അഫ്ഗാനിസ്ഥാന്‍: അമേരിക്കന്‍ അധിനിവേശത്തിന് ശേഷം

ഡോ. ടി.കെ യൂസുഫ്

2021 സെപ്തംബര്‍ 25 1442 സഫര്‍ 18

സാമ്രാജ്യത്വത്തിന്റെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പത്തിമടക്കി പിന്‍വാങ്ങിയ  ഈ അവസരത്തില്‍ അഫ്ഗാനികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ അവിടുത്തെ മുസ്‌ലിംകള്‍ക്ക് മതത്തോടുള്ള അഭിനിവേശം വര്‍ധിച്ചുവരുന്നതായിട്ടാണ് സൂചിപ്പിക്കുന്നത്. മതബോധം, മൗലികവാദം എന്നിവയോട് അഫ്ഗാന്‍ ജനതക്കുള്ള ആവേശം ഇല്ലായ്മ ചെയ്ത് അവരില്‍ പാശ്ചാത്യ സംസ്‌കാരം കുത്തിനിറക്കാന്‍ വേണ്ടി അമേരിക്ക പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും അവരില്‍ മതത്തിന്റെ ചിഹ്നങ്ങളോടും കര്‍മങ്ങളോടും  ആചാരങ്ങളോടുമുള്ള ആദരവ് വര്‍ധിച്ചുവരുന്നതായിട്ടാണ് കാണപ്പെടുന്നത്.  

2001 ഒക്‌ടോബറില്‍ അമേരിക്ക അഫ്ഗാനില്‍ കാല്കുത്തിയ ഉടനെ അഫ്ഗാനികള്‍ തീവ്ര മതാന്ധതക്കെതിരെ പ്രതിഷേധിക്കുന്ന ചില പ്രകടനങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ആധിപത്യം ഏതാനും നാളുകള്‍ നീണ്ടുനിന്നാല്‍ അഫ്ഗാനികളുടെ മുസ്‌ലിം സംസ്‌കാരം മുച്ചൂടും മാറ്റാന്‍ കഴിയുമെന്ന് മനപ്പായസമുണ്ടവര്‍ ഇപ്പോള്‍ നിരാശരായിരിക്കയാണ്. കാരണം അഫ്ഗാനികള്‍ മതനിരാസ പ്രവണതകള്‍ കൈവിട്ട് വീണ്ടും മതാവേശത്തിലേക്ക് മടങ്ങിയിരിക്കുന്നു.

ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക അഫ്ഗാനില്‍ ആധിപത്യം ചെലുത്തിയ നാളുകളിലുള്ള അഫ്ഗാനികളും ഇന്നത്തെ അഫ്ഗാനികളും മനോഭാവത്തിലും കാഴ്ചപ്പാടിലും ഒരുപാട് വ്യത്യാസപ്പെട്ടിട്ടുണ്ട്. അന്ന് അമേരിക്ക അഫ്ഗാന്‍ മലമടക്കുകള്‍ക്കിടയില്‍ വമ്പിച്ചതോതില്‍ ആയുധം ഉപയോഗിച്ചിരുന്നു. ഇത് അവിടുത്തെ മതവിശ്വാസികള്‍ക്കിടയില്‍ അല്‍പം ഭീതി പരത്തുകയും മതചിഹ്നങ്ങള്‍ മുറുകെപിടിക്കാന്‍ അവര്‍ ശങ്കിക്കുകയും ചെയ്തിരുന്നു. അതുപോലെ അന്ന് അഫ്ഗാന്‍ നഗരങ്ങളില്‍ മതഭ്രാന്തിനെതിരെയുള്ള ചില പ്രകടനങ്ങള്‍ അരങ്ങേറാന്‍ കാരണം താലിബാന്‍ ഭരണകൂടത്തിന്റെ ചില തെറ്റായ നിയമനടപടികളായിരുന്നു. അതോടൊപ്പം അഫ്ഗാനിലെ, മതാചരങ്ങള്‍ മുറുകെ പിടിക്കുന്നവരോട് അമേരിക്കന്‍ ഭടന്മാര്‍ ആക്രോശങ്ങളും ഭീഷണികളുമായി അല്‍പം ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്.

താലിബാന്‍ ഭരണാധികാരികളുടെ തലതിരിഞ്ഞ നിലപാടുകളും തീവ്ര മത ചിന്തകളും യാഥാസ്ഥിതികരായ അഫ്ഗാനികളെ പോലും എതിരായി ചിന്തിക്കുന്ന പരുവത്തിലാക്കിയിരുന്നു.  കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലും സ്ത്രീകള്‍ മുഖാവരണമില്ലാതെ പ്രകടനം നടത്തിയതും  മതവിശ്വാസം രൂഢമുലമായിട്ടില്ലാത്തവര്‍ തെരുവുകളില്‍ കള്ള് കുടിച്ച് കൂത്താടിയതും ഇത്തരം ഒരു പ്രതിഷേധത്തിന്റെ ഭാഗമാണ്.  ഈ പ്രവണത കണ്ട അധിനിവേശക്കാര്‍ ധരിച്ചത് അഫ്ഗാനികള്‍ ഇസ്‌ലാമിക സംസ്‌കാരം പരിത്യജിച്ച് പാശ്ചാത്യ സംസ്‌കാരം വാരിപ്പുണരുമെന്നാണ്. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ അഫ്ഗാനികള്‍ വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചുവരികയാണ് ചെയ്തത്.

അഫ്ഗാന്‍ ജനതയെ ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്ന് വ്യതിചലിപ്പിച്ച് അവരെ പാശ്ചാത്യവത്കരിക്കുന്നതിന് അമേരിക്ക താഴെ പറയുന്ന മാര്‍ഗങ്ങളാണ് സ്വീകരിച്ചത്:

1. സ്ത്രീകളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുപരി അവരെ പാശ്ചാത്യ സംസ്‌കാരത്തിന്റെ വാഹകരാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അമേരിക്ക ആദ്യമായി നടത്തിയത്. ഇത് ഒരളവോളം വിജയിക്കുകയും അധിനിവേശത്തിന്റെ ആരംഭഘട്ടത്തില്‍ സ്ത്രീകള്‍ ശിരോവസ്ത്രമില്ലാതെ അഫ്ഗാന്‍ തെരുവുകളില്‍ അലയാനുള്ള ധൈര്യം കാണിക്കുകയും ചെയ്തിരുന്നു.

2. വാര്‍ത്താമാധ്യമങ്ങളിലൂടെ അനിസ്‌ലാമിക സംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് പിന്നീട് അവര്‍ നടത്തിയത്. അഫ്ഗാനിലെ പ്രാദേശിക ഭാഷകളില്‍ റേഡിയോ സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും ആരംഭിക്കുകയും അതില്‍ പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറും നീണ്ടുനില്‍ക്കുന്ന ഇത്തരം പരിപാടികളിലൂടെ അഫ്ഗാന്‍ ജനതയിലേക്ക് പടിഞ്ഞാറന്‍ സംസ്‌കാരം നുഴഞ്ഞുകയറാന്‍ തുടങ്ങി. വിവിധ ഭാഷകളിലൂള്ള സിനിമകളും സീരിയലുകളും അഫ്ഗാനിലെ പ്രാദേശിക ഭാഷകളിലേക്ക് ടബ് ചെയതുകെണ്ട് പ്രോഗ്രാമുകളുടെ ക്ഷാമം പരിഹരിക്കുകയും ചെയ്തു. ജനങ്ങള്‍ ഇത്തരം പരിപാടികള്‍ ദര്‍ശിച്ചാലും ഇല്ലെങ്കിലും ഇവയുടെ പ്രചാരണം ഇപ്പോഴും തുടരുകയാണ്.

3. താലിബാന്‍ ഭരണത്തിന് പകരമായി അമേരിക്കന്‍ പാവ സര്‍ക്കാര്‍ നിലവില്‍വന്നതോടുകൂടി അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം മദ്യം സുലഭമായി. അമേരിക്കന്‍ പട്ടാളക്കാരുടെ ആവശ്യത്തിന് എന്നു പറഞ്ഞാണ് ബാറുകള്‍ തുടങ്ങിയിരുന്നതെങ്കിലും പിന്നീട് അത് പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാകാന്‍ തുടങ്ങി.

4. വിദ്യാഭ്യാസരംഗത്ത് പടിഞ്ഞാറന്‍ സംസ്‌കാരത്തെ കുടിയിരുത്താന്‍വേണ്ടി കലാലയങ്ങളിലും കോളെജുകളിലും ലിംഗ വേര്‍തിരിവ് ഒഴിവാക്കുകയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടപഴകാന്‍ അവസരമൊരുക്കുകയും ചെയ്തു. അതോെടാപ്പം സിലബസ്സില്‍ നിലവിലുണ്ടായിരുന്ന മതാധ്യാപനങ്ങള്‍ വെട്ടിച്ചുരുക്കുകയോ അല്ലെങ്കില്‍ പാടെ നിര്‍മാര്‍ജനം ചെയ്യുകയോ ചെയ്തു. മതപണ്ഡിതന്മാര്‍ പിന്തിരിപ്പന്മാരും തീവ്രവാദികളുമാണെന്നുള്ള ഒരു സന്ദേശവും ഇക്കൂട്ടത്തില്‍ അവര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്കിടയില്‍ കല, കായിക, സിനിമ രംഗങ്ങളിലുള്ള താരാരാധന സന്നിവേശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളും നടപ്പിലാക്കുകയുണ്ടായി.

5. മതപരമായ പഠനങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍വേണ്ടി ആധുനിക, ഉത്തരാധുനിക, സാഹിത്യ, ദാര്‍ശനിക പാഠഭാഗങ്ങള്‍ അവര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. സ്ത്രീ പുരുഷ സമത്വം, സര്‍വമത സത്യവാദം തുടങ്ങിയ ആശയങ്ങളുടെ പ്രചാരണങ്ങളും തകൃതിയായി നടപ്പില്‍ വരുത്തി. അതോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ സുവിശേഷപ്രവര്‍ത്തകര്‍ക്ക് അവരുടെ ആശയപ്രചാരണത്തിന് വേണ്ട അവസരങ്ങള്‍ തുറന്നുകൊടുത്തു. അതോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുള്ള സുവിശേഷകരും അഫ്ഗാന്‍ മണ്ണില്‍ നിരങ്ങാന്‍ തുടങ്ങി. പൊതുവെ ദാരിദ്ര്യം കൊണ്ടും രോഗങ്ങള്‍ കൊണ്ടും പരീക്ഷിക്കപ്പെട്ടിരുന്ന അഫ്ഗാനികളെ വേണ്ടപോലെ ചൂഷണം ചെയ്യാനും  ചില സാധുക്കളെ മതപരമായി പരിവര്‍ത്തിപ്പിക്കാനും ഈ സുവിശേഷകര്‍ക്ക് സാധ്യമാകുകയുണ്ടായി. ഇത്തരം മതപരിത്യാഗകള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നടപ്പിലാക്കുന്നതിന്റെ മുമ്പായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടപെടുകയും അവരെ അവിടുത്തെ ജയിലുകളിലേക്ക് മാറ്റുകയും ചെയ്യാറാണ് പതിവ്. യൂറോപ്യന്‍ രാജ്യങ്ങളിലെ സുഖജീവിതം സ്വപ്‌നം കാണുന്നവരെ മതപരിപരിത്യാഗത്തിന് പ്രേരിപ്പിക്കുക എന്ന ഒരു നിഗൂഢ ലക്ഷ്യവും കൂടി ഇതിന്റെ പിന്നിലുണ്ട്.

പേരിന് പോലും ഒരു ക്രിസ്ത്യാനി ഇല്ലാതിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ ഔദ്യോഗിക അംഗീകാരമുള്ള മൂന്ന് ക്രിസ്തീയ ദേവാലായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് അധിനിവേശം കൊണ്ട് അഫ്ഗാന്‍ മണ്ണിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ അഫ്ഗാനിലുണ്ടാക്കിത്തീര്‍ക്കാന്‍ അധിവേശക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. നമ്മുടെ ആളുകളെല്ലാത്തവരെല്ലാം നമ്മുടെ ശത്രുക്കള്‍ എന്ന ജോര്‍ജ് ബുഷിന്റെ വീക്ഷണം നടപ്പിലാക്കിയത് കൊണ്ട് അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ ആരുംതന്നെ ഇത്തരത്തില്‍ പാശ്ചാത്യ ലോബി കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് തടഞ്ഞിരുന്നില്ല. എന്നാല്‍ ഭീകരവാദിയായി മുദ്രകുത്തുമോ എന്ന ഭീതി അല്‍പാല്‍പമായി മറനീങ്ങുകയും ജനങ്ങള്‍ അവരുടെ നൈസര്‍ഗികതയിലേക്ക് തിരിച്ചുവരികയും ചെയ്തതോടുകൂടിയാണ് അധിനിവേശം സൈനിക രംഗത്ത് മാത്രമല്ല മത, സാംസ്‌കാരിക രംഗത്തേക്ക് കൂടി പടര്‍ന്ന് പിടിച്ചിട്ടുണ്ടെന്ന് എന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് വന്നത്.

മതനിയമങ്ങള്‍ മുറുകെപിടിക്കുന്നവരാണ് എന്നും അധിവേശക്കരുടെ ഉറക്കംകെടുത്തിയിട്ടുള്ളത്. എന്നാല്‍ അഫ്ഗാനികള്‍ ഭീകരമുദ്ര ഭയപ്പെട്ട് ബാഹ്യമായ മതചിഹ്നങ്ങള്‍ വെടിഞ്ഞതോടെ അമേരിക്കക്ക് ആശങ്ക മാറുകയും അവര്‍ കൂടുതല്‍ സൗഹൃദത്തോട് കൂടി അഫ്ഗാനികളോട് പെരുമാറാന്‍ തുടങ്ങുകയും ചെയ്തു. ഈ ഊഷ്മളമായ സൗഹൃദാന്തരീക്ഷം അഫ്ഗാനികളെ വീണ്ടും മതത്തിന്റെ ശീതളഛായയിലേക്ക് തിരച്ചുകൊണ്ടുവരികയും അവരില്‍ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അനേകം പരിവര്‍ത്തനങ്ങളുണ്ടാക്കുകയും ചെയ്തു.

അധിനിവേശത്തിന്റെ ആരംഭത്തില്‍ അഫ്ഗാനിസ്ഥാനിലെ പള്ളികളില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഇന്ന് ധാരാളം ചെറുപ്പക്കാര്‍ പള്ളികളില്‍ സജീവമാകുകയും വെള്ളിയാഴ്ചകളില്‍ ഖത്വീബുമാര്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ഉള്‍പെടുത്തുകയും, മത-സാമൂഹ്യ രംഗത്ത് മുസ്‌ലിംകള്‍ നിറസാന്നിധ്യമായി മാറുകയും ചെയ്തിട്ടുണ്ട്. അമേരിക്കക്കാര്‍ അഫ്ഗാന്‍മണ്ണില്‍ കാലുകുത്തിയ നാളുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പര്‍ദയോട് അലര്‍ജിയുണ്ടാകുകയും അവര്‍ അത് പരമാവധി ഒഴിവാക്കുകയും ഒരുപടി കൂടി മുന്നോട്ട് പോയി അങ്ങാടിയില്‍ ആണുങ്ങളുമായി ഇടപഴകുകയും അവരുമായി ഹസ്തദാനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് തലമറക്കാതെ നഗരങ്ങളില്‍ അലഞ്ഞുനടക്കുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്.

മതപരമായ അഭിനിവേശം വര്‍ധിച്ചുവന്നതോടുകൂടി അഫ്ഗാനിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഇടകലരുന്ന കലാലയ കാമ്പസുകളിലേക്ക് കടന്നുചെല്ലാന്‍ വൈമനസ്യം കാണിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വീണ്ടും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകളുള്ള കാബൂളിലെ സലാം സര്‍വകലാശാലയിലേക്ക് ഇപ്പേള്‍ വമ്പിച്ച വിദ്യാര്‍ഥി മുന്നേറ്റമാണുള്ളത്. മിക്‌സഡ് കാമ്പസുകളാണ് എന്നതുകൊണ്ട് മാത്രം രക്ഷിതാക്കള്‍ വിദ്യാര്‍ഥിനികളെ സര്‍വകലാശാലയിലേക്ക് അയക്കാന്‍ മടികാണിച്ചിരുന്നു. സലാം സര്‍വകാലാശാലയിലേക്കുള്ള വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റം ഇസ്‌ലാമിക മൂല്യങ്ങളിലേക്കുള്ള അവരുടെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്.

അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ ആളുകളെ പാട്ടിലാക്കുന്ന അനേകം എഫ്എം നിലയങ്ങള്‍ അഫ്ഗാനില്‍ അരങ്ങുതകര്‍ത്തിരുന്നു. പാശ്ചാത്യ, ഇന്ത്യന്‍ സംഗീതങ്ങളായിരുന്നു അവയിലെ പ്രധാന പരിപാടികള്‍. അതിന് പുറമെ ശ്രോതാക്കള്‍ക്ക് നര്‍മ സല്ലാപം നടത്താനും ഈ നിലയങ്ങളില്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ചില മതപരമായ പരിപാടികളുള്ള റോഡിയോ നിലയങ്ങള്‍ രംഗത്ത് വന്നതോടുകൂടി ജനങ്ങള്‍ വിനോദപരിപാടികളോട് വിടപറഞ്ഞ് മതവിജ്ഞാന പരിപാടികളിലേക്ക് ആകൃഷ്ടരാകാന്‍ തുടങ്ങി. കാബൂളില്‍നിന്ന് പ്രക്ഷേപണം ചെയ്യുന്ന സൗത്തുല്‍ ഇസ്വ്‌ലാഹ് എന്ന റേഡിയോ നിലയത്തിലെ പരിപാടികളോടുള്ള ശ്രോതാക്കളുടെ പ്രതികരണം ജനങ്ങള്‍ വിനോദ ഭ്രാന്തിനോട് വിടപറഞ്ഞ് വിവേകത്തിന്റെ പാതയിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങിയതിന്റെ തെളിവാണ്.

മതമൗലികവാദ മുദ്രകുത്തപ്പെടുമെന്ന ഭയം കാരണം പലര്‍ക്കും മത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ മടിയായിരുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് ആ ഭയപ്പാട് നീങ്ങിയതുകൊണ്ട് അഫ്ഗാനില്‍ അനേകം ദീനീ സ്ഥാപനങ്ങല്‍ വളര്‍ന്നുവരുന്നുണ്ട്.

അഫ്ഗാനില്‍ മതപ്രസംഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവരെ ആളുകള്‍ക്ക് ഭയമായിരുന്നു. തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ നീങ്ങിയതോടുകൂടി ആയിരങ്ങള്‍ പങ്കെടുക്കുന്ന മതവിജ്ഞാന വേദികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് പോലും മനസ്സിലാകുന്ന ശൈലിയില്‍ അഫ്ഗാന്‍ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, മതപരമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യപ്പെടുന്ന ചില സമ്മേളനങ്ങളില്‍ ഒരു ലക്ഷത്തോളം ആളുകള്‍വരെ പങ്കെടുക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

അമേരിക്ക കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ മതമൗലികവാദത്തിന്റെ വേരറുക്കാന്‍ ഇത്രയൊക്കെ പണിപ്പെട്ട് അധ്വാനിച്ചിട്ടും മത-ധാര്‍മിക രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്കാണ് ആ ജനത നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് അമേരിക്കക്ക് അഫ്ഗാന്‍ മണ്ണിന്‍ അധിനിവേശ സംസ്‌കാരത്തിന്റെ വേരുറപ്പിക്കാന്‍ കഴിയാതെ പോയത്? പാശ്ചാത്യവത്കരണത്തിന് പ്രതിബന്ധമായി നിലനില്‍ക്കുന്നത് താഴെ പറയുന്ന കാരണങ്ങളാണ് നീരീക്ഷകര്‍ വിലയിരുത്തുന്നത്.

1. അഫ്ഗാനികളുടെ മനസ്സില്‍ ആഴത്തില്‍ വേരുന്നിയ മതബോധമാണ് പാശ്ചാത്യവത്കരണത്തിന്റെ വിജയത്തിന് വിഘാതമായത്.

2. ആയുധരംഗത്ത് അമേരിക്കയെ നേരിടാന്‍ അശക്തരായ അഫ്ഗാന്‍ ജനത സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാനെങ്കിലും തങ്ങള്‍ക്ക് ആവുന്നത് ചെയ്യാന്‍ മുന്നോട്ട് വന്നു.

3. സൈനികരംഗത്ത് സമ്പൂര്‍ണമായി കീഴ്‌പെടുകയും സാംസ്‌കാരികരംഗത്ത് അടിയറവ് പറയാതിരിക്കാന്‍ പരമാവധി പരിശ്രമിക്കാനുമാണ് അഫ്ഗാനിലെ ഇസ്‌ലാമിക സംഘടനകള്‍ കാര്യമായി ആഹ്വാനം ചെയ്തത്. മുസ്‌ലിംകള്‍ ഈ ആഹ്വാനം ചെവിക്കൊണ്ടതിനാലാണ് അമേരിക്കക്ക് സാംസ്‌കാരികരംഗത്ത് അവരുടെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയാതിരുന്നത്.