ജമാഅത്തെഇസ്‌ലാമി: പേജിലും വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും നല്‍കുന്ന സന്ദേശം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

(ഭാഗം 2)

കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്നവരെ അഭിമുഖം നടത്തിയാലും ഒരു പുല്ലാംകുഴല്‍ അവരുടെ വായില്‍ തിരുകിക്കയറ്റി അതിന്റെ ഹലാലും പുണ്യവും വായനക്കാരെ ബോധ്യപ്പെടുത്തി ചാനലില്‍ രണ്ടാെള കൂടുതലാക്കാനുള്ള എളിയ ശ്രമത്തിലാണ് 'പ്രബോധനം' പത്രാധിപരും. സയ്യിദ് മൗദൂദി സാഹിബ് ഇന്ന് കേരളത്തില്‍ ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വായിലും ഇങ്ങനെഒരു 'പുല്ലാംകുഴല്‍' തിരുകി ഹലാല്‍വല്ക്കരിക്കാനുള്ള എളിയശ്രമം കേരള ജമാഅത്തുകാര്‍ നടത്തുമായിരുന്നുവെന്ന് കണക്കുകൂട്ടാം.

പിന്നെ 'ഹലാല്‍ സ്റ്റോറി'യുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, കേരളത്തിലെ ഒട്ടുമിക്ക ജമാഅത്ത് സ്ഥാപനങ്ങളിലും സിനിമാ/സീരിയല്‍ നിര്‍മാതാക്കള്‍ കയറിയിറങ്ങുകയാണ്. അഭിനയം, സിനിമാനിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ ഗഹനമായ ഇജ്തിഹാദും ചര്‍ച്ചകളും കൊണ്ട് സമ്പുഷ്ടമാണ് ജമാഅത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കേവലം ഒപ്പനയിലും മാപ്പിളപ്പാട്ടിലും തുടക്കമിട്ട ജമാഅത്ത് കലാപ്രതിഭകള്‍ പലരും വെള്ളിത്തിരയില്‍ മിന്നിമറിയുന്ന സൂപ്പര്‍ സ്റ്റാറുകളായി തീര്‍ന്നിരിക്കുന്നു. ഖുത്വുബാത്തിലും തഫ്ഹീമിലും റസാഇല്‍ വമസാഇലിലും മൗദൂദി പലതും പറഞ്ഞെന്നിരിക്കും, ജീവിക്കണമെങ്കില്‍ പണംകൂടിയേ തീരുവെന്ന് ശൂറകള്‍ ആണയിടുന്നു.

സിനിമയും താരങ്ങളും ജമാഅത്തുകാരെ അന്ധരാക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈയിടെ(6) പുറത്തിറങ്ങിയ പ്രബോധനം 'സിനിമാ സ്‌പെഷ്യല്‍ പതിപ്പ്!' ഒരു ലക്കം മുഴുവനും സിനിമയുടെ പുണ്യം പറയാന്‍ വിനിയോഗിച്ച 'സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്' താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡിയിലേക്ക് മത്സരിക്കാനുള്ള അര്‍ഹത ഉടനെയുണ്ടാകുമെന്നും പ്രതീക്ഷിക്കാം. ദാവൂദ് നബി(അ)ക്ക് അല്ലാഹു നല്‍കിയ ശബ്ദമാധുര്യമെന്ന മഹനീയ അനുഗ്രഹത്തെ വാേദ്യാപകരണമായി വ്യാഖ്യാനിച്ച് ഒപ്പിക്കാനുള്ള പ്രമുഖ സിനിമാലേഖകന്റെ 'ഇല്‍മ്' അപാരം തന്നെ!

സിനിമക്ക് പോയതിന്റെ പേരില്‍ ശാന്തപുരം, വാടാനപ്പള്ളി, തിരൂര്‍ക്കാട് സ്ഥാപനങ്ങളുടെ ഹോസ്റ്റലില്‍നിന്നും പുറത്തായവരും, സിനിമക്ക് പോകുന്നശീലം ഒഴിവാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ എസ്.ഐ.ഒ മെമ്പര്‍ഷിപ്പ് പുതുക്കാനാകാതെ പെരുവഴിയില്‍ അകപ്പെട്ടവര്‍ക്കും 'അബ്ബാസിയുഗത്തിലെ അഭിനവ പരിഷ്‌ക്കരണം' ഏറെ ഉപകരിക്കുമെന്നതിന് ഇരുപക്ഷമില്ല.

സിനിമാരംഗത്തെ മയക്കുമരുന്ന് മാഫിയകളുടെ തഴച്ചുവളരില്‍ ആശങ്കയുള്ള ഏക ഇസ്‌ലാമിക പ്രസ്ഥാനം ജമാഅത്തെ ഇസ്‌ലാമി മാത്രമാണെന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞു: 'ബഹുജന മാധ്യമമായ സിനിമയുടെ പ്രവര്‍ത്തകര്‍ നിരോധിക്കപ്പെട്ട മയക്കുമരുന്ന് വ്യാപാരത്തിന്റെ കണ്ണികളാവുകയും കള്ളക്കടത്ത്-പെണ്‍വാണിഭ മാഫിയകളുടെ ഏജന്റുമാരാവുകയും ചെയ്യുന്ന വാര്‍ത്തകള്‍ മൂല്യാധിഷ്ഠിത കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഞെട്ടിക്കുന്നതാണ്. സര്‍ക്കാരും ബുദ്ധിജീവികളും ഇടപെട്ട് കേരളത്തിന്റെ സാംസ്‌ക്കാരികരംഗം ശുദ്ധീകരിക്കണമെന്ന് തനിമ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫറോക്ക് ഇര്‍ഷാദിയാ കോളേജില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ രക്ഷാധികാരി ടി.കെ.ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.'(7) ജമാഅത്തുകാരുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'അബ്ബാസി ഖിലാഫത്തിലെ സമഗ്രമാറ്റങ്ങള്‍!'

മീഡിയാവണ്‍ നടത്തിയ 'ആര്‍ത്തവ ചര്‍ച്ചയില്‍' പ്രമുഖ ജമാഅത്ത് പ്രവര്‍ത്തകക്ക് 'ഫാമിലി കൗണ്‍സിലര്‍'എന്ന കുപ്പായമണിയിച്ച് സീറ്റുനല്‍കിയിരുന്നു. കല്യാണവീട്ടിലും മരണവീട്ടിലും എന്നുവേണ്ട എല്ലായിടത്തും രണ്ടായി പിരിഞ്ഞിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത 'ഇസ്‌ലാമില്‍' തങ്ങള്‍ അനുഭവിക്കുന്ന ശ്വാസംമുട്ടലിനെപ്പറ്റി ചില ലക്കും ലഗാനുംകെട്ട പെണ്‍പിള്ളേര്‍ വാചാലരായപ്പോള്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച 'കൗണ്‍സിലര്‍' മൗനം ഭജിച്ച് സമാധാനം പുനഃസ്ഥാപിച്ചു! ആര്‍ത്തവമാരംഭിച്ചാല്‍ പിന്നെ ആണ്‍പിള്ളേരുമായി സഹകരിച്ചാല്‍ 'ഗര്‍ഭം' ഉണ്ടാകുമെന്ന ദര്‍സാണ് തനിക്ക് വീട്ടില്‍നിന്ന് ലഭിച്ചതെന്ന് പത്താം തരംവരെ മദ്‌റസയില്‍ പഠിച്ചുവെന്ന് അവകാശപ്പെടുന്ന മറ്റൊരു സ്ത്രീ അവകാശപ്പെട്ടപ്പോഴും കൗണ്‍സിലര്‍ 'സമാധാനപൂര്‍വം' മൗനം ഭജിച്ചു.

ആര്‍ത്തവരക്തം സാധാരണ രക്തംപോലെ ഒരു സ്രവം മാത്രമാണെന്നും അതിന് പ്രത്യേകതകള്‍ ഒന്നുംതന്നെയില്ലെന്നും നേരത്തെ പലതവണ തന്റെ രചനകളിലൂടെ ഇസ്‌ലാമിനെ കറക്കിയടിക്കാന്‍ ശ്രമിച്ചിട്ടുള്ള 'ബര്‍സയിലെ' എം.ബി.ബി.എസ്‌കാരി തട്ടിവിട്ടപ്പോഴും തനിക്ക് ലഭിക്കാനിടയുള്ള സമാധാനത്തിനുള്ള അവാര്‍ഡ് നഷ്ടപ്പെടുത്തേണ്ടയെന്ന കാരണത്താലാകും കൗണ്‍സിലര്‍ അവിടെയും മൗനം ഭജിച്ച് തടി സലാമത്താക്കി! 'ആര്‍ത്തവകാലത്ത് ഡയറക്റ്റ് ഇന്റര്‍കോഴ്‌സ് മാത്രമാണ് പാടില്ലാത്തതെന്ന്' കൗണ്‍സിലര്‍ പറഞ്ഞതൊഴിച്ചാല്‍ വിവരംകെട്ട ജഹാലത്തുകള്‍ക്ക് ബറകത്തായ ഒരു സാമീപ്യം മാത്രമായിരുന്നു ഈ ചര്‍ച്ചയും സാന്നിധ്യവും. ചര്‍ച്ചയില്‍ തന്റെ വിശ്വാസവും നിലപാടും ശക്തമായി പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി.ജില്ലാ വനിതാനേതാവിന്റെ നിലവാരംപോലും പുലര്‍ത്താനാകാത്ത പ്രതിനിധികളെ പങ്കെടുപ്പിച്ച ജമാഅത്ത് മീഡിയയുടെ ചര്‍ച്ച എന്താണ് ലഷ്യമിടുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പഴയ മുരുക്കുംപെട്ടിയില്‍ നാലരരൂപയുടെ മൂലധനവുമായി ഇറങ്ങിത്തിരിച്ചവര്‍ 'കര്‍മശാസ്ത്രത്തില്‍ തങ്ങളാരും മൗദൂദിയെ തക്വ്‌ലീദ് ചെയ്യാറില്ല' എന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുമ്പോള്‍ പിന്നെ എവിടെയാണ് സയ്യിദ് മൗദൂദി നിങ്ങള്‍ക്കിടയില്‍ ആത്മാവും ജീവനുമായി തുടരുന്നതെന്ന് ചോദിച്ചാല്‍ അത് ഐ.പി.എച്ചിന്റെ പുസ്തകക്കച്ചവടത്തില്‍ മാത്രമാണെന്ന മറുപടിയാണ് കൂടുതല്‍ ശരി. 'പ്രണയത്തിന് ജാതിയും മതവുമില്ലെന്നും ആര്‍ക്കും ആരെയും എങ്ങനെയും പ്രേമിക്കാനും കല്യാണം കഴിക്കാനുമുള്ള പൗരാവകാശം ഇന്ത്യന്‍ ഭരണഘടന പ്രായപൂര്‍ത്തി അവകാശമായി നല്‍കിയിട്ടുണ്ടെന്നുമുള്ള...' മഹനീയ ഉപദേശങ്ങള്‍ നല്‍കാന്‍ മീഡിയാവണ്ണിലെ എം.ഐ.റ്റി മൂസയുള്ളപ്പോള്‍ സുന്ദരമായ ചട്ടക്കൂട്ടില്‍ ആകര്‍ഷണീയമായ ശൈലിയില്‍ പടച്ചുവിടുന്ന ജമാഅത്ത് സാഹിത്യങ്ങളും പരിഭാഷകളും ഒരുതവണയെങ്കിലും മറിച്ചുനോക്കാനുള്ള സന്മനസ്സ് വളര്‍ന്നുവരുന്ന ജമാഅത്ത് തലമുറകള്‍ക്ക് നഷ്ടപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.

പ്രാമാണികമായി സ്ഥിരപ്പെട്ടതും മതപരമായി പ്രാബല്യത്തിലുള്ളതുമായ പലതും ജമാഅത്തുകാരെ സംബന്ധിച്ചിടത്തോളം 'ജാഹിലിയ്യത്ത്' ആണ്. സാക്ഷാല്‍ സയ്യിദ് മൗദൂദി ഇന്ന് ഇവര്‍ക്കിടയില്‍ ജീവിച്ചിരുന്നെങ്കിലും ഇതുതന്നെയാകുമായിരുന്നു അവസ്ഥ. കയ്യില്‍ ഗുണ്ടാശൈലിയില്‍ ചരടുംകെട്ടി, കാതില്‍ അബ്ക്കാരി മുതലാളിമാരെപ്പോലെ കടുക്കനുമണിഞ്ഞ്, അയവെട്ടുന്ന കന്നുകാലികളെപ്പോലെ ച്യുയിംഗം ചവച്ച് അടിപൊളിയായി ജീവിക്കുന്ന 'മൂസ'ക്കാന്റെ കുടുംബം ആരെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രത്യേകം എഴുതിപ്പിടിപ്പിക്കേണ്ടതില്ലല്ലൊ.

പല്ലിയുടെവാല്‍ അതിന്റെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന ആത്മരക്ഷാര്‍ഥമുള്ള ഒരുനടപടിക്രമം ജമാഅത്തുകാര്‍ വാലില്‍ ഫിറ്റ് ചെയ്തിട്ടുള്ള 'ഇസ്‌ലാമി' എന്ന സങ്കേതിക ശബ്ദം നിര്‍വഹിക്കുന്നുണ്ട്. വാലില്‍ തുന്നിയിട്ടുള്ള ഇസ്‌ലാമെന്ന ഈ സാങ്കേതികതയുടെ മറപിടിച്ചുകൊണ്ട് സകല മ്ലേച്ഛതകളെയും ഇവര്‍ പ്രതിഫലാര്‍ഹമായ പുണ്യമാക്കിത്തീര്‍ക്കുന്നു! ആരെങ്കിലും ഈ തട്ടിപ്പിനെ തിരിച്ചറിഞ്ഞാല്‍ സൂറഃ അഹ്‌സാബും നൂറും അങ്ങനെ പലതും അന്ന് അവതരിച്ച മാതിരിയാണ് ഇവര്‍ക്ക്.

പ്രതികരിക്കുന്നവനെ എങ്ങനെ ഒതുക്കാമെന്ന ജമാഅത്ത് കേഡര്‍പാര്‍ട്ടി സംവിധാനം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒ.അബ്ദുല്ലയുടെയും ഖാലിദ് മൂസാ നദ്‌വിയുടെയും അനുഭവങ്ങള്‍ വിശകലനം ചെയ്യാവുന്നതാണ്. 'ഇനിയൊരങ്കത്തിന് ബാല്യമില്ലാത്ത നിലയില്‍ പ്രായം അറുപതിനോടടുത്ത സമയത്താണ് തന്നെ കാലില്‍പിടിച്ച് കീഴ്ക്കാംതൂക്കാക്കി വലിച്ചെറിഞ്ഞത്' എന്ന ഒ.അബ്ദുല്ലയും, 'സര്‍ക്കാര്‍ സര്‍വീസില്‍ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ജോലിയും ആനുകൂല്യങ്ങളും വേണ്ടെന്നുവെച്ചിട്ടാണ് ജമാഅത്ത് ആദര്‍ശത്തെ സേവിക്കാനിറങ്ങിയത്, തന്റെ ഉപജീവനമാര്‍ഗമായ അധ്യാപനജോലിയെങ്കിലും മടക്കിത്തന്ന് തന്നെ സഹായിക്കണം' എന്ന് ഖാലിദ് മൂസയും വിലപിച്ചത് ജമാഅത്ത് പ്രഭുക്കന്മാര്‍ക്ക് മുന്നിലാണ്. ഇരുവരും ചെയ്ത തെറ്റാകട്ടെ, സാമ്പത്തിക രംഗത്തെ ജമാഅത്തിന്റെ അച്ചടക്കമില്ലായ്മയെ ചൂണ്ടിക്കാട്ടല്‍! മാധ്യമമില്ലാത്ത മലേഷ്യയിലേക്ക് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ ടൂര്‍പോയതും, ജോലിചെയ്യാതെ വന്‍തോക്കുകളും ഗര്‍ജിക്കുന്ന സിംഹങ്ങളും ആനുകൂല്യങ്ങള്‍ പറ്റുന്നതും അടക്കം നിരവധി കാര്യങ്ങള്‍ ഒ.അബ്ദുല്ല എണ്ണിയെണ്ണി നിരത്തുന്നു.

ജമാഅത്ത് മീഡിയയുടെ ആസ്തിവര്‍ധനവിനു വേണ്ടി ഗള്‍ഫില്‍നിന്നും സ്വദഖയായും സകാത്തായി പിരിച്ചെടുത്ത കോടികള്‍ പ്രസ്ഥാനത്തിനകത്തെ ബിനാമികള്‍ ധൂര്‍ത്തടിക്കുന്നതിനെപ്പറ്റിയുള്ള വാര്‍ത്ത പരസ്യപ്പെടുത്തിയതാണ് ഖാലിദ്മൂസക്കെതിരിലുള്ള കുറ്റപത്രം. പറഞ്ഞവിഷയത്തിലെ കതിരും പതിരുമൊന്നും ചികയാനുള്ള സന്മനസ്സൊന്നും ബന്ധപ്പെട്ട ഇമാറത്തുകള്‍ക്ക് ഉണ്ടായില്ലെന്ന് ഖാലിദ് പലതവണ പരിതപിച്ചതാണ്. ആയത്തും ഹദീസും വിശദീകരിച്ച് ഗള്‍ഫില്‍നിന്നും പിരിച്ചെടുക്കുന്ന കോടികള്‍ ബിനാമികളിലൂടെ കമ്മീഷന്‍ ഏജന്റുമാരിലൂടെ ചോര്‍ന്നുപോകുന്നത് ചൂണ്ടിക്കാട്ടുന്നത് ഒരുമഹാ അപരാധമായിട്ടാണ് ജമാഅത്ത് നേതാക്കള്‍ മനസ്സിലാക്കിയിട്ടുള്ളത്.

സാമ്പത്തിക ധൂര്‍ത്തിനെപ്പറ്റി ഏറ്റവും അവസാനം പ്രതികരിച്ചത് മാധ്യമം/മീഡിയവണ്‍ ദല്‍ഹി പ്രതിനിധിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എം.റഷീദുദ്ദീനാണ്. സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയ അദ്ദേഹത്തിന്റെ തിക്താനുഭവങ്ങള്‍ ജമാഅത്തുകാരെത്തന്നെ ഞെട്ടിച്ചുവെന്നാണ് പ്രതികരണങ്ങളില്‍നിന്നും മനസ്സിലാകുന്നത്. ജോലിചെയ്തവര്‍ക്ക് സമയത്ത് കൂലിനല്‍കിയില്ലെന്ന പേരില്‍ 'വഞ്ചനാദിനം' ആചരിച്ചുകൊണ്ട് മാധ്യമം സ്ഥാപനത്തിനു മുന്നില്‍ ഉയര്‍ന്ന ഫ്‌ളക്‌സുകള്‍ ഇതിന്റെ പിന്തുടര്‍ച്ചയാണ്. അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍(റ), അബൂഹുറയ്‌റ(റ) തുടങ്ങിയ പ്രമുഖന്മാരായ സ്വഹാബികളെപ്പറ്റി അഴിമതിയാരോപണങ്ങളും കല്ലുവെച്ച നുണകളും എഴുതിപ്പിടിപ്പിച്ച പുസ്തകം പതിറ്റാണ്ടുകളായി വിറ്റുകാശാക്കുന്ന ജമാഅത്തുകാര്‍ക്ക് സ്വന്തം പോളിറ്റ് ബ്യൂറോക്ക് നേരെ ഉയര്‍ന്ന ഈ ആരോപണങ്ങളെപ്പറ്റി എന്തുപറയാനുണ്ടെന്ന ചോദ്യം ബാക്കിയാണ്.

ലജ്ജയില്ലെങ്കില്‍ നിനക്കെന്തുമാകാമെന്ന് നബി ﷺ പഠിപ്പിക്കുന്നു. ഉമ്മത്തിലെ അവശേഷിക്കുന്ന ലജ്ജയുടെ അംശവും തോട്ടിലെറിയാന്‍ ആഹ്വാനം ചെയ്യുന്ന ഇത്തരം അഭിനവ മതവാണിഭക്കാര്‍ക്കെതിരില്‍ അല്‍പമെങ്കിലും ലജ്ജ അവശേഷിക്കുന്നവര്‍ പ്രതികരിക്കാതിരുന്നാല്‍ ഈ നാണക്കേടിന് കുടപിടിക്കലാകുമത്. 'തെക്കന്‍ കേരളത്തില്‍നിന്നും മതപ്രഭാഷകരുടെ വേഷംകെട്ടി മലബാറുകാര്‍ക്കിടയില്‍ മിന്നിത്തിളങ്ങുന്ന ഫൈവ്സ്റ്റാര്‍ പ്രഭാഷകര്‍ പാതിരാവുകളില്‍ വിളമ്പി നിര്‍വൃതിയടയുന്ന ഹൈള്-നിഫാസ്-ജനാബത്ത് മസ്അലകളുടെ അതിപ്രസരണത്തെയും ദീനിന്റെ കുടപിടിച്ചുകൊണ്ട് നടത്തുന്ന പാതിരാപോക്കറ്റടിയെയും' 'അവര്‍ നിന്റെ ദാസന്മാരെ വഴിയില്‍ കൊള്ളയടിക്കുന്നവരാകുന്നു' എന്ന പ്രയോഗത്തിലേക്ക് ചേര്‍ത്തുകൊണ്ട് 'പ്രബോധനം' വീക്കിലിയില്‍(8) ലേഖനമെഴുതി മറ്റുള്ളവരെ ഗുണദോഷിക്കുമ്പോഴും, സ്വന്തം കാലിലെ വിശാലമായ മന്ത് കാണാനുള്ള കഴിവ് ഈ ഗുണദോഷികള്‍ക്കില്ലാതെ പോകുന്നത് ഏറെ പരിതാപകരംതന്നെ!

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്സില്‍ വ്രതശുദ്ധിയുടെ പേരില്‍ യുവതിക്കും കുട്ടികള്‍ക്കും യാത്രാനുമതി നിഷേധിച്ച സംഭവം കേരളത്തിലെ പല ചാനലുകളിലും ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരിലെ പൗരാവകാശ ലംഘനത്തെ മിക്കവരും വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇതിന്റെ മറപിടിച്ചുകൊണ്ട് അശ്ലീലം പ്രചരിപ്പിക്കുന്ന 'തറപരിപാടി' ജമാഅത്തുകാരുടെ മാത്രം സംഭാവനയായിപ്പോയി. 'വിശ്വാസങ്ങള്‍ മാറണമെന്ന് ഈ കുട്ടികള്‍ നമ്മോട് പറയുന്നു, നിങ്ങളും അതാഗ്രഹിക്കുന്നില്ലേ! ചില വിശ്വാസങ്ങള്‍ മാറേണ്ടേ? മതസ്ഥാപനങ്ങള്‍ മാറേണ്ടേ? നമ്മളും മാറേണ്ടേ? കാലത്തിനനുസരിച്ച് ചിലത് ബോധ്യപ്പെടേണ്ടേ? ഈ ചര്‍ച്ചയിലൂടെ ഞങ്ങള്‍ തെളിയിക്കാന്‍ ശ്രമിച്ചതും അതായിരുന്നു...' എന്ന് അവതാരകന്‍ പ്രഖ്യാപിക്കുമ്പോള്‍ നാണവും മാനവുമില്ലാത്ത ഒരു കന്നുകാലി സമാന സമൂഹത്തെ പിന്നാലെ അഴിച്ചുവിടാന്‍പോകുന്നുവെന്ന സൂചനയാണ് ഇതില്‍ ലഭിക്കുന്നത്. അത് ഏകദേശം പ്രാവര്‍ത്തികമാവുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് നിരന്തരമായ അലര്‍ജി സമ്മാനിച്ചുകൊണ്ടിരിക്കുന്ന 'മതമെന്നമേലങ്കി' ഒന്നഴിച്ചുവെക്കാന്‍ അനുവദിക്കണമെന്നാണ് മങ്കമാര്‍ ജമാഅത്ത് മീഡിയയിലൂടെ ആവശ്യപ്പെടുന്നത്.

ശൈഖ്മുഹമ്മദ് കാരക്കുന്ന് എഴുതുന്നു: ''അനിയന്ത്രിതമായ സ്ത്രീപുരുഷ സമ്പര്‍ക്കങ്ങള്‍ അനാശാസ്യ പ്രവണതകള്‍ക്ക് ആക്കംകൂട്ടുന്നു. പുരോഗമനത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും പേരില്‍ മതം വിളക്കിയെടുത്ത വിലക്കുകള്‍ ലംഘിക്കുന്നവര്‍ അതിവേഗം ലൈംഗിക അരാജകത്വത്തിന് അടിമപ്പെടുന്നു. മതനിരാസത്തിന്റെ മുദ്രയണിഞ്ഞ പാശ്ചാത്യരുടെയും അവരെ അന്ധമായി അനുകരിക്കുന്ന പൗരസ്ത്യരുടെയും അനുഭവങ്ങള്‍ ഇതിനു സാക്ഷിയാണ്. കുത്തഴിഞ്ഞ ജീവിതവും പരിധികള്‍ പാലിക്കാത്ത പെരുമാറ്റവും നിര്‍ലജ്ജമായ വസ്ത്രധാരണവും സമകാലീന സമൂഹത്തില്‍ വരുത്തുന്ന വിനകള്‍ വിവരണാതീതമത്രെ. നിര്‍ദോഷമായ ഒരുനോട്ടം നാശനിമിത്തമായേക്കാവുന്ന രണ്ടാമത്തതിലേക്കും മൂന്നാമത്തതിലേക്കും നയിക്കുന്നു. പിന്നീടവ പലഘട്ടങ്ങളിലൂടെ വളര്‍ന്ന് അനിഷ്ടകരമായ അന്ത്യത്തിലെത്തുന്നു. ലോകത്തെങ്ങും ഇന്നു നടക്കുന്ന ദാമ്പത്യത്തകര്‍ച്ചകളുടെയും കുടുംബ ശൈഥില്യങ്ങളുടെയും പിന്നില്‍ അനിയന്ത്രിതമായ സ്ത്രീപുരുഷ സമ്പര്‍ക്കങ്ങളില്‍നിന്നുണ്ടാകുന്ന ലൈംഗിക അരാജകത്വം അനല്‍പമായ പങ്കുവഹിക്കുന്നു... പരസ്ത്രീ-പുരുഷന്മാര്‍ക്കിടയിലെ ഇടപെടലുകളില്‍ മതം'പാടില്ല'കളുടെ പട്ടിക സമര്‍പ്പിക്കാനുള്ള കാരണവുമതത്രെ. അവ പൂര്‍ണമായും പാലിച്ച് കുറ്റങ്ങളുടെ കവാടങ്ങള്‍ അടക്കുന്നവര്‍ പരിശുദ്ധി പ്രാപിക്കുകയും നിരാകരിക്കുന്നവര്‍ നാശത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.'(9)

സമഗ്ര ഇസ്‌ലാമികപ്രസ്ഥാനം ചാനല്‍ തുടങ്ങുന്നതിനും സിനിമാനിര്‍മാണം ആരംഭിക്കുന്നതിനും കാലങ്ങള്‍ക്ക് മുമ്പാണ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഈ വരികള്‍ മഷിപുരണ്ടത്. ഇതില്‍ പറഞ്ഞതില്‍ എതെങ്കിലും രോഗബീജങ്ങള്‍ സമഗ്ര ഇസ്‌ലാമിക് മീഡിയ ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അത് വായനക്കാര്‍ക്ക് പ്രത്യേകം ചൂണ്ടിക്കാട്ടാവുന്നതാണ്.

ഇനിയും അപ്പാക്രിഫക്ക് വിധേയമാകാത്ത ഏതാനും സാരോപദേശങ്ങള്‍ സയ്യിദ് മൗദൂദിസാഹിബിന്റെ തഫ്ഹീമുല്‍ ക്വുര്‍ആനില്‍ ഇനിയും ബാക്കിയാണ്. മൗദൂദി സാഹിബ് എഴുതുന്നു: ''ഇപ്പോള്‍ അല്ലാഹു കാഴ്ചയരുളിയിട്ടുള്ള ആര്‍ക്കും സ്വയംകാണാവുന്ന സംഗതി ഇതത്രെ; ക്വുര്‍ആന്‍ അന്യസ്ത്രീപുരുഷന്മാര്‍ മുഖത്തോടുമുഖം നിന്ന് സംസാരിക്കുന്നത് വിലക്കുകയും പര്‍ദക്ക് പിന്നില്‍നിന്ന് സംസാരിക്കുന്നതുകൊണ്ടുള്ള മെച്ചം, നിങ്ങളുടെ മനസ്സുകള്‍ ശുദ്ധമായിരിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ രീതി ഇതാണ് എന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ഇതില്‍നിന്നെങ്ങനെയാണ് സങ്കര വിദ്യാഭ്യാസവും സമ്മിശ്രസദസ്സുകളും അന്യസ്ത്രീ പുരുഷന്മാര്‍ അനിയന്ത്രിതമായി കൂടിക്കലര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇതരസംരംഭങ്ങളും അനുവദനീയമാണെന്നും അതുമൂലം മനസ്സുകളുടെ സംശുദ്ധിയില്‍ യാതൊരു വ്യത്യാസവും ഉണ്ടാവില്ലെന്നുമുള്ള വിചിത്രമായ ആശയം പിഴിഞ്ഞെടുക്കാന്‍ സാധിക്കുക...?''

സയ്യിദ് മൗദൂദി തുടരുന്നു: ''ആരെങ്കിലും ക്വുര്‍ആനിനെ പിന്തുടരുന്നില്ലെങ്കില്‍ അതിനെ എതിര്‍ക്കുകയും താനതിനെ അംഗീകരിക്കുന്നില്ലെന്ന് തുറന്നുപറയുകയുമാണ് യുക്തിസഹമായ നിലപാട്. ക്വുര്‍ആനിന്റെ ഖണ്ഡിതമായ വിധികളെ ധിക്കരിക്കുകയും പിന്നെ താന്‍ കൊണ്ടുനടക്കുന്നതൊക്കെയാണ് ക്വുര്‍ആനിന്റെ ചൈതന്യമെന്ന് ധാര്‍ഷ്ട്യപൂര്‍വം വിളിച്ചുപറയുകയും ചെയ്യുന്നത് വളരെ നിന്ദ്യമായ നിലപാടാണ്. ക്വുര്‍ആനിനും സുന്നത്തിനും അന്യമായ വല്ലതില്‍നിന്നും അവര്‍ ആവിഷ്‌ക്കരിക്കുന്നതൊക്കെ ഇസ്‌ലാമിന്റെ ആത്മാവും ചൈതന്യവുമാകുന്നത് എങ്ങനെയാണ്...?''

മൗദൂദി സാഹിബിന്റെ നിഷ്‌കളങ്കമായ ഈ ചോദ്യം ദീനിന്റെ പേരില്‍ അഭിനയിക്കുകയും അഭിനയിക്കാന്‍ പ്രേരിപ്പിക്കുകയും അതിനായി സമ്പത്ത് ചെലവഴിക്കുകയും ചെയ്യുന്ന ആധുനിക ജമാഅത്ത് കോര്‍പ്പറേറ്റ് മുതലാളിമാരുള്‍പ്പെടുന്ന സഭയോടാണ്.(10) ഈ വിഷയവുമായി ബന്ധപ്പെട്ട, മൗദൂദി സാഹിബിന്റെ ചിന്തകളും വരികളും സംശയരഹിതവും കൃത്യവുമാണ്.

മൗദൂദി സാഹിബ് ഈ വിശദീകരണമെഴുതുന്നകാലത്തോ, ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നകാലത്തോ കേരളത്തിലെ ജമാഅത്ത് മുതലാളിമാര്‍ക്ക് ചാനലോ സീരിയലോ അത് നിലനിര്‍ത്താനാവശ്യമായ അഭിനയമോ പരിചയമുണ്ടായിരുന്നില്ല. സാമ്പത്തികമായി അവര്‍ ഇന്നത്തെ നിലയില്‍ പുരോഗമിക്കുകയൊ ചാനല്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംരംഭങ്ങളെപ്പറ്റി ചിന്തിക്കുകയോ ചെയ്തിരുന്നില്ല എന്നതിന്റെ തെളിവാണ് പരിഭാഷയില്‍ ഈ ആശയം കൈക്രിയകള്‍ക്ക് വിധേയമാകാത്ത നിലയില്‍ അവശേഷിച്ചത്. മറിച്ച് ഈ പരിഭാഷ ഇന്നായിരുന്നുവെങ്കില്‍ 'കേരളീയ പശ്ചാത്തലത്തില്‍ അപ്രസക്തമെന്ന് തോന്നിയ ചില ചര്‍ച്ചകള്‍ ഒഴിവാക്കിയിട്ടുണ്ട്...'(11) എന്നൊരു കുറിപ്പ് ഈ ഭാഗത്ത് പ്രത്യക്ഷപ്പെടുമായിരുന്നു. തല്‍ക്കാലം ആ കത്രിക ഇവിടെ പ്രത്യക്ഷപ്പെട്ടില്ല. ബാക്കിയുള്ളവരെ അക്ഷരപൂജകരെന്നും സങ്കുചിത ചിന്തകളുടെ വക്താക്കളെന്നും മുദ്രയടിക്കാനുള്ള ശ്രമത്തിനിടയില്‍ ഇത്തരം കാര്യപ്രസക്തമായ ഭാഗങ്ങളെ പുനര്‍വിചിന്തനം ചെയ്യാന്‍ ജമാഅത്തുകാര്‍ക്കെവിടെ സമയവും കാലവും!

എന്നാല്‍ ചാനലും സിനിമാ ചര്‍ച്ചയും പ്രസ്ഥാനത്തില്‍ ഊര്‍ജിതമായതോടെ പ്രമുഖ ക്വുര്‍ആന്‍ പണ്ഡിതനായി ജമാഅത്ത് കേന്ദ്രങ്ങളില്‍ അറിയപ്പെടുന്ന ടി.കെ.ഉബൈദ് മൗദൂദിയെയും കാരക്കുന്നിനെയും തിരുത്തിയിട്ടുള്ളത് വായനക്കാര്‍ കാണാതെപോകരുത്. അദ്ദേഹം എഴുതുന്നു: 'പുരുഷന്‍മാര്‍ സ്ത്രീകളുടെ കൂടെ സംസാരിക്കുന്നതോ പാട്ടുപാടുന്നതോ അനുവദനീയമായ മറ്റുജോലികള്‍ ചെയ്യുന്നതോ ഇസ്‌ലാം നിരോധിച്ചിട്ടില്ല. അന്യ സ്ത്രീപുരുഷന്‍മാര്‍ ഇടപെടുമ്പോള്‍ ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ള സദാചാര്യമര്യാദകള്‍ പാലിക്കണം എന്നേയുള്ളൂ.'(12)

(അവസാനിച്ചില്ല)

റഫറന്‍സ്:

6. 2020 നവംബര്‍ 06

7. പ്രബോധനം ഇന്റര്‍നാഷണല്‍: 20.03.2015

8. ലേഖനം: ഖാലിദ് മൂസാ നദ്‌വി, പ്രബോധനം വീക്കിലി, 2015 ജനുവരി 23, ംംംwww.prabodhanam.net/article/3855/207

9. പ്രകാശബിന്ദുക്കള്‍, ഭാഗം: 03, പേജ്: 78, ഐ.പി.എച്ച്, പ്രിന്റ്: 1993  

10. സൂറത്തുല്‍ അഹ്‌സാബ്: 53 മുതലുള്ള ആയത്തുകള്‍ക്ക് 98ാം നമ്പറായി നല്‍കിയ വിശദീകരണം: തഫ്ഹീമുല്‍ ഖുര്‍ആന്‍: 04/112, ഐ.പി.എച്ച്, പ്രിന്റ്: 1996

11. തഫ്ഹീമുല്‍ ഖുര്‍ആന്‍ ആമുഖം, വാല്യം: 06, ഐ.പി.എച്ച്: 2000

12. ടി.കെ. ഉബൈദ്, പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍, പേജ്: 524