അധികാരം, സമ്പത്ത്, നിര്‍ഭയത്വം

ഉസ്മാന്‍ പാലക്കാഴി

2021 മെയ് 08 1442 റമദാന്‍ 26

നിര്‍ഭയജീവിതം, സുരക്ഷിത സമൂഹം

(സുരക്ഷിത സമൂഹത്തിന്റെ ഇസ്‌ലാമിക പാഠങ്ങള്‍, ഭാഗം 3)

അതിസമ്പന്നനായ ക്വാറൂനിന് അവന്റെ സമ്പത്ത് യാതൊരു സുരക്ഷിത്വവും നല്‍കിയില്ലെന്നും ഉപകാരപ്പെട്ടില്ലെന്നും കഴിഞ്ഞലക്കത്തില്‍ നാം മനസ്സിലാക്കി.

അധികാരത്തിന്റെ ബലത്തില്‍ അതിക്രമം കാണിച്ച ഫിര്‍ഔനിന്റെ ചരിത്രവും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

''ഫിര്‍ഔന്‍ തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്റെ കീഴിലൂടെയാണ്. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?'' (ക്വുര്‍ആന്‍ 43:51).

അവന്‍ ജനങ്ങളെ തന്റെ വരുതിയിലാക്കി:

''അങ്ങനെ ഫിര്‍ഔന്‍ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മകാരികളായ ഒരു ജനതയായിരുന്നു'' (ക്വുര്‍ആന്‍ 43:54).

ഒടുവില്‍ അല്ലാഹുവിന്റെ ശിക്ഷ ഫിര്‍ഔനെയും അവന്റെ കൂടെയുള്ളവരെയും പിടികുടി:

''അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്'' (ക്വുര്‍ആന്‍ 7:136).

ഇതാണ് അല്ലാഹുവിന്റെ നടപടിക്രമം. സമ്പത്തിന്റെയും അധികാരത്തിന്റെയും മറ്റു ഭൗതികമായ നേട്ടങ്ങളുടെയും പേരില്‍ അഹങ്കരിക്കുകയും അതിക്രമം കാട്ടുകയും സ്വയം പര്യാപ്തത നടിക്കുകയും ചെയ്തവരെ അല്ലാഹു വെറുതെ വിട്ടിട്ടില്ല.

''കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന്‍ കണ്ടെത്തുകയുമില്ല'' (ക്വുര്‍ആന്‍  4:123).

പ്രമാണിമാരുടെ പതനം

സാമ്പത്തികാടിമത്തവും ആര്‍ഭാടജീവിതവും മുന്‍ഗാമികളെ, നാടുകളെ, നാഗരികതകളെ നശിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. സുഖലോലുപന്മാരായ പ്രമാണിമാര്‍ പ്രവാചകന്മാരെ എതിര്‍ക്കുന്നതില്‍ ഏതു കാലത്തും ഏതു നാട്ടിലും മുന്നില്‍തന്നെയായിരുന്നു:

''ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്റെ (രാജ്യത്തിന്റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 17:16).

''ഏതൊരു നാട്ടില്‍ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങള്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാകുന്നു എന്ന് അവിടത്തെ സുഖലോലുപര്‍ പറയാതിരുന്നിട്ടില്ല. അവര്‍ പറഞ്ഞു: ഞങ്ങള്‍ കൂടുതല്‍ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല'' (ക്വുര്‍ആന്‍ 34:34,35).

നൂഹ് നബി(അ)ക്ക് ശേഷം വന്ന ഒരു പ്രവാചകന്റെ സമൂഹത്തിലെ പ്രമാണിമാരെക്കുറിച്ച് അല്ലാഹു പറയുന്നു:''അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് അവിശ്വസിച്ചവരും പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചുകളഞ്ഞവരും ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്നതരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 23:33,34).

എല്ലാ പ്രവാചകന്മാരുടെ കാലത്തുമുണ്ടായിരുന്ന സുഖലോലുപന്മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു:

''അതുപോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല'' (ക്വുര്‍ആന്‍ 43:23).

''ഭൂമിയില്‍ നാശമുണ്ടാക്കുന്നതില്‍നിന്ന് (ജനങ്ങളെ) തടയുന്ന, (നന്മയുടെ) പാരമ്പര്യമുള്ള ഒരുവിഭാഗം നിങ്ങള്‍ക്കുമുമ്പുള്ള തലമുറകളില്‍നിന്ന് എന്തുകൊണ്ട് ഉണ്ടായില്ല? അവരില്‍നിന്ന് നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തില്‍പെട്ട ചുരുക്കം ചിലരൊഴികെ. എന്നാല്‍ അക്രമകാരികള്‍ തങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ് ചെയ്തത്. അവര്‍ കുറ്റവാളികളായിരിക്കുന്നു'' (ക്വുര്‍ആന്‍ 11:116).

ഇസ്മാഈല്‍ നബി(അ)യുടെ സന്തതി പരമ്പരയില്‍ പെട്ടവരാണ് അറബികള്‍. അവര്‍ക്കിടയിലാണ് മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തെ നബിയായി അംഗീകരിക്കുന്നതിനു പകരം അവര്‍ പറഞ്ഞത് ഇപ്രകാരമാണ്:

''ഈ രണ്ട് പട്ടണങ്ങളില്‍നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെമേല്‍ എന്തുകൊണ്ട് ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു'' (ക്വുര്‍ആന്‍ 43:31).

മക്ക, ത്വാഇഫ് എന്നിവയെ ഉദ്ദേശിച്ചാണ് അവര്‍ രണ്ടു രാജ്യങ്ങള്‍ എന്നു പറഞ്ഞത്. ഫലഭൂയിഷ്ഠമായ ഒരു പ്രദേശമാണ് ത്വാഇഫ്. കാര്‍ഷിക വിളകളാല്‍ സമ്പന്നം. കൃഷിയില്ലാത്ത മക്കയിലേക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ ലഭിച്ചിരുന്നത് ത്വാഇഫില്‍നിന്നായിരുന്നു. ക്വുര്‍ആന്‍ മഹത്തായ ഒരു ഗ്രന്ഥമാണെങ്കില്‍ ഈ രണ്ടു പ്രദേശങ്ങളിലെ അറിയപ്പെടുന്ന ഒരു മഹാന്റെ മേലായിരുന്നു അത് അവതരിക്കേണ്ടിയിരുന്നത്. അനാഥനായി വളര്‍ന്ന, സാധുവായ ഒരു വ്യക്തിക്ക് ഇത് അവതരിപ്പിച്ചുകൊടുത്തത് എന്തുകൊണ്ടാണ് എന്നാണ് അവര്‍ ചോദിച്ചത്! ഇതിനു മറുപടിയായി അല്ലാഹു പറഞ്ഞു:

''അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പലപടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചുവെക്കുന്നതിനെക്കാള്‍ ഉത്തമം'' (ക്വുര്‍ആന്‍ 43:32).

ബനൂഇസ്‌റാഈല്യരിലേക്ക് ത്വാലൂതിനെ രാജാവായി അല്ലാഹു നിയോഗിച്ചപ്പോള്‍ അവര്‍ പറഞ്ഞതും സാമ്പത്തികശേഷിയില്ലാത്തയാളെയാണോ രാജാവാക്കുന്നത് എന്നായിരുന്നു.

''അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചുതന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെ വകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 2:247).

ഇഹലോകത്ത് അല്ലാഹു അക്രമകളെ ശിക്ഷിക്കുവാന്‍ ഉദ്ദേശിച്ചാല്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധ്യമല്ല. നിര്‍ഭയത്വം അവര്‍ക്ക് അന്യമായിരിക്കും.

''അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും അതിന് ശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്! അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍ അവരതാ അവിടെനിന്ന് ഓടിരക്ഷപ്പെടാന്‍ നോക്കുന്നു. (അപ്പോള്‍ അവരോട് പറയപ്പെട്ടു:) നിങ്ങള്‍ ഓടിപ്പോകേണ്ട. നിങ്ങള്‍ക്ക് നല്‍കപ്പെട്ട സുഖാഡംബരങ്ങളിലേക്കും നിങ്ങളുടെ വസതികളിലേക്കും നിങ്ങള്‍ തിരിച്ചുപോയിക്കൊള്ളുക. നിങ്ങള്‍ക്ക് വല്ല അപേക്ഷയും നല്‍കപ്പെടാനുണ്ടായേക്കാം. അവര്‍ പറഞ്ഞു: അയ്യോ; ഞങ്ങള്‍ക്ക് നാശം! തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിപ്പോയി. അങ്ങനെ അവരെ നാം കൊയ്തിട്ട വിളപോലെ ചലനമറ്റ നിലയിലാക്കിത്തീര്‍ക്കുവോളം അവരുടെ മുറവിളി അതു തന്നെയായിക്കൊണ്ടിരുന്നു'' (ക്വുര്‍ആന്‍ 21:11-15).

ഇഹലോകത്ത് സുഖലോലുപന്മാരും താന്തോന്നികളുമായി ജീവിച്ചവര്‍ക്ക് ഇരുലോകത്തും സുരക്ഷിതത്വവും സമാധാനവും ഉണ്ടായിരിക്കുകയില്ല:

''ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! തുളച്ചുകയറുന്ന ഉഷ്ണക്കാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം, കരിമ്പുകയുടെ തണല്‍. തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍). എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സുഖലോലുപന്‍മാരായിരുന്നു'' (ക്വുര്‍ആന്‍ 56:41-45).

ഇഹലോകത്ത് നിര്‍ഭയജീവിതം സാധ്യമല്ലാത്തവിധം ഞെരുക്കപ്പെടുന്നവര്‍ ആരെന്ന് അല്ലാഹു അറിയിച്ചുതരുന്നുണ്ട്: ''എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും സ്വയംപര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല''(ക്വുര്‍ആന്‍ 92:8-11).

കാര്‍ഷികവിളകളാലും മറ്റുവഴികൡലും സമ്പന്നത നേടിയ ഒരാള്‍ ആ ധനത്തില്‍ വഞ്ചിതനാവുകയും സ്വയംപര്യാപ്തത നടിക്കുകയും ചെയ്തതിന്റെ കഥ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്:  

''അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്റെ ചങ്ങാതിയോട് സംവാദംനടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുകതന്നെ ചെയ്യും'' (ക്വുര്‍ആന്‍ 18:34-36).

അധികാരവും സമ്പത്തും പരലോകത്ത് ഉപകാരപ്പെടുകയില്ല

''എന്നാല്‍ ഇടതുകയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്. ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കപ്പെടാതിരുന്നെങ്കില്‍, എന്റെ വിചാരണ എന്താണെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു). അത് (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!). എന്റെ ധനം എനിക്ക് പ്രയോജനപ്പെട്ടില്ല. എന്റെ അധികാരം എന്നില്‍നിന്ന് നഷ്ടപ്പെട്ടുപോയി''(ക്വുര്‍ആന്‍ 69:25-29).

അബൂലഹബിനെക്കുറിച്ച് അല്ലാഹു പറയുന്നു:''അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്'' (ക്വുര്‍ആന്‍ 111:1-3).

ധനത്തെ അമിതമായി പ്രേമിക്കുന്നവരെക്കുറിച്ച് അല്ലാഹു പറയുന്നു: ''കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 104:1-4).

അല്ലാഹു നല്‍കിയ ധനം അവന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിക്ഷേപമാക്കി സൂക്ഷിക്കുന്നവര്‍ക്ക് പരലോകത്ത് ലഭിക്കാനിരികുന്നത് കഠിനമായ ശിക്ഷയാണ്. അല്ലാഹു പറയുന്നു: ''...സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്‌നിയില്‍വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും എന്നിട്ട് അതുകൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം. (അവരോട് പറയപ്പെടും:) നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിത്തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ചുവെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക'' (ക്വുര്‍ആന്‍ 9:34,35).

പ്രവാചകന്റെ മക്കയില്‍നിന്നും മദീനയിലേക്കുള്ള പലായനത്തിന്റെ ഉടനെത്തന്നെ സമൂഹസുരക്ഷയുടെയും ഉപജീവനമാര്‍ഗത്തിന്റെയും വ്യവസ്ഥകള്‍ക്ക് തുടക്കം കുറിച്ചു. അതിനായി ആദ്യം ചെയ്തത് മുഹാജിറുകള്‍ക്കുംഅന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം സ്ഥാപിക്കലായിരുന്നു. സ്വന്തം നാടും വീടും ധനവും ഉറ്റവരെയുമെല്ലാംവിശ്വാസ സംരക്ഷണത്തിനായി വിട്ടേച്ചുപോന്നവരാണ് മുഹാജിറുകള്‍. അവരെ അന്‍സ്വാരികള്‍ സമ്പത്തിലടക്കം എല്ലാറ്റിലും പങ്കാളികളാക്കി. സ്വന്തം സഹോദരങ്ങളായി ചേര്‍ത്തുപിടിച്ചു. മദീനയിലെ വിവിധ ഗോത്രങ്ങളുമായി കരാറുണ്ടാക്കി. അങ്ങനെ നിര്‍ഭയ ജീവിതത്തിനും സുരക്ഷിത സമുഹത്തിനുമുള്ള പാത വെട്ടിത്തെളിച്ചു.

''വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാര്‍ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും'' (ക്വുര്‍ആന്‍ 8:74).

അധ്വാനവും ഭക്ഷ്യ സുരക്ഷയും

മലയില്‍പോയി വിറകുശേഖരിച്ചു വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത് ജനങ്ങളോട് യാചിച്ചു ജീവിക്കുന്നതിനെക്കാള്‍ ഉത്തമമെന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ചു

ഒരു സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് നാട്ടില്‍ കൃഷിയുണ്ടാകണം. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്തുണ്ടാക്കുവാന്‍ കര്‍ഷകര്‍ തയ്യാറാകാണം. അതുകൊണ്ടുതന്നെ സ്വന്തമായി ഭൂമിയുള്ളവര്‍ കൃഷിചെയ്യണമെന്നും അതിന് കഴിയുന്നില്ലെങ്കില്‍ മറ്റു സഹോദരങ്ങള്‍ക്ക് കൃഷിചെയ്യാനായി ഭൂമി വിട്ടുകൊടുക്കണമെന്നും നബി ﷺ കല്‍പിച്ചിട്ടുണ്ട്.

''ആര്‍ക്കെങ്കിലും സ്വന്തമായി ഭൂമിയുണ്ടെങ്കില്‍ അവന്‍ അതില്‍ കൃഷിചയ്യട്ടെ. കൃഷിചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അവന്‍ അതിന് അശക്തനാണെങ്കില്‍ അവന്‍ തന്റെ മുസ്‌ലിമായ സഹോദരന് അത് കൃഷിചെയ്യാന്‍ നല്‍കട്ടെ. അതിന് അവന്‍ പ്രതിഫലം വാങ്ങുകയുമരുത്'' (ബുഖാരി, മുസ്‌ലിം).

വാസ്തവത്തില്‍ ഇതൊരു വിപ്ലവാത്മകമായ പ്രഖ്യാപനമാണ്. അന്നും ഇന്നും എന്നും ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് നിദാനമായ, കാര്‍ഷികവിപ്ലവത്തിന്റെ പ്രഖ്യാപനം. വര്‍ത്തമാനകാലത്ത് നമ്മുടെ രാജ്യത്ത് ഇത് നടപ്പിലാക്കുകയാണെങ്കിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കുക.

കൃഷി മാത്രമല്ല ജീവിതമാര്‍ഗം. അധ്വാനത്തിന്റെ മാര്‍ഗങ്ങള്‍ വിഭിന്നമാണ്. ഇസ്‌ലാം വിരോധിക്കാത്ത ഏത് അധ്വാനവും ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാം. പട്ടിണിയും തൊഴിലില്ലായ്മയും പെരുകുമ്പോള്‍ സമൂഹത്തിന്റെ സുരക്ഷിതത്വമാണ് നഷ്ടപ്പെടുക. കാരണം അത് അക്രമത്തിലേക്കും അധാര്‍മികതയിലേക്കും നയിക്കും. അതുവഴി സംജാതമാവുക മനുഷ്യന്റെ ജീവിതത്തിലെ നിര്‍ഭയത്വം നഷ്ടപ്പെടുന്ന അവസ്ഥയാണ്.

മിഖ്ദാദി(റ)ല്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:''സ്വന്തം കൈകള്‍കൊണ്ട് അധ്വാനിച്ച് ആഹരിക്കുന്നതിനെക്കാള്‍ ഉത്തമമായ ഭക്ഷണം ആരും കഴിക്കുന്നില്ല. അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ്(അ) സ്വന്തം അധ്വാനത്തിലൂടെയാണ് ആഹരിച്ചിരുന്നത്.'' (ബുഖാരി).

ഇസ്‌ലാം നിഷിദ്ധമാക്കാത്ത മാര്‍ഗത്തില്‍ ഒരാള്‍ ധനാര്‍ജനത്തിന് ശ്രമിക്കുമ്പോള്‍ ആ ശ്രമമാണ് ഇസ്‌ലാം അംഗീകരിക്കുന്ന അധ്വാനം. പാടത്തും പറമ്പിലും പണിയെടുക്കലും കച്ചവടവും അധ്യാപനവും മറ്റു ഓഫീസ് ജോലികളുമെല്ലാം അതില്‍പെടും.

അധ്വാനത്തിന്റെ മഹത്ത്വവും അധ്വാനിക്കുന്നവന്റെ ശ്രേഷ്ഠതയും ലോകത്തിന് മുന്നില്‍ പ്രഖ്യാപിച്ച മഹാനാണ് മുഹമ്മദ് നബി ﷺ . അതിനൊരു ഉദാഹരണമാണ് മുകളില്‍ കൊടുത്ത നബി വചനം. ഇന്ന ജോലിയേ ചെയ്യാവൂ എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നില്ല. അനുവദനീയമായ ഏത് തൊഴിലും മഹത്തരമാണ്. ആഡംബരപൂര്‍ണമായ സുഖജീവിതത്തിനുവേണ്ടിയാണ് ലോകത്ത് നടക്കുന്ന മിക്ക മോഷണങ്ങളും കൊള്ളകളും. കൈക്കൂലി, പലിശ, അഴിമതി, മായംചേര്‍ക്കല്‍, കരിഞ്ചന്ത തുടങ്ങിയ പല അധാര്‍മിക വഴികളിലൂടെയും സമ്പാദിച്ച് സുഖിച്ച് ജീവിക്കുന്നവര്‍ എമ്പാടുമുണ്ട്. അത്തരത്തില്‍ ദുഷിച്ച മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ട് നബി ﷺ പറഞ്ഞു: ''അന്ത്യദിനത്തില്‍ ഏറ്റവുമധികം ഖേദിക്കുന്നവന്‍ അനുവദനീയമല്ലാത്ത മാര്‍ഗത്തിലൂടെ ധനം സമ്പാദിച്ച് നരകത്തില്‍ പ്രവേശിക്കുന്നവനായിരിക്കും'' (ബുഖാരി).

മറ്റൊരിക്കല്‍ നബി ﷺ പറഞ്ഞു: ''തൊഴിലാളിയായ തന്റെ ദാസനെ അല്ലാഹു ഇഷ്ടപ്പെടുന്നു. തന്റെകുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ 'ജിഹാദ്' ചെയ്യുന്നവനപ്പോലെയാണ്'' (അഹ്മദ്).

ജീവിതായോധനത്തിനുവേണ്ടിയുള്ള അദ്ധ്വാനത്തിന്റെ മഹത്ത്വമുത്‌ഘോഷിക്കുന്ന നബിവചനങ്ങള്‍ ധാരാളമുണ്ട്. യാചനയിലൂടെ ജീവിതായോധനം നടത്തുന്നതിനെ നബി ﷺ നിരുത്‌സാഹപ്പെടുത്തിയിട്ടുണ്ട്. 'ഒരാള്‍ തന്റെ മുതുകില്‍ വിറകുകെട്ട് ചുമന്നുകൊണ്ടുവരുന്നതാണ് മറ്റാരോടെങ്കിലും യാചിക്കുന്നതിനെക്കാള്‍ നല്ലത്' എന്ന് നബി ﷺ തന്റെ അനുചരന്മാരോട് പറഞ്ഞതായി കാണാം.

അന്‍സ്വാരികളില്‍പെട്ട ഒരാള്‍ നബി ﷺ യുടെ അടുത്ത് യാചിച്ചുവന്നു. അപ്പോള്‍ അവിടുന്ന് ചോദിച്ചു: താങ്കളുടെ വീട്ടിലൊന്നുമില്ലേ?'

'ഉണ്ട്. ഞങ്ങള്‍ ധരിക്കാനും വിരിക്കാനും ഉപയോഗിക്കുന്ന ഒരു പുതപ്പും വെള്ളം കുടിക്കാനുപയോഗിക്കുന്ന ഒരു പാത്രവുമുണ്ട്'. അയാള്‍ പറഞ്ഞു. 'എങ്കില്‍ അവ രണ്ടുമായി എന്റെ അടുത്ത് വരിക'-തിരുമേനി ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം അവ രണ്ടുമായി വന്നു. അപ്പോള്‍ നബി ﷺ അത് രണ്ടും കയ്യില്‍ പിടിച്ച് ചോദിച്ചു: 'ഇത് രണ്ടും ആര്‍ വാങ്ങും?'

'ഒരു ദിര്‍ഹമിന് അവ രണ്ടും ഞാനെടുത്തുകൊള്ളാം'- ഒരാള്‍ പറഞ്ഞു.

'ഒരു ദിര്‍ഹമിലധികം ആര്‍ തരും?'- നബി ﷺ രണ്ടോ മൂന്നോ തവണ ചോദിച്ചു.

'രണ്ട് ദിര്‍ഹമിന് ഞാന്‍ വാങ്ങിച്ചുകൊള്ളാം'- മറ്റൊരാള്‍ പറഞ്ഞു.

അതനുസരിച്ച് അത് രണ്ടും അയാള്‍ക്ക് കൊടുക്കുകയും രണ്ട് ദിര്‍ഹം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അത് പ്രസ്തുത അന്‍സ്വാരിക്ക് കൊടുത്തുകൊണ്ട് അവിടുന്ന് പറഞ്ഞു: 'ഇവയിലൊന്നുകൊണ്ട് ആഹാരം വാങ്ങി കുടുംബത്തിന് കൊടുക്കുക. മറ്റേതുപയോഗിച്ച് ഒരു കോടാലി വാങ്ങി എന്റെ അടുത്ത് വരിക'. അതനുസരിച്ച് അയാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ നബി ﷺ കോടാലി ഒരു പിടിയിലുറപ്പിച്ചുകൊണ്ട് അദ്ദേഹത്തോട് ഇപ്രകാരം ആവശ്യപ്പെട്ടു: 'താങ്കള്‍ പോയി വിറക് വെട്ടുക. പതിനഞ്ച് ദിവസത്തേക്ക് ഞാനിനി താങ്കളെ കാണാനിടവരരുത്'.

നബി ﷺ യുടെ നിര്‍ദേശമനുസരിച്ച് അയാള്‍ വിറക് വെട്ടി വില്‍ക്കാന്‍ തുടങ്ങി. അതിലൂടെ അദ്ദേഹത്തിന് പത്ത് ദിര്‍ഹം ലഭിക്കുകയും ചെയ്തു. അതുമായി നബി ﷺ യുടെ അടുത്ത് വന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: 'അതില്‍ അല്‍പമുപയോഗിച്ച് ആഹാരവും ബാക്കികൊണ്ട് വസ്ത്രവും വാങ്ങുക' (ഇബ്‌നുമാജ). (അവസാനിച്ചില്ല)