ജൂതന്മാര്‍: ക്വുര്‍ആന്‍ നല്‍കുന്ന ചരിത്രപാഠങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2021 മെയ് 29 1442 ശവ്വാല്‍ 17

(ഭാഗം: 2)

അല്ലാഹുവിനെ തെറ്റായി വിശേഷിപ്പിച്ചവര്‍

ജൂതന്മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്, വേദഗ്രന്ഥങ്ങള്‍ പഠിപ്പിക്കാത്ത രൂപത്തില്‍ അല്ലാഹുവിനെ തെറ്റായി വിശേഷിപ്പിച്ചവരാണ്. അല്ലാഹു പറയുന്നു:  

''അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്‍മാര്‍ പറഞ്ഞു. അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്റെ ഇരുകൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികപേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ധിപ്പിക്കുകതന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (ക്വുര്‍ആന്‍ 5: 64).

പ്രവാചകന്‍മാരെ വധിച്ചവര്‍

അവരുടെ ഇംഗിതങ്ങള്‍ക്കും വിശ്വാസത്തിനും എതിരായ പല പ്രവാചകരെയും അവര്‍ കളവാക്കുകയും വധിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: '

''ഇസ്‌റാഈല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളുകയും മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ് ചെയ്തത്'' (ക്വുര്‍ആന്‍ 5:70).

''എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍ ചുരുക്കത്തിലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല'' (ക്വുര്‍ആന്‍ 4:155).

വേദഗ്രന്ഥങ്ങളെ നിഷേധിക്കുന്നവര്‍

വേദഗ്രന്ഥങ്ങളെ അവഗണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് അവരുടെ സ്വഭാവമായിരുന്നു. അല്ലാഹു പറയുന്നത് കാണുക: '

''ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടുവന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്? നിങ്ങള്‍ അതിനെ കടലാസുതുണ്ടുകളാക്കി ചിലഭാഗങ്ങള്‍ വെളിപ്പെടുത്തുകയും (മറ്റു) പലതും ഒളിച്ചുവെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക'' (ക്വുര്‍ആന്‍ 6:91).  

വേദഗ്രന്ഥങ്ങള്‍ തിരുത്തി

വേദഗ്രന്ഥങ്ങള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി തിരുത്തുവാനും വളച്ചൊടിക്കുവാനും ഇക്കൂട്ടര്‍ മടികാണിച്ചില്ല. അല്ലാഹു പറയുന്നു:'

''എന്നാല്‍ സ്വന്തം കൈകള്‍കൊണ്ട്ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അവരിത് ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം'' (ക്വുര്‍ആന്‍ 2:79).

''വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്'' (ക്വുര്‍ആന്‍ 3:78).

മുഹമ്മദ്‌നബി ﷺ യെ അംഗീകരിച്ചില്ല

അവര്‍ക്ക് നല്‍കിയ വേദന്ഥ്രങ്ങളില്‍ സുവ്യക്തമായ അടയാളങ്ങളുമായി കടന്നുവന്ന മുഹമ്മദ് നബി ﷺ യെ വ്യക്തമായി മനസ്സിലായിട്ടും അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നത് പോലെ അത് അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല'' (ക്വുര്‍ആന്‍ 6:20).

''നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട്തന്നെ സത്യം മറച്ചുവെക്കുകയാകുന്നു'' (ക്വുര്‍ആന്‍ 2: 146).

മലക്കുകളില്‍ അവിശ്വസിച്ചു

''ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 2:98).

ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും മനസ്സുമാറാത്തവര്‍

ഇസ്‌റാഈല്‍ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനെയും അവര്‍ കളവാക്കുകയും നിഷേധിക്കുകയും ചെയ്തു. ആ പ്രവാചകന്‍ വ്യക്തമായ മുഅ്ജിസത്ത് കാണിച്ചുകൊടുത്തത് അവരുടെ നഗ്‌നനേത്രങ്ങള്‍കൊണ്ട് ദര്‍ശിച്ചിട്ടും അനുഭവിച്ചിട്ടും, അദ്ദേഹത്തെയും അവര്‍ തള്ളിക്കളഞ്ഞു. അത് ക്വുര്‍ആനില്‍ ഇപ്രകാരം കാണാം: '

''ഇസ്‌റാഈല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. (അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുംകൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ഉണ്ടാക്കുകയും എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍'''(ക്വുര്‍ആന്‍ 3:49).

ന്യൂനപക്ഷം മാത്രം പിന്‍പറ്റി

''അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്‌റാഈല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്‌റാഈല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്'' (ക്വുര്‍ആന്‍ 2:83).

പരലോകത്തെക്കുറിച്ച് അവര്‍ പറയുന്നത്

 അവരുടെ മറ്റൊരു പിഴച്ചവാദമായിരുന്നു പരലോകത്ത് ജൂത-ക്രൈസ്തവര്‍ക്കാണ് രക്ഷ ലഭിക്കുകയെന്നത്. എന്നാല്‍ അതിന് ക്വുര്‍ആന്‍ നല്‍കുന്ന മറുപടി കാണുക: ''(ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടുവരൂ എന്ന്.'''(ക്വുര്‍ആന്‍ 2:111).

(അവസാനിച്ചില്ല)