ബദ്ര്‍ നല്‍കുന്ന പാഠങ്ങള്‍

മൂസ സ്വലാഹി, കാര

2021 ഏപ്രില്‍ 23 1442 റമദാന്‍ 11

റമദാന്‍ മാസം ആഗതമായാല്‍ സത്യവിശ്വാസികളുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംഭവമാണ് ബദ്ര്‍യുദ്ധം. ഹിജ്റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍,  ഇസ്ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരും മുസ്ലിംകളും തമ്മില്‍ മദീനക്കടുത്തുള്ള ബദ്റില്‍വെച്ചു നടന്ന ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു യുദ്ധമാണത്. ഇസ്ലാമിക ചരിത്രത്തില്‍ അല്ലാഹുവിന്‍റെ നിശ്ചയപ്രകാരം ഏതാനും യുദ്ധങ്ങള്‍ക്ക് നബി ﷺ യും അനുയായികളും സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമാണ് ബദ്ര്‍ യുദ്ധം. ശത്രുക്കളില്‍നിന്ന് നബി ﷺ ക്ക് നേരെയുള്ള പരിഹാസവും ആരോപണങ്ങളും അക്രമവും എതിര്‍പ്പുകളും വര്‍ധിച്ച സാഹചര്യത്തിലാണ് ഈ യുദ്ധത്തിന് അല്ലാഹു അനുമതി നല്‍കിയത്.

സത്യാസത്യവിവേചനത്തിന്‍റെ ദിവസം

മുസ്ലിംകള്‍ വിജയം പുല്‍കിയ ബദ്ര്‍യുദ്ധ ദിനത്തെ 'യൗമുല്‍ ഫുര്‍ക്വാന്‍' (സത്യാസത്യവിവേചനത്തിന്‍റെ ദിവസം) എന്നാണ് ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

അല്ലാഹു പറയുന്നു: "സത്യാസത്യ വിവേചനത്തിന്‍റെ ദിവസത്തില്‍ നമ്മുടെ ദാസന്‍റെമേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കി ല്‍ അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു"(ക്വുര്‍ആന്‍ 8:41).

'ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്' എന്ന വചനത്തിലെ (44:16) 'അല്‍ ബത്ശതുല്‍ കുബ്റാ' (ഏറ്റവും വലിയ പിടുത്തം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബദ്ര്‍ യുദ്ധമാണെന്ന് ഇബ്നു മസ്ഊദ്(റ) അഭിപ്രായപ്പെട്ടതായി കാണാം.

സത്യസന്ധമായും ആത്മാര്‍ഥതയോടെയും വിശ്വാസം നിലനിര്‍ത്തിയവര്‍ക്കാണ് എക്കാലത്തും ശത്രുക്കളില്‍നിന്ന് പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത്.

നബി ﷺ പറഞ്ഞു: "ഏറ്റവും കഠിനമായ പരീക്ഷണം പ്രവാചകന്മാര്‍ക്കാണ്. പിന്നെ അവരെ പിന്‍പറ്റിയവര്‍ക്ക്, പിന്നെ അവരെ പിന്‍പറ്റിയവര്‍ക്ക്." (ബുഖാരി).

ബദ്റിലേക്ക് പുറപ്പെട്ട നബി ﷺ ക്കും അനുചരന്മാര്‍ക്കും ആള്‍ബലവും ആയുധബലവുമല്ല ശക്തിപകര്‍ന്നത്. ഇവ രണ്ടും നന്നെ കുറവായിരുന്നു. ആദര്‍ശബലമാണ് വിജയത്തിന് തുണയായത്. മുന്നൂറോളം വരുന്ന മുസ്ലിം സൈന്യവും ആയിരത്തിലധികം വരുന്ന ശത്രുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ഒരു വലിയ ദൃഷ്ടാന്തമായിട്ടാണ് ക്വുര്‍ആന്‍ വിവരിക്കുന്നത്.

അല്ലാഹു പറയുന്നു: "(ബദ്റില്‍) ഏറ്റുമുട്ടിയ ആ രണ്ടു വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായംകൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്" (ക്വുര്‍ആന്‍ 3:13).

ഇസ്ലാമിക പ്രമാണങ്ങളില്‍നിന്നും സ്വീകാര്യമായ ചരിത്രത്തില്‍നിന്നും ഈ യുദ്ധത്തെ വായിക്കുന്നവര്‍ക്ക് ജീവിതത്തില്‍ വെളിച്ചമേകുന്ന ധാരാളം ഗുണപാഠങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും. അവയില്‍ ചിലത് സൂചിപ്പിക്കാം.

ബദ്രീങ്ങള്‍ പ്രാര്‍ഥിച്ചതും സഹായം തേടിയതും ആരോട്?

ഏത് അവസ്ഥയിലായിരുന്നാലും ശരി ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ അവനോട് മാത്രമെ ചോദിക്കാവൂ എന്നതിനും അതിലൂടെ മാത്രമെ ആഗ്രഹസാഫല്യം സാധ്യമാവുകയുള്ളൂ എന്നതിനുമുള്ള ഏറ്റവും വലിയ തെളിവാണ് ബദ്റില്‍ നടന്ന പ്രാര്‍ഥനയും സഹായതേട്ടവും സത്യത്തിന്‍റെ ആളുകള്‍ക്ക് അല്ലാഹു നല്‍കിയ വിജയവും.

അല്ലാഹു പറയുന്നു: "നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി" (ക്വുര്‍ആന്‍ 8:9).

നബി ﷺ ക്വിബ്ലക്ക് മുന്നിട്ട് രണ്ട് കൈകളും നീട്ടി 'അല്ലാഹുവേ, എനിക്ക് നല്‍കിയ വാഗ്ദാനം നീ പൂര്‍ത്തിയാക്കേണമേ, അല്ലാഹുവേ ഈ ചെറുസംഘത്തെ നീ നശിപ്പിക്കരുത്' എന്നാണ് തേടിയത്. എന്നാല്‍ ഈ മാതൃക പിന്‍പറ്റേണ്ടതിനു പകരം നമ്മുടെ നാട്ടിലെ മുസ്ലിംകളില്‍ അധികവും ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്. ജനങ്ങളെ നേര്‍വഴിയില്‍ നയിക്കേണ്ട പണ്ഡിതന്മാര്‍ പ്രവാചക മാതൃകക്ക് വിരുദ്ധമായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ബദ്റില്‍ രക്തസാക്ഷികളായ സ്വഹാബികളുടെ പേരില്‍ ഒരു മുസ്ലിയാര്‍ എഴുതി വിടുന്നത് കാണുക:

"ഏതേതു പ്രശ്നങ്ങളായിരുന്നാലും ശരി, ഐഹികമാകട്ടെ പാരത്രികമാകട്ടെ, ബദ്രീങ്ങളെ വിളിച്ച് സഹായം തേടിയാല്‍ തീര്‍ച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്ലാമിക പ്രമാണങ്ങളില്‍ അതിന് മതിയായ രേഖകള്‍ സ്പഷ്ടമായിരിക്കെ അത് ശിര്‍ക്കാണെന്നു പറയുന്നവരുടെ തലക്കാണ് വട്ട്" (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ്: 43).

പ്രമാണങ്ങള്‍ പഠിപ്പിച്ചതിന് വിപരീതം പ്രവര്‍ത്തിക്കുന്നവര്‍ യാതൊരു രേഖയും ചൂണ്ടിക്കാണിക്കാനില്ലാതെയാണ് ഈ അപകടം നിറഞ്ഞ വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കുക.  

ബദ്രീങ്ങള്‍ കാവല്‍ നല്‍കുന്നവരോ?

വിശ്വാസികള്‍ ഏതൊരു നന്മ തീരുമാനിച്ചാലും ഭരമേല്‍പിക്കേണ്ടത് അല്ലാഹുവിലാണ്. ബദ്റിലേക്ക് പുറപ്പെട്ട നബി ﷺ യും അനുയായികളും അല്ലാഹുവില്‍ മാത്രമാണ് തവക്കുലാക്കിയത് അഥവാ ഭരമേല്‍പിച്ചത്. ആ ബലം തന്നെയാണ് വിജയത്തിന് ഹേതുവായതും. അല്ലാഹു പറയുന്നു: "...അല്ലാഹു സത്യവിശ്വാസികളുടെ കൂടെ തന്നെയാണ്"(ക്വുര്‍ആന്‍ 8:19).

ഒരു വിശ്വാസി അല്ലാഹുവില്‍ ഭരമേല്‍പിച്ചാല്‍ രക്ഷിതാവായി അല്ലാഹുവിനെ അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്. തവക്കുല്‍ അല്ലാഹുവില്‍ മാത്രമായിരിക്കണമെന്ന ഗുണപാഠം ഉള്‍ക്കൊള്ളേണ്ടതിനു പകരം ബദ്ര്‍ ശുഹദാക്കളുടെമേല്‍ തവക്കുലാക്കാനാണ് മുസ്ലിയാര്‍ പഠിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും.

"ഞങ്ങളുടെ നാഥാ, ബദ്ര്‍ ശുഹദാക്കളുടെ ബര്‍ക്കത്തുകൊണ്ട് ഞങ്ങളുടെ ആശകളെ നിറവേറ്റിത്തരേണമേ.. പരീക്ഷണങ്ങളെയും ക്ലേശങ്ങളെയും തടഞ്ഞുവെക്കേണമേ..ആശീര്‍വാദത്തോ ടെ ഞങ്ങളെ രക്ഷപ്പെടുത്തേണമേ" എന്ന തേട്ടവും (ബദ്ര്‍ മൗലിദ്, പേജ്: 42) മുസ്ലിയാര്‍ പഠിപ്പിക്കുന്നുണ്ട്!

ബദ്ര്‍ ശുഹദാക്കളുടെ നാമങ്ങള്‍ വീടുകളില്‍ എഴുതി കെട്ടിത്തൂക്കിയാല്‍ അതിലൂടെ കാവല്‍ ലഭിക്കുമെന്ന് കള്ളക്കഥകളിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നു. ബദ്ര്‍ മൗലിദില്‍ വന്ന ഒരു കഥ ഇങ്ങനെ വായിക്കാം:

"ഒരാള്‍ തന്‍റെ വീട്ടുവാതിലിന്‍റെ മേലെ കട്ടിലപ്പടിയില്‍ ബദ്രീങ്ങളുടെ നാമങ്ങള്‍ എഴുതിവെച്ച് പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുണ്യമക്കയിലേക്ക് യാത്രതിരിച്ചു. മോഷണ ശ്രമത്തിനിടെ ചില സംസാരവും ആയുധങ്ങളുടെ ചിലമ്പല്‍ ശബ്ദവും അവര്‍ കേട്ടു. ഉടനെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. രണ്ടാം ദിവസവും മൂന്നാം ദിവസവും മോഷ്ടാക്കള്‍ പ്രസ്തുത വീട്ടില്‍ മോഷണശ്രമം നടത്തിയെങ്കിലും ആദ്യ ദിവസത്തെ അനുഭവം ഉണ്ടായതിനാല്‍ നിരാശയോടെ മടങ്ങേണ്ടി വന്നു. ആള്‍താമസമില്ലാത്ത വീട്ടിലെ ഈ അനുഭവം മോഷ്ടാക്കളെ അത്ഭുതപ്പെടുത്തി. മോഷണശ്രമം അവര്‍ ഉപേക്ഷിച്ചു. വീട്ടുടമസ്ഥന്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മോഷ്ടാക്കള്‍ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു: 'താങ്കള്‍ ഹജ്ജിനു പുറപ്പെട്ടപ്പോള്‍ വീടിന്‍റെ സംരക്ഷണാര്‍ഥം എന്തായിരുന്നു ചെയ്തത്? അതൊന്നു പറഞ്ഞു തരണം.' 'വലാ യഊദുഹു ഹിഫ്ദ്വുഹുമാ വഹുവല്‍ അലിയ്യുല്‍ അദ്വീം' എന്ന സൂക്തവും ബദ്രീങ്ങളുടെ നാമങ്ങളും എഴുതിവെച്ചതല്ലാതെ വേറെയൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്ന് വീട്ടുടമസ്ഥന്‍ മറുപടി പറഞ്ഞു. ഇതുകേട്ട് മോഷ്ടാവ് പറഞ്ഞു: 'മനസ്സിലായി, സംരക്ഷണ മരുന്ന് ലഭിച്ചു. അല്ലാഹുവിന് സ്തുതി" (സുന്നിഅഫ്കാര്‍, 2015 ജനുവരി).

ഇങ്ങനെയുള്ള നിര്‍മിതകഥകള്‍ പ്രചരിപ്പിക്കുന്നതുകൊണ്ട് ജനങ്ങള്‍ ശിര്‍ക്കില്‍ അകപ്പെടുന്നു എന്നതല്ലേ വാസ്തവം?

അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നവര്‍

അല്ലാഹുവിന്‍റെ അടിമകളെ സഹായിക്കുക എന്നത് അല്ലാഹുവിന്‍റെ ബാധ്യതയത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കും. അല്ലാഹു നല്‍കുന്ന സഹായത്തിന്‍റെ അവകാശികളാവാന്‍ അടിമകള്‍ ചെയ്യേണ്ടത് അവനെയും സഹായിക്കുക എന്നതാണ്. അതായത് മതത്തിന്‍റെ സംരക്ഷകരാവുക.

അല്ലാഹു പറയുന്നു: "...തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും..." (ക്വുര്‍ആന്‍ 22:40).

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്" (ക്വുര്‍ആന്‍ 47:7).

ബദ്റില്‍ മുസ്ലിം സൈന്യം ദുര്‍ബലമായിരുന്നു. വിശ്വാസത്തിന്‍റെ കാഠിന്യഫലമായി വ്യത്യസ്ത രീതിയിലുള്ള സഹായങ്ങളാണ് അല്ലാഹുവില്‍നിന്ന് ലഭ്യമായത്.

അല്ലാഹു പറയുന്നു: "നിങ്ങള്‍ ദുര്‍ബലമായിരിക്കെ ബദ്റില്‍ വെച്ച് അല്ലാഹു നങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക നിങ്ങള്‍ നന്ദിയുള്ളവരായേക്കാം." (ക്വുര്‍ആന്‍ 3:123).

അല്ലാഹു നല്‍കിയ സഹായങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്:

ഒന്ന്). മലക്കുകളെ ഇറക്കി സഹായിച്ചു: അല്ലാഹു പറയുന്നു: "(നബിയേ) നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). (പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു:) അതെ, നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു ആ പിന്‍ബലം നല്‍കിയത്. (സാക്ഷാല്‍) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍നിന്നു മാത്രമാകുന്നു" (ക്വുര്‍ആന്‍ 3:124-126).

രണ്ട്). മുസ്ലിം സൈന്യം എണ്ണത്തില്‍ കുറവായിരുന്നു. ശത്രുക്കള്‍ നോക്കിയപ്പോള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്ന് തോന്നിക്കുംവിധം മുസ്ലിംകളില്‍ വര്‍ധനയുണ്ടായി. അല്ലാഹു പറയുന്നു: "...(അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്..."(ക്വുര്‍ആന്‍ 3:13).

മൂന്ന്). മഴയിറക്കി സഹായിച്ചു. അല്ലാഹു പറയുന്നു: "അല്ലാഹു തന്‍റെ പക്കല്‍നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കംകൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍നിന്ന് പിശാചിന്‍റെ ദുര്‍ബോധനം നീക്കിക്കളയുന്നതിനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞ് തന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)" (ക്വുര്‍ആന്‍ 8:11).

നാല്). ശത്രുക്കള്‍ക്ക് അല്ലാഹു ഭയം നല്‍കി. അല്ലാഹു പറയുന്നു: "നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്..." (ക്വുര്‍ആന്‍ 8:12).

അഞ്ച്). അല്ലാഹു തന്‍റെ വിജയ വാഗ്ദാനം പൂര്‍ത്തിയാക്കി. അല്ലാഹു പറയുന്നു: "സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതി നുമത്രെ അത്. ദുഷ്ടന്മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി" (ക്വുര്‍ആന്‍ 8:8).

ദൃഢവിശ്വാസമുള്ളവര്‍ക്ക് സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുണയാകുന്ന സഹായം അല്ലാഹുവില്‍ നിന്ന് ലഭിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.

അഹങ്കാരവും ലോകമാന്യവും ആപത്ത്

അല്ലാഹു വിലക്കിയ രണ്ട് ദുസ്സ്വഭാവങ്ങളാണ് അഹങ്കാരവും ലോകമാന്യവും. സത്യത്തെ നിരാകരിക്കലും ജനങ്ങളെ ചെറുതായി കാണലുമാണ് അഹങ്കാരം. എല്ലാ കാലത്തും പ്രവാചകന്മാര്‍ പ്രധാനമായും നേരിട്ട പരീക്ഷണം അഹങ്കാരികളില്‍നിന്നാണ്. അഹങ്കാരികള്‍ക്ക് എന്നും നാശം മാത്രമെ ഉണ്ടായിട്ടുള്ളൂ. കര്‍മങ്ങളില്‍ നിഷ്കളങ്കത ഇല്ലാതാവലാണ് ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രര്‍ത്തിച്ചാല്‍ ഉണ്ടാകുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹു ആരില്‍നിന്നും സ്വീകരിക്കുകയില്ല. ശത്രുസൈന്യം യുദ്ധത്തിന് പുറപ്പെട്ടത് ഈ രണ്ട് ദുര്‍ഗുണങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ്. അത് വിശ്വാസികളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് അല്ലാഹു താക്കീത് നല്‍കുന്നുമുണ്ട്. അല്ലാഹു പറയുന്നു:

"ഗര്‍വ്വോട് കൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെപ്പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു" (ക്വുര്‍ആന്‍ 8:47).

പിശാച് മനുഷ്യന്‍റെ മുഖ്യശത്രു

പിശാച് മനുഷ്യന്‍റെ മുഖ്യശത്രുവാണെന്ന് സംശയലേശമന്യെ അല്ലാഹു ബോധ്യപ്പെടുത്തിത്തന്ന യുദ്ധമാണ് ബദ്ര്‍. ചീത്ത പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിച്ച് ചതിയില്‍ ചാടിക്കുക എന്നതാണ് പിശാചിന്‍റെ കുതന്ത്രം. ശത്രുപക്ഷത്തിന് അവരുടെ പ്രവര്‍ത്തനങ്ങളെ ശൈത്വാന്‍ ഭംഗിയാക്കി തോന്നിച്ചു. അവര്‍ ചതിയില്‍ അകപ്പെട്ടു, എന്ന് മാത്രമല്ല അവസാനം അവന്‍ പിന്തിരിയുകയും ചെയ്തു. അല്ലാഹു പറയുന്നു:

"ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ അന്യോന്യം കണ്ടുമുട്ടിയപ്പോള്‍ എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്മാറിക്കളഞ്ഞു" (ക്വുര്‍ആന്‍ 8;48).

മനുഷ്യന്‍റെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പിശാച് കിണഞ്ഞു ശ്രമിക്കും. ആത്മാര്‍ഥതയില്ലാത്ത വിശ്വാസികളെ അവന് പെട്ടെന്ന് പിഴപ്പിക്കുവാന്‍ സാധിക്കും. അല്ലാഹുവിനോടേ പ്രാര്‍ഥിക്കൂ എന്ന ആദര്‍ശം മുറുകെ പിടച്ചതിന്‍റെ പേരില്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും രക്തസാക്ഷികളാവുകയും ചെയ്തവരെ വിളിച്ച് തേടുന്ന ദുരവസ്ഥയിലേക്ക് മുസ്ലിംകള്‍ എത്തിനില്‍ക്കുന്നുവെങ്കില്‍ അത് പിശാചിന്‍റെ വിജയമാണ്. പൈശാചികതയെ തോല്‍പിക്കാന്‍ കഴിയുന്ന വിശ്വാസ ദാര്‍ഢ്യമാണ് നോമ്പുകൊണ്ട് നാം നേടിയെടുക്കേണ്ടത്.