ഇബ്‌റാഹീം നബിയുടെ ആദര്‍ശ ജീവിതം

ഉസ്മാന്‍ പാലക്കാഴി

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

വിശ്വാസത്തിലും ആദര്‍ശനിഷ്ഠയിലും അല്ലാഹുവിനോടുള്ള കൂറിലും ഏകദൈവ വിശ്വാസത്തോട് പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയിലുമെല്ലാം മനുഷ്യരാശിക്കാകമാനം മാതൃകയാണ് ഇബ്‌റാഹീം നബി(അ). ഒട്ടനവധി വാക്യങ്ങളിലൂടെ ആ മഹദ് ജീവിതത്തിന്റെ വിവിധ വശങ്ങളിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വെളിച്ചം വീശുന്നുണ്ട്.

ഇബ്‌റാഹീം നബി(അ)യുമായി ബന്ധപ്പെട്ട ക്വുര്‍ആനിക പരാമര്‍ശങ്ങളില്‍ 'മില്ലത്ത്' എന്ന പദം പലതവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌റാഹീം നബി(അ) തന്നെ ഒരു സമുദായമായിരുന്നു (ഉമ്മത്ത്) എന്ന് പറയുന്ന ക്വുര്‍ആന്‍ (16:120) അദ്ദേഹത്തിന്റെ ധാര്‍മിക സരണിയെ ചൂണ്ടിക്കാണിക്കാനാണ് മില്ലത്ത് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:

''സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്‌റാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും'' (ക്വുര്‍ആന്‍ 2:130).

ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗം തന്നെയാണ് ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്നത് എന്നും ആ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനം ആത്മാവിനെ മൂഢമാക്കുന്ന പ്രവൃത്തിയാണെന്നും വ്യക്തമാക്കപ്പെടുമ്പോള്‍ ഇബ്‌റാഹീം നബി(അ) പ്രതിനിധാനം ചെയ്തിരുന്ന ഏകദൈവാദര്‍ശത്തില്‍ അധിഷ്ഠിതമായ മാര്‍ഗത്തിന്റെ സവിശേഷത അംഗീകരിക്കപ്പെടുകയാണ്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന് ശ്രേഷ്ഠത ലഭിക്കാനിടയായത് എങ്ങനെയെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക:

''നീ കീഴ്‌പെടുക' എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വലോക രക്ഷിതാവിന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുകകൂടി ചെയ്തു. 'എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്ത് തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന് കീഴ്‌പെടുന്നവരായി(മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)''(ക്വുര്‍ആന്‍ 2:132).

തന്റെ നാഥനെ നിരുപാധികം അനുസരിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ അനുസരിക്കയും ചെയ്യുന്നതില്‍ ഇബ്‌റാഹീം(അ) ചരിത്രത്തിനുതന്നെയും മാതൃകയായി വര്‍ത്തിച്ചു. ഏകദൈവ വിശ്വാസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള സമര്‍പ്പണത്തിലൂടെയാണ് അദ്ദേഹം ചരിത്രത്തിന് മാതൃകയായിത്തീര്‍ന്നത് എന്ന് നിരവധി ക്വുര്‍ആന്‍ വാക്യങ്ങളില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തിന്റെ ഏറ്റവും സുപ്രധാനമായ മേന്മ എന്ത് എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

''ആകയാല്‍ ശുദ്ധമനഃസ്‌കനായ ഇബ്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല'' (ക്വുര്‍ആന്‍ 3:95).

ബഹുദൈവ വിശ്വാസത്തിന്റെയും വിശ്വാസവ്യതിയാനങ്ങളുടെയും വഴിയില്‍നിന്ന് ഋജുവായ മാര്‍ഗത്തിലേക്ക് എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന വ്യക്തി പിന്തുടരേണ്ടത് ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗമാണ്. ഉത്തമമായ മതവും ധര്‍മവും ഏതെന്ന് വിശദീകരിച്ചുകൊണ്ട് ക്വുര്‍ആന്‍ പറയുന്നു:

''സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു'' (4:125).

പൂര്‍ണമായ സമര്‍പ്പണത്തിന്റെയും നിരുപാധികമായ കീഴ്‌വണക്കത്തിന്റെയും കാര്യത്തില്‍ ഇബ്‌റാഹീം നബി(അ)യുടെ മാതൃക അതുല്യമാണ്. അതുകൊണ്ടാണ് സദ്‌വൃത്തരായ ദൈവഭക്തര്‍ക്ക് മാതൃകയായി ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തെ പരാമര്‍ശിക്കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കുകയും ഇസ്‌ലാമിനെ ജീവിതാദര്‍ശമായി സ്വീകരിക്കയും ചെയ്യുന്നവര്‍ നടത്തേണ്ടുന്ന പ്രഖ്യാപനത്തെപ്പറ്റി ക്വുര്‍ആന്‍ പറയുന്നു:

''പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല'' (ക്വുര്‍ആന്‍ 6:161).

നേര്‍മാര്‍ഗത്തിന്റെ പര്യായപദമായിട്ടാണ് ഇബ്‌റാഹീം നബി(അ)യുടെ മാര്‍ഗത്തെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. നിരവധി വചനങ്ങളിലൂടെ ക്വുര്‍ആന്‍ ഇബ്‌റാഹീമീ സരണിയുടെ മേന്മ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുകയാണ്. ക്വുര്‍ആന്‍ മറ്റൊരു വചനത്തിലൂടെ വിശദീകരിക്കുന്നു:

''തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുന്ന നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവ വാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും. പിന്നീട് നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരണമെന്ന് നിനക്ക് ഇതാ നാം ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല'' (ക്വുര്‍ആന്‍ 16:120-123).

രക്തബന്ധത്തെക്കാള്‍ ആദര്‍ശബന്ധത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ടാണ് ഇബ്‌റാഹീം നബി(അ)ജീവിച്ചത്. അദ്ദേഹത്തെ പിന്‍പറ്റുന്നവരും അനുകരിക്കേണ്ടിയിരിക്കുന്നത് അതേ ആദര്‍ശ ജീവിതം തന്നെയാണ്. ആദര്‍ശശാലിയായിരുന്ന ഇബ്‌റാഹീം നബി(അ)യെ പിന്‍പറ്റുന്ന മുസ്‌ലിംകള്‍ മാത്രമാണ് അദ്ദേഹവുമായുള്ള ബന്ധത്തിന്റെ യഥാര്‍ഥ അവകാശികളെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.

ഏകദൈവ വിശ്വാസത്തിലും ധാര്‍മികതയിലും കണിശമായ ദൈവസ്മരണയിലും അധിഷ്ഠിതമായ ആദര്‍ശമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നത്. തൗഹീദിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്വന്തം കുടുംബത്തിലും പിതൃ-പുത്ര ബന്ധത്തിലും അദ്ദേഹം പിന്തുടര്‍ന്നത് തൗഹീദിന് മുന്‍തൂക്കം നല്‍കുന്ന വീക്ഷണമായിരുന്നു. അല്ലാഹു പറയുന്നു:

''പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവന് കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്. പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്'' (ക്വുര്‍ആന്‍ 6:161-164).

ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട്  ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച കാണിക്കുവാന്‍ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. ഇക്കാര്യത്തിലേക്ക് സൂചന നല്‍കിക്കൊണ്ട് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു'' (ക്വുര്‍ആന്‍ 9:114).

തൗഹീദിന് മുന്നില്‍ മാനുഷികമായ ബന്ധങ്ങളും സ്ഥാനമാനങ്ങളുമൊന്നും ഇബ്‌റാഹീം നബി(അ)ക്ക് വിലപ്പെട്ടവയായിരുന്നില്ല. ഇതേ നിഷ്ഠയും കണിശതയും ധാര്‍മികതയുടെ കാര്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ക്വുര്‍ആനില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയും. അതുകൊണ്ടാണ് ഇബ്‌റാഹീം നബി(അ) ഉള്‍പ്പെട്ട പ്രവാചക ശൃംഖലയെ 'നമ്മുടെ കല്‍പനപ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കള്‍' എന്ന് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ്വിഷയകമായ ക്വുര്‍ആനിലെ പരാമര്‍ശം ഇപ്രകാരമാണ്:

''അവരെ (മുകളില്‍ പരാമര്‍ശിക്കപ്പെട്ട ഇബ്‌റാഹീം നബി ഉള്‍പ്പെടുന്ന പ്രവാചകന്മാരെ) നാം നമ്മുടെ കല്‍പന പ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്'' (ക്വുര്‍ആന്‍ 21:73).

ഇബ്‌റാഹീം നബി(അ) ഉള്‍പ്പെടുന്ന പ്രവാചകന്മാര്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശികളായിത്തീരുന്നത് അവര്‍ തൗഹീദ് ആദര്‍ശമായി അംഗീകരിക്കുകയും ധാര്‍മിക ജീവിതം നയിക്കുകയും നന്മ പ്രവര്‍ത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ജന്മനാ നല്‍കപ്പെട്ട ഒരു വംശീയ അംഗീകാരത്തിന്റെ പേരിലായിരുന്നില്ല അവരുടെ മഹത്ത്വം കണക്കാക്കപ്പെട്ടിരുന്നത്. ഇസ്‌ലാം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടല്ലാതെ ഏതൊരു വ്യക്തിക്കും സ്രഷ്ടാവിന്റെ അനുഗ്രഹവും അംഗീകാരവും നേടിയെടുക്കാന്‍ കഴിയില്ല എന്ന പരമാര്‍ഥത്തിന്റെ സാക്ഷ്യങ്ങളാണ് ഇബ്‌റാഹീം(അ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ജീവിത ചരിത്രം.

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനകള്‍

കഅ്ബാ നിര്‍മാണത്തിനുശേഷം ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും നടത്തിയ പ്രാര്‍ഥന വിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. തൗഹീദിന്റെ ആദര്‍ശപരമായ ആര്‍ജവവും വിശ്വാസത്തിന്റെ മാര്‍ഗദര്‍ശനവുമുള്ള ഒരു ധര്‍മാധിഷ്ഠിത സമൂഹം ഭൂമുഖത്ത് ആവിര്‍ഭവിക്കുവാനും നിലനില്‍ക്കുവാനുമുള്ള അഭിലാഷം പ്രതിഫലിക്കുന്ന ചരിത്രപ്രസിദ്ധമായ ആ പ്രാര്‍ഥന, പ്രപഞ്ചനാഥന്‍ സ്വീകരിച്ചു എന്നതിന് പില്‍കാലാനുഭവങ്ങള്‍ സാക്ഷിയാണ്. ഇസ്‌ലാമിന്റെ ചരിത്രത്തിലും വിശ്വാസ സംഹിതകളിലും അനന്യമായ ഒരു സ്ഥാനമുണ്ട് ആ പ്രാര്‍ഥനക്ക്. എക്കാലത്തും മുസ്‌ലിം സമൂഹം അനുകരിക്കുകയും ആവര്‍ത്തിക്കുകയും തങ്ങളുടെ വിശ്വാസ-സമര്‍പ്പണ ജീവിതത്തിന്റെ ഊര്‍ജമായി അവലംബിക്കുകയും ചെയ്യേണ്ടുന്ന ഒന്നാണ് ആ പ്രാര്‍ഥന. അതുകൊണ്ടുതന്നെ വിശുദ്ധ ക്വുര്‍ആന്‍, ഇബ്‌റാഹീം നബി(അ)യുടെ ത്യാഗനിര്‍ഭരമായ ജീവിത കഥനത്തില്‍ ആ പ്രാര്‍ഥന ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇബ്‌റാഹീം നബി(അ) തനിച്ചും കഅ്ബ നിര്‍മാണാനന്തര ഘട്ടത്തില്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്ന് നടത്തുന്ന പ്രാര്‍ഥനകള്‍ ക്വുര്‍ആനില്‍ കാണാം. ഏതാനും പ്രാര്‍ഥനകള്‍ കാണുക:

മക്കാരാജ്യത്തിനു വേണ്ടി

''എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്‌റാഹീം പ്രാര്‍ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക)'' (ക്വുര്‍ആന്‍ 2:126).

''ഇബ്‌റാഹീം നബി(അ) ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ''.

സ്വന്തത്തിന്നും സന്തതിപരമ്പരകള്‍ക്കും വേണ്ടി

''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ച് തരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 2:128-129).

''ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നുവരാം''(ക്വുര്‍ആന്‍ 14:37).

''വാര്‍ധക്യകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ രക്ഷിതാവ് പ്രാര്‍ഥന കേള്‍ക്കുന്നവനാണ്''(ക്വുര്‍ആന്‍ 14:39).

''എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 14:40).

''ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ'' (ക്വുര്‍ആന്‍ 14:41).

മനുഷ്യചരിത്രത്തില്‍ അനന്യമായ സ്വാധീനവും പ്രഭാവവും ചെലുത്തിയവയാണ് ഇബ്‌റാഹീം നബി(അ)മിന്റെ പ്രാര്‍ഥനകളെല്ലാം. ലോകത്ത് ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരാദര്‍ശ സമൂഹം ഉരുത്തിരിഞ്ഞുവന്നതിലും ധാര്‍മികതയുടെയും സദ്‌വൃത്തിയുടെയും അടിസ്ഥാനത്തില്‍ ജീവിക്കുന്ന സച്ചരിതരായ മാനവസമൂഹം ഉടലെടുത്തതിലും ഇബ്‌റാഹീം  നബി(അ)യുടെ ആത്മാര്‍ഥമായ പ്രാര്‍ഥനയുടെ സ്വാധീനമുള്ളതായി മനസ്സിലാക്കാം.

തനിക്കും തന്റെ സന്തതികള്‍ക്കും പിന്‍മുറക്കാര്‍ക്കും ലോകത്ത് ഭരണവും ആധിപത്യവും രാജാധികാരവും വേണമെന്നല്ല ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചത്. മറിച്ച് ഏകദൈവാദര്‍ശവും ഭക്തിയുമുള്ളവരാക്കി തന്റെ സന്തതിപരമ്പരകളെയും പിന്‍ഗാമികളെയും പരിവര്‍ത്തിപ്പിക്കുവാനാണ് അദ്ദേഹം പ്രാര്‍ഥിച്ചത്.