ചില ഭിന്നശേഷി വിചാരങ്ങള്‍

ഫിദ ഫാത്തിമ കെ.കെ

2021 സെപ്തംബര്‍ 11 1442 സഫര്‍ 04

പൊതുസമൂഹത്തിന് ഒരു വിചാരമുണ്ട്; കാഴ്ചയില്ലാത്ത ആളുകള്‍ക്ക് ഒന്നിനെപ്പറ്റിയും കൃത്യമായി അറിയില്ലെന്നും അവര്‍ക്ക് മുന്നില്‍ ഇരുട്ട് മാത്രമാണെന്നും സ്വന്തം ജന്മത്തെ പഴിച്ച് ജീവിതം തള്ളി നീക്കുന്നവരാണ് അവരെന്നും! എന്നാല്‍ യഥാര്‍ഥത്തില്‍ ഇതൊന്നുമല്ല അവര്‍. കിട്ടിയ ജീവിതം കൂടുതല്‍ സ്‌നേഹത്തോടെ കൂടുതല്‍ ആത്മാര്‍ഥതയോട ജീവിച്ചുതീര്‍ക്കുന്നവരാണ് അവര്‍.

അവര്‍ സ്വന്തം ജീവിതം ആസ്വദിച്ച്, തങ്ങളുടെ കഴിവില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച് ഈ പ്രകൃതിയോടിണങ്ങി, പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയെ സ്‌നേഹിച്ച് ജീവിക്കുന്നവരാണ്. ഉദാഹരണത്തിന് ഒരു  ചെമ്പരത്തിപ്പൂവിനെ എടുക്കാം. അതിന് എത്ര ഇതളുകള്‍ ഉണ്ട് എന്ന് ചോദിച്ചാല്‍ കാഴ്ചയുള്ളവരില്‍ ചിലരൊക്കെ ഉത്തരം പറയും. എന്നാല്‍ അത്ര തന്നെയാണോ എന്ന് രണ്ടാമത് ഒരു ചോദ്യം വന്നാല്‍ അവര്‍ക്ക് കണ്‍ഫ്യൂഷനായി. എന്നാല്‍ കാഴ്ചയില്ലാത്ത ഒരു വ്യക്തിയോട് ചോദിച്ചാല്‍ അയാള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയും. കാരണം കാഴ്ചയുള്ളവര്‍ ഒരു കാര്യം മനസ്സിലാക്കുവാന്‍ കാഴ്ചയെന്ന ഒരു ഇന്ദ്രിയം മാത്രമാണ് പലപ്പോഴും ഉപയോഗിക്കുന്നത്.  എന്നാല്‍ കാഴ്ചയില്ലാത്തവര്‍ മറ്റു പല ഇന്ദ്രിയങ്ങളും ഉപയോഗിച്ചാണ് ഒരു കാര്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. കാഴ്ചയുള്ള വ്യക്തികളെക്കള്‍ അധികം എന്നല്ല, കാഴ്ചയുള്ളവരെപ്പോലെ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിക്കാനും കഴിവുള്ളവരാണ് അവരും.

പരിഷ്‌കൃതസമൂഹം എന്ന് മേനി നടിക്കുന്ന ആധുനികര്‍ക്ക്  ഒരു ഭിന്നശേഷി സൗഹൃദ സമൂഹം ഉണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ആളുകള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നു. ഒന്നിനും കൊള്ളാത്ത, ഒന്നും അറിയാത്തവരാണ് ഈ സമൂഹം എന്ന കഴ്ചപ്പാട്. മാറേണ്ടത് പരിഷ്‌കൃത സമൂഹമാണ്. കാരണം സ്വന്തം ജീവിതം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ ജീവിച്ചു തീര്‍ക്കുന്നവരാണ് ഇവര്‍.

 ഭിന്നശേഷിക്കാരെ കൈപിടിച്ച് നടത്തുകയല്ല; മറിച്ച് സ്വയം നടക്കാന്‍ അവരെ പ്രാപ്തരാക്കുകയും അതിനായി ഈ സമൂഹത്തെ സജ്ജമാക്കുകയുമാണ് വേണ്ടത്. വികലാംഗര്‍ എന്ന പേരുതന്നെ മാറ്റി  ഭിന്നശേഷിക്കാര്‍ എന്ന് വിളിക്കുന്ന ഇക്കൂട്ടരെ പലപ്പോഴും സാംസ്‌കാരികമായി സ്വീകാര്യതയില്ലാത്ത മറ്റുപല പേരുകള്‍ ഇട്ടാണ് ചിലര്‍ വിളിക്കുന്നത്. ഇത് സാക്ഷരരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് യോജിച്ചതല്ല. മാത്രമല്ല ഇത്തരം പ്രയോഗങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതും തന്റെ കഴിവുകൊണ്ട് മുന്നേറി വരുന്ന വ്യക്തികളുടെ അഭിമാനത്തെ ഹനിക്കുന്നതുമാണ്. രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കള്‍ വരെ ഇത്തരം പരാമര്‍ശങ്ങള്‍ അവരുടെ സംസാരങ്ങളില്‍ വരുത്തുന്നത് വളരെയധികം വിഷമമുണ്ടാക്കുന്ന കാര്യമാണ്.  

തന്റ അഭിമാനവും കഴിവിലുള്ള വിശ്വാസവും എല്ലാവര്‍ക്കും ഒരുപോലെയാണ്. ഈ പരിഗണന ഏതൊരു മനുഷ്യനും അര്‍ഹിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു ചിന്തയാണ് ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും. തന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് ഒരു മുറിവാകുമെങ്കില്‍ ആ വാക്ക് പറയാതിരിക്കുവാനുള്ള സാമാന്യമര്യാദയാണ് രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ കാണിക്കേണ്ടത്. പലപ്പോഴും ഇല്ലാതെ പോകുന്നതും അതാണ്.

പൊതുസമൂഹത്തോട് എനിക്ക് ഒരു അഭ്യര്‍ഥനയേ ഉള്ളൂ; അവരും ജീവിച്ചോട്ടെ, മറ്റുള്ളവരെപ്പോലെ സ്വന്തം കഴിവിലും പരിശ്രമത്തിലും സ്വയം പര്യാപ്തരായി ഉയരങ്ങള്‍ കീഴടക്കികൊണ്ട്...