സ്ത്രീയും സ്വാതന്ത്ര്യവും

നദ നസീര്‍ എസ്. കെ, കരുവാരകുണ്ട്

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

എന്താണ് സ്വാതന്ത്ര്യം? എന്തിനാണ് സ്വാതന്ത്ര്യം? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിവില്ലാത്തവരാണ് ഇന്ന് ഇസ്‌ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലേ എന്ന് അലമുറയിടുന്നത്!

1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഏറെ കാലത്തെ കഠിന പരിശ്രമങ്ങള്‍ക്ക് ശേഷം ഓരോ ഇന്ത്യന്‍ പൗരനും സ്വാതന്ത്ര്യം അനുഭവിച്ചുതുടങ്ങി. വാസ്തവത്തില്‍ എന്തൊക്കെയാണ് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം? സ്വാതന്ത്ര്യത്തിന് നിയമവ്യവസ്ഥകള്‍ ഇല്ലേ?

ഓരോ ഇന്ത്യന്‍ പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാം. ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരാം. ജോലി തിരഞ്ഞെടുക്കാം. ഇതൊക്കെ വ്യക്തിസ്വാതന്ത്ര്യമായി അംഗീകരിക്കപ്പെട്ടതാണ്.

എന്നാല്‍ ഈ സ്വതന്ത്രരാജ്യത്തെ ഭരണഘടനയില്‍തന്നെ പൗരന്മാര്‍ എന്താക്കെ ചെയ്തുകൂടാ എന്നും പറയുന്നുണ്ട്. അതിനര്‍ഥം ഇന്ത്യ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ല എന്നാണോ? ഒരിക്കലുമുല്ല. കാരണം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനും ദോഷകരമായിത്തീരുന്ന കാര്യങ്ങള്‍ക്കാണ്. ഇതെല്ലാം അംഗീകരിച്ചു ജീവിക്കുക എന്നത് പൗരന്മാരുടെ കടമയാണ്.

സ്വാതന്ത്ര്യം നേടിത്തന്നവരെയും നമ്മള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയും ലോകത്തെയും എന്നല്ല പ്രപഞ്ചത്തെ തന്നെയും സൃഷ്ടിച്ച സര്‍വലോകരക്ഷിതാവ് നമുക്ക് സ്വാതന്ത്ര്യം നിഷേധിക്കുമോ? അവന്‍ നല്‍കിയ സ്വാതന്ത്ര്യത്തിനുള്ളിലെ നിയമനിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരല്ലേ! അത് മനുഷ്യനിര്‍മിതങ്ങളായ നിയമവ്യവസ്ഥിതികളെക്കാള്‍ മഹത്ത്വമുള്ളതും പ്രായോഗികവുമല്ലേ? ആ രക്ഷിതാവ് ചില വിലക്കുകള്‍ ഏര്‍പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അടിമത്തമാണെന്നും സ്വാതന്ത്ര്യം ഹനിക്കലാണെന്നും പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഇസ്‌ലാം സ്ത്രീയെ അവഗണിക്കുന്നു, അടിച്ചമര്‍ത്തുന്നു, അവളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നൊക്കെ നിലവിളിക്കുന്നവര്‍ക്ക് പറയാന്‍ കഴിയുമോ,  ഇസ്‌ലാം മഹിളകള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യവും ആദരവും പവിത്രതയും അവകാശങ്ങളും ഏത് മതമാണ് അവള്‍ക്ക് നല്‍കിയിട്ടുള്ളത് എന്ന്? സാധ്യമല്ല! പിന്നെ എങ്ങനെ ഇസ്‌ലാം സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന മതമാവും?

മുഹമ്മദ് നബി ﷺ ക്കു മുമ്പ് വിവിധ സംസ്‌കാരങ്ങളും രാജ്യങ്ങളും സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സ്ഥാനമെന്തെന്നും അവളോട് പെരുമാറിയിരുന്നത് എങ്ങനെയായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് ഇസ്‌ലാം നല്‍കിയ അവകാശങ്ങളും ആദരവും മഹത്ത്വവും നമുക്ക് ബോധ്യമാവുക. ഇരുട്ട് എന്താണെന്ന് അറിയുന്നവര്‍ക്കേ വെളിച്ചത്തിന്റെ പ്രസക്തിയറിയൂ.

ഗ്രീക്കുകാര്‍ അവളെ വിഷവൃക്ഷമെന്ന് വിളിച്ചു. പിശാചിന്റെ കുതന്ത്രമാണ് സ്ത്രീയെന്നും അവള്‍ കേവലം ഒരു കച്ചവടച്ചരക്കാണെന്നും ഗണിച്ചുപോന്നു. റോമക്കാര്‍ അവള്‍ക്ക് ആത്മാവില്ലെന്ന് പറയുകയും ഭര്‍ത്താവിന് ഭാര്യയെ കൊല്ലാന്‍ അവകാശം നല്‍കുകയും ചെയ്തു. ചൈനക്കാര്‍ക്ക് അവളൊരു ദൗര്‍ഭാഗ്യത്തിന്റെ അടയാളമായിരുന്നു. അവിടെ പുരുഷ്യന് ഭാര്യയെ ജീവനോടെ കുഴിച്ചുമൂടാനുള്ള അവകാശം പോലും ഉണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുന്ന ദുരാചാരം നമ്മുടെ ഇന്ത്യയില്‍ നിലനിന്നിരുന്നു. ക്രിസ്താബ്ദം 556ല്‍ പോലും സ്ത്രീയെ മനുഷ്യനായി പരിഗണിക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ ഫ്രാന്‍സില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പ്രവാചക നിയോഗമനത്തിനു മുമ്പ് അറേബ്യയില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചിടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു.

ഇത്തരത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട മഹിളകള്‍ക്ക് അവകാശങ്ങളും ആദരവും നല്‍കി, അഭിമാനബോധം പകര്‍ന്നു നല്‍കി, മാനവികതയുടെ ലോകത്തേക്ക് അവളെ കൈപിടിച്ചുയര്‍ത്തിയത് ഇസ്‌ലാമാണ്. മാനവ ചരിത്രം വസ്തുനിഷ്ഠമായി, മുന്‍വിധിയില്ലാതെ പഠിക്കുന്ന ആര്‍ക്കും ഇക്കാര്യം സുതരാം ബോധ്യപ്പെടും.

മാതാവിനോടുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് എടുത്തുപറഞ്ഞതും ഭര്‍ത്താവില്‍നിന്നും 'സുദൃഢമായ കരാര്‍' വാങ്ങിയവരാണ് ഭാര്യമാര്‍, അവരോട് മാന്യമായി പെരുമാറണമെന്നു  പറഞ്ഞതും ഇസ്‌ലാമാണ്.

ഇണയെ തെരഞ്ഞെടുക്കുന്നതില്‍ ഇസ്‌ലാം പെണ്ണിന് സ്വാതന്ത്ര്യം നല്‍കി അവളുടെ വ്യക്തിത്വത്തെ അംഗീകരിച്ചു. വിദ്യ അഭ്യസിക്കാന്‍ പ്രേരിപ്പിച്ചും ആരാധനാസ്വാതന്ത്ര്യം വകവച്ചുകൊടുത്തും ആത്മീയമായ അവകാശങ്ങള്‍ പുരുഷന്മാര്‍ക്കു മാത്രമല്ലെന്ന് ഇസ്‌ലാം വ്യക്തമാക്കി. സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കാതിരുന്ന കാലഘട്ടത്തില്‍ ഇസ്‌ലാം അത് അനുവദിച്ചുകൊടുത്തു, സാമ്പത്തിക അവകാശം നല്‍കി. വിവാഹമോചനത്തിനുള്ള അനുവാദം നല്‍കി... എന്നിട്ടും സ്ത്രീപക്ഷവാദികള്‍ ഇസ്‌ലാം സ്ത്രീകള്‍ക്കെതിരാണെന്ന് വിലപിച്ചുകൊണ്ടിരിക്കുന്നു! അവളെ ഇസ്‌ലാം പര്‍ദയ്ക്കുള്ളില്‍ തളച്ചിടുന്നു എന്ന് സങ്കടപ്പെടുന്നു.

ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിച്ചു എന്ന് പറയുക എപ്പോഴാണ്? എന്താണ് അതിന്റെ മാനദണ്ഡം?

കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ അടുത്തേക്ക് തീയിന്റെ അപകടമറിയാത്ത കുട്ടി ആകാംക്ഷയോടെ ചെല്ലുന്നു. ഇതു കാണുന്നയാള്‍ അത് കുട്ടിയുടെ സ്വാതന്ത്ര്യമല്ലേ എന്ന് ചിന്തിച്ചു ആരെങ്കിലും മാറിനില്‍ക്കുമോ. ബുദ്ധിയുള്ളവര്‍ ചെയ്യില്ല. തീയില്‍ സ്പര്‍ശിച്ചാല്‍ പൊള്ളലേല്‍ക്കുമെന്ന് കുട്ടിക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞുകൊടുത്ത് പിന്തിരിപ്പിക്കും. പറയുന്നത് മനസ്സിലാക്കാന്‍ കഴിയാത്ത പിഞ്ചുകുഞ്ഞാണെങ്കില്‍ പിടിച്ചുമാറ്റുകയോ മെഴുകുതിരി കുഞ്ഞിന് എത്താത്ത സ്ഥലത്ത് വെക്കുകയോ ചയ്യും. ഇതാണ് ഇസ്‌ലാമിന്റെ തിന്മകളോടുള്ള നിലപാട്. അതിന്റെ അപകടം ഇസ്‌ലാം വ്യക്തമാക്കിക്കൊടുക്കുന്നു. അതിലേക്ക് അടുക്കരുത് എന്ന് പറയുന്നു. എന്നാല്‍ അതിനെ സ്വാതന്ത്ര്യനിഷേധമായി ഇക്കൂട്ടര്‍ കണക്കാക്കുന്നു.

സത്രീയെ ഇസ്‌ലാം പര്‍ദക്കുള്ളില്‍ ഒതുക്കി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരാക്കി മാറ്റി എന്ന് മുറവിളികൂട്ടുന്നവര്‍ വിവേകപൂര്‍വം ചിന്തിക്കുക. പര്‍ദയില്‍ അവള്‍ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടവളല്ല, മറിച്ച് അതിനുള്ളില്‍ അവള്‍ സുരക്ഷിതയാണ്. അതിനുള്ളില്‍ അവള്‍ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. തന്റെ ശരീരം വില്‍പനച്ചരക്കല്ലെന്നും ആളുകളുടെ കണ്ണുകള്‍ക്ക് കൊത്തിവലിക്കാനുള്ള മാംസമല്ലെന്നും തിരിച്ചറിയുന്നവളാണ് മുസ്‌ലിം സ്ത്രീ. അവളുടെ വസ്ത്രധാരണ രീതി ആദരവിന്റെതാണ്. പെണ്ണുടലില്‍ കച്ചവടസാധ്യതകള്‍ കാണുന്നവര്‍ക്ക് മുസ്‌ലിം പെണ്ണിന്റെ വസ്ത്രത്തോട് അലര്‍ജിയുണ്ടാവുക സ്വാഭാവികം.

നാമമാത്ര വസ്ത്രം ധരിച്ച് ചാഞ്ഞും ചരിഞ്ഞുമുള്ള ഫോട്ടോകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വിളമ്പി കാമാര്‍ത്തരുടെ വിശപ്പകറ്റുന്ന, അതുവഴി ലൈക്കുകളും കമന്റുകളും ഷെയറുകളും സമ്പാദിച്ച് പുരോഗമനക്കാരികളായി വിലസുന്ന സഹോദരിമാര്‍ അറിയുക, ഇത് പുരോഗമനമല്ല, അധോഗതിയാണ്. പുരാതനകാലത്തുള്ളവരായിരുന്നു ഇതുപോലെ നാമമാത്ര വസ്ത്രം ധരിച്ചിരുന്നവര്‍. ചതിയുടെ പടുകുഴിയില്‍ വീണ് നിങ്ങള്‍ വിലപിക്കുമ്പോള്‍ സ്വതന്ത്ര ചിന്തകരമായ സൈബര്‍ ആങ്ങളമാര്‍ നിങ്ങളുടെ കൂടെയുണ്ടാകില്ല.

അതിരുകളില്ലാതെ തോന്നിയതെന്തും ചെയ്യാനുള്ള അവകാശമല്ല യഥാര്‍ഥ സ്വാതന്ത്ര്യം എന്ന് തിരിച്ചറിയുക. അങ്ങനെയൊരു സ്വാതന്ത്ര്യം ലോകത്തുള്ള മുഴുവനാളുകള്‍ക്കും ലഭിച്ചാല്‍ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ?!