ആരാണ് ഏറ്റവും നല്ലവന്‍?

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

(ഭാഗം 4)

8. നമസ്‌കാരത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നവന്‍

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഉത്തമന്‍ നമസ്‌കാരത്തില്‍ തോളയഞ്ഞവയനാണ്'' (അബൂദാവൂദ്).

ജമാഅത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കെ പള്ളിയില്‍ സ്വഫ്ഫ് ശരിയാക്കി നില്‍ക്കുന്നതിനിടയിലേക്ക് പുതുതായി ഒരാള്‍കൂടി വന്നാല്‍ അദ്ദേഹത്തിന് ആ സ്വഫ്ഫില്‍ നില്‍ക്കാന്‍ സൗകര്യം ശരിപ്പെടത്തിക്കൊടുക്കുന്നതിന്റെ ശ്രേഷ്ഠത ഈ ഹദീഥ് മനസ്സിലാക്കിത്തരുന്നു.

നമസ്‌കരിക്കുമ്പോള്‍ സ്വഫ്ഫ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ടുവന്ന ഹദീഥുകളില്‍നിന്നും അതിന്റെ ഗൗരവവും മഹത്ത്വവും നമുക്ക് മനസ്സിലാകും. ചില ഹദീഥുകള്‍ ശ്രദ്ധിക്കുക:

അബ്ദുല്ലാഹ് ഇബ്‌നുമസ്ഊദ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങളുടെ കൂട്ടത്തില്‍ ബുദ്ധിയും തന്റേടവുമുള്ളവര്‍ എന്നോട് അടുത്ത് (ആദ്യത്തെ സ്വഫ്ഫില്‍) നില്‍കട്ടെ. പിന്നീട് അതിനോട് അടുത്ത് വരുന്നവരും (ഇത് മൂന്ന് പ്രാവശ്യം നബി ﷺ പറഞ്ഞു). (അദ്ദേഹം തുടര്‍ന്നു) 'അങ്ങാടികളിലെ ബഹളങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക'' (മുസ്‌ലിം)

അനസ് ഇബ്‌നുമാലിക്(റ) നിവേദനം, നബി ﷺ പറഞ്ഞു: ''നിങ്ങള്‍ (നമസ്‌കാരത്തില്‍) സ്വഫ്ഫ് ശരിയാക്കുക. തീര്‍ച്ചയായും സ്വഫ്ഫ് ഒപ്പിച്ചുനില്‍ക്കല്‍ നമസ്‌കാരത്തിന്റെ പൂര്‍ണതയില്‍പെട്ടതാണ്'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ നമസ്‌കാരത്തില്‍ അണി (സ്വഫ്ഫ്) പൂര്‍ത്തിയാക്കുക. തീര്‍ച്ചയായും അണി ശരിപ്പെടുത്തല്‍ നമസ്‌കാരത്തിന്റെ മേന്‍മയില്‍ പെട്ടതാണ്'' (മുസ്‌ലിം).

നുഅ്മാന്‍ ഇബ്‌നുബശീര്‍(റ) നിവേദനം; നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ''നിങ്ങള്‍ (നമസ്‌കാരത്തില്‍) അണികള്‍ ശരിപ്പെടുത്തുക. അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ (മനസ്സുകള്‍ തമ്മില്‍) അനൈക്യം ഉണ്ടാക്കും'' (മുസ്‌ലിം).

നുഅ്മാന്‍ ഇബ്‌നുബശീര്‍(റ) നിവേദനം: ''നബി ﷺ ഞങ്ങളുടെ സ്വഫ്ഫുകള്‍ ശരിപ്പെടുത്തുമായിരുന്നു; ചെത്തിമിനുക്കിയ ഒരമ്പ് ശരിപ്പെടുത്തുന്നപോലെ! ഞങ്ങള്‍ ആ കാര്യം ഗ്രഹിച്ചിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുന്നതുവരെ. പിന്നീട് ഒരു ദിവസം അദ്ദേഹം നമസ്‌കാരത്തിന് നില്‍ക്കുകയും തക്ബീര്‍ ചൊല്ലാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഒരാള്‍ അണിയില്‍നിന്ന് മുന്നോട്ട് തള്ളിനില്‍ക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ സ്വഫ്ഫുകള്‍ (അണികള്‍) ഒപ്പിച്ചു നില്‍ക്കുക. അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കും'' (മുസ്‌ലിം).

ഇന്ന് മിക്ക പള്ളികളിലും ഇക്കാര്യം പരിഗണിക്കാത്തവരെ കാണാം. പലരും അറിവില്ലായ്മകൊണ്ടോ അഹങ്കാരംകൊണ്ടോ ഇതില്‍ വിമുഖത കാണിക്കുന്നു. സംഘടനാസങ്കുചിതത്വം ഈ വിഷയത്തില്‍പോലും കാണിക്കുന്നവര്‍ ഇല്ലെന്നു പറയാനാകില്ല. തോളോടു തോളുരുമ്മി, കാല്‍പാദങ്ങള്‍ പരസ്പരം തട്ടിച്ചുനില്‍ക്കുമ്പോള്‍ പരസ്പരം സ്‌നേഹം വര്‍ധിക്കുകയും വിദ്വേഷമുണ്ടെങ്കില്‍ അത് അലിഞ്ഞുപോകുകയും ചെയ്യുമെന്നതില്‍ സംശമില്ല. എന്നാല്‍ അതില്‍ അസഹ്യതകാണിക്കുകയും അത് മതത്തില്‍ അതിരുകവിയലാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്‍ വാസ്തവത്തില്‍ നബി ﷺ യുടെ ചര്യയെയാണ് അവഗണിക്കുന്നത്.

9. ദീര്‍ഘായുസ്സ് ലഭിക്കുകയും നന്മ ചെയ്യുകയും ചെയ്തവന്‍

അബ്ദുല്ലാഹ് ഇബ്‌നു ബുസ്ര്‍(റ) നിവേദനം; നബി ﷺ ചോദിക്കപ്പെട്ടു: 'ആരാണ് ഏറ്റവും നല്ലവന്‍?' നബി ﷺ പ്രതിവചിച്ചു: 'ആയുസ്സ് നീട്ടിക്കിട്ടുകയും സല്‍കര്‍മം ചെയ്യുകയും ചെയ്തവന്‍'' (തിര്‍മിദി).

ഇഹലോകത്ത് ഏറെക്കാലം ജീവിക്കുകയും ജീവിക്കുന്ന കാലമത്രയും നന്മചെയ്യാന്‍ സാധിക്കുകയും ചെയ്യുക എന്നുള്ളത് അല്ലാഹുവിന്റെ ഔദാര്യവും വളരെ വലിയ സൗഭാഗ്യവും തന്നെയാണ്. പ്രവാചകശിഷ്യന്മാരും അവരുടെ പിന്‍ഗാമികളില്‍ പെട്ടവരും നന്മകളില്‍ കാണിച്ച വര്‍ധിച്ച താല്‍പര്യം വിസ്മയകരമാണ്. ഒരു സംഭവം കാണുക:

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ ചോദിച്ചു: 'ആരുണ്ട് ഇന്നത്തെ പ്രഭാതത്തില്‍ നോമ്പുകാരനായി?'' അബൂബക്കര്‍(റ) പറഞ്ഞു:''ഞാനുണ്ട്.''നബി ﷺ ചോദിച്ചു:''ആരുണ്ട് ഇന്ന് നിങ്ങളില്‍ ജനാസയെ അനുഗമിച്ചവന്‍?''അബൂബക്കര്‍(റ) പറഞ്ഞു:''ഞാനുണ്ട്.' നബി ﷺ ചോദിച്ചു: 'ആരുണ്ട് ഈ ദിനം നിങ്ങളില്‍ പാവപ്പെട്ടവന് ഭക്ഷണം നല്‍കിയവന്‍?' അബൂബക്കര്‍(റ) പറഞ്ഞു: 'ഞാനുണ്ട്.' നബി ﷺ ചോദിച്ചു: 'ആരുണ്ട് ഇന്ന് നിങ്ങളില്‍ രോഗിയെ സന്ദര്‍ശിച്ചവനായിട്ട്?''അബൂബക്കര്‍(റ) പറഞ്ഞു: 'ഞാനുണ്ട്.''നബി ﷺ പറഞ്ഞു: 'ആരിലാണോ ഈ കാര്യങ്ങള്‍ ഒരുമിക്കുന്നത്, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല' (മുസ്‌ലിം).

സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട സുബൈര്‍ ഇബ്‌നുല്‍ അവ്വാ(റ)മിന്റെ മകനും പ്രശസ്ത താബിഈവര്യനുമായ ഉര്‍വതുബ്‌നുസുബൈര്‍(റഹി) ഹിജ്‌റ തൊണ്ണൂറ്റിനാലില്‍ തന്റെ അറുപത്തിയേഴാം വയസ്സില്‍ ഇഹലോകം വെടിയുന്ന സന്ദര്‍ഭത്തില്‍ നോമ്പുകാരനായിരുന്നു. അതിനെക്കുറിച്ച് ഉര്‍വയുടെ മകന്‍ ഹിശാം പറയുന്നത് ഇങ്ങനെയാണ്: 'നോമ്പ് മുറിക്കാനാവശ്യപ്പെട്ടെങ്കിലും അതിന്കൂട്ടാക്കാതെ അദ്ദേഹം നോമ്പ് തുടര്‍ത്തുകയായിരുന്നു.'

നോമ്പുകാരനായി റബ്ബിനെ കണ്ടുമുട്ടണമെന്ന ആഗ്രഹമായിരിക്കാം അദ്ദേഹം നോമ്പ് മുറിക്കാതിരുന്നതിനുള്ള കാരണം.    

10. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നല്ലകൂട്ടുകാരന്‍, നല്ല അയല്‍വാസിയും

അബ്ദുല്ലാഹ് ഇബ്‌നുഅംറ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നല്ല കൂട്ടുകാരന്‍ തന്റെ കൂട്ടുകാരനോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നല്ല അയല്‍ക്കാരന്‍ തന്റെ അയല്‍വാസിയോട് നന്നായി പെരുമാറുന്നവനാണ്'' (തിര്‍മിദി).

അയല്‍വാസിയെ ആദരിക്കാന്‍ പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അവന്റെ മതമോ, വര്‍ണമോ, അവന്റെ ഭാഷയോ അതിന് തടസ്സമായിക്കൂടാ.

ആഇശ(റ) നിവേദനം; നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ''ജിബ്‌രീല്‍ എന്നോട് അയല്‍ക്കാരനെക്കുറിച്ച് ഉപദേശിച്ചുകൊണ്ടേയിരുന്നു. അവന്‍ അനന്തരവകാശം ലഭിക്കുന്നവനാക്കുമോ എന്നുപോലും ഞാന്‍ വിചാരിച്ചു'' (മുസ്‌ലിം).

അബൂദര്‍റ്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''ഹേ അബൂദര്‍റ്, നീ കറി പാകം ചെയ്താല്‍ അതില്‍ വെള്ളം അധികരിപ്പിക്കുക. അങ്ങനെ അയല്‍ക്കാരെ കൂടി പരിഗണിക്കുക'' (മുസ്‌ലിം).

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ അല്ലെങ്കില്‍ മിണ്ടാതിരിക്കുകയോ ചെയ്യട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍വാസിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ബഹുമാനിക്കെട്ട'' (മുസ്‌ലിം).

അയല്‍വാസിയെ ആദരിക്കുക എന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുടെ ഗുണമാണെന്ന് മനസ്സിലാക്കിയ ഒരു വിശ്വാസി എങ്ങനെയാണ് തന്റെ അയല്‍വാസിയെ ഉപദ്രവിക്കുക? ഒരാള്‍ തന്റെ അയല്‍വാസിയെ ഉപദ്രവിച്ചാല്‍ അവന് സ്വര്‍ഗപ്രവേശനം സാധ്യമല്ല എന്നുപോലും നബി ﷺ അരുളിയിട്ടുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ''ഏതൊരാളുടെ അയല്‍വാസി തന്റെ ഉപദ്രവത്തില്‍നിന്ന് നിര്‍ഭയനാകുന്നില്ലയോ എങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' (മുസ്‌ലിം).

11. ഹൃദയം ശുദ്ധീകരിച്ചവന്‍, നാവിനെ സൂക്ഷിച്ചവന്‍

അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ) നിവേദനം; നബി ﷺ ചോദിക്കപ്പെട്ടു: 'ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണ്?' നബി ﷺ പറഞ്ഞു: 'എല്ലാ മഖ്മൂമുല്‍ ക്വല്‍ബും (ഹൃദയം ശുദ്ധീകരിച്ചവന്‍) നാവിനെ സത്യപ്പെടുത്തിയവനും.' ചോദിക്കപ്പെട്ടു: 'നാവിനെ സത്യപ്പെടുത്തല്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. മഖ്മൂമുല്‍ക്വല്‍ബ് (ഹൃദയം ശുദ്ധീകരിച്ചവന്‍) എന്താണെന്ന് അറിയിച്ചാലും.' നബി ﷺ പറഞ്ഞു: 'തക്വ്‌വയുള്ളവന്‍ (സൂക്ഷ്മതയുള്ളവന്‍), വൃത്തിയുള്ളവന്‍(ശുദ്ധീകരിച്ചവന്‍), പാപമോ വിദ്വേഷമോ പഴിയോ അസൂയയോ ഇല്ലാത്തവന്‍' (ഇബ്‌നുമാജ).

അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഒന്നാണ് നാവ്. സംസാരശേഷിയാകട്ടെ മനുഷ്യന് ലഭിച്ച സവിശേഷ ഗുണവും. നാവും ചുണ്ടുകളും അതുമുഖേനയുള്ള സംസാരിക്കാനുള്ള ശേഷിയും അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രമാണെന്ന് ക്വുര്‍ആന്‍ (90:9) പറയുന്നുണ്ട്.

ഒരു വിശ്വാസി തന്റെ നാവിനെ സൂക്ഷിക്കണം. നാവില്‍നിന്ന് അപരന് അപകടം വരുത്തുന്ന വാക്കുകള്‍ വന്നുകൂടാ. മറ്റുള്ളവരുടെ കുറവുകളും ന്യൂനതകളും (ഏഷണി, പരദൂഷണം) പറയല്‍ സ്വന്തം പ്രവര്‍ത്തനഫലത്തെ നിഷ്ഫലമാക്കുന്ന കാര്യമാണ്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 33:70).

സംസാരം നന്നാക്കിയവന് അല്ലാഹു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് അറിയിക്കുന്ന ഒരു നബിവചനം കാണുക: അബൂമാലിക് അല്‍അശ്അരി(റ) നിവേദനം; നബി ﷺ പറഞ്ഞു: ''തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ഒരു മുറിയുണ്ട്. അതിന്റെ പുറമെനിന്ന് നോക്കിയാല്‍ അകവും അകത്തുനിന്ന് നോക്കിയാല്‍ പുറവും കാണാം. (സാധുക്കളെ) ഭക്ഷിപ്പിച്ചവനും സംസാരം നന്നാക്കിയവനും (ഐഛികമായ) നോമ്പ് പതിവാക്കിയവനും ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രിനമസ്‌കാരം നിര്‍വഹിച്ചവനും (വേണ്ടി) അല്ലാഹു അത് ഒരുക്കിവെച്ചിരിക്കുന്നു.'' (അഹ്മദ്).

നാവിനെ സൂക്ഷിച്ചില്ലെങ്കില്‍ നരകം ലഭിക്കുമെന്ന മുന്നറിയിപ്പ് നബി ﷺ നല്‍കിയിട്ടുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം: ''ജനങ്ങള്‍ ധാരാളമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന കാര്യത്തെക്കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: 'ഭക്തിയും സല്‍സ്വഭാവവും.'പിന്നെ ചോദിക്കപ്പെട്ടു; ജനങ്ങളില്‍ അധികവും നരകത്തില്‍ പ്രവേശിക്കുന്നതിനെപ്പറ്റി. അപ്പോള്‍ നബി ﷺ പറഞ്ഞു: 'വായയും (നാവും) ഗുഹ്യാവയവും'' (തിര്‍മിദി). (അവസാനിച്ചു)