നല്ല മരണത്തിന്റെ ലക്ഷണങ്ങള്‍, ഭാഗം 3

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 മെയ് 29 1442 ശവ്വാല്‍ 17

5. ആദര്‍ശ സംരക്ഷണാര്‍ഥമുള്ള മരണം

ഒരാള്‍ സാക്ഷ്യവാക്യം (അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്- ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു) അംഗീകരിച്ച്, അതിനനുസരിച്ച് ജീവിക്കാന്‍ തയ്യാറാകുന്ന സന്ദര്‍ഭത്തില്‍ ശത്രുക്കളാല്‍ അതിന് വിഘ്‌നം നേരിടുമ്പോള്‍ തന്റെ ആദര്‍ശം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രയത്‌നത്തില്‍ കൊല്ലപ്പെട്ടാല്‍ അവനും ശഹീദാണ്.

സഈദുബ്‌നു സൈദി(റ)ല്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''ഒരാള്‍ തന്റെ ദീന്‍ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു; അയാള്‍ ശഹീദാണ്'' (തിര്‍മിദി).

6. യോദ്ധാവായിരിക്കെയുള്ള മരണം

അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം, നബി ﷺ പറഞ്ഞു: 'നിങ്ങളിലെ ശഹീദിനെ നിങ്ങള്‍ എങ്ങനെയാണ് എണ്ണുന്നത്?' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, ആരാണോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടുന്നത് അവന്‍ ശഹീദാണ്.' നബി ﷺ പറഞ്ഞു: 'എങ്കില്‍ നിശ്ചയം, എന്റെ സമുദായത്തില്‍ ശുഹദാക്കള്‍ കുറവാണ്.' അവര്‍ പറഞ്ഞു: 'അപ്പോള്‍ അവര്‍ ആരാണ് റസൂലേ?' നബി ﷺ പറഞ്ഞു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടുന്നവന്‍ ശഹീദാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിക്കുന്നവന്‍ ശഹീദാണ്' (മുസ്‌ലിം).

7. സല്‍പ്രവൃത്തിയിലായിരിക്കെ മരിക്കല്‍

വിശ്വാസികളെല്ലാം സ്വര്‍ഗം ആഗ്രഹിക്കുന്നവരും അതിന് വേണ്ടി പരിശ്രമിക്കുന്നവരാണ്. അല്ലാഹു പറയുന്നു:

''ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിന്നുവേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും'' (17:19).

പരലോകത്തെ ഉന്നംവെക്കുന്നവരുടെ യത്‌നങ്ങളും കര്‍മങ്ങളും അല്ലാഹു ഒന്നും പാഴാക്കുകയില്ല. എല്ലാം നന്ദിപൂര്‍വം സ്വീകരിക്കുകതന്നെ ചെയ്യും. അഥവാ, അവരുടെ ഓരോ ചലനത്തിനും ഇരട്ടിക്കണക്കില്‍ പ്രതിഫലം നല്‍കുകയും അവയെ വളര്‍ത്തി പോഷിപ്പിച്ചുകൊടുക്കുകയും ചെയ്യും.

ഹുദയ്ഫയി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ''ഞാന്‍ നബി ﷺ യെ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തു. അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: 'വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് 'ലാ ഇലാഹ ഇല്ലല്ലാഹ്' പറയുകയും അതുകൊണ്ട് അവന് പരിസമാപ്തി കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരുദിനം നോമ്പെടുക്കുകയും അതുകൊണ്ട് അവന് പരിസമാപ്തി കുറിക്കപ്പെടുകയുമാണെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദാനം നല്‍കുകയും അതുകൊണ്ട് അവന് പരിസമാപ്തി കുറിക്കപ്പെടുകയാണെങ്കില്‍ അവനും സ്വര്‍ഗത്തില്‍ പ്രവേശിച്ചു.'

സല്‍കര്‍മങ്ങള്‍ സ്വര്‍ഗപ്രവേശനത്തിന് കാരണമാണ് എന്ന് അറിയിക്കുന്ന ഹദീഥുകള്‍ ഇനിയും നമുക്ക് കാണാന്‍ സാധിക്കും.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ ചോദിച്ചു: 'ആരുണ്ട് ഇന്നത്തെ പ്രഭാതത്തില്‍ നോമ്പുകാരനായി?' അബൂബക്കര്‍(റ) പറഞ്ഞു:''ഞാനുണ്ട്.' നബി ﷺ ചോദിച്ചു:''ആരുണ്ട് ഇന്ന് നിങ്ങളില്‍ ജനാസയെ അനുഗമിച്ചവന്‍?' അബൂബക്കര്‍(റ) പറഞ്ഞു: 'ഞാനുണ്ട്.' നബി ﷺ ചോദിച്ചു: 'ആരുണ്ട് ഈ ദിനം നിങ്ങളില്‍ പാവപ്പെട്ടവന്'ഭക്ഷണം നല്‍കിയവന്‍?' അബൂബക്കര്‍(റ) പറഞ്ഞു:''ഞാനുണ്ട്.' നബി ﷺ ചോദിച്ചു: 'ആരുണ്ട് ഇന്ന് നിങ്ങളില്‍ രോഗിയെ സന്ദര്‍ശിച്ചവനായിട്ട്?' അബൂബക്കര്‍(റ) പറഞ്ഞു:''ഞാനുണ്ട്.' നബി ﷺ പറഞ്ഞു:''ആരിലാണോ ഈ കാര്യങ്ങള്‍ ഒരുമിക്കുന്നത്, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കു കയില്ല' (മുസ്‌ലിം).

8. കാവല്‍ക്കാരനായിരിക്കെയുള്ള മരണം

സല്‍മാന്‍(റ)വില്‍ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''ഒരു രാവും ഒരു പകലും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കലാണ് ഒരു മാസത്തെ നോമ്പിനെക്കാളും നമസ്‌കാരത്തെക്കാളും ശ്രേഷ്ഠം. അയാള്‍ മരണപ്പെട്ടാല്‍ താന്‍ ചെയ്തിരുന്ന കര്‍മങ്ങള്‍ അയാള്‍ക്ക് തുടര്‍ന്നും കിട്ടിക്കൊണ്ടിരിക്കും. തന്റെ ഉപജീവനം അയാള്‍ക്ക് നല്‍കപ്പെടുകയും (ക്വബ്‌റിലെ) പരീക്ഷണത്തില്‍നിന്ന് അയാള്‍ക്ക് നിര്‍ഭയത്വം ലഭിക്കുകയും ചെയ്യും' (മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: ഫദ്വാല ഇബ്‌നു ഉബയ്ദ(റ)ല്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''മരണപ്പെട്ട ഓരോരുത്തര്‍ക്കും തന്റെ കര്‍മം (അവസാനിച്ചതായി) മുദ്രവെക്കപ്പെടും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിര്‍ത്തി സംരക്ഷകനായി മരണപ്പെട്ട വ്യക്തിക്കൊഴിച്ച്. കാരണം അയാള്‍ക്ക് അയാളുടെ പ്രവര്‍ത്തനം അന്ത്യനാളുവരെയും പെരുപ്പിക്കപ്പെടും. ക്വബ്‌റിലെ പരീക്ഷണത്തില്‍ നിന്ന് അയാള്‍ക്ക് നിര്‍ഭയത്വവും ലഭിക്കും'' (തിര്‍മിദി).

9. ശരീര സംരക്ഷണാര്‍ഥമുള്ള മരണം

സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നതിന് പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അപ്രകാരം സ്വശരീരത്തെ നശിപ്പിക്കുന്നവന് ശിക്ഷയും ലഭിക്കുന്നതാണ്.

സഈദുബ്‌നു സെയ്ദില്‍(റ)നിന്നും നിവേദനം, അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''...ഒരാള്‍ തന്റെ രക്തം സംരക്ഷിക്കുവാന്‍ വേണ്ടി കൊല്ലപ്പെട്ടാല്‍ അയാള്‍ ശഹീദാണ്...'' (തിര്‍മിദി).

10. കുടുംബ സംരക്ഷണാര്‍ഥമുള്ള മരണം

മനുഷ്യന്റെ നിലനില്‍പും സാമൂഹിക വളര്‍ച്ചയും നിലകൊള്ളുന്നത് തന്നെ കുടുംബബന്ധത്തെ അടിസ്ഥാനമാക്കിയാണ്. ഓരോ മനുഷ്യനും അവനവന്റെ കുടുംബത്തെ കുറിച്ച കൃത്യമായ ബോധവും ധാരണയുമുണ്ടായിരിക്കും. കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിലനില്‍ക്കാനാവശ്യമായ രൂപത്തിലാണ് മനുഷ്യന്‍ അവന്റെ ജീവിതം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ചിലരിലെങ്കിലും ഇത് കൈമോശം വരുന്നു എന്നതും യാഥാര്‍ഥ്യമാണ്. അതിന് കാരണം അവനവന്റെ ദുഷ്‌ചെയ്തികളാണ്.

കുടുംബത്തിന്റെ സന്തോഷവും സുരക്ഷയും ഉപജീവനവും ഉറപ്പുവരുത്തുന്നതിന് ഇസ്‌ലാം വലിയ വിലയും പ്രതിഫലവും നല്‍കുന്നുണ്ട്.

സഈദുബ്‌നു സെയ്ദി(റ)ല്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''ഒരാള്‍ തന്റെ ഇണയെ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു; അയാളും ശഹീദാണ്...'' (തിര്‍മിദി).

11. സമ്പത്ത് സംരക്ഷണാര്‍ഥമുള്ള മരണം

സമ്പത്തിനോടുള്ള പ്രിയം മനുഷ്യന്റെ കുടെപ്പിറപ്പാണ്. മനുഷ്യനെ സംബന്ധിച്ച് എത്രകിട്ടിയാലും മതിവരാത്ത ഒന്നുണ്ടെങ്കില്‍ അത് സമ്പത്താണ്. അതുകൊണ്ടാണല്ലോ നബി ﷺ പറഞ്ഞത്: ''ആദം സന്തതിക്ക് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര ലഭിച്ചാല്‍ അതുപോലെയുള്ള ഒന്നുകൂടി ലഭിക്കുന്നതിന് വേണ്ടി അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല.''

എന്നാല്‍ ഈ ദുന്‍യാവിലെ ജീവിതത്തിന് സമ്പത്ത് ഒരു അഭിവാജ്യ ഘടകമാണ്. അതില്ലാതെ ജീവിതം സാധ്യമല്ല. സമ്പത്ത് ലഭിച്ചവരില്‍ വ്യത്യസ്ത വിഭാഗം ആളുകളുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. വലിയ സമ്പന്നര്‍, അത്യാവശ്യം ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രം സാമ്പത്തിക സ്ഥിതിയുള്ളവര്‍, ബാധ്യതകള്‍ നിര്‍വഹിക്കുമ്പോള്‍ വരുമാനം തികയാതെ വരുന്നവര്‍ (മിസ്‌കീന്‍), പരമ ദരിദ്രര്‍ ഇങ്ങനെ പോകുന്നു.

ഓരോരുത്തരും അവനവന്‍ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തിന് നഷ്ടം സംഭവിക്കാതിരിക്കാനും നന്നായി ശ്രദ്ധിക്കാറുണ്ട്. തന്റെ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ പേരില്‍ മരണപ്പെടേണ്ടി വന്നാല്‍ അതും പ്രതിഫലാര്‍ഹമാണ്.

സഈദുബ്‌നു സെയ്ദി(റ)ല്‍ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''...ഒരാള്‍ തന്റെ സമ്പത്ത് (സംരക്ഷിക്കുന്നതിന്) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ ശഹീദാണ്...'' (തിര്‍മിദി).

12. ഗര്‍ഭിണിയായിരിക്കെയുള്ള മരണം

നബി ﷺ പറഞ്ഞതായി ജാബിര്‍ ഇബ്‌നു അതീഖില്‍(റ)നിന്ന് നിവേദനം: ''...ഗര്‍ഭത്തില്‍ കുഞ്ഞുണ്ടായിരിക്കെ മരണപ്പെടുന്ന സ്ത്രീയും (ശഹീദാണ്)...'' (മാലിക്, അബൂദാവൂദ്,അഹ്മദ്, നസാഈ).

ഈ വിഷയത്തില്‍ വന്ന മറ്റു ചില ഹദീഥുകള്‍ കൂടി കാണുക:

നബി ﷺ പറഞ്ഞതായി സല്‍മാന്‍(റ)വില്‍ നിന്ന് നിവേദനം: ''...പ്രസവം മൂലമുള്ള മരണം ശഹാദത്താണ്...'' (ത്വബ്‌റാനി).

നബി ﷺ പറഞ്ഞതായി ഉബാദ്തുബ്‌നു സ്വാമിത്തി(റ)ല്‍നിന്ന് നിവേദനം: ''ഗര്‍ഭിണിയായിരിക്കെ ഗര്‍ഭസ്ഥ ശിശുവിനാല്‍ മരണപ്പെടുന്ന സ്ത്രീയുടെ മരണം ശഹാദത്താണ്. അവളുടെ കുഞ്ഞ് തന്റെ പൊക്കിള്‍കൊടികൊണ്ട് അവളെ സ്വര്‍ഗത്തിലേക്ക് വലിക്കുന്നതാണ്'' (അഹ്മദ്).

13. ഉദര രോഗത്താലുള്ള മരണം

വയറിന് അസുഖം ബാധിച്ചുള്ള മരണം നല്ല മരണത്തിന്റെ ലക്ഷണമാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''വയറില്‍ (അസുഖം പിടിച്ച്) മരിക്കുന്നവന്‍ ശഹീദാണ്'' (മുസ്‌ലിം).

നബി ﷺ പറഞ്ഞതായി ജാബിറുബ്‌നു അതീഖില്‍(റ)നിന്ന് നിവേദനം: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടല്‍ കൂടാതെയുള്ള ശുഹദാക്കള്‍ ഏഴാണ്... വയറില്‍ (അസുഖം പിടിച്ച്) മരിക്കുന്നവന്‍ ശഹീദാണ്.'' (മുവത്വ).

മറ്റൊരു സംഭവം കാണുക: അബ്ദുല്ലാഹിബ്‌നു യസാര്‍(റ) പറയുന്നു: ''ഞാനും സുലൈമാന്‍ ഇബ്‌നു സ്വുറദും ഖാലിദുബ്‌നു ഉര്‍ഫൂത്വയും ഇരിക്കുകയായിരുന്നു. അപ്പോള്‍ ഉദര(സംബന്ധമായ രോഗ)ത്താല്‍ മരണപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് ആളുകള്‍ പറഞ്ഞു. ഉടന്‍ ആ വ്യക്തിയുടെ ജനാസയില്‍ സന്നിഹിതരാകുവാന്‍ അവര്‍ രണ്ട് പേരും ആഗ്രഹിച്ചു. രണ്ടിലൊരാള്‍ മറ്റേയാളോട് പറഞ്ഞു: 'ആരെയെങ്കിലും തന്റെ വയര്‍ (വയറ്റിലെ അസുഖം) കൊന്നാല്‍ അവന്റെ ക്വബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെടുകയില്ല എന്ന് അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞിട്ടില്ലേ?' അപ്പോള്‍ മറ്റേ വ്യക്തി പറഞ്ഞു: 'അതെ.' മറ്റൊരു റിപ്പോര്‍ട്ടില്‍ 'താങ്കള്‍ സത്യമാണ് പറഞ്ഞത്' എന്നുമുണ്ട് (അഹ്മദ്, തിര്‍മിദി).

14. പ്ലേഗ് രോഗത്താലുള്ള മരണം

വര്‍ത്തമാനകാലത്ത് കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ബാധിച്ച് ലോകത്ത് ലക്ഷക്കണക്കിനാളുകള്‍മരണപ്പെട്ടതായും ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നതായും നമുക്കറിയാം. ഒരു കാലഘട്ടത്തില്‍ ലോകത്തെ വിറപ്പിച്ച മഹാമാരികളായിരുന്നു പ്ലേഗ്, വസൂരി പോലുള്ളവ.

അന്ത്യനാളിന്റെ ചെറിയ അടയാളങ്ങള്‍ എണ്ണുന്ന കൂട്ടത്തില്‍ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പറഞ്ഞു: ''അന്ത്യനാളിന്റെ മുന്നോടിയായി ആറ് കാര്യങ്ങളെ നിങ്ങള്‍ എണ്ണുക... പിന്നീട് ഒരു കൂട്ടമരണമായിരിക്കും. ആടുകളെ പിടികൂടുന്ന ഗോമാരിരോഗം പോലെ അത് നിങ്ങളെ പിടികൂടും...'' (ബുഖാരി).

ഹിജ്‌റ പതിനെട്ടില്‍ ഫലസ്തീനിലെ അംവാസ് എന്നു പറയുന്ന ഗ്രാമത്തില്‍ ഒരു പകര്‍ച്ച വ്യാധിയുണ്ടാവുകയും പിന്നീട് അത് സിറിയയിലേക്ക് പടരുകയും ചെയ്തു. ഇരുപത്തി അയ്യായിരത്തോളം മനുഷ്യര്‍ അതില്‍ മരണപ്പെട്ടു. മുപ്പതിനായിരം എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്ലാഹുവിന്നാണ് നന്നായി അറിയുക.

അമീനുല്‍ ഉമ്മഃ അബൂഉബയ്ദ(റ), മുആദുബ്‌നു ജബലി(റ)നെ പോലെയുള്ള പ്രഗത്ഭരായ സ്വഹാബിമാര്‍ വഫാത്തായത് ഈ പകര്‍ച്ചവ്യാധിയാലാണ്.

പ്ലേഗ് രോഗം ബാധിച്ച് മരിക്കുന്നതും രക്തസാക്ഷ്യത്തില്‍ പെട്ടതാണ്;

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''...പ്ലേഗ് രോഗത്തില്‍ മരിക്കുന്നവന്‍ ശഹീദാണ്'' (മുസ്‌ലിം).

ഹഫ്‌സ്വത്ത് ബിന്‍ത് സീരീനി(റ)ല്‍നിന്ന് നിവേദനം, അവര്‍ പറയുന്നു: ''അനസ് ഇബ്‌നുമാലിക്(റ) എന്നോട് ചോദിച്ചു: 'യഹ്‌യാ ഇബ്‌നു അബീഅംറഃ എന്ത് കാരണത്താലാണ് മരിച്ചത്?' ഞാന്‍ പറഞ്ഞു: 'പ്ലേഗ് കാരണത്താന്‍.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞിരിക്കുന്നു; പ്ലേഗ് എല്ലാമുസ്‌ലിമിനും ശഹാദത്താകുന്നു'' (ബുഖാരി, അഹ്മദ്).

നബി ﷺ പറഞ്ഞതായി ജാബിര്‍ ഇബ്‌നു അതീഖില്‍(റ)നിന്ന് നിവേദനം: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടല്‍ കൂടാതെയുള്ള ശുഹദാക്കള്‍ ഏഴാണ്. പ്ലേഗ് രോഗബാധയാല്‍ മരിക്കുന്നവന്‍ ശഹീദാണ്...'' (മുവത്വ).

15. ദാത്തുല്‍ ജന്‍ബ് രോഗത്താലുള്ള മരണം

നബി ﷺ പറഞ്ഞതായി ജാബിര്‍ ഇബ്‌നു അതീഖില്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടല്‍ കൂടാതെയുള്ള ശുഹദാക്കള്‍ ഏഴാണ്...ദാത്തുല്‍ജന്‍ബ് (ശരീര പാര്‍ശ്വങ്ങള്‍ ഉള്ളിലേക്ക് മുഴച്ച് പൊട്ടിയുള്ള ഒരു രോഗം) മൂലം മരണപ്പെടുന്ന വ്യക്തി ശഹീദാണ്...'' (മുവത്വ).

മറ്റൊരു ഹദീസ് ഇപ്രകാരം കാണാം: നബി ﷺ പറഞ്ഞതായി ഉഖ്ബത്ത് ഇബ്‌നു ആമിറി(റ)ല്‍നിന്ന് നിവേദനം: ''ശരീര പാര്‍ശ്വങ്ങള്‍ ഉള്ളിലേക്ക് മുഴച്ച് പൊട്ടി മരണപ്പെടുന്ന വ്യക്തി ശഹീദാണ്...'' (അഹ്മദ്).

16. ക്ഷയരോഗം നിമിത്തമുള്ള മരണം

നബി ﷺ പറഞ്ഞതായി സല്‍മാന്‍(റ)വില്‍നിന്ന് നിവേദനം: ''...ക്ഷയരോഗം മൂലമുള്ള മരണം ശഹാദത്താണ്...'' (ത്വബ്‌റാനി).

17. അഗ്നിബാധയാലുള്ള മരണം

നബി ﷺ പറഞ്ഞതായി ജാബിര്‍ ഇബ്‌നു അതീഖി(റ)ല്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടല്‍ കൂടാതെയുള്ള ശുഹദാക്കള്‍ ഏഴാണ്... അഗ്നിബാധയില്‍ മരണപ്പെട്ടവന്‍ ശഹീദാണ്'' (മുവത്വ).

18. വെള്ളത്തില്‍ മുങ്ങിയുള്ള മരണം

നമ്മുടെ നാട്ടില്‍ നിരന്തരം നാം കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഒന്നാണ് വെള്ളത്തില്‍ മുങ്ങിയുള്ള മരണം. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇത്തരത്തിലുള്ള മരണത്തിന് വിധേയയമാകാറുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് വലിയ പ്രതിഫലവും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം.

അബൂഹുറയ്‌റ(റ) വില്‍ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''വെള്ളത്തില്‍ മുങ്ങി മരിക്കുന്നവനും ശഹീദാണ്.'' (മുസ്‌ലിം)

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: നബി ﷺ പറഞ്ഞതായി ജാബിര്‍ ഇബ്‌നു അതീഖി(റ)ല്‍ നിന്ന് നിവേദനം: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടല്‍ കൂടാതെയുള്ള ശുഹദാക്കള്‍ ഏഴാണ്... മുങ്ങിമരിച്ചവന്‍ ശഹീദാണ്'' (മുവത്വ).

19. തകര്‍ന്നുവീണതിനടിയില്‍പെട്ടുള്ള മരണം

വീടും കെട്ടിടങ്ങളും മരവും മറ്റുമൊക്കെ തകര്‍ന്നുവീഴുന്നതിനടിയില്‍ കുടുങ്ങി മരണപ്പെടുന്നവരും ശുഹദാക്കളുടെ പട്ടികയില്‍ പെടുന്നു.

നബി ﷺ പറഞ്ഞതായി ജാബിര്‍ ഇബ്‌നു അതീഖി(റ)ല്‍നിന്ന് നിവേദനം: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടല്‍ കൂടാതെയുള്ള ശുഹദാക്കള്‍ ഏഴാണ്... തകര്‍ന്ന് വീണതിനടിയില്‍പെട്ട് മരിക്കുന്നവന്‍ ശഹീദാണ്'' (മുവത്വ).

നാം പലരുടെയും മരണത്തിന് സാക്ഷികളായവരാണ്. പല രൂപത്തിലുള്ള മരണങ്ങളും കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരുമാണ്. പലര്‍ക്കും പലരൂപത്തിലായിരിക്കും അല്ലാഹു മരണം നിശ്ചയിച്ചിട്ടുണ്ടാവുക. നമ്മളും മരിക്കേണ്ടവരാണ്. നമ്മുടെ മരണം ഏത് രൂപത്തിലായിരിക്കുമെന്ന് നമുക്ക് അറിഞ്ഞുകൂടാത്തതാണ്. മുകളില്‍ നാം മനസ്സിലാക്കിയതുപോലുള്ള കാരണങ്ങള്‍ കൊണ്ട് മരണപ്പെടുന്നവരെയോര്‍ത്ത് അവരുടെ പരലോകമോര്‍ത്ത് നമുക്ക് പ്രാര്‍ഥിക്കുകയും സമാശ്വസിക്കുകയും ചെയ്യാം. സ്രഷ്ടാവ് നല്ല മരണം നല്‍കി നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാര്‍ഥിക്കാം.

(അവസാനിച്ചു)