ആരാണ് ഏറ്റവും നല്ലവന്‍?

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01

മനുഷ്യന്‍ ഒട്ടേറെ സവിശേഷ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാണ്. മനുഷ്യരില്‍ കറുത്തവരും വെളുത്തവരുമുണ്ട്. ദൈവവിശ്വാസികളും നിരീശ്വരവാദികളുമുണ്ട്. അറിവുള്ളവരും അറിവില്ലാത്തവരുമുണ്ട്. ധനികരും ദരിദ്രരുമുണ്ട്. നല്ലവരും ദുഷ്ടരുമുണ്ട്. ഭരണാധികാരികളും ഭരണീയരുമുണ്ട്. ആരായാലും അവരൊക്കെ ജനിച്ചവരാണ്; ഒരുനാള്‍ മരിക്കുന്നവരുമാണ്.

മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലാഹു വിവരിക്കുന്നത് നോക്കൂ: ''തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (ക്വുര്‍ആന്‍ 23:12-14).

മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു: ''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍നിന്നും, പിന്നീട് ബീജത്തില്‍നിന്നും, പിന്നീട് ഭ്രൂണത്തില്‍നിന്നും, അനന്തരം രൂപംനല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 22:5).

മനുഷ്യസൃഷ്ടിയുടെ ആരംഭംമുതല്‍ മരണംവരെയുള്ള അവസ്ഥാവിശേഷങ്ങളെപ്പറ്റി ചിന്തിച്ചു നോക്കുവാന്‍ അല്ലാഹു ഉദ്‌ബോധിപ്പിക്കുന്നു. മനുഷ്യനെ ആദ്യം ഭൂമിയില്‍ സൃഷ്ടിച്ച അല്ലാഹുവിന് അവരെ വീണ്ടും ജീവിപ്പിക്കുവാന്‍ നിശ്ചയമായും കഴിവുണ്ടെന്ന്; നിര്‍ജീവമായി, വരണ്ടുകിടക്കുന്ന ഭൂമി മഴയേല്‍ക്കുമ്പോള്‍ സസ്യലതാതികളാല്‍ സജീവമാകുന്നതിന്റെ ഉദാഹരണത്തിലൂടെ മനുഷ്യരെ ബോധ്യപ്പെടുത്തുന്നു.

മനുഷ്യന്റെ ഉത്ഭവം മുതല്‍ മരണംവരെയുള്ള കാലഘട്ടത്തിനിടയില്‍ അവന്റെ ശരീരത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എണ്ണമറ്റതാണ്. അവയില്‍ പ്രധാനമായ ഏഴു അവസ്ഥകളെക്കുറിച്ചാണ് അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നത്.

1) അവന്റെ തുടക്കം മണ്ണില്‍നിന്നുമാണ്. മനുഷ്യന്റെ ആദ്യപിതാവായ ആദം നബി(അ)യെ അല്ലാഹു സൃഷ്ടിച്ചത് കളിമണ്ണില്‍നിന്നാണ്. മനുഷ്യബീജത്തിന്റെ ഉത്ഭവവും മണ്ണില്‍നിന്നാണല്ലോ. മണ്ണില്‍നിന്നും ജലത്തില്‍നിന്നുമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍നിന്നാണല്ലോ രക്തവും ശുക്ലവും ഉണ്ടാകുന്നത്.

2) ബീജത്തില്‍നിന്നും തുടങ്ങുന്നു. ശുക്ലത്തിലുള്ള കോടിക്കണക്കിന് ബീജങ്ങളില്‍നിന്ന് കരുത്തുറ്റ ഏതാനും ബീജങ്ങള്‍ മാത്രം മാതാവിന്റെ ഗര്‍ഭാശയത്തില്‍ പ്രവേശിക്കുന്നു. അവയില്‍നിന്ന് ഒന്ന് അണ്ഡത്തില്‍ പ്രവേശിക്കുന്നു. താമസിയാതെ അതില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിലേക്ക് അത് നീങ്ങുന്നു.

3) അനന്തരം അത് ഗര്‍ഭാശയഭിത്തികളില്‍ അള്ളിപ്പിടിക്കുന്ന ഒരു 'രക്തക്കട്ട'യായി മാറുന്നു.

4) അല്‍പദിവസത്തിനകം അത് 'മാംസപിണ്ഡ'മായി മാറുന്നു. ഗര്‍ഭത്തിലിരിക്കുന്ന ശിശുവിന്റെ നാലാമത്തെ ഈ ഘട്ടത്തെ അല്ലാഹു രണ്ട് അവസ്ഥയിലായി വിവരിക്കുന്നു; ശരിയായ രൂപം നല്‍കപ്പെട്ടതും അല്ലാത്തതും.

'മുഖല്ലക്വ' എന്ന പദം രണ്ടുമൂന്നു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു. അതായത്: രൂപവും അവയവങ്ങളും ഇന്ദ്രിയശക്തികളുമെല്ലാം പൂര്‍ത്തിയായി നല്‍കപ്പെട്ടത്, ജീവനോടുകൂടി പ്രസവിക്കപ്പെടത്തക്കവണ്ണം പൂര്‍ണനില നല്‍കപ്പെട്ടത്, മനുഷ്യരൂപം പൂര്‍ത്തിയായി നല്‍കപ്പെട്ടത് എന്നിങ്ങനെ.

രൂപം നല്‍കപ്പെടാത്തത് (ഗൈറു മുഖല്ലക്വ) എന്ന വാക്കിന്റെ ഉദ്ദേശ്യവും ഇതനുസരിച്ചു വ്യാഖ്യാനിക്കപ്പെടാം. ഏതഭിപ്രായം സ്വീകരിച്ചാലും, മേല്‍പറഞ്ഞ നാലു ഘട്ടങ്ങളില്‍വെച്ച് കൂടുതല്‍ സമയം പിടിക്കുന്നത് ഈ നാലാമത്തെ ഘട്ടത്തിലാകുന്നു. ഗര്‍ഭസ്ഥശിശുവിന്റെ പൂര്‍ണതയും അപൂര്‍ണതയും നിര്‍ണയിക്കപ്പെടുന്നതും, ആകൃതിയും പ്രകൃതിയും നല്‍കപ്പെടുന്നതും ഈ ഘട്ടത്തിലാണ്.

കുറച്ചു മാസങ്ങളോളം ശിശു ഗര്‍ഭാശയലോകത്തുവെച്ചു വളര്‍ത്തപ്പെടുന്നു. അനുനിമിഷം അതിനുവേണ്ടുന്ന എല്ലാ കാര്യങ്ങളും അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്നു. ഇക്കാലഘട്ടത്തിലെ അത്ഭുതകരമായ ആ ജീവിതത്തെപ്പറ്റി ആലോചിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ ശക്തിമാഹാത്മ്യവും അവന്റെ സൃഷ്ടിവൈഭവവും മനുഷ്യന് മനസ്സിലാക്കുവാന്‍ യാതൊരു പ്രയാസവുമില്ല. അതുകൊണ്ടാണ് ഇത്രയും സംഗതികള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് 'നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാന്‍ വേണ്ടി' എന്ന് അല്ലാഹു പറയുന്നത്.

ബീജം പ്രവേശിച്ചുകഴിയുന്നതോടെ കടുകുമണിയെക്കാള്‍ ചെറുതായ അണ്ഡം വളരുവാന്‍ തുടങ്ങുന്നു. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ അതിനൊരു മള്‍ബറി പഴത്തിന്റെ ആകൃതിയും ഏകദേശം അത്രത്തോളം വലിപ്പവും ഉണ്ടാകുന്നു. നാലാഴ്ചകൊണ്ട് അതൊരു പ്രാവിന്റെ മുട്ടയോളമാകുന്നു. രണ്ടാം മാസാവസാനത്തോടു കൂടി ഒരു കോഴിമുട്ടയോളം വലിപ്പമുണ്ടാവുകയും ഒരു മനുഷ്യശരീരത്തിന്റെ ആകൃതി ഉണ്ടായിത്തുടങ്ങുകയും ചെയ്യും. ഗര്‍ഭാശയത്തിന്റെ ഉള്‍ഭാഗത്തോട് അതിനെ ബന്ധിച്ചിരിക്കുന്ന ഏതാനും രക്തനാഡികള്‍ ഉണ്ട്. മാതാവ് ഭക്ഷിച്ചു ദഹിക്കുന്ന ഭക്ഷണങ്ങള്‍ അവളുടെ രക്തനാഡികള്‍ വഴി ഗര്‍ഭശിശുവിലേക്ക് കടന്നു ചെല്ലുന്നു.

ഒരു മള്‍ബറിപ്പഴം പോലെ കാണപ്പെടുന്ന ചെറുപിണ്ഡം വളര്‍ന്നു 206 അസ്ഥികളും 500ല്‍പരം മാംസപേശികളും കണ്ണ്, ചെവി, ഹൃദയം, തലച്ചോറ് മുതലായ അവയവങ്ങളും ഉള്ള ഒരു മനുഷ്യ ശരീരമായിത്തീരുന്നു എന്നുള്ളത് അത്യത്ഭുതകരമായ ഒരു സംഗതി തന്നെ!

5) അല്ലാഹു ഉദ്ദേശിച്ച കാലം തികയുമ്പോള്‍, ഈ ബാഹ്യലോകത്തേക്ക് അവന്‍ (മനുഷ്യന്‍) ശിശുവായി പുറത്തുവരുന്നു. പുറത്തുവരുമ്പോള്‍ കരയുവാന്‍ മാത്രം കഴിയുന്ന കുഞ്ഞ് താമസിയാതെ മുലപ്പാല്‍ കുടിക്കുവാന്‍ തുടങ്ങുന്നു. പിന്നെ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും പലതും പഠിച്ചെടുക്കുന്നു. ഗര്‍ഭായശയത്തില്‍ അത്ഭുകരമാംവിധം അവനെ വളര്‍ത്തിയ സ്രഷ്ടാവ് അവന് വളരുവാന്‍ ആവശ്യമായതെല്ലാം ഭൂമിയിലും അവനു വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിവെച്ചിട്ടുണ്ട്.

6) അങ്ങനെ അവന് പ്രായപൂര്‍ത്തിയെത്തുന്നു. യുവത്വവും പ്രാപിക്കുന്നു. ബുദ്ധിയും തന്റേടവും ഉള്ളവനായിത്തീരുന്നു.

7) സ്ഥിതി മാറ്റം.  ഇതാണ് അവസാനത്തേത്. അവന്റെ ഇഹലോകജീവിതം അവസാനിക്കുന്നു.  ഇതെപ്പോഴാണ്, എങ്ങനെയാണു, എവിടെ വെച്ചാണ് എന്നൊന്നും ആര്‍ക്കും അറിഞ്ഞുകൂടാ. സ്രഷ്ടാവിനു മാത്രമെ അത് അറിയുകയുള്ളൂ. ചിലര്‍ക്ക് ആയുഷ്‌ക്കാലം കുറവായിരിക്കും. അവര്‍ നേരത്തെ മരിച്ചുപോകുന്നു. മറ്റു ചിലര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെടുന്നു. പ്രായാധിക്യം നിമിത്തം അറിവും കഴിവുമെല്ലാം നഷ്ടപ്പെട്ട് കേവലം ശിശുസമാനമായിത്തീരുന്നു. അവധിയെത്തുമ്പോള്‍ മരണമടയുന്നു.

മനുഷ്യസൃഷ്ടിയുടെ തുടക്കത്തെപ്പറ്റി 'മണ്ണില്‍നിന്ന്' എന്ന് പറഞ്ഞത് നാം കണ്ടു.  ഇവിടെ 'കളിമണ്ണിന്റെ സത്തില്‍നിന്ന്' എന്നു പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആദ്യപിതാവായ ആദം നബി(അ)യെ മണ്ണില്‍ നിന്നുതന്നെ സൃഷ്ടിച്ചതിനെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. കുഴഞ്ഞമാവുപോലെയുള്ള കളിമണ്ണില്‍ നിന്നുള്ള ഏതോ ഒരുതരം സത്തില്‍നിന്ന് ആദം(അ)സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവര്‍ഗത്തിന്റെ ഉത്ഭവം. പിന്നീട് ബീജം വഴിയുള്ള മനുഷ്യോല്‍പാദനം നടക്കുകയും ജനനപരമ്പര തുടരുകയും ചെയ്തു. പിതാക്കളില്‍നിന്നുള്ള ബീജം മാതാക്കളുടെ ഗര്‍ഭാശയത്തില്‍ സ്ഥലംപിടിക്കുന്നതിനെയാണ് 'ഭദ്രമായ താവളത്തില്‍വെച്ചു' എന്നു പറഞ്ഞത്.

ഗര്‍ഭാശയത്തില്‍വെച്ചുള്ള ഘട്ടംഘട്ടമായ വളര്‍ച്ചക്കു ശേഷം പൂര്‍ണമനുഷ്യനായി കുഞ്ഞ് പുറത്തുകൊണ്ടുവരപ്പെടുകയും ചെയ്യുന്നു. ഈ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലാഹു പറഞ്ഞത് ഏറ്റവും നല്ല ഘടനയില്‍ നാം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്.

''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 95:4).

ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ശാരീരികമായും ബുദ്ധിപരമായും ആത്മീയമായും എല്ലാം തന്നെ അവന്‍ ഇതരജീവികളെക്കാള്‍ ഉല്‍കൃഷ്ടനായി നിലകൊള്ളുന്നു. അവനെക്കാള്‍ എത്രയോ വമ്പിച്ച വസ്തുക്കളെപ്പോലും കീഴൊതുക്കുവാനും അടക്കിഭരിക്കുവാനും വേണ്ടുന്ന ബുദ്ധിയും പക്വതയും പാകതയും അവന് അല്ലാഹു നല്‍കിയിട്ടുണ്ട്.

ഇങ്ങനെയുള്ള മനുഷ്യരുടെ കൂട്ടത്തില്‍ നല്ലയാളുകളും ചീത്തയാളുകളുമുണ്ട്. ഇസ്‌ലാം പഠിപ്പിക്കുന്നതു പ്രകാരം മനുഷ്യരുടെ കൂട്ടത്തിലെ നല്ലവര്‍ ആരൊക്കെയാണ് എന്നതാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.

1. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവന്‍

ജാബിര്‍ ഇബ്‌നു അബ്ദില്ലാഹ്(റ) നിവേദനം, നബി ﷺ പറഞ്ഞു: ''ജനങ്ങളില്‍ ഉത്തമന്‍ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവനാണ്...'' (ത്വബ്‌റാനി).

വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രജ്ഞിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (ക്വുര്‍ആന്‍ 49:10).

വിശ്വാസികള്‍ പരസ്പരം സഹായികളാവേണ്ടതിന്റെ അനിവാര്യത അറിയിക്കുന്ന ഒരു ഹദീഥ് ഇപ്രകാരം കാണാം;

അനസ്(റ) പ്രസ്താവിക്കുന്നു; നബി ﷺ പറഞ്ഞു: 'നിന്റെ സഹോദരനെ അവന്‍ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.' ഞാന്‍ ചോദിച്ചു: 'റസൂലേ, അക്രമിക്കപ്പെട്ടവനായിരിക്കെ എനിക്കവനെ സഹായിക്കാം. എന്നാല്‍ അവന്‍ അക്രമിയായിരിക്കെ ഞാന്‍ എങ്ങനെ അവനെ സഹായിക്കും?' തിരുമേനി പറഞ്ഞു: 'നീ അവനെ അക്രമത്തില്‍നിന്നു തടയണം. അതാണ് നീ അവനു ചെയ്യുന്ന സഹായം'(ബുഖാരി).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ പരസ്പരം അസൂയപ്പെടരുത്, അന്യോന്യം (മത്സരിച്ച് ചരക്കുകള്‍ക്കു) വില കയറ്റരുത്. അന്യോന്യം ഈര്‍ഷ്യത വെക്കരുത്, അന്യോന്യം (സഹായിക്കാതെ) പിന്മാറിപ്പോകരുത്. ചിലര്‍ ചിലരുടെ കച്ചവടത്തിനുമീതെ (അതു നിലവിലിരിക്കെ) കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങള്‍ സഹോദരന്മാരായിരിക്കുവിന്‍! മുസ്‌ലിം, മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയില്ല, അവനെ കൈവെടിയുകയില്ല, അവനെ അവഗണിക്കുകയില്ല. (നെഞ്ചിലേക്കു ചൂണ്ടികാട്ടിക്കൊണ്ട്) തക്വ്‌വ (ഭയഭക്തി) ഇവിടെയാണ്, തക്വ്‌വ ഇവിടെയാണ, തക്വ്‌വ ഇവിടെയാണ്. ഒരു മനുഷ്യന്‍ അവന്റെ മുസ്‌ലിം സഹോദരനെ അവഗണിക്കുന്നതുതന്നെ മതി, അവന് ആപത്തിന്. (കൂടുതലൊന്നും വേണ്ട). മുസ്‌ലിമിന്റെ സര്‍വസ്വവും മുസ്‌ലിമിനു 'ഹറാം' (നിഷിദ്ധം) ആകുന്നു. അതെ, അവന്റെ രക്തവും അവന്റെ ധനവും അവന്റെ മാനവും.'' (മുസ്‌ലിം)

നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഒരാള്‍ തന്റെ ദേഹത്തിന് എന്ത് ഇഷ്ടപ്പെടുന്നുവോ അതു തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ അവന്‍ സത്യവിശ്വാസിയാവുകയില്ല'' (ബുഖാരി, മുസ്‌ലിം).

ഓരോ വിശ്വാസിയും തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ വിശ്വാസികളും അല്ലാത്തവരുമായവര്‍ക്ക് വേണ്ടി ചെയ്തുകൊടുക്കേണ്ടതുണ്ട്.

ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്; വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ നടത്തിയ കോവിഡ് ബോധവല്‍ക്കരണ ശ്രമങ്ങങ്ങളും ആരോഗ്യരംഗത്തെ പദ്ധതികളും. അതോടൊപ്പം എടുത്തുപറയേണ്ടതാണ് യുവജനവിഭാഗമായ വിസ്ഡം യൂത്ത് വിംഗ് സ്‌നേഹസ്പര്‍ശം എന്ന പേരില്‍ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍. കോവിഡ് 19 പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ശാഖതോറും ആശാവര്‍ക്കേഴ്‌സിന്റെ സുസജ്ജരായ ഒരു ടീമിനെത്തന്നെ വാര്‍ത്തെടുക്കാന്‍ വിസ്ഡം യൂത്തിന് സാധിച്ചിട്ടുണ്ട്.

കോവിഡ് 19 പരത്തുന്ന രോഗവ്യാപനത്തിന്റെ പ്രയാസങ്ങളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ഭയാനതയെക്കുറിച്ചും വിലയിരുത്തുകയും ആയതിനെ സംബന്ധിച്ച് സമൂഹത്തിന് ധൈര്യം പകരുകയും ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെറുത്തുനില്‍പിനുവേണ്ട ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന ടീമുകള്‍ വിസ്ഡം യൂത്ത് വിംഗ് സജ്ജീകരിച്ചിട്ടുണ്ട്.

ഗവണ്‍മെന്റിനു കീഴില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് രോഗപ്രതിരോധ പരിഹാരമാര്‍ഗമായി നിര്‍ദേശിച്ചിട്ടുള്ള വാക്‌സിന്‍ ലഭ്യമാകുന്നതിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പ്രത്യേകം ഒരു ടീമിനെ സജ്ജമാക്കി. ഇന്റര്‍നെറ്റ് വളരെ വലിയ തോതില്‍ പ്രായഭേദമന്യെ ഉപയോഗിച്ചു ശീലിച്ച ഈ കാലഘട്ടത്തിലും സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയോ അപേക്ഷാഫോമുകളും മറ്റും ആവശ്യമായ സമയത്ത് സ്വന്തമായി നെറ്റ് വഴി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ അതാതുപ്രദേശത്തെ അക്ഷയകേന്ദ്രങ്ങളെ സമീപിക്കലാണ് പതിവ്. സമൂഹത്തില്‍ വലിയൊരു വിഭാഗം ഇതില്‍പെടുന്നു. ഇവിടെയാണ് വിസ്ഡം യൂത്ത് ഒരുക്കിയ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ വിംഗിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുന്നത്.

കോവിഡ് കാരണം പൊതുവെ ജനങ്ങള്‍ പുറത്തിറങ്ങാതെയിരിപ്പാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നിയമം കൂടുതല്‍ കര്‍ക്കശമാണ്. എന്നാല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുപോലെയുള്ള അത്യാവശ്യ വസ്തുക്കളും ലഭിക്കല്‍ അനിവാര്യമാണല്ലോ. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, വ്യക്തികളും കുടുംബങ്ങളും യാതൊരുവിധ പ്രയാസവും അനുഭവിക്കാതിരിക്കുന്നതിനുവേണ്ടി ആവശ്യക്കാര്‍ക്ക് വീട്ടുപടിക്കല്‍ തങ്ങള്‍ക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങളും മരുന്നുകളും എത്തിക്കുന്നതിനുവേണ്ടി പഞ്ചായത്തിന്റെ അനുമതിപ്രകാരം സജ്ജരാക്കിയ ടീം വിസ്ഡം യൂത്ത് വിംഗിന്റെ കീഴിലുണ്ട്.

കോവിഡ് ബാധിച്ചു മരിച്ച വ്യക്തികളുടെ മയ്യിത്ത് സംസ്‌കരണവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പഠിച്ച, മതപരമായി സംസ്‌കരിക്കുന്നതിനുള്ള പ്രത്യേകം നിര്‍ദേശങ്ങളും ട്രെയ്‌നിംഗും ലഭിച്ച പ്രത്യേക ടീമുകളെയും മയ്യിത്ത് സംസ്‌രണത്തിനുവേണ്ടി വിസ്ഡം യൂത്ത് സജ്ജമാക്കിയിട്ടുണ്ട്.

ഇതൊക്കെ പരസ്പരസഹായം എന്ന നിലക്ക് വളരെ താല്‍പര്യത്തോടെയും ആത്മാര്‍ഥമായും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചും ചെയ്തുകൊണ്ടിരിക്കുന്ന സല്‍പ്രവര്‍ത്തനങ്ങളാണ്.  

2. വിശുദ്ധക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍

മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ അല്ലാഹു മനുഷ്യരില്‍നിന്നുതന്നെ തിരഞ്ഞെടുത്തയച്ചവരാണ് പ്രവാചകന്മാര്‍. എല്ലാ സമുദായങ്ങൡലേക്കും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക് അവന്റെ അനുഗ്രഹവും കാരുണ്യവും അവന്‍ നല്‍കുന്നു. മനുഷ്യരെ അവന്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രങ്ങള്‍ക്ക് അവനോട് നന്ദികാണിക്കുകയും അവന്റെ പരീക്ഷണങ്ങളില്‍ ക്ഷമിച്ച് അവനോട് പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യേണ്ടതിനു പകരം-അവനെ മാത്രം ആരാധിക്കേണ്ടതിനു പകരം-ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ നബിമാെരയും മണ്‍മറഞ്ഞ മഹത്തുക്കളെയുമൊക്കെ വിളിക്കുകയും പ്രാര്‍ഥിക്കുകയും ആരാധനയുടെ മുഴുവന്‍ ഇനങ്ങളും അല്ലാഹു അല്ലാത്തവര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുകയും അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുകയും ചെയ്ത് സന്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച സമുദായങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുവാനാണ് അവരിലേക്ക് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്.  

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)...'' (ക്വുര്‍ആന്‍ 16:36).

''തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവുംകൊണ്ടാണ്. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.''

ഓരോ സമുദായത്തിലേക്കും കടന്നുവന്ന പ്രവാചകന്മാര്‍ തങ്ങളുടെ സമുദായത്തെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. നിഷേധികളെ സത്യം ബോധ്യപ്പെടുത്തുന്നതിനും പ്രവാചകന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്നതിനും അല്ലാഹു ചില അത്ഭുതദൃഷ്ടാന്തങ്ങള്‍ (ആയത്തുകള്‍, മുഅ്ജിസത്തുകള്‍) അവന്റെ അമ്പിയാക്കളിലൂടെ പ്രകടമാക്കി. അത്തരം മുഅ്ജിസത്തുകളില്‍പെട്ടതാണ് വേദഗ്രന്ഥങ്ങള്‍.

നാല് വേദഗ്രന്ഥങ്ങളുടെ പേര് മാത്രമാണ് ക്വുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ദാവൂദ് നബി(അ)ക്ക് ലഭിച്ച സബൂര്‍, മൂസാനബി(അ)ക്ക് ലഭിച്ച തൗറാത്ത്, ഈസാ നബി(അ)ക്ക് ലഭിച്ച ഇഞ്ചീല്‍, മുഹമ്മദ് നബി ﷺ ക്ക് ലഭിച്ച ക്വുര്‍ആന്‍ എന്നിവയാണവ്. ഇവയെക്കൂടാതെ ചില പ്രവാചകന്മാര്‍ക്ക് പരിശുദ്ധമാക്കപ്പെട്ട ഏടുകള്‍ നല്‍കിയതായും ക്വുര്‍ആന്‍ പറയുന്നുണ്ട്.

അല്ലാഹു പറയുന്നു: ''അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?'' (ക്വുര്‍ആന്‍ 53:36).

''തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്.. അതായത് ഇബ്‌റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍'' (ക്വുര്‍ആന്‍ 87:19).

അന്തിമ പ്രവാചകനായ മുഹമ്മദ് നബി ﷺ ക്ക് അവതീര്‍ണമായ വിശുദ്ധ ക്വുര്‍ആന്‍ അന്ത്യനാള്‍വരെയുള്ള ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. നരകശിക്ഷയില്‍നിന്ന് രക്ഷപ്പെടാനും സ്വര്‍ഗ പ്രാപ്തിക്കും അല്ലാഹു നല്‍കിയ വിശുദ്ധ ഗ്രന്ഥം പിന്‍പറ്റുകയല്ലാതെ വേറെ മാര്‍ഗമില്ല. ഈ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മനുഷ്യരില്‍ ഏറ്റവും ഉത്തമര്‍ എന്ന് നബി ﷺ അരുളിയിട്ടുണ്ട്.

ഉഥ്മാന്‍ ഇബ്‌നു അഫ്ഫാന്‍(റ) നിവേദനം, നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്'' (ബുഖാരി). (അവസാനിച്ചില്ല)