പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

(ഭാഗം: 5)

പെണ്‍മക്കളുടെ സംരക്ഷണം

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തില്‍ പെട്ടതാണ് സന്താനസൗഭാഗ്യം. വിവാഹാനന്തരം ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിയില്ലാത്തവരായി ആരുമുണ്ടാകില്ല. ദാമ്പത്യജീവിതത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണല്ലോ സന്താന ലബ്ധി എന്നത്. എന്നാല്‍ സന്താന സൗഭാഗ്യം അല്ലാഹുവില്‍നിന്നുള്ള അനുഗ്രഹവും പരീക്ഷണവുമാണ്. ചിലര്‍ക്ക് വിവാഹം കഴിഞ്ഞ് നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് മക്കളെന്ന സ്വപ്‌നം സാക്ഷാത്കൃതമാകുന്നതെങ്കില്‍ ചിലര്‍ക്ക് വിവാഹം കഴിഞ്ഞ് കാലതാമസമില്ലാതെയും അത് നടക്കുന്നു. മഹാനായ ഇബ്‌റാഹീം നബി(അ) പോലും പരീക്ഷിക്കപ്പെട്ട ഒരു വിഷയമാണിത്. ജീവിതത്തിന്റെ അവസാന കാലത്താണ് ഇബ്‌റാഹീം നബി(അ)ക്ക് ഇസ്മാഈല്‍ എന്ന കുഞ്ഞ് ജനിക്കുന്നത്. അതിനുവേണ്ടി ഇബ്‌റാഹീം നബി(അ) നിരന്തരം അല്ലാഹുവിനോട് പ്രാര്‍ഥിച്ചിരുന്നു.

അദ്ദേഹം പ്രാര്‍ഥിച്ചതായി അല്ലാഹു പറയുന്നു: ''എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ'' (37:100).

തൗഹീദിന്റെ പ്രബോധനത്തില്‍ തന്നെ സഹായിക്കുവാനും ആ പ്രബോധനകൃത്യം തനിക്കുശേഷവും നിലനിറുത്തുവാനും കൊള്ളാവുന്ന സദ്വൃത്തരായ പിന്‍ഗാമികള്‍ തനിക്കുണ്ടാകാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. അദ്ദേഹം ഒട്ടും നിരാശനാകാതെ അതിനായി അല്ലാഹുവോടു പ്രാര്‍ഥിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്തു.

അല്ലാഹു പറയുന്നു: ''അപ്പോള്‍, സഹനശീലനായ ഒരു ബാലനെക്കുറിച്ച് നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു'' (37:101).

മക്കള്‍ പരീക്ഷണമാണെന്നും അല്ലാഹു നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്: ''നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (8:28).

ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം:

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ''ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. യാതൊരു തെറ്റും ഇല്ലാതെ അല്ലാഹുവിനെ അയാള്‍ കണ്ടുമുട്ടുന്നതുവരെ.''

ഈ ഹദീഥില്‍ കുടുംബത്തിന്റെ വിഷയം പ്രത്യേകം നബി ﷺ സൂചിപ്പിച്ചത് ഏറെ ശ്രദ്ധേയമാണ്. കുഞ്ഞാണ് കുടുംബത്തിന്റെ തുടക്കം. കുഞ്ഞ് ജനിച്ചതു മുതല്‍ ഈ പരീക്ഷണം ആരംഭിക്കുകയായി. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും സന്തോഷത്തോടെയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. കാരണം, അല്ലാഹു പറയുന്നു:

''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (42:49,50).

എക്കാലത്തും ഏത് സമൂഹത്തിലും ആണ്‍കുട്ടി ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് വലിയ സന്തോഷമാണ്. തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ അക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ സന്തോഷത്തോടെ പങ്കുവയ്ക്കുന്ന കാലമാണിത്. എന്നാല്‍ പിറന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ചിലരെങ്കിലും അതില്‍ നിരാശകാണിക്കുന്നവരും മറ്റുള്ളവരെ അറിയിക്കുന്നതില്‍ താല്‍പര്യക്കുറവുള്ളവരുമാണെന്നത് വാസ്തവമാണ്. പെണ്‍കുഞ്ഞ് പിറന്നാല്‍ വെറുപ്പോടെ കാണുക എന്നത് അറേബ്യയിലെ അജ്ഞാനകാലത്തെ ചിലരുടെ സ്വഭാവമായിരുന്നു.

അല്ലാഹു പറയുന്നു: ''അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക; അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!'' (16:58,59).

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഇസ്‌ലാം നല്‍കുന്ന സ്ഥാനം വളരെ വലുതാണ്. ചില നബിവചനങ്ങള്‍ കാണുക:

അനസ് ഇബ്‌നുമാലിക്(റ) നിവേദനം; നബി ﷺ പറഞ്ഞു: ''രണ്ട് പെണ്‍കുട്ടികളെ അവര്‍ക്ക് പ്രായപൂര്‍ത്തി എത്തുന്നതുവരെ ആരെങ്കിലും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്താല്‍, ഞാനും അവനും അന്ത്യനാളില്‍ ഇപ്രകാരം വരുന്നതാണ്-നബി ﷺ വിരലുകള്‍ ചേര്‍ത്തു പിടിച്ചു'' (മുസ്‌ലിം).

ആഇശ(റ) നിവേദനം, നബി ﷺ പറഞ്ഞു: ''പെണ്‍മക്കളാല്‍ പരീക്ഷിക്കപ്പെടുന്നവന്‍ (രക്ഷിതാവ്) അവരെ നല്ലനിലയില്‍ വളര്‍ത്തിയാല്‍ അവര്‍ അവന് നരകത്തില്‍നിന്ന് മറയായിത്തീരും'' (ബുഖാരി, മുസ്‌ലിം).

പെണ്‍കുട്ടികള്‍ പിറന്നാല്‍ സന്തോഷിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്; ദുഃഖിക്കുകയല്ല എന്ന് സാരം.

കുടുംബത്തിലേക്ക് ചെല്ലുമ്പോള്‍ മുഖപ്രസന്നതയുണ്ടാവുക

ബഹുഭൂരിഭാഗം വീടുകളിലും പുരുഷന്മാര്‍ ജോലിക്ക് പുറത്ത് പോവുകയും സ്ത്രീകള്‍ വീട്ടുജോലികളില്‍ വ്യാപൃതരായി ജീവിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് നമ്മുടെ നാടുകളിലൊക്കെയുള്ളത്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുക പരസ്പര സ്‌നേഹത്തിലും സഹകരണത്തിലും നല്ലപെരുമാറ്റത്തിലും കൂടിയാണ്. ഇണകള്‍ക്ക് പരസ്പരം താങ്ങും തണലുമായി മാറുവാന്‍ സാധിക്കണം. എന്നാല്‍ മിക്ക കുടുംബത്തിലും ഇതിനു നേര്‍വിപരീതമാണ് സംഭവിക്കുന്നത്.

ജോലി കഴിഞ്ഞ് ക്ഷീണിതനായി വരുന്ന ഭര്‍ത്താവും പകലന്തിയോളം വീട്ടുജോലി ചെയ്ത് തളര്‍ന്ന ഭാര്യയും! വൈകുന്നേരം ഭര്‍ത്താവ് വീട്ടിലേക്ക് വരുമ്പോള്‍ ക്ഷീണിതനായ ഭര്‍ത്താവിന് ഭാര്യയുടെ പരാതിയും പരിഭവവും കേള്‍ക്കാനുള്ള അവസ്ഥയുണ്ടായിരിക്കില്ല. ക്ഷീണിച്ചവശയായ ഭാര്യയ്ക്കാകട്ടെ ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളിലും വേണ്ടപോലെ ശ്രദ്ധിക്കാനും കഴിയില്ല. ഇത്തരം കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും വെറും സ്വപ്‌നം മാത്രമായിരിക്കും. എന്നാല്‍ ഒന്നു ശ്രമിച്ചാല്‍ ഈ അവസരത്തിലും സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും.

കുടുംബ ജീവിതത്തിന്റെ നിഖില മേഖലകളിലും ഇസ്‌ലാം കൊണ്ടുവന്നാല്‍ ജീവിതം സന്തുഷ്ടമാകും. അതില്‍പെട്ട ഒന്നാണ് ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന ഭര്‍ത്താവ് വീട്ടുജോലിയില്‍ മുഴുകി ക്ഷീണിച്ചവശയായ ഭാര്യയെ കാണുമ്പോള്‍ പ്രസന്ന വദനനായി വീട്ടില്‍ പ്രവേശിക്കുക എന്നത്. അതുപോലെ പുഞ്ചിരിയോടെ ഭാര്യ ഭര്‍ത്താവിനെയും സ്വീകരിക്കണം. എല്ലാ ക്ഷീണവും മറക്കാനും ബന്ധം സുദൃഢമാക്കാനും ഇത് വലിയൊരു ഔഷധമാണ്.

വീട്ടിലേക്ക് മുഖം കനപ്പിച്ചും കറുപ്പിച്ചും ഗൗരവത്തിലും കയറിവരുമ്പോള്‍ അതു കാണുന്ന പ്രിയതമക്ക് എന്തു സന്തോഷമാണു ലഭിക്കുക? അങ്ങനെയുള്ള ഭാവത്തില്‍ ഭര്‍ത്താവിനെ ഭാര്യ സ്വീകരിക്കുമ്പോള്‍ അയാളുടെ ക്ഷീണം വര്‍ധിക്കുകയല്ലേ ചെയ്യുക?

ആഇശ(റ) നിവേദനം: ''ഞാന്‍ നബി ﷺ യെ ഒരിക്കലും ഗൗരവത്തിലും ചെറുനാക്ക് കാണുംവിധം ചിരിക്കുന്നതായും കണ്ടിട്ടില്ല. തിരുമേനി ﷺ പുഞ്ചിരിക്കുക മാത്രമായിരുന്നു'' (ബുഖാരി).

നബി ﷺ  പറഞ്ഞു: ''ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്; നിന്റെ സഹോദരനെ പ്രസന്നവദനത്തോടെ കണ്ടുമുട്ടുന്നതു പോലും'' (മുസ്‌ലിം).

ജരീര്‍(റ) പറയുന്നു: ''കാണുമ്പോഴൊക്കെ നബി ﷺ എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുമായിരുന്നു'' (ബുഖാരി).  

അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതനെക്കാള്‍ കൂടുതല്‍ പുഞ്ചിരി തൂകുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല'' (തിര്‍മിദി).

ഈ ഹദീഥുകളില്‍നിന്നെല്ലാം വ്യക്തമാവുന്നത് പ്രവാചകന്‍ ﷺ എല്ലാവരോടും മുഖപ്രസന്നതയോടെയും പുഞ്ചിരിയോടെയുമാണ് പെരുമാറിയിരുന്നത് എന്നാണ്.  

സഹോദരനുവേണ്ടി പ്രാര്‍ഥിക്കല്‍

പ്രയാസപ്പെടുന്നവരെ സഹായിക്കുക എന്നത് മുസ്‌ലിമിന്റെ ബാധ്യതയാണ്. പ്രാര്‍ഥിക്കുന്ന വിഷയത്തില്‍പോലും ഈ പരിഗണന ആവശ്യമാണ്. ഒരു ഹദീഥ് കാണുക;

ഉമ്മുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ഒരു മുസ്‌ലിം തന്റെ സഹോദരനായ മുസ്‌ലിമിനുവേണ്ടി അവന്റെ അഭാവത്തില്‍ നടത്തുന്ന പ്രാര്‍ഥന ഉത്തരം ലഭിക്കപ്പെടുന്നതാണ്. അയാളുടെ തല ഭാഗത്ത് ഏല്‍പിക്കപ്പെട്ട ഒരു മലക്ക് ഉണ്ട്. ഏതൊക്കെ സമയത്താണോ അവന്‍ തന്റെ സഹോദരന് വേണ്ടി പ്രാര്‍ഥിക്കുന്നത് അപ്പോഴെല്ലാം ഏല്‍പിക്കപ്പെട്ട മലക്ക് ആമീന്‍ പറയും. താങ്കള്‍ക്കും പ്രാര്‍ഥിച്ചതുപോലുള്ളതുണ്ട് എന്നും പറയും'' (മുസ്‌ലിം).

അല്ലാഹുവിന്റെ സത്യവിശ്വാസികളായ അടിമകളുടെ വിശേഷണമായി അല്ലാഹു പറഞ്ഞു: ''...അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്ന''(59:10).

ഒരാള്‍ മറ്റൊരാള്‍ക്കു വേണ്ടിയും, ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടുപോയ സത്യവിശ്വാസിക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നത് അല്ലാഹുവിങ്കല്‍നിന്ന് പ്രതിഫലം ലഭിക്കുന്ന സല്‍കര്‍മമാണ്. അത് സജ്ജനങ്ങളുടെ ലക്ഷണവുമാണ്.

പ്രവാചകന്മാര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നത് വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. നൂഹ് നബി(അ) പ്രാര്‍ഥിച്ചു:

''എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ധിപ്പിക്കരുതേ'' (71:28).

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന നോക്കൂ: ''ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ'' (14:41).

ഒരുമിച്ച് തിന്നുമ്പോഴുള്ള മര്യാദ

ഈത്തപ്പഴം പോലുള്ള ഓരോന്നുവീതം പെറുക്കിയെടുത്ത് കഴിക്കുന്ന ആഹാര വസ്തുക്കള്‍ കുറെയാളുകള്‍ ഒന്നിച്ചിരുന്ന് കഴിക്കുമ്പോള്‍ കൈ കൊണ്ട് ഒരുപിടി വാരിയെടുക്കുകയും കഴിക്കുകയും ചെയ്യുന്ന രീതി ശരിയല്ല.

ജബലത്തുബ്‌നു സുഹൈമി(റ)ല്‍നിന്ന് നിവേദനം: ''ഞങ്ങള്‍ (കാരക്ക) തിന്നുകൊണ്ടിരിക്കെ ഞങ്ങളുടെ അടുക്കലൂടെ അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ) നടക്കുമായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും: 'നിങ്ങള്‍ മുക്വാറന നടത്തരുത് (കാരക്ക പോലെ പെറുക്കിയെടുത്ത് തിന്നുന്നവ ഒന്നിലധികം എണ്ണം ഒന്നിച്ചെടുക്കലാണ് മുക്വാറന). കാരണം മുക്വാറന അല്ലാഹുവിന്റെ റസൂല്‍ ﷺ വിരോധിച്ചിരിക്കുന്നു.' ശേഷം അദ്ദേഹം പറയും: 'ഒരാള്‍ തന്റെ സഹോദരനോട് അനുവാദം ചോദിച്ചാലല്ലാതെ'' (ബുഖാരി)

മുന്നിലുള്ള പാത്രത്തില്‍നിന്ന് മറ്റുള്ളവരെ പരിഗണിക്കാതെ യഥേഷ്ടം വാരിയെടുത്ത് കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കിട്ടാതിരിക്കുമല്ലോ. എന്നാല്‍ തന്റെ കൂടെയിരിക്കുന്നവര്‍ക്ക് ലഭിക്കുമോ എന്നത് പലരും പരിഗണിക്കാറില്ല. ഉള്ളത് അല്‍പമാണെങ്കിലും എല്ലാവര്‍ക്കും ലഭിക്കണം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഉറങ്ങുന്നതിനു മുമ്പ് വിരിപ്പ് മൂന്നുതവണ കുടയുക

നിലത്ത് പായ വിരിച്ചും മറ്റുമൊക്കെയായിരുന്നു പണ്ടുകാലങ്ങളില്‍ മിക്കയാളുകളും കിടന്നുറങ്ങിയിരുന്നത്. ഇന്ന് അതെല്ലാം മാറി. കിടപ്പുമുറികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ആരും പിറകിലല്ല. അത്യാധുനിക സൗകര്യങ്ങളാണ് മിക്ക വീടുകിലും ഇന്നുള്ളത്. ബെഡ്‌റൂമിലെ കിടക്കയില്‍ വിരിച്ച വിരിപ്പ് മിക്കയാളുകളും ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് മാറ്റാറുള്ളത്.

രാവിലെ വിരിപ്പില്‍നിന്നും എഴുന്നേറ്റു പുറത്തുപോന്നാല്‍ നമ്മള്‍ രാത്രി അതിലേക്ക് പ്രവേശിക്കുന്നതുവരെ എന്തെങ്കിലും ക്ഷുദ്രജീവികള്‍ അതില്‍ പ്രവേശിച്ചിട്ടുണ്ടോ എന്ന് നമുക്ക് അറിയില്ല. അതിനാല്‍തന്നെ വിരിപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്റെ വിരിപ്പ് മൂന്നുതവണ കുടയാന്‍ നബി ﷺ കല്‍പിച്ചു.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങളിലൊരാള്‍ തന്റെ വിരിപ്പണഞ്ഞാല്‍ അവന്‍ വിരിപ്പ് കുടയട്ടെ. കാരണം അതിന്മേല്‍ അവനു പിറകെ എന്താണുണ്ടായതെന്ന് അവനറിയുകയില്ല...'' (ബുഖാരി)

ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മറ്റുചില ഹദീഥുകളില്‍ 'മൂന്ന് തവണ കുടയട്ടെ' എന്നുമുണ്ട്.