ലഹരി വിഴുങ്ങുന്ന കൗമാരങ്ങള്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

കോവിഡ് ലോക്ഡൗണ്‍ കാലം. സാമൂഹ്യ മാധ്യമത്തിലൂടെ ഒരു ഒമ്പതാം ക്ലാസുകാരി സ്വന്തം ഗ്രാമത്തിലെ ഒരു യുവാവിനെ പരിചയപ്പെടുന്നു. അയാളുമായി അടുപ്പം വര്‍ധിക്കുന്നു. അയാള്‍ രഹസ്യമായി എത്തിച്ചുനല്‍കുന്ന മാരകമായ മയക്കുമരുന്നിന് അവള്‍ അടിമയാകുന്നു. തുടര്‍ന്ന് ആ മയക്കുമരുന്നിന്‍റെ ബലത്തില്‍ അയാള്‍ ആ കുട്ടിയെ പീഡിപ്പിക്കുന്നു. തന്‍റെ മയക്കുമരുന്ന് ശൃംഖലയില്‍ പെട്ട ഒട്ടേറെ പേരുമായി അവിഹിതബന്ധത്തിന് അവളെ നിര്‍ബന്ധിക്കുന്നു.

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നും. എന്നാല്‍ ഇത് കെട്ടുകഥയൊന്നുമല്ല; ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ ഒരു പ്രദേശത്തുനിന്ന് പോലീസ് പിടിച്ച കേസിന്‍റെ പിന്നാമ്പുറ കഥയാണിത്!

മക്കള്‍ നമ്മുടെ കണ്‍കുളിര്‍മയും ഭാവി പ്രതീക്ഷയുമാണ്. മക്കള്‍ക്കു വേണ്ടി മാതാപിതാക്കള്‍ സ്വന്തം ജീവന്‍വരെ ബലിയര്‍പ്പിക്കാന്‍ തയ്യാറാണ്. മക്കളുടെ വിജയമാണ് മാതാപിതാക്കളുടെ  സന്തോഷമാകാറുള്ളത്. അതിരറ്റ വാത്സല്യം ലഭിച്ച് വളര്‍ന്നുവരുന്ന മക്കള്‍ എല്ലാ പ്രതീക്ഷകളും തച്ചുതകര്‍ത്ത് തെറ്റായ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ മാതാപിതാക്കളുടെ മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. ഒരുപാടു പ്രതീക്ഷകളോടെ വളര്‍ത്തുന്ന മക്കള്‍ സമൂഹത്തിലെ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കുന്നത് ഏതെങ്കിലും രക്ഷിതാവിന് കണ്ടുനില്‍ക്കാനാകുമോ?

പുതിയ കാലത്ത് കൗമാരപ്രായക്കാരും യുവതലമുറയും ലഹരിയുടെ കയങ്ങളിലേക്ക് ആപതിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒട്ടേറെയുണ്ട്. അവരെ ഈ മഹാദുരന്തത്തില്‍നിന്ന് നമുക്ക് രക്ഷിക്കാനാകണം.

തിരിച്ചറിവുണ്ടാകണം

ദുരന്തങ്ങള്‍ സംഭവിക്കും മുമ്പ് തിരിച്ചറിവുണ്ടാകണം. അല്ലാത്തപക്ഷം ഖേദിക്കേണ്ടിവരും. വ്യത്യസ്ത ലഹരിയുല്‍പന്നങ്ങള്‍ വില്ലനായി നാട്ടില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അത് സ്വന്തം വീട്ടിലും കടന്നുവരാതിരിക്കാന്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.  

കഞ്ചാവ് പോലുള്ള മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ പിടിമുറുക്കുന്നുണ്ട് എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിദ്യാര്‍ഥികളെ ലഹരിയുടെ വലയില്‍ വീഴ്ത്താന്‍ പ്രത്യേക സംഘങ്ങളെ തന്നെയാണ് സ്കൂള്‍, കോളേജ് പരിസരങ്ങളില്‍ ഇക്കൂട്ടര്‍ വിന്യസിക്കുന്നത്.

കലാലയങ്ങള്‍ ലഹരി വിളയുന്ന ഇടങ്ങളായി മാറിയിട്ടും ഉത്തരവാദപ്പെട്ടവര്‍ വേണ്ടത്ര ജാഗ്രതയും ബോധവത്കരണവും മറ്റു മുന്‍കരുതലുകളും കൈക്കൊള്ളാത്തത് ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അനിയന്ത്രിതമായ കൂട്ടുകെട്ട്, രക്ഷകര്‍ത്താക്കളുടെ നിയന്ത്രണമില്ലായ്മ, മതവിദ്യഭ്യാസത്തിന്‍റെ അഭാവം, ആവശ്യത്തിലേറെയുള്ള പണം, ഉത്തരവാദിത്തമില്ലായ്മ എന്നിവയൊക്കെയാണ് പുതുതലമുറയിലെ ദുശ്ശീലങ്ങള്‍ക്ക് കാരണമെന്ന വസ്തുത രക്ഷിതാക്കള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.

കുട്ടികളെയും യുവാക്കളെയും മാരക ലഹരിക്ക് അടിമപ്പെടുത്തുക എന്നതാണ് ലഹരി മാഫിയകളുടെ ലക്ഷ്യം. കളിസ്ഥലങ്ങള്‍, തിയേറ്ററുകള്‍, ഒഴിഞ്ഞ പറമ്പുകള്‍, ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളാണ് പലപ്പോഴും ഇവരുടെ വിതരണ കേന്ദ്രം.

കുറ്റവാളികളെ സൃഷ്ടിക്കുന്നു

വിദ്യാര്‍ഥികളിലെ മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ അവരെ പല തെറ്റുകളിലേക്കും നയിക്കുന്നു. ഇത് കുട്ടികളില്‍ അക്രമവാസന സൃഷ്ടിക്കുന്നതായി പൊലീസ് പറയുന്നു. കുട്ടികള്‍ ഉള്‍പ്പെട്ട മോഷണങ്ങളും അടിപിടികളുമായി ഒട്ടേറെ പരാതികളാണു സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ പഠനത്തിന് പോകുന്ന കുട്ടികളെ ലഹരി വസ്തുക്കള്‍ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ മോഷണമടക്കമുള്ള തിന്മകളില്‍ പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ ഒട്ടും പുറകിലല്ല എന്നത് നമ്മെ ഞെട്ടിപ്പിക്കേണ്ടതുണ്ട്.

പണം കണ്ടെത്താന്‍ മാര്‍ഗങ്ങളേറെ!

വീട്ടില്‍നിന്നു പണം കിട്ടിയില്ലെങ്കില്‍ ലഹരി വാങ്ങാന്‍ ഏതു മാര്‍ഗവും കുട്ടികള്‍ സ്വീകരിക്കും. ലഹരി കാരിയര്‍മാരാകുകയാണ് അതിലൊന്ന്. പ്രകൃതിവിരുദ്ധ പീഡനത്തിനു നിന്നുകൊടുത്ത് പണമുണ്ടാക്കാനും ചില കുട്ടികള്‍ ശ്രമിക്കുന്നുണ്ടത്രെ! ചൈല്‍ഡ് ലൈനില്‍ അന്വേഷിച്ചപ്പോള്‍ ലഹരിക്കുവേണ്ടി പ്രകൃതിവിരുദ്ധ പീഡനം സഹിക്കുന്ന ഒട്ടേറെ വിദ്യാര്‍ഥികളുണ്ടെന്നു മനസ്സിലായി. 90% ബാലപീഡനകേസുകളിലും മദ്യവും കഞ്ചാവും ഉള്‍പ്പെടെയുള്ളവ വില്ലന്‍ സ്ഥാനത്തുണ്ട്.

കുടുംബത്തിലെ താളപ്പിഴകള്‍

കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയും വീട്ടിലെ മോശമായ അന്തരീക്ഷവുമാണ് കൃത്രിമമായ ആനന്ദ പരിസരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതിലെ പ്രധാന ഘടകം. ഇത് ഇല്ലാതാക്കുവാന്‍ രക്ഷിതാക്കള്‍ നിരന്തരം കുട്ടിയോടു സംസാരിക്കണം. അവന്‍റെ/അവളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ചോദിച്ചറിയണം. വീട്ടില്‍നിന്ന് നെഗറ്റീവായ ചിന്താഗതി അവര്‍ക്ക് ലഭിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.

കുട്ടികളോടു സംസാരിക്കാതിരിക്കുന്നതും അവര്‍ക്കു പറയാന്‍ അവസരം നല്‍കാതിരിക്കുന്നതും അവരെ മാനസികമായി മാതാപിതാക്കളില്‍നിന്ന് അകറ്റും. വീട്ടില്‍ മാതാപിതാക്കള്‍ തമ്മിലുള്ള സംഭാഷണം കുറയുന്നതു പോലും കുട്ടികളെ ബാധിക്കുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള കലഹവും ഇവരിലാരുടെയെങ്കിലും വഴിപിഴച്ച ജീവിതവും കുട്ടികളെ ലഹരിയിലേക്കും മറ്റ് അനാവശ്യ കൂട്ടുകെട്ടിലേക്കും തള്ളിവിടും.

ലഹരി ഉപയോഗിക്കുന്നതിന്‍റെ അടയാളങ്ങള്‍

ലഹരി ഉപയോഗത്തിന്‍റെ ആദ്യഘട്ട ലക്ഷണങ്ങള്‍ ഇവയാണ്: അലക്ഷ്യമായ വസ്ത്രധാരണം, അന്തര്‍മുഖത്വം, കണ്ണില്‍ ചുവപ്പുനിറം. ചെറിയ കാര്യങ്ങളിലും പ്രകോപിതനായി വഴക്കുണ്ടാക്കല്‍, രാത്രി പുറത്തിറങ്ങാനുള്ള പ്രവണത, ഭക്ഷണത്തോടു താല്‍പര്യക്കുറവ്. ആരോടും അധികം സംസാരിക്കാതെ മുറി അടച്ചിട്ടിരിക്കുക, പെട്ടെന്നു ദേഷ്യം വരിക, മറ്റുള്ളവരെ ശാരീരികമായി വേദനിപ്പിക്കാനുള്ള മനസ്സ്.

ദീര്‍ഘകാലം കഴിയുന്നതോടെ ഓര്‍മക്കുറവ്, ചുണ്ടിനു വരള്‍ച്ച, ആകാംക്ഷ, ഉയര്‍ന്ന ഹൃദയമിടിപ്പ്, അമിതമായ ആര്‍ത്തി എന്നിവ പ്രകടമാകും. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ കൗണ്‍സലിംഗ് മുഖേന കുട്ടികളെ ജീവിതത്തിലേക്കു തിരികെയെത്തിക്കാം. ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തില്‍ ലഹരിമുക്തചികിത്സ മാത്രമാണു പ്രതിവിധി.

മാതാപിതാക്കളോട്

കുട്ടികള്‍ക്ക് അനാവശ്യമായി പണം നല്‍കരുത്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ എവിടെനിന്നാണെന്നും ആരുടെതാണെന്നും അന്വേഷിക്കുക. വാങ്ങിയതാണെന്നു പറഞ്ഞാല്‍ അതിനുള്ള പണം എങ്ങനെ, എവിടെനിന്ന് ലഭിച്ചു എന്ന് തിരക്കണം.

മക്കളുടെ മുറി, ബാഗ്, യൂണിഫോം എന്നിവ പരിശോധിക്കുക. മാതാപിതാക്കള്‍ അറിയാന്‍ പാടില്ലാത്ത ഒരു സ്വകാര്യ ഏര്‍പ്പാടും കൗമാരക്കാരായ മക്കളുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഓര്‍ക്കുക; മക്കളെ ബോധ്യപ്പെടുത്തുക.

മക്കളുടെ നല്ല സുഹൃത്തുക്കളാകാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. സ്കൂളിലെയും സുഹൃത്തുക്കളുടെയും വിശേഷങ്ങള്‍ ചോദിച്ചറിയണം. ദിവസത്തില്‍ ഒരു നേരമെങ്കിലും കുട്ടികളുടെ കൂടെ ഭക്ഷണം കഴിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സമയം കണ്ടെത്തുക. കുടുംബ കാര്യങ്ങളും സംസാരിക്കണം. ഓഫിസിലെയും മറ്റും വിശേഷങ്ങള്‍ അവരോടും പങ്കുവയ്ക്കാം.

സ്കൂളില്‍ മാസത്തില്‍ ഒരു തവണയെങ്കിലുമെത്തി അധ്യാപകരോട് കുട്ടിയെക്കുറിച്ച് അന്വേഷിക്കുക. അതിന് സമയം ലഭിക്കാത്തവര്‍ അധ്യാപകനെ മൊബൈലില്‍ വിളിച്ച് അന്വേഷിക്കണം. കുട്ടിയുടെ കൂട്ടുകാരുടെ രക്ഷിതാക്കളെയും പരിചയപ്പെടാം. പക്ഷേ, മാതാപിതാക്കള്‍ക്ക് തന്നെ വിശ്വാസമില്ലെന്ന തോന്നല്‍ കുട്ടിയിലുണ്ടാക്കുന്ന രീതിയിലാകരുത് പ്രവൃത്തി. അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടാല്‍ കൗണ്‍സിലറുടെ സഹായം തേടണം.

മാതാപിതാക്കള്‍ മാതൃകാദമ്പതികളായിരിക്കണം. മക്കള്‍ക്ക് അവരില്‍നിന്ന് നല്ല മാതൃകയേ ലഭിക്കാവൂ. രഹസ്യമായോ പരസ്യമായോ ലഹരിയുപയോഗിക്കുന്നയാളാണ് പിതാവെങ്കില്‍ മക്കള്‍ അത് അറിയാതിരിക്കില്ല. അത്തരം രക്ഷിതാക്കള്‍ക്ക് മക്കളോട് ലഹരി ഉപയോഗിക്കരുതെന്ന് പറയാന്‍ ധാര്‍മികമായ അവകാശമില്ലല്ലോ. മക്കള്‍തന്നെ മുഖത്തുനോക്കി അത് പറഞ്ഞെന്നുമിരിക്കും.

മരണത്തിലേക്കുള്ള വഴി

ശരീരത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിനെ മരണത്തിനു വിട്ടുകൊടുക്കുകയും ജീവിതത്തെ സ്വയം നാശത്തിലേക്കു തള്ളിവിടുകയുമാണു ലഹരിയുമായുള്ള കൂട്ടുകെട്ട് സമ്മാനിക്കുന്നത്.

ലഹരിയുടെ ദോഷങ്ങളില്‍ ചിലത്:

1. ഹൈപോതലാമസിനെ ബാധിക്കുമെന്നതിനാല്‍ ഓര്‍മ, ചിന്ത, സ്വബോധം എന്നിവ നഷ്ടമാകുന്നു. അടുത്തിടെ നടന്ന സംഭവങ്ങള്‍പോലും മറന്നുപോകുന്നു.

2. ബ്രെയിന്‍ സ്റ്റെം തകരാറിലാകുന്നതിനാല്‍ ഹൃദയമിടിപ്പ് കൂടുന്നു, രക്തസമ്മര്‍ദം കുറയുന്നു. വേദന അറിയാനുള്ള കഴിവ് നഷ്ടമാകുന്നു. പേശികള്‍ ചലിപ്പിക്കുന്നത് വികലമാകുന്നു.

3. സെറിബല്ലത്തെ ബാധിക്കുന്നമെന്നതിനാല്‍ പേശികളുടെ ചലനം നഷ്ടമാകുന്നു.

4. കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്മ എന്നിവയ്ക്ക് അടിമപ്പെടുന്നു.

5. കായിക, കലാ, പഠന കഴിവുകള്‍ നഷ്ടമാകുന്നു.

6. പെരുമാറ്റത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, ദേഷ്യം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പരീക്ഷയില്‍ നന്നേ മാര്‍ക്കു കുറയുക, പഠനത്തില്‍ ശ്രദ്ധയില്ലായ്മ എന്നിവയെല്ലാം ലഹരി ഉപയോഗിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്നു.

7. ലഹരിമരുന്നു കുത്തിവയ്ക്കുന്നതിലൂടെ വൈറസ് ബാധിതര്‍ ഉപയോഗിക്കുന്ന സിറിഞ്ചില്‍നിന്ന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ പകരാനുള്ള സാധ്യത കൂടുതലാണ്.

അധ്യാപകരോട്

അധ്യാപകര്‍ സ്വന്തം മക്കളെ പോലെ വിദ്യാര്‍ഥികളെ കാണണം. അവരുടെ പഠനകാര്യത്തിലെന്ന പോലെ സ്വഭാവകാര്യങ്ങളിലും ശ്രദ്ധപുലര്‍ത്തണം. അധ്യാപകരുടെ ശ്രദ്ധക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:

എ). പെട്ടെന്നു പഠനത്തില്‍ പിന്നാക്കംപോകുന്ന കുട്ടികളെ നിരീക്ഷിക്കുക.

ബി) സ്ഥിരമായി ക്ലാസിലെത്താതിരിക്കുക, വൈകി വരിക, നേരത്തെ പോകുക എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ മാതാപിതാക്കളെ അറിയിക്കുന്നതിനൊപ്പം കുട്ടിയെ നിരീക്ഷിക്കുകയും ചെയ്യുക.

സി) സ്കൂളില്‍ ലഹരിവിമുക്ത ക്ലബ്ബുകള്‍ രൂപീകരിക്കുക. സ്കൂളിനു സമീപം പുകയില ഉല്‍പന്നങ്ങളോ മറ്റോ വില്‍പന നടക്കുന്നുവെന്നറിഞ്ഞാല്‍ പൊലീസിനെ അറിയിക്കുക.

ഡി) ക്ലാസില്‍ കിടന്നുറങ്ങിയും ഒട്ടും ശ്രദ്ധയില്ലാതെയും ഇരിക്കുന്ന വിദ്യാര്‍ഥികളെ നിരീക്ഷിക്കുക. അവരുടെ കൂട്ടുകാരില്‍നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുക.

ഇ) കുട്ടികള്‍ ഒപ്പമുള്ളവരെ ദേഹോപദ്രവം ചെയ്യുന്നുണ്ടെങ്കില്‍ അവരില്‍ പ്രത്യേകം ശ്രദ്ധവേണം.

എഫ്) പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തിയാല്‍ കൗണ്‍സലിംഗിനു വിധേയമാക്കുക.

വിദ്യാര്‍ഥികളോട്

നിങ്ങളുടെ തലച്ചോറില്‍ ഭ്രാന്തിന്‍റെ വിത്തുകള്‍ വിതച്ച് കോടികള്‍ കൊയ്യുന്ന ലഹരി മാഫിയകള്‍ക്ക് ഇരയായും അടിമയായും ജീവിക്കേണ്ടി വരുന്നത് വല്ലാത്തൊരു ഗതികേടല്ലേ? എന്തൊരു നേട്ടമാണ് ലഹരികള്‍ നിങ്ങള്‍ക്കു സമ്മാനിക്കുന്നത്? കുടുംബത്തില്‍ സന്തോഷകരമായും സമാധാനപരമായും അസ്വസ്ഥതകള്‍ ഒട്ടുമില്ലാതെയും സൗഹാര്‍ദത്തോടെയും ജീവിക്കുന്നതിനെക്കാള്‍ വലുതല്ല ലഹരി നല്‍കുന്ന നൈമിഷികസുഖം എന്ന് തിരിച്ചറിയുക. താളഭംഗത്തോടെ, ക്രമംതെറ്റി ജീവിക്കുകയല്ല; താളാത്മകമായി, ക്രമാനുസൃതം ജീവിക്കുകയാണ് വേണ്ടത്. അപ്പോഴാണ് ജീവിതം അര്‍ഥവത്തും ക്രിയാത്മകവും ആവുക.

മതം ധാര്‍മികതയാണ് പ്രസരിപ്പിക്കുന്നത്; അധാര്‍മികതയോ അക്രമമോ അല്ല. മതനിയമങ്ങള്‍ പിന്‍പറ്റി ജീവിച്ചാലാണ് ഇഹപര വിജയം കൈവരിക്കനാവുക.

"പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ?" (ക്വുര്‍ആന്‍ 5:91).

'ലഹരിയെ മാറ്റി നിര്‍ത്താം

ജീവിതം ആസ്വദിക്കാം.'