പരിസ്ഥിതിസംരക്ഷണം: വിശ്വാസിസമൂഹങ്ങളുടെ പങ്ക്

ഉമര്‍ഷരീഫ്, റിയാദ്‌

2021 ജൂൺ 05 1442 ശവ്വാല്‍ 24

1972ല്‍ ഐക്യരാഷ്ട്രസഭ സ്‌റ്റോക്‌ഹോമില്‍ നടത്തിയ പരിസ്ഥിതി സമ്മേളനത്തിലാണ് ജൂണ്‍ 5നെ ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. 1974 മുതല്‍ തുടര്‍ച്ചയായി വ്യത്യസ്ത പരിസ്ഥിതി  വിഷയങ്ങള്‍  അടിസ്ഥാനമാക്കി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. 2021ല്‍ 'Ecosystem Restoration' (ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദിനാചരണത്തിന് പാക്കിസ്ഥാനാണ് ആതിഥ്യംവഹിക്കുന്നത്. ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ആശങ്കകളോടെ നോക്കിക്കാണുന്ന ലോക ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. മനുഷ്യന്റെ വ്യക്തിപരവും  സാമൂഹികവുമായ എല്ലാ  മേഖലകളിലും സ്പഷ്ടവും സുവ്യക്തവുമായ നിയമനിര്‍ദേശങ്ങള്‍ പഠിപ്പിച്ച മതമായ ഇസ്‌ലാമിന് മനുഷ്യകുലത്തിന്റെ  തന്നെ നിലനില്‍പ്പിനെ ബാധിക്കുന്ന പാരിസ്ഥതിക വിഷയങ്ങളില്‍ എന്ത് പറയാനുണ്ട് എന്ന് വിശ്വാസി സമൂഹം പഠിച്ചെടുക്കേണ്ടതുണ്ട്. ഒരു വിശ്വാസി ഏതൊരു പ്രശ്‌നത്തിലും ആദ്യം നോക്കേണ്ടത് മനുഷ്യന് മാര്‍ഗനിര്‍ദേശമായി പ്രവാചകനിലൂടെ ദൈവത്തിങ്കല്‍നിന്ന് അവതീര്‍ണമായ വിശുദ്ധ ക്വുര്‍ആനിലേക്കും അതിനെ പ്രായോഗികമായി പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത പ്രവാചകന്റെ അധ്യാപനങ്ങളിലേക്കുമാണ്.

പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കേരളീയസാഹചര്യം

1970കളില്‍ ഇന്ദിരാഗാന്ധിയാണ് ഇന്ത്യയില്‍ ആദ്യമായി പരിസ്ഥിതിസംരക്ഷണ ചിന്തകള്‍ക്ക് തുടക്കംകുറിച്ചത്. ഏകദേശം ഇക്കാലയളവില്‍തന്നെ കേരളത്തിലും സമാന ചിന്തകള്‍ക്കും കൂട്ടായ്മകള്‍ക്കും തുടക്കംകുറിച്ചിരുന്നു. പിന്നീട് 1980കളില്‍ മതവിരുദ്ധ ചിന്തകളുടെ സഹയാത്രികരായ ശാസ്ത്ര,സാമൂഹിക പ്രവര്‍ത്തകരാണ് പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളും ചിന്തകളും പൊതുസമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കിടയിലും പ്രചരിപ്പിച്ചത്. 1970കളിലെ സൈലന്റ്‌വാലി സംരക്ഷണസമരം, മാവൂര്‍ റയോണ്‍സ് ചാലിയാര്‍ സമരം, 1980കളിലെ ഭൂതത്താന്‍കെട്ട് ആണവനിലയ വിരുദ്ധസമരം, 1990കളിലെ ബേക്കല്‍ തീരസംരക്ഷണ സമരം, 2000ത്തിലെ പ്ലാച്ചിമടയിലെകൊക്കോകോള വിരുദ്ധസമരം, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം തുടങ്ങിയ പരിസ്ഥിതിസംരക്ഷണ സമരങ്ങളുടെ നീണ്ടചരിത്രം വായിക്കാന്‍ സാധിക്കും. പിന്നീട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേരളത്തില്‍ പരിസ്ഥിതി സംവാദങ്ങള്‍ക്ക് വഴിതുറന്നു. സമകാലിക കേരളം രണ്ടു പ്രളയങ്ങള്‍ക്ക് ശേഷം വീണ്ടും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൂലങ്കഷമായ ചര്‍ച്ചയിലാണ്.

കേരളത്തില്‍ പരിസ്ഥിതി, പ്രകൃതി പ്രവര്‍ത്തനങ്ങള്‍ എന്നാല്‍ വന്‍കിട പദ്ധതികള്‍ക്കെതിരായ സമരം മാത്രമാണെന്ന് പൊതുജനം തെറ്റിദ്ധരിക്കുകയോ, തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്തു എന്നതാണ് സത്യം.

സര്‍ക്കാറിന്റെയും കുത്തകമുതലാളിമാരുടെയും പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വന്‍കിട പദ്ധതികള്‍ക്കെതിരെയുള്ള ബഹുജന പ്രക്ഷോഭങ്ങളുടെ കൂടെത്തന്നെ ഓരോ പൗരനും തന്റെ ചുറ്റുപാടിലും ജീവിതത്തിലും പാലിക്കേണ്ട ഉപഭോഗത്തിലെ മിതത്വം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, ജൈവകൃഷി തുടങ്ങിയ മേഖലകളില്‍ വേണ്ട ബോധവത്കരണങ്ങള്‍ കാര്യക്ഷമമായി നടന്നുവോ, അത്എത്രമാത്രം ഫലവത്തായി എന്ന് ഈരംഗത്തുള്ളവരെല്ലാവരും വിലയിരുത്തേണ്ടതുണ്ട്. അതോ നമ്മുടെ പരിസ്ഥിതിസംരക്ഷണം സമരങ്ങളില്‍ ഒതുങ്ങിയോ? പല പരിസ്ഥിതി ബോധവല്‍കരണ സംരംഭങ്ങളും കൂട്ടായ്മകളും രാജ്യത്തെ അടിസ്ഥാനജനങ്ങളുടെ, സാധാരണക്കാരുടെ ബോധമണ്ഡലത്തെ സ്വാധീനിക്കാത്തതിന്റെ കാരണങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.

ഒരുകാലത്ത് ശാസ്ത്രത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മറവില്‍ നിരീശ്വരവാദവും മതവിരോധവും സ്വതത്ര ലിബറല്‍ ചിന്തകളും

കുത്തിവെക്കാനുള്ള ബോധപൂര്‍വമുള്ള ചില ശ്രമങ്ങളാണ് നടന്നത്. ഭൂരിപക്ഷം വരുന്ന മതവിശ്വാസികളായ കേരളീയസമൂഹം ഇവര്‍ മുന്നോട്ടുവെച്ച നിരീശ്വരവാദത്തോടൊപ്പം പരിസ്ഥിതിസംരക്ഷണ ചിന്തകെളയും സംശയദൃഷ്ടിയോടെ മാത്രമെ സമീപിച്ചുള്ളൂ എന്നതാണ് സത്യം.

സത്യത്തില്‍ ഒരിക്കലും പ്രായോഗിക തലത്തില്‍ യോജിക്കാത്ത രണ്ട് ആശയങ്ങളാണ് സ്വതന്ത്ര ലിബറലിസവും പരിസ്ഥിതിസംരക്ഷണവും. കാരണം എല്ലാ സദാചാര, മതനിയമങ്ങളെയുംവെല്ലുവിളിക്കുകയും, സര്‍വസ്വതത്രമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയും, ജീവിതം ആസ്വദിക്കാനും അനുഭവിക്കാനുമുള്ളതാണ്; അല്ലാതെ ആരോ നിര്‍മിച്ച മതനിയമങ്ങള്‍ക്കുള്ളില്‍ ഹോമിക്കാനുള്ളതല്ല എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരുകൂട്ടര്‍ എങ്ങനെയാണ് പ്രകൃതി, പരിസ്ഥിതിവിഭവങ്ങള്‍ സംരക്ഷിക്കാന്‍ പ്രബോധനം നടത്തുക? കാരണം ഈ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം ആസ്വാദനങ്ങളെയും അനുഭവങ്ങളെയും പരിമിതപ്പെടുത്തുന്നതാണ്. ഈ ജീവിതം ഒന്നേയുള്ളൂ, മരണത്തോടെ അവസാനിക്കുന്ന ഒന്ന്! അല്ലാതെ മതങ്ങള്‍ പറയുന്ന മരണാന്തരജീവിതം മിഥ്യയും ജനങ്ങളെ ചൂഷണംചെയ്യാനുള്ള ഉപകരണവും മാത്രമാണ് എന്ന് പഠിപ്പിക്കുന്ന നാസ്തികവാദക്കാര്‍ക്ക് ഒരിക്കലും പരിസ്ഥിതി, പ്രകൃതിസംരക്ഷണത്തിന്റെ ലോജിക്ക് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെവരുന്നു.

ഒരുവശത്ത് ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നും അതിലെ ഓരോ പ്രതിഭാസവും സൃഷ്ടിജാലങ്ങളും കോടിക്കണക്കിന് വര്‍ഷങ്ങളുടെ  നിരന്തരമായ ഭൗതികമാറ്റങ്ങളും മ്യൂട്ടേഷനുകളുംവഴി സാഹചര്യങ്ങള്‍ക്ക് അനുഗുണമായതലത്തില്‍ ഉള്‍തിരിഞ്ഞുവന്ന ഭൗതികപ്രതിഭാസം

മാത്രമാണ് എന്നും പഠിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഭൗതികവാദികള്‍ എങ്ങനെയാണ് പരിസ്ഥിതിയുടെ വിഷയത്തില്‍ മാത്രം ചില നിയമങ്ങള്‍ പാലിക്കാന്‍ ഉപദേശിക്കുക?

കേവല ഭൗതിക ചിന്താപ്രസ്ഥാനങ്ങള്‍ക്കോ, ശാസ്ത്ര പ്രചാരണ സംഘങ്ങള്‍ക്കോ ഈ പരിസ്ഥിതിസംരക്ഷണത്തിന്റെ ബാധ്യത, കേവലയുക്തിചിന്തയെ മാത്രം അടിസ്ഥാനമാക്കി ബോധ്യപ്പെടുത്താന്‍സാധ്യമല്ല. മനുഷ്യന് തന്റെ മാതാപിതാക്കളോടുള്ള ബാധ്യത ഒരു കോഴിക്കുഞ്ഞിന് മുട്ടത്തോടിനോടുള്ള കേവലബന്ധം പോലെ മാത്രമാണെന്ന് പഠിപ്പിക്കുന്ന നാസ്തികര്‍ക്ക്, മനുഷ്യന് പരിസ്ഥിതിയോടുള്ള ബാധ്യത സമര്‍ഥിക്കാന്‍ വിയര്‍ക്കേണ്ടിവരുന്നു.

മനുഷ്യന്റെ നൈസര്‍ഗിക വികാരമായ ലൈംഗികതയെ ഇണയില്‍ മാത്രം പരിമിതപ്പെടുത്തുന്ന മതവിശ്വാസികളെ വിഡ്ഢികളെന്നു വിളിക്കുന്നസ്വതന്ത്രചിന്തകര്‍ക്ക് എങ്ങനെയാണ് പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തണം എന്ന് ഉപദേശിക്കാന്‍ സാധിക്കുക? മദ്യവും മയക്കുമരുന്നും മനുഷ്യന്റെ ആനന്ദത്തിനും ഉന്മാദത്തിനും ഉപയോഗിക്കാന്‍ ലൈസന്‍സ് കൊടുക്കുന്ന ലിബറല്‍ ആശയക്കാര്‍ക്ക് എങ്ങനെ സ്വന്തം ആനന്ദത്തിനും ആസ്വാദനത്തിനും വേണ്ടി പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ സാധിക്കും?

ഇവിടെയാണ് വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രകൃതിബോധവത്കരണത്തിന്റെ പ്രസക്തി. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ എല്ലാമേഖലകളിലും സ്പഷ്ടവും സുവ്യക്തവുമായനിയമനിര്‍ദേശങ്ങള്‍ പഠിപ്പിച്ച മതമായ ഇസ്‌ലാമിന് മനുഷ്യകുലത്തിന്റെ തന്നെ നിലനില്‍പ്പിനെ ബാധിക്കുന്ന പാരിസ്ഥിതിക വിഷയങ്ങളില്‍ എന്ത് പറയാനുണ്ട് എന്ന് വിശ്വാസി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പരിസ്ഥിതി-പ്രകൃതി സംരക്ഷണവും അതിനായുള്ള ബോധവത്കരണ പരിപാടികളും മതപരമായബാധ്യതയാണ് എന്ന വസ്തുത എല്ലാവിഭാഗം മതവിശ്വാസികളെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.

പരിസ്ഥിതിബോധം: ക്വുര്‍ആനികപാഠങ്ങള്‍

ഈ രംഗത്തുള്ള ഇസ്‌ലാമിക അധ്യാപനങ്ങളുടെ സമഗ്രതയും സൗന്ദര്യവും നമ്മെ ആശ്ചര്യപ്പെടുത്തും. വിശുദ്ധ ക്വുര്‍ആനിലെ നിരവധി വചനങ്ങളും പ്രവാചക അധ്യാപനങ്ങളും ഈരംഗത്ത് വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുന്നുണ്ട്. അവയില്‍ പലതും ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഐക്യരാഷ്ട്രസഭ നല്‍കുന്ന നിര്‍ദേശങ്ങളെക്കാള്‍ സമഗ്രമാണ് എന്നതാണ് സത്യം.

മറ്റേതൊരു വിഷയത്തിലുമെന്നപോലെ പരിസ്ഥിതിസംരക്ഷണ രംഗത്തും രണ്ട് വിരുദ്ധ തീവ്രനിലപാടുകള്‍ കാണാന്‍ സാധിക്കും. പരിസ്ഥിതിസംരക്ഷണം എന്നത് മാത്രമാണ് മനുഷ്യവംശത്തിന്റെ നിലനില്‍പിന് ആധാരമെന്ന ശൈലിയില്‍ എല്ലാ വികസന, പുരോഗമന പദ്ധതികളെയും

നഖശികാന്തം എതിര്‍ക്കുന്ന പരിസ്ഥിതിവാദികളുടെ നിലപാടും വികസനവും ശാസ്ത്ര -സാങ്കേതിക മുന്നേറ്റവും

മാത്രമാണ് മനുഷ്യവംശത്തിന്റെ വളര്‍ച്ചക്ക് ആധാരം; പരിസ്ഥിതി, പ്രകൃതി എന്നത് പരിഗണിക്കേണ്ടതില്ല എന്നവികസനവാദികളുടെ നിലപാടുമാണ് അവ. എന്നാല്‍ ഇസ്‌ലാം പരിസ്ഥിതി വിഷയങ്ങളിലും ഒരു മധ്യമ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് പ്രമാണങ്ങളില്‍നിന്ന് ബോധ്യപ്പെടും.

''ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി അവന്‍ സൃഷ്ടിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 2:29).

''തീര്‍ച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 17:70).

മനുഷ്യനെക്കുറിച്ച വിശുദ്ധ ക്വുര്‍ആനിന്റെ നിലപാടുകളാണ് മുകളിലെ രണ്ട് വചനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ക്വുര്‍ആനികശൈലി അനുസരിച്ച് അതിന്റെ ആഖ്യാനരീതി വിഷയാധിഷ്ഠിതമായഎല്ലാവചനങ്ങളും ഒരേ അധ്യായത്തില്‍ ഒരുമിച്ച്, തുടര്‍ച്ചയായി എഴുതപ്പെട്ടരീതിയിലല്ല. ആയതിനാല്‍ ഈ വചനങ്ങളോട് കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ട വചനങ്ങള്‍ അതേഅധ്യായങ്ങളിലും മറ്റ് അധ്യായങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും.

''ആദംസന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.'' (ക്വുര്‍ആന്‍ 7:31).

''നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍നിന്നുതന്നെ ഉണ്ടാകുന്നതാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. (അതിന്) സാക്ഷിയായി അല്ലാഹു മതി'' (ക്വുര്‍ആന്‍ 4:79).

''ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി അവന്‍ സൃഷ്ടിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 2:29) എന്ന വചനം മാത്രം ഉദ്ധരിച്ച് ഇസ്‌ലാമിക നിലപാട് വികസനനിലപാടാണ്, പരിസ്ഥിതിസംരക്ഷണത്തെ പരിഗണിക്കുന്നില്ല എന്ന തെറ്റായ വ്യാഖ്യാനം പലപ്പോഴും വിമര്‍ശകര്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇതിനോട്കൂടെ മുകളില്‍ പരാമര്‍ശിച്ച വചനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോഴാണ് അതിന്റെ പൂര്‍ണത എന്നതാണ് യാഥാര്‍ഥ്യം. ഭൂമിയിലുള്ളതെല്ലാം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് പറയുമ്പോള്‍ അവ വരും തലമുറകള്‍ക്കു കൂടി ആവശ്യമാണ് എന്ന പോസിറ്റീവ് വായനക്ക് പകരം സ്വാര്‍ഥമായ, സങ്കുചിതമായ കാഴ്ചപ്പാടോടെ ദുര്‍വിനിയോഗം ചെയ്ത് പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കാനുള്ള അനുവാദമാണ് എന്ന എന്ന നെഗറ്റീവായ വായനയല്ല വേണ്ടത്.

പരിസ്ഥിതി: പ്രവാചകന്റെ പ്രായോഗികനിലപാടുകള്‍

ഇമാം അഹ്മദ് തന്റെ മുസ്‌നദില്‍ ഉദ്ധരിക്കുന്നു: അബ്ദുല്ലാഹിബിന്‍ അംറുബിന്‍ആസ്വി(റ)ല്‍നിന്ന് നുവേദനം: ''പ്രവാചകന ﷺ സഅദി(റ)ന്റെ അടുക്കലൂടെ നടക്കുകയായിരുന്നു. അദ്ദേഹം വുദുഅ് എടുക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു: 'സഅദ്, എന്തൊരുധൂര്‍ത്താണിത്?'അദ്ദേഹം ചോദിച്ചു: 'വുദൂഇലും ധൂര്‍ത്തോ?' പ്രവാചകന ﷺ പറഞ്ഞു: 'അതെ, താങ്കള്‍ ഒഴുകുന്ന നദിയിലാണെങ്കിലും (അമിതമായി വെള്ളം ഉപയോഗിക്കുകയെന്നത് ധൂര്‍ത്ത് തന്നെയാണ്).''

പ്രകൃതി, പരിസ്ഥിതി ഉപഭോഗത്തില്‍ വിശ്വാസിയുടെ നിലപാട് എന്താകണം എന്നതിന് ഈ ഒരൊറ്റ ഹദീസ്തന്നെ മതിയാകും. ഇവിടെ പ്രകൃതിവിഭവമായ വെള്ളത്തെപ്പറ്റിയാണ് പരാമര്‍ശമെങ്കിലും വായു, ഭൂമി, ധാതുസമ്പത്ത്, സസ്യവിഭവങ്ങള്‍, കാലിസമ്പത്ത്, ഊര്‍ജസമ്പത്ത് തുടങ്ങിഈ പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളോടുമുള്ള വിശ്വാസികളുടെ നിലപാട് എന്തായിരിക്കണം എന്നാണ് ഈ പ്രവാചകവചനം നമ്മെ പഠിപ്പിക്കുന്നത്. 'ഒഴുകുന്ന നദിയിലാണെങ്കിലും', 'വുദൂഇലാണെങ്കിലും' എന്നീ രണ്ട് പോയിന്റുകള്‍ നാം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങള്‍ നമുക്ക് ഉപയോഗിക്കാം; (use) പക്ഷേ,ദുരുപയോഗം (abuse) ചെയ്യരുത്. വിശ്വാസിക്ക് പരിസ്ഥിതിയെ ഉപയോഗപ്പെടുത്താം; പക്ഷേ, ചൂഷണം ചെയ്യരുത് എന്ന സന്ദേശമാണ് പ്രവാചകന്‍ ഇവിടെ നല്‍കുന്നത്. ധൂര്‍ത്ത്, അമിതവ്യയം, ദുര്‍വിനിയോഗം, ചൂഷണം, പിഴിഞ്ഞെടുക്കല്‍, പരമാവധി മുതലെടുക്കല്‍ തുടങ്ങിയ ഏതു പേരില്‍ വിശേഷിപ്പിക്കപ്പെട്ടാലും അവയെല്ലാം അധാര്‍മികവും പരിപാലനം, പോഷണം, സംരക്ഷണം എന്നിവ ധാര്‍മികവും ആണ് എന്ന പാഠമാണ് പ്രവാചകന ﷺ പഠിപ്പിക്കുന്നത്.

പരിസ്ഥിതി പരിപാലനം വിശ്വാസത്തിലൂടെ മാത്രം

ക്വുര്‍ആന്‍ വചനങ്ങള്‍ പ്രകാരം ഒരു വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും അവന്റെ പരലോകത്തേക്കുള്ള സമ്പാദ്യമാണ്. അത് നന്മയോ തിന്മയോ എന്ന് മനുഷ്യര്‍ക്ക് തിരഞ്ഞെടുക്കാം.

''അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരുഅണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (ക്വുര്‍ആന്‍ 99:7,8).

''പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും'' (ക്വുര്‍ആന്‍ 102:8).  

ഇത്തരം ക്വുര്‍ആനിക വചനങ്ങളാണ് വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പ്രചോദനം. ഇവിടെ ചെയ്യുന്ന ഓരോ അണുമണിത്തൂക്കം നന്മയുടെയും തിന്മയുടെയും പ്രതിഫലം നാളെ പരലോകത്ത് അനുഭവിക്കും. ഈ ലോകത്ത് ലഭിക്കുന്ന ഓരോ അനുഗ്രഹവും ഏതു മാര്‍ഗത്തില്‍ വിനിയോഗിച്ചു എന്ന് ചോദ്യം ചെയ്യപ്പെടും. ദാഹിച്ചുവലഞ്ഞ സമയത്ത് ലഭിച്ച ഒരു ഗ്ലാസ് വെള്ളം പോലും വലിയ അനുഗ്രഹമാണ്. ധനം എങ്ങനെ സമ്പാദിച്ചു, ഏത് വഴിയില്‍ വിനിയോഗിച്ചു എന്ന് കൃത്യമായി ബോധിപ്പിക്കേണ്ടിവരും. ഇസ്‌ലാം പഠിപ്പിക്കുന്ന ഈ കാര്യങ്ങളെല്ലാം യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. അതിനാല്‍ സൂക്ഷ്മതയോടെ മാത്രമെ അവര്‍ ഏതു കാര്യവും ചെയ്യുകയുള്ളൂ.

ഒരു പ്രകൃതിവിഭവം ഞാന്‍ സൂക്ഷ്മതയോടെഉപയോഗിച്ച് പരിരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, തൊട്ടടുത്ത നിമിഷം മറ്റൊരാള്‍ അതേവിഭവം ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍, ഞാന്‍ എന്തിന് ഈ ത്യാഗം സഹിക്കണം എന്ന ചിന്ത ജന്തുസഹജം. പക്ഷേ, ഇവിടെയാണ് പരലോകവിശ്വാസത്തിന്റെ സൗന്ദര്യം നാം ദര്‍ശിക്കുന്നത്. ഭൗതികലോകത്തെ ലാഭനഷ്ടങ്ങള്‍ മാത്രമല്ല വിശ്വാസിയുടെ മാനദണ്ഡം. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന നന്മ ഞാന്‍ ചെയ്യുന്നു, അത് മറ്റുള്ളവരോട് ഉപദേശിക്കുന്നു. വിശ്വാസി പ്രവാചകനെ പിന്തുടരുകവഴി ദൈവപ്രീതിയും പരലോകമോക്ഷവുമാണ് ലക്ഷ്യമാക്കുന്നത്; ഈ ലോകത്ത് അതിന്റെ പൂര്‍ണമായ ഫലം ലഭിച്ചാലും ഇല്ലെങ്കിലും. പക്ഷേ, ആത്മാര്‍ഥമായ ഇടപെടലുകള്‍ സമൂഹത്തിന് ബോധ്യപ്പെടാനും ഈ ലോകത്ത് തന്നെ സമൂര്‍ത്തമായ സല്‍ഫലങ്ങള്‍ സൃഷ്ടിക്കാനും സാധിക്കാറുണ്ട് എന്നതിന് ചരിത്രം സാക്ഷി.

ഇവിടെയാണ് പരിസ്ഥിതി, പ്രകൃതിവിഭവങ്ങള്‍ സൂക്ഷ്മതയോടെ വിനിയോഗിക്കുന്നതില്‍ ബോധവത്കരണം ലഭിച്ച വിശ്വാസിസമൂഹവും ഭൗതികവാദികളും വ്യതിരിക്തമാകുന്നത്. കേവല ഭൗതികചിന്തകളില്‍ തനിക്ക് നഷ്ടപ്പെടുന്ന ഓരോ ആനന്ദവും ആസ്വാദനവും ഒരിക്കലും തിരിച്ചുലഭിക്കാത്ത നഷ്ടമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് പരിസ്ഥിതി, പ്രകൃതി സംരക്ഷണം കേവലത്യാഗമായി മാറുന്നു. പരിസ്ഥിതി, പ്രകൃതിസംരക്ഷണം ഒരു ചെറിയവിഭാഗം 'പ്രാന്തന്മാരില്‍' ഒതുങ്ങിപ്പോകുന്നു. ഇവര്‍തന്നെ പഠിപ്പിച്ച പൊതുജനങ്ങളുടെ സാമാന്യബുദ്ധികൊണ്ട് ഈ ആസ്വാദന നഷ്ടങ്ങളെ വിശദീകരിക്കാന്‍ കഴിയാതെപോകുന്നു എന്നതാണ് യാഥാര്‍ഥ്യം.

അതുകൊണ്ട്തന്നെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മതവിശ്വാസി സമൂഹങ്ങളെ കൂടുതല്‍ ബോധവത്കരിക്കുകയും അതിന്റെ ആത്മീയവും ഭൗതികവുമായ നേട്ടങ്ങളെ തിരിച്ചറിഞ്ഞ് ആത്മാര്‍ഥമായ ഇടപെടലുകള്‍ സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബ തലം മുതല്‍ ആരംഭിക്കേണ്ടതുണ്ട്. സര്‍ക്കാരുകളും പരിസ്ഥിതിപ്രവര്‍ത്തകരും ഹിഡന്‍ അജണ്ടകളില്ലാതെ വിവധ മതനേതൃത്വങ്ങളെ ഈ രംഗത്തേക്ക് കൊണ്ടുവരികയും അവരുടെ ക്രിയാത്മക സാന്നിധ്യം ആവശ്യപ്പെടുകയും വേണം.

കേവലനിയമങ്ങളും ചട്ടങ്ങളുംകൊണ്ട് പ്രകൃതിവിഭവങ്ങളുടെ ചൂഷണവും  ദുര്‍വിനിയോഗവും തടയാന്‍ സാധിക്കില്ല എന്ന സത്യം മണല്‍ഖനനം, കരിങ്കല്‍ ക്വാറികള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കിയപ്പോള്‍ നാം അനുഭവിച്ചതാണ്. പൊതുജനങ്ങളെ ഇതിന്റെ ഭവിഷ്യത്തുകള്‍ ബോധ്യപ്പെടുത്താനും നല്ല മാതൃകകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സൃഷ്ടിക്കാനും ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇതിന് മത, സാമൂഹിക രംഗത്തുള്ളവരെക്കൂടി മുന്നോട്ട് കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്.

മതനേതൃത്വം നിര്‍വഹിക്കേണ്ട പങ്ക്

ലോകത്ത് പരിസ്ഥിതിസംരക്ഷണ രംഗം ഒട്ടനവധി പഠനഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണ്. പല പ്രദേശങ്ങളിലും അനുകരിക്കാവുന്ന നല്ല മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, ലോകത്തിലെ തന്നെ ആദ്യത്തെ വിമാനത്താവളമുള്ളത് നമ്മുടെ സംസ്ഥാനത്താണ് (കൊച്ചിന്‍ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്). ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം ലോകത്തിലെ വന്‍കിട വികസിത രാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയാക്കി കാണിക്കുന്ന ഒരു സംരംഭമാണ് ഇത് എന്നത് നമുക്ക് അഭിമാനകരംതന്നെ.

പരിസ്ഥിതി പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളെ കേവല സമരങ്ങളാക്കി ചുരുക്കാതെ, പൊതുജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഓരോരുത്തരും ഇടപെടലുകള്‍ നടത്തുന്ന, തന്റെവീട്ടിലും ചുറ്റുപാടുകളിലുമുള്ള പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്തം എന്റേതാണ് എന്ന തിരിച്ചറിവ് സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍ ഓസോണ്‍ പാളികളുടെ തകര്‍ച്ചയും, ജെറ്റ്എഞ്ചിനുകളുടെ കാര്‍ബണ്‍ എമിഷനും, മുതലാളിത്ത കുത്തക രാജ്യങ്ങളുടെ

ക്‌ളോറോഫഌറോ വാതകങ്ങങ്ങളുടെ പുറന്തള്ളല്‍ തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളില്‍ മാത്രമൊതുക്കാതെ, സാധാരണജനങ്ങളുടെ പങ്ക് എന്ത് എന്ന് പഠിപ്പിക്കാവുന്ന, ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍ മനസ്സിലാക്കാവുന്ന പ്രായോഗികതലത്തിലുള്ള പഠന ബോധവത്കരണ പദ്ധതികള്‍ നടപ്പിലാക്കണം

കേരളം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങള്‍ ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര, ഗ്രാമഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യസംസ്‌കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ശുചിത്വ മാലിന്യ സംസ്‌കരണം, ജലവിഭവ സംരക്ഷണം, കാര്‍ഷികമേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന നല്ല മാതൃകകള്‍ സൃഷ്ടിക്കാന്‍ മഹല്ലുകള്‍ക്കും, ഇടവകകള്‍ക്കും, സാമുദായിക സംഘങ്ങള്‍ക്കും സാധിക്കണം.

ഗ്രീന്‍ ആര്‍ക്കിടെക്ച്ചറല്‍, സോളാര്‍പവര്‍, മഴവെള്ളസംഭരണം, മലിനജലശുചീകരണ സംവിധാനങ്ങള്‍, മാലിന്യസംസ്‌കരണം, അടുക്കളത്തോട്ടങ്ങള്‍ തുടങ്ങിയ നല്ല മാതൃകകള്‍ മത വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ആരംഭിക്കുക. ഒരു നൂറ് പ്രസംഗങ്ങളേക്കാള്‍ ജനങ്ങളില്‍ ബോധ്യം സൃഷ്ടിക്കാന്‍ ഇവക്ക് സാധിക്കും

മദ്രസകളിലും, മതപഠനകേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് പരിസ്ഥിതി പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയും അതിന്റെ മതപരമായവശങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുക.

സര്‍ക്കാര്‍ സംവിധാനങ്ങളും, പരിസ്ഥിതി സംരക്ഷണ എന്‍.ജി.ഒകളും സംഘടിപ്പിക്കുന്ന പദ്ധതികളും, പ്രൊജെക്ടുകളും വിശ്വാസി സമൂഹത്തില്‍ എത്തിക്കാനും, സഹകരണം ഉറപ്പാക്കാനും വേണ്ട നിര്‍ദേശങ്ങള്‍ മതനേതൃത്വം കാലാകാലങ്ങളില്‍ നല്‍കുക.