ദൃഢവിശ്വാസത്തിന്‍റെ സദ്ഫലങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

2021 മാര്‍ച്ച് 13 1442 റജബ് 29

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ മനസ്സിലാക്കേണ്ട രൂപത്തില്‍ മനസ്സിലാക്കുകയും അവന്‍റെ മഹത്ത്വം തിരിച്ചറിയുകയും ചെയ്താല്‍ ഒരു സത്യവിശ്വാസി അവനില്‍ മാത്രം ഭരമേല്‍പിക്കുന്നവനും അവനെക്കുറിച്ച് നല്ലവിചാരം വെച്ചുപുലര്‍ത്തുന്നവനുമായിത്തീരും എന്നതില്‍ സംശയമില്ല. പ്രവാചകന്മാര്‍ മുഴുവനും ശത്രുക്കളുടെ എല്ലാ എതിര്‍പ്പുകളെയും തരണം ചെയ്തത് സഹായിക്കാന്‍ അല്ലാഹു മതിയായവനാണ് എന്ന ദൃഢബോധ്യംകൊണ്ടായിരുന്നു. അവര്‍ അല്ലാഹുവില്‍ മാത്രമാണ് എല്ലാം ഭരമേല്‍പിച്ചിരുന്നത്. ഏതാനും ഉദാഹരണങ്ങള്‍ കാണുക:

നൂഹ് നബി(അ)

അല്ലാഹുവില്‍ ഭരമേല്‍പിച്ച നൂഹ് നബി(അ)യെ  അല്ലാഹു പുകഴ്ത്തിപ്പറയുന്നത് കാണുക:

"...അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: എന്‍റെ ജനങ്ങളേ, എന്‍റെ സാന്നിധ്യവും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്‍റെ ഉല്‍ബോധനവും നിങ്ങള്‍ക്ക് ഒരു വലിയ ഭാരമായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെമേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചുകൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തില്‍ (തീരുമാനത്തില്‍) നിങ്ങള്‍ക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എന്‍റെ നേരെ നിങ്ങള്‍ (ആ തീരുമാനം) നടപ്പില്‍ വരുത്തൂ. എനിക്ക് നിങ്ങള്‍ ഇടതരികയേ വേണ്ട." (ക്വുര്‍ആന്‍ 10:71).

ഹൂദ് നബി(അ)

തങ്ങളുടെ പിഴച്ച വിശ്വാസങ്ങളില്‍ ഉറച്ചുനിന്ന ജനതയോട് ഹൂദ് നബി(അ) സ്വീകരിച്ച ദൃഢമായ നിലപാട് അല്ലാഹു വ്യക്തമാക്കുന്നത് കാണുക:

"...ഹൂദ് പറഞ്ഞു: നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക. അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരില്‍ തന്ത്രം പ്രയോഗിച്ചുകൊള്ളുക. എന്നിട്ട് നിങ്ങള്‍ എനിക്ക് ഇടതരികയും വേണ്ട. എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന്‍റെ മേല്‍ ഞാനിതാ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവന്‍ അതിന്‍റെ നെറുകയില്‍ പിടിക്കുന്ന (നിയന്ത്രിക്കുന്ന)തായിട്ടില്ലാതെയില്ല. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് നേരായ പാതയിലാകുന്നു" (ക്വുര്‍ആന്‍ 11:54-56).

ഇബ്റാഹീം നബി(അ)

ഇബ്റാഹീം നബി(അ)യുടെ നിര്‍ഭയമായ നിലപാട് അനുപമമാണ്. അല്ലാഹു പറയുന്നു:

"അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല). എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്? നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക്ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍. വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍" (ക്വുര്‍ആന്‍ 6:80-82).

അല്ലാഹുവിനെക്കാള്‍ ഭരമേല്‍പിക്കുവാന്‍ അര്‍ഹന്‍ ആരുമില്ല എന്ന ഉറച്ചവിശ്വാസമാണ് തന്നെ ശത്രുവായി കാണുന്നരോട് ഏകനായിനിന്ന് സംവദിക്കുവാനും വിഗ്രഹാരാധനയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തുവാനുള്ള ശ്രമം നടത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞത്. അവര്‍ അദ്ദേഹത്തെ തീയിലെറിയുകപോലുമുണ്ടായി. എന്നാല്‍ സ്രഷ്ടാവിനോടുള്ള അങ്ങേയറ്റത്തെ സ്നേഹവും ആത്മാര്‍ഥതയും ഭരമേല്‍പിക്കലുംമൂലം അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തി:

"അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്" (ക്വുര്‍ആന്‍ 21:68-70).

ഇബ്നുഅബ്ബാസി(റ)ല്‍നിന്ന് നിവേദനം: "തീയിയേക്ക് എറിയപ്പെട്ടപ്പോള്‍ ഇബ്റാഹീം(അ) പറഞ്ഞു:: 'ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ.' മുഹമ്മദ് നബി ﷺ യും ഇത് പ്രഖ്യാപിച്ചിട്ടുണ്ട്; ജനങ്ങള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍: "ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ" (3:173) (ബുഖാരി).

മൂസാനബി(അ)

ഫിര്‍ഔന്‍ ബനൂഇസ്റാഈല്യരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തപ്പോള്‍ മൂസാനബി(അ) പറഞ്ഞു:

"...എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെമേല്‍നിങ്ങള്‍ ഭരമേല്‍പിക്കുക; നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍" (ക്വുര്‍ആന്‍ 10:84).

മുഹമ്മദ് നബി ﷺ

മുഹമ്മദ് നബി ﷺ അല്ലാഹുവില്‍ പരിപൂര്‍ണമായി ഭരമേല്‍പിച്ചുകൊണ്ട് മുന്നോട്ടു പോയപ്പോള്‍ യാതൊന്നിനെയും ഭയപ്പെട്ടില്ല.

"...(നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല. തീര്‍ച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എന്‍റെ രക്ഷാധികാരി. അവനാണ് സജ്ജനങ്ങളുടെ സംരക്ഷണമേല്‍ക്കുന്നത്" (ക്വുര്‍ആന്‍ 7:195-196).

നബി ﷺ അബൂബക്റി(റ)നോടൊപ്പംമദീനയിലേക്ക് പലായനം ചെയ്യുന്നതിനിടയില്‍ ശത്രുക്കളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ ഒരു ഗുഹയില്‍ അഭയംതേടുകയുണ്ടായി. ആ സന്ദര്‍ഭത്തെ ക്വുര്‍ആനില്‍ ഇങ്ങനെ വിവരിച്ചതായി കാണാം:

"നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.അദ്ദേഹം തന്‍റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട; തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ് ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു" (ക്വുര്‍ആന്‍ 9:40).

പ്രവാചകന്മാരുടെ തവക്കുലിന്‍റെ (അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നതിന്‍റെ) മഹത്തായ ചില ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തത്. ദൃഢവിശ്വാസത്തോടെ, സ്രഷ്ടാവിനെ അങ്ങേയറ്റം അവലംബിക്കലാണ് തവക്കുല്‍. സത്യവിശ്വാസിയുടെ ഹൃദയം അല്ലാഹുവിന്‍റെ കഴിവും ശക്തിയും മഹത്ത്വവും കാരുണ്യവും ഉള്‍ക്കൊണ്ടുകഴിഞ്ഞാല്‍ ഏതു പ്രതിസന്ധിഘട്ടത്തിലും ആ സ്രഷ്ടാവില്‍ ഭരമേല്‍പിക്കുവാന്‍ അവനെ സഹായിക്കും. സത്യസന്ധമായ തവക്കുല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സദ്വിചാരം വളര്‍ത്തുകയും അവന്‍റെ സഹായത്തിലുള്ള വിശ്വാസം ദൃഢമാക്കുകയും ചെയ്യും. പ്രതിസന്ധികള്‍ക്കുമുമ്പില്‍ അയാള്‍ പകച്ചുനില്‍ക്കുകയില്ല. വെല്ലുവിളികള്‍ക്കുമുന്നില്‍ ഭീരുവായി ഒഴിച്ചോടുകയില്ല. പ്രവാചകന്മാരുടെ ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.

മൂസാനബി(അ)യെ പരാജയപ്പെടുത്തുവാനായി ഫിര്‍ഔന്‍ കൊണ്ടുവന്ന ജാലവിദ്യക്കാര്‍ സത്യം ബോധ്യപ്പെട്ടപ്പോള്‍ അല്ലാഹുവിനുമുന്നില്‍ പ്രണമിക്കുവാന്‍ തയ്യാറായത് ഇതിന് ഉദാഹരണമാണ്. മൂസാനബി(അ)യിലൂടെ അല്ലാഹുവിന്‍റെ കഴിവ് അവര്‍ മനസ്സിലാക്കിയപ്പോള്‍ ഫിര്‍ഔന്‍ എന്ന മര്‍ദക ഭരണാധികാരിയുടെ ഭീഷണിയെയും അക്രമത്തെയും അവര്‍ നിസ്സാരമായിക്കണ്ടു. കൈകാലുകള്‍ ഛേദിക്കും, കുരിശില്‍ തറക്കും എന്ന ഭീഷണികളെയും -അത് ചെയ്യുമെന്ന് ഉറപ്പുണ്ടായിട്ടും- അവര്‍ ഒട്ടും ഭയപ്പെട്ടില്ല! സത്യത്തിന്‍റെ മാര്‍ഗത്തില്‍ പ്രയാസമനുഭവിക്കുമ്പോള്‍ അടിപതറാതെ നില്‍ക്കുവാന്‍ അവര്‍ കാണിച്ച കരളുറപ്പിന്‍റെ ചരിത്രം അല്ലാഹു പറഞ്ഞുതരുന്നുണ്ട്:

"അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞുകൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍വശങ്ങളില്‍ നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചുകളയുകയും നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്. അവര്‍ പറഞ്ഞു: കുഴപ്പമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടങ്ങിപ്പോകുന്നവരാകുന്നു. ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു" (ക്വുര്‍ആന്‍ 26:49-51).

"അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചുകൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമെ നീ വിധിക്കുകയുള്ളൂ. ഞങ്ങള്‍ ചെയ്ത പാപങ്ങളും നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും" (ക്വുര്‍ആന്‍ 20:72,73).

അല്ലാഹുവിനെക്കുറിച്ചുള്ള സദ്വിചാരം വിശ്വാസിയുടെ ഹൃദയത്തില്‍ അവനോടുള്ള സ്നേഹവും അവന്‍റെ മാര്‍ഗത്തില്‍ ക്ഷമയോടെ ജീവിക്കാനുള്ള കഴിവും പ്രദാനം ചെയ്യും. അല്ലാഹുവിന്‍റെ വിധി പ്രകാരം ബുദ്ധിമുട്ടുകര്‍ ജീവിതത്തില്‍ നേരിടേണ്ടിവരുമ്പോള്‍ അത് തന്‍റെ ഗുണത്തിനാണെന്നു സമാധാനിക്കുവാന്‍ അവനു കഴിയും. അതാണ് നബി ﷺ പറഞ്ഞത്:

"വിശ്വാസിയുടെ കാര്യം അത്ഭുതകരംതന്നെ. അവന്‍റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. അത് വിശ്വാസിക്കല്ലാതെ ലഭ്യമല്ല. സന്തോഷകരമായത് ഭവിച്ചാല്‍ അവന്‍ നന്ദികാണിക്കും. അപ്പോള്‍ അത് അവന് ഗുണകരമാകും. ഇനി അവന് ബുദ്ധിമുട്ടാണ് ഭവിച്ചിട്ടുള്ളതെങ്കില്‍ അവന്‍ ക്ഷമിക്കും. അപ്പോള്‍ അവന് അതും ഗുണകരമാകും" (മുസ്ലിം).

അല്ലാഹുവിന്‍റെ മഹത്ത്വം മനസ്സിലാക്കുകയും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്ത ഒരു സത്യവിശ്വാസി വല്ലാത്ത ഒരു മനശ്ശാന്തി അനുഭവിക്കും. കാരണം അവന്‍ തന്‍റെ എല്ലാ പ്രയാസങ്ങളും ഏല്‍പിച്ചിരിക്കുന്നതും അവന്‍റെ പ്രാര്‍ഥനകള്‍ ഉയരുന്നതും സര്‍വശക്തനിലേക്കാണ്. ഉറക്കമോ മയക്കമോ ക്ഷീണമോ ഇല്ലാത്ത പ്രപഞ്ചനാഥനിലേക്കാണ്. ഈ ചിന്ത അവന്‍റെ മനസ്സിന് എപ്പോഴും ആശ്വാസം പകരും. അല്ലാഹു ഒരു ഉപമ പറയുന്നത് കാണുക:

"അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ, അവരില്‍ അധികപേരും അറിയുന്നില്ല" (ക്വുര്‍ആന്‍ 39:2).

ഏകനും അദ്വിതീയനുമായ സ്രഷ്ടാവിനെ അംഗീകരിച്ചും ആരാധിച്ചും ജീവിക്കുന്നവനും അനേകം ദൈവങ്ങളെ സങ്കല്‍പിച്ച് അവര്‍ക്കെല്ലാം ആരാധനകള്‍ അര്‍പ്പിക്കുന്നവനും തമ്മിലുള്ള വ്യത്യാസം ഈ ഉപമയിലൂടെ മനസ്സിലാക്കാം. ബഹുദൈവത്വവാദികള്‍ എപ്പോഴും ആശങ്കയിലായിരിക്കും. ആരോട് തേടിയാലാണ് കൂടുതല്‍ ഫലമുണ്ടാവുക എന്ന സംശയത്തില്‍ അവര്‍ അകപ്പെടും.

അല്ലാഹുവിനെ മനസ്സിലാക്കേണ്ടരൂപത്തില്‍ മനസ്സിലാക്കിയ വ്യക്തി അവന്‍റെ ശിക്ഷയെ ഭയപ്പെടുന്നവനും കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനുമായിരിക്കും. അവന്‍റെ മനസ്സ് സത്യവിശ്വാസത്തിന്‍റെ മാധുര്യം നന്നായി അനുഭവിക്കും. ഈ ലോകത്തുവെച്ച് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാണത്.

സത്യവിശ്വാസത്തിന്‍റെ മാധുര്യം അനുഭവിക്കുന്ന മനസ്സ് ലോലവും ഭക്തിനിര്‍ഭരവുമായിരിക്കും. നരകത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ അവന്‍റെ കണ്ണുകളെ ഈറനണിയിക്കും. സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അവന്‍റെ മനസ്സില്‍ സന്തോഷം നിറക്കും.

"അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍" (ക്വുര്‍ആന്‍ 8:2).

"...(നബിയേ,) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലംകൊള്ളുന്നവരും തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വം തരണംചെയ്യുന്നവരും നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍" (ക്വുര്‍ആന്‍ 22:34,35).

"അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതുനിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു..."(ക്വുര്‍ആന്‍ 39:23).