ഉന്നത വിദ്യാഭ്യാസവും ദേശീയ വിദ്യാഭ്യാസ നയവും

മുഹമ്മദ് അജ്മല്‍ സി

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25

1986ന് ശേഷം പുതിയൊരു വിദ്യാഭ്യാസനയം ഇന്ത്യക്ക് ഉണ്ടായിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്; മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ വിവരസാങ്കേതിക രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ ISRO ചെയര്‍മാനായിരുന്ന കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കമ്മിറ്റി 2019ല്‍ സമര്‍പ്പിച്ച National Education Policy 2020 ഡ്രാഫ്റ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വിദ്യാഭ്യാസ വിചക്ഷണര്‍ കണ്ടത്. 484 പേജുള്ള ഡ്രാഫ്റ്റില്‍ നിന്ന് 'അഭിപ്രായങ്ങള്‍ ശേഖരിച്ച്' രൂപപ്പെടുത്തിയ, അറുപതില്‍പരം പേജുകള്‍ വരുന്ന, 2020ല്‍ കാബിനറ്റ് അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയം നിലവിലുള്ള വിദ്യാഭ്യാസ രീതികളിലും നയത്തിലും സമൂലമായ മാറ്റങ്ങള്‍ വരുത്തുന്നതാണ്. ഒരു വിദ്യാഭ്യാസ നയമെന്നത്, സമൂഹത്തില്‍ ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതാണ്- പ്രത്യേകിച്ച് ഇന്ത്യ പോലൊരു ബൃഹത്തായ രാജ്യത്ത്. അതിനാല്‍തന്നെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പോലും ചര്‍ച്ചക്ക് വെക്കാതെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ തീരുമാനിക്കുക എന്നത് ജനാധിപത്യ വിരുദ്ധമായ ഒന്നാണ്. ഭാവി ഇന്ത്യയെ നിര്‍വചിക്കാന്‍ പ്രാപ്തമായ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. ഉന്നത വിദ്യഭാസ രംഗത്ത് NEP 2020 വിഭാവനം ചെയ്യുന്ന മാറ്റങ്ങളും അവയുടെ പ്രായോഗികതയും ഗുണദോഷങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍

ഉന്നത വിദ്യാഭ്യാസരംഗത്ത് NEP 2020 നിര്‍ദേശിക്കുന്ന പ്രധാന മാറ്റങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം:

1. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമൂലമായ മാറ്റമാണ് NEP വിഭാവനം ചെയ്യുന്നത്. 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്‌ലിയേറ്റെഡ് കോളേജുകള്‍ എന്ന വ്യവസ്ഥ ഇല്ലാതെയാവും. ഓട്ടോണമസ് ഡിഗ്രി ഗ്രാന്റിംഗ് കോളേജുകള്‍, ടീച്ചിംഗ് യൂണിവേഴ്‌സിറ്റികള്‍, റിസേര്‍ച്ച് യൂണിവേഴ്‌സിറ്റികള്‍ എന്നിവ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

ഇത്തരം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏതെങ്കിലും ഒരു വിഷയം പഠിപ്പിക്കുന്നവയായിരിക്കില്ല, മറിച്ച് മള്‍ട്ടി ഡിസിപ്ലിനറി ആയിരിക്കും. ഓരോ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിലും ഏറ്റവും കുറഞ്ഞത് 3000 വിദ്യാര്‍ഥികളെങ്കിലും ഉണ്ടായിരിക്കും. 2030 ഓടെ ഓരോ ജില്ലയിലും ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രമെങ്കിലും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ അനുപാതം (Gross Enrollment Ratio) 26.3%ല്‍ 50% ആയെങ്കിലും ഉയര്‍ത്തും.

2. വിവിധ വിഷയങ്ങള്‍ സമന്വയിപ്പിച്ചായിരിക്കും കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യുക. STEM (Science, Technology, Engineering and Mathematics) വിഷയങ്ങളും സാമൂഹിക ശാസ്ത്രവിഷയങ്ങളും സംയോജിപ്പിക്കുക വഴി പ്രാപ്തമായ വ്യക്തികളെ വാര്‍ത്തെടുക്കും. ജീവിതായോധന കലകളും ഭരണഘടനാമൂല്യങ്ങളും ശാസ്ത്രബോധവും, അഹിംസ മുതലായ മൂല്യങ്ങളും ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും.

3. നാലുവര്‍ഷം നീണ്ടുനില്‍ക്കുന്ന ബിരുദ കോഴ്‌സുകള്‍ തുടങ്ങും. പാതിവഴിയില്‍ പല കാരണങ്ങളാല്‍ കോഴ്‌സ് ഉപേക്ഷിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ നല്‍കും. വിവിധ സ്ഥാനങ്ങളില്‍നിന്ന് വിവിധ വിഷയങ്ങളില്‍ നേടുന്ന അക്കാദമിക്ക് ക്രെഡിറ്റുകള്‍ ഡിജിറ്റല്‍ ആയി സൂക്ഷിക്കും. നാലുവര്‍ഷ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് "Degree With Research'' നല്‍കും. അവര്‍ക്ക് ഒരു വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ഉണ്ടായിരിക്കും, അല്ലെങ്കില്‍ നേരിട്ട് പി.എച്ച്.ഡി പ്രവേശനം ലഭിക്കും. M.Phil കോഴ്‌സ് ഇനി മുതല്‍ ഉണ്ടായിരിക്കില്ല.

4. ഗവേഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനും വ്യാപിപ്പിക്കാനും National Research Foundation സ്ഥാപിക്കും. എല്ലാ വിഷയങ്ങളിലുമുള്ള അര്‍ഹമായ ഗവേഷണങ്ങളെ NRF സാമ്പത്തികമായി സഹായിക്കും. ഗവണ്‍മെന്റ് തലങ്ങളിലും ഇന്‍ഡസ്ട്രിയിലും ആവശ്യമായ ഗവേഷണ വിഷയങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടും.

5. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിയന്ത്രണം, അംഗീകാരം, മൂലധന വിനിമയം, അക്കാദമിക നിലവാരം ഉറപ്പാക്കല്‍ എന്നിവയ്ക്കായി നാല് പ്രത്യേക ബോഡികള്‍ സ്ഥാപിക്കും. ഇവയെല്ലാം Higher Education Commission of India (HECI) എന്ന ഒരു കുടക്കീഴില്‍ കൊണ്ടുവരും.

6. ലോകത്തിലെ മികച്ച 100 വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുടങ്ങാന്‍ ആവശ്യമായ നിയമനിര്‍മാണം കൊണ്ടുവരും. സ്റ്റുഡന്റ്/ ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് നടപ്പിലാക്കും.

മേല്‍ നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസ രംഗം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടെ വലിയൊരു ഉടച്ചുവാര്‍ക്കലിന് വിധേയമാകുന്നു എന്ന് കാണാന്‍ സാധിക്കും. പല മാറ്റങ്ങളും കാലാനുസൃതവും ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ ആഗോള നിലവാരത്തിലെത്തിക്കുന്നതുമാണ് എന്ന് നമുക്ക് കാണാം. കാലങ്ങളായുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് ഇവിടെ പരിഗണിക്കപ്പെട്ടത്.

മള്‍ട്ടി ഡിസിപ്ലനറി കോഴ്‌സുകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ശാസ്ത്ര രംഗത്ത് ബിരുദം നേടുന്ന ഒരാള്‍ ലിബറല്‍ ആര്‍ട്‌സില്‍ ഏതെങ്കിലും ഒന്ന് പഠിക്കാന്‍ സമയം ചെലവഴിക്കുക, അത്തരത്തിലൊരു പാഠ്യപദ്ധതി ഉണ്ടാവുക എന്നത് വിദ്യാര്‍ഥികളുടെ പ്രതിഭാശേഷി വര്‍ധിപ്പിക്കാനുതകുന്ന നിര്‍ദേശമാണ്. ഐ.ഐ.ടി പോലെയുള്ള സ്ഥാപനങ്ങളില്‍ ചെറിയതോതിലെങ്കിലും ഇവ ഇപ്പോഴേ നടക്കുന്നുണ്ട്. അതു പോലെ ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തെ പഠനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റോ ഡിപ്ലോമയോ നല്‍കുക എന്നതും സ്വാഗതാര്‍ഹം തന്നെ. പലകാരണങ്ങളാല്‍ തങ്ങള്‍ക്കിഷ്ടപ്പെടാത്ത, അഭിരുചിയില്ലാത്ത വിഷയങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിതരായി എന്ന് മനസ്സിലാക്കുന്നവര്‍ക്ക് നല്ലൊരു എക്‌സിറ്റ് ഓപ്ഷന്‍ നല്‍കുക എന്നത് ആവശ്യമാണ്. ഓണ്‍ലൈന്‍ വഴിയോ വിദൂര വിദ്യാഭ്യാസം വഴിയോ നേടുന്ന അക്കാദമിക്ക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി സൂക്ഷിക്കുക എന്നത് കുട്ടികളുടെ പഠനത്തിന് മൂല്യം വര്‍ധിപ്പിക്കുന്ന നിര്‍ദേശമാണ്. നാലുവര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ ആഗോള മാനദണ്ഡങ്ങളുമായി യോജിച്ച് പോകുന്നു. ഡിഗ്രി ബൈ റിസര്‍ച്ച് എന്നതും വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായ തീരുമാനം തന്നെ.

ഇത്തരം പല നല്ല നിര്‍ദേശങ്ങളെയും സ്വാഗതം ചെയ്യുമ്പോഴും പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ പ്രായോഗികതയും അതിന്റെ രാഷ്ട്രീയവും ഉദ്ദേശ്യ ശുദ്ധിയും കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം! ഉദാഹരണത്തിന്; വിദേശത്തെ മികച്ച 100 സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുടങ്ങാം എന്നത് ഒറ്റ നോട്ടത്തില്‍ വളരെ പോസിറ്റിവ് ആയി വിലയിരുത്തപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളില്‍ വലിയ അവസരങ്ങള്‍ മികച്ച സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകും. എന്നാല്‍ ഇവ എത്രത്തോളം സാധാരണക്കാരന് പ്രാപ്യമാകും എന്നത് വലിയൊരു ചോദ്യമാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ഓരോ നിര്‍ദേശത്തിലേക്കും ആഴത്തില്‍ ഇറങ്ങിയാല്‍ ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും. GDPയുടെ 6% വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശം പുതിയതല്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം പോലും GDPയുടെ 3.1 ശതമാനം മാത്രമാണ് ഇന്ത്യ വിദ്യാഭ്യാസ രംഗത്ത് ചെലവഴിച്ചത്! ലോക രാഷ്ട്രങ്ങളെയെടുത്താല്‍ ഏറെ പിന്നിലാണ് (143ാം സ്ഥാനത്ത്) ഇക്കാര്യത്തില്‍ ഇന്ത്യ.

വിദ്യാഭ്യാസ രംഗത്ത് വളരെ കുറച്ചുമാത്രം ചെലവഴിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പരിഗണിക്കുമ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശങ്ങള്‍ അപ്പടി നടപ്പിലാക്കുകയാണെങ്കില്‍ നെഹ്‌റുവും മൗലാനാ ആസാദും വിഭാവനം ചെയ്ത ഇന്ത്യന്‍ പൊതു വിദ്യാഭ്യാസ നയങ്ങളുടെ മരണമണിയാകും അത് എന്നതില്‍ സംശയമില്ല. അഫ്‌ലിയേറ്റഡ് കോളേജുകള്‍ 15 വര്‍ഷത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റികളോ ഓട്ടോണമസ് സ്ഥാപനങ്ങളോ ആവണമെങ്കില്‍ വലിയ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം ആവശ്യമാണ്. അതോടൊപ്പം ഓരോ സ്ഥാപനത്തിലും വിവിധ വിഷയങ്ങള്‍ പഠിപ്പിക്കണം എന്ന നിര്‍ദേശം കൂടി കണക്കിലെടുക്കുമ്പോള്‍ വലിയൊരു മൂലധന സ്വരൂപണം തന്നെ ഈ വിഷയത്തില്‍ വേണ്ടി വരും. എന്നാല്‍ നമുക്ക് ഇപ്പോഴുള്ള ഏറ്റവും മികച്ച ഉന്നത കലാശാലകളെവരെ സര്‍ക്കാര്‍ തഴയുന്നത് നാം ഓരോ വര്‍ഷവും കാണുന്നതാണ്.

ഈ സാമ്പത്തിക വര്‍ഷം 3000 കോടി രൂപ വിദ്യാഭ്യാസ രംഗത്തുനിന്ന് വെട്ടിമാറ്റിയ ഇതേസര്‍ക്കാരാണ് 1.45 ലക്ഷം കോടി രൂപ കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവായി നല്‍കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ IITകളിലെ ഫീസ് നാലിരട്ടിയായാണ് കൂട്ടിയത്. ജെ.എന്‍.യുവിലെ ഫീസ് വര്‍ധന സൃഷ്ടിച്ച സമരമുഖങ്ങള്‍ നാം കണ്ടറിഞ്ഞതാണ്. UGCയില്‍ നിന്നുള്ള ഫണ്ടുകളുടെ വരവ് കുറഞ്ഞിരിക്കുന്നു എന്ന് ഏവരും പരാതിപ്പെടുന്നു. ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, കേന്ദ്രസര്‍വകലാശാലകള്‍ എന്നിവക്ക് സര്‍ക്കാര്‍ നല്‍കുന്ന അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഗ്രാന്റുകള്‍ 2018-19 ബഡ്ജറ്റില്‍ എടുത്തു കളയുകയും പകരം അടിസ്ഥാന സൗകര്യവികസനത്തിനായി കടം നല്‍കാന്‍ കനറാ ബാങ്കുമായി ചേര്‍ന്ന് HEFA (Higher Education Financing Agency) എന്ന ഏജന്‍സിക്ക് രൂപം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ എടുക്കുന്ന ലോണുകള്‍ക്ക് തിരിച്ചടവ് സാധ്യമാവുന്നത് എങ്ങനെയാണ്? ഐ.ഐ.ടി മദ്രാസ് പോലെയുള്ള ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ പോലും മൂലധനം സ്വരൂപിക്കാന്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങികഴിഞ്ഞു.

അതിനാല്‍തന്നെ ഓട്ടോണമസ് കോളേജുകളോ സര്‍വകലാശാലകളോ ആവാതെ അഫ്‌ലിയേറ്റഡ് കോളേജുകള്‍ക്ക് നിലനില്‍പ്പില്ല എന്ന് വരുമ്പോള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിച്ചില്ലെങ്കില്‍ പല മാതൃകാ സ്ഥാപനങ്ങളും അകാല ചരമമടയുമെന്ന് സാരം. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ പൂര്‍ണമായ സ്വകാര്യവത്കരണമാവും ഇതിലൂടെ സംഭവിക്കുക. ഇതോടെ പണമുള്ളവന് മാത്രം പഠിക്കാം എന്ന അവസ്ഥ സംജാതമാവും. സ്വതന്ത്ര്യാനന്തര ഭാരതത്തിന്റെ ലോകത്തിനുള്ള ഏറ്റവും വലിയ സംഭാവനയായ ബൗദ്ധിക സ്വത്തിന്റെ നശീകരണമാവും ഇതിലൂടെ നടക്കുക- അല്ലെങ്കില്‍ അടുത്ത ബഡ്ജറ്റിലെങ്കിലും പൊതു വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക മാറ്റിവെച്ച് തങ്ങളുടെ ഉദ്ദേശശുദ്ധി തെളിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. എന്നാല്‍ 2014-18ല്‍ നിന്ന് 2020-21ല്‍ എത്തുമ്പോള്‍ GDPയുടെ 4.14% വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്നതില്‍ നിന്ന് 3.1%ല്‍ എത്തുന്ന ദുരവസ്ഥ ഒട്ടും ആശാവഹമല്ല.

1986ലെ ദേശീയ വിദ്യാഭ്യാസ നയം പരിശോധിക്കുമ്പോള്‍ ''ന്യൂനപക്ഷ വിദ്യാഭ്യാസം'' എന്ന പ്രത്യേക അധ്യായം തന്നെ നമുക്ക് കാണാം. എന്നാല്‍ 2020ല്‍ എത്തുമ്പോള്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ പരിഗണിക്കും എന്നതല്ലാതെ അതിന് കൃത്യമായൊരു മാര്‍ഗ രേഖ മുന്നില്‍ വെക്കുന്നില്ല. ഭരണഘടന ആര്‍ട്ടിക്കിള്‍ 29-30ലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് വകവെച്ച് തരുന്ന അവകാശങ്ങളെ പരാമര്‍ശിക്കുന്നില്ല എന്ന് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പുതിയ അക്രഡിറ്റേഷന്‍ വ്യവസ്ഥകള്‍ ന്യുനപക്ഷ സ്ഥാപനങ്ങളെ വേരോടെ പിഴുതെറിയാനാണ് സാധ്യത കൂടുതല്‍. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ആണ് എന്നിരിക്കെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് എന്താണ് പങ്ക് എന്ന ചോദ്യവും പ്രസക്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ നിലക്കുള്ള നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ കൊണ്ട് വരുന്നത് ഭരണഘടന മുന്നോട്ട് വെക്കുന്ന ഫെഡറല്‍ വ്യവസ്ഥക്ക് വിരുദ്ധമാണ് എന്നതില്‍ സംശയമേതുമില്ല.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പറയുന്നത് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി ഉറപ്പാക്കേണ്ടതുണ്ട്, അവസരങ്ങളിലും സ്ഥാനങ്ങളിലും സമത്വം സൃഷ്ടിക്കേണ്ടതുണ്ട് എന്നതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഈ അടിസ്ഥാന ശിലകളോട് യോജിക്കുന്നില്ല എന്നത് തന്നെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ഏറ്റവും പ്രശ്‌നവത്കരിക്കുന്നതും. കാലോചിതമായ മാറ്റങ്ങളെ സ്വാഗതം ചെയ്യുമ്പോഴും ആമാറ്റത്തിന്റെ ഗുണഫലങ്ങള്‍ സമൂഹം അനുഭവിക്കണമെങ്കില്‍ അവ ഏവര്‍ക്കും പ്രാപ്യമാകുന്നതും തുല്യ അവസരങ്ങള്‍ നല്‍കുന്നതുമാവണം. അല്ലാത്ത പക്ഷം ജാതി വ്യവസ്ഥ സൃഷ്ടിച്ചെടുത്ത വിഭജനം പോലെ വിദ്യാഭ്യാസ നയങ്ങളും നമ്മെ വിഭജിച്ചേക്കാം!