വിശുദ്ധ ക്വുര്‍ആന്‍: അടുത്തറിയേണ്ട ഗ്രന്ഥം

അന്‍വര്‍ അബൂബക്കര്‍

2021 മെയ് 29 1442 ശവ്വാല്‍ 17

അന്തിമദൂതന്‍ മുഹമ്മദ് നബി ﷺ യിലൂടെ ലോകജനതക്ക് സ്രഷ്ടാവ് അവതരിപ്പിച്ച ഗ്രന്ഥമാണ് പരിശുദ്ധ ക്വുര്‍ആന്‍. അത് ആരുടെയും സൃഷ്ടിയല്ല, ലോകരക്ഷിതാവിന്റെ സംസാരമാണ്. പരമകാരുണികനായ അല്ലാഹുവില്‍നിന്നും തുടങ്ങി ലോകവസാനം അത് അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും.

ഈ ഗ്രന്ഥം മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിച്ചതിനെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞു: ''വിശ്വസ്താത്മാവ് (ജിബ്‌രീല്‍) നിന്റെ ഹൃദയത്തില്‍ അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു. നീ താക്കീതു നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)'' (ക്വുര്‍ആന്‍ 26:193-95 ).

വാനലോകത്തുനിന്നും അല്ലാഹു ദിവ്യബോധനം നല്‍കുന്നതിനെ കുറിച്ച് നബി ﷺ ഇപ്രകാരം പറഞ്ഞു: ''അല്ലാഹു തന്റെ കല്‍പന ബോധനം നല്‍കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ വഹ്‌യിലൂടെ സംസാരിക്കും'' (ഇബ്‌നു ഖുസൈമ, ഇബ്‌നു ജരീര്‍, ഇബ്‌നു അബീ ഹാതിം).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: 'അല്ലാഹു ഒരുകാര്യം ദിവ്യബോധനമായി അറിയിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അത് വഹ്‌യായി സംസാരിക്കും. അവന്‍ സംസാരിച്ചാല്‍ ആകാശം കിടിലംകൊള്ളുന്നതായിരിക്കും, അതല്ലെങ്കില്‍ അല്ലാഹുവിനെ പേടിച്ച് വിറകൊള്ളുന്നതായിരിക്കും. വാനലോകത്തുള്ളവര്‍ അത് കേള്‍ക്കുമ്പോള്‍ ബോധരഹിതരാവുകയും ചെയ്യും' (ഇബ്‌നുഖുസൈമ, ഇബ്‌നു അബീ ഹാതിം).

അല്ലാഹുവിന്റെ സംസാരത്തെക്കുറിച്ചും ദിവ്യബോധനത്തെക്കുറിച്ചുമാണ് മുകളില്‍ പ്രതിപാദിക്കപ്പെട്ടത്. അവന് അനുയോജ്യമായ വിധത്തിലും യഥാര്‍ഥത്തിലുള്ളതുമായ അവന്റെ ഒരു വിശേഷണത്തില്‍ പെട്ടതാണ് അവന്റെ ഈ സംസാരം. അവന്റെ ഉദ്ദേശ്യമനുസരിച്ച് അതിന്ന് അക്ഷരങ്ങളും കേള്‍ക്കപ്പെടുന്ന ശബ്ദവുമുണ്ടായിരിക്കും. ഇതാണ് സ്രഷ്ടാവിന്റെ സംസാരമെന്ന വിശേഷണത്തെക്കുറിച്ചുളള മതസംബന്ധിയായ വിശ്വാസം. ക്വുര്‍ആനിക സൂക്തങ്ങള്‍ അല്ലാഹു യഥാര്‍ഥത്തില്‍ സംസാരിച്ച വചനങ്ങളാകയാല്‍ അത് സൃഷ്ടിയാണെന്ന് പറയാവതല്ല. പ്രമുഖ പണ്ഡിതനായ അംറുബ്‌നു ദീനാര്‍(റഹി) ഒരിക്കല്‍ പറയുകയുണ്ടായി: 'അല്ലാഹു സ്രഷ്ടാവും അവനല്ലാത്ത ക്വുര്‍ആനൊഴിച്ച് ബാക്കിയുള്ളവയെല്ലാം സൃഷ്ടിയുമാണെന്ന് എഴുപത് വര്‍ഷമായി ജനങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടുവരുന്നു. ക്വുര്‍ആന്‍ സൃഷ്ടിയല്ല; അത് അല്ലാഹുവിന്റെ സംസാരമാകുന്നു. അത് അവനില്‍നിന്ന് തുടങ്ങി അവനിലേക്കുതന്നെ മടങ്ങുകയും ചെയ്യും' (മജ്മൂഉല്‍ ഫതാവാ, ഇബ്‌നുതൈമിയ്യ 1/248).

'ജനങ്ങള്‍ ക്വുര്‍ആനനുസരിച്ച് പ്രവര്‍ത്തിക്കാതാവുകയും അതിനെ അവഗണിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഒരു ആദരവെന്നോളമായിരിക്കും അത് ജനങ്ങളില്‍നിന്നും ഉയര്‍ത്തപ്പെടുക' (സില്‍സിലതുസ്സ്വഹീഹ, നമ്പര്‍ 87; ഇബ്‌നുമാജ: 4049).

ക്വുര്‍ആന്‍ അവഗണിക്കപ്പെടാതെ, ജനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട ഗ്രന്ഥമാണെന്നാണ് ഇതെല്ലാം അറിയിക്കുന്നത്. അല്ലാഹു ഈ ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞു:

''സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു'' (ക്വുര്‍ആന്‍ 17: 82).

''ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശമാണ് സത്യം. സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയാണ് സത്യം. തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു. ഇതു തമാശയല്ല'' (ക്വുര്‍ആന്‍ 86:11-14).

''ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (ക്വുര്‍ആന്‍ 7:204).

''ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിക്കും'' (ക്വുര്‍ആന്‍ 6:155).

മുഹമ്മദ് നബി ﷺ ക്വുര്‍ആനിനെ സംബന്ധിച്ചു പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹു ഈ ഗ്രന്ഥം കൊണ്ട് ഒരു വിഭാഗത്തെ ഉയര്‍ത്തുകയും മറ്റൊരു വിഭാഗത്തെ താഴ്ത്തുകയും ചെയ്യും'' (മുസ്‌ലിം).

''നിങ്ങളില്‍ ഉത്തമര്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്'' (ബുഖാരി).

'നിശ്ചയം, അല്ലാഹുവിന് ജനങ്ങളില്‍നിന്ന് ചില സ്വന്തക്കാരുണ്ട്.' ചോദിക്കപ്പെട്ടു: 'അല്ലാഹുവിന്റെതിരുദൂതരേ, ആരാണവര്‍?' പ്രവാചകന്‍ ﷺ പറഞ്ഞു: 'ക്വുര്‍ആനിന്റെ ആളുകളാണ് അല്ലാഹുവിന്റെ സ്വന്തക്കാരും പ്രത്യേകക്കാരും' (സൂനനുത്തുര്‍മുദി. അല്‍ബാനി(റഹി) സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്).

''വല്ലവനും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതുകൊണ്ട് കര്‍മമനുഷ്ഠിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് അന്ത്യനാളില്‍ പ്രകാശത്താലുള്ള ഒരു കിരീടം ധരിപ്പിക്കപ്പെടും. പ്രസ്തുത കിരീടത്തിന്റെ പ്രകാശം സൂര്യപ്രകാശത്തെ പോലെയായിരിക്കും. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് അന്ത്യനാളില്‍ രണ്ട് ഉടയാടകള്‍ ധരിപ്പിക്കപ്പെടും. പ്രസ്തുത ഉടയാടകള്‍ക്ക് ദുന്‍യാവ് കിടയൊക്കുകയില്ല. അപ്പേള്‍ അവര്‍ ചോദിക്കും: 'ഞങ്ങള്‍ എന്ത് കാരണത്താലാണ് ഈ വസ്ത്രം ധരിപ്പിക്കപ്പെട്ടത്?' പറയപ്പെടും: 'നിങ്ങള്‍ രണ്ട് പേരുടെയും സന്തതി ക്വുര്‍ആന്‍ പഠിച്ചതിനാല്‍'' (മുസ്തദ്‌റകു ഹാകിം. അല്‍ബാനി(റഹി) സ്വഹീഹുന്‍ലിഗയ്‌രിഹി എന്ന് വിശേഷിപ്പിച്ച ഹദീഥ്).

ക്വുര്‍ആനിന്റെ വക്താവിനോട് പറയപ്പെടും: 'താങ്കള്‍ ഓതുക, എന്നിട്ട് (സ്വര്‍ഗീയ ഉന്നതിയിലേക്ക്) കയറുക. ദുന്‍യാവില്‍ പാരായണം ചെയ്തിരുന്നതുപോലെ പാരായണം ചെയ്യുക; താങ്കള്‍ ഓതുന്ന അവസാനത്തെ ആയത്തിന്റെ അടുത്തായിരിക്കും താങ്കളുടെ (സ്വര്‍ഗീയ) സ്ഥാനം'' (സുനനുത്തുര്‍മുദി. അല്‍ബാനി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ച ഹദീഥ്).

ക്വുര്‍ആനിനെ സംബന്ധിച്ച് അല്ലാഹുവും അവന്റെ പ്രവാചകനും അറിയിച്ചുതന്ന ധാരാളം സവിശേഷതകള്‍ ഇതുപോലെ കാണുവാന്‍ സാധിക്കും. ഈ ഗ്രന്ഥത്തിലെ വിജ്ഞാനം സമ്പാദിക്കാന്‍ ശ്രമിക്കുന്തോറും അതിന്റെ ദൈവികത ബോധ്യപ്പെടുകയും അതിന്റെ മാധുര്യം അനുഭവവേദ്യമാവുകയും ചെയ്യും.  അതാകട്ടെ മനുഷ്യന് മരണാന്തരം പ്രവേശിക്കാനാശിക്കുന്ന സ്വര്‍ഗപ്പൂങ്കാവനത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നതുമാണ്.