പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 നവംബര്‍ 06 1442 റബിഉല്‍ ആഖിര്‍ 01

(ഭാഗം: 02)

2. ബ്രഷ് ചെയ്യുന്നതിന്റെ പ്രാധാന്യം

പൊതുവെ മിക്ക മലയാളികളും ദിവസവും രാവിലെ ഉറക്കമുണര്‍ന്നാലും രാത്രി ഭക്ഷണം കഴിച്ച് കിടക്കാന്‍ പോകുന്ന വേളയിലും ദന്തശുദ്ധി വരുത്താറുണ്ട്. ഈ വിഷയത്തില്‍ അലസത കാണിക്കുന്നവരുമുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ ദന്തശുദ്ധി വരുത്തുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. മിസ്‌വാക്ക് ചെയ്യല്‍ അഥവാ പല്ലുകള്‍ വൃത്തിയാക്കല്‍ പുണ്യം ലഭിക്കുന്ന കാര്യംകൂടിയാണ്.

നബി ﷺ അവിടുത്തെ ജീവിതത്തില്‍ മിസ്‌വാക്ക് ചെയ്തിരുന്ന സമയങ്ങളും സന്ദര്‍ഭങ്ങളും നമുക്ക് മനസ്സിലാക്കാം.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ''എന്റെ സമുദായത്തിന് ബുദ്ധമുട്ടില്ലായിരുന്നു വെങ്കില്‍ എല്ലാ നമസ്‌കാരത്തിന്റെയും കൂടെ (നിര്‍ബന്ധമായും) മിസ്‌വാക്ക് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു.'' (ബുഖാരി)

നബി ﷺ യില്‍ നിന്ന് ഇത് കേട്ട അനുചരന്മാര്‍ ഈ കാര്യത്തില്‍ ശ്രദ്ധ കാണിച്ചവരായിരുന്നു. നിര്‍ബന്ധമല്ലെങ്കിലും ഒരു നബിചര്യ എന്ന നിലയില്‍ ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നാം ശ്രമിക്കേണ്ടതുണ്ട്.

ഇബ്‌നു ഉമര്‍(റ) പറയുന്നു: ''നബി ﷺ മിസ്‌വാക്ക് (ബ്രഷ്) ചെയ്യാനുള്ള അറാക്കു പോലുള്ള വസ്തു തന്റെ തലഭാഗത്ത് വെച്ചുകൊണ്ടല്ലാതെ ഉറങ്ങാറുണ്ടായിരുന്നില്ല; ഉണരുമ്പോള്‍ ആദ്യം ബ്രഷ് ചെയ്യുകയും ചെയ്യുമായിരുന്നു.'' (അഹ്മദ്)

ഇമാം നവവി(റഹി) പറയുന്നു: ''മിസ്‌വാക്ക് ചെയ്യല്‍ എല്ലാ അവസരങ്ങളിലും ഉത്തമമാണ്. എന്നാല്‍ ആറു സമയങ്ങളില്‍ അത് കൂടുതല്‍ പുണ്യകരമാണ്.

1. നമസ്‌കാരത്തിലേക്ക് ഒരുങ്ങുമ്പോള്‍.

2. വുദൂഅ് (അംഗശുദ്ധി) നിര്‍വഹിക്കുമ്പോള്‍.

3. ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങുമ്പോള്‍.

4. വീട്ടില്‍ പ്രവേശിച്ചാല്‍.

മിഖ്ദാദ് ഇബ്‌നുശുറൈഹ്(റ) തന്റെ പിതാവില്‍ നിന്ന്: ''ഞാന്‍ ആഇശ(റ)യോട് ചോദിച്ചു: 'നബി ﷺ വീട്ടില്‍ പ്രവേശിച്ചാല്‍ ആദ്യമായി ചെയ്തിരുന്ന കാര്യം എന്തായിരുന്നു?' അവര്‍ പറഞ്ഞു: 'ദന്തശുദ്ധിവരുത്തലായിരുന്നു.'' (മുസ്‌ലിം)

5. ഉറക്കില്‍നിന്നും ഉണരുമ്പോള്‍.

6. വായ പകര്‍ച്ചയായാല്‍.

വായക്ക് പകര്‍ച്ചവരല്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കല്‍, ദീര്‍ഘസമയം ഭക്ഷണം കഴിക്കാതിരിക്കല്‍, ദുര്‍ഗന്ധമുള്ള വസ്തുക്കള്‍ ഭക്ഷിക്കല്‍, അധികസമയം സംസാരിക്കുക എന്നിവകൊണ്ടെല്ലാം വായക്ക് പകര്‍ച്ചയുണ്ടാകാം.''

3. സ്വുബ്ഹിയുടെ റവാതിബ് സുന്നത്തിലെ ക്വുര്‍ആന്‍ പാരായണം

ആഇശ(റ) നിവേദനം: ''നബി ﷺ സ്വുബ്ഹി നമസ്‌കാരത്തിന്റെ ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയില്‍ ലഘുവായ രണ്ടു റക്അത്ത് നമസ്‌കാരം നിര്‍വഹിക്കുമായിരുന്നു.'' (ബുഖാരി)

ആഇശ(റ) നിവേദനം; അവര്‍ പറഞ്ഞു: ''നബി ﷺ സ്വുബ്ഹി നമസ്‌കാരത്തിന്റെ മുമ്പ് ലഘുവായി രണ്ടു റക്അത്ത് നമസ്‌കരിക്കുമായിരുന്നു. ഉമ്മുല്‍കിതാബ് (സൂറത്തുല്‍ ഫാതിഹ) പാരായണം ചെയ്തുവോ എന്ന് ഞാന്‍ പറഞ്ഞുപോകുമാറ് (ലഘുവായി)'' (ബുഖാരി)

സ്വുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് റവാതിബ് സുന്നത്തില്‍ ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യാവുന്നതാണ്.

അബൂഹുറയ്‌റ(റ) നിവേദനം: ''നബി ﷺ സ്വുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്തു നമസ്‌കാരത്തില്‍ ക്വുല്‍ യാ അയ്യുഹല്‍ കാഫിറൂനും ക്വുല്‍ ഹുവല്ലാഹു അഹദുമാണ് പാരായണം ചെയ്തിരുന്നത്.'' (മുസ്‌ലിം)

എന്നാല്‍ നബി ﷺ ഈ നമസ്‌കാരത്തില്‍  ആദ്യത്തെ റക്അത്തില്‍ സൂറത്തുല്‍ ബക്വറയിലെ 136ാമത്തെ ആയത്തും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുആലുഇംറാനിലെ 52ാമത്തെ ആയത്തും പാരായണം ചെയ്തിരുന്നു എന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''നബി ﷺ സ്വുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരത്തില്‍ 'ക്വൂലൂ ആമന്നാ ബില്ലാഹി' (അല്‍ബക്വറ: 136) എന്ന വചനവും 'ആമന്നാ ബില്ലാഹി വശ്ഹദ് ബി അന്നാ മുസ്‌ലിമൂന്‍' (ആലുഇംറാന്‍: 52) എന്ന വചനവും പാരായണം ചെയ്യുമായിരുന്നു.'' (മുസ്‌ലിം)

നബി ﷺ സ്വുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് റവാതിബ് സുന്നത്തിലെ ആദ്യത്തെ റക്അത്തില്‍ സൂറത്തുല്‍ ബക്വറയിലെ 136ാമത്തെ ആയത്തും, രണ്ടാമത്തെ റക്അത്തില്‍ സൂറത്തുആലുഇംറാനിലെ 64ാമത്തെ ആയത്തും പാരായണം ചെയ്തിരുന്നു എന്നും ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''നബി ﷺ സ്വുബ്ഹിക്ക് മുമ്പുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരത്തില്‍ 'ക്വൂലൂ ആമന്നാ ബില്ലാഹി' (അല്‍ബക്വറ: 136) എന്ന വചനവും 'തആലൗ ഇലാ കലിമതിന്‍ സവാഇന്‍ ബയ്‌നനാ വ ബയ്‌നകും' (ആലുഇംറാന്‍: 64) എന്ന വചനവും പാരായണം ചെയ്യുമായിരുന്നു.'' (മുസ്‌ലിം)

മേല്‍ സൂചിപ്പിച്ച ക്വുര്‍ആനിക വചനങ്ങളുടെ സാരം ഇപ്രകാരമാണ്;

''നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചുകിട്ടിയതിലും, ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാക്വിനും യഅ്ക്വൂബിനും യഅ്ക്വൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും; മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതി(സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു.'' (2:136)

''എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.'' (3:52)

''(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക; ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.'' (3:64)

4. യാത്ര കഴിഞ്ഞെത്തിയാല്‍ രണ്ട് റക്അത്ത് നമസ്‌കരിക്കല്‍

നമ്മളെല്ലാവരും ജീവിതത്തിലെ പല ആവശ്യാര്‍ഥവും യാത്രകള്‍ നടത്താറുണ്ട്. ജോലിക്ക്, കച്ചവടത്തിന്, പര്‍ച്ചേയ്‌സിന്, രോഗ ചികിത്സക്ക്... തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാത്തവരായി നമ്മില്‍ ആരുമുണ്ടാവില്ല. എങ്ങോട്ട് യാത്ര നടത്തിയാലും തിരിച്ച് വീട്ടിലെത്തുക എന്നതാണ് മനസ്സുകളുടെ തേട്ടം. യാത്ര കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമായ ചില സുന്നത്തുകളുണ്ട്.

ഒരു യാത്ര ചെയ്ത് തിരിച്ചുവരുമ്പോള്‍ സ്വന്തം നാട്ടിലെത്തിയാല്‍ പള്ളിയില്‍ കയറി രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച ശേഷം വീട്ടില്‍ പ്രവേശിക്കുക എന്നത് പ്രവാചക ചര്യയില്‍ പെട്ടതാണ്.

കഅബ്(റ) നിവേദനം: ''നബി ﷺ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആദ്യം പള്ളിയില്‍ കയറി രണ്ടു റക്അത്ത് നമസ്‌കരിക്കുമായിരുന്നു.'' (ബുഖാരി)

മറ്റൊരു ഹദീഥ് കാണുക: ജാബിര്‍(റ) നിവേദനം: ''ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യുദ്ധത്തിനായി പുറപ്പെട്ടു. എന്നാല്‍ എന്റെ ഒട്ടകവും എന്റെ അസുഖവും എന്നെ താമസിപ്പിച്ചു കളഞ്ഞു. പക്ഷേ, നബി ﷺ എന്റെ മുമ്പായി എത്തിച്ചേര്‍ന്നു. ഞാന്‍ രാവിലെ പള്ളിയുടെ അടുത്തെത്തിയപ്പോള്‍ നബി ﷺ യെ വാതിലിനടുത്ത് കണ്ടു. അന്നേരം അവിടുന്ന് എന്നോട് ചോദിച്ചു: 'നീ ഇപ്പോഴാണോ എത്തുന്നത്?' ഞാന്‍ 'അതെ' എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: 'നീ നിന്റെ ഒട്ടകത്തെ വിട്ട് (പള്ളിയില്‍) പ്രവേശിച്ച് നമസ്‌കരിക്കുക.' അങ്ങനെ ഞാന്‍ പള്ളിയില്‍ പ്രവേശിച്ച് രണ്ടുറക്അത്ത് നമസ്‌കരിച്ചു തിരിച്ചുവന്നു.'' (ബുഖാരി, മുസ്‌ലിം)

5. ബാങ്കിനുശേഷം നബി ﷺ യുടെമേല്‍ സ്വലാത്ത് ചൊല്ലലും വസ്വീലയെ ചോദിക്കലും

ദിവസവും അഞ്ചുനേരങ്ങളില്‍ നമസ്‌കാരസമയം ആയി എന്നറിയിക്കുന്നതിന് വേണ്ടി മുഅദ്ദിന്‍ (ബാങ്ക് വിളിക്കുന്നയാള്‍) പള്ളിയില്‍നിന്നും ബാങ്ക് വിളിക്കാറുണ്ട്. ഈ വിളിയാളം ഇല്ലാത്ത നാടുകളുണ്ടോ എന്ന് സംശയമാണ്.

മുസ്‌ലിമായ ഒരാള്‍ ബാങ്കുവിളി കേള്‍ക്കുന്ന സമയത്ത് ബാങ്കിലെ പദങ്ങള്‍ അതുപോലെ പറയുകയും ശേഷം പ്രവാചകന്‍ ﷺ പഠിപ്പിച്ച, ബാങ്കിനുശേഷമുള്ള പ്രാര്‍ഥന നിര്‍വഹിക്കലും നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലലും സുന്നത്തില്‍പെട്ടതാണ്. ഇന്ന് ഈയൊരു സുന്നത്ത് വളരെ അപൂര്‍വമായി മാത്രമേ മുസ്‌ലിംകളില്‍ കണ്ടുവരുന്നുള്ളൂ. ജോലിസ്ഥലങ്ങളിലും കടകളിലും സ്ഥാപനങ്ങളിലും തിരക്കിലാകുന്ന സമയങ്ങളിലാണല്ലോ ബാങ്ക് കേള്‍ക്കല്‍ പതിവുള്ളത്. അതുകൊണ്ടുതന്നെ ബാങ്ക് കേട്ടാല്‍ നമസ്‌കരിക്കാന്‍ പോകണമെന്ന ചിന്തക്കപ്പുറത്ത് ബാങ്കിലെ വാചകങ്ങള്‍ ഏറ്റുപറയലും സ്വലാത്ത് ചൊല്ലലും പ്രാര്‍ഥനയും നിര്‍വഹിക്കാന്‍ ശ്രദ്ധിക്കാറില്ല പലരും. ചെറിയ ഒരു ശ്രദ്ധകൊണ്ട് ലഭിക്കുന്ന പ്രതിഫലത്തിന്റെ മഹത്ത്വവും വലിപ്പവും നാം അറിയേണ്ടതുണ്ട്.

ബാങ്കിനുശേഷം സ്വലാത്ത് ചൊല്ലുകയും പ്രവാചകനു വേണ്ടി വസ്വീല ചോദിക്കുകയും ചെയ്യുന്നവന്ന് നാളെ പരലോകത്ത് നബി ﷺ യുടെ ശഫാഅത്ത് (ശുപാര്‍ശ) ലഭിക്കുമെന്ന് അവിടുന്ന് അരുളിയിട്ടുണ്ട്.

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''ബാങ്ക് കേള്‍ക്കുന്നവന്‍ അപ്രകാരം പറയുകയും തുടര്‍ന്ന് എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. നിശ്ചയം എന്റെ പേരില്‍ വല്ലവരും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ശേഷം എനിക്കുവേണ്ടി നിങ്ങള്‍ അല്ലാഹുവിനോട് വസ്വീലയെ ചോദിച്ച് പ്രാര്‍ഥിക്കുക. അത് (വസ്വീല) സ്വര്‍ഗത്തിലുള്ള ഒരു പദവിയാണ്. അല്ലാഹുവിന്റെ അടിമകളില്‍ ഒരാള്‍ക്കു മാത്രമാണ് അത് ലഭിക്കുക. അത് ഞാനായിരിക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എനിക്കുവേണ്ടി വസ്വീലയെ ചോദിച്ച് ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവന് അന്ത്യനാളില്‍ എന്റെ ശഫാഅത്ത് (ശുപാര്‍ശ) ലഭിക്കുന്നതാണ്.'' (മുസ്‌ലിം)

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ ഇപ്രകാരം കാണാം;

ജാബിര്‍(റ) നിവേദനം; നബി ﷺ പറഞ്ഞു: ''വല്ലവനും ബാങ്കിനു ശേഷം 'അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅ്‌വതിത്താമത്തി വസ്സ്വലാത്തില്‍ ക്വാഇമതി ആതി മുഹമ്മദനില്‍വസ്വീലത വല്‍ഫള്വീലത വബ്അഥ്ഹു മക്വാമന്‍ മഹ്മൂദനില്ലദീ വഅദ്ത്തഹു' (ഈ പരിപൂര്‍ണമായ പ്രാര്‍ഥനയുടെയും ആസന്നമായ നമസ്‌കാരത്തിന്റെയും രക്ഷിതാവായ അല്ലാഹുവേ, മുഹമ്മദ് നബി ﷺ ക്ക് വസ്വീല, ഫള്വീല എന്നീ സ്ഥാനങ്ങള്‍ നല്‍കേണമേ. നീ വാഗ്ദാനം ചെയ്ത സ്തുത്യര്‍ഹമായ പദവിയിലേക്ക് അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്യേണമേ) എന്നു പ്രാര്‍ഥിച്ചാല്‍ എന്റെ ശുപാര്‍ശ അവന് ലഭിക്കുന്നതാണ്.'' (ബുഖാരി)

(അവസാനിച്ചില്ല)