നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

വള്ളുവനാട് താലൂക്കില്‍ എടത്തനാട്ടുകര ദേശത്ത് പൂക്കാടഞ്ചേരി മഹല്ലില്‍ പൂച്ചേങ്ങല്‍ അഹ്മദിന്റെയും തത്തംപള്ളിയാലില്‍ ഉണ്ണിപ്പാത്തുട്ടിയുടെയും ഒമ്പതു മക്കളില്‍ ഒരാളായി 1913 ഡിസംബര്‍ 5ാം തീയതി സെയ്ദ് മൗലവി ജനിച്ചു. പാരമ്പര്യമായിത്തന്നെ നാട്ടിലെ അറിയപ്പെടുന്ന വ്യവഹാരികളും മത വിജ്ഞാനികളുമായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വികന്‍മാര്‍. പിതാവ് പൂച്ചേങ്ങല്‍ അഹ്മദും അദ്ദേഹത്തിന്റെ പിതാവ് പൂച്ചേങ്ങല്‍ സെയ്ദ് മൊല്ലാക്കയുമൊക്കെ ദരിദ്ര കുടുംബക്കാരെങ്കിലും പൊതുകാര്യ പ്രസക്തരായിരുന്നു.

നാട്ടില്‍ വളരെ മാന്യതയോടെയാണ് അഹ്മദ് മൊല്ലാക്കയുടെ കുടുംബം ജീവിച്ചത്. എടത്തനാട്ടു കരയില്‍ പൂക്കാടഞ്ചേരി പള്ളിയുടെ പടിഞ്ഞാറു വശത്താണ് മൗലവി ജനിച്ച വീട്. തിത്തുട്ടി, സെയ്ദാലു മൊല്ലാക്ക, ഉമ്മരിയ, ഖദീജ, ഉണ്ണീന്‍, അബ്ദുല്ല എന്നിവരാണ് മൗലവിയുടെ സഹോദരീ സഹോദരന്‍മാര്‍. രണ്ടു സഹോദരികള്‍ ചെറുപ്പത്തില്‍തന്നെ മരിച്ചു.

മൗലവിക്ക് എട്ടു വയസ്സു പ്രായമുള്ള കാലം. ബ്രിട്ടീഷുഭരണത്തിനെതിരെ മലബാറിന്റെ മുക്കിലും മൂലയിലും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മമ്പുറം പള്ളി വെള്ളപ്പട്ടാളം വെടിവെച്ചു തകര്‍ത്തുവെന്ന് ശ്രുതി നാടുനീളെ പ്രചരിച്ചു. സമരത്തിന്റെ അലയൊലികള്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളുടെ ഉള്‍ പ്രദേശങ്ങളിലുമെത്തി. സമരക്കാരെ അടിച്ചമര്‍ത്താനെന്ന വ്യാജേന എത്തിയ ബ്രിട്ടീഷ് പട്ടാളം മുസ്‌ലിം ജനസാമാന്യത്തിനെതിരെ കൊടിയ മര്‍ദനങ്ങളഴിച്ചുവിട്ടു. മുസ്‌ലിം വീടുകളില്‍ കയറി സ്ത്രീകളെ അക്രമിച്ചു. പുരുഷന്‍മാരെ കണ്ടാല്‍ വെടിവെക്കുകയോ തടവിലാക്കുകയോ ചെയ്തു. നിരപരാധികള്‍ പലരും ഇങ്ങനെ ക്രൂശിക്കപ്പെടുകയുണ്ടായി.

1921ല്‍ ബ്രിട്ടീഷ് പട്ടാളം എടത്താനാട്ടുകരയിലുമെത്തി. കണ്ണില്‍ കണ്ടവരെയൊക്കെ മര്‍ദിച്ചു. വീടുകള്‍ക്കു തീവെച്ചു. നിരവധിപേരെ അറസ്റ്റു ചെയ്തു. പലരെയും വെടിവെച്ചു. കൂട്ടത്തില്‍ മൗലവി ജനിച്ചുവളര്‍ന്ന വീടും അവര്‍ അഗ്നിക്കിരയാക്കി. നിരപരാധികളായിരുന്നിട്ടുകൂടി മൗലവിയുടെ പിതാവ് അഹ്മദ് മൊല്ലാക്കയെയും മൂത്ത സഹോദരന്‍ സെയ്ദാലു മൊല്ലാക്കയെയും സഹോദരി തിത്തുട്ടിയുടെ ഭര്‍ത്താവ് മായിന്‍ ഹാജിയെയും പട്ടാളം അറസ്റ്റുചെയ്തു. അഹ്മദ് മൊല്ലാക്കയെ 3 കൊല്ലത്തേക്ക് കണ്ണൂര്‍ ജയിലിലടച്ചു. 300 രൂപ പിഴയും ചുമത്തി. സെയ്ദാലുമൊല്ലാക്കയെ 7 കൊല്ലത്തേക്ക് ബല്ലാരി ജയിലിലേക്കുമയച്ചു. മായിന്‍ഹാജിയെ കണ്ണൂര്‍ ജയിലിലടച്ചെങ്കിലും പിന്നീട് ആന്‍ഡമാനിലേക്ക് നാടുകടത്തുകയാണ് ചെയ്തത്.

നാട്ടുകാര്‍ക്കെല്ലാം വേണ്ടപ്പെട്ട ആളായിരുന്ന മൗലവിയുടെ പിതാവ് പൂച്ചേങ്ങല്‍ അഹ്മദ്, 'വക്കീല്‍ കാക്ക' എന്നാണ് നാട്ടുകാര്‍ സ്‌നേഹപൂര്‍വം അദ്ദേഹത്തെ വിളിച്ചിരുന്നത്. നാട്ടുകാരുടെ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിച്ച് അവ പരിഹരിക്കുമായിരുന്നു അദ്ദേഹം. അങ്ങനെ ലഭിച്ചതാണ് ആ പേര്. കണ്ണൂര്‍ ജയിലില്‍നിന്നു വിട്ടയക്കപ്പെട്ട അദ്ദേഹം നാട്ടിലെത്തിയത് തിമിരം ബാധിച്ചു കാഴ്ചശക്തി നഷ്ടപ്പെട്ട നിലയിലാണ്. വാര്‍ധക്യസഹജമായ രോഗങ്ങളുമുണ്ടായിരുന്നു. ഏറെത്താമസിയാതെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

സ്വാതന്ത്ര്യാനന്തരം ആന്‍ഡമാനില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ മായിന്‍ ഹാജിയും ഭാര്യ തിത്തുട്ടിയും നാല് ആണ്‍ മക്കളുമായി വീണ്ടും ആന്‍ഡമാനിലേക്കു പോയി. അവിടെ സ്ഥിരതാമസമാക്കി. പക്ഷേ, ഏറെക്കഴിയും മുമ്പ് തിത്തുട്ടി ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് മായിന്‍ഹാജി മൗലവിയുടെ മറ്റൊരു സഹോദരിയായ ഖദീജയെ വിവാഹം ചെയ്തു. അതില്‍ മക്കളില്ല.

വെട്ടത്തൂരിലായിരുന്നു മൗലവിയുടെ മൂത്ത ജ്യേഷ്ഠന്‍ സെയ്താലുമൊല്ലാക്കയുടെ ഓത്തുപള്ളി. ഇതിനുപുറമെ അദ്ദേഹം കാപ്പുപറമ്പ്, പാലക്കാഴി, മാമാങ്കര എന്നിവിടങ്ങളിലും മതാധ്യാപനവൃത്തിയിലേര്‍പ്പെട്ടിരുന്നു. മലബാര്‍ സമരക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 7 കൊല്ലം ബല്ലാരി ജയിലില്‍ തടവില്‍ കഴിഞ്ഞു. ജയിലില്‍നിന്നു വിട്ടുവന്ന അദ്ദേഹം പില്‍കാലത്ത് എടത്തനാട്ടുകര യതീംഖാനയില്‍ സേവനമനുഷ്ഠിച്ചിരുന്നു.

മൗലവിയുടെ നേരെ മൂത്ത ജ്യേഷ്ഠന്‍ ഉണ്ണീന്‍ മൗലവി മങ്കട, പാലക്കാഴി, കോഴിക്കോട്, ആന്‍ഡമാന്‍ രണ്ടത്താണി എന്നീ സ്ഥലങ്ങളിലും മൗലവിയുടെ ഇളയ സഹോദരന്‍ അബ്ദുല്ല ആന്‍ഡമാന്‍, കോഴിക്കോട് എന്നിവിടങ്ങളിലും വിവിധ പള്ളികളില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി.

പട്ടാളം വീട് ചുട്ടെരിച്ചശേഷം തൊട്ടടുത്തുതന്നെ ചെറിയൊരു നെടുമ്പുര വെച്ചുകെട്ടി അവിടെയായിരു ന്നു മൗലവിയും സഹോദരങ്ങളും ഉമ്മയോടൊപ്പം താമസിച്ചിരുന്നത്.

പലപ്പോഴും പട്ടാളം മുസ്‌ലിം വീടുകള്‍ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണമഴിച്ചുവിട്ടത്. വീടുകളിലുള്ള പുരുഷന്‍മാരെ തടവിലാക്കുകയോ വെടിവെക്കുകയോ ആയിരുന്നു പതിവ്. അതുകാരണം പട്ടാളമിറങ്ങിയെന്നറിഞ്ഞാല്‍ പുരുഷന്‍മാര്‍ മുഴുവനും എങ്ങോട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു പതിവ്. മൗലവിയുടെ അളിയന്‍ മായിന്‍ ഹാജിയുടെ പിതാവ് പട്ടാളത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം ഓടാന്‍ കഴിയാതെ വീണ് അടുത്തുകണ്ട ഇഞ്ചിക്കാട്ടില്‍ ഒളിച്ചു. പക്ഷേ, പട്ടാളത്തിന്റെ വെടിയേറ്റ് അദ്ദേഹം മരിച്ചു.

1921ല്‍ പട്ടാളം എടത്തനാട്ടുകരയില്‍ കരാളതാണ്ഡവമാടിയ കാലത്ത് മൗലവിക്ക് എട്ടുവയസ്സായിരുന്നു പ്രായം. പട്ടാളം വീട്ടില്‍ കയറി ആണുങ്ങളാരെങ്കിലുമുണ്ടോ എന്നു പരിശോധിച്ചു. കുട്ടികളായ സെയ്ദും അബ്ദുല്ലയും പട്ടാളക്കാരുടെ കണ്ണില്‍ പെടുമോ എന്നു ഭയന്ന മാതാവ് രണ്ടുപേരെയും വെള്ളക്കാച്ചിയും പെണ്‍കുപ്പായവും മക്കനയും ഇടുവിച്ചു. ആണുങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ പട്ടാളം തിരിച്ചുപോവുകയും ചെയ്തു.

ആദ്യമായി ഓത്തുപള്ളിയില്‍ ചേരുമ്പോഴും ഓരോ പാഠഭാഗം പഠിക്കുമ്പോഴുമൊക്കെ വിദ്യാര്‍ഥി മൊല്ലാക്കാക്ക് നല്ലൊരു സംഖ്യ കൈമടക്ക് കൊടുക്കണം. ഇതിനു പുറമെ മൊല്ലാക്കാക്ക് വീട്ടില്‍ കൊണ്ടുപോകാനും കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കാനുമുള്ള മധുര പലഹാരങ്ങളും കൊണ്ടുപോയിക്കൊടുക്കണം. ഇതു കൂടാതെ മൊല്ലാക്കയ്ക്ക് എല്ലാ വ്യാഴാഴ്ചയും ഓരോ കുട്ടിയും നാഴി അരിയും കൊടുക്കും. ഈ അരിയും പ്രത്യേക അവസരങ്ങളില്‍ കിട്ടുന്ന കൈമടക്കും മാത്രമാണ് മൊല്ലാക്കയുടെ ശമ്പളം.

ഇങ്ങനെ പഠിച്ചുയര്‍ന്ന് എട്ടാം ജുസ്അ് (യാസീന്‍) ചൊല്ലിക്കൊടുക്കുമ്പോള്‍ കൂടുതല്‍ മധുരപലഹാരവും പണവും ഒരു ജോഡി വസ്ത്രവും കൊണ്ടുചെല്ലണം. മധുരപലഹാരം നേരത്തെ പറഞ്ഞതുപോലെ സഹപാഠികള്‍ക്കും വീതിക്കും. പിന്നീടാണ് ഖത്തം തീര്‍ക്കുകയും അല്‍ബക്വറ മുതല്‍ കീഴ്‌പോട്ട് ഓതിപ്പഠിക്കാന്‍ കുട്ടിക്കു സമ്മതം കൊടുക്കുകയും ചെയ്യുക. അന്നും എട്ടാം ജുസ്ഇന്നുള്ളതിനേ ക്കാള്‍ കൂടുതല്‍ ചീരണിയും വസ്ത്രവും പണവും കൊടുക്കണം. ഇതു കഴിഞ്ഞാണ് ക്വുര്‍ആനും പാട്ടും മൗലിദും മറ്റും പഠിക്കുക.

ഓത്തുപള്ളിയില്‍ നൂറോ നൂറ്റമ്പതോ കുട്ടികളുണ്ടാകും. ഓരോരുത്തര്‍ക്കും പ്രത്യേകം പാഠങ്ങളുമായിരിക്കും. മൊല്ലാക്കയ്ക്കാണെങ്കില്‍ നാട്ടില്‍ പത്തോ ഇരുപതോ വീട്ടില്‍ കുടിയോത്തുണ്ടാകും. മൂപ്പര്‍ രാവിലെ ഓത്തുപള്ളിയില്‍ വന്ന് ഒരു ചൂരല്‍ വടിയെടുത്ത് കുട്ടികളുടെ നേരെ കണ്ണുരുട്ടി 'ഓതിനെടാ' എന്നു പറഞ്ഞ് ഓത്തുപള്ളിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ നടക്കും. അതു കഴിഞ്ഞ് നേരെ കുടിയോത്തിനു പോകും. ഇടക്കിടെ ഓത്തുപള്ളിയിലൊന്നു വന്നുനോക്കും. മൊല്ലാക്ക പോയിക്കഴി ഞ്ഞാല്‍ വരുന്നതുവരെ കുട്ടികള്‍ കാക്കക്കൂട്ടത്തില്‍ കല്ലിട്ടാലെന്നപോലെ കലപില ശബ്ദമുണ്ടാക്കിക്കൊ ണ്ടിരിക്കും. ഇതായിരുന്നു അക്കാലത്തെ ഓത്തുപള്ളിക്കൂടത്തിന്റെ ഏതാണ്ടൊരു രൂപം. ഈ രൂപത്തില്‍ തന്നെയാണ് മൗലവിയും ക്വുര്‍ആനും മാലമൗലീദാദികളും പഠിച്ചത്.

പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി വെല്ലൂരില്‍നിന്നും മുത്വവ്വല്‍ പാസ്സായി നാട്ടിലെത്തി. മൗലവിയുടെ നാടിനടുത്തുള്ള അണയങ്കോട്ടില്‍ കുറുക്കന്‍ മരക്കാര്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പറപ്പൂരിന്റെ ഒരു ബന്ധുകൂടിയായിരുന്നു. പറപ്പൂര്‍ അന്നൊരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്നുവന്നു. മകരക്കൊയ്ത്തു കഴിഞ്ഞ് വയലുകള്‍ ഒഴിഞ്ഞകാലം. മരക്കാര്‍ സാഹിബ് അടക്കം അണയങ്കോട്ടിലെ പൗരമുഖ്യന്‍മാരെല്ലാം ചേര്‍ന്ന് 5 ദിവസം അവിടെ വഅള് പറയണമെന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. വഅള് തുടങ്ങിയതറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആളുകള്‍ വന്നുചേര്‍ന്നു. ദിവസം ചെല്ലുന്തോറും വഅള് കേള്‍ക്കാന്‍ വരുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു. 15ാം ദിവസം സ്വര്‍ഗത്തിലെ സുഖസൗകര്യങ്ങളായിരുന്നു വിഷയം. ഉദാഹരണങ്ങള്‍ നിരത്തി ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗം ഹൃദയസ്പൃക്കായിരുന്നു.

എടത്തനാട്ടുകരയിലെ പള്ളിക്കാരണവന്‍മാരും നാട്ടുകാരും വഅള് കേള്‍ക്കാന്‍ പോകുന്ന സംഘത്തിലുണ്ടായിരുന്നു. മൗലവിയുടെ അമ്മാവനായ പള്ളിപ്പറ്റ മമ്മദ്, പുത്തങ്കോട്ട് കുഞ്ഞഹമ്മദ്, തോരക്കാടന്‍ അഹമ്മദ് ഹാജി, താഴത്തെ പീടികക്കല്‍ ഉണ്ണിമൊയ്തീന്‍ ഹാജി എന്നിവര്‍ പറപ്പൂരിനെ സമീപിച്ച് തങ്ങളുടെ മഹല്ലിന്റെ ശോചനീയാവസ്ഥ വിവരിച്ചു. മഹല്ലിന്റെ ദാരിദ്ര്യാവസ്ഥയും പറഞ്ഞു മനസ്സിലാക്കി. അദ്ദേഹത്തിനനുസരിച്ച ശമ്പളം കൊടുക്കാന്‍ കഴിവില്ലെങ്കിലും അങ്ങോട്ടുവരാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു.

ശമ്പളം തനിക്കു പ്രശ്‌നമല്ലെന്നും പക്ഷേ, താന്‍ ഊരകത്ത് ഒരു ദര്‍സിലാണെന്നും അവിടെ പകരമൊരാളെ മുദര്‍രിസായി കിട്ടിയാല്‍ എടത്തനാട്ടുകയിലേക്കു വരുന്നതിനു തനിക്കു സമ്മതക്കുറവൊന്നുമില്ലെന്നും പറപ്പൂര്‍ പറഞ്ഞു. എന്തായാലും താന്‍ നാട്ടില്‍ പോയശേഷം വിവരമറിയിക്കാമെന്നു പറഞ്ഞ് അദ്ദേഹം പുറപ്പെട്ടു. നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പറപ്പൂരിന്റെ കത്തുവന്നു. വരാന്‍ സമ്മതമാണെന്നറിയിച്ചുകൊണ്ടുള്ളതായിരുന്നു എഴുത്ത്. ആളുപോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. ഒരു വ്യാഴാഴ്ച, പറപ്പൂര്‍ വന്ന വിവരമറിഞ്ഞ് കാരണവന്‍മാരടക്കം വമ്പിച്ചൊരു ജനക്കൂട്ടം സന്തോഷത്തോടെ പള്ളിയില്‍ വന്നുചേര്‍ന്നു. നാട്ടിലെ സ്ഥിതി അദ്ദേഹം ചോദിച്ചറിഞ്ഞു. ഐക്യസംഘം അടുത്തെത്തിയതും തറാവിഹ് എട്ടു റക്അത്ത് ആക്കിയതുമൊക്കെ അദ്ദേഹത്തെ ധരിപ്പിച്ചു. 'ഏയ് പേടിക്കേണ്ട, അതൊന്നും ഇങ്ങോട്ടു വരില്ല' അതായിരുന്നു പറപ്പൂരിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. നാട്ടുകാര്‍ ആഹ്ലാദഭരിതരായി. അവര്‍ക്ക് ഇതിലപ്പുറം സന്തോഷകരമായ മറ്റൊരു മറുപടി കിട്ടാനില്ലായിരുന്നു.

അവിടെ നടന്നുവന്നിരുന്ന ദര്‍സിനെക്കുറിച്ചും വിദ്യാര്‍ഥികളെക്കുറിച്ചമൊക്കെ പറപ്പൂര്‍ ചോദിച്ചറിഞ്ഞു. ദര്‍സില്‍ മുന്‍പന്തിയിലായിരുന്ന സെയ്ദ് മൗലവിയും സ്ഥലത്തുണ്ടായിരുന്നു. പറപ്പൂര്‍ അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു. ബാലസഹജമായ നാണം കാരണം അദ്ദേഹം ഒരരികില്‍ മാറിനിന്നു. 'അടുത്തേക്കു വരൂ, ചോദിക്കാനുണ്ട്' പറപ്പൂര്‍ പറഞ്ഞു. അദ്ദേഹം മടിച്ചുമടിച്ച് അടുത്തേക്കു ചെന്നു. പറപ്പൂര്‍ അദ്ദേഹത്തെ പിടിച്ചിരുത്തി.

'ഹദീസില്‍നിന്നു വല്ലതും ഓതിയോ?' അദ്ദേഹം ചോദിച്ചു.

'അതെ, അര്‍ബഈന്‍' എന്നു മറുപടി.

അപ്പോള്‍ പറപ്പൂര്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: 'ആവട്ടെ ക്വുര്‍ആന്‍ നമുക്ക് ഒന്നുകൂടി ആദ്യം മുതല്‍ തുടങ്ങാം. തഫ്‌സീറും ഇരുന്നോട്ടെ. കൂടാതെ മിശ്കാത്തുല്‍ മസാബീഹ് എന്നൊരു കിതാബുണ്ട്. ഹദീസില്‍ ഇതു രണ്ടും മതി തല്‍ക്കാലം, ബാക്കി വേണ്ടതൊക്കെ പിന്നെ നോക്കാം.'

'രണ്ടാമതു പറഞ്ഞ കിതാബു ഞങ്ങള്‍ക്കില്ലല്ലോ.'

'ഒന്നിവിടെയുണ്ട്. പിന്നെ വേണ്ടത് ഡല്‍ഹിയില്‍നിന്നു വരുത്താം. ആവശ്യമുള്ളവര്‍ പറഞ്ഞാല്‍ മതി. ഇപ്പോള്‍ തന്നെ എഴുതാം' പറപ്പൂര്‍ പറഞ്ഞു.

ഇശാഅ് നമസ്‌കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. മൗലവിയടക്കം രണ്ടുമൂന്നു വിദ്യാര്‍ഥികളെ പറപ്പൂരിനു കൂട്ടിനേല്‍പിച്ചു. അദ്ദേഹത്തിനു ചോറു കൊടുത്തയക്കാന്‍ പള്ളിക്കാരണവരായ മമ്മദ് കാക്ക പോകാന്‍ ഭാവിച്ചു.

'വേണ്ട, ഞാനും നിങ്ങളോടൊപ്പം വരാം. എനിക്കു നിങ്ങളുടെ വീടും കാണാമല്ലോ' പറപ്പൂര്‍ പറഞ്ഞു. മമ്മദ് കാക്കാക്ക് എന്തെന്നില്ലാത്ത സന്തോഷം!

സ്വുബ്ഹിക്ക് ഒരു മണിക്കൂര്‍ മുമ്പായി പറപ്പൂര്‍ പള്ളിയിലെത്തി. അന്ന് വെള്ളിയാഴ്ചയായിരുന്നു. ജുമുഅക്ക് ശേഷം അദ്ദേഹം പള്ളിയില്‍ ഒരു വഅള് പറഞ്ഞു. അതില്‍ അദ്ദേഹം ഇങ്ങനെ ചില കാര്യങ്ങള്‍ പരാമര്‍ശിച്ചു:

'ഇപ്പോള്‍ ഐക്യസംഘക്കാര്‍ എന്നൊരു കൂട്ടര്‍ പുറപ്പെട്ടിരിക്കുന്നതായി കേള്‍ക്കാന്‍ കഴിഞ്ഞു. ക്വുര്‍ആനും ഹദീസും മാത്രം സ്വീകരിക്കുന്നവര്‍, അവര്‍ തറാവീഹ് എട്ടു റക്അത്ത് മതി എന്നു പറയുന്നു. കാരണം ഹദീസില്‍ അത്രയേ ഉള്ളൂവെന്ന്. ഇവിടെ അത്തരക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് ഞാന്‍ ചോദിക്കുന്നു; സുബ്ഹിക്കു ഖുനൂത്ത് വേണമെന്നതിന് ഒരു ഹദീസ് കാണിച്ചു തരാന്‍ കഴിയുമോ?'

ഒരു വെടിക്കു രണ്ടു പക്ഷി! ജനങ്ങള്‍ മനസ്സിലാക്കിയത് ഐക്യസംഘത്തിന്റെ കണ്ഠകോടാലിയാണി ദ്ദേഹമെന്നാണ്! അതോടെ പറപ്പൂര്‍ എന്തു പറഞ്ഞാലും നാട്ടുകാര്‍ക്കത് സ്വീകാര്യമായിരുന്നു.

അനാചാരങ്ങളില്‍ മുഴുകിയ ജനങ്ങളെ ഒറ്റദിവസംകൊണ്ടു മാറ്റിയെടുക്കാനാവില്ലെന്നു പറപ്പൂരിനു പൂര്‍ണബോധ്യമുണ്ടായിരുന്നു. കാരണം അവരുടെ നിത്യജീവിതത്തിലെ ഓരോ സംഭവങ്ങളുമായി ലയിച്ചു ചേര്‍ന്നവയായിരുന്നു അനാചാരങ്ങള്‍. അതുകൊണ്ട് ഈവക കാര്യങ്ങളില്‍ അവരിലൊരാളെപ്പോലെ പങ്കെടുത്ത് കൊണ്ടുതന്നെ അതിലെ സത്യാസത്യങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുത്തികൊടുക്കാനാണ് ആദ്യം മുതല്‍ക്കേ പറപ്പൂര്‍ ശ്രമിച്ചത്. അതിലദ്ദേഹം പൂര്‍ണമായി വിജയിക്കുക തന്നെ ചെയ്തു.

വിവാഹത്തിനു മുഹൂര്‍ത്തം നോക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു അക്കാലത്ത്. നഹ്‌സും മറ്റും നോക്കി വലിയ സദ്യയും വിളമ്പിയാണ് വിവാഹദിനം നിശ്ചയിക്കുക. ഇത്തരം പരിപാടികളില്‍ പറപ്പൂരും പങ്കെടുക്കും. ഇങ്ങനെ നഹ്‌സും മറ്റും നോക്കി നിശ്ചയിച്ച ഒരു വിവാഹം മുടങ്ങിപ്പോയപ്പോള്‍ പറപ്പൂര്‍ ഇതിലെ പൊള്ളത്തരം ജനങ്ങള്‍ക്കു ബോധ്യമാക്കി.

'ഈ നാട്ടിലെ ഏറ്റവും മികച്ച കോഴികളെ പിടിച്ച് അറുത്ത് സദ്യയൊക്കെയുണ്ടാക്കി, പേരെടുത്ത മുസ്‌ല്യാക്കള്‍ വന്ന് നഹ്‌സും മറ്റും നോക്കിയിട്ടിപ്പോള്‍ എന്തായി? കല്യാണം ഒടുവില്‍ മുടങ്ങിപ്പോയി. അപ്പോള്‍ ഇതിലൊന്നും വലിയ കാര്യമില്ല.'

പറപ്പൂരിന്റെ വാക്കു ശരിയാണെന്നു ജനങ്ങള്‍ക്കു ബോധ്യമാവാന്‍ ഏറെ നേരമൊന്നും വേണ്ടിവന്നില്ല. ഇതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

പില്‍ക്കാലത്ത് തന്റെ പ്രസംഗങ്ങളില്‍ സെയ്ദ് മൗലവി സ്വീകരിച്ച ശൈലിയും ഗുരുനാഥനായ പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവിയുടെ ഈ ശൈലിയായിരുന്നു. കുട്ടിക്കാലത്ത് മാലപ്പാട്ടുകളിലും മൗലിദുകളിലു മൊക്കെ നിപുണനായിരുന്ന അദ്ദേഹം ആദ്യം ഓതുക മാലകളാണ്. ആകര്‍ഷണീയമായ ഈണങ്ങളിലുള്ള മാലകള്‍ സദസ്സിനെ നന്നായി സ്വാധീനിക്കും. എന്നിട്ടദ്ദേഹം പറയും: 'ഇത് മാലക്കാരന്‍ പറഞ്ഞതാണ്. ഇനി ഇക്കാര്യത്തില്‍ ക്വുര്‍ആന്‍ എന്താണു പറയുന്നതെന്നു നോക്കാം.'

എന്നിട്ടദ്ദേഹം ക്വുര്‍ആന്‍ ആയത്തുകള്‍ ഓതി വിശദീകരിക്കും. രണ്ടും തമ്മില്‍ താരതമ്യപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചിന്തിക്കുന്ന നിഷ്പക്ഷികള്‍ക്ക് സത്യം ബോധ്യപ്പെടാന്‍ ഏറെ സമയം വേണ്ടിവരില്ല.

പറപ്പൂര്‍ അബ്ദുറഹ്മാന്‍ മൗലവി അടുത്ത ശനിയാഴ്ച തന്നെ ദര്‍സു തുടങ്ങാന്‍ ഏര്‍പ്പാടാക്കി. സെയ്ദു മൗലവിയെക്കൂടാതെ ടി.പി.ആലു മൗലവി, ടി.പി.ഉണ്ണി മമ്മദ് മൗലവി, കുമരനെല്ലൂര്‍കാരന്‍ ഫരീദുദ്ദീന്‍ മൗലവി, വെങ്ങരക്കാരന്‍ അയമുട്ടി മൗലവി, ആനമങ്ങാട്ടുകാരന്‍ മുഹ്‌യുദ്ദീന്‍കുട്ടി മൗലവി, ഊരകത്തുകാരന്‍ മൂസ മൗലവി, അബ്ദുല്ല മൗലവി, കുറുക്കന്‍ അബൂബക്കര്‍ മൗലവി തുടങ്ങിയ വിദ്യാര്‍ഥികളുമുണ്ടായിരുന്നു.

ക്വുര്‍ആന്‍ ആദ്യം മുതല്‍ ഒന്നുകൂടി ഓതിക്കുകയാണ് പറപ്പൂര്‍ ചെയ്തത്. കൂടാതെ മിശ്കാത്തുല്‍ മസാബീഹ് (ഹദീസ് ഗ്രന്ഥം) മുഖ്തസര്‍, ശറഹുത്തഹ്ദീബ് എന്നിവയും പഠിപ്പിച്ചു തുടങ്ങി. സൂറത്തുല്‍ ഫാതിഹയാണ് തുടങ്ങിയത്. അഞ്ചാമത്തെ ആയത്ത് അദ്ദേഹം വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ മൗലവിക്കൊരു വെപ്രാളവും ഹൃദയമിടിപ്പും അനുഭവപ്പെടാന്‍ തുടങ്ങി. കാരണം അക്കാലം വരെ അദ്ദേഹം വിശ്വസിച്ചതിനും പ്രവര്‍ത്തിച്ചതിനും എതിരായിരുന്നു ആ വിശദീകരണം. അതുകൊണ്ടുതന്നെ മൗലവിയടക്കമുള്ള കുട്ടികള്‍ എതിര്‍ത്തുവാദിച്ചു. ചിരിച്ചുകൊണ്ടായിരുന്നു പറപ്പൂരിന്റെ വിശദീകരണം. അദ്ദേഹത്തിന്റെ മറുപടിയിലും മറുചോദ്യങ്ങളിലും പക്ഷേ, അവര്‍ ഉത്തരം മുട്ടി. എങ്കിലും അതംഗീകരിക്കാന്‍ പ്രയാസം. സത്യം തങ്ങളുടെ പക്ഷത്താണെങ്കിലും അത് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്നതിലായിരുന്ന മൗലവിയുടെ വേദന.

(അവസാനിച്ചില്ല)