പരീക്ഷയെ ആര്‍ക്കാണു പേടി?

ഡോ. സഫീറുദ്ദീന്‍ നഗരൂര്‍

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

(റിസര്‍ച്ച് ഓഫീസര്‍, എസ്.സി.ഇ.ആര്‍.ടി കേരള, തിരുവനന്തപുരം)

പരീക്ഷകള്‍ പരീക്ഷണത്തിനുള്ളതല്ല. പരീക്ഷകളെക്കുറിച്ചുള്ള സമീപനത്തിലും കാഴ്ചപ്പാടിലും മാറ്റംവന്നെങ്കിലും പരീക്ഷയെന്ന പദം ഇന്നും പഴയരൂപത്തില്‍ നിലനില്‍ക്കുന്നു. അതാണ് വിദ്യാര്‍ഥികളില്‍ ചിലരെയെങ്കിലും ഇപ്പോഴും അസ്വസ്ഥരാക്കുന്നത്. വിലയിരുത്തല്‍/മൂല്യനിര്‍ണയം എന്ന പദമാണ് ഇതിന് ഏറെ യോജിക്കുന്നത്. യഥാര്‍ഥത്തില്‍ നടക്കുന്നതുമതാണ്. ഒരു വിദ്യാര്‍ഥി എന്തൊക്കെ പഠിച്ചിട്ടില്ല എന്നറിയാനല്ല പരീക്ഷ, മറിച്ച് എന്തെല്ലാം എത്ര അളവുവരെ പഠിച്ചു എന്നറിയാനാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും പദ്ധതികളും നിശ്ചയിക്കാനാണ് മൂല്യനിര്‍ണയം നടത്തുന്നത്.

പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായി നടക്കേണ്ടതാണ് പരീക്ഷ. അത് ഒരു മഹാസംഭവമായി കാണേണ്ടതല്ല. രസകരമായ പഠനത്തിന്‍റെ തുടര്‍ച്ചയാണ് രസകരമായ പരീക്ഷ. പഠനം ആസ്വാദ്യകരമാക്കലാണ് പരീക്ഷ ആസ്വാദ്യകരമാക്കാന്‍ എളുപ്പവഴി. ആസ്വാദ്യകരമായ രൂപത്തില്‍ പരീക്ഷയെ നേരിടാന്‍ പലപ്പോഴും തടസ്സംനില്‍ക്കുന്നത് രക്ഷിതാക്കളാണ്. കാരണം തന്‍റെ മക്കളുടെ ഭാവി മുന്‍കൂട്ടി തീരുമാനിച്ച് സ്വപ്നം കണ്ടിരിക്കുന്ന രക്ഷിതാവിന് കുട്ടിയില്‍ സംഭവിക്കുന്ന ഓരോ മാര്‍ക്കിന്‍റെ നഷ്ടവും അവന്‍റെ ഭാവിയില്‍ കരിനിഴല്‍വീഴ്ത്തലാണ്. അതുകൊണ്ടാണ് കുട്ടികളെക്കാള്‍ കൂടുതല്‍ പരീക്ഷയെക്കുറിച്ച് ആശങ്ക രക്ഷിതാക്കള്‍ക്കുണ്ടാകുന്നത്.

നമ്മെക്കുറിച്ച് നമ്മുടെ രക്ഷിതാക്കള്‍ മറ്റെന്തൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ? പക്ഷേ, നാം എത്തിയതോ? അതുകൊണ്ട് ഓരോരുത്തരും എന്താണോ ആകേണ്ടത് അതാകാന്‍ സഹായിക്കലാണ് നാം ചെയ്യേണ്ടത്. ഏറ്റവും നല്ല മനുഷ്യനാകുന്നതിലും വലിയനേട്ടം വിദ്യാഭ്യാസംകൊണ്ട് നേടാനില്ല. അത് രക്ഷിതാക്കള്‍ തിരിച്ചറിയുമ്പോള്‍ പരീക്ഷയുടെ കാര്യത്തില്‍ കുട്ടിയെ വലിയ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ല. കുട്ടിയുടെ മാനസികസമ്മര്‍ദം കുറക്കാന്‍ രക്ഷകര്‍ത്താവ് സഹായിക്കണം. കുട്ടി പഠിക്കാന്‍ മാത്രമുള്ള ഉപകരണമല്ല. അത് തിരിച്ചറിയാത്തതുകൊണ്ടാണ് പഠിക്ക്... പഠിക്ക്...പഠിക്ക് എന്ന് നാം ശഠിച്ചുകൊണ്ടിരിക്കുന്നത്. അത്തരം സമീപനം നെഗറ്റിവ് റിസള്‍ട്ടായിരിക്കും സൃഷ്ടിക്കുക .

ശാരീരിക, മാനസിക,  ബൗദ്ധിക ആരോഗ്യത്തിന് അനിവാര്യമായി വേണ്ടത് ഉറക്കവും വിശ്രമവുമാണ്. ഉറക്കം വരുമ്പോള്‍ മുഖത്ത് വെള്ളംതളിച്ച് ഉറക്കം കെടുത്തി കുട്ടിയുടെ നിരീക്ഷകനായി കൂടെയിരിക്കുന്ന രീതി രക്ഷിതാവ് സ്വീകരിക്കരുത്. പഞ്ചേന്ദ്രിയങ്ങളുടെ വിശ്രമ സമയമാണ് ഉറക്കം. ഉറക്കം അവകളെ ഉത്തേജിപ്പിക്കും. പഠനവും ഓര്‍മയും വേഗത്തിലാക്കാനും ശക്തിപ്പെടുത്താനും ഉറക്കം അനിവാര്യമാണ്. ഏഴു മണിക്കൂറെങ്കിലും കുട്ടിയെ ഉറങ്ങുവാന്‍ അനുവദിക്കണം.

പരീക്ഷ നന്നായി എഴുതാനും നല്ല മാര്‍ക്ക് വാങ്ങാനും സാധിക്കും എന്ന ആത്മവിശ്വാസം കുട്ടിയില്‍ ഉണ്ടാക്കാന്‍ രക്ഷിതാക്കള്‍ പരിശ്രമിക്കണം. തുടര്‍ച്ചയായ പഠനം മുഷിപ്പാകാതിരിക്കാന്‍ ഇടയ്ക്ക് കളികളും വിനോദങ്ങളും ഉണ്ടാകണം. പ്രാര്‍ഥന, ധ്യാനം, മനസ്സ് ഏകാഗ്രമാക്കല്‍ എന്നിവ പഠനത്തെ ശക്തിപ്പെടുത്തും.

കോവിഡ് 19ന്‍റെ സാഹചര്യത്തിലെ പഠനം തികച്ചും വ്യത്യസ്തതമായിരുന്നു. ക്ലാസ്മുറി കാണാത്ത കുട്ടികളുമുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന്‍റെ എല്ലാ പരിമിതികളും അനുഭവിച്ചവരാണ് നമ്മുടെ കുട്ടികള്‍. അധ്യാപകനില്‍നിന്ന് നേരിട്ടു ലഭിക്കുന്ന അറിവിന്‍റെ ശക്തിയും പ്രസരിപ്പും നമ്മുടെ കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ടാകില്ല. അപ്പോള്‍ പഠനത്തിനനുസൃതമായ മാറ്റം പഠനത്തെ വിലയിരുത്തുന്ന രീതിയിലും നിര്‍ബന്ധമായും വേണം.

പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളും കുട്ടി പഠിക്കേണ്ടതാണ്. കാരണം അത് അവന്‍റെ പ്രായത്തിനും തുടര്‍ക്ലാസുകളിലെ പഠനത്തിനും അനുയോജ്യമായ രീതിയില്‍ ക്രമീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ സ്കൂളോ ക്ലാസ്മുറിയോ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത, ഓണ്‍ലൈന്‍ ക്ലാസുകള്‍ ശരിയായ രൂപത്തില്‍ ലഭിക്കാത്ത ഒരു കുട്ടിക്ക് ഒരുപക്ഷേ, അത്തരത്തിലൊരു പഠനം സാധിച്ചുകൊള്ളണമെന്നില്ല. അതു പരിഗണിച്ചുകൊണ്ടാണ് ആകെ പാഠഭാഗങ്ങളുടെ നിശ്ചിത ശതമാനം ഫോക്കസ് ഏരിയയായി നിശ്ചയിച്ചുകൊണ്ട് അവ നന്നായി പഠിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. അത്രയും ഭാഗങ്ങള്‍ നന്നായി പഠിച്ചാല്‍ തന്നെ എ പ്ലസ് വാങ്ങാന്‍ സാധിക്കും. എത്ര മാര്‍ക്കിന്‍റെ ചോദ്യങ്ങളായിരുന്നോ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നത് അത്രയുംകൂടി ചോദ്യങ്ങള്‍ ഇക്കൊല്ലം ഉണ്ടാകും. അതായത് 40 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നിടത്ത് 80 മാര്‍ക്കിന്‍റെ ചോദ്യമുണ്ടാകും. അതിനാല്‍ പുതിയ ചോദ്യപേപ്പറിനെ സമീപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം.

മുഴുവന്‍ മാര്‍ക്കിന്‍റെയും ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ശ്രമിക്കുന്നത് ഗുണകരമല്ല എന്ന് മാത്രവുമല്ല ദോഷകരമാകാന്‍ സാധ്യതയുമുണ്ട്. കാരണം ഓരോ വിഷയത്തിന് പരമാവധി ലഭിക്കുന്ന മാര്‍ക്ക്, പരീക്ഷ എഴുതാനുള്ള സമയം എന്നിവ വര്‍ധിപ്പിച്ചിട്ടില്ല. ചുരുക്കത്തില്‍ ഒന്നരമണിക്കൂര്‍ കൊണ്ട് 80 മാര്‍ക്കിന്‍റെ ചോദ്യത്തില്‍ നിന്നും 40 മാര്‍ക്കിന്‍റെ ചോദ്യത്തിന്നാണ് ഉത്തരമെഴുതേണ്ടത്.

സമാശ്വാസ സമയം (Cool Off time) 15 മിനുട്ട് ഉണ്ടായിരുന്നത് 20 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന പ്രസ്തുത സമയം ഇപ്രാവശ്യം ഉത്തരം എഴുതുന്നതിനുകൂടി ഉപയോഗിക്കാം. പരീക്ഷക്കു കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ ചോദ്യപേപ്പര്‍ ലഭിച്ചാലുടന്‍ തന്നെ ചോദ്യങ്ങള്‍ ഓരോന്ന് വായിക്കുകയും നന്നായി ഉത്തരമെഴുതാന്‍ സാധിക്കുന്നവ അപ്പോള്‍ തന്നെ അടയാളപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അടയാളപ്പെടുത്തിയവയുടെ മാര്‍ക്ക് കൂട്ടി നോക്കി 40 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ ആയോ എന്ന് ഉറപ്പ് വരുത്തുക. ഇല്ലെങ്കില്‍ വീണ്ടും ചേര്‍ക്കുക. അങ്ങനെ തെരഞ്ഞടുത്ത 40 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതിയാല്‍ എ പ്ലസ് മാര്‍ക്ക് വാങ്ങാന്‍ സാധിക്കും.

60 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതുന്നതെങ്കിലും ഏതെങ്കിലും 40 മാര്‍ക്കിന്‍റെ ചോദ്യത്തിനു ലഭിച്ച മാര്‍ക്ക് മാത്രമെ പരിഗണിക്കുകയുള്ളൂ. വസ്തുനിഷ്ഠ ചോദ്യങ്ങള്‍ക്ക് (Objective Type) മുഴുവന്‍ ഉത്തരം ശരിയായി എഴുതാന്‍ സാധിച്ചാല്‍ മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍  ആവശ്യമായ സമയം ലഭിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ഥിപക്ഷത്ത് നിന്നുകൊണ്ടുള്ള ചോദ്യങ്ങളായിരിക്കും വരിക. ആദ്യത്തെ 40% പാഠഭാഗങ്ങള്‍ നന്നായി പഠിക്കുക. മറ്റു ഭാഗങ്ങളിലെ ചോദ്യങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന (Option) രീതിയില്‍ പരിഗണിച്ചാല്‍ മതി. വിജയം നിങ്ങളോടൊപ്പമാണ്.

പ്രാര്‍ഥന + പരിശ്രമം + പ്രകടനം = പ്രതീക്ഷിത വിജയം.