മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന് തുടക്കം കുറിച്ചതാര്?

അബ്ദുര്‍റഹ്മാന്‍ അബ്ദുല്ലത്വീഫ് പി.എന്‍

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

ലോകത്ത് എവിടെ ഭീകരാക്രമണങ്ങളും വിമാനറാഞ്ചലുകളും കൂട്ടക്കുരുതികളും നടന്നാലും അതിന് പിന്നില്‍ മുസ്‌ലിംകളാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ പിന്‍ബലമില്ലെങ്കിലും അങ്ങനെ വിലയിരുത്തപ്പെടുന്നതിന് പിന്നിലുള്ള മാധ്യമ ഗൂഢാലോചനയും നിക്ഷിപ്ത താല്‍പര്യങ്ങളുമെല്ലാം സാമാന്യം വിവേകമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലാത്ത ഐസിസ്, ഹിസ്ബുല്ല, അല്‍ക്വാഇദ, താലിബാന്‍ തുടങ്ങിയ ഭീകരസംഘങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളും ഇത്തരം പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. ഇവിടെ ചില വസ്തുതകള്‍ നാം പരിശോധിക്കേതുണ്ട്.

ഐസിസ് പോലുള്ള സംഘടനകള്‍ പുലര്‍ത്തിപ്പോരുന്ന രീതിശാസ്ത്രവും ആക്രമണ സ്വഭാവങ്ങളും എന്ന് മുതലാണ് ആരംഭിച്ചത്? ചാവേര്‍ ആക്രമണങ്ങളും ഗറില്ലാ യുദ്ധമുറകളും ആരാണ് ഇസ്‌ലാമിന്റെ പറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത്?

Terrorism's Christian Godfather എന്ന തലക്കെട്ടില്‍ 2008 ജനുവരി 28 തിങ്കളാഴ്ച അമേരിക്കയിലെ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന്റെ തലതൊട്ടപ്പനായി പരിചയപ്പെടുത്തുന്നത് ജോര്‍ജ് ഹബഷ് എന്ന വ്യക്തിയെ ആണ്. വിശ്വാസപരമായി അദ്ദേഹം ഒരു ഗ്രീക്ക് ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യനായിരുന്നു. (ക്രൈസ്തവരെ അയാളുടെ ചെയ്തികളുടെ പേരില്‍ കുറ്റപ്പെടുത്തുകയല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ അയാളുടെ മതവിശ്വാസപ്രകാരം അയാള്‍ ചെയ്തതായിരിക്കാന്‍ ഇടയില്ല. ഇസ്രയേല്‍ ഭീകരതക്കെതിരെ എന്ന പേരില്‍ ഉയര്‍ന്നുവന്ന ഒരു വിപ്ലവകാരി എന്ന നിലയ്‌ക്കേ അയാളെ നാം കാണുന്നുള്ളൂ. പക്ഷേ, ഇസ്‌ലാമിക ചരിത്രത്തില്‍നിന്നോ, മുസ്‌ലിംകളില്‍നിന്നോ അല്ല ലോകത്ത് ചാവേര്‍ ആക്രമണങ്ങളും ഗറില്ലായുദ്ധമുറകളും ഉണ്ടായത് എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത് ഇവിടെ ഉദ്ധരിച്ചത്).

പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ (PFLP) എന്ന ജോര്‍ജ് ഹബഷിന്റെ പാര്‍ട്ടിയാണ് സത്യത്തില്‍ മിഡില്‍ ഈസ്റ്റ് ടെററിസത്തിന്റെ ഭാഗമായി വിമാനറാഞ്ചലും ചാവേറാക്രമണവുമെല്ലാം തുടങ്ങിവച്ചത്. 1968ല്‍ PFLPയുടെ മൂന്ന് സായുധരായ പ്രവര്‍ത്തകര്‍ റോമില്‍നിന്ന് ഇസ്രയേലിലേക്കുള്ള ഇസ്രയേല്‍ വിമാനം റാഞ്ചിയതാണ് തുടക്കം. തുടര്‍ന്ന് ഒട്ടനേകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജഎഘജ നേതൃത്വം നല്‍കി. 1970ല്‍ ഒരേസമയം നാല് വിമാനങ്ങള്‍ ജഎഘജ റാഞ്ചുകയുണ്ടായി. മൂന്നെണ്ണം ജോര്‍ദാനിലേക്ക് പറത്തുകയും അവ ബോംബുവെച്ച് തകര്‍ക്കുകയും ചെയ്തു. അതുവഴി ജോര്‍ദാനിലെ ഹാഷിമിയ ഭരണകൂടവുമായും PFLP ഒളിപ്പോര്‍ ആരംഭിച്ചു. ഇടത് നിരീശ്വരവാദ തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് തീവ്രവാദ സേനയായ 'ജാപനീസ് റെഡ് ആര്‍മി' ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആശയപരമായും സായുധപരമായും അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. 1972ല്‍ ഇസ്രയേലിലെ (ഇപ്പോള്‍ ബെന്‍ഗുരിയന്‍ എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ലുദ്ദ് എയര്‍പോര്‍ട്ടില്‍ വെച്ച് PFLPയും ജാപ്പനീസ് റെഡ് ആര്‍മിയും ചേര്‍ന്ന് 24 പേരെ ദാരുണമായി വധിച്ചു. ഇതെല്ലാം പരിശോധി ച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഗറില്ല യുദ്ധവും ചാവേര്‍ ആക്രമണവും സാധാരണക്കാര്‍ക്ക് നേരെയുള്ള ഒളിയാക്രമണവുമെല്ലാം ആരംഭിച്ചത് മുസ്‌ലിംകളല്ലന്നും അവയ്ക്ക് ഇസ്‌ലാമിന്റെ സംസ്‌കാരവുമായി ഒരു ബന്ധവുമില്ലെന്നും മനസ്സിലാക്കാം.

മിഡില്‍ ഈസ്റ്റ് തീവ്രവാദം രണ്ട് ധ്രുവങ്ങളിലാണ് കുടികൊള്ളുന്നത്. ഒന്ന് ഒരു ജനതയെ അന്യാധീനപ്പെടുത്തിയ, തീര്‍ത്തും അന്യായമായ ഇസ്രയേല്‍ കുടിയേറ്റം, രണ്ട് അതിനെ ചെറുത്ത് നില്‍ക്കാനെന്നോണം രൂപീകരിക്കപ്പെട്ട ചില സംഘടനകള്‍. ഈ രണ്ട് വിഭാഗങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത്. മിഡില്‍ ഈസ്റ്റിലെ എണ്ണസമ്പുഷ്ടവും സാമ്പത്തികമായി ഏറെ ഉയര്‍ന്നുനില്‍ക്കുന്നതുമായ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുക, അവയുടെ സമാധാനം നശിപ്പിക്കുക, സുരക്ഷക്ക് ഇളക്കം തട്ടിക്കുക തുടങ്ങിയ ഒരുപാട് തന്ത്രങ്ങള്‍ ഈ രണ്ട് ചേരികളെ സൃഷ്ടിച്ചതിന് പിന്നിലുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാരണക്കാരായ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത് എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. അത് കൃത്യമായി അറിയാന്‍ ഫ്രീമേസണ്‍ ചിന്താധാരയുടെ കുപ്രസിദ്ധ വക്താവായിരുന്ന ആല്‍ബര്‍ട്ട് പൈക്ക് 1871 ആഗസ്റ്റ് 15ന് ഇറ്റാലിയന്‍ പൊളിറ്റീഷ്യനായ സേപ്പ് മാസ്സീനിക്ക് എഴുതിയ മൂന്നാം ലോകമഹായുദ്ധങ്ങളെ പ്ലാന്‍ ചെയ്യുന്ന കത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ മതി. ഈ കത്ത് ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മൂന്നാം ലോകമഹായുദ്ധം മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് രൂപപ്പെടുത്തുക എന്ന അവരുടെ കുതന്ത്രത്തിന്റെ ഫലമായാണ് ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ രൂപീകരണം തന്നെ! 'ന്യൂ വേള്‍ഡ് ഓര്‍ഡര്‍ ഫാക്റ്റ്‌സ് ആന്‍ഡ് ഫിക്ഷന്‍' എന്ന മാര്‍ക്ക് ഡയസിന്റെ പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഐസിസ്, അല്‍ക്വാഇദ, ഹിസ്ബുല്ല, താലിബാന്‍ തുടങ്ങിയവയെ രൂപപ്പെടുത്തുന്നതില്‍ ആരൊക്കെ പങ്ക് വഹിച്ചു എന്നത് ആര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അവരുപയോഗിക്കുന്ന ആയുധങ്ങള്‍, അവര്‍ക്ക് ലഭിക്കുന്ന സ്ട്രാറ്റജിക്കല്‍ സപ്പോര്‍ട്ട്, മുസ്‌ലിം രാഷ്ട്രങ്ങളെ കുട്ടിച്ചോറാക്കുന്നതില്‍ അവ വഹിക്കുന്ന പങ്ക്, എണ്ണസമൃദ്ധമായ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പാശ്ചാത്യര്‍ക്കുള്ള കണ്ണ് എന്നിവയെല്ലാം അത് വിളിച്ചുപറയുന്നു.

ഏതായിരുന്നാലും നിരപരാധികളെ കൊന്നൊടുക്കുന്ന, റയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റേഷനുകളിലും പൊതുനിരത്തുകളിലും സാധാരണ ജനങ്ങളെ അറുകൊല ചെയ്യുന്ന, സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ പരിഗണിക്കാതെ അക്രമം അഴിച്ചുവിടുന്ന, മുസ്‌ലിംകളുമായി സമാധാനത്തോടെ പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇതരമത വിശ്വാസികളെ നിഷ്‌കരുണം വധിക്കുന്ന, എന്തിനധികം അല്ലാഹുവിന് ആരാധനയര്‍പ്പിക്കപ്പെടുന്ന പള്ളികളില്‍ പോലും സ്‌ഫോടനങ്ങള്‍ നടത്തുന്നവ വ്യക്തികളുമായോ ഇത്തരം തീവ്രവാദ സംഘങ്ങളുമായോ പരിശുദ്ധ ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ല. അവയുടെ ചരിത്രം മുഹമ്മദ് നബി ﷺ യിലേക്കോ ഇസ്‌ലാമിലേക്കോ എത്തുകയുമില്ല. മറിച്ച് അത് ചെന്നെത്തുന്നത് ജോര്‍ജ് ഹബഷിലേക്കും ജാപ്പനീസ് റെഡ് ആര്‍മിയിലേക്കുമൊക്കെയായിരിക്കും. നല്ല സമീപനവും ഗുണകാംക്ഷയുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നുമാണ്.