അനാദിയായ ദൈവവും നാസ്തികരുടെ യുക്തിരാഹിത്യവും

അര്‍ഷദ് കുറിശ്ശാംകുളം

2021 മെയ് 15 1442 ശവ്വാല്‍ 03

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണ് എന്ന് പറയുമ്പോള്‍ നാസ്തികരുടെ സ്ഥിരം ചോദ്യമാണ് 'അങ്ങനെയെങ്കില്‍ ദൈവത്തെ ആരാണ് സൃഷ്ടിച്ചത്' എന്നത്. ഈ ചോദ്യം ഉന്നയിച്ചാല്‍ വിശ്വാസികളുടെ ദൈവവാദം പൊളിയും എന്ന് അവര്‍ അഭിമാനം കൊള്ളും. യഥാര്‍ഥത്തില്‍ ആരുടെ വാദമാണ് പൊളിയുന്നതെന്ന് നമുക്ക് പരിശോധിക്കാം.

എഴുത്തുകാരനും ശാസ്ത്രപ്രഭാഷകനുമായ വൈശാഖന്‍ തമ്പിയുടെ സ്വാതന്ത്ര്യശബ്ദം എന്ന പ്രഭാഷണത്തില്‍ ദൈവമില്ല എന്നു വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''അയാളുടെ ബ്രെയിന്‍ വളരെ കോംപ്ലസ് ആണ്. അയാളുടെ ശരീരം വളരെ കോംപ്ലസ് ആണ്. അപ്പോള്‍ അതിനെക്കാളും കോംപ്ലസ് ആയിട്ടുള്ള ഒരാള്‍ അയാളെ ഡിസൈന്‍ ചെയ്തിട്ടുണ്ടാവണം. അതിനെക്കാളും കോംപ്ലസ് ആയിട്ടുള്ള ആ ആളിനെ ദൈവമെന്നു വിളിക്കാം. അയാള്‍ക്കും വേണം ഒരു ഡിസൈനര്‍; അതാര്? ഇനി അത്രയും കോംപ്ലസ് ആയിട്ടുള്ള ആ ദൈവത്തിന് ഡിസൈനര്‍ ഇല്ലാതെ ഉണ്ടാകാമെന്നു സമ്മതിച്ചാല്‍ അതിനെക്കാളും കോംപ്ലസ് കുറഞ്ഞ മനുഷ്യന്‍ ഡിസൈനര്‍ ഉണ്ടാവാതെ ഉണ്ടായിക്കൂടേ?'

ഈ ഉള്ളു പൊള്ളയായ വാദത്തെ നമുക്ക് പരിശോധിക്കാം. അദ്ദേഹം പറഞ്ഞതിന്റെ വിവക്ഷ ഇതാണ്: മനുഷ്യന്‍ തനിയെ ഉണ്ടായതാണ്. കാരണം സങ്കീര്‍ണതകൂടിയ ദൈവം തനിയെ ഉണ്ടാവുമെങ്കില്‍ അതിനെക്കാളും സങ്കീര്‍ണത കുറഞ്ഞ മനുഷ്യന്‍ തനിയെ ഉണ്ടാകുന്നത് അസംഭവ്യമല്ല.'

ഉണ്ടായി എന്നത് ഒരു ഭൂതകാല പ്രക്രിയയാണ്. ഈ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ സമയ സങ്കല്‍പങ്ങകളെല്ലാം മനുഷ്യന് വേണ്ടിയുള്ളതാണ്. അവനത് ബാധകമാണ്. അതില്‍നിന്നും പുറത്തുകടന്നു ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ അവനു സാധ്യമല്ല. മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഭാഗമെന്നതുപോലെ ഈ സമയ സങ്കല്‍പങ്ങളും പ്രപഞ്ചത്തിന്റെ ഭാഗമാണ്. എന്നാല്‍ ദൈവം പ്രപഞ്ചാതീതനാണ്. ആ പ്രപഞ്ചാതീതമായ അസ്തിത്വത്തിന് സമയം എന്നത് ബാധകമല്ല. അവന് അത് അനുസരിക്കേണ്ടിയും വരുന്നില്ല. കാരണം സമയം ദൈവത്തിന്റെ സൃഷ്ടിയുടെ ഭാഗമാണ്.

1920 കളില്‍ എഡ്വിന്‍ ഹബ്ള്‍ പ്രപഞ്ചം വികസിക്കുന്നു എന്നു കണ്ടെത്തി. ഈ കണ്ടെത്തല്‍ പ്രപഞ്ചോല്‍പത്തി സിദ്ധാന്തത്തിന് വഴിവെച്ചു. അതായത് പ്രപഞ്ചോല്‍പത്തി എന്നത്; വികസിക്കുന്ന പ്രപഞ്ചത്തില്‍ കാലത്തിലൂടെ പിന്നോട്ടു സഞ്ചരിച്ചാല്‍, അനന്തമായ വളവുള്ള സ്ഥലവും കാലവും സിങ്കുലാരിറ്റി എന്നു പറയപ്പെടുന്ന അവസ്ഥയിലായിരുന്നു എന്നു മനസ്സിലാക്കാം. ശാസ്ത്രലോകം വിശ്വസിച്ചുവന്നത് 'സ്റ്റഡി സ്‌റ്റേറ്റ് തിയറി'യിലായിരുന്നു. അതായത് പ്രപഞ്ചം എന്നും ഇങ്ങനെ തന്നെയായിരുന്നു, അതിനു തുടക്കമോ ഒടുക്കമോ ഇല്ല എന്ന്. പ്രപഞ്ചത്തിനു തുടക്കമുണ്ടെകില്‍ അതിനെ ദൈവം സൃഷ്ടിച്ചു എന്നു വരും. ഇത് കാരണം ശാസ്ത്രലോകം മഹാവിസ്‌ഫോടന സിദ്ധാന്തത്തെ കുറെകാലം അംഗീകരിച്ചില്ല.

സിങ്കുലാരിറ്റി എന്ന അവസ്ഥയില്‍നിന്നും ബിഗ് ബാംഗ്(മഹാ വിസ്‌ഫോടനം) സംഭവിച്ചു. കോടാനുകോടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലെത്തി. അപ്പോള്‍ ബിഗ് ബാംഗിന് ശേഷമാണ് സ്ഥലവും കാലവുമൊക്കെ ഉണ്ടായത് എന്നു വ്യക്തം.  

'ഇനി അത്രയും കോപ്ലസ് ആയിട്ടുള്ള ദൈവത്തിന് ഡിസൈനര്‍ ഇല്ലാതെ ഉണ്ടാവമെന്നു സമ്മതിച്ചാല്‍ അതിനെക്കാളും കോംപ്ലസ് കുറഞ്ഞ മനുഷ്യന് ഡിസൈനര്‍ ഉണ്ടാവാതെ ഉണ്ടായിക്കൂടേ' എന്നാണല്ലോ വൈശാഖന്‍ തമ്പി പറഞ്ഞത്. ഈ വാദത്തില്‍ ദൈവം തനിയെ ഉണ്ടാകാമെങ്കില്‍, അതായത് ദൈവത്തിന് തുടക്കമുണ്ട് എങ്കില്‍ ദൈവത്തെ ആരോ സൃഷ്ടിച്ചു എന്നു വരും. ഇത് ഇങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കും. എന്നാല്‍ ദൈവത്തിന്റെ നിര്‍വചനംതന്നെ 'ആരാലും സൃഷ്ടിക്കപ്പെടാത്തവന്‍' എന്നാണ്. പിന്നെ എങ്ങനെ ദൈവത്തെ സൃഷ്ടിച്ചു എന്നു പറയും. ആ ചോദ്യം ദൈവം എന്തെന്ന് മനസ്സിലാകാത്തതിന്റെ പ്രശ്‌നമാണ്. മുമ്പ് എന്നൊരു അവസ്ഥ ഉണ്ടാകണമെങ്കില്‍ സമയമുണ്ടാവണം. സമയം തന്നെ പ്രപഞ്ച സൃഷ്ടിപ്പോടുകൂടിയാണ് വന്നത്. എന്നാല്‍ ഇവിടെ മറു ചോദ്യം ഉന്നയിച്ചെന്നു വരും; 'എന്നാല്‍ സമയം പ്രപഞ്ചം ഉണ്ടായതിനുശേഷമണല്ലോ ഉണ്ടായത്, എങ്കില്‍ പ്രപഞ്ചത്തിനു മുമ്പ് എന്നൊരു അവസ്ഥ ഉണ്ടോ? ഉണ്ടെങ്കിലല്ലേ അതിനു മുമ്പുള്ള ദൈവമുണ്ടാവൂ' എന്ന്. ഇവിടെ നാം മനസ്സിലാക്കേണ്ട കാര്യം സമയവും കാലവും ഉണ്ടാകുന്നതിനു മുമ്പുള്ള, അതായത് ബിഗ് ബാംഗ് സംഭവിക്കുന്നതിന് മുമ്പ്  എല്ലാ ഭൗതിക നിയമങ്ങളും അപ്രസക്തമാവുന്ന എന്തോ ഒന്നില്‍ നിന്നാണ് (അതിനെ സിംഗുലാരിറ്റി എന്നു വിളിക്കുന്നു) ഈ പ്രപഞ്ചം ഉണ്ടായത്. എല്ലാ ദ്രവ്യവും അതിലടങ്ങിയിരുന്നു. അപ്പോള്‍ ഈ ബിഗ് ബാംഗിനു 'മുമ്പ്' എന്നൊരാവസ്ഥ ഉണ്ടായിരുന്നു. അതായത് സ്ഥലവും സമയം ഉണ്ടാകുന്നത്തിന് മുമ്പ് എന്തോ ഒന്ന് ഉണ്ടായിട്ടുണ്ടല്ലോ. അതില്‍നിന്നുമാണ് പ്രപഞ്ചം ഉണ്ടായത്. അപ്പോള്‍ ആ അവസ്ഥയ്ക്ക് മുമ്പ് ആരാലും സൃഷ്ടിക്കപ്പെടാത്ത ദൈവമുണ്ട്.

ദൈവം എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. തുടക്കമുണ്ടെങ്കിലേ അതിനൊരു നിര്‍മാതാവ് ഉണ്ടാവൂ. ദൈവത്തിനു തുടക്കമില്ല; അവന്‍ എന്നും ഉള്ളവനാണ്. അപ്പോള്‍ 'ദൈവത്തിന് മുമ്പ്' എന്ന പ്രയോഗംതന്നെ അപ്രസക്തമാണ്. സമയം പ്രപഞ്ചമുണ്ടായതിനു ശേഷം ഉണ്ടായതാണ്. സമയം ദൈവം മനുഷ്യന് നല്‍കിയതാണ്. പ്രപഞ്ചത്തിനു തുടക്കമുണ്ട്; മനുഷ്യനും. അതുകൊണ്ട് ഇവ രണ്ടും സൃഷ്ടിക്കപ്പെട്ടതാണ്. എന്നാല്‍ തുടക്കമില്ലാത്ത, മുമ്പ് എന്നൊരു അവസ്ഥയില്ലാത്ത ദൈവത്തെ ആരോ ഉണ്ടാക്കി എന്നു വാദിക്കുന്നതില്‍ കഴമ്പില്ല. ദൈവത്തെ ആര്  ഉണ്ടാക്കി എന്നു ചോദിക്കുന്നത് ചുവന്ന നിറത്തിന്റെ ഗന്ധമെന്തെന്നു ചോദിക്കുന്നതുപോലെയാണ്. നിറത്തിന് ഗന്ധമുണ്ടോ? ഇല്ല! ദൈവത്തെ ആരും സൃഷ്ടിച്ചിട്ടിച്ചില്ല. അവന് തുടക്കമില്ല; ഒടുക്കവും.

വൈശാഖന്‍ തമ്പിയുടെ വാദത്തിന്റെ നിരര്‍ഥകത ഇതിലൂടെ വെളിവാകുന്നു. ദൈവം എന്നും ഉണ്ടായിരുന്നു, എന്നും ഉണ്ടാവുകയും ചെയ്യും. ആ ഭാഗത്തേക്ക് നമ്മുടെ യുക്തിയെത്തുകയില്ല. അവന്‍ പ്രവാചകന്മാരിലൂടെ അവനെക്കുറിച്ചു നമുക്ക് അറിയിച്ചുതന്നതല്ലാതെ അവനെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല. അവന്റെ രൂപമോ ഭാവമോ നമ്മുടെ തലച്ചോറിലൂടെ രൂപപ്പെടുത്താന്‍ സാധിക്കില്ല. കാരണം നമ്മളുടെ തലച്ചോറിന് പരിമിതിയുണ്ട്. നമ്മുടെ യുക്തിയുപയോഗിച്ച് അവനെ അവന്‍ അറിയിച്ചുതന്നതില്‍ കവിഞ്ഞല്ലാതെ നമുക്ക് പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല.  

''അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്. അവന്‍ സര്‍വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാണ്'' (ക്വുര്‍ആന്‍ 57:3)