ആരാണ് ഏറ്റവും നല്ലവന്‍?

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23

(ഭാഗം 3)

5. നന്മ പ്രതീക്ഷിക്കപ്പെടാവുന്നവനും നിര്‍ഭയത്വം നല്‍കുന്നവനും

അബൂഹുറയ്‌റ(റ)നിവേദനം; നബി ﷺ പറഞ്ഞു: ''...നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നന്മ പ്രതീക്ഷിക്കപ്പെടാവുന്നവനും തിന്മയില്‍ നിര്‍ഭയത്വം നല്‍കുന്നവനുമാണ്'' (തിര്‍മിദി).

മുഹമ്മദ് നബി ﷺ യെയും അവിടുത്തെ അനുയായികളെയും വര്‍ഷങ്ങളോളം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചവര്‍ക്ക് മക്കാവിജയനാളില്‍ പ്രവാചകന്‍ ﷺ മാപ്പുനല്‍കിയത് ചരിത്ര പ്രസിദ്ധമാണ്.

കഅ്ബയുടെ സമീപത്തുനിന്നുകൊണ്ട് നബി ﷺ നടത്തിയ പ്രഭാഷണം ഇപ്രകാരമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്:

''അല്ലയോ ജനങ്ങളേ, ജാഹിലിയ്യ കാലഘട്ടത്തിലെ എല്ലാ ദുസ്സ്വഭാവങ്ങളും അല്ലാഹു നിങ്ങളില്‍ നിന്നും നീക്കിക്കളഞ്ഞിരിക്കുന്നു. ആളുകള്‍ രണ്ടുതരമാണ്. നന്മ ചെയ്യുന്നവനും ധര്‍മനിഷ്ഠ(തക്വ്‌വ)യുള്ളവനും അല്ലാഹുവിന്റെ അടുക്കല്‍ മാന്യനുമായവന്‍. ദുസ്സ്വഭാവിയും ദൗര്‍ഭാഗ്യവാനും അല്ലാഹുവിന്റെ അടുക്കല്‍ മോശക്കാരനുമായിട്ടുള്ളവന്‍. എല്ലാ ജനങ്ങളും ആദമിന്റെ മക്കളാണ്. മണ്ണില്‍ നിന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്. അല്ലാഹു പറഞ്ഞിരിക്കുന്നു: 'ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു(49:13)'' (തിര്‍മിദി).

ഇന്ന് നിങ്ങളുടെമേല്‍ പ്രതികാര നടപടികള്‍ ഒന്നുമില്ല എന്നു പറഞ്ഞ് നബി ﷺ എല്ലാവര്‍ക്കും മാപ്പ് കൊടുത്തു.

പ്രവാചകനി ﷺ ലെ നന്മ അവിടുത്തെ ശത്രുക്കള്‍പോലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒരു സംഭവം കാണുക:

ഒരാള്‍ തന്റെ സ്‌നേഹിതനെ അന്വേഷിച്ചു വന്നു. വീടിന്റെ വാതിലിനുമുട്ടി. കൂട്ടുകാരനെ കണ്ട സ്‌നേഹിതന്‍: 'ഇതെന്തുതോന്നി ഇങ്ങോട്ടൊന്നു വരാന്‍?' ആഗതന്‍: 'ഒരു നാനൂറു ദിര്‍ഹമിന്റെ അത്യാവശ്യമുണ്ട്.' അദ്ദേഹം സ്‌നേഹിതന് ആവശ്യമുള്ള പണം കൊടുത്ത് യാത്രയാക്കി. എന്നിട്ട് വീടിന്റെ അകത്തിരുന്ന് കരയാന്‍ തുടങ്ങി. അതുകണ്ട് ഭാര്യ ചോദിച്ചു: 'ഇത്ര വിഷമമാണെങ്കില്‍ പിന്നെ എന്തിന് താങ്കള്‍ ആ പണം കൊടുത്തു?' ഭര്‍ത്താവ്: 'പണം കൊടുത്തതിന്നല്ല, അദ്ദേഹം ഇങ്ങോട്ട് വരുന്നതിനു മുമ്പ് അങ്ങോട്ട് ചെന്ന് ആവശ്യങ്ങള്‍ അന്വേഷിച്ചറിഞ്ഞില്ലല്ലോ എന്ന ഖേദം കൊണ്ടാണ് ഞാന്‍ കരയുന്നത്' (ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്, ഉത്‌റുക് അഥറന്‍ ക്വബ്‌ലര്‍റഹീല്‍).

വിശ്വാസിയില്‍നിന്നുള്ള നന്മകള്‍ അടിച്ചുവീശുന്ന കാറ്റിനെപ്പോലെ എല്ലായിടങ്ങളിലും എത്തും. അത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ പ്രയോജനപ്രദമാകും. ഒരു ഉദാഹരണം കാണുക:

അബൂഹുറയ്‌റ(റ) നിവേദനം; തീര്‍ച്ചയായും നബി ﷺ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''ഒരു മനുഷ്യന് യാത്രക്കിടയില്‍ കഠിനമായ ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ചു വലഞ്ഞ അദ്ദേഹം ഒരു കിണറു കണ്ടെത്തി. അതിലിറങ്ങി വെള്ളം കുടിച്ചു തന്റെ ക്ഷീണം മാറ്റി. പുറത്തേക്ക് കയറിവന്നപ്പോള്‍ നാവുനീട്ടി നില്‍ക്കുന്ന ഒരു നായ! ദാഹിച്ചു പരവശനായി അത് നിലത്ത് മണ്ണ് നക്കുന്നു. തന്നെപ്പോലെ ഈ നായയും ദാഹിച്ചു വിഷമിക്കുകയാണല്ലോ. അയാള്‍ക്ക് അതിനോട് അനുകമ്പ തോന്നി. വീണ്ടും കിണറ്റില്‍ ഇറങ്ങി തന്റെ പാദരക്ഷയില്‍ വെള്ളംകോരി അത് ചുണ്ടുകൊണ്ട് കടിച്ചുപിടിച്ചു കരുതലോടെ പുറത്തേക്കെത്തിച്ചു. നായയുടെ മുന്നില്‍ അത് വെച്ചുകൊടുത്തു. ദാഹിച്ചുവലഞ്ഞ നായ ആര്‍ത്തിയോടെ ആ ജലം മുഴുവന്‍ കുടിച്ചുതീര്‍ത്തു. ഉന്മേഷം വീണ്ടെടുത്ത് അത് അതിന്റെ വഴിക്ക് പോയി. തന്റെ സൃഷ്ടിയോട് കരുണ കാണിച്ച ആ മനുഷ്യനുള്ള നന്ദിയായി അല്ലാഹു അയാളുടെ പാപങ്ങളെല്ലാം പൊറുത്തുകൊടുത്തു.'' സ്വഹാബികള്‍ ചോദിച്ചു: ''അല്ലയോ പ്രവാചകരേ, ഈ മൃഗങ്ങളുടെ കാര്യത്തിലും നമുക്ക് പുണ്യമുണ്ടോ?'' അവിടുന്ന് പറഞ്ഞു: ''പച്ചക്കരളുള്ള എല്ലാത്തിലും നമുക്ക് പുണ്യമുണ്ട്'' (ബുഖാരി).

തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നന്മകള്‍ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാതിരുന്നാല്‍ അതിന്റെ പേരില്‍ നാളെ സ്രഷ്ടാവിന്റെ വിചാരണ നേരിടേണ്ടിവരുമെന്ന് ഭയപ്പെട്ട് ജീവിച്ചവരായിരുന്നു പ്രവാചകാനുചരന്മാര്‍.

ഖലീഫ ഉമര്‍(റ) പറഞ്ഞു: 'ഒരു ആട്ടിന്‍കുട്ടിയെങ്ങാനും യൂഫ്രട്ടീസിന്റെ തീരത്ത് വിശന്നുമരിക്കാന്‍ ഇടവന്നാല്‍ അതിന്റെ പേരില്‍ ഉമര്‍ വിചാരണ ചെയ്യപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.'

രാത്രിയില്‍ ഉമര്‍(റ) ഒരു വീട്ടില്‍ കയറിയിറങ്ങുന്നത് ത്വല്‍ഹ(റ)യുടെ ശ്രദ്ധയില്‍പെട്ടു. നേരം പുലര്‍ന്നപ്പോള്‍ എന്താണ് ആ വീട്ടിലെ വിശേഷമെന്നറിയാന്‍ ത്വല്‍ഹ(റ)യും അവിടെയൊന്നു കയറിനോക്കി. കണ്ണ് കണ്ടുകൂടാത്ത ഒരു കിഴവി അവിടെ ഒറ്റയ്ക്കു താമസിക്കുന്നു. 'ഒരാള്‍ രാത്രി ഇവിടെ വരുന്നത് കണ്ടുവല്ലോ?' സ്ത്രീയോട് ത്വല്‍ഹ(റ) ചോദിച്ചു. 'അതെ, കുറെ കാലമായി അദ്ദേഹം ഇവിടെ വന്ന് എന്നെ ശുശ്രൂഷിക്കാറുണ്ട്. എനിക്കാവശ്യമുള്ളതെല്ലാം തരും. എന്റെ മാലിന്യങ്ങളെല്ലാം വൃത്തിയാക്കും.' ഇതുകേട്ട ത്വല്‍ഹ(റ) സ്തബ്ധനായി.

6. ഭാര്യയോട് ഏറ്റവും നല്ലനിലയില്‍ പെരുമാറുന്നവന്‍

അല്ലാഹു പറയുന്നു: ''...അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്...'' (ക്വുര്‍ആന്‍ 4:19).

ആഇശ(റ) നിവേദനം; അവര്‍ പറഞ്ഞു: ''നബി ﷺ പറഞ്ഞിരിക്കുന്നു: 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളുടെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്'' (തിര്‍മിദി, ഇബ്‌നുമാജ).

ചരിത്രപ്രസിദ്ധമായ, നബി ﷺ യുടെ വിടവാങ്ങള്‍ പ്രസംഗത്തില്‍ അവിടുന്ന് പറയുകയുണ്ടായി: ''നിങ്ങള്‍ സ്ത്രീകളുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ മുന്‍നിറുത്തി സംരക്ഷണം നല്‍കാമെന്ന കരാറിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ വെറുക്കുന്ന ഒരാളെയും നിങ്ങളുടെ വിരിയില്‍ ചവിട്ടിക്കാതെ നോക്കല്‍ അവര്‍ക്ക് നിങ്ങളോടുള്ള കടമകളില്‍പെട്ടതാണ്. അവര്‍ അത് ലംഘിക്കുന്നപക്ഷം അടയാളമോ, മുറിവോ, രക്തംപൊടിയലോ വരാത്തനിലയില്‍ ശിക്ഷിക്കാവുന്നതാണ്. മാന്യമായ നിലയില്‍ അവരുടെ ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും നിങ്ങളുടെ ബാധ്യതയാണ്'' (മുസ്‌ലിം).

തന്റെ ഇണയോട് ഏറ്റവും നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അവളുടെ കുറവുകളില്‍ പൊരുത്തപ്പെട്ടും അവളിലെ ഗുണങ്ങളില്‍ സംതൃപ്തിയടഞ്ഞും അവളെ സമീപിപ്പിക്കുന്നവനാകണം ഭര്‍ത്താവ്.

സ്ത്രീകളുടെ ജന്മനായുള്ള ദുര്‍ബലതയെ സൂചിപ്പിച്ച് നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്നു: ''നിങ്ങള്‍ സ്ത്രീകളോട് നല്ലരൂപത്തില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. സ്ത്രീകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വളഞ്ഞ വാരിയെല്ലില്‍നിന്നാകുന്നു. വാരിയെല്ലുകളില്‍ ഏറ്റവും വളവുള്ളത് മുകളിലുള്ളതാകുന്നു. നീ അത് നിവര്‍ത്താന്‍ പുറപ്പെട്ടാല്‍ പൊട്ടിച്ചുകളയലായിരിക്കും ഫലം. അപ്രകാരം വിട്ടാല്‍ വളഞ്ഞുകൊണ്ടേയിരിക്കും. അതിനാല്‍ നിങ്ങള്‍ സ്ത്രീകളോട് നല്ലനിലയില്‍ വര്‍ത്തിക്കുക'' (ബുഖാരി).

 ഇമാം നവവി(റഹി) പറയുകയുണ്ടായി: ''ഭാര്യമാരോട് ആര്‍ദ്രതയോടെയും കാരുണ്യത്തോടെയും വര്‍ത്തിക്കേണ്ടതുണ്ടെന്നും അവരുടെ മാനസികവും ശാരീരികവുമായ ചപലതകളും ദുര്‍ബലതകളും പരിഗണിച്ചുകൊണ്ടായിരിക്കണം അവരോട് ഇടപഴകേണ്ടതെന്നും അവരുടെ ചെറിയ ന്യൂനതകള്‍ വലുതായിക്കണ്ട് വിവാഹമോചനം പോലെയുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്നും അവരുടെ എല്ലാ കുറവുകളും ശക്തമായി പരിഹരിക്കാന്‍ പുറപ്പെട്ടാല്‍ വിവാഹബന്ധം മുറിയലായിരിക്കും ഫലമെന്നും ഉപദേശിക്കുകയാണ് നബി ﷺ ചെയ്യുന്നത്.''

പ്രവാചകപത്‌നി ആഇശ(റ) ഒരിക്കല്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കോപിഷ്ഠയായതും പ്രവാചകന്റെ  കയ്യിലുള്ള പാത്രം തട്ടിമറിച്ചതും വീണുപൊട്ടിയ പാത്രം അല്‍പം പോലും ദേഷ്യപ്പെടാതെ അവിടുന്ന് പെറുക്കിക്കൂട്ടിയതുമായ സംഭവം പ്രവാചകശിഷ്യനായ അനസ്(റ) റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഒരു മാതൃകാഭര്‍ത്താവ് സമയവും സന്ദര്‍ഭവും മനസ്സിലാക്കി ക്ഷമയും കരുണയും കാണിക്കുന്നവനായിരിക്കണം എന്ന് ഈ സംഭവം വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്.

7. അഗതിക്ക് ഭക്ഷണം നല്‍കിയവന്‍, സലാം മടക്കിയവന്‍

സുഹൈബ് ഇബ്‌നു സിനാന്‍ അര്‍റൂമി(റ) നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഉത്തമന്‍ ഭക്ഷിപ്പിക്കുകയും സലാം മടക്കുകയും ചെയ്യുന്നവനാണ്'' (സില്‍സിലത്തുസ്സ്വഹീഹ).

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം; ഒരാള്‍ നബി ﷺ യോട് ചോദിച്ചു: 'ഇസ്‌ലാമിലെ ഏത് കാര്യമാണ് (കൂടുതല്‍) നന്മയായിട്ടുള്ളത്?' നബി ﷺ പറഞ്ഞു: 'താങ്കള്‍ ഭക്ഷണം നല്‍കലും തങ്കള്‍ക്ക് അറിയുന്നവരോടും അറിയാത്തവരോടും സലാം പറയലും' (ബുഖാരി).

വിശക്കുന്നവന് ഭക്ഷണം നല്‍കല്‍ വളരെ പുണ്യമുള്ള കാര്യമാണ്. ഒരാളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ട് അയാളെ സ്വര്‍ഗ പ്രാപ്തിക്ക് കാരണമാക്കിയത് ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം കൊടുത്തു എന്ന കാരണത്താലാണെങ്കില്‍, അതിന്റെ പ്രാധാന്യം അത്രത്തോളമുണ്ട്! ആവശ്യമുള്ള ആര്‍ക്ക് ഭക്ഷണം നല്‍കിയാലും അത് വലിയ നന്മയാണ്. അത് പാവപ്പെട്ടവര്‍ക്കോ പണക്കാര്‍ക്കോ അതിഥിക്കോ ആയാലും കുടുംബത്തിനായാലും ശരി. ഏതു ജീവിക്കായാലും ഭക്ഷണംനല്‍കല്‍ പുണ്യമുള്ള കാര്യമാണ്.

പട്ടിണികിടക്കുന്ന അയല്‍വാസിയെ പരിഗണിക്കാതെ വയറുനിറക്കുന്നവന്‍ ആക്ഷേപാര്‍ഹനാണ്. അങ്ങനെയുള്ളവന്‍ നമ്മില്‍പെട്ടവനല്ല എന്നാണ് അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ അരുളിയിട്ടുള്ളത്. സ്വന്തം കുടുംബത്തിന് ഭക്ഷണം നല്‍കുന്നത് പോലും ധര്‍മമാണെന്ന് റസൂല്‍ ﷺ പഠിപ്പിച്ചിട്ടുണ്ട്.

ചില തെറ്റുകള്‍ക്കുള്ള പ്രായച്ഛിത്തമായി സാധുക്കള്‍ക്ക് ഭക്ഷണം ഇസ്‌ലാം കല്‍പിക്കുന്നു എന്നതും ഭക്ഷണം നല്‍കുന്നതിന്റെ മഹത്ത്വം മനസ്സിലാക്കിത്തരുന്നു.

അല്ലാഹു പറയുന്നു: ''ആഹാരത്തോട് പ്രിയമുള്ളതോടൊപ്പംതന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'' (ക്വുര്‍ആന്‍ 76:8-9).

സ്വര്‍ഗം ലഭിക്കുന്ന വിഭാഗത്തെക്കുറിച്ച് പരാമര്‍ശിക്കവെ അവരുടെ വിശേഷണമായി അല്ലാഹു പറയുന്നത് കാണുക: ''അല്ലെങ്കില്‍ പട്ടിണിയുള്ളനാളില്‍ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക്; അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്. പുറമെ, വിശ്വസിക്കുകയും ക്ഷമകൊണ്ടും കാരുണ്യംകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍'' (ക്വുര്‍ആന്‍ 90:14-18).

സാധുവിന്റെ ഭക്ഷണകാര്യത്തില്‍ താല്‍പര്യം കാണിക്കാത്തവരെ നിശിതമായി വിമര്‍ശിക്കുകയും അത്തരക്കാരെ മതത്തെ കളവാക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു ഇസ്‌ലാം!

''മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്‌സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.'' (ക്വുര്‍ആന്‍ 107:1-3).

 ''സാധുവിന് ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.'' (ക്വുര്‍ആന്‍ 69:34).

''പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുമില്ല.'' (ക്വുര്‍ആന്‍ 89:18).

സ്വര്‍ഗപ്രവേശനത്തിന് കാരണമായിത്തീരുന്ന കര്‍മമാണിതെന്ന് ഈ വചനങ്ങളില്‍നിന്നെല്ലാം നമുക്ക് മനസ്സിലാക്കാം.

മുസ്‌ലിംകള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ സലാം പറയലും അത് മടക്കലും അവരുടെ ബാധ്യതയാണ്. വിശ്വാസികള്‍ തമ്മില്‍ പരസ്പരം സ്‌നേഹമുണ്ടാകാന്‍ കാരണമാകുന്ന കാര്യമായി സലാം പറയലിനെ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

സലാം പറയുന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം നബി ﷺ ഉണര്‍ത്തിയതായി കാണാം. അറിയുന്നവരോട് മാത്രമല്ല, അറിയാത്തവരോടും സലാം പറയണം എന്നതാണത്. പൊതുവെ പരിചയമുള്ളവരോട് മാത്രം സലാം പറയുന്ന സ്വഭാവമാണ് കൂടുതലായും കണ്ടുവരുന്നത്. അങ്ങനെയല്ല വേണ്ടത് എന്നാണ് നബി ﷺ പഠിപ്പിക്കുന്നത്. ഇങ്ങോട്ട് സലാം പറഞ്ഞാല്‍ മറുപടി നല്‍കുന്ന കാര്യത്തിലും ആളെ നോക്കേണ്ടതില്ല. സലാം പറയല്‍ ഒരു അഭിവാദ്യം മാത്രമല്ല, ഒരു പ്രാര്‍ഥനകൂടിയാണ്. പരിചയമില്ലാത്തവര്‍ക്കുവേണ്ടി പോലും പ്രാര്‍ഥിക്കുന്ന സ്‌നേഹം നിറഞ്ഞ മനസ്സിന്റെ ഉടമകളായിരിക്കണം മുസ്‌ലിംകള്‍ എന്നര്‍ഥം!

അബ്ദുല്ലാഹിബ്‌നു സലാം(റ) നിവേദനം; നബി ﷺ പറഞ്ഞു:'''അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം പറയല്‍ വ്യാപിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന രാത്രിയില്‍ നിങ്ങള്‍ നമസ്‌കരിക്കുക. നിങ്ങള്‍ക്ക് സമാധാനത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം'' (ഇബ്‌നുമാജ).

(തുടരും)