക്കുകയില്ല. അങ്ങനെ അവനത് വികസിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനൊട്ട് സാധിക്കുന്നുമില്ല'' (ബുഖാരി, മുസ്‌ലിം).

ഉത്തമസമുദായത്തിന്റെ ഗുണങ്ങള്‍

മുസ്‌ലിം സമുദായം ജനങ്ങള്‍ക്കാകമാനം മാതൃകയായി വര്‍ത്തിക്കേണ്ടവരാണ്. ജനങ്ങളുടെ നിര്‍ഭയ ജീവിതത്തിനും സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും വില കല്‍പിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ആവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്യല്‍ അവരുടെ ബാധ്യതയാണ്. അതിനായി സ്വജീവിതം നന്നാക്കുകയും നന്മകല്‍പിക്കുകയും തിന്മകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. അക്രമം കാണിക്കുകയോ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്ത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന പ്രവര്‍ത്തനം വിശ്വാസിയില്‍നിന്ന് ഉണ്ടായിക്കൂടാ.

''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി...'' (2:143).

''മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു...'' (ക്വുര്‍ആന്‍ 3:110).

''നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം ക ല്‍പിക്കുകയും, ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍'' (ക്വുര്‍ആന്‍ 3:104).

ഏതുതരം അക്രമത്തെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. കാരണം അക്രമം സമൂഹത്തിന്റെ സ്വാസ്ഥ്യംകെടുത്തുന്നതാണ്. നിര്‍ഭയജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ്. കായികമായും ശാരീരികമായുമൊക്കെയുള്ള; മോഷണം, കൊള്ള, കൊല, പരദൂഷണം... എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമല്ല അക്രമത്തിന്റെ പരിധിയില്‍ വരുന്നത്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനെ കടുത്ത അക്രമമായിട്ടാണ് ക്വുര്‍ആനില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. സ്രഷ്ടാവിനോടുള്ള കടമകളില്‍ വീഴ്ചവരുത്തുന്നതും അവന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുന്നതുമെല്ലാം അക്രമമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.  

''അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്? അവര്‍ അവരുടെ രക്ഷിതാവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുന്നതാണ്. സാക്ഷികള്‍ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിന്റെ പേരില്‍ കള്ളം പറഞ്ഞവര്‍, ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും'' (ക്വുര്‍ആന്‍ 11:18).

അക്രമികള്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് അര്‍ഹരാകുന്നു: ''സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചുപറയും: ഞങ്ങളോട് ഞങ്ങളുടെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ യാഥാര്‍ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് (നിങ്ങളോട്) വാഗ്ദാനം ചെയ്തത് നിങ്ങള്‍ യാഥാര്‍ഥ്യമായി കണ്ടെത്തിയോ? അവര്‍പറയും: അതെ. അപ്പോള്‍ ഒരു വിളംബരക്കാരന്‍ അവര്‍ക്കിടയില്‍ വിളിച്ചുപറയും: അല്ലാഹുവിന്റെ ശാപം അക്രമികളുടെ മേലാകുന്നു'' (ക്വുര്‍ആന്‍ 7:44).

''...അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല'' (ക്വുര്‍ആന്‍ 22:71).

ഇസ്‌ലാം നീതിയുടെ മതം

ഇസ്‌ലാം നീതിയുടെ മതമാണ്. എല്ലാ രംഗത്തും നീതിപാലിക്കുവാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. നബി ﷺ യോട് അല്ലാഹു പറയുന്നത് കാണുക: ''അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്‌നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്.'' (ക്വുര്‍ആന്‍ 45:15).

ഭരണാധികാരികള്‍, പണ്ഡിതന്മാര്‍, ജഡ്ജിമാര്‍ തുടങ്ങി സമൂഹത്തില്‍ വ്യത്യസ്ത സ്ഥാനങ്ങളിലുള്ള എല്ലാവരും അവനവന്റെ പ്രവര്‍ത്തനപരിധിയില്‍ നീതിപാലിക്കല്‍ അനിവാര്യമാണ്. മാതാപിതാക്കള്‍ മക്കള്‍ക്കിടയില്‍ നീതികാണിക്കണമെന്ന പ്രവാചക നിര്‍ദേശം ഇക്കാലത്ത് പ്രത്യേകം പ്രസ്താവ്യമാണ്.

''വിശ്വസിച്ചേല്‍പിക്കപ്പെട്ട സ്വത്തുക്കള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 4:58).

വിവാഹമോചിതകളോട് കാണിക്കേണ്ട നീതിയെക്കുറിച്ച് അല്ലാഹു പറയുന്നു: ''വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയുംവരെ) കാത്തിരിക്കേണ്ടതാണ്. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചുവെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു'' (ക്വുര്‍ആന്‍ 2:228).

ബഹുഭാര്യത്വം സ്വീകരിക്കുന്നവര്‍ ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്തേണ്ടതുണ്ടെന്നും അതില്‍ ആശങ്കയുണ്ടെങ്കില്‍ ഒന്നില്‍ പരിമിതമാക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു: ''അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക)...'' (ക്വുര്‍ആന്‍ 4:3).

ആരോടെങ്കിലും വിദ്വേഷമുണ്ടെങ്കില്‍ അക്കാരണത്താല്‍ അവരോട് അനീതി കാണിച്ചുകൂടാ എന്ന് അല്ലാഹു വിശ്വാസികളെ ഉണര്‍ത്തുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യംവഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതിപാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).

 മര്‍ദിതന്‍ ആരായാലും അവന്റെ പ്രാര്‍ഥനയെ ഭയപ്പെടേണ്ടതുണ്ട്: മുആദുബ്‌നുജബലി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ എന്നെ നിയോഗിച്ചപ്പോള്‍ അറിയിച്ചു: 'വേദക്കാരായ ഒരു ജനതയുടെ അടുത്തേക്കാണ് താങ്കള്‍ പോകുന്നത്. അതിനാല്‍, അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ലെന്നും ഞാന്‍ അവന്റെ ദൂതനാണന്നും സാക്ഷ്യപ്പെടുത്താന്‍ അവരോടാവശ്യപ്പെടുക. അതവര്‍ അംഗീകരിച്ചാല്‍ എല്ലാ രാപ്പകലുകളിലും അഞ്ചുസമയത്തെ നമസ്‌കാരം അല്ലാഹു അവരുടെ മേല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. അതിനും അവര്‍ സന്നദ്ധരായാല്‍ അവരുടെ ധനികരില്‍നിന്ന് പിടിച്ചെടുത്ത് ദരിദ്രരില്‍ വിതരണം ചെയ്യുന്ന ദാനം അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. അതിനും അവര്‍ സമ്മതിച്ചാല്‍ താങ്കള്‍ അവരുടെ ധനത്തില്‍ ഏറ്റം നല്ലത് പിരിച്ചെടുക്കരുത്. അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന സൂക്ഷിക്കുക. കാരണം, അതിനും അല്ലാഹവിനുമിടയില്‍ മറയില്ല'' (ബുഖാരി, മുസ്‌ലിം).

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യംവഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 4:135).

ഇത്തരത്തില്‍ നീതിപാലനം കൃത്യമായി നടക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്നവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും നിര്‍ഭയത്വവും വര്‍ണനകള്‍ക്കപ്പുറത്താണ്. അങ്ങനെയുള്ള സാമൂഹ്യവ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.

രാജ്യം ഭരിക്കുന്നവരും രാജ്യത്തെ വിധികര്‍ത്താക്കളും ജനങ്ങളോട് നീതിപാലിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം നീതി നിഷേധിക്കുന്നുവെങ്കിലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കുക. നീതിനിഷേധിക്കപ്പെടുന്നവര്‍ക്ക് എന്ത് നിര്‍ഭയത്വമാണ് ജീവിതത്തില്‍ ഉണ്ടാവുക? സമൂഹത്തില്‍ തങ്ങളല്ലാത്തവരെല്ലാം സുരക്ഷിതരായിരിക്കുകയും തങ്ങള്‍ ഏതു സമയവും ഭരണകൂടത്താലോ അവരുടെ മൗനാനുവാദത്താല്‍ മറ്റുള്ളവരാലോ അക്രമിക്കപ്പെട്ടേക്കാമെന്ന ഭയപ്പാടില്‍ ജീവിക്കുവാന്‍ വിധിക്കപ്പെടുന്ന ദുരവസ്ഥ എന്തുമാത്രം ഭീതിതമാണ്!

വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിര്‍ഭയത്വം നിലനില്‍ക്കണമെങ്കില്‍ നീതിപാലിക്കല്‍ നിര്‍ബന്ധമാണ് എന്നു വ്യക്തം.

ഇസ്‌ലാമിക വീക്ഷണത്തില്‍ നിയമത്തിനുമുന്നില്‍ മനുഷ്യരെല്ലാം തുല്യരാണ്. എല്ലാ വിഭാഗീയത കള്‍ക്കും അതീതമായി, എല്ലാവര്‍ക്കും ജീവിക്കുവാനും വിദ്യനേടുവാനും  ജോലിചെയ്യുവാനും ധനം സമ്പാദിക്കുവാനും അഭിപ്രായം പറയുവാനുമെല്ലാം അവകാശം വേണം. എല്ലാവരുടെയും കഴിവുകളും അഭിരുചികളും ബുദ്ധിയും ഒരുപോെലയല്ല. ഈ വ്യത്യസ്തതകളാണ് സമൂഹത്തെയും രാജ്യത്തെയും പുരോഗതിയിലേക്കു നയിക്കുന്നത്. എല്ലാവരും എഞ്ചിനീയര്‍മാരായാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. അതിന് വിവിധ തൊഴിലുകള്‍ വശമുള്ള തൊഴിലാളികളും വേണം. എല്ലാവരും ശാസ്ത്രജ്ഞന്മാരായാല്‍, എല്ലാവരും ഡ്രൈവര്‍മാരായാല്‍, എല്ലാവരും അധ്യാപകരായാല്‍... ഒന്നും നടക്കില്ലല്ലോ. ഒന്നില്ലാതെ മറ്റൊന്നില്ല. എല്ലാം കൂടിച്ചേരുമ്പോഴാണ് മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുക. വൈവിധ്യത്തെ നിഷേധിക്കാതെയുള്ള ചലനാത്മകമായ ഇടപെടല്‍ നിര്‍ഭയത്വത്തിന് വഴിതുറക്കുന്നു.

(അവസാനിച്ചില്ല)