വഞ്ചനയുടെ ഓണ്‍ലൈന്‍ കാലം

നബീല്‍ പയ്യോളി

2021 ഫെബ്രുവരി 06 1442 ജുമാദല്‍ ആഖിറ 24

ഓണ്‍ലൈന്‍ കാലത്തിന്‍റെ അനന്തസാധ്യതകള്‍ അനുഭവിക്കാത്തവരായി ഇന്ന് ആരുമില്ല. പുരോഗതിയുടെ അളവുകോല്‍ സാങ്കേതികവിദ്യയായി മാറിക്കഴിഞ്ഞു. നാമേവരെയും നാല് ചുവരുകള്‍ക്കുള്ളില്‍ കെട്ടിയിട്ട മഹാമാരിക്കാലത്ത് ലോകത്തോട് സംവദിച്ചതും സമ്പാദിച്ചതും ഓണ്‍ലൈന്‍ മോഡിലായിരുന്നു. എല്ലാം ഓണ്‍ലൈനായി, ലോകം കയ്യിലൊതുങ്ങി. ആര്‍ക്കും ആരെയും എപ്പോഴും കാണാനും കേള്‍ക്കാനും സംവദിക്കാനും എന്ന് മാത്രമല്ല ധനസമ്പാദനത്തിനും ജോലിക്കും ഇന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അനന്ത സാധ്യതകളാണ് നമുക്ക് മുന്നില്‍ തുറന്നുതരുന്നത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഇല്ലാത്തവര്‍ ഇന്ന് വിരളം. കൊറോണമൂലം വരുമാനം നിലച്ച ആയിരങ്ങള്‍ക്ക് ഇത് വലിയ ആശ്വാസം നല്‍കിയെന്നത് യാഥാര്‍ഥ്യമാണ്. കോവിഡ് ഭീതി വിട്ടുമാറുംവരെ ജോലി  ഓണ്‍ലൈനില്‍ തുടരട്ടെ എന്ന് തീരുമാനിച്ച സ്ഥാപനങ്ങള്‍ നിരവധിയുണ്ട്.

അതിരുകളില്ലാത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലോകത്തെവിടെയുമുള്ള ഉപഭോക്താക്കളിലേക്ക് എത്താനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വികസിക്കാനും സംരംഭകര്‍ക്ക് സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഓണ്‍ലൈന്‍ അനന്ത സാധ്യതകളുടെ ലോകമാണ്. ഏതൊരു കാര്യത്തിനും ഇരുവശങ്ങള്‍ ഉണ്ടാവും; നന്മയും തിന്മയും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനുമുണ്ട് ഈ രണ്ടു വശങ്ങള്‍. മുകളില്‍ സൂചിപ്പിച്ച പോലെ എണ്ണിയാലൊടുങ്ങാത്ത പ്രയോജനങ്ങള്‍ ഓണ്‍ലൈന്‍ ലോകം നമുക്ക് നല്‍കുന്നുണ്ട്. ദുരന്ത മുഖങ്ങളില്‍ രക്ഷകരാവാനും ആശയവിനിമയത്തില്‍ വേഗതയും വ്യക്തതയും ലഭിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും സമയവും ആരോഗ്യവും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും നന്മയുടെ പ്രചാരകരാവാനുമൊക്കെയുള്ള അവസരങ്ങള്‍ ലഭിക്കുക എന്നത് ആധുനിക സാങ്കേതിക വിദ്യകളുടെ നേട്ടമാണ്.

എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഇന്ന് വലിയ ദുരന്തമുഖം കൂടിയാണ്. തിന്മയുടെ കുത്തൊഴുക്കില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും ആധുനിക സാങ്കേതിക വിദ്യകളുടെ ദുരുപയോഗം കാരണമായിട്ടുണ്ട്. ഏതൊരു കാര്യവും അത് ഉപയോഗിക്കുന്നവര്‍ക്കനുസരിച്ച് നന്മയോ തിന്മയോ ആവാം. സ്വാദിഷ്ടമായ ഭക്ഷണത്തിനുവേണ്ടി പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കേണ്ട കത്തി മറ്റൊരാളുടെ ജീവനെടുക്കാന്‍ കൂടി ചിലര്‍ ഉപയോഗിക്കുന്നു എന്നത് ഓരോ വസ്തുവും അത് ഉപയോഗിക്കുന്നവനനുസരിച്ച് നന്മയോ തിന്മയോ ആവാം എന്നതിന് ഉദാഹരണമായി നാം പലപ്പോഴും കേട്ടതാണ്. ഇത് സാങ്കേതിക വിദ്യകളുടെ ലോകത്ത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുന്നു. സമ്പത്തും അഭിമാനവും ജീവനും കവര്‍ന്നെടുക്കുന്ന ക്രൂരന്മാരുടെ വിഹാരകേന്ദ്രമായി ഇന്ന് സൈബറിടം മാറിക്കഴിഞ്ഞു. ആര്‍ക്കും എവിടെനിന്നും ആരെയും ഉപദ്രവിക്കാന്‍ സാധിക്കുന്നു എന്നത് ഈ കുറ്റകൃത്യങ്ങളുടെ ആഴവും ഗൗരവവും വര്‍ധിപ്പിക്കുന്നു. ശക്തമായ നിയമങ്ങളും ബോധവല്‍ക്കരണവും ജാഗ്രതയും ആണ് ഇത്തരം തിന്മകളെ ഒരു പരിധിവരെ തടയാനുള്ള മാര്‍ഗം. അവിവേകവും അപക്വതയും ചോരത്തിളപ്പുമാണ് പലപ്പോഴും ഇളംതലമുറയെ ഇത്തരം ദുരന്തങ്ങളിലേക്ക് വലിച്ചിഴക്കുന്നതും ഇരയോ വേട്ടക്കാരനോ ആക്കിത്തീര്‍ക്കുന്നതും.

എന്നാല്‍ വിവരവും വിവേകവും വിദ്യാഭ്യാസവും പക്വതയും ഉണ്ടെന്ന് തോന്നുന്നവര്‍പോലും ഇത്തരം കുറ്റകൃത്യങ്ങളിലും ഇരയോ കുറ്റവാളിയോ ആയിത്തീരുന്നതിനെ അവിവേകമായി മാത്രം കാണാന്‍ വയ്യ. പണം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. പണത്തിനായി എന്തും ചെയ്യാന്‍ മനുഷ്യ മനസ്സുകള്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അത് അവനെ വലിയ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും. സാഹചര്യങ്ങളോ അതിമോഹങ്ങളോ ആണ് പലപ്പോഴും അനഭിലഷണീയ മാര്‍ഗത്തില്‍ ധനസമ്പാദനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷകളുടെ കൊടുമുടിയിലേക്ക് കൊണ്ടെത്തിച്ച് ദുരന്തങ്ങളുടെ അഗാധ ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടുന്ന ഒരു ലോകമാണ് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തീര്‍ക്കുന്നത് എന്ന് ഏതൊരു സംഭവവും വിശകലനം ചെയ്യുന്നവര്‍ക്ക് ബോധ്യമാവും.

എളുപ്പത്തില്‍ പണക്കാരനാക്കാനോ അതല്ലെങ്കില്‍ ആകര്‍ഷകമായ സഹായ വാഗ്ദാനങ്ങളോ ആയിട്ടാണ് തട്ടിപ്പുസംഘങ്ങള്‍ ഇരകളിലേക്ക് എത്തുന്നത്. പണം എന്ന് കേട്ടാല്‍ സ്വയം മറക്കുന്ന അല്‍പന്മാരായി പലരും മാറിപ്പോകുന്നു എന്നതുതന്നെ വല്ലാത്തൊരു ദുരന്തമാണ്. പണം സമ്പാദിക്കാന്‍ എളുപ്പവഴികള്‍ ഒന്നുമില്ലെന്ന അടിസ്ഥാനപരമായ തിരിച്ചറിവ് നഷ്ടപ്പെടുന്നതാണ് ഇത്തരം വിപത്തിലേക്ക് എടുത്തുചാടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. സ്വന്തത്തോടും കൂടെയുള്ളവരോടും നിരന്തരം പറയേണ്ടതും ബോധ്യപ്പെടുത്തേണ്ടതുമായ കാര്യമാണ് പണം സമ്പാദിക്കാന്‍ എളുപ്പവഴികള്‍ ഒന്നുമില്ല എന്നുള്ളത്. കഠിനാധ്വാനവും ആത്മാര്‍ഥമായ പരിശ്രമങ്ങളും മാത്രമാണ് അതിനുള്ള മാര്‍ഗം. അതിനപ്പുറമുള്ളതെല്ലാം താല്‍ക്കാലിക പ്രതിഭാസങ്ങളും ദുരന്തങ്ങളിലേക്കുള്ള വാതിലുകളും മാത്രമാണ്.

ഈയിടെ ഒരുദിവസം ഇറങ്ങിയ മലയാള പത്രങ്ങളില്‍ മിക്കതിലും ആദ്യപേജില്‍ വന്ന പരസ്യം ഓണ്‍ലൈന്‍ റമ്മിയുടേതായിരുന്നു. ചൂതാട്ടത്തിന്‍റെ ഓണ്‍ലൈന്‍ വേര്‍ഷന്‍! പണംവെച്ച് ചീട്ട് കളിക്കുന്നത് നിയമവിരുദ്ധമാണ് നമ്മുടെ നാട്ടില്‍. ഇത്തരക്കാരെ പോലീസ് ഓടിച്ചിട്ട് പിടിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ പരസ്യം നല്‍കി നടക്കുന്ന ഇത്തരം ചൂതാട്ടത്തിന് തടയിടുന്നതില്‍ നിയമപാലകരും സര്‍ക്കാരും നിസ്സംഗത കാണിക്കുന്നത് എന്തിനെന്നത് വ്യക്തമല്ല. പാവങ്ങള്‍ കുറ്റം ചെയ്താലുള്ള ചടുലത വമ്പന്മാരിലേക്കെത്തുമ്പോള്‍ പലപ്പോഴും കാണാറില്ല. നിയമത്തെ വെല്ലുവിളിച്ച് വമ്പന്മാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഇരട്ടത്താപ്പ് അധികാരികളുടെ വീഴ്ചയായേ കാണാന്‍ സാധിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ലോട്ടറിയും അന്യസംസ്ഥാന ലോട്ടറിയും കേരളത്തിന്‍റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നു എന്നു പറഞ്ഞ് അതിനെതിരെ നിയമംകൊണ്ടുവന്ന സര്‍ക്കാര്‍ ആധുനിക കാലത്തെ ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ശക്തമായ നിയമനിര്‍മാണം നടത്താന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. സമൂഹത്തിന്‍റെ പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ സാമൂഹിക പ്രതിബദ്ധതയില്ലാതെ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കുന്നു എന്നത് അനഭിലഷണീയമാണ്.

മറ്റൊന്ന് സഹായവാഗ്ദാന തട്ടിപ്പുകളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ നൂറുകണക്കിന് ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തിയ കാര്യമാണ് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്. മൈ ക്യാഷ്, ഒറോറ ലോണ്‍, ക്വിക്ക് ലോണ്‍, ഡിമണി, റാപ്പിഡ് ലോണ്‍, ഈസി ക്യാഷ്, ന്യൂ റൂപ്പി തുടങ്ങി നിരവധി ആപ്പുകളാണ് ഈ തട്ടിപ്പിനായി ഉപയോഗിച്ചത്. ചെറിയ തുകകള്‍ വായ്പ നല്‍കി പണവും മാനവും അപഹരിക്കുന്ന പുത്തന്‍ തട്ടിപ്പുരീതി. പന്ത്രണ്ടായിരം രൂപ കടമെടുത്ത് പന്ത്രണ്ട് ലക്ഷം രൂപയുടെ കടക്കാരനായ ചെറുപ്പക്കാരന്‍റെ കഥ ആരെയും അമ്പരപ്പിക്കും. ചെന്നൈയില്‍നിന്ന് ഐടി കമ്പനിയുടമ അടക്കം എട്ട് പേരെയും കൊല്‍ക്കത്ത, ബാംഗ്ലൂര്‍ സ്വദേശികളെയും പോലീസ് അറസ്റ്റ് ചെയ്തു. ചൈനീസ്  പൗരനടക്കം പിന്നീട് പോലീസ് പിടിയിലായി. ഐജി ഗോപേഷ് ആഗര്‍വാളിന്‍റെ നേതൃത്വത്തില്‍ ഡിഐജിയും എസ്പി മാരും അടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിവിധ ജില്ലാ പോലീസ് മേധാവികള്‍ക്ക് ധാരാളം പരാതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. പലരും കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായവരും അഭ്യസ്ഥവിദ്യരും ഒക്കെയാണ്! ദുരന്തങ്ങളെ അവസരങ്ങളായി കാണുന്ന ക്രൂരന്മാരാണ് ഇത്തരം തട്ടിപ്പുസംഘങ്ങള്‍.

ഇവിടെയും അവിവേകവും അപക്വതയും പണത്തിനുള്ള എളുപ്പമാര്‍ഗങ്ങള്‍ തേടിയുള്ള അന്വേഷണങ്ങളുമാണ് വില്ലന്‍. സ്വാര്‍ഥത നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. മറ്റുള്ളവര്‍ നന്നാവണം എന്നാഗ്രഹിക്കുന്നര്‍ വിരളം. ഞാന്‍ എന്ന വലിയലോകത്ത് അഭിരമിക്കുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഞാന്‍, എനിക്ക്, എന്‍റെ എന്നതിനപ്പുറത്തേക്ക് ചിന്തിക്കാനുള്ള മാനസികവും വൈകാരികവുമായ വളര്‍ച്ച ഇന്ന് പലര്‍ക്കുമില്ല. അത്കൊണ്ടുതന്നെ ആരെങ്കിലും വെറുതെ സഹായിക്കാന്‍ വരുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. മോഹനവാഗ്ദാനങ്ങളില്‍ കണ്ണ് മഞ്ഞളിച്ചുപോകരുത്. രക്തബന്ധുക്കളോ ഉറ്റ സുഹൃത്തുക്കളോ നിഷ്കളങ്കരായ ചില മനുഷ്യരോ ഒഴികെ നമ്മെ സഹായിക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടിയാണിത് ചെയ്യുന്നത് എന്ന യാഥാര്‍ഥ്യം സ്വയം ബോധ്യപ്പെടണം. തേന്‍ പുരട്ടിയ വാക്കുകളുമായി നമ്മെ സഹായിക്കാന്‍ എത്തുന്ന വേട്ടക്കാരെ തിരിച്ചറിഞ്ഞേ മതിയാവൂ. അവരുടെ കെണിയില്‍ അകപ്പെടാതിരിക്കാനുള്ള നിതാന്ത ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക ഇടപാടുകളില്‍ അതീവ സൂക്ഷ്മത കാണിക്കാതിരുന്നാല്‍ കടം പെരുകുകയും അഭിമാനവും ജീവിതവും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യും. മൊബൈല്‍ ആപ്പുകളില്‍ സ്വകാര്യത എന്നത് വലിയ ചോദ്യ ചിഹ്നമാണ്. വാട്സാപ്പ് സ്വകാര്യവിവരങ്ങള്‍ പങ്കുവെക്കുന്നു എന്ന വാര്‍ത്ത വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ഇതില്‍നിന്നും അവര്‍ പിന്മാറുകയും ചെയ്തു. എന്നാല്‍ നമ്മുടെ മൊബൈലില്‍ ഉള്ള പല ആപ്പുകളും ഈ ചൂഷണം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മറ്റൊന്ന് മദ്യവും മയക്കുമരുന്നുകളും മറ്റു ദുശ്ശീലങ്ങളും തീര്‍ക്കുന്ന ബാധ്യതകള്‍ ഉണ്ടാക്കുന്ന മാനസിക, സാമ്പത്തിക പ്രതിസന്ധികളാണ്. അതിനെ സമര്‍ഥമായി ചൂഷണം ചെയ്ത് ചിലര്‍ കെണികള്‍ വിരിച്ചുതരും. അത് കുറ്റകൃത്യങ്ങളിലോ ആത്മഹത്യയിലോ ഒക്കെ പര്യവസാനിക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്. ലഹരിവിതയ്ക്കുന്ന ദുരന്തങ്ങളുടെ ആഴം അഗാധമാണ്. തിരിച്ചുവരാന്‍ സാധ്യമാവാത്തവിധം മറ്റു കുറ്റകൃത്യങ്ങളിലേക്ക് ഇത്  ഇരകളെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. സ്വയം ഉണ്ടാക്കുന്ന കുരുക്കുകള്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്ന വിധത്തിലേക്ക് പരിണമിക്കുന്നു എന്നത് തിരിച്ചറിയാനും നമുക്ക് ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താനും നിതാന്ത ജാഗ്രത പുലര്‍ത്താനും കുടുംബവും സമൂഹവും സര്‍ക്കാരുകളും ബോധപൂര്‍വവും ശക്തവുമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഓരോ നാടും സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ആ നാട്ടുകാര്‍ക്ക് കൂടി ബാധ്യതയുണ്ട്. പ്രാദേശിക ഭരണകൂടങ്ങളും മത, സാമൂഹിക, സാംസ്കാരിക സംഘടനകളും ഈ രംഗത്ത് തങ്ങളുടെ ഉത്തരവാദിത്തം മറക്കരുത്.

ചൂഷണമുക്തമായ സമൂഹം എന്നത് എല്ലാവരുടെയും ആവശ്യമാണ്. പരിസരങ്ങളിലുള്ള അസ്വസ്ഥതകള്‍ സാമൂഹികജീവികള്‍ എന്ന നിലയ്ക്ക് എല്ലാവരെയും ബാധിക്കും. അത്കൊണ്ടുതന്നെ നമ്മുടെ സ്വസ്ഥത തകര്‍ക്കുന്ന ലഹരി, സാമ്പത്തിക ചൂഷണം അടക്കമുള്ള തിന്മകളെ ഇല്ലായ്മ ചെയ്യാനുള്ള ബാധ്യത നമുക്കെല്ലാം ഉണ്ട്. നമ്മള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെക്കൊണ്ട് നിയമ നിര്‍മാണം നടത്തിക്കാനും ഭരണനിര്‍വഹണ ചാനലുകള്‍ അവ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും എല്ലാ പൗരന്‍മാരും തങ്ങളാല്‍ കഴിയുന്ന പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സാമൂഹിക സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന പ്രവണതയ്ക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാനും ഫലവത്തായ നടപടികള്‍ക്കുവേണ്ടി കൂട്ടായ പരിശ്രമം നടത്താനും നമുക്ക് സാധ്യമാകട്ടെ.