വീണ്ടുവിചാരത്തിന്റെ വാതില്‍തുറന്ന സംവാദം

ടി.കെ.അശ്‌റഫ്

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

എം.എം അക്ബറും യുക്തിവാദി നേതാവ് ഇ.എ ജബ്ബാറും തമ്മില്‍ മലപ്പുറത്തുവച്ച് നടന്ന സംവാദം ഇസ്‌ലാമിനെ കാടടച്ച് വിമര്‍ശിക്കുന്നവര്‍ക്കെല്ലാം വീണ്ടുവിചാരത്തിന് ഒരു സുവര്‍ണാവസരമാണ് തുറന്നു വച്ചിരിക്കുന്നത്. ഞാന്‍ ഒരു എക്‌സ് മുസ്‌ലിമാണെന്ന് സോഷ്യല്‍ മീഡിയകളില്‍ അഭിമാനപൂര്‍വം പറയാറുള്ള ചില ചെറുപ്പക്കാര്‍ക്ക് ഈ സംവാദത്തില്‍ ചിന്തിക്കാന്‍ ഏറെയുണ്ട്. സ്വന്തം കുടുംബത്തില്‍ നിന്നോ മഹല്ലില്‍നിന്നോ സമുദായത്തില്‍നിന്നോ ഉണ്ടായ ഒറ്റപ്പെട്ട ചില തിക്താനുഭവങ്ങളുടെ പേരിലാണ് ചിലരൊക്കെ ഇസ്‌ലാം വിമര്‍ശനത്തെ ഒരു ഫാഷനായി കൊണ്ടുനടക്കാറുള്ളത്.

ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ക്കകത്തുനിന്ന് ജീവിക്കല്‍ തന്റെ സ്വതന്ത്ര വിഹാരത്തിന് തടസ്സമാകുമെന്ന് കണ്ട് അതില്‍നിന്ന് പുറത്തുകടക്കാനായി യുക്തിവാദത്തെ ഒരു അഭയകേന്ദ്രമായി സ്വീകരിച്ചവരെയും നമുക്ക് കാണാം. ഇസ്‌ലാമിനെ കുറിച്ചുള്ള അജ്ഞത കാരണം അത് പുരോഗമനത്തിനും ശാസ്ത്രത്തിനും എതിരാണെന്ന മുന്‍വിധിയോടെ ബുദ്ധിജീവി ചമയുന്നവരും യുക്തിവാദത്തിലെത്തിപ്പെടുന്നവരിലുണ്ട്.

മുസ്‌ലിം പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിച്ച് രംഗത്തുവന്നാല്‍ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ചാനലുകളിലുമൊക്കെ ഇടം ലഭിക്കുന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്. ഇങ്ങനെ ലഭിക്കുന്ന പോപ്പുലാരിറ്റി ലക്ഷ്യംവച്ച് ഇസ്‌ലാം വിമര്‍ശനത്തെ ഒരു തൊഴിലായി കൊണ്ടുനടക്കുന്ന ചിലരും സമൂഹത്തിലുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് കടന്നുചെല്ലാതെ അധികാരത്തിലെത്താന്‍ ആവില്ലെന്ന് തിരിച്ചറിഞ്ഞ ഫാസിസ്റ്റ്, നിരീശ്വരവാദ ആശയമുള്ള സംഘങ്ങള്‍ക്ക് വേസ്റ്റ് പേപ്പര്‍ പോലെ ഉപയോഗിക്കാന്‍ ചില മുസ്‌ലിം നാമധാരികളെ എക്കാലത്തും ആവശ്യമാണ്. വ്യക്തിപരമായ ചില താല്‍പര്യങ്ങള്‍ നേടിക്കൊടുക്കുകയും സാമ്പത്തിക പിന്തുണ നല്‍കുകയും ചെയ്താല്‍ സമുദായത്തില്‍നിന്ന് ചിലരെ അതിനായി കിട്ടിയേക്കാം. അവരും യുക്തിവാദത്തിന്റെ കുപ്പായമിട്ടാണ് രംഗത്തുവരാന്‍ ശ്രമിക്കാറുള്ളത്.

എല്ലാ സ്വാര്‍ഥ താല്‍പര്യക്കാരുടെയും അസംതൃപ്തരുടെയും സംരക്ഷണത്തിനായി നിവര്‍ത്തിവെച്ച ഒരു കുടയായിരുന്നു ഇസ്‌ലാം വിമര്‍ശനവും യുക്തിവാദവും. ഈ കുട സംരക്ഷിക്കാനായി ഞങ്ങളാണ് ഈ നാട്ടിലെ ഏറ്റവും ബുദ്ധിയുള്ളവരും ശാസ്ത്രബോധമുള്ളവരും എന്ന അഹങ്കാരത്തിന്റെ കൊടുമുടിയില്‍ കയറിനിന്ന് ക്വുര്‍ആനിനെയും മുഹമ്മദ് നബി ﷺ യെയും നിശിതമായി വിമര്‍ശിക്കുകയും സര്‍വസീമകളും ലംഘിച്ചുകൊണ്ട് പരിഹസിച്ച് മുന്നേറുകയുമായിരുന്നു ഇത്രയും കാലം ഇവര്‍.

ക്വുര്‍ആന്‍സൂക്തങ്ങളും പ്രവാചകവചനങ്ങളും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഏകപക്ഷീയമായി ഇവര്‍ നടത്താറുള്ള എഴുത്തുകളും പ്രസംഗങ്ങളും കേട്ട് അതിലെന്തോ സത്യമുണ്ടെന്ന് തെറ്റിദ്ധരിച്ച് ലിബറല്‍ സംസ്‌കാരത്തിലേക്ക് കാലൂന്നാന്‍ കാത്തുനില്‍ക്കുന്ന ചില മുസ്‌ലിം ചെറുപ്പക്കാര്‍ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്ട്. ഇവരുടെ നേതാവായി സ്വയം വിരാജിക്കുകയായിരുന്നു ഇ.എ ജബ്ബാര്‍.

വൈജ്ഞാനികമായും സാംസ്‌കാരികമായും കിടയൊത്ത എതിരാളിയല്ലെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടുതന്നെ ഇവരുമായി നേര്‍ക്കുനേര്‍ ഒരു ഏറ്റുമുട്ടല്‍ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഇസ്‌ലാമിക പക്ഷത്തുള്ളവര്‍.

എന്നാല്‍ അതിനെയൊരു സൗകര്യമായിക്കണ്ട് നിര്‍ലജ്ജം വെല്ലുവിളിയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ ഇ.എ ജബ്ബാര്‍ സ്വയം രാജാവായി ചമയുന്ന വേളയിലാണ് എം.എം അക്ബര്‍ ഇങ്ങനെ ഒരു സംവാദത്തിന് തയ്യാറായത്. അതോടുകൂടി യുക്തിവാദ ക്യാമ്പില്‍ സംവാദത്തില്‍ നിന്ന് പിന്‍മാറ്റത്തിനുള്ള സൂചനയാണ് പുറത്തുവന്നു തുടങ്ങിയത്. എന്നാല്‍ ഈ പ്രശ്‌നം ഇനിമേല്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടാന്‍ പാടില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് അവര്‍ തയ്യാറാക്കിയ അസ്വീകാര്യമായ പല നിബന്ധനകളെ പോലും അംഗീകരിച്ചുകൊണ്ട് സംവാദത്തിനു തയ്യാറായത്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ക്വുര്‍ആനിന്റെ അജയ്യത തെളിയിക്കാന്‍ ഈ സംവാദത്തിലൂടെ സാധിച്ചു. വലിയ ശാസ്ത്രബോധമുള്ളവരെന്ന് വാദിക്കുന്നവര്‍ക്ക് ഒരു പ്രസംഗം സാങ്കേതിക സൗകര്യങ്ങളുടെ പിന്തുണയോടെ സമയബന്ധിതമായി അവതരിപ്പിക്കാനുള്ള കഴിവുപോലും ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു ജബ്ബാറിന്റെ വിഷയാവതരണവും അനുബന്ധ ഇടപെടലുകളും.

ആഴക്കടലിലെ അന്ധകാരവുമായി ബന്ധപ്പെട്ട ക്വര്‍ആന്‍ വചനം എം.എം അക്ബര്‍ വിശദീകരിച്ചപ്പോള്‍ അതിന് ആദ്യറൗണ്ടില്‍ മറുപടി പറയാന്‍ സാധിക്കാതെ പോയ ഇ.എ ജബ്ബാറിന്റെ നിസ്സഹായത എല്ലാ യുക്തിവാദികളെയും ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നതാണ്. ബാലിശമെന്ന് പോലും പറയാന്‍ സാധ്യമാകാത്ത രീതിയില്‍ ദുര്‍ബലമായിരുന്നു പിന്നീട് വന്ന മറുപടി. ഇത്രയും ദുര്‍ബലമായ ഒരു പ്ലാറ്റ്‌ഫോമിലാണ് തങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത് എന്ന കാര്യം ഒരാവേശത്തിന് യുക്തിവാദ ക്യാമ്പില്‍ ചേക്കേറിയ മുസ്‌ലിം നാമധാരികള്‍ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. പരാജയം സമ്മതിക്കാനുള്ള മനസ്സില്ലാത്തതിനാല്‍ ശഹാദത്ത് കലിമ ചൊല്ലും എന്ന വാക്ക് ഇ.എ ജബ്ബാര്‍ പാലിച്ചിട്ടില്ല.

യുക്തിവാദത്തിന്റെ വലയില്‍ അകപ്പെട്ട് ഇസ്‌ലാമിനെ കയ്യൊഴിച്ചവര്‍ മനസ്സിലാക്കുക; യുക്തിവാദിയുടെ കുപ്പായമിട്ട് ഇസ്‌ലാമിനെ വിമര്‍ശിച്ചു നടന്നാല്‍ ഒരുപക്ഷേ, മരണംവരെ കൂടെ കൊണ്ടുനടക്കാന്‍ ആളുകളുണ്ടാകും. എന്നാല്‍ മരണ ശേഷം നാം ഒറ്റക്കായിരിക്കും. നാം എത്ര നിഷേധിച്ചാലും പരലോകം സത്യമായി പുലരും. ആഴക്കടലിലെ അത്ഭുതങ്ങളെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞത് എത്ര സത്യമാണെന്ന് നാം മനസ്സിലാക്കിയോ അതിലേറെ സത്യമായി നരക സ്വര്‍ഗങ്ങള്‍ നേരില്‍ കാണും. ആ പരലോകത്ത് രക്ഷ നേടാനുള്ള വഴിയില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ക്കുതന്നെയാണ് നേട്ടം.

ഇസ്‌ലാമിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും പഠിക്കാതെ ഇസ്‌ലാം വിമര്‍ശകരുടെ  ശ്രോതാക്കളായി സമുദായത്തിലുള്ളവര്‍ മാറിപ്പോകുന്നതിലൂടെ ഉണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം നേതൃത്വത്തിനു ബാധ്യതയുണ്ട്. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതിരിക്കാനുള്ള പ്രതിരോധമാര്‍ഗം സ്വീകരിക്കലാണ്.

ഇസ്‌ലാമോഫോബിയയും ലിബറലിസവും സമം ചേര്‍ത്ത്  മുസ്‌ലിം ഐഡന്റിറ്റിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളും പരിശ്രമങ്ങളും അനിവാര്യമാണ്.