ബാങ്ക് പലിശ അനുവദനീയമോ?

ഡോ. ടി.കെ യൂസുഫ്

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

പലിശയുടെ ആരംഭം തൊട്ടുതന്നെ അത് അനുവദനീയമാണോ എന്ന ചോദ്യവും മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. മത തത്ത്വങ്ങള്‍ ഇതിനെ നിഷിദ്ധമായി കാണുന്നു. ശുദ്ധമനഃസ്ഥിതിക്കാരില്‍ ഈ ചുഷണം മനഃസാക്ഷിക്കുത്തുണ്ടാക്കുന്നതാണ്. എന്നാല്‍ പലിശയില്‍ അധിഷ്ഠിതമായ മൂലധന സിദ്ധാന്തത്തിന്റെ വളര്‍ച്ച കാരണം പലിശ അനുവദനീയമാക്കാനുളള ഒരു പ്രവണത ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നുണ്ട്. പലിശ സമൂഹത്തില്‍ ഉണ്ടാക്കുന്ന വീപരീത ഫലങ്ങള്‍ അറിയുന്ന സാമ്പത്തിക വിദഗ്ധര്‍തന്നെ അതിനെ സംരക്ഷിക്കുന്നതിന് വേണ്ടി വലിയ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

പലിശയെക്കുറിച്ച് ഇതുവരെ നടത്തിയ ചര്‍ച്ചകളൊന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല. കാരണം അവയെല്ലാം തന്നെ ഒന്നുകില്‍ ഈ നീരാളിയുടെ പിടിയിലകപ്പെടുന്ന അധമര്‍ണന്റെയോ അല്ലെങ്കില്‍ മൂലധനത്തിന്റെ ഉടമയായ ഉത്തമര്‍ണന്റെയോ ഭാഗം ചേര്‍ന്നിട്ടുളള ഒരു നിലപാടാണ് എടുക്കാറുളളത്. പലിശയെക്കുറിച്ച് ഇന്ന് ധാരാളം ചര്‍ച്ചകളും സെമനാറുകളും നടക്കുന്നതായി കാണാം. എന്നാല്‍ അവയെല്ലാം പലിശയുടെ രൂപത്തെക്കുറിച്ച് മാത്രം പ്രതിപാദിക്കുകയും, ഇസ്‌ലാം എന്തിന് പലിശ നിഷിദ്ധമാക്കി, മതപരമായി ഇപ്പോള്‍ അതിനെ അനുവദനീയമാക്കുന്ന വല്ല കാരണവും ഉണ്ടോ, എന്നീ ചോദ്യങ്ങള്‍ അവഗണിക്കുകയും ചെയ്യാറാണ് പതിവ്.

പലിശയെ മതപരമായി അനുവദനീയമായി കാണുന്നവര്‍ അതിന് ചില നേട്ടങ്ങളും എടുത്ത് പറയാറുണ്ട്. എന്നാല്‍ മദ്യത്തിനും ചൂതാട്ടത്തിനും വ്യഭിചാരത്തിനുമെല്ലാം ഇത്തരത്തിലുളള ചില ഭൗതിക നേട്ടങ്ങള്‍ കാണാനാവും. ഗുണങ്ങളില്ലാത്ത് കൊണ്ടല്ല അതിനെക്കാള്‍ വലിയ തിന്മയും നാശവും ഉള്‍കൊള്ളുന്നത് കൊണ്ടാണല്ലോ ഇസ്‌ലാം മേല്‍പറഞ്ഞതിനെയൊക്കെ നിഷിദ്ധമാക്കിയിട്ടുളളത്. അതുകൊണ്ട് തന്നെ സാമ്പത്തിക രംഗത്ത് ഒട്ടേറെ ഭവിഷ്യത്തുകളുണ്ടാക്കുന്ന പലിശയെയും തീര്‍ത്തും വര്‍ജ്യമായി കാണേണ്ടതാണ്.

ഇന്ന് സാമ്പത്തികരംഗത്ത് പലിശ ഒരു അവിഭാജ്യഘടകമായതുകൊണ്ട് ആധുനിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവന് അതില്‍നിന്നും മോചിതനാവാന്‍ സാധ്യമല്ല എന്ന് പറയുന്നവരുടെ ന്യായം മൂലധനം ഉത്പാദനരംഗത്ത് നിക്ഷേപിച്ചതിന്റെ ലാഭവിഹിതമായണ് പലിശ എന്നാണ്. മൂലധനത്തിന്റെ വളര്‍ച്ച എന്ന തത്ത്വം ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് സകാത്തിന്റെ ധനം വളര്‍ച്ചയുളളതാവണം എന്ന നിബന്ധന വെച്ചത്. അതുപോലെ ഉത്പാദന രംഗത്ത് മുതല്‍ മുടക്കിയവന്‍ ലാഭവിഹിതമെടുക്കുന്നതിനെയും ഇസ്‌ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഉത്പാദനത്തിന് വേണ്ടി വായ്പ അനുവദിക്കുന്ന ബാങ്കുകളും ധനകാര്യസ്ഥപനങ്ങളും കടം കൊടുക്കുന്ന ധനത്തിന് സാങ്കല്‍പിക വളര്‍ച്ച കണക്കാക്കി പലിശ നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നത്. അതേസമയം ഇസ്‌ലാമിക ശരീഅത്ത് സമ്പത്തിന്റെ സാങ്കല്‍പിക വളര്‍ച്ച സാക്ഷാത്കരിപ്പെടുന്നതിലുളള സാധ്യത കുറയുന്നത് നിമിത്തം ലാഭവിഹിതം മുന്‍കൂട്ടി നിശ്ചിയിക്കുന്നത് അനുവദിക്കുന്നില്ല.

ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: ഒരു സ്ത്രീ ഒരു പുരുഷനുമായി ബന്ധപ്പെട്ടാല്‍ കുഞ്ഞിന് ജന്മം നല്‍കല്‍ നിര്‍ബന്ധമായിട്ടാണ് ബാങ്കുകള്‍ കാണുന്നത്. കുഞ്ഞുങ്ങളുണ്ടാകാതിരിക്കാന്‍ ധാരാളം സാധ്യതകളുളളത് പോലെ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകാനും ഇടയുണ്ട് എന്ന വീക്ഷണമാണ് ഇസ്‌ലാമിന്റെത്. മുന്‍കൂട്ടി ലാഭവിഹിതം ആവശ്യപ്പെടുന്നത് യുക്തിസഹമല്ലാത്തതുകൊണ്ട് ഉത്പാദനത്തിന്റെ തോത് അറിഞ്ഞതിന് ശേഷമെ ലാഭവിഹിതം ആവശ്യപ്പെടാന്‍ പാടുളളൂ. ഇസ്‌ലാം പലിശ അനുവദിക്കുന്നില്ല എന്നതുകൊണ്ട് മൂലധനത്തിന്റെ സാങ്കല്‍പിക വളര്‍ച്ച അംഗീകരിക്കുന്നില്ല എന്നര്‍ഥമില്ല. മറിച്ച് ലാഭ വിഹിതത്തിന്റെ ഓഹരി മുന്‍കൂട്ടി സങ്കല്‍പിച്ച് നിശ്ചയിക്കുന്നതാണ് ഇസ്‌ലാം എതിര്‍ക്കുന്നത്. കേവലം അനുമാനത്തെ മാത്രം അവലംബിച്ച് വളര്‍ച്ചയുടെ തോത് കൃത്യമായി തിട്ടപ്പെടുത്തല്‍ അസാധ്യമായിരിക്കുമല്ലോ.

പലിശയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സര്‍വരാലും അംഗീകരിക്കപ്പെട്ട ചില കാര്യങ്ങള്‍ ഇവിടെ പരാമര്‍ശിക്കുകയാണ്.

1. പലിശ അധ്വാനമില്ലാത്ത ഒരു ധനസമ്പാദന മാര്‍ഗമാണ്.

2. സമൂഹത്തിലെ പല നല്ലഗുണങ്ങളെയും ഇത് നശിപ്പിക്കുകയും പരോപകാരത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

3. കച്ചവടം, കൃഷി, തൊഴില്‍, വ്യവസായം എന്നീ സാമ്പത്തിക രംഗത്തെ അടിസ്ഥാന കാര്യങ്ങളില്‍ നിന്നും ജനങ്ങളെ വ്യതിചലിപ്പിച്ച് നിഷ്‌ക്രയരാക്കും.

4. ഉത്തമര്‍ണന്‍ കൂടുതല്‍ സമ്പന്നനാകുകയും അധമര്‍ണന്‍ പാപ്പരാകുകയും ചെയ്യും. പലിശ പലപ്പോഴും പാവപ്പെട്ടവനെയാണ് വേട്ടയാടാറുളളത്.

5. പലിശ തിന്നുന്നവനെ ജനം അവജ്ഞയോടെയാണ് വീക്ഷിക്കുക. എല്ലാ മതങ്ങളിലും സമുദായങ്ങളിലും ഇത് അനഭിലഷണീയമാണ്.

6. കടം വാങ്ങുന്നവന്റെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും ഇത് ഹനിക്കുന്നു.

7. അധമ മാര്‍ഗത്തിലൂടെയുളള ധനസമ്പാദനം ആയതുകൊണ്ട് പലിശ വാങ്ങുന്നവന് മനഃസാക്ഷിയുടെ പീഡനവും ഏല്‍ക്കേണ്ടിവരും.

8. പലിശ മനുഷ്യനെ കൂടുതല്‍ പിശുക്കനും പണക്കൊതിയനും സ്വാര്‍ഥനും അവസരവാദിയും ആക്കിമാറ്റും.

9. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ഒരു പോരാട്ടത്തിന് ഇത് വഴിവെക്കും.

10. പലിശ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുകയും ക്രിയാത്മകമായ വിദേശനയം നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. പല സാമ്രാജ്യങ്ങളും തകര്‍ന്നതില്‍ പലിശ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ് ഇസ്‌ലാം പലിശ നിരോധിച്ചത് എന്ന് പൊതുവെ പറയപ്പെടാറുണ്ട്. അതുകൊണ്ട് തന്നെയാണ് ചില ബുദ്ധിജീവികള്‍ പ്രത്യക്ഷത്തില്‍ ചൂഷണമായി തോന്നാത്ത ബാങ്ക് പലിശയെ അനുവദനീയമായി കാണുന്നത്. ബാങ്ക് പലിശ സാമ്പത്തികരംഗത്ത് ഉണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും പ്രത്യക്ഷത്തില്‍ കാണാത്ത ചൂഷണങ്ങളും അവര്‍ കണ്ടില്ലെന്ന് നടിക്കാറാണുളളത്.

ഇന്ന് പലിശയിടപാട് നടത്തുന്നത് കേവലം വ്യക്തികള്‍ മാത്രമല്ല, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമാണ്. അത്തരം സ്ഥാപനങ്ങള്‍തന്നെ ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും പങ്ക് വഹിക്കുന്നുമുണ്ട് എന്നാണ് പലിശയെ നിയമവിധേയമാക്കുന്നവര്‍ വാദിക്കാറുള്ളത്. എന്നാല്‍ പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമെ അത്തരം സ്ഥാപനങ്ങള്‍ സാമൂഹ്യസേവനത്തിന് വേണ്ടി ചെലവിടുന്നുള്ളൂ. പലിശയിനത്തില്‍ കിട്ടുന്ന പണം നല്ലകാര്യത്തിന് വിനിയോഗിക്കുന്നുണ്ട് എന്നതുകൊണ്ട് മാത്രം മതദൃഷ്ടിയില്‍ അത് അനുവദനീയമാകുകയില്ല. അങ്ങനെയെങ്കില്‍ വേശ്യാലയത്തില്‍നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനത്തിന് നീക്കിവെച്ച് വേശ്യാവൃത്തി അനുവദനീയമാക്കാനാകുമല്ലോ. സര്‍ക്കാറുകള്‍ക്ക് ഒരു വരുമാന മാര്‍ഗമായി മദ്യം, വ്യഭിചാരം, ലോട്ടറി എന്നിവയെ കാണാനാവുമെങ്കിലും ഇസ്‌ലാമിക ശരീഅത്ത് അവയെ പാടെ നിരോധിക്കുകയാണ് ചെയ്യുന്നത്.

പലിശയിടപാടില്‍ ഏര്‍പ്പെടുന്ന ഒരു കക്ഷിക്ക് എപ്പോഴും ദോഷംവരാന്‍ ഇടയുണ്ടെന്നാണ് ക്വുര്‍ആന്‍ വചനത്തില്‍നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.

'നിങ്ങള്‍ പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്ക് മൂലധനമുണ്ട്. നിങ്ങള്‍ അക്രമം ചെയ്യരുത്, അക്രമിക്കപ്പെടുകയുമരുത്' (2:279).

വായ്പ വാങ്ങിയയവന് വന്‍ലാഭം ലഭിക്കുകയാണെങ്കില്‍ മുന്‍കൂട്ടി ലാഭവിഹിതം നിശ്ചയിച്ചത് നിമിത്തം ഉത്തമര്‍ണന് ശരിയായ പങ്ക് ലഭിക്കാതെവരും. അതും ഒരര്‍ഥത്തില്‍ അവനോടുള്ള അക്രമമാണല്ലോ.

വായ്പയെടുത്തവന് അമിതലാഭം ഉളള സന്ദര്‍ഭത്തില്‍ അന്യായമായ പലിശയെ ന്യായീകരിക്കാന്‍ ആവുമെങ്കിലും അത് നാണയപ്പെരുപ്പം സൃഷ്ടിക്കാന്‍ ഇടയുളളതുകൊണ്ട് ആത്യന്തികമായി നിക്ഷേപകന് തന്നെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പലിശ ഒരു ഇരുതലമൂര്‍ച്ചയുള്ള വാളായതുകൊണ്ട് മിക്കപ്പോഴും കടം വാങ്ങിയവനെ ബാധിക്കും പോലെ ചിലപ്പോള്‍ കടം കൊടുത്തവനും അപായം വരുത്താറുണ്ട്. പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും എഴുതുന്നവനെയും സാക്ഷിനില്‍ക്കുന്നവനെയുമെല്ലാം പ്രവാചകന്‍ ﷺ ശപിച്ചത് ഇതുകൊണ്ടാണ്. കാരണം അവര്‍ക്കെല്ലാം ഈ സാമൂഹ്യവിപത്തില്‍ ഒരുപോലെ പങ്കാളിത്തമുണ്ട്. പലിശ വാങ്ങാനും തിന്നാനും ആളുകള്‍ ഉളളത് കൊണ്ടാണ് അത് കൊടുക്കാനും തീറ്റിക്കാനും ആളുകള്‍ മുന്നോട്ട് വരുന്നത്.

നാള്‍ക്കുനാള്‍ നാണയപ്പെരുപ്പം സംഭവിക്കുന്നതുകൊണ്ട് മുമ്പ് കടമായി നല്‍കിയ തുകയുടെ മൂല്യം അത് തിരിച്ചുനല്‍കുമ്പോള്‍ കുറയുന്നുണ്ട് എന്നാണ് പലിശയെ നീതീകരിക്കുന്നവരുടെ മറ്റൊരു വാദമുഖം. അങ്ങനെയാണെങ്കില്‍ നാണയപ്പെരുപ്പത്തിന്റെ തോത് കണക്കാക്കിയാണല്ലോ പലിശ നിശ്ചയിക്കേണ്ടത്. സാമ്പത്തിക രംഗത്തെ താളപ്പിഴ നിമിത്തം പൈസയുടെ മൂല്യം കൂടുകയാണെങ്കില്‍ ഈ വാദക്കാര്‍ എന്താണ് ചെയ്യുക?

നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ വാങ്ങാതിരുന്നാല്‍ അത് കൂട്ടുപലിശയാകുകയും ചില മിഷനറി പ്രവര്‍ത്തകര്‍ അത് സമാഹരിച്ച് ഇസ്‌ലാമിനെതിരെയുളള പ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന ഒരു ന്യായവും പലിശ വാങ്ങുന്നവര്‍ പറയാറുണ്ട്. സത്യത്തില്‍ നബി ﷺ യുടെ കാലത്ത് പലിശയുടെ വക്താക്കള്‍ എക്കാലത്തെയും പോലെ ജൂതന്മാരായിരുന്നു. അവര്‍ ആ ധനം സ്വാഭാവികമായും ഇസ്‌ലാമിനെതിരെ ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കുമല്ലോ. ജൂത-ക്രൈസ്തവരുടെ പതിവ്രതകളായ സ്ത്രീകളെ മുസ്‌ലിംകള്‍ക്ക് വിവാഹം കഴിക്കല്‍ അനുവദനീയമായി മാറുകയും മുസ്‌ലിം വനിതകള്‍ വേദക്കാര്‍ക്ക് നിയമവിധേയമാകാതിരിക്കുകയും ചെയ്തത് പോലെ പലിശയുടെ രംഗത്തും ഒരു നിലപാട് വേണെമെങ്കില്‍ പ്രവാചകന് സ്വീകരിക്കാമായിരുന്നുവല്ലോ. നബി ﷺ അത് ചെയ്തില്ലെന്ന് മാത്രമല്ല ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ തിരുമേനിയുടെ അങ്കി ഒരു ജൂതന്റെ അടുക്കല്‍ പണയം വെക്കപ്പെട്ടിരുന്നു എന്നതില്‍നിന്നും സാമ്പത്തിക ഇടപാട് രംഗത്ത് വര്‍ഗീയ വേര്‍തിരിവുകള്‍ പാലിക്കേണ്ടതില്ലെന്ന് ഗ്രഹിക്കാനാകും. പലിശ ആര്‍ക്ക് കൊടുക്കുന്നു, അവര്‍ അത് എന്തിന് ഉപയോഗപ്പെടുത്തുന്നു എന്നൊന്നും നബി ﷺ അന്വേഷിച്ചിട്ടില്ല. പലിശയുടെ രംഗത്ത് ഒരു തരിപോലും പ്രവാചകന്‍ വിട്ടുവീഴ്ച ചെയ്തതായി കാണാന്‍ കഴിയില്ല.

ബാങ്കുകള്‍ ഉത്പാദനക്ഷമമായ സംരംഭങ്ങള്‍ക്ക് നല്‍കിയ വായ്പയുടെ ലാഭവിഹിതമാണ് പലിശയായി ഈടാക്കുന്നത് എന്നാണ് പലിശയെ ഹലാലാക്കുന്നവരുടെ മറ്റൊരു ന്യായം. സത്യത്തില്‍ ഇത്തരം ധനകാര്യസ്ഥാപനങ്ങള്‍ കച്ചവടം, കൃഷി, കാലിവളര്‍ത്തല്‍ തുടങ്ങി ഉത്പാദനക്ഷമമായ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നത് പോലെ വാഹനം, ഭവനനിര്‍മാണം, ചികിത്സ തുടങ്ങിയ ഉപഭോഗങ്ങള്‍ക്കും കടം കൊടുക്കുകയും പലിശ ഈടാക്കുകയും ചെയ്യുന്നുണ്ട്. വ്യയം ചെയ്യപ്പെടുന്ന വായ്പകളില്‍ പലിശ ഈടാക്കുന്നത് അക്രമാണെന്ന് ഏവരും സമ്മതിക്കും. എന്നാല്‍ ഉത്പാദനക്ഷമമായ പദ്ധതികള്‍ക്ക് വേണ്ടി വായ്പ എടുക്കുന്നവന്റെ മനസ്സിലും തീയായിരിക്കും. കാരണം കൃഷി, കച്ചവടം, കാലി വളര്‍ത്തല്‍ എന്നീ പദ്ധതികളും അങ്ങേയറ്റം പ്രതിസന്ധികള്‍ നിറഞ്ഞതാണ്. ലാഭത്തിന് സാധ്യതയുളളതിലേറെ നഷ്ടം വരാനും ഇതില്‍ ഇടയുണ്ട്. ഭാഗ്യം തുണച്ചില്ലെങ്കില്‍ വായ്പ വാങ്ങിയവന് മൂന്ന് നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

1. പദ്ധതിക്ക് വേണ്ടി ചെലവഴിച്ച മനുഷ്യ പ്രയത്‌നം.

2. വായ്പയായി വാങ്ങിയ മൂലധനം.

3. മുന്‍കൂട്ടി നിശ്ചയിച്ച പലിശയുടെ അടവ്.

വായ്പ നല്‍കിയവന് തന്റെ മൂലധനവും ലാഭവും ലഭിക്കുമെങ്കിലും കടം വാങ്ങിയവന് മേല്‍പറഞ്ഞ ചെലവുകളുടെ ഭാണ്ഡം പേറേണ്ടിവരും. ക്വുര്‍ആന്‍ വിശേഷിപ്പിച്ചത് പോലെ ഇതിനെ 'അക്രമം' എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക? നബി ﷺ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പലിശ നിരോധിച്ചു കൊണ്ട് അവതരിച്ച ക്വുര്‍ആന്‍ വചനം പാരായണം ചെയ്യുകയും പലിശയുടെ എല്ലാ ഇനങ്ങളും തന്റെ കാല്‍കീഴിലാക്കി എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പലിശയില്‍ അനുവദനീയമായ ഒരിനം ഇല്ലെന്നാണ് ഈ സംഭവത്തില്‍നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്. തന്നെയുമല്ല കുറഞ്ഞപലിശ, അമിതപലിശ എന്നീ തരംതരിവുകളും ഇസ്‌ലാമിലില്ല. പലിശയിടപാട് നടത്തുന്നത് സമ്പന്നനോ ദരിദ്രനോ സംഘടനയോ എന്നീ വ്യത്യാസമൊന്നും പരിഗണിക്കാത്തതുപോലെ മൂലധനത്തില്‍നിന്നും അമിതമായി വാങ്ങുന്നതിന് പലിശ എന്നല്ലാതെ മറ്റെന്ത് ഓമനപ്പേര് വിളിച്ചാലും അത് അനുവദനീയമാകുകയില്ല.

മതപരമായ വിലക്കുകളില്‍ നിരോധിക്കപ്പെട്ട വസ്തുവിന്റെ ഉപദ്രവം മാത്രമല്ല കണക്കിലെടുക്കുന്നത്. മദ്യം അല്‍പം കഴിക്കുന്നതും അധികം കഴിക്കുന്നതും ആയുഷ്‌ക്കാലം മുഴുവന്‍ കഴിക്കുന്നതും നിഷിദ്ധം തന്നെയാണ്. അതുപോലെ പലിശയിടപാടിലും അല്‍പം, അധികം, അന്യായം, ന്യായം എന്നീ വേര്‍തിരിവുകളൊന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല.