നല്ലമരണത്തിന്റെ ലക്ഷണങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 മെയ് 15 1442 ശവ്വാല്‍ 03

(ഭാഗം 2)

ചില അടയാളങ്ങള്‍വഴി ജീവിതത്തെയും മരണത്തെയും കുറിച്ച് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നുവെന്നല്ലാതെ, ജീവന്‍ എന്നാല്‍ എന്താണെന്നോ, മരണം എന്നാല്‍ എന്താണെന്നോ സൂക്ഷ്മവും വസ്തുനിഷ്ഠവുമായി നിര്‍വചിക്കുവാന്‍ പണ്ഡിതന്‍മാര്‍ക്കോ ശാസ്ത്രജ്ഞന്‍മാര്‍ക്കോ നാളിതുവരെ കഴിഞ്ഞിട്ടില്ല. ചിലര്‍ക്ക് ചില അഭിപ്രായങ്ങളുണ്ടെന്ന് മാത്രം. ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന നിഗമനത്തില്‍ ശാസ്ത്രം അതിന്ന് പാടുപെട്ടുകൊണ്ടുമിരിക്കുകയാണ്. പക്ഷേ, അത് രണ്ടും അല്ലാഹുവിന്റെ രഹസ്യങ്ങളില്‍ ഒന്നായിത്തന്നെ അവശേഷിക്കുന്നതാണ്. ഏതായാലും, ആ ഭൗതിക ജീവിതത്തിന്റെ അന്ത്യം കുറിക്കുന്ന മരണത്തിനുശേഷം, പുനരുദ്ധാരണത്തിന് മുമ്പുള്ള ഇടക്കാലത്ത് സുഖദുഃഖങ്ങള്‍ അനുഭവിക്കത്തക്ക ഒരുതരം ആത്മീയ ജീവിതം മനുഷ്യനുണ്ടെന്നത് ക്വുര്‍ആന്‍ കൊണ്ടും ഹദീഥ് കൊണ്ടും ഖണ്ഡിതമായി അറിയപ്പെട്ടതാണ്. ശാസ്ത്രത്തിനോ ബുദ്ധിക്കോ അതിനെപ്പറ്റി ഗവേഷണം ചെയ്യുവാനും പരീക്ഷണം നടത്തുവാനും സാധ്യമല്ല. ബുദ്ധി അതിനെ അസംഭവ്യമാക്കുന്നില്ലതാനും. ഈ ജീവിതത്തിനാണ് 'ബര്‍സഖി'ലെ ജീവിതമെന്നും, 'ക്വബ്‌റിലെ' ജീവിതമെന്നും പറയുന്നത്. അതിലെ അവസ്ഥ വ്യത്യസ്തമായിരിക്കുമെങ്കിലും ആരുംതന്നെ അതില്‍നിന്ന് ഒഴിവാകുന്നതല്ല. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായി മരണപ്പെടുന്നവര്‍ക്കുണ്ടെന്ന് അല്ലാഹു പ്രസ്താവിച്ച ആ ജീവിതം കൊണ്ടുദ്ദേശ്യം ഇപ്പറഞ്ഞ അതേരീതിയിലുള്ള ഒരു ജീവിതമായിരിക്കുവാന്‍ നിവൃത്തിയില്ല. അത് അവര്‍ക്ക് പ്രത്യേകമായി നല്‍കപ്പെടുന്നതും മറ്റുള്ള സത്യവിശ്വാസികളുടേതിനെക്കാള്‍ ഉന്നതനിലവാരത്തിലുള്ളതുമായ ഒരു ജീവിതമായിരിക്കുവാനേ തരമുള്ളൂ. അല്ലാത്തപക്ഷം, ഈ വചനങ്ങളിലെ പ്രസ്താവനകള്‍ക്ക് വിശേഷിച്ച് അര്‍ഥമൊന്നും ഉണ്ടായിരിക്കയില്ലല്ലോ.

(1) 'അവര്‍ മരണപ്പെട്ടവരാണെന്ന് ഗണിക്കേണ്ട, അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്.' അവര്‍ കൊല്ലപ്പെടുന്നതോടെ, നമുക്ക് സുപരിചിതമായ ആ മരണം അവര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നും നമുക്ക് സുപരിചിതമായ ആ ജീവിതം അവര്‍ക്ക് അവസാനിച്ചുകഴിഞ്ഞുവെന്നും തീര്‍ച്ചതന്നെ. അപ്പോള്‍ അവര്‍ ജീവിച്ചിരിക്കുന്നവരാണെന്ന് അല്ലാഹു പറയുന്ന ആ ജീവിതം നമുക്ക് പരിചിതമായ ഭൗതിക ജീവിതമല്ല; പ്രത്യേക അര്‍ഥത്തിലുള്ള ഒരു ജീവിതമാണ് എന്ന് വ്യക്തം.

(2) 'അവര്‍ക്ക് ഉപജീവനം അഥവാ ആഹാരം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു.' ആ പ്രത്യേക ജീവിതത്തോട് യോജിച്ച ഒരു ആഹാര സമ്പ്രദായമായിരിക്കും അതെന്ന് മാത്രമെ ഇതിനെപ്പറ്റിയും നമുക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ. അതും അവര്‍ക്ക് ലഭിക്കുന്ന ഒരു അനുഗ്രഹമായിട്ടാണ് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്.

(3) 'അവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍കൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും.' ഉപജീവനം നല്‍കപ്പെടുന്നതിന് പുറമെ വേറെയും പല അനുഭവങ്ങളും അവര്‍ക്ക് സിദ്ധിക്കുമെന്നാണ് ഇതിലെ സൂചന.

(4) അവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍കൊണ്ട് സന്തോഷഭരിതരാവുക മാത്രമല്ല അവര്‍ ചെയ്യുന്നത്; തങ്ങളുടെ കൂട്ടത്തിലേക്ക് ഭാവിയില്‍ വന്നുചേരുവാനിരിക്കുന്ന രക്തസാക്ഷികളാകുന്ന തങ്ങളുടെ സഹോദരങ്ങള്‍ക്ക് അവിടെ ലഭിച്ചേക്കുന്ന അനുഗ്രഹങ്ങള്‍ കൊണ്ടും അവര്‍ വളരെ സന്തോഷം കൊള്ളുന്നതായിരിക്കും. അതെ, തങ്ങളെക്കുറിച്ച് മാത്രമല്ല, തങ്ങളുടെ ശേഷം വന്നെത്തുവാനിരിക്കുന്ന സഹോദരങ്ങളെക്കുറിച്ചും അവര്‍ സന്തുഷ്ടരാണ്.

(5) അല്ലാഹുവിങ്കല്‍നിന്ന് തങ്ങള്‍ക്ക് ലഭിച്ചതും ലഭിക്കുന്നതുമായ ഔദാര്യങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും പുറമെ, അവരെ പുളകം കൊള്ളിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സത്യവിശ്വാസികള്‍ക്ക്- അവര്‍ രക്തസാക്ഷികളാകട്ടെ, അല്ലാത്തവരാകട്ടെ- പൊതുവെ ലഭിക്കുവാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളിലും അവരുടെ മരണശേഷം അവയൊന്നും നഷ്ടപ്പെടാതെ അവര്‍ക്ക് സിദ്ധിക്കുമല്ലോ എന്നുള്ളതിലും അവര്‍ സന്തോഷിച്ചുകൊണ്ടിരിക്കും.

മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല'' (2:154).

ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ആത്മാക്കള്‍ പച്ചവര്‍ണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലായി സ്വര്‍ഗത്തില്‍ അവര്‍ ഉദ്ദേശിച്ചേടത്തുകൂടി മേഞ്ഞുകൊണ്ടിരിക്കുമെന്നും അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന പ്രതിഫലങ്ങള്‍ കണ്ട് തങ്ങളെ ഇഹത്തിലേക്ക് മടക്കി വീണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊല്ലപ്പെടുമാറാക്കിക്കൊടുക്കുവാന്‍ അവര്‍ അല്ലാഹുവിനോട് അപേക്ഷിക്കുമെന്നും, ഇനി മടക്കമില്ലെന്ന് നിശ്ചയിച്ചുവെച്ചിരിക്കുന്നതായി അല്ലാഹു അവരോട് മറുപടി പറയുമെന്നും നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്. (മുസ്‌ലിം).

അല്ലാഹുവും റസൂലും അറിയിച്ചുതന്നതിനപ്പുറം അവരുടെ ആത്മീയമായ ആ അദൃശ്യജീവിതത്തെപ്പറ്റി നമുക്കൊന്നും അനുമാനിക്കുവാന്‍ സാധ്യമല്ല. യുദ്ധത്തില്‍വെച്ചോ ശത്രുക്കളുടെ കൈക്കൊ കൊല്ലപ്പെട്ടാല്‍ മാത്രംപോരാ, നിഷ്‌കളങ്ക മനസ്സോടും ഐഹികമായ ലക്ഷ്യങ്ങള്‍വെച്ചുകൊണ്ടല്ലാതെയും രണാങ്കണത്തിലിറങ്ങി കൊല്ലപ്പെട്ടവരായെങ്കില്‍ മാത്രമെ ഇപ്പറഞ്ഞ നേട്ടങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പല ഹദീഥുകളും വ്യക്തമാക്കുന്നുണ്ട്.

നബി ﷺ പറഞ്ഞു: ''ഒരു മുസ്‌ലിമായ മനുഷ്യന്‍ ഒരു ഒട്ടകത്തിന്റെ കറന്നെടുത്ത മുലയില്‍ പാലുവരുന്ന സമയ ദൈര്‍ഘ്യത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയാല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമായി. ഒരാള്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു മുറിവേറ്റു. അല്ലെങ്കില്‍ കുത്തേറ്റു. പ്രസ്തുത മുറിവ് പച്ചയായി അന്ത്യനാളില്‍ വരും. അതിന്റെ നിറം കുങ്കുമത്തിന്റെതും മണം കസ്തൂരിയുടെതുമായിരിക്കും'' (തിര്‍മിദി).

ശഹീദായവന് ലഭിക്കുന്ന പ്രതിഫലവും അതിനുള്ള മഹത്ത്വവും വിവരിക്കുന്ന ഹദീഥുകള്‍ ഇനിയും നമുക്ക് കാണാന്‍ സാധിക്കും. വായനക്കാരന്റെ അറിവിലേക്കായി ചിലതുകൂടി ഇവിടെ ചേര്‍ക്കട്ടെ.

നബി ﷺ പറഞ്ഞതായി അനസ്(റ) ഉദ്ധരിക്കുന്നു: ''മരണപ്പെട്ടുപോയിട്ട് അല്ലാഹുവിങ്കല്‍നിന്ന് നന്മ ലഭിക്കുന്ന ഒരാത്മാവിനും തന്നെ, ഇഹലോകത്തേക്ക് മടങ്ങിവരുന്നത് സന്തോഷമായിരിക്കയില്ല- ശഹീദ് ഒഴികെ. ശഹാദത്തിന്റെ (രക്തസാക്ഷിയായി മരിക്കുന്നതിന്റെ) ശ്രേഷ്ഠത കണ്ടനുഭവിക്കുന്നതുകൊണ്ട് ഇഹലോകത്തേക്ക് മടങ്ങിവന്ന് മറ്റൊരു പ്രാവശ്യംകൂടി കൊല്ലപ്പെടുന്നത് അവന് സന്തോഷകരമായിരിക്കും'' (മുസ്‌ലിം, അഹ്മദ്).

ജാബിര്‍(റ) പറയുകയാണ്: ''എന്റെ പിതാവ് ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയും അദ്ദേഹത്തിന്റെ മുഖത്തുനിന്ന് തുണി നീക്കിക്കൊണ്ടിരിക്കുകയും ചെയ്യുകയായി. സ്വഹാബികള്‍ എന്നെ വിലക്കിക്കൊണ്ടിരുന്നു. റസൂല്‍ ﷺ വിലക്കുകയുണ്ടായില്ല. അവിടുന്ന് പറഞ്ഞു: 'കരയേണ്ട, അദ്ദേഹം ഉയര്‍ത്തപ്പെടുന്നത് (അദ്ദേഹത്തിന്റെ ജനാസ എടുക്കപ്പെടുന്നത്) വരെ മലക്കുകള്‍ അവരുടെ ചിറകുകളാല്‍ അദ്ദേഹത്തിന് തണലേകിക്കൊണ്ടിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം, നസാഈ).

ഇബ്നു അബ്ബാസ്(റ) പറയുന്നു: ''റസൂല്‍ ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'ഉഹ്ദിന്റെ ദിവസം നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ആപത്ത് പിണഞ്ഞപ്പോള്‍, അവരുടെ ആത്മാക്കളെ അല്ലാഹു പച്ച വര്‍ണമുള്ള ചില പക്ഷികളുടെ ഉള്ളങ്ങളിലാക്കിയിരിക്കുന്നു. അവ സ്വര്‍ഗത്തിലെ അരുവികളില്‍നിന്ന് വെള്ളം കുടിക്കുന്നു. അതിലെ ഫലങ്ങളില്‍നിന്ന് തിന്നുകയും ചെയ്യുന്നു. 'അര്‍ശി'ന്റെ തണലിലുള്ള സ്വര്‍ണക്കിനാദി(വിളക്കു)കളില്‍ അവ ചെന്നുകൂടുകയും ചെയ്യുന്നു. അങ്ങനെ, തങ്ങളുടെ ഭക്ഷണപാനീയങ്ങളുടെ മെച്ചവും വിശ്രമസ്ഥാനത്തിന്റെ മെച്ചവും കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്ക് അല്ലാഹു ചെയ്തുതന്നത് ഞങ്ങളുടെ സഹോദരങ്ങള്‍ കണ്ടെങ്കില്‍ എത്ര നന്നായേനെ! എന്നാലവര്‍ ധര്‍മസമരത്തില്‍ താല്‍പര്യക്കുറവ് കാണിക്കാതെയും യുദ്ധത്തിന് മടിക്കാതെയും ഇരുന്നേനെ! അപ്പോള്‍, അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇത് (ഈ വിവരം) അവര്‍ക്ക് എത്തിച്ചുകൊടുത്തുകൊള്ളാം...'' (അഹ്മദ്, അബൂദാവൂദ്, ഹാകിം, ഇബ്നുജരീര്‍)

ഇബ്നു അബ്ബാസി(റ)ല്‍നിന്ന് അഹ്മദും ഇബ്നുജരീറും നിവേദനം ചെയ്ത ഒരു ഹദീഥില്‍, ശുഹദാക്കള്‍ക്ക് അവരുടെ ആഹാരം സ്വര്‍ഗത്തില്‍ നിന്ന് രാവിലെയും വൈകുന്നേരവും ലഭിക്കുന്നതാണ് എന്നും വന്നിരിക്കുന്നു.

നബി ﷺ പറഞ്ഞു: ''രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുത്ത് ആറ് കാര്യങ്ങളുണ്ട്. ആദ്യരക്തം ചിന്തുമ്പോള്‍ തന്നെ അയാള്‍ക്ക് പൊറുക്കപ്പെടും. സ്വര്‍ഗത്തില്‍ തന്റെ ഇരിപ്പിടം അയാള്‍ കാണും. ക്വബ്ര്‍ ശിക്ഷയില്‍നിന്ന് അയാള്‍ സംരക്ഷിക്കപ്പെടും. (അന്ത്യനാളിന്റെ) ഭീകരതയില്‍നിന്ന് അയാള്‍ നിര്‍ഭയനായിരിക്കും. 'വക്വാറി'ന്റെ കിരീടം അയാളുടെ തലയില്‍ ചൂടപ്പെടും. പ്രസ്തുത കിരീടത്തിലെ മാണിക്യം ഇഹലോകത്തെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമായിരിക്കും. ഹൂറുല്‍ഈനിലെ എഴുപത്തി രണ്ട് ഇണകളെ അയാള്‍ക്ക് വിവാഹം ചെയ്തു നല്‍കും. അയാളുടെ ബന്ധുക്കളില്‍ എഴുപതുപേര്‍ക്ക് ശുപാര്‍ശ ചെയ്യുവാന്‍ അയാള്‍ക്ക് അനുമതി നല്‍കും'' (തിര്‍മിദി).

ഈ ഒരു ഹദീഥില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വഹിച്ചവനുള്ള ആറു ഗുണങ്ങള്‍ പറയുന്നുണ്ട്:

1. ആദ്യരക്തം ചിന്തുമ്പോള്‍ തന്നെ അയാള്‍ക്ക് പൊറുക്കപ്പെടും: മനുഷ്യന്‍ തെറ്റുപറ്റുന്നവനാണ്. അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടാല്‍ മാത്രമെ വിശ്വാസിയാണെങ്കില്‍ കൂടി അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

നബി ﷺ പറഞ്ഞു: ''ആദം സന്തതികള്‍ മുഴുവന്‍ തെറ്റുചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ തൗബ (പശ്ചാത്തപിക്കുന്നവര്‍) ചെയ്യുന്നവരാണ്'' (തിര്‍മിദി).

2. സ്വര്‍ഗത്തില്‍ തന്റെ ഇരിപ്പിടം അയാള്‍ കാണും: ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യം സ്വര്‍ഗം ലഭിക്കലും നരകത്തില്‍നിന്നുള്ള രക്ഷയുമാണല്ലോ. ശഹീദിനെ സംബന്ധിച്ച് ജീവിതത്തിന്റെ ലക്ഷ്യം, രക്തസാക്ഷിയാകുന്നതോടുകൂടി അവന്‍ അനുഭവിച്ചുതുടങ്ങുന്നു.

ഇമാം അഹ്മദി(റ)നോട് ചോദിക്കപ്പെട്ടു: ''എപ്പോഴാണ് ആശ്വാസം ലഭിക്കുക? അദ്ദേഹം പറഞ്ഞു: സ്വര്‍ഗത്തില്‍ ആദ്യ കാല്‍പാദം വെക്കുന്നതോടുകൂടി.''

3. ക്വബ്ര്‍ ശിക്ഷയില്‍നിന്ന് അയാള്‍ രക്ഷപ്പെടും: മരണപ്പെട്ടാല്‍ ആദ്യമായി അഭിമുഖീകരിക്കാന്‍ പോകുന്ന ഘട്ടം ക്വബ്‌റിലെ രക്ഷയും ശിക്ഷയുമാണ്. ക്വബ്‌റില്‍ രക്ഷപ്പെട്ടാല്‍ ആശ്വാസമാണ്. അവിടെ ശിക്ഷിക്കപ്പെട്ടാല്‍ പ്രയാസവുമായിരിക്കും നാളെ വിചാരണ നാളില്‍.

4. 'വക്വാറി'ന്റെ കിരീടം അയാളുടെ തലയില്‍ ചൂടപ്പെടും: പ്രസ്തുത കിരീടത്തിലെ മാണിക്യം ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമായിരിക്കും. ശഹീദായവന് അല്ലാഹു നല്‍കുന്ന പ്രതിഫലത്തിന്റെ മഹത്ത്വവും വലിപ്പവും വിളിച്ചോതുന്നതാണ് ഇത്.

5. ഹൂറുല്‍ ഈനിലെ എഴുപത്തി രണ്ട് ഇണകളെ അയാള്‍ക്ക് ഇണയാക്കിക്കൊടുക്കും: ആകര്‍ഷകവും മനോഹരവുമായ ശരീരത്തോടും നേത്രങ്ങളോടുംകൂടിയ തരുണികളാണ് ഹൂറുല്‍ഈന്‍. അങ്ങനെയുള്ള എഴുപത്തിരണ്ട് പേരെ ശഹീദായ ഒരാള്‍ക്ക് ഇണയായി ലഭിക്കുമെന്നതും ശഹീദിനുള്ള ശ്രേഷ്ഠതയാണ്.

 6. തന്റെ ബന്ധുക്കളില്‍ എഴുപത് പേര്‍ക്ക് ശുപാര്‍ശ ചെയ്യുവാന്‍ അയാള്‍ക്ക് അനുമതി നല്‍കും. അന്ത്യനാളില്‍ സ്വന്തം ബന്ധുക്കളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി അല്ലാഹുവിനോട് ശഫാഅത്ത് നടത്താന്‍ സൗഭാഗ്യം ലഭിക്കുന്നവരാണ് രക്തസാക്ഷികള്‍.

ആത്മാര്‍ഥമായി ഒരു വിശ്വാസി ശഹീദാവാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ അവന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടില്ലെങ്കിലും ശരി, അവന് ശഹീദിന്റെ പ്രതിഫലം അല്ലാഹു നല്‍കുന്നതായിരിക്കും.

നബി ﷺ പറഞ്ഞു: ''ഒരാള്‍ സത്യസന്ധമായി അല്ലാഹുവോട് ശഹാദത്ത് തേടിയാല്‍ അല്ലാഹു അയാളെ രക്തസാക്ഷികളുടെ സ്ഥാനമാനങ്ങളിലെത്തിക്കും. അയാള്‍ തന്റെ വിരിപ്പില്‍ കിടന്ന് മരിച്ചാലും ശരി'' (മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ കാണാം; നബി ﷺ പറഞ്ഞു: ''ഒരാള്‍ രക്തസാക്ഷിത്വം സത്യസന്ധമായി തേടിയാല്‍ അയാള്‍ക്ക് അത് (രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം) നല്‍കപ്പെടും. അയാള്‍ രക്തസാക്ഷിയായിട്ടില്ലെങ്കിലും ശരി'' (മുസ്‌ലിം).

3. വെള്ളിയാഴ്ച രാപകലുകളില്‍ മരണപ്പെടല്‍

അബ്ദുല്ലാഹ് ഇബ്‌നുഅംറി(റ)ല്‍ നിന്നും നിവേദനം; നബി ﷺ പറഞ്ഞു: ''വെള്ളിയാഴ്ച ദിനം അല്ലെങ്കില്‍ വെള്ളിയാഴ്ച രാവില്‍ മരണപ്പെടുന്ന യാതൊരു മുസ്‌ലിമുമില്ല; അല്ലാഹു അദ്ദേഹത്തെ ക്വബ്‌റിന്റെ പരീക്ഷണത്തില്‍നിന്ന് സംരക്ഷിക്കാതെ.'' (അഹ്മദ്, തുര്‍മുദി).

4. നെറ്റിത്തടം വിയര്‍ത്തുകൊണ്ടുള്ള മരണം

നെറ്റിത്തടം വിയര്‍ത്തുകൊണ്ടാണ് മരിക്കുന്നത് എങ്കില്‍ അത് നല്ല മരണത്തിന്റെ ലക്ഷണമാണ്:

ബുറയ്ദ ഇബ്‌നു ഹുസ്വയ്ബി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം ഖുറാസാനിലായിരുന്നു. അപ്പോള്‍ രോഗിയായ തന്റെ ഒരു സഹോദരനെ അദ്ദേഹം സന്ദര്‍ശിച്ചു. ആ സഹോദരന്‍ മരണവേളയില്‍ തന്റെ നെറ്റിത്തടം വിയര്‍ത്ത നിലയിലാണ്. അപ്പോള്‍ ബുറൈദ(റ) പറഞ്ഞു: ''അല്ലാഹു അക്ബര്‍, അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: 'മുഅ്മിനിന്റെ മരണം നെറ്റിത്തടം വിയര്‍ത്തുകൊണ്ടായിരിക്കും'' (അഹ്മദ്, നസാഈ, ഇബ്‌നുമാജ).

(അവസാനിച്ചില്ല)