ക്വുര്‍ആന്‍ പാരായണത്തിന് മുമ്പ് ഇസ്തിആദ ചൊല്ലുന്നതെന്തിന്?

അന്‍വര്‍ അബൂബക്കര്‍

2021 ജൂൺ 05 1442 ശവ്വാല്‍ 24

ക്വുര്‍ആനിലെ ഏതൊരു ആയത്തും പാരായണം ചെയ്യുന്നതിന് മുമ്പ് ശപിക്കപ്പെട്ട പിശാചില്‍നിന്നും നമ്മള്‍ അല്ലാഹുവോട് ശരണം തേടാറുണ്ട്. 'അഊദു ബില്ലാഹി മിനശ്ശൈത്വാനി റജീം' എന്ന വാക്കുകളാണ് നമ്മളതിന് ഉപയോഗിക്കാറുള്ളത്. ആട്ടപ്പെട്ട അഥവാ ശപിക്കപ്പെട്ട (ശൈത്വാനില്‍നിന്ന്) പിശാചില്‍നിന്ന് അല്ലാഹുവോടുള്ള ഈ ശരണം തേടലിന് 'ഇസ്തിആദ' എന്ന് സാങ്കേതികമായി പറയുന്നു.

ശൈത്വാന്‍ എന്ന പേര് തന്നെ അകലുക, ദൂരെയാകുക എന്നൊക്കെയാണ് അര്‍ഥം. 'ശത്വന' എന്ന അറബി പദത്തില്‍നിന്നാണത് ഉത്ഭവിച്ചതെന്ന് ഭാഷാപണ്ഡിതന്‍മാര്‍ പഠിപ്പിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ ആജീവാനന്ത ശത്രുവാണ് പിശാച്. ഒരു വ്യക്തിയുടെ നന്മയില്‍ ഏറ്റവും കൂടുതല്‍ അസൂയയുള്ളവനും സകല നന്മകളിലും വഴിമുടക്കിയുമായി പണി എടുക്കുന്ന ദുഷ്ടനാണവന്‍. അതുകൊണ്ടാണ് ഈ പിശാചില്‍ നിന്നും ഉണ്ടാകുന്ന എല്ലാവിധ ഉപദ്രവങ്ങളില്‍നിന്നും ഒരു വിശ്വാസി അല്ലാഹുവോട് രക്ഷ തേടുന്നത്.

മുഹമ്മദ് നബി ﷺ യുടെ സാന്നിധ്യത്തില്‍ വെച്ച് രണ്ടാളുകള്‍ പരസ്പരം വഴക്കടിക്കുകയുണ്ടായി. കോപം നിമിത്തം ഒരാളുടെ മുഖം ചുമന്നു. അന്നേരം നബി ﷺ അദ്ദേഹത്തോട് എനിക്കൊരു വാക്കറിയാമെന്നും അതവന്‍ പറഞ്ഞിരുന്നുവെങ്കില്‍ അവനില്‍ കാണുന്ന ആ കോപം അവനെ വിട്ടുപോകുമായിരുന്നുവെന്നും പറഞ്ഞു. പ്രസ്തുത വാക്കാണ് 'അഊദു ബില്ലാഹി മിനശ്ശൈത്വാനി റജീം.' (ബുഖാരി, മുസ്‌ലിം)

മനുഷ്യരെ വഴിതെറ്റിക്കാനായി സര്‍വപ്രയത്‌നങ്ങളും താന്‍ ഉപയോഗപ്പെടുത്തുമെന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്തവനാണ് പിശാച്. ഈ പിശാചിനെ നമ്മുടെ നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ സാധിക്കുന്ന രൂപത്തിലല്ല അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഈ ദുര്‍വൃത്തനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ അവനെ സൃഷ്ടിച്ച ഏകനും സവ്വശക്തനും സര്‍വ്വാധിപനുമായ അല്ലാഹു നമുക്ക് അറിയിച്ചു തന്ന വിവരങ്ങള്‍ ആശ്രയിക്കുകയല്ലാതെ മറ്റുനിര്‍വാഹവുമില്ല. പിശാച് പറഞ്ഞതായി അല്ലാഹു അറിയിച്ചു തരുന്നു: ''നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.'' (അഅ്‌റാഫ് 16,17).

മനുഷ്യസൃഷ്ടിപ്പിന്റെ തുടക്കം മുതലാരംഭിച്ചതാണ് മനുഷ്യനോടുള്ള പിശാചിന്റെ ഒടുങ്ങാത്ത ശത്രുത. ഈ വിരോധം അന്ത്യനാള്‍വരെ തുടരുമെന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ക്വുര്‍ആനിലെ നിരവധി ആയത്തുകളിലൂടെ പിശാചിന്റെ ചതികളേയും കുതന്ത്രങ്ങളേയും സംബന്ധിച്ച് അല്ലാഹു നമുക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടി മാത്രമാണ്.'' (ഫാത്വിര്‍: 6)

മനുഷ്യനില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന ഈ പിശാച് ആരാണെന്നും എന്താണവന്റെ പ്രവര്‍ത്തനശൈലിയെന്നും അവനൊരുക്കുന്ന തന്ത്രങ്ങളെന്തൊക്കെയാണെന്നും, മനുഷ്യനില്‍ അവനുണ്ടാക്കുന്ന സന്ദേഹങ്ങളുടെ ആഴമെത്രയെന്നും, മനുഷ്യനെ അവന്‍ വരുതിയിലാക്കുന്നത് ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണെന്നുമൊക്കെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. ഇപ്രകാരം പിശാചിന്റെ എല്ലാവിധ ദുഷ്‌പ്രേരണകളെകുറിച്ചും കൃത്യമായി അറിയുന്ന അല്ലാഹുവാണ് വിശ്വാസികളോട് പറയുന്നത്: ''നീ ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.'' (നഹ്ല്‍ 98).

അല്ലാഹുവിന്റെ ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയാണ് ക്വുര്‍ആന്‍ പാരായണത്തിന് മുമ്പ് ഇസ്തിആദ ചൊല്ലുന്നത് സുന്നത്താണെന്ന് ഭൂരിഭാഗം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ പാരായണത്തിന് മുമ്പ് നമ്മള്‍ ചൊല്ലുന്ന ഈ ഇസ്തിആദ ക്വുര്‍ആനിക സൂക്തമല്ലെന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏകോപനമുണ്ട്. ക്വുര്‍ആനിലും ഹദീഥുകളിലൂടെയും തദ്‌വിഷയവുമായി വന്ന കാര്യങ്ങള്‍ മുഖവിലക്കെടുത്താണ് ചില പണ്ഡിതന്‍മാര്‍ ക്വുര്‍ആന്‍ പാരായണത്തിന് മുമ്പ് ഇസ്തിആദ ചൊല്ലല്‍ നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍, മുമ്പ് സൂചിപ്പിച്ചതുപ്രകാരം ഭൂരിഭാഗം പണ്ഡിതന്‍മാരും ഇത് ചൊല്ലല്‍ നിര്‍ബന്ധമല്ല, മറിച്ച് ഒരു പ്രധാനപ്പെട്ട സുന്നത്താണെന്നാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാള്‍ ക്വര്‍ആന്‍ പാരായണത്തിന് മുമ്പ് ഇസ്തിആദ ഓതിയിട്ടില്ലെങ്കില്‍ അയാള്‍ കുറ്റക്കാരനാണെന്ന് പറയാന്‍ പാടുള്ളതല്ല. ഇമാം ഇബ്‌നു കഥീര്‍(റഹി) അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പക്ഷെ, ഒരിക്കലും തന്നെ ഒരു പ്രബലമായ സുന്നത്ത് നമ്മള്‍ നിസ്സാരമാക്കുകയോ അലംഭാവത്തോടുകൂടി ഒഴിവാക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. അതുകൊണ്ട് എല്ലാവരും പരിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ഇസ്തിആദ ചൊല്ലുക. അല്ലാഹു അനുഗ്രഹിക്കട്ടെ.