തളരാതിരിക്കാന്‍!

അബൂ തന്‍വീല്‍

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

വിശുദ്ധ ക്വുര്‍ആനിലെ പല വചനങ്ങളും കേള്‍ക്കുമ്പോള്‍ ഇത് എന്നെക്കുറിച്ചാണ്, അതല്ലെങ്കില്‍ ഇതെന്റെ വിഷയമാണ്, എന്റെ പ്രശ്‌നത്തിനുള്ള പരിഹാരമാണ് എന്നൊക്കെ പലപ്പോഴും നമുക്ക് തോന്നാറുണ്ട്. മനുഷ്യമനസ്സിന്റെ സൃഷ്ടികര്‍ത്താവായ അല്ലാഹു മനുഷ്യ മനസ്സുകളോട് സംസാരിക്കുന്നതാണ് വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങള്‍. അതുകൊണ്ട്തന്നെ അത് ശിഫാഅ് (ശമനം) ആയിരിക്കണമല്ലോ.

അത് പതിത മനസ്സുകള്‍ക്ക് ആത്മധൈര്യം ലഭിക്കും. കാര്‍മേഘങ്ങള്‍ ഒഴിയും, മുന്നോട്ട് ഗമിക്കാനുള്ള കരുത്ത് പകരും.

നിര്‍വചനങ്ങള്‍ക്ക് ഇടം കൊടുക്കാത്ത ഒരു വലിയ സമസ്യയാണ് മനസ്സ്. കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാകേണ്ടിവന്ന ഒരുപാടുപേരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. പലപ്പോഴും പ്രതീക്ഷയുടെ ഒരു ചെറിയ കണിക മാത്രമാണ് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രാപ്തമാക്കിയത് എന്നത് നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില അനുഭവങ്ങളില്‍ ആപതിക്കുമ്പോള്‍ തകര്‍ന്നുപോയ ജീവിതങ്ങളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ലോകമെമ്പാടും പടര്‍ന്നു കയറിയ കോവിഡ് മഹാമാരിയിലും മാനസികമായി നേരിട്ട വെല്ലുവിളികള്‍ തന്നെയായിരുന്നു പ്രധാന വില്ലന്‍ എന്നത് ഒരു വസ്തുത തന്നെയാണ്. ഇവിടെ വിശ്വാസികള്‍ക്ക് വലിയ ആശ്വാസത്തിന് വകയുണ്ട്. ജീവിതത്തിന്റെ അവസ്ഥകള്‍ എന്തുമാകട്ടെ 'തളരുരതേ' എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ നമ്മോട് പറയുന്നത്.

''നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര്‍'' (ക്വുര്‍ആന്‍ 3:139).

ഈ സൂക്തത്തിന്റെ പ്രസക്തി മനസ്സിലാകണമെങ്കില്‍ ഇത് ഏത് സന്ദര്‍ഭത്തിലാണ് അവതരിപ്പിക്കപ്പെട്ടത് എന്ന പരിശോധന ആവശ്യമാണ്.

ഒരു ദശാബ്ദത്തിലേറെ കാലം പ്രവാചകനുംﷺ അനുചരന്മാരും പ്രയാസങ്ങള്‍ക്കുമേല്‍ പ്രയാസം സഹിച്ച് മക്കയില്‍ ജീവിച്ചു. ഒടുക്കം എല്ലാം ത്യജിച്ച് തങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ട സത്യസന്ദേശമനുസരിച്ച് ജീവിക്കുന്നതിന് വേണ്ടി പലായനം ചെയ്യേണ്ടിവന്നു. പിന്നെയും പിന്നെയും ഉപദ്രവങ്ങള്‍... അങ്ങനെ ആദ്യമായി പ്രതിരോധത്തിന് അനുമതി ലഭിച്ചു. ബദ്‌റില്‍ ശത്രുക്കളുമായി ഏറ്റുമുട്ടി വിജയം കൈവരിച്ചു. 

അങ്ങനെ ജീവിതത്തില്‍ ഒരു നേരിയ പ്രതീക്ഷയും അല്‍പം ആശ്വാസവും കിട്ടിത്തുടങ്ങുമ്പോഴാണ് ഉഹ്ദില്‍ ഏറ്റുമുട്ടേണ്ടിവന്നത്. ബദ്‌റില്‍ തങ്ങള്‍ക്കേറ്റ അപമാനത്തിന് പ്രതികാരമായി സര്‍വസന്നാഹങ്ങളോടുകൂടി തയ്യാറായി വന്ന ശത്രുസൈന്യത്തിന്റെ ആക്രമണം തടയാന്‍ പ്രവാചകന ﷺ ആസൂത്രണം ചെയ്ത സംവിധാനത്തില്‍ ഏതാനും ചിലരുടെ ശ്രദ്ധക്കുറവ് കൊണ്ട് വലിയ നഷ്ടമുണ്ടാകാന്‍ ഇടവന്നു. പല പ്രമുഖരും വധിക്കപ്പെട്ടു. പ്രവാചകന്ﷺ പോലും പരിക്കേറ്റു.

ഒരു താക്കീതായിക്കൊണ്ടും അനുസരണക്കേടിന്റെ ആഴം മനസ്സിലാക്കിക്കൊടുക്കാനും ഈ യുദ്ധത്തില്‍ അല്ലാഹു വിശ്വാസികള്‍ക്ക് പരാജയം അനുഭവിപ്പിക്കുന്നു.

ഈ സന്ദര്‍ഭത്തിലാണ് 'നിങ്ങള്‍ ദുര്‍ബലരാവരുത്, ദുഃഖിക്കരുത്, വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍' എന്ന പ്രഖ്യാപനം വരുന്നത്.

ഒരു വിശ്വാസിക്ക് ഏതു തരത്തിലുള്ള പരീക്ഷണങ്ങള്‍ വന്നാലും അത് അവന്ന് നന്മയായി ഭവിക്കും എന്ന അചഞ്ചലമായ വിശ്വാസംകൊണ്ട് ഏത് പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാനും എന്തിനെയും പ്രതിരോധിക്കാനും സാധിക്കും. അതിനര്‍ഥം വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും ദുഃഖവും വരില്ല എന്നല്ല.

പ്രവാചകന ﷺ പറഞ്ഞു: 'സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്. അവന്റെ എല്ലാ കാര്യങ്ങളും നന്മയാണ്. ഇത് സത്യവിശ്വാസിക്കല്ലാതെ ഇല്ല. അവനൊരു നന്മ ബാധിച്ചാല്‍  അവന്‍ നന്ദികാണിക്കും, അത് അവന് നന്മയായിത്തീരും. ഇനി അതല്ല അവനൊരു പ്രയാസം ഉണ്ടായാല്‍ അവനതില്‍ ക്ഷമിക്കും, അതും അവന് നന്മയായി ഭവിക്കും'' (സ്വഹീഹു മുസ്‌ലിം 2999).

മനുഷ്യര്‍ ഭയം, പട്ടിണി, രോഗം, ആകുലത... തുടങ്ങി പലവിധ പരീക്ഷണങ്ങള്‍ക്ക് വിധേയരാണ് എക്കാലത്തും. ചിലപ്പോള്‍ ചില കാലങ്ങളില്‍ ചില ദേശങ്ങളില്‍ ഇവയില്‍ ചിലതിന് മുന്‍തൂക്കമുണ്ടായി എന്നു വരാം.

ഇന്ന് നാം വായിക്കുന്നതും കേള്‍ക്കുന്നതും നിര്‍ഭയത്വം നഷ്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു എന്ന അവസ്ഥയാണുള്ളത്. ശാസ്ത്ര, സാങ്കേതിക രംഗത്തെ അഭിവൃദ്ധിയുടെ അടയാളങ്ങളിലൊന്നായ ഇന്റര്‍നെറ്റ് സംവിധാനവും സാമൂഹ്യമാധ്യമങ്ങളും ഭീതി പരത്തുന്നതില്‍ ദുരുപയോഗപ്പെടുത്തപ്പെടുകയും ചെയ്യുന്നു. പലവിധ ഭയങ്ങളുടെയും ആശങ്കകളുടെയും ആവരണം ആധുനികമനുഷ്യനെ പൊതിഞ്ഞിരിക്കുന്നു!

എന്നാല്‍ ഒരു നാടും അതിലെ മുഴുവന്‍ സംവിധാനങ്ങളും ഒരു മനുഷ്യനെതിരെ തിരിയുകയും അദ്ദേഹത്തെ കരിച്ചുകളയാന്‍ വേണ്ടി മാത്രം ഭീമന്‍ തീകുണ്ഠാരം തയ്യാറാക്കുകയും ചെയ്ത സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇബ്‌റാഹീം(അ) എന്ന മഹാനായ പ്രവാചകനാണ് അക്ഷരാര്‍ഥത്തില്‍ അഗ്‌നിപരീക്ഷണത്തിന് വിധേയമായത്. അദ്ദേഹത്തെ തീജ്വാലകളിലേക്ക് എടുത്തെറിയുന്ന നേരത്ത് ഉറക്കെ പറഞ്ഞത് 'എനിക്ക് അല്ലാഹു മതി' എന്നായിരുന്നു. അല്ലാഹുവില്‍ സമ്പൂര്‍ണമായി ഭരമേല്‍പിച്ച ആ പ്രവാചകനെ അല്ലാഹു ഒരു പോറല്‍ പോലുമില്ലാതെ രക്ഷപ്പെടുത്തി.

തങ്ങളുടെ പ്രയാസങ്ങളില്‍ ഭരമേല്‍പിക്കുവാന്‍ ആ അല്ലാഹുവുണ്ട് എന്ന ചിന്ത വിശ്വാസികളുടെ മനസ്സിന് കരുത്തും നിര്‍ഭയത്വവും പകരുമെന്നതില്‍ സംശയമില്ല.

''ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.'' (ക്വുര്‍ആന്‍ 3:173)

ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുകയും എല്ലാം തീരുമാനിക്കുകയും എല്ലാറ്റിനും സാധിക്കുകയും ചെയ്യുന്ന പടച്ചവനിലുള്ള വിശ്വാസം മനുഷ്യനെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുതകുന്നവനാക്കുന്നു. കാരണം അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ഈമാന്‍ അഥവാ വിശ്വാസം വര്‍ധിക്കകയാണ് ചെയ്യുന്നത്. ഈ ഒരു ദൃഢവിശ്വാസത്തിലേക്ക് നാം എത്തേണ്ടതുണ്ട്. അതിന് സ്രഷ്ടാവിനെ ക്കുറിച്ച് മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കല്‍ അനിവാര്യമാണ്.

മണ്ണിനടിയില്‍ സുഷിരങ്ങളുണ്ടാക്കി അതില്‍ വസിക്കുന്ന കുഞ്ഞുജീവികള്‍ക്ക് പോലും ഒരു നേരത്തെ അന്നത്തിന്റെ കാര്യത്തില്‍ വേവലാതിയില്ല. എന്നാല്‍ ജീവിതത്തില്‍ എന്തിനുമേതിനും സര്‍വവിധ സന്നാഹങ്ങളുമൊരുക്കി ജീവിക്കുന്ന മനുഷ്യന്റെ കാര്യമൊന്ന് നോക്കു! അവന് ടെന്‍ഷനൊഴിഞ്ഞ നിമിഷങ്ങളില്ല. തനിക്ക് കിട്ടിയ അനുഗ്രഹങ്ങളെക്കുറിച്ച് ഒന്ന് ഓര്‍ക്കുവാനും സമാധാനിക്കുവാനും അവന് സമയമില്ല. ഇനിയും എനിക്കെന്ത് കിട്ടും എന്ന ത്വരയും ചിന്തയുമാണ് അവനെ അടക്കിഭരിക്കുന്നത്.

ആശിച്ചതെല്ലാം നേടിയ ആരും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകില്ല. എന്നാല്‍ കുറെ നേടിയെടുത്തവര്‍ക്ക് പറയാനുണ്ടാവുക 'ഇതൊക്കെ എന്തിനായിരുന്നു' എന്നായിരിക്കും! അല്ലെങ്കില്‍ അവര്‍ പറയുക; ഇനിയും ഒരുപാട് നേടണം, ഇതൊന്നും വലിയ നേട്ടമല്ല' എന്നായിരിക്കും.

ഉബയ്യ്ബ്‌നു കഅബ്(റ) നിവേദനം; പ്രവാചകന ﷺ പറഞ്ഞു: ''...സമ്പാദ്യത്തിന്റെ ഒരു താഴ്‌വര തന്നെ ആദമിന്റെ സന്തതിക്ക് ഉണ്ടായിരുന്നാലും അവന്‍ രണ്ടാമതും മൂന്നാമതും അത് ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വയറ് നിറക്കുകയില്ല'' (തിര്‍മുദി: 3898).