നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

(ഭാഗം 02)

ദര്‍സ് വീണ്ടും മുന്നോട്ടു നീങ്ങി. സൂറതുല്‍ബക്വറയിലെ 'ഫലാ തജ്അലൂ ലില്ലാഹി അന്‍ദാദന്‍' (അതിനാല്‍ അല്ലാഹുവിന് നിങ്ങള്‍ സമന്മാരെ ഉണ്ടാക്കരുത്) എന്നിടത്ത് 'അന്‍ദാദി'നെ അദ്ദേഹം വിവരിച്ചു. കുട്ടികളുടെ മനസ്സ് വല്ലാതായി; മൗലവിക്കു വിശേഷിച്ചും. കാരണം താന്‍ അല്ലാഹുവല്ലാത്ത പല മഹാന്‍മാരോടും ഇടതടവില്ലാതെ സഹായം തേടുന്നു. മൗലിദുകള്‍, ബൈത്തുകള്‍, മാലപ്പാട്ടുകള്‍, റാത്തീബ്, ഹദ്ദാദുകള്‍ മുതലായവ നടത്തുന്നു. ഇതൊക്കെ പുണ്യമുള്ളതല്ലേ? അതൊക്കെ തെറ്റാണെന്നോ? അപ്പോള്‍ ഈ ക്വുര്‍ആന്‍ തന്നെയല്ലേ ആദ്യം തഫ്‌സീര്‍ ഓതിയപ്പോഴും ഉണ്ടായിരുന്നത്? അന്നു പക്ഷേ, പണ്ഡിതന്മാരാരും ഇങ്ങനെ പറഞ്ഞില്ലല്ലോ! അതുകൊണ്ട് സത്യം തങ്ങളുടെ പക്ഷത്ത് തന്നെയാണെന്നവര്‍ കരുതി. പക്ഷേ, വാദിച്ചു ജയിക്കാന്‍ കഴിയുന്നില്ലെന്നു മാത്രം. എങ്കിലും ഇത്തരം കാര്യങ്ങള്‍ വീറോടെ വാദിക്കും. പറപ്പൂര്‍ നിര്‍വികാരനായി എല്ലാം കേള്‍ക്കും, ഊറിച്ചിരിക്കും. ഇടയ്ക്ക് അദ്ദേഹം പറയും: 'നിങ്ങളുടെ ഈ സംശയങ്ങളെല്ലാം എല്ലാവര്‍ക്കുമുണ്ടാകും. എനിക്കുമുണ്ടായിട്ടുണ്ട്. പക്ഷേ, നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം. അതായത് ഈ മൗലൂദ്, മാല മുതലായവയെല്ലാം ഓരോ മനുഷ്യന്‍മാരുണ്ടാക്കിയതാണ്. മനുഷ്യര്‍ക്കു തെറ്റുപറ്റാം. പക്ഷേ, അല്ലാഹുവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍. അതില്‍ തെറ്റുവരുമോ? ഇല്ല എന്നത് തീര്‍ച്ചയാണ് എന്ന് നമ്മള്‍ വിശ്വസിക്കേണ്ടേ? അതെ, അപ്പോള്‍ തെറ്റുപറ്റാത്ത അല്ലാഹു പറയുന്നത് ശരിയല്ലെന്നും തെറ്റുപറ്റാവുന്ന മനുഷ്യരുണ്ടാക്കിയത് ശരിയാണെന്നും വിശ്വസിക്കാന്‍ പറ്റുമോ?'

ഈ ചോദ്യം കുട്ടികളെ ചിന്തിപ്പിച്ചു. ദര്‍സു തുടരുകയായിരുന്നു. അതോടൊപ്പം കുട്ടികളുടെ പഴയ വിശ്വാസങ്ങള്‍ക്കു ശക്തി കുറഞ്ഞുവന്നു. പറപ്പൂരിന്റെ സൗമ്യമായ സംസാരവും യുക്തിയുക്തമായ ന്യായീകരണവും കുട്ടികളെ ആകര്‍ഷിച്ചു. അങ്ങനെ (വമിനന്നാസി മന്‍യത്തഖിദു മിന്‍ദൂനില്ലാഹി അന്‍ദാദന്‍) എന്ന ആയത്തിലെത്തി. അദ്ദേഹം അവിടെവെച്ച് ഭംഗിയായി 'അന്‍ദാദി'നെ വിവരിച്ചു. അതു കേട്ടപ്പോള്‍ മൗലവിയുടെ മനസ്സില്‍ ശരിക്കും ചലനമുണ്ടായി. അല്ലാഹുവിന്റെ അപാരമായ കരുണ തന്നെ. അല്ലാഹു പറയുന്നതു തന്നെ സത്യം. 'റബ്ബേ, എനിക്കു പൊറുത്തു തരണേ. ഇതുവരെ കൊണ്ടു നടന്നതെല്ലാം ഞാനിതാ വലിച്ചെറിയുന്നു'-മൗലവിയുടെ ഹൃദയം പശ്ചാത്താപവിവശമായി.

മാലമൗലിദാദികള്‍ നടത്തിയിരുന്ന വീടുകളിലെല്ലാം പോയി മൗലവി കാര്യം സൗമ്യമായി പറഞ്ഞു. 'നമ്മള്‍ ഇതുവരെ നടത്തിപ്പോന്ന കാര്യങ്ങളൊക്കെ തെറ്റാണ്. അതുകൊണ്ട് ഇനിമേലില്‍ ഞാനത് ചെയ്യുകയില്ല. നിങ്ങളും ഇനി ഇതെല്ലാം നിറുത്തണം.' പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അവരാരും അപ്പോഴതു സ്വീകരിക്കാന്‍ തയ്യാറായില്ല; എന്നു മാത്രമല്ല, അത്രയും കാലം മൗലവിയെ സ്‌നേഹിച്ചിരുന്ന പലരും അന്നുമുതല്‍ വലിയ വെറുപ്പോടെയാണ് പെരുമാറിയത്.

1927 ആയപ്പോഴേക്കും ജയിലിലായിരുന്ന മൗലവിയുടെ പിതാവും ജ്യേഷ്ഠനും നാട്ടില്‍ തിരിച്ചെത്തി. മൗലവിയുടെ മാറ്റം അവരെ ദുഃഖത്തിലാഴ്ത്തി. പിന്തിരിയാന്‍ അവര്‍ പലവട്ടം ഉപദേശിച്ചു. ഭീഷണി മുഴക്കി. പലവട്ടം മര്‍ദിച്ചു. ഇനി വീട്ടില്‍ കടന്നുപോവരുതെന്ന് പോലും വിലക്കി. വീട്ടില്‍നിന്ന് മൗലവിക്കു ഭക്ഷണമൊന്നും നല്‍കരുതെന്ന് ഉമ്മയോട് ശക്തമായി വിലക്കി. വാത്സല്യനിധിയായ ആ മാതാവ് ധര്‍മസങ്കടത്തിലായി. ബഹിഷ്‌കരണം ഒഴിവാക്കാന്‍ അവര്‍ പിതാവിനോട് പലതവണ കെഞ്ചി. തീരുമാനം പിന്‍വലിക്കാന്‍ മൗലവിയോടു കണ്ണീരോടെ പലതവണ പറഞ്ഞു. എന്നാല്‍ ദുരാചാരങ്ങളനുഷ്ഠിക്കുന്നതു മൂലമുണ്ടാവാന്‍ പോകുന്ന വമ്പിച്ച ഭവിഷ്യത്തിനെക്കുറിച്ച് മൗലവി അവര്‍ക്കു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും. ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ കാര്യങ്ങള്‍ അവര്‍ക്കും ബോധ്യമായി. പക്ഷേ, പിതാവ് കടുത്ത ദേഷ്യത്തില്‍ തന്നെ. ഇനി തന്റെ മുമ്പില്‍ കണ്ടുപോകരുതെന്നായിരുന്നു കല്‍പന.

ഇക്കാരണത്താല്‍ പല ദിവസവും മൗലവിക്ക് പട്ടിണി കിടക്കേണ്ടിവന്നു. പിതാവ് വീട്ടിലില്ലാത്ത സമയത്ത് ചെന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലും ഭക്ഷണം കിട്ടും. ഇല്ലെങ്കില്‍ പട്ടിണി തന്നെ. മഗ്‌രിബിനും ഇശായ്ക്കുമിടയില്‍ ഏതെങ്കിലും മാലയോ ബൈത്തോ ചൊല്ലണമെന്ന് പിതാവിന് നിര്‍ബന്ധമുണ്ടാ യിരുന്നു. അതു ചെയ്തില്ലെങ്കില്‍ ഭക്ഷണമില്ല. തെറ്റ് ബോധ്യപ്പെട്ടതുകൊണ്ട് മൗലവി അതിനു തയ്യാറായതുമില്ല. അദ്ദേഹം ഇങ്ങനെ വിഷമിക്കുന്ന വിവരം പറപ്പൂര്‍ എങ്ങനെയൊ അറിഞ്ഞു. അന്നുമുതല്‍ തനിക്കു കൊണ്ടുവരുന്ന ഭക്ഷണത്തില്‍ ഒരു പങ്ക് അദ്ദേഹത്തിനും കൊടുത്തു. പല സൂത്രവും പറഞ്ഞ് മൗലവി പിന്‍മാറുമെങ്കിലും പറപ്പൂര്‍ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിക്കും.

ഇതിനിടെ പറപ്പൂര്‍ ഒരു സൂത്രം പറഞ്ഞുകൊടുത്തു. ഇശാ-മഗ്‌രിബിന്നിടയില്‍ പാട്ടും ബൈത്തും ചൊല്ലുന്നതിനെക്കാള്‍ കൂലി ക്വുര്‍ആന്‍ ഓതിയാല്‍ കിട്ടും. അതുകൊണ്ട് ക്വുര്‍ആന്‍ ഓതിയാല്‍ മതി എന്നു വാപ്പയെ കൊണ്ടു സമ്മതിപ്പിക്കുക. ഏതായാലും അത് അംഗീകരിക്കപ്പെട്ടു. അന്ന് മുതല്‍ അനുജനെ വിളിച്ചിരുത്തി പിതാവ് കേള്‍ക്കുന്ന സ്ഥലത്തുതന്നെ ഇരുത്തി ക്വുര്‍ആന്‍ ഓതി അര്‍ഥം പറഞ്ഞുകൊടുത്തു തുടങ്ങി. ഫാതിഹ മുതല്‍ ഓതി അര്‍ഥം പറഞ്ഞുകൊടുക്കുന്നത് പിതാവും ശ്രദ്ധിച്ചുകേട്ടു. അതോടെ അദ്ദേഹത്തിന്റെ മനസ്സിലും ചില സംശയങ്ങള്‍ മുളപൊട്ടി. ഒരു വെള്ളിയാഴ്ച അദ്ദേഹം പറപ്പൂരിനെ സമീപിച്ചു. സംശയങ്ങള്‍ ചോദിച്ചു. അദ്ദേഹം സൗമ്യമായ ഭാഷയില്‍ അവയ്‌ക്കെല്ലാം മറുപടി കൊടുത്തു. അതോടെ പിതാവിനും മാനസാന്തരമുണ്ടായി. ഏറെത്താമസിയാതെ മൗലവിയുടെ ജ്യേഷ്ഠന്‍മാരും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും വിടപറഞ്ഞു.

അന്ധവിശ്വാസങ്ങളെയും നൂതനാചാരങ്ങളെയും വിമര്‍ശിച്ചുകൊണ്ട് മൗലവിയടക്കമുള്ള ശിഷ്യന്‍മാര്‍ നാട്ടിലിറങ്ങിയതോടെ ഒച്ചപ്പാടും ബഹളവുമായി. കേസ് പറപ്പൂരിന്റെ ചെവിയിലെത്തും. അദ്ദേഹം സൗമ്യമായിത്തന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും. ഇത് സത്യത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. അനാചാരങ്ങളില്‍ മുഴുകിക്കഴിഞ്ഞിരുന്ന നാട്ടുകാരായ പലരും മാറിച്ചിന്തിക്കാന്‍ തുടങ്ങി. ഇക്കാലത്തുതന്നെ പറപ്പൂര്‍ പൊതുപ്രസംഗങ്ങളുമാരംഭച്ചിരുന്നു. സ്വന്തം മഹല്ലില്‍ മാത്രമല്ല പരിസരത്തെ മഹല്ലുകൡലും അദ്ദേഹം സത്യവിശ്വാസത്തിന്റെ സന്ദേശവുമായി പ്രഭാഷണങ്ങള്‍ നടത്തി. കാലക്രമത്തില്‍ എടത്തനാട്ടുകരയിലും സമീപ പ്രദേശങ്ങളിലുമൊക്കെത്തന്നെ മാറ്റത്തിന്റെ അലയൊലികളുയര്‍ന്നു.

മതവിജ്ഞാനത്തിന്റെ നിറകുടമായിരുന്ന സെയ്ദ് മൗലവി സാധാരണക്കാരില്‍ സാധാരണക്കാരനായാ ണ് ജീവിച്ചത്. പ്രവാചകന്റെ ചര്യകള്‍ മാതൃകയാക്കികൊണ്ടുള്ള ചിട്ടയായ ജീവിതക്രമം അവസാന നിമി ഷംവരെ പുലര്‍ത്തുന്നതില്‍ മൗലവി അങ്ങേയറ്റം ശ്രദ്ധിച്ചു. സൗമ്യതയുടെ പര്യായമായ മൗലവി പക്ഷേ, തൗഹീദിന്റെ കാര്യത്തില്‍ അണുമണിത്തൂക്കം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ക്വുര്‍ആനിനും സുന്നത്തിനുമെതിരായി എന്ത് പ്രവര്‍ത്തനങ്ങള്‍ എവിടെ കണ്ടാലും അതിനെ നഖശിഖാന്തമെതിര്‍ക്കാന്‍ ഒരിക്കലും മടി കാണിച്ചതുമില്ല. മൗലവിയുടെ സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കാന്‍ ഏതാനും സംഭവങ്ങള്‍ പറയാം:

മൗലവി ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ വേദികളിലോ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തോ ഒരിക്കല്‍പോലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല രാഷ്ട്രീയ കാര്യങ്ങള്‍ മറ്റുള്ളവരോട് ചര്‍ച്ച ചെയ്യാന്‍ പോലും മൗലവി മിനക്കെട്ടിരുന്നില്ലെന്നതാണ് സത്യം.

അതേസമയം തെറ്റുകുറ്റങ്ങള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികളില്‍ കണ്ടാലും അതിനെ ശക്തമായെതിര്‍ക്കാന്‍ മൗലവി എന്നും തയ്യാറായിട്ടുണ്ട്. ഒരിക്കലുമദ്ദേഹം പാര്‍ട്ടിയുടെ വലിപ്പച്ചെറുപ്പമോ കൊടിയുടെ നിറമോ നോക്കിയില്ല. മിമ്പറില്‍വച്ചുതന്നെ അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ മൗലവി ധൈര്യം കാണിച്ചിരുന്നു. തനിക്ക് അനുഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ചില പ്രവര്‍ത്തകര്‍ ഒരിക്കല്‍ മണ്‍മറഞ്ഞ ഒരു നേതാവിന്റെ ചരമദിനത്തില്‍ ജ്യോതി തെളിയിച്ചു പ്രയാണം നടത്തിയതിനെ ഖുത്ബയില്‍ മൗലവി അതിശക്തമായി എതിര്‍ത്തു. ഇത് വിഗ്രഹാരാധനയുടെ ഭാഗമാണെന്നു സമര്‍ഥിക്കാന്‍ തൗഹീദിനുവേണ്ടി ജീവിതമുഴിഞ്ഞു വെച്ച ആ പണ്ഡിതന്‍ മടികാണിച്ചില്ല.

ആകര്‍ഷണീയമായിരുന്നു മൗലവിയുടെ ക്വുര്‍ആന്‍ പാരായണം. അക്ഷരസ്ഫുടതയോടെ ഈണത്തി ലുള്ള ആ പാരായണം എത്ര കേട്ടാലും മതിവരില്ല. എത്ര നീണ്ട സൂറത്താണെങ്കിലും മൗലവിയാണ് പാരായണം ചെയ്യുന്നതെങ്കില്‍ വിരസത അശേഷമില്ലാതെ ആളുകള്‍ കേട്ടുനില്‍ക്കുമായിരുന്നു.

ക്വുര്‍ആന്‍ സൂക്തങ്ങള്‍ വെറുതെ ഓതിപ്പോവുകയല്ല, മറിച്ച് അതിന്റെ അര്‍ഥവ്യാപ്തി ശരിക്കുമുള്‍ക്കൊണ്ടുകൊണ്ടാണ് മൗലവി പാരായണം ചെയ്യുക. അതുകൊണ്ടുതന്നെ മരണം, നരകശിക്ഷ തുടങ്ങിയ കാര്യ ങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന സൂക്തങ്ങളോതുമ്പോള്‍ അദ്ദേഹം വിതുമ്പിക്കരയാറുണ്ടായിരുന്നു.

സൂറതുല്‍ ജുമുഅ, മുനാഫിക്വൂന്‍ എന്നിവയായിരുന്നു വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ മൗലവി സ്ഥിരമായി ഓതാറുണ്ടായിരുന്നത്. മനുഷ്യന്റെ അന്ത്യസമയത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന, മരണത്തെ ഒരു നിമിഷം കൂടി നീട്ടിക്കിട്ടിയിരുന്നെങ്കില്‍ താന്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളാമെന്നുള്ള അവന്റെ വിലാപവുമൊക്കെ ഉള്‍ക്കൊള്ളുന്ന സൂക്തങ്ങളില്‍ മൗലവി തേങ്ങിക്കരയുക പതിവായിരുന്നു.

തനിക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുതന്ന ഗുരുനാഥരോട് അതിരറ്റ ബഹുമാനം പുലര്‍ത്തിയിരുന്നു സെയ്ദ് മൗലവി. പ്രത്യേകിച്ച് തന്റെ ജീവിതത്തെ തൗഹീദിന്റെ പാന്ഥാവിലേക്ക് തിരിച്ചുവിട്ട പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവിയോട് അങ്ങേയറ്റത്തെ സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്നു അദ്ദേഹം. 'ശൈഖുനാ' എന്നാണദ്ദേഹം പറപ്പൂരിനെ വിശേഷിപ്പിച്ചിരുന്നത്.

ഇര്‍ശാദുല്‍ അനാം മദ്‌റസ തുടങ്ങിയ ആദ്യകാലത്ത് മൗലവി ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടക്ക് ആരോ ഒരാള്‍ മൗലവിയെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി എന്തോ അടക്കം പറഞ്ഞു. തിരിച്ചുവന്ന മൗലവി ഒരക്ഷരം ഉരിയാടാതെ മേശമേല്‍ തലതാഴ്ത്തി കമഴ്ന്നുകിടന്നു പൊട്ടിക്കരഞ്ഞു. കുട്ടികള്‍ക്കൊന്നും മനസ്സിലായില്ല. വിദ്യാര്‍ഥികളില്‍ മൗലവിയുടെ മൂത്ത പുത്രന്‍ അബ്ദുറഹ്മാനുമുണ്ടായിരുന്നു. 'എന്തുപറ്റി ഉപ്പാ, എന്താണുണ്ടായത്'-അബ്ദുറഹ്മാന്‍ പതുക്കെ മൗലവിയുടെ അരികില്‍ ചെന്നു ചോദിച്ചു. 'ഉപ്പാന്റെ ഉസ്താദ് മരിച്ചുപോയി' -മൗലവി വിതുമ്പിക്കരഞ്ഞുകൊണ്ട് പറഞ്ഞു. പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി മരിച്ചുവെന്ന വാര്‍ത്തയായിരുന്നു അദ്ദേഹം കേട്ടത്. സത്യത്തില്‍ അന്നത്തെ വാര്‍ത്ത ശരിയായിരുന്നില്ല. എതിരാളികള്‍ പറഞ്ഞുപരത്തിയ വ്യാജവാര്‍ത്ത മാത്രമായിരുന്നു അത്. ഇങ്ങനെ മൂന്നാലു തവണ പറപ്പൂര്‍ മരിച്ചുവെന്ന കള്ള പ്രചാരണം നാട്ടില്‍ പരന്നിട്ടുണ്ട്. പിന്നീട് ഏറെ കാലം കഴിഞ്ഞാണ് പറപ്പൂര്‍ മരിച്ചത്.

ഇസ്‌ലാമിക പ്രബോധനത്തിനു കലാമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് മൗലവി എതിരായിരുന്നില്ല. മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുവാന്‍  ഗാനങ്ങളും ചിത്രീകരണങ്ങളുമൊക്കെ ഉപയോഗിക്കുന്നതില്‍ മൗലവിക്കു എതിര്‍പ്പുണ്ടായിരുന്നില്ല. ഇത്തരം പല ഗാനങ്ങളും മറ്റു കലാരൂപങ്ങളും മൗലവി തന്നെ രചിക്കുകയും ചെയ്തിരുന്നു. അന്ധവിശ്വാസങ്ങളുടെ അര്‍ഥശൂന്യത സാമാന്യജനങ്ങള്‍ക്കു സരസമായി മനസ്സിലാക്കിക്കൊടുക്കുന്നതിനായി 'കള്ളനോട്ടുകള്‍' എന്ന ഒരു ആക്ഷേപഹാസ്യവും 'ഇത്തിക്കണ്ണികള്‍' എന്ന ചിത്രീകരണവും മൗലവി രചിക്കുകയും അദ്ദേഹത്തിന്റെ ശിഷ്യന്മാരെക്കൊണ്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ളതായിരിക്കണമെന്ന കടുത്ത നിര്‍ബന്ധവുമുണ്ടായിരുന്നു മൗലവിക്ക്. അതുകൊണ്ടുതന്നെ നൃത്തനൃത്യങ്ങളോ പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ചിത്രീകരണങ്ങളോ ഒന്നും തന്നെ അദ്ദേഹം അനുവദിക്കുകയും ചെയ്തില്ല.

ഒരിക്കല്‍ രണ്ടത്താണി ഐ.എസ്.എം വായനശാലയുടെ വാര്‍ഷികത്തിനു ഹിദായ കലാവേദി നാടകം അവതരിപ്പിക്കുന്നു എന്ന നോട്ടീസ് അച്ചടിച്ചത് മൗലവിയെ അങ്ങേയറ്റം ക്ഷുഭിതനാക്കി. പെണ്‍കുട്ടികള്‍ അഭിനയിക്കുകയോ അഭിനേതാക്കള്‍ വേഷം മാറുകയോ ഒന്നും ചെയ്യാത്ത ഒരു സാധാരണ ചിത്രീകരണമായിരുന്നു സംഗതി. പക്ഷേ, അത്തരം വിശദീകരണങ്ങളൊന്നും തന്നെ മൗലവിയെ ശാന്തനാക്കിയില്ല. 'നാടകം' എന്ന പ്രയോഗമായിരുന്നു മൗലവിയെ ക്ഷുഭിതനാക്കിയത്. അവതരിപ്പിക്കുന്നതു നാടകമല്ലെങ്കില്‍ പോലും തെറ്റിദ്ധാരണാജനകങ്ങളായ പേരുകള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നതിന് പ്രവാചകന്‍ പറഞ്ഞ ഒരു സംഭവം വിശദീകരിച്ചുകൊണ്ട് മൗലവി സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കും കാര്യം മനസ്സിലാവുകയും ചെയ്തു. ഒടുവില്‍ 'നാടകം' എന്നതിനു പകരം ചിത്രീകരണം' എന്നുതന്നെ അച്ചടിച്ച നോട്ടീസിറക്കിയാണ് പരിപാടി അവതരിപ്പിച്ചത്.

സ്വന്തം മക്കളായാലും മറ്റുള്ളവരുടെ മക്കളായാലും കൊച്ചുകുട്ടികളെ മൗലവിക്ക് വലിയ ഇഷ്ടമായിരുന്നു. അവരോട് അങ്ങേയറ്റത്തെ സ്‌നേഹവും. രണ്ടത്താണി മസ്ജിദുറഹ്മാനിയയില്‍ ഖത്തീബായി മൗലവി വരുന്ന കാലത്ത് മൂത്ത മകന്‍ അബ്ദുറഹ്മാന്‍ കൊച്ചുകുട്ടിയായിരുന്നു. ജുമുഅക്ക് ഉമ്മയുടെ കൂടെ പള്ളിയില്‍ വന്നിരുന്ന ആ കൊച്ചുകുട്ടി മൗലവി ഖുതുബ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മുട്ടിലിഴഞ്ഞ് മിമ്പറിനു താഴെ വന്നുനിന്ന് കരയും. അത്തരം സന്ദര്‍ഭങ്ങളില്‍ മകനെ എടുത്ത് മിമ്പറിലിരുത്തി മൗലവി ഖുതുബ തുടരുമായിരുന്നു.

ഓരോ വക്വ്ത്തിനും മക്കളെ പള്ളിയില്‍ കൂട്ടികൊണ്ടുവന്നു നമസ്‌കരിപ്പിക്കാന്‍ മൗലവി എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിരാവിലെ മക്കളെയെല്ലാം വിളിച്ചുണര്‍ത്തി അവരോടൊപ്പമാണ് സുബ്ഹി നമസ്‌കാരത്തിന് പള്ളിയിലെത്തുക.

കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ പ്രത്യേക ചാതുരിയുണ്ടായിരുന്നു മൗലവിക്ക്. പാട്ടയും വിളക്കുമൊക്കെയുണ്ടാക്കി അദ്ദേഹം കടയില്‍ കൊണ്ടുപോയി വിറ്റിരുന്നു. ഒരുകാലത്ത് വാച്ച് റിപ്പയറിംഗും നടത്തിയിരുന്നു അദ്ദേഹം. ഇവയില്‍ പലതും അദ്ദേഹം സ്വയം അഭ്യസിച്ച കലകളായിരുന്നു. അതിലൊന്നായിരുന്നു തയ്യല്‍. തനിക്കുള്ള വസ്ത്രങ്ങള്‍ സ്വയം തുന്നുമായിരുന്നു.

പഴയ ഷര്‍ട്ടുകളും മറ്റും തുന്നഴിച്ചു നോക്കിയ ശേഷം തുണി വാങ്ങി അതേ രൂപത്തില്‍ വെട്ടി തയ്ച്ചാണ് മൗലവി തുന്നല്‍ അഭ്യസിച്ചത്. ഇസ്‌ലാഹീ പ്രചരണാര്‍ഥം ഒരിക്കല്‍ ഡല്‍ഹിയില്‍ പോകേണ്ട ആവശ്യം വന്നു. ഡല്‍ഹിയില്‍ ആദ്യമായി പോവുകയാണ് മൗലവി. ഡല്‍ഹിയില്‍ പോകുമ്പോള്‍ പാന്റുപയോഗിക്കുകയാണ് നല്ലതെന്ന് ആരോ അദ്ദേഹത്തെ ഉപദേശിച്ചു. അതനുസരിച്ച് മൗലവി ഒരു വെള്ള പാന്റ്പീസ് വാങ്ങി സ്വയം തയ്ക്കാന്‍ ശ്രമിച്ചു. സ്റ്റിച്ചിംഗൊക്കെ കഴിഞ്ഞ് ഇട്ടു നോക്കുമ്പോള്‍ തീരെ പാകമില്ല. കുറച്ചുനേരം എന്തോ ആലോചിച്ച് അദ്ദേഹം ചിരിച്ചു. പിന്നീടത് അഴിച്ചുവയ്ക്കുകയും ചെയ്തു. ഒടുവില്‍ തുണിയുടുത്തുതന്നെ ഡല്‍ഹിയില്‍ പോയി.

(തുടരും)