നിര്‍ഭയജീവിതത്തിലേക്കുള്ള വഴികള്‍

ഉസ്മാന്‍ പാലക്കാഴി

2021 മെയ് 01 1442 റമദാന്‍ 19

നിര്‍ഭയജീവിതം, സുരക്ഷിത സമൂഹം

(സുരക്ഷിത സമൂഹത്തിന്റെ ഇസ്‌ലാമിക പാഠങ്ങള്‍, ഭാഗം 2)

ഇഹലോക നന്മകളെ അവഗണിക്കേണ്ടതില്ല

അല്ലാഹുവിന്റെ ഇഷ്ടം നേടുവാന്‍ ഇഹലോകസുഖങ്ങളെല്ലം വെടിഞ്ഞ് ജീവിക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല. പരലോകം മറന്നുകൊണ്ട് ഇഹലോക കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ജീവിക്കുവാനും പാടില്ല. അല്ലാഹു പറയുന്നു:

''മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്. അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 2:201,202).

''മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല'' (ക്വുര്‍ആന്‍ 2:200).

പരലോക വിഭവമൊരുക്കാന്‍ ഇഹലോക വിഭവങ്ങളും ആവശ്യമാണ്. ശാരീരികാരോഗ്യം, വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം, നിര്‍ഭയത്വം എന്നിവ അവയില്‍ പ്രധാനമാണ്.

സമ്പാദ്യത്തിന് ഇസ്‌ലാം പരിധിവെച്ചിട്ടില്ല. എന്നാല്‍ ജീവിതത്തിലെ ഏകലക്ഷ്യം സമ്പത്തുണ്ടാക്കലാണ് എന്ന നിലയില്‍ ജീവിക്കുവാനും പാടില്ല. ജീവിതം മുഴുവന്‍ ധനസമ്പാദനമാര്‍ഗത്തിലായാല്‍അറിവുനേടാനും നേടിയ അറിവുകൊണ്ട് കര്‍മങ്ങള്‍ ചെയ്യുവാനും സമയമെവിടെ? പരലോക സൗഭാഗ്യത്തിന് ഇവരണ്ടും അനിവാര്യമാണുതാനും.

ഉപജീവനം തേടല്‍

അല്ലാഹു പറയുന്നു: ''പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 78:11).

''നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്കവിടെ നാം ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമെ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ'' (ക്വുര്‍ആന്‍ 7:10).

തന്റെ വീടിനെക്കാള്‍ നല്ല വീടുള്ളവരിലേക്കും, തന്റെ ജോലിയെക്കാളും പദവിയെക്കാളും ഉയര്‍ന്ന  ജോലിയുള്ളവരിലേക്കും പദവിയുള്ളവരിലേക്കും തന്നെക്കാള്‍ സാമ്പത്തികാഭിവൃദ്ധിയുള്ളവരിലേ ക്കുമൊക്കെ നോക്കിയാല്‍; അങ്ങനെ അവരെയും തന്നെയും താരതമ്യം ചെയ്താല്‍, അത് താന്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളെ ചെറുതായിക്കാണുന്നതിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. അത്തരക്കാര്‍ക്ക് ജീവിതം എന്നും അശാന്തമായിരിക്കും. നിര്‍ഭയത്വം അവര്‍ക്ക് അന്യമായിരിക്കും.

എന്നാല്‍, തന്നെക്കാള്‍ മോശപ്പെട്ട ജീവിതാവസ്ഥകളിലുള്ളവരിലേക്ക് നോക്കിയാല്‍; അവരെയും തന്നെയും താരതമ്യം ചെയ്താല്‍, താന്‍ എത്രയോ അനുഗൃഹീതനാണെന്ന ബോധമുണ്ടാവുകയും അതിനെ വലുതായി കാണുവാനും അതിന് നന്ദികാണിക്കുവാനും ഒരു സത്യവിശ്വാസിക്കു കഴിയും. ഉള്ളതില്‍ തൃപ്തിപ്പെട്ടുകൊണ്ടുള്ള അവന്റെ ജീവിതം ശാന്തിയും സമാധാനവും നിറഞ്ഞതായിരിക്കും.

ഭൗതിക വിഭവങ്ങളോട് മനുഷ്യന്‍ പൊതുവെ അത്യാസക്തനാണ്. എത്ര കിട്ടിയാലും അവന് മതിയാകില്ല. നബി ﷺ പറഞ്ഞു:

 ''മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വരയുണ്ടാവുകയാണെങ്കില്‍ തനിക്ക് രണ്ട് താഴ്‌വരയുണ്ടാവണമെന്ന് അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ മറ്റൊന്നും അവന്റെ വായ നിറക്കില്ല'' (ബുഖാരി, മുസ്‌ലിം).

''നിശ്ചയമായും അവന്‍ ധനത്തോട് കഠിനമായ സ്‌നേഹമുള്ളവന്‍ തന്നെയാണ്'' (ക്വുര്‍ആന്‍ 100:8).

മനുഷ്യന്റെ ഈ അത്യാര്‍ത്തി മരണത്തോടെ മാത്രമെ അവസാനിക്കുകയുള്ളൂ. സാമ്പത്തികഭ്രമത്തിലും ആഡംബരപ്രിയത്തിലും സുഖലോലുപതയിലും കഴിയുന്നവരിലേക്ക് നോക്കി നെടുവീര്‍പ്പിടുന്നവനും തനിക്ക് അങ്ങനെയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ചിന്തിച്ച് നിരാശപ്പെടുന്നവനുമല്ല യഥാര്‍ഥ മുസ്‌ലിം. അവന്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനായിരിക്കും; അങ്ങനെയായിരിക്കണം. പണവും പദവിയുമൊന്നുമല്ല ഐശ്വര്യത്തിനും നിര്‍ഭയജീവിതത്തിനും നിദാനമെന്ന് അവന്‍ മനസ്സിലാക്കും.

നബി ﷺ പറഞ്ഞു: ''ഐശ്വര്യം ഐഹിക വിഭവങ്ങളുടെ ആധിക്യംകൊണ്ടല്ല; നേരെ മറിച്ച്, ഐശ്വര്യമെന്നാല്‍ മനസ്സിന്റെ ഐശ്വര്യമത്രെ'' (ബുഖാരി, മുസ്‌ലിം).

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ മതി ജീവിതത്തിലെ നിര്‍ഭയത്വം നഷ്ടപ്പെടാനും ജീവിതം അശാന്തമായിത്തീരാനും. എന്നാല്‍ ഇപ്പറഞ്ഞവയൊന്നും താനെ വന്നുചേരുന്നതല്ല. പാരമ്പര്യമായി ലഭിച്ച കണക്കില്ലാത്ത സ്വത്തിന്റെ ഉടമകള്‍ പോലും അത് നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും ശ്രമിച്ചില്ലെങ്കില്‍ കാലക്രമേണ പാപ്പരായിേപ്പാകും. അതുകൊണ്ട് തന്നെ അലസത മാറ്റിവെക്കാനും അധ്വാനിച്ച് ജീവിക്കുവാനും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്.

''അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ക്വുര്‍ആന്‍ 62:10).

ഏകസമുദായം

സമൂഹത്തില്‍ എല്ലാവരും ഒരേ സാമ്പത്തികാവസ്ഥയുള്ളവരായിരിക്കില്ല. എല്ലാവരുടെയും അവസ്ഥകള്‍ വിഭിന്നമാണ്. ഏറ്റക്കുറവുകള്‍ സ്വാഭാവികം.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു'' (ക്വുര്‍ആന്‍ 92:4).

എന്നാല്‍ സമൂഹം ഒറ്റ ശരീരം പോലെയാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍'' (ക്വുര്‍ആന്‍ 23:52).

പരസ്പരം സ്‌നേഹത്തിലും കാരുണ്യത്തിലും കഴിയണമെന്നും സഹായം അര്‍ഹിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കണമെന്നും പ്രയാസഘട്ടങ്ങളില്‍ കൂടെ നില്‍ക്കണമെന്നും ആരെയും അക്രമിക്കരുതെന്നും ആരോടും അനീതി കാണിക്കരുതെന്നും ഇസ്‌ലാം അനുശാസിക്കുന്നു. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ നിര്‍ഭയത്വവും സുരക്ഷിതത്വവും ഉണ്ടാകുമെന്നതില്‍ സംശയമില്ല. നബി ﷺ പറഞ്ഞു:

''പരസ്പര കാരുണ്യത്തിലും സ്‌നേഹത്തിലും വിശ്വാസികള്‍ ഒരു ശരീരംപോലെയാണ്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് അസുഖമുണ്ടായാല്‍ ശരീരം മുഴുവനും ഉറക്കമിളച്ചും പനിച്ചും അതിനോട് അനുഭാവം കാണിക്കും'' (ബുഖാരി, മുസ്‌ലിം).

ദാനധര്‍മങ്ങള്‍

ഭൂമിയിലുള്ളതെല്ലാം മനുഷ്യര്‍ക്കുവേണ്ടിയുള്ളതാണ്:''ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 55:10).

''അവനാണ് നിങ്ങള്‍ക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്'' (ക്വുര്‍ആന്‍ 2:29).

സമ്പത്തും അല്ലാഹുവാണ് സൃഷ്ടിക്കുന്നത്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉദ്ദേശിക്കുന്നത്ര അവന്‍ നല്‍കുന്നു. അതിന്റെ താല്‍ക്കാലിക അവകാശികളായി അവര്‍ മാറുന്നു. അല്ലാഹു നല്‍കുന്ന സമ്പത്ത് അവന്‍ പറയുന്നതുപോല കൈകാര്യം ചെയ്യല്‍ മനുഷ്യന്റെ ബാധ്യതയാണ്.

''നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 57:7).

''തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും; ചോദിച്ചുവരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും'' (ക്വുര്‍ആന്‍ 70:24,25).

''...അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക...'' (ക്വുര്‍ആന്‍ 24:33).

മക്കളും സമ്പത്തും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്, അതോടൊപ്പം സഹായവുമാണ്. അവ രണ്ടും ഭാവിയില്‍ ഉപകാരപ്പെടുമെന്ന് ആര്‍ക്കും ഉറപ്പുപറയാന്‍ കഴിയില്ല.

''അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചുകൊണ്ടിരിക്കുന്നത് നാം അവര്‍ക്ക് നന്മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്? അവര്‍ (യാഥാര്‍ഥ്യം) ഗ്രഹിക്കുന്നില്ല'' (ക്വുര്‍ആന്‍ 23:55,56).

''...സ്വത്തുക്കളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 17:6).

''സ്വത്തുക്കളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും'' (71:12).

സമ്പത്തിന്റെ വര്‍ധനവ് നിര്‍ഭയത്വം നല്‍കില്ല

സമ്പത്ത് എത്ര കുറവാണെങ്കിലും കൂടുതലാണെങ്കിലും മനുഷ്യന്‍ അതിന്റെ താക്കാലിക കൈകാര്യകര്‍ത്താവാണ്. ഇഹലോകത്ത് നിര്‍ഭയത്വത്തോടെ ജീവിക്കുവാന്‍ അളവറ്റ ധനത്തിന്റെ ആവശ്യമില്ല. അന്നന്നത്തെ അന്നത്തിനു വകയുണ്ടെങ്കില്‍ ഒരാള്‍ ഐശ്വര്യവാനാണ്. സമ്പത്ത് വര്‍ധിക്കുന്തോറും സുരക്ഷിതത്വവും നിര്‍ഭയത്വവും നഷ്ടപ്പെടുന്നു എന്നതാണ് വസ്തുത. കുമിഞ്ഞുകൂടിയ സമ്പത്തുണ്ടെങ്കിലും മരണത്തോടെ അതെല്ലാം അനന്തരാവകാശികളുടെതായി മാറുന്നു. പിന്നെ എന്താണ് ഒരാള്‍ക്ക് സ്വന്തമായി ഉള്ളതെന്ന് അവകാശപ്പെടാനുള്ളത്?

നബി ﷺ പറഞ്ഞു: ''അടിമ പറയുന്നു എന്റെ ധനം, എന്റെ ധനം എന്ന്. അവന്റെ ധനത്തില്‍നിന്ന് അവന്നുള്ളത് മൂന്ന് മാത്രം: തിന്നുകഴിഞ്ഞത്, ഉടുത്തു നുരുമ്പിയത്, കൊടുത്തു തീര്‍ത്തത്'' (മുസ്‌ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്: ''മനുഷ്യന്‍ പറയുന്നു എന്റെ ധനം, എന്റെ ധനം എന്ന്. നിന്റെ ധനത്തില്‍ നിന്ന് നീ ദാനംചെയ്തുകഴിഞ്ഞതോ, നീ ധരിച്ചു നുരുമ്പിയതോ, നീ തിന്നുതീര്‍ത്തതോ അല്ലാതെ വല്ലതുമുണ്ടോ?'' (മുസ്‌ലിം, തുര്‍മുദി, അഹ്മദ്).

അന്നന്ന് കഴിഞ്ഞുകൂടാനുള്ള ധനമാണ് സ്വന്തമെന്നു പറയാവുന്നതെന്നും അതിലധികമുള്ളത് അനന്തരാവകാശികളുടെതാണെന്നുമാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. നബി ﷺ അനുചരന്മാരോട് ചോദിച്ചു: ''നിങ്ങളില്‍ ആരാണ് സ്വന്തം സ്വത്തിനെക്കാള്‍ അനന്തരാവകാശിയുടെ സ്വത്ത് ഇഷ്ടപ്പെടുന്നവര്‍?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, സ്വന്തം സ്വത്തിനെക്കാള്‍ അനന്തരാവകാശിയുടെ സ്വത്ത് ഇഷ്ടപ്പെടുന്നവരായി ഞങ്ങളില്‍ ആരുംതന്നെയില്ല.'' അപ്പോള്‍ നബി ﷺ പറഞ്ഞു: ''നിങ്ങള്‍ അറിയുക; സ്വന്തം സ്വത്തിനെക്കാള്‍ അനന്തരാവകാശിയുടെ സ്വത്ത് ഇഷ്ടപ്പെടാത്തവരായി നിങ്ങളില്‍ ഒരാളുമില്ല. നീ മുന്തിച്ചുവെച്ചതാണ് നിന്റെ ധനം. നീ പിന്തിച്ചുവെച്ചതാണ് നിന്റെ അനന്തരാവകാശിയുടെ ധനം'' (നസാഈ).

ഉപജീവന വിഷയത്തില്‍ സമൂഹത്തിന്റെ നിര്‍ഭയത്വം ഇസ്‌ലാം പരിഗണിക്കുന്നു. ധനം ന്യുനപക്ഷമായ ധനികരില്‍ കുമിഞ്ഞുകൂടുന്നത് തടയുന്നു. അതിന്റെ അപകടം സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയരംഗങ്ങളില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല.

അല്ലാഹു പറയുന്നു: ''...അത് (ധനം) നിങ്ങളില്‍നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്...'' (ക്വുര്‍ആന്‍ 59:7).

സ്വയംപര്യാപ്തത നടിക്കരുത്

സമ്പത്തിന്റെ പേരില്‍ അഹങ്കരിക്കുകയും ഇതൊക്കെ തന്റെ കഴിവുകൊണ്ടുമാത്രം കൈവശപ്പെടുത്താന്‍ കഴിഞ്ഞതാണെന്നുമുള്ള ചിന്ത മനുഷ്യനെ വഴിതെറ്റിക്കും. താന്‍ സ്വയം പര്യാപ്തനാണെന്നും തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നുമൊകെയുള്ള ചിന്ത വളര്‍ത്തും. അത് അവനെ ധിക്കാരിയും താന്തോന്നിയുമാക്കി മാറ്റും.

''നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു; തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍'' (96:6,7).

അല്ലാഹു നല്‍കിയ സമ്പത്ത് തന്റെ അധ്വാനഫലംകൊണ്ട് മാത്രം ആര്‍ജിച്ചതാണെന്ന് കരുതുകയും അത് നല്‍കിയ അല്ലാഹുവിനെ വിസ്മരിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത വ്യക്തിയായിരുന്നു ക്വാറൂന്‍. അത് അല്ലാഹുവിന്റെ ശിക്ഷയിലാണ് കലാശിച്ചത്.

''തീര്‍ച്ചയായും ക്വാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരംപറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകംകൊള്ളേണ്ട. പുളകംകൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല'' (ക്വുര്‍ആന്‍ 28:76,77).

ഇതില്‍ അഞ്ച് ഉപദേശങ്ങള്‍ കാണാം:

1. 'നീ പുളകംകൊള്ളേണ്ട. പുളകംകൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.'

ഭൗതികമായി എന്തെങ്കിലും നേട്ടം ലഭിച്ചാല്‍ അത് തന്റെ മാത്രം കഴിവുകൊണ്ടും അര്‍ഹതകൊണ്ടും നേടിയതാണെന്ന് ധരിക്കുകയും അതില്‍ അതിരറ്റ് ആഹ്ലാദിക്കുകയും ചെയ്യുന്നത് ശരിയല്ല. അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.

2. 'അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക.'

സമ്പത്ത്, ആരോഗ്യം തുടങ്ങിയവ അല്ലാഹു അവന്റെ പക്കല്‍നിന്നുള്ള പരീക്ഷണമായും അനുഗ്രഹമായും നല്‍കുന്നതാണ്. അത് തിരിച്ചറിയുകയും അവ മുഖേന പരലോക വിഷയം ലഭിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

3. 'ഐഹികജീവിതത്തില്‍നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട.'

ഇഹലോകത്ത് അല്ലാഹു അനുവദിച്ച കാര്യങ്ങളെ അവഗണിക്കേണ്ടതില്ല. ഇഹലോക സുഖങ്ങളില്‍മാത്രം മുഴുകി ജീവിക്കുവാന്‍ പാടില്ല എന്നേയുള്ളൂ.

4. 'അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മ ചെയ്യുക.'

അല്ലാഹു ചെയ്തു തന്നതും തന്നുകൊണ്ടിരിക്കുന്നതുമായ എണ്ണമറ്റ നന്മകളുണ്ട്. അവയെല്ലാം അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുമ്പോള്‍ അല്ലാഹു ചെയ്യാന്‍ കല്‍പിച്ചതായ നന്മകള്‍ ചെയ്യല്‍ തന്റെ ബാധ്യതയാണെന്ന് ഓര്‍ക്കണം.

5. 'നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്.'

സാമ്പത്തിക ശേഷിയോ അധികാരമോ കായികശക്തിയോ ഉണ്ടെന്നു കരുതി അഹന്തനടിക്കുകയും അതിക്രമം കാട്ടുകയും ചെയ്യുവാന്‍ പാടില്ല.

ക്വാറൂന്‍ അല്ലാഹു നല്‍കിയ സമ്പത്താകുന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല. അല്ലാഹുവിന്റെ  പരീക്ഷണത്തില്‍ അവന്‍ പരാജയപ്പെട്ടു. ധനം ചെലവഴിക്കാതെ കുന്നുകൂട്ടുകയും ധനാഢ്യനായതുകാണ്ട് താന്‍ സുരക്ഷിതനാണെന്ന് ധരിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു പാഠമെന്നോണം അല്ലാഹു ക്വാറൂനെയും അവന്റെ ഭവനത്തെയും ഭൂമിയില്‍ ആഴ്ത്തിക്കളയുകയാണ് ചെയ്തത്.

''ക്വാറൂന്‍ പറഞ്ഞു: എന്റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്. എന്നാല്‍ അവന്നു മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന് അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട് അന്വേഷിക്കപ്പെടുന്നതല്ല. അങ്ങനെ അവന്‍ ജനമധ്യത്തിലേക്ക് ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത് കണ്ടിട്ട് ഇപ്രകാരം പറഞ്ഞു: ക്വാറൂന് ലഭിച്ചത് പോലുള്ളത് ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ! ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് നാശം! വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാണ് കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല. അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല'' (ക്വുര്‍ആന്‍ 28:78-81).

(അവസാനിച്ചില്ല)