നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

ടി.കെ.അശ്‌റഫ്

2021 സെപ്തംബര്‍ 18 1442 സഫര്‍ 11

മയക്കുമരുന്നിനെ ജിഹാദുമായി ചേര്‍ത്ത് ചര്‍ച്ചകള്‍ കാടുകയറുമ്പോള്‍ എന്താണ് മദ്യത്തെ സംബന്ധിച്ച് ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും നിലപാടെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ ചേര്‍ത്ത ക്വുര്‍ആനിക വചനവും അനുബന്ധ വിശദീകരണവും സഹായകമാകും:

അല്ലാഹു പറഞ്ഞു: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക'' (ക്വുര്‍ആന്‍ 5:90-92).

ഉപര്യുക്ത വിശുദ്ധവചനം പലനിലയ്ക്ക് മദ്യം നിഷിദ്ധമാണെന്ന് അറിയിക്കുന്നു.

1. 'സത്യവിശ്വാസികളേ' എന്ന അഭിസംബോധനയാലാണ് വിശുദ്ധ വചനം ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത വിളി അറിയിക്കുന്നതാകട്ടെ ശേഷം വരുന്ന മതവിധി നടപ്പാക്കല്‍ സ്രഷ്ടാവിന് ഉത്തരമേകിയവര്‍ക്ക് നിര്‍ബന്ധമാണ് എന്നതാണ്.

2. മദ്യത്തെ ചൂതാട്ടത്തോടും പ്രതിഷ്ഠകളോടും പ്രശ്‌നംവെച്ച് നോക്കുവാനുള്ള അമ്പുകളോടുമാണ് ചേര്‍ത്ത് പറഞ്ഞത്. ഇവയെല്ലാം വന്‍പാപങ്ങളാണ്.

മദ്യം മഹാപാപമാണെന്നതിനാലും സകല തിന്മകളുടെയും താക്കോല്‍ എന്നതിനാലുമാണ് അവയെക്കാളെല്ലാം മദ്യത്തെ മുന്തിച്ചത്.

3. വിശുദ്ധ വചനത്തില്‍ മദ്യത്തെ 'രിജ്‌സ്' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മാലിന്യത്തിനും മ്ലേഛതയ്ക്കുമാണ് അറബിഭാഷയില്‍ 'രിജ്‌സ്' എന്ന് പറയുക.

4. 'പൈശാചിക പ്രവൃത്തി' എന്ന വിശേഷണംകൂടി അതിന് പ്രസ്തുത വചനത്തില്‍ പറയപ്പെട്ടു. പിശാചില്‍നിന്ന് തിന്മ മാത്രമെ ഉണ്ടാകൂ.

5. 'അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക' പ്രസ്തുത പ്രയോഗം അര്‍ഥമാക്കുന്നതാകട്ടെ ഒരു വസ്തുവില്‍നിന്ന് അകലുക, അതിനോടും അതിന്റെ അതിരുകളോടും അടുക്കാതിരിക്കുക എന്നൊക്കെയാണ്. മദ്യത്തില്‍നിന്ന് പാടെ അകലണമെന്ന് പ്രസ്തുത വചനം അറിയിക്കുമ്പോള്‍ എങ്ങനെയാണ് അതിനെ സമീപിക്കുക? മദ്യം ഹറാമാണെന്നതിന് ഏറ്റവും തെളിഞ്ഞ രേഖയാണ് ഈ പ്രയോഗം.

6. 'നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം' എന്നതുകൊണ്ടാണ് ഈ വചനം അവസാനിക്കുന്നത്. മദ്യത്തില്‍ നിന്ന് അകലുമ്പോഴാണ് വിജയം എന്ന് ഇതിലൂടെ ഉണര്‍ത്തുന്നു. എങ്കില്‍ മദ്യവുമായി ബന്ധപ്പെട്ട് തെറ്റുകളില്‍ അകപ്പെടല്‍ ദുരന്തവും പരാജയവും മാത്രമാണ്.

7. മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങള്‍ ഈ വചനം വിവരിക്കുന്നത് ഇപ്രകാരമാണ്:

''പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാണ്.''

8. 'അതിനാല്‍ നിങ്ങള്‍ വിരമിക്കാന്‍ ഒരുക്കമുണ്ടോ?' എന്ന ചോദ്യംകൊണ്ടാണ് അടുത്ത വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. ഭീതിപ്പെടുത്തുവാനും മുന്നറിയിപ്പ് നല്‍കുവാനും വേണ്ടിയാണ് പ്രസ്തുത ചോദ്യം. അതുകൊണ്ടാണ് തിരുനബിയുടെ അനുചരന്മാര്‍ ഈ ചോദ്യം കേട്ടമാത്രയില്‍ ഞങ്ങള്‍ വിരമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

9. മദ്യം നിഷിദ്ധമാക്കിയ വചനത്തിന് തൊട്ടുപിറകെ അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായരീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.''

മദ്യപാനം മതിയാക്കി അല്ലാഹുവിന്റെ ആജ്ഞയെ അനുധാവനം ചെയ്യേണ്ടുന്നതിന്റെ അനിവാര്യതയെയാണ് പ്രസ്തുത വചനം അറിയിക്കുന്നത്.

മദ്യത്താല്‍ പരീക്ഷിക്കപ്പെട്ട്, അത് നിഷിദ്ധമാക്കപ്പെടുന്നതിനുമുമ്പ് മരണപ്പെടുകയോ രക്തസാക്ഷിയാവുകയോ ചെയ്ത മഹത്തുക്കളുടെ വിഷയത്തില്‍ സ്വഹാബത്തിനുണ്ടായ ആശങ്കക്ക് ക്വുര്‍ആന്‍ അറുതിവരുത്തുന്നത് കാണുക:

''വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ മുമ്പ് കഴിച്ചുപോയതില്‍ കുറ്റമില്ല. അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍...'' (ക്വുര്‍ആന്‍ 5:93).

പ്രവാചക വചനങ്ങളില്‍ എന്ത് പറയുന്നു?

മദ്യം നിഷിദ്ധവും നികൃഷ്ടവുമാണെന്നറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. ചിലത് താഴെ നല്‍കുന്നു.

1. മദ്യം രോഗമാണ്; രോഗശമനിയല്ല:

ഒരു വ്യക്തി നബി ﷺ യോട് മദ്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി അദ്ദേഹത്തോട് മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു:

''ഞാന്‍ മരുന്നിനുവേണ്ടി മാത്രമാണ് അത് ഉണ്ടാക്കുന്നത്.'' തിരുമേനി ﷺ പറഞ്ഞു: ''നിശ്ചയം അത് രോഗമാണ്, ഒരിക്കലും രോഗശമനിയല്ല.''

2. മദ്യം മ്ലേച്ഛവൃത്തികളുടെ മാതാവ്:

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതര്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: 'മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവരും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റെയും സഹോദരിയുടെയും മാതൃസഹോദരിയുടെയുംമേല്‍ അവന്‍ വീണെന്നിരിക്കും.''

3. മദ്യം സര്‍വ തിന്മകളുടെയും താക്കോല്‍:

അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''എന്റെ ഇഷ്ടഭാജനം തിരുനബി എന്നോട് വസ്വിയ്യത്ത് ചെയ്തു: 'താങ്കള്‍ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു, തീര്‍ച്ച.''  

4. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്:

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: 'ലഹരിയുണ്ടാക്കുന്ന എല്ലാതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു.''

5. മദ്യം കുറച്ചാണെങ്കിലും ഹറാമാണ്:

ജാബിര്‍ ബിന്‍ അബ്ദുല്ല(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: 'കൂടുതല്‍ ഉപയോഗിച്ചാല്‍ ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്.''

6. മദ്യവുമായി ബന്ധപ്പെട്ടവരെല്ലാം ശാപാര്‍ഹരാണ്:

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ പത്ത് വിഭാഗത്തെ ശപിച്ചു; മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിച്ചെത്തിക്കുന്നവന്‍, ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, അത് വിലയ്ക്ക് വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വിലയ്ക്കു വാങ്ങുന്നുവോ അവന്‍.''

7. മദ്യത്തിലൂടെയുള്ള സമ്പാദ്യം ഹറാമാണ്:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ''നിശ്ചയം അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: 'നിശ്ചയം, അല്ലാഹു കള്ളും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. ശവവും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. പന്നിയും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു.''

8. മദ്യം വിളമ്പുന്ന സദ്യകളില്‍ ഇരിക്കാന്‍ പാടില്ല:

നബി ﷺ പറഞ്ഞതായി ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: ''വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ മദ്യം സേവിക്കപ്പെടുന്ന തീന്‍മേശകളില്‍ അവന്‍ ഇരിക്കരുത്.''

9. വിശ്വാസത്തോടുകൂടി മദ്യപിക്കാനാവില്ല:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ''നിശ്ചയം, നബി ﷺ പറഞ്ഞു: 'ഒരാള്‍ മദ്യപിക്കുമ്പോള്‍ വിശ്വാസിയായിക്കൊണ്ട് അയാള്‍ മദ്യപിക്കുകയില്ല.''

10. മദ്യപാനിക്കുള്ള ഇസ്‌ലാമിക ശിക്ഷ:

അലി(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ നാല്‍പത് അടി നല്‍കി. അബൂബക്‌റും നാല്‍പത് അടി നല്‍കി. തന്റെ ഖിലാഫത്തിന്റെ തുടക്കത്തില്‍ ഉമറും അപ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ശേഷം അദ്ദേഹം ശിക്ഷ എണ്‍പത് ആക്കി പൂര്‍ത്തീകരിച്ചു. എല്ലാം സുന്നത്താകുന്നു.''

11. മദ്യപാനിക്ക് സ്വര്‍ഗത്തിലെ വിശിഷ്ട പാനീയം നിഷിദ്ധം:

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ''വല്ലവനും ഇഹലോകത്ത് മദ്യപിച്ച് അതില്‍നിന്ന് പശ്ചാത്തപിട്ടില്ലായെങ്കില്‍ പരലോകത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അയാള്‍ അത് കുടിപ്പിക്കപ്പെടുകയില്ല.'

12. മദ്യപാനിക്ക് സ്വര്‍ഗം നിഷിദ്ധം:

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ''അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'മൂന്ന് കൂട്ടര്‍, അവരുടെമേല്‍ അല്ലാഹു സ്വര്‍ഗം ഹറാമാക്കിയിരിക്കുന്നു: മുഴുക്കുടിയന്‍, മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, സ്വന്തം കുടുംബത്തില്‍ വൃത്തികേടിന് സമ്മതം നല്‍കുന്നവന്‍.''

13. മദ്യപാനിയുടെ നമസ്‌കാരം:

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ബുദ്ധിയെ മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്‌കാരം പാഴായി.''

സാമൂഹ്യവിഭജനം അരുത്

ക്വുര്‍ആനും പ്രവാചക വചനങ്ങളും ഇത്രമാത്രം ഗൗരവമുള്ള പാപമായി കാണുന്ന മദ്യത്തെയും മയക്കുമരുന്നിനെയും ഉപാധിയാക്കി ഇസ്‌ലാമിലേക്ക് ആരെങ്കിലും ആളെ ചേര്‍ക്കുമോ? ഒരിക്കലുമില്ല! ഇനി അങ്ങനെയുണ്ടങ്കില്‍ അത് ചെയ്യുന്നവരെ അറിയാന്‍ മുസ്‌ലിം സമുദായത്തിനും ആഗ്രഹമുണ്ട്. അവരെ നേരിടാന്‍ എല്ലാവര്‍ക്കും മുന്നില്‍ സമുദായമുണ്ടാകും.

ദൈവിക മാര്‍ഗത്തിലുള്ള കഠിനാധ്വാനമെന്ന അര്‍ഥത്തിലാണ് ക്വുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം 'ജിഹാദ്' എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കോ വിഭാഗീയതക്കോ അല്ല 'ജിഹാദ്' എന്ന് പറയുന്നത്.

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം.

അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുക എന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റം ഉണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ക്വുര്‍ആനിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധിച്ച് ഒരാളെയും മതത്തില്‍ കൂട്ടുന്നതിനോട് അത് യോജിക്കുന്നില്ല.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ വൈകാരികത മാറ്റിവെച്ച് വസ്തുതകള്‍ അറിയാന്‍ ശ്രമിക്കലാണ് നമ്മുടെ ബാധ്യത. വിവാദങ്ങള്‍ കത്തിച്ചുനിര്‍ത്തി നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.