മരണം വിതയ്ക്കുന്ന മന്ത്രവാദികള്‍

സി.പി സലീം

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

പ്രബുദ്ധ കേരളത്തിലെ കണ്ണൂരിന്റെ വിരിമാറില്‍നിന്ന് മന്ത്രവാദ ചികിത്സയുടെ കാരണത്താല്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ട വാര്‍ത്ത എല്ലാ നല്ലമനുഷ്യരെയും വേദനിപ്പിച്ചതാണ്. കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായ ഹൗസില്‍ അബ്ദുസ്സത്താറിന്റെയും സാബിറയുടെയും മകള്‍ എം.എ. ഫാത്തിമയാണ് (11 വയസ്സ്) അന്ധവിശ്വാസത്തിന് ഇരയായി മരണപ്പെട്ടത്. വര്‍ഷങ്ങളായി കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച് ഉവൈസ് മുസ്‌ലിയാര്‍ എന്ന മന്ത്രവാദിയുടെ ജപിച്ചൂതല്‍ എന്ന പൈശാചിക ചികിത്സയുടെ ഒടുവിലത്തെ ഇരയാണ് സിറ്റി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. മുസ്‌ല്യാരുടെ ഭാര്യാമാതാവ് (ജിന്നുമ്മ) പൈശാചിക ചികിത്സകള്‍ക്ക് സര്‍വ പിന്തുണയും നല്‍കിവരുന്നു. സ്വന്തം കുടുംബത്തില്‍നിന്നുള്ള സിറാജ് എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പ്രതികളായ ഉവൈസ് മുസ്‌ല്യാരും പിതാവ് അബ്ദുസ്സത്താറും ഇപ്പോള്‍ ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. അഞ്ചിലേറെ മരണങ്ങള്‍ ആത്മീയ വാണിഭവുമായി ബന്ധപ്പെട്ട് ഉവൈസ് എന്ന മന്ത്രവാദി മുഖേന നടന്നിട്ടുണ്ടെന്നും അതില്‍ സ്വന്തം മാതാവടക്കം മൂന്നെണ്ണം തന്റെ വീട്ടിലാണെന്നും സിറാജ് തുറന്നുപറയുന്നു. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ മന്ത്രവാദിക്കെതിരേ കേസ് കൊടുത്തെങ്കിലും ബന്ധപ്പെട്ടവരുടെ സഹകരണക്കുറവ് മൂലം കേസ് ദുര്‍ബലമായിപ്പോവുകയായിരുന്നു എന്നും സിറാജ് പറയുന്നു.

നാലു ദിവസമായി പനിച്ചു വിറങ്ങലിച്ച അവസ്ഥയിലുള്ള ഫാത്തിമക്ക് ഒരു പാരസിറ്റമോള്‍ ഗുളികപോലും ലഭിച്ചിരുന്നില്ല. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കണ്ണൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രി കേവലം ഒന്നര കിലോമീറ്റര്‍ മാത്രം അകലെ ഉണ്ടായിട്ടുപോലും കുട്ടിയെ അവര്‍ ഡോക്ടറെ കാണിക്കാന്‍ തയ്യാറായില്ല. ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് അനക്കമില്ലാതായപ്പോള്‍ മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സാരേഖകള്‍ ചോദിച്ചപ്പോള്‍ കൂടെയുള്ളവര്‍ അസ്വസ്ഥരായതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതാണ് ഈ കൊലപാതകവാര്‍ത്ത പുറത്തുവരാന്‍ കാരണമായത്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്: 'കുട്ടിക്ക് ചലനമില്ലാതായപ്പോള്‍ എന്തുകൊണ്ട് മന്ത്രവാദിയായ ഉവൈസ് മുസ്‌ല്യാരെ സമീപിച്ചില്ല?'

ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോള്‍ ആ കുഞ്ഞിനോട് ചെയ്ത ക്രൂരതക്ക് ആരൊക്കെ ഉത്തരം പറയണം എന്ന ചോദ്യം ചിന്തനീയമാണ്. ചെറിയവരോട് കരുണ കാണിക്കണം എന്ന മഹാനായ പ്രവാചകന്റെ പ്രാഥമിക പാഠം പോലും ഈ കുഞ്ഞിന്റെ കാര്യത്തില്‍ അവഗണിക്കപ്പെട്ടു.

2013ല്‍ കണ്ണൂര്‍ സിറ്റിയില്‍ വിവാഹം കഴിച്ച് താമസമാക്കിയതോടെയാണ് ഉവൈസിന്റെ ഭാര്യവീട്ടുകാര്‍വരെ വൈദ്യശാസ്ത്ര ചികിത്സയില്‍നിന്നും അകന്നത്. തന്റെ ഭാര്യയുടെ പ്രസവം വീട്ടില്‍ വെച്ച് തന്നെ നടത്തിയതോടെ മുസ്‌ല്യാര്‍ക്ക് എന്തോ പ്രത്യേകതയുള്ളതായി ചിലര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. പ്രയാസങ്ങളില്ലാതെ ഒരു സുഖപ്രസവം നടന്നതുപോലെയാണോ മറ്റു രോഗങ്ങള്‍ എന്ന ചോദ്യത്തിനൊന്നും ഇദ്ദേഹത്തിന്റെ അനുയായികളുടെ അടുത്ത് പ്രസക്തിയില്ല. ഉവൈസ് മുസ്‌ല്യാര്‍ ചികിത്സിക്കണമെങ്കില്‍ ഡോക്ടര്‍മാരെ സമീപിക്കുകയില്ലെന്ന് ആദ്യം ഉറപ്പ് കൊടുക്കണമത്രെ! ആശുപത്രികള്‍ നരകത്തിലേക്കുള്ള മാര്‍ഗവും ഡോക്ടര്‍മാര്‍ പിശാചുക്കളും എന്നതാണ് അന്ധവിശ്വാസികള്‍ക്കിടയില്‍ മന്ത്രവാദീസംഘത്തിന്റെ പ്രചാരണം. എന്നാല്‍ ആധുനിക സംവിധാനമായ ആശുപത്രികള്‍ വിലക്കിയ ഉവൈസ് മുസ്‌ല്യാര്‍ പക്ഷേ, ആധുനിക സംവിധാനങ്ങളായ ഫോണും വാട്‌സാപ്പും തന്റെ ജപിച്ചൂ ചികിത്സക്ക് ഉപയോഗിക്കുന്നു! 50, 100 മില്ലിലിറ്റര്‍ കുപ്പികളിലുള്ള പച്ചവെള്ളമാണത്രെ പ്രധാന മരുന്ന്. കച്ചവടംതന്നെ, കച്ചവടം! വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി: 'സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (അവരെ) തടയുകയും ചെയ്യുന്നു...'' (വിശുദ്ധ ക്വുര്‍ആന്‍ 9:34).

കാരുണ്യത്തിന്റെ മതമായ ഇസ്‌ലാം രോഗികള്‍ക്ക് റമദാനിലെ നിര്‍ബന്ധനോമ്പില്‍വരെ ഇളവുകൊടുത്തു. എന്നാല്‍ അതിവാദിയായ ഉവൈസ് മുസ്‌ല്യാര്‍ തന്റെ ഇരകളായ ചില രോഗികളോട് നോമ്പ് നോല്‍ക്കാന്‍ നിര്‍ദേശിക്കുന്നു. ഭക്ഷണവും വെള്ളവും കിട്ടിയില്ലെങ്കില്‍ നിര്‍ജലീകരണവും ക്ഷീണവും ബാധിക്കുന്ന രോഗികള്‍ കൂടുതല്‍ നരകിക്കുന്നത് മതത്തിന്റെ പേരിലാണെന്നതാണ് സങ്കടകരം. പച്ചക്കരളുള്ള എല്ലാറ്റിനോടും കരുണ കാണിക്കണമെന്ന മഹാനായ മുഹമ്മദ് നബി ﷺ യുടെ അധ്യാപനത്തെയാണ് പൗരോഹിത്യം ഇവിടെ നിന്ദിക്കുന്നത്.

എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ചികിത്സിക്കണം, നിഷിദ്ധംകൊണ്ട് ചികിത്സിക്കരുത് എന്നും പ്രവാചകന്‍ പഠിപ്പിച്ചു. ക്വുര്‍ആന്‍ചികിത്സയാണ് നടന്നതെന്ന് ദുര്‍വ്യാഖ്യാനിച്ച് മന്ത്രവാദ സംഘത്തിലെ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉവൈസ് മുസ്‌ല്യാരെ ന്യായീകരിക്കാന്‍ ഇപ്പോള്‍ വിഫലശ്രമം നടത്തുകയാണ്. ബൈഹക്വി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: 'ജനങ്ങളില്‍നിന്ന് വാങ്ങിത്തിന്നാന്‍ വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ പരലോകത്ത് മുഖത്ത് മാംസമില്ലാതെ എല്ലുകള്‍ മാത്രമായി വരുന്നതാണ്...''

മതത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം കള്ളനാണയങ്ങള്‍ക്ക് അഭൗതികമായ കഴിവുകള്‍ ഉണ്ടെന്ന തെറ്റായ വിശ്വാസം സാധാരണക്കാരില്‍ പടര്‍ത്താന്‍ പൗരോഹിത്യം കിണഞ്ഞ് പരിശ്രമിക്കുന്നതുകൊണ്ടാണ് ആത്മീയ ചികിത്സ വഴിതെറ്റി അപകടങ്ങളില്‍ എത്തുന്നത്. അദൃശ്യമറിയാന്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ സൃഷ്ടികള്‍ക്ക് സാധിക്കുമെന്ന തെറ്റായ വിശ്വാസമാണ് ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത്. ഇസ്‌ലാമിന്റെ സൈദ്ധാന്തിക അടിത്തറയെ തകര്‍ക്കുന്ന ഇത്തരം വിശ്വാസ ജീര്‍ണതകളെ ബോധപൂര്‍വമുള്ള പ്രബോധ പരിശ്രമങ്ങളിലൂടെ വിപാടനം ചെയ്യാന്‍ സത്യവിശ്വാസികള്‍ രംഗത്തിറങ്ങേണ്ടതുണ്ട്.

പ്രവാചകന്റെ ചുറ്റുമിരിക്കുന്ന ഗ്രാമീണരായ അറബികളിലും മദീനക്കാരിലും കപടവിശ്വാസികള്‍ ഉണ്ടെന്നും അവര്‍ കാപട്യത്തില്‍ കടുത്തുപോയിരിക്കുന്നുവെന്നും, എന്നാല്‍ പ്രവാചകന് അവരെ അറിയില്ലെന്നും അല്ലാഹുവിന് അവരെ അറിയാമെന്നും വിശുദ്ധ ക്വുര്‍ആന്‍ സൂറ: തൗബ 101ല്‍ വ്യക്തമാക്കിയതില്‍നിന്നും അദൃശ്യമറിയുന്ന വിഷയത്തില്‍ അല്ലാഹുവും പ്രവാചകനും തമ്മിലുള്ള വ്യത്യാസം സുവ്യക്തമാണ്. 'ആകാശഭൂമികളില്‍ അദൃശ്യമറിയുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെ'ന്ന് വിശുദ്ധ ക്വുര്‍ആന്‍ സൂറത്തുന്നംലില്‍ 65ാം വചനത്തില്‍ പഠിപ്പിക്കുന്നു. അദൃശ്യമറിയുന്നവന്‍ അല്ലാഹുവാണെന്നും അവന്റെ അദൃശ്യജ്ഞാനത്തില്‍നിന്നും അവന്‍ തൃപ്തിപ്പെട്ട പ്രവാചകന്മാര്‍ക്കല്ലാതെ അത് വെളിവാക്കിക്കൊടുക്കുകയില്ലെന്നും വിശുദ്ധ ക്വുര്‍ആന്‍ സൂറ: ജിന്നില്‍ 26,27 ആയത്തുകളില്‍ പഠിപ്പിക്കുന്നു.

മാംസത്തില്‍ വിഷംപുരട്ടി പ്രവാചകനെ സല്‍കരിക്കാനെത്തിയ ജൂതസ്ത്രീ ഒരുക്കിയ കെണിയില്‍ പെടാതിരിക്കാന്‍ ജിബ്‌രീല്‍ൗ മുഖേനെ അല്ലാഹു നബി ﷺ ക്ക് പ്രത്യേകം വഹ്‌യ് നല്‍കുകയായിരുന്നുവെന്ന് സ്വഹീഹായ ഹദീഥില്‍ നമുക്ക് കാണാം.

റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നുപോകുന്ന യാത്രക്കാരനോട് 'വരൂ, ഭാവി പറഞ്ഞു തരാം' എന്ന് പറയുന്ന കൈനോട്ടക്കാരനെ നോക്കി 'ഞാന്‍ എവിടെക്കാണ് യാത്ര പോകുന്നതെന്ന് പറയാമോ?' എന്ന് തിരിച്ചുചോദിച്ചാലുള്ള അവസ്ഥ എന്തായിരിക്കും? ജ്യോത്സ്യപ്പണി അവിശ്വാസമാണെന്ന് മനസ്സിലാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വീട്ടിലേക്ക് കടന്നുവന്ന്  'കൈ നോക്കണോ?' എന്ന് ചോദിച്ചാല്‍ ആ വീട്ടുകാരന്‍ 'വേണ്ട' എന്നാണ് മറുപടി പറയുക എന്ന 'ഭാവി' പോലും അറിയാത്തവന്റെ മുമ്പിലേക്കാണല്ലോ മുസ്‌ലിം സമുദായത്തില്‍നിന്ന് പലരും കൈനീട്ടിക്കൊടുക്കുന്നത്!

മന്ത്രവാദത്തെ എതിര്‍ക്കുന്ന പ്രചരണങ്ങള്‍ക്കിടയില്‍ ഇസ്‌ലാം പഠിപ്പിച്ച മന്ത്രത്തെത്തന്നെ നിഷേധിക്കാനുള്ള ശ്രമങ്ങള്‍ പ്രബോധകരായ നാം തിരിച്ചറിയേണ്ടതുണ്ട്. സംസം വെള്ളത്തിന്റെയും ഹജറുല്‍ അസ്‌വദിന്റെയും പ്രാധാന്യം പഠിപ്പിക്കുന്ന സ്വഹീഹായ ഹദീഥുകളെവരെ നിഷേധിക്കുന്ന പ്രവണതകളെ ഗുണകാംക്ഷയോടെ തിരുത്താന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ ചേകനൂരിയന്‍ മാര്‍ഗത്തിലേക്കും അതുവഴി ദൈവനിഷേധത്തിലേക്കുമാണ് മതത്തെക്കുറിച്ച് കൂടുതല്‍ അറിയാത്തവര്‍ എത്തിച്ചേരുക.

ക്വുര്‍ആനും പ്രവാചകചര്യയും ആഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ രീതിശാസ്ത്രപ്രകാരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് അടിസ്ഥാന പരിഹാരം. ഈ ദിശയില്‍ കണ്ണൂര്‍ സിറ്റിയിലെ പ്രബോധകര്‍ സമയബന്ധിതമായി നടത്തിയ നീക്കങ്ങള്‍ ആശാവഹമാണ്. ദേശീയ മാധ്യമങ്ങള്‍ വരെ പ്രാധാന്യം നല്‍കി റിപ്പോര്‍ട്ട് ചെയ്ത പത്രസമ്മേളനം, വനിതാ കൂട്ടായ്മ, ബഹുജന സമ്മേളനം, സന്ദേശരേഖാ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലപ്രദമായി.

യാഥാസ്ഥിതിക വിഭാഗത്തിനുവരെ ഗത്യന്തരമില്ലാതെ വിവാദ മന്ത്രവാദി അല്‍പജ്ഞാനിയാണെന്ന് പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു. പ്രദേശവാസികള്‍ ബോധവല്‍ക്കരണ പരിശ്രമങ്ങളെ പിന്തുണച്ചു. എന്നാല്‍, നവോത്ഥാനത്തിന്റെ വക്താക്കളെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ചിലര്‍ ചെയ്തത് അത്ഭുതമുളവാക്കുന്നതായിരുന്നു. സാധാരണക്കാര്‍ക്ക് കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ജിന്ന്, സിഹ്ര്‍ വിഷയങ്ങളിലെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ തികച്ചും അനവസരത്തില്‍ സംഘടനാ പക്ഷപാതിത്വം തലക്കുപിടിച്ച ഒറ്റപ്പെട്ട ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ വിഫലശ്രമങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ ജനം തള്ളിക്കളഞ്ഞത് ശ്രദ്ധേയമായി. ദഅ്‌വാ അജണ്ടയില്‍ വറ്റിവരളുന്നവര്‍ക്കുണ്ടായ സ്വാഭാവിക വെപ്രാളമായി ഏറെ സഹതാപത്തോടെ നമുക്കതിനെ നോക്കിക്കാണാം.

ആത്മീയ വാണിഭക്കാരുടെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ ഏകദൈവാരാധനയുടെ ശക്തമായ പ്രബോധനവുമായി നാം മുന്നോട്ട് പോവുക. പഴുതടച്ച നിയമനടപടികളുമായി അതിവേഗം മുന്നോട്ട് പോയി കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ സാധിക്കേണ്ടതുണ്ട്. ഫാത്തിമ മോള്‍ക്ക് നിഷേധിക്കപ്പെട്ടത് മനുഷ്യാവകാശമായതിനാല്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രസ്തുത വിഷയത്തില്‍ ഇടപെടുമെന്നും ഉവൈസ് മുസ്‌ല്യാരെ സഹായിച്ച മന്ത്രവാദിനിയെയും അറസ്റ്റ് ചെയ്യണമെന്നുമുള്ള ന്യായമായ ആവശ്യം പരിഗണിക്കപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം.