ഇസ്‌ലാമിക വ്യക്തിത്വം: മദ്‌റസാ പഠനത്തിന്റെ പ്രതിഫലനങ്ങള്‍

ഡോ. ടി.കെ യൂസുഫ്

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

മലബാറിലെ മാപ്പിള മക്കളില്‍ മഹാഭൂരിപക്ഷവും മദ്‌റസ പഠനം പൂര്‍ത്തിയാക്കിയവരാണ്. രാവിലെയും രാത്രിയിലും മദ്‌റസയില്‍ പോയവരും രാവിലെ മാത്രം പോയവരും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം മതം പഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്. വീടുകളിലേക്ക് ഉസ്താദുമാരെ വരുത്തി പഠിച്ചവരും ഇല്ലാതില്ല. കേരളത്തിലെ എല്ലാ മതസംഘടനകള്‍ക്കും മദ്‌റസാ വിദ്യാഭ്യാസത്തിന് പ്രത്യേക വകുപ്പും പാഠ്യപദ്ധതിയുമുണ്ട് എന്നത് ശുഭോതര്‍ക്കമാണ്.  

മദ്‌റസാ പഠനം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരുടെ ധാര്‍മിക, സദാചാര ജീവിതത്തില്‍ മതപഠനം വല്ല സ്വാധീനവും ചെലുത്തുന്നുണ്ടോ? ഇസ്‌ലാമിക ശരീഅത് കഠിനശിക്ഷകള്‍ വിധിക്കുന്ന അക്രമം, കൊലപാതകം, മോഷണം, വ്യഭിചാരം എന്നീ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ മദ്‌റസയിലും ഓത്തുപള്ളിയിലും പോകാത്തവരാണോ? മദ്‌റസയില്‍ പഠിച്ച മുസ്‌ലിം കുട്ടികള്‍ക്ക് മതപഠനം ലഭിച്ചിട്ടില്ലാത്ത ഹിന്ദു കുട്ടികളെ അപേക്ഷിച്ച് വല്ല സവിശേഷതകളുമുണ്ടോ?

കേരളത്തില്‍ അല്ലെങ്കില്‍ മലബാറില്‍ ഉള്ളത് പോലുള്ള അടുക്കും ചിട്ടയുമുള്ള ഒരു മദ്‌റസാ പഠനം ലോകത്ത് മറ്റെവിടെയെങ്കിലും കാണപ്പെടുമോ എന്ന കാര്യം സംശയമാണ്. ക്വുര്‍ആനും സുന്നത്തും വിശദമായി പഠിപ്പിക്കപ്പെടുന്നില്ലെങ്കിലും അവയിലെ പ്രധാന തത്ത്വങ്ങളുടെ സാരാംശങ്ങള്‍ മദ്‌റസാ പാഠ പുസ്തകങ്ങളില്‍ അടങ്ങിയിട്ടുണ്ട്. മദ്‌റസാ പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ഥിക്ക് ക്വുര്‍ആന്‍, ഹദീഥ്, വിശ്വാസ കാര്യങ്ങള്‍, കര്‍മശാസ്ത്ര വിധികള്‍, ഇസ്‌ലാമിക ചരിത്രം, സ്വഭാവകാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അത്യാവശ്യ വിവരങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇസ്‌ലാമിക വ്യക്തിത്വവും ഐഡന്റിറ്റിയും കാത്തുസൂക്ഷിക്കുന്നവരായി ഇവരില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണുള്ളത്.

കേരളത്തിലെ ഗവര്‍മെന്റ്, എയിഡഡ് സ്‌കൂളുകളില്‍ വിവിധ മദ്‌റസകളില്‍ പഠനം നടത്തുന്ന മുസ്‌ലിം വിദ്യാര്‍ഥികളും, മദ്‌റസകളിലും പള്ളിദര്‍സുകളിലും മതപഠനം നടത്താത്ത അമുസ്‌ലിം വിദ്യര്‍ഥികളും പഠിക്കുന്നുണ്ട്. ഇത്തരം കലാലയങ്ങളിലെ അച്ചടക്ക, ധാര്‍മിക, സദാചാര, പഠന രംഗങ്ങളില്‍ മദ്‌റസാ വിദ്യാര്‍ഥികളില്‍ അല്‍പം ചിലരിലൊഴിച്ച് പറയത്തക്ക സവിശേഷതകള്‍ ഒന്നും കാണപ്പെടുന്നില്ല. എന്നല്ല അപൂര്‍വം ചില അവസരങ്ങളില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ മതത്തിന് നിരക്കാത്തത് ചെയ്ത് പറയിപ്പിക്കാറുമുണ്ട്.

ഇസ്‌ലാമിക വ്യക്തിത്വം എന്ന് പറയുമ്പോള്‍ അതിന് പ്രധാനമായും രണ്ടു തലങ്ങളാണുള്ളത്. ഒന്ന് ഇസ്‌ലാം പഠിപ്പിക്കുന്ന ധാര്‍മിക, സദാചാര മൂല്യങ്ങള്‍ മുറുകെപിടിച്ച് ഭക്തരായി ജീവിക്കുക എന്നതാണ്. രണ്ടാമത്തേത് വസ്ത്രധാരണത്തിലും വേഷവിധാനത്തിലും മുസ്‌ലിം ഐഡന്റിറ്റി കാത്തുസൂക്ഷിക്കുക എന്നതും. ഇവയില്‍ ധാര്‍മിക, സദാചാര മൂല്യങ്ങള്‍ ഓരോ മനുഷ്യനും നൈസര്‍ഗിക മായി നല്‍കപ്പെടുന്നതാണെന്നാണ് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.

അല്ലാഹു പറയുന്നു: ''മനുഷ്യാസ്തിത്വവും അതിനെ സംവിധാനിച്ച രീതിയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തു. തീര്‍ച്ചയായും അതിനെ പരിശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു'' (അശ്ശംസ്:7-10).

ഓരോ മനുഷ്യന്നും നന്മതിന്മകളെക്കുറിച്ചുള്ള ബോധം ജന്മസിദ്ധമായി നല്‍കപ്പെട്ടിരിക്കുന്നു എന്നാണ് ക്വുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. നാഗരികതയും വിദ്യാഭ്യാസവുമുള്ള പരിഷ്‌കൃത സമൂഹത്തിലും കാടുകളില്‍ ജീവിക്കുന്ന അപരിഷ്‌കൃതരിലും നമുക്ക്  ധാര്‍മികത ദര്‍ശിക്കാന്‍ കഴിയും. നാഗരികതയില്‍നിന്നും വിദൂരത്ത് താമസിക്കുന്ന ആദിവാസികള്‍ മദ്‌റസയില്‍ പോകുകയോ മതപഠനം നടത്തുകയോ ചെയ്യുന്നില്ല. എങ്കിലും ചില സദാചാര നിയമങ്ങള്‍ അവര്‍ ജീവിതത്തില്‍ പുലര്‍ത്തിവരുന്നതായി നമുക്ക് കാണാം. കളവ്, വഞ്ചന, വ്യഭിചാരം, കൊലപാതകം പോലുള്ളവയെയെല്ലാം അവര്‍ പാപമായിട്ട് തന്നെയാണ് ഗണിക്കുന്നത്. സദാചാര രംഗത്ത് കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന പാശ്ചാത്യരുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ലൈംഗിക അപവാദത്തിലും വഴിവിട്ട ബന്ധങ്ങളിലും അകപ്പെട്ടവരെ തെരഞ്ഞെടുപ്പ് രംഗത്തും മറ്റും അയോഗ്യതയുള്ളവരായി കണക്കാക്കുന്നതായി കാണാം. വ്യക്തിജീവിതത്തില്‍ ധാര്‍മികത പുലര്‍ത്താത്തവര്‍ പലപ്പോഴും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാറാണുള്ളത്.

മൂല്യങ്ങളെ വളര്‍ത്താനും പരിപോഷിപ്പിക്കാനും മാത്രമെ വിദ്യാഭ്യാസത്തിലൂടെ സാധ്യമാവുകയുള്ളൂ. മദ്‌റസിയില്‍ പോകാത്ത അന്യമതസ്ഥരായ കുട്ടികള്‍ കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും പുലര്‍ത്തുന്നത് ഈ ദൈവികമായ നൈസര്‍ഗിക ബോധംകൊണ്ടാണ്.

വിദ്യാര്‍ഥികളുടെ ധാര്‍മിക, സദാചാര മൂല്യങ്ങള്‍ പരിപോഷിപ്പിക്കുന്ന രംഗത്ത് മദ്‌റസാഅധ്യാപര്‍ക്ക് പ്രവാചകന്മാരുടെ ദൗത്യമാണ് നിര്‍വഹിക്കാനുള്ളത്. തങ്ങളുടെ ദൗത്യത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമുള് ള അറിവ് അവര്‍ക്കില്ലാതെ പോകുമ്പോള്‍ കുട്ടികളുടെ ധാര്‍മിക നിലവാരം മദ്‌റസ കാണാത്തവരെക്കാളും താഴ്ന്നതായിരിക്കും.

ജാഹിലിയ്യ കാലത്ത് മദ്യത്തിലും മദിരാക്ഷിയിലും യുദ്ധങ്ങളിലും മുഴുകിയിരുന്ന ജനതയെ പ്രവാചകന്‍ ﷺ ക്വുര്‍ആന്‍ വചനങ്ങളിലൂടെ സംസ്‌കരിച്ച് ലോകോത്തര സമുദായമായി മറ്റിയെന്ന് പറഞ്ഞ് നാം ഗര്‍വ് നടിക്കുമ്പോഴും അത്രയൊന്നും അപരിഷ്‌കൃതമല്ലാത്ത നമ്മുടെ കുഞ്ഞുങ്ങളെ ജാഹിലിയ്യത്തിന്റെ വക്താക്കളായി മാറുന്നതില്‍നിന്നും നമുക്ക് രക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

പ്രവാചക ദൗത്യത്തെ കുറിച്ച് അല്ലാഹു പറയുന്നുത് ഇപ്രകാരമാണ്: ''തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതി ക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ. അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (ക്വുര്‍ആന്‍ 3:164).

മദ്‌റസയില്‍ ഉസ്താദുമാര്‍ വേദം ഓതിക്കൊടുക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളെ സംസ്‌കരിക്കാത്തത് കൊണ്ടാണ് ധാര്‍മിക മൂല്യങ്ങളുടെ രംഗത്ത് അവര്‍ പിറകിലാകുന്നത്. വേദവചനങ്ങള്‍ പാരായണം ചെയ്തതുകൊണ്ട് മാത്രം ആരും സംസ്‌കാര സമ്പന്നരായിത്തീരുകയില്ല. അതുകൊണ്ടാണ് ക്വുര്‍ആന്‍ പ്രവാചക ദൗത്യമായ ഓതിക്കേള്‍പിക്കുക, സംസ്‌കരിക്കുക, പഠിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങളും പ്രത്യേകമായി എടുത്ത് പറയുന്നത്. നമ്മുടെ ഉസ്താദുമാര്‍ വിദ്യാര്‍ഥികള്‍ക്ക് ദൈവ വചനങ്ങള്‍ ഓതിക്കേള്‍പിക്കുക, പഠിപ്പിക്കുക എന്നീ രണ്ട് കാര്യങ്ങള്‍ സാമാന്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെങ്കിലും, സംസ്‌കരിക്കുക എന്ന കടമ കൃത്യമായി നിര്‍വഹിക്കുന്നില്ല. കാരണം എങ്ങനെയാണ് അത് നിര്‍വഹിക്കേണ്ടത് എന്നവര്‍ക്ക് നിശ്ചയമില്ല. (എല്ലാവരും ഇങ്ങനെയാണ് എന്നല്ല പറയുന്നത്).

മദ്‌റസാ അധ്യാപകര്‍ അറിവില്ലാത്തവരും അയോഗ്യരുമാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ, അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും തമ്മിലുള്ള അന്തരം ഇല്ലാതാക്കിയാല്‍ വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിയും. ഈ സമുദായത്തിന്റെ ഭാവി തലമുറകളെ വാര്‍ത്തെടുക്കേണ്ട കളിമണ്ണ് ഇപ്പോള്‍ എന്റെ കയ്യിലാണ് എന്ന ബോധം ഓരോ മദ്‌റസാ അധ്യാപനും ഉണ്ടായിരിക്കേണ്ടതാണ്. മുസ്‌ലിം സമുദായത്തിന് അവരുടെ മതവിജ്ഞാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് മദ്‌റസകളില്‍നിന്ന് തന്നെയാണ്. തുടര്‍ മതപഠനം നടത്തുന്നവര്‍ക്കുള്ള അടിത്തറയും ഈ വിദ്യാഭ്യാസം തന്നെയാണ്. ഈ ഉത്തരവാദിത്ത ബോധമില്ലാതെ കേവലം ഒരു ഏര്‍പ്പാട് എന്ന നിലക്കാണ് പല അധ്യാപകരും അധ്യയനത്തിലേര്‍പ്പെടുന്നത്. അധ്യാപകരുടെ സേവന, വേതന വ്യവസ്ഥകളിലെ അപര്യാപ്തതകള്‍ ഒരു കാരണവശാലും  അവരുടെ ദൗത്യനിര്‍വഹണ രംഗത്ത് ഒരു തടസ്സമായി നില്‍ക്കാന്‍ പാടില്ല. വളരെ നല്ല മനസ്സോടെ ആത്മാര്‍ഥമായി അവര്‍ തങ്ങളുടെ കടമ നിര്‍വഹിക്കുകയാണെങ്കില്‍ പാരത്രിക ജീവിതത്തില്‍ ഇത് ഒരു മുതല്‍ക്കൂട്ടായി മാറുന്നതാണ്.  

ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ രണ്ടാമത്തെ പ്രതിഫലനം ഇസ്‌ലാമിക വസ്ത്രധാരണ രീതിയാണ്. മുസ്‌ലിംകള്‍ക്ക് ഒരു പ്രത്യേക വസ്ത്രമോ വേഷമോ ഇല്ല. ഏത് വസ്ത്രവും അവര്‍ക്ക് ധരിക്കാവുന്നതാണ്. പെണ്‍കുട്ടികളാണെങ്കില്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള ഭാഗങ്ങള്‍ മറച്ചിരിക്കണമെന്ന് മാത്രം. ആണ്‍കുട്ടികള്‍ അവരുടെ വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴക്കുകയും ചെയ്യരുത്. ഒരു വിശ്വാസിയുടെ വസ്ത്രം അവന്റെ കണങ്കാലിന്റെ പകുതിവരെയാണ്. ഞെരിയാണി വരെ ആകുന്നതിന് വിരോധമില്ല, ഞെരിയാണിക്ക് കീഴെ വരുന്നത് നരകത്തിലാണ് എന്ന വസ്തുത ധാരാളം ഹദീഥുകളില്‍ വ്യക്തമാക്കപ്പെട്ടതാണ്. ആദ്യകാലത്ത് മദ്‌റസാ അധ്യാപകര്‍ ഈ കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് അധ്യാപരില്‍ ബഹുഭൂരിഭാഗവും വസ്ത്രധാരണത്തിന്റെ രംഗത്ത് മാതൃകായോഗ്യരല്ല എന്ന് പറയോണ്ടിവരും. യാതൊരു മുതല്‍മുടക്കും അധ്വാനവും ആവശ്യമില്ലാത്ത, അനുഷ്ഠിക്കാന്‍ പറ്റുന്ന വളരെ ലഘുവായ ഇക്കാര്യത്തില്‍ പോലും പ്രവാചക നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ പോകുന്നുവെന്നത് മദ്‌റസാ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഒരു വിരോധാഭാസമാണ്. കേരളത്തിലെ മുസ്‌ലിം ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനവും വസ്ത്രധാരണത്തിന്റെ കാര്യത്തിലെ പ്രവാചക നിര്‍ദേശങ്ങള്‍ പാലിക്കാത്തവരാണ്. യഥാസ്ഥിതികരുടെ മദ്‌റസാ അധ്യാപകര്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മാതൃകയാണെങ്കിലും അവരില്‍ നിന്ന് പഠിച്ച് പുറത്തിറങ്ങുന്ന നല്ലൊരു ശതമാനവും ഇത് ജീവിത്തില്‍ പകര്‍ത്താത്തവരാണ്.

ഉത്തരേന്ത്യയിലെ മദ്‌റസകളില്‍ പഠിച്ച മൗലാനമാര്‍ വേഷത്തിന്റെ കാര്യത്തില്‍ നൂറ് ശതമാനവും ഇസ്‌ലാമികമായിരിക്കും. തൊപ്പിയും താടിയും പൈജാമയും കുര്‍ത്തയും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരിക്കും. ഇസ്‌ലാമിക സംസ്‌കാരത്തിലും ധാര്‍മിക മൂല്യങ്ങളിലും അവര്‍ അത്രയൊന്നും മികവ് പൂലര്‍ത്തുന്നില്ല എന്നാണ് അനുമാനം. ഉത്തരേന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ മദ്‌റസാ വിദ്യാര്‍ഥികളെ അമുസ്‌ലിം വിദ്യാര്‍ഥികളില്‍നിന്നും ഒറ്റനോട്ടത്തില്‍ തന്നെ വേര്‍തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ കേരളത്തില്‍ പൊതുവെ ഈ വേര്‍തിരിവ് കാണാന്‍ സാധ്യമല്ല.

ഇസ്‌ലാമിക വ്യക്തിത്വം എന്നത് കേവലം വേഷവിധാനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. വാക്കിലും വിചാരത്തിലും കര്‍മങ്ങളിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം അത് ദൃശ്യമാകേണ്ടതുണ്ട്. മദ്‌റസയില്‍ പഠിച്ച ഒരു വിദ്യാര്‍ഥി മതകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതോെടാപ്പം ജീവിതത്തിലുടനീളം ധാര്‍മിക, സദാചാര നിയമങ്ങള്‍ മുറുകെപിടിക്കുകയും വേണം. ഇസ്‌ലാമിക പ്രബോധനത്തില്‍ പ്രഭാഷണങ്ങളെക്കാള്‍ പ്രധാനം വ്യക്തികളുടെ ജീവിതമാണ്. ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണരംഗത്ത് മുസ്‌ലിംകളുടെ വ്യക്തിത്വം വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഇസ്‌ലാമിക വ്യക്തിത്വം പ്രതിഫലിക്കുന്ന മുസ്‌ലിംകള്‍ക്ക് മാത്രമെ വര്‍ത്താമാനകാലത്ത് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കാന്‍ സാധ്യമാവുകയുള്ളൂ. മുസ്‌ലിം നവമുകുളങ്ങളുടെ ശില്‍പികള്‍ എന്ന നിലയ്ക്ക് മദ്‌റസാ അധ്യാപകരുടെ ദൗത്യം വിലമതിക്കാനാവാത്തതാണ്.