കോവിഡ് കാലത്തെ ബലിപെരുന്നാള്‍

എ.എസ്.എം

2021 ജൂലൈ 10 1442 ദുല്‍ക്വഅ്ദ 30

കോവിഡ് കാലത്തെ രണ്ടാമത്തെ ബലിപെരുന്നാളും ഹജ്ജുമാണ് കടന്നുവരുന്നത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഹജ്ജിനായി മക്കയില്‍ വന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ കോവിഡ് ഭീഷണി കാരണത്താല്‍ അത് ഏതാനും ആയിരങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ പരിമിതമായിരുന്നു. ഇത്തവണയും മാറ്റത്തിനുള്ള സാധ്യത കാണുന്നില്ല. ഹജ്ജിന് പോകുവാന്‍ ശ്രമങ്ങള്‍ നടത്തിയിട്ടും അതിന് സാധിക്കാതെപോവുകയും മരണപ്പെടുകയും ചെയ്ത എത്രയോ വിശ്വാസികളുണ്ട്. സര്‍വശക്തന്‍ അവര്‍ക്ക് ഹജ്ജ് ചെയ്തതിനുള്ള പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ഥിക്കാം.

പള്ളിയിലോ ഈദ്ഗാഹിലോ കുടുംബസമേതം പോയി പെരുന്നാള്‍ നമസ്‌കരിക്കുക, കുടുംബ വീടുകളില്‍ സന്ദര്‍ശനം നടത്തുക എന്നതൊക്കെ മനസ്സിന് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി കാരണത്താല്‍ ലോകജനത വീടകങ്ങളില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പറ്റാത്ത, ഒരുമിച്ചുകൂടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. എന്നിരുന്നാലും എങ്ങനെയാണോ സാധിക്കുന്നത് ആ വിധത്തില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുവാനും പെരുന്നാള്‍ ആഘോഷിക്കുവാനും വിശ്വാസികള്‍ സന്നദ്ധരാകേണ്ടതുണ്ട്.

പെരുന്നാള്‍ ആനന്ദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്; അതോടൊപ്പം അത് ആരാധനയും കൂടിയാണ്.  ഏകദൈവ വിശ്വാസ പ്രചാരണത്തിന്റെ മാര്‍ഗത്തില്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും സഹിച്ച ത്യാഗങ്ങളുടെ ചരിത്രം അനുസ്മരിക്കാതെ ഒരു ബലിപെരുന്നാളും നമുക്ക് ആഘോഷിക്കാന്‍ കഴിയില്ല.  

മതത്തിന്റെ നിയമാതിര്‍ത്തികള്‍ ലംഘിച്ചുള്ള ആഘോഷം പാടില്ല. പെരുന്നാളല്ലാത്ത സമയങ്ങളില്‍ നിഷിദ്ധമായതൊന്നും പെരുന്നാള്‍ സ്‌പെഷ്യലായി അനുവദനീയമാകുന്നില്ലെന്നത് പ്രത്യേകം ഓര്‍ക്കുക.

പെരുന്നാള്‍ നബിചര്യയില്‍

തക്ബീര്‍ ചൊല്ലല്‍: അറഫാദിവസം പ്രഭാതം മുതല്‍ അയ്യാമുത്തശ്‌രീക്വിന്റെ അവസാന ദിവസം (ദുല്‍ഹജ്ജ് പതിമൂന്ന്) അസ്വ്ര്‍വരെയാണ് അതിന്നു നിശ്ചയിക്കപ്പെട്ട സമയം.

സന്തോഷപ്രകടനം

പെരുന്നാള്‍ ദിവസങ്ങളില്‍ കുളിച്ച് സുഗന്ധം പൂശി നല്ലവസ്ത്രങ്ങള്‍ അണിയുകയെന്നുള്ളത് പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ച കാര്യമാണ്.

വ്യത്യസ്ത വഴികള്‍

പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോകുന്നതും, വരുന്നതും കഴിവതും നടന്നുകൊണ്ടും വേറെ വേറെ വഴികളിലൂടെ ആയിരിക്കലുമാണ് നബിചര്യ.

പെരുന്നാള്‍ നമസ്‌കാരം

വിശ്വാസികളുടെ ആഘോഷവും ആരാധനയില്‍ അധിഷ്ഠിതമാണ.് പെരുന്നാള്‍ ദിവസത്തെ ഏറ്റവും പ്രധാന ആരാധന പെരുന്നാള്‍ നമസ്‌കാരം തന്നെയാണ്.

പെരുന്നാള്‍ നമസ്‌കാരം കഴിയുന്നത്ര നേരത്തെ നിര്‍വഹിക്കലാണ് നബി ﷺ യുടെ മാതൃക. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സ്ത്രീകളടക്കം ഈദ്ഗാഹില്‍ (മൈതാനത്ത്) ഒരുമിച്ചുകൂടണം. പള്ളികളില്‍ പ്രവേശിക്കല്‍ പാടില്ലാത്ത ആര്‍ത്തവകാരികളായ സ്ത്രീകള്‍ പോലും നമസ്‌കാരത്തിന് നിശ്ചയിക്കപ്പെട്ട ഈദ്ഗാഹില്‍ പങ്കെടുത്ത് തക്ബീറുകളിലും പ്രാര്‍ഥനകളിലും മറ്റും പങ്കെടുക്കണം. അവര്‍ നമസ്‌കാരത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് മാത്രം. ഇമാമോടുകൂടി രണ്ടു റക്അത്ത് നമസ്‌കരിച്ച്, ശേഷം ഇമാം നടത്തുന്ന ഖുതുബ (പ്രഭാഷണം) ശ്രവിക്കണം.

മഴയോ മറ്റു വല്ല അസൗകര്യങ്ങളോ ഉള്ളപ്പോള്‍ പള്ളികളില്‍ വെച്ചും നമസ്‌കരിക്കാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തിലെ പ്രവാചകചര്യ ഈദ്ഗാഹില്‍ വെച്ച് നമസ്‌കരിക്കല്‍ തന്നെയാണ്. വീട്ടില്‍വെച്ച് പെരുന്നാള്‍ നമസ്‌കരിക്കുമ്പോള്‍ ഖുത്വുബയുടെ ആവശ്യമില്ല.

പെരുന്നാളും വിനോദങ്ങളും

പെരുന്നാള്‍ സുദിനത്തില്‍ അതിരുവിടാത്ത രൂപത്തിലുള്ള ആനന്ദിക്കലും വിനോദവും ഇസ്‌ലാം അനുവദിക്കുന്നുണ്ട്.

ആഇശ(റ) പറയുന്നു: ''ഒരിക്കല്‍ അബൂബക്കര്‍(റ) എന്റെ അടുക്കലേക്ക് കടന്നുവന്നു. അന്നേരം അന്‍സ്വാരി പെണ്‍കുട്ടികള്‍ ബുആസ് യുദ്ധത്തെ പറ്റിയുള്ള പാട്ടുകള്‍ പാടുകയായിരുന്നു. ഉടനെ അബൂബക്കര്‍ (അതിനെ ആക്ഷേപിച്ച് ഇങ്ങനെ പറഞ്ഞു:) നബിയുടെ വീട്ടിലാണോ പിശാചിന്റെ കുഴലൂത്ത്!'അന്നേരം നബി ﷺ പറഞ്ഞു: 'അബൂബക്കറെ, ഇന്ന് പെരുന്നാളല്ലേ, അവരെ വിട്ടേക്കുക. അവര്‍ പാടിക്കൊള്ളട്ടെ'' (മുസ്‌ലിം).

'ഒരു പെരുന്നാള്‍ ദിനത്തില്‍ എത്യോപ്യക്കാര്‍ മദീനാ പള്ളിയില്‍ ആയുധാഭ്യാസപ്രകടനം നടത്തുകയും നബി ﷺ അന്നേരം ആളുകളില്‍നിന്നും എനിക്കു മറയെന്നോണം നിന്നുതരികയും ഞാന്‍ നബി ﷺ യുടെ ചുമലിലൂടെ അത് കാണുകയും ചെയ്തു' എന്ന് ആഇശ(റ)യില്‍നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. നിഷിദ്ധമല്ലാത്തതും ഉപകാരപ്രദവുമായ വിനോദങ്ങള്‍ ആകാമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം.

പുണ്യകര്‍മങ്ങള്‍

ദാനധര്‍മങ്ങള്‍ അധികരിപ്പിക്കല്‍, കുടുംബസന്ദര്‍ശനം, മറ്റു മതസ്ഥരുമായുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കല്‍ എന്നിവക്കും ഇത്തരം സുദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാം ശ്രമിക്കേണ്ടതാണ്.

പലകാരണങ്ങളാലും പെരുന്നാള്‍ ദിനത്തില്‍പോലും സന്തോഷിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞുകൂടുന്ന വിശ്വാസികള്‍ക്കായി പ്രാര്‍ഥിക്കുവാന്‍ മറന്നുപോകരുത്. കോവിഡ് ബാധിച്ച് പ്രയാസപ്പെുന്നവരുണ്ട്, മരണപ്പെട്ടവരുടെ ബന്ധുക്കളുണ്ട്, ജീവിത വരുമാനമാര്‍ഗം നിലച്ച് പട്ടിണിയിലാവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സാധിക്കുന്ന വിധത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്നത് വലിയ പുണ്യകര്‍മമാണ്.

ശാന്തിയും സമാധാനവുമുള്ള സൗഭാഗ്യജീവിതം നാഥന്‍ നമുക്കെല്ലാം പ്രദാനം ചെയ്യട്ടെ. കോവിഡ് മഹാമാരിയെ സര്‍വശക്തന്‍ ലോകജനതയില്‍നിന്ന് നീക്കിക്കളയുമാറാകട്ടെ. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്...