വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ആഗസ്ത് 14 1442 മുഹര്‍റം 05

മനുഷ്യായുസ്സില്‍ നാല് ഘട്ടങ്ങളുണ്ട്; ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം. ഓരോന്നും കടന്നു പോകുന്നത് വ്യത്യസ്തവും വൈവിധ്യവുമായ തലങ്ങൡലൂടെയാണ്.

ബാല്യം തീര്‍ത്തും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പരിഗണനയും സ്‌നേഹലാളനകളും അനുഭവിച്ചുമാത്രം കടന്നുപോകുന്നു. എന്നാല്‍ കൗമാരം കുടുംബത്തില്‍നിന്നും മാതാപിതാക്കളില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെയും സ്വന്തത്തെക്കുറിച്ച് അഭിമാനം നടിച്ചും ശരീരത്തിലും വസ്ത്രധാരണത്തിലും ഭക്ഷണവിഭവങ്ങളിലും ആസ്വാദനം കണ്ടെത്തിയും ജീവിതത്തിലെ ആസ്വാദന സമയമായി കഴിച്ചുകൂട്ടുന്നു. യുവത്വം ജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘട്ടമാണ്. ബുദ്ധിയും വിവേകവും ഒരുമിച്ചുകൂടുകയും ചിന്തകളും പ്രവര്‍ത്തനങ്ങളും ഒത്തുചേരുകയും ജീവിതരീതിയെയും ജീവിതാഭിലാഷങ്ങളും ചിട്ടപ്പെടുത്തുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന മനുഷ്യായുസ്സിലെ പ്രധാനമുഹൂര്‍ത്തം ഇതുതന്നെയാണ്. ഏറ്റവും ഒടുവിലത്തെത് വാര്‍ധക്യമാണ്. പരാശ്രയം കൂടാതെ ജീവിക്കാന്‍ സാധിക്കാത്ത ഘട്ടം. ഇതാണ് ഏറ്റവും പ്രയാസമേറിയതും കൈപ്പേറിയതുമായ ഘട്ടവും.

മനുഷ്യജീവിതത്തിലെ ഈ നാല് ഘട്ടങ്ങളും അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ്. അല്ലാഹു പറയുന്നു: ''നിങ്ങളെ ബലഹീനമായ അവസ്ഥയില്‍നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വജ്ഞനും സര്‍വശക്തനും'' (ക്വുര്‍ആന്‍ 30:54).

പക്ഷിമൃഗാദികള്‍ ജനിക്കുമ്പോള്‍തന്നെ അവയ്ക്ക് അത്യാവശ്യമായ പല കഴിവുകളും നല്‍കപ്പെട്ടിരിക്കുന്നതായി കാണാം. എന്നാല്‍, ഭൂമിയിലെ സൃഷ്ടികളില്‍ ഉന്നതസ്ഥാനം വഹിക്കുന്നവന്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യനോ? യാതൊരു കഴിവും അറിവും ഇല്ലാത്തവനായിട്ടാണ് അവന്‍ പിറക്കുന്നത്. ക്രമേണ അവന്‍ അറിവും ശക്തിയും ആര്‍ജിക്കുകയും, ഇതര സൃഷ്ടിജാലങ്ങളുടെ മേല്‍ മേല്‍ക്കോയ്മ നേടാന്‍തക്കവണ്ണം യോഗ്യനായിത്തീരുകയും ചെയ്യുന്നു. കുറെ കഴിയുമ്പോള്‍ വീണ്ടും ഗതി കീഴ്‌പോട്ടൊഴുകുന്നു. ഒടുവില്‍ പിറന്നപ്പോഴത്തെ അവസ്ഥയിലേക്കുതന്നെ തിരിച്ചുചെല്ലുന്നു. മനുഷ്യന്റെ പുനരുത്ഥാനത്തിനും സ്രഷ്ടാവായ അല്ലാഹുവിന്റെ സര്‍വജ്ഞതക്കും അപാരമായ കഴിവിനും ഇതു മതിയായ തെളിവാകുന്നു.

ഉപരിസൂചിത ക്വുര്‍ആന്‍ സൂക്തത്തില്‍ പരാമര്‍ശിച്ചതുപോലെ അല്ലാഹു മനുഷ്യനെ ബലഹീനമായ അവസ്ഥയില്‍നിന്നു സൃഷ്ടിച്ചുണ്ടാക്കി, ശേഷം ആരോഗ്യവും ബുദ്ധിയും കഴിവും ശക്തിയും ചിന്താശേഷിയും നല്‍കി വളര്‍ത്തികൊണ്ടുവരുന്നു. അതിന് ശേഷം വീണ്ടും പഴയ അവസ്ഥയിലേക്കുതന്നെ അല്ലാഹു മനുഷ്യനെ തിരികെ കൊണ്ടുപോകുന്നു. ഇതില്‍ മനുഷ്യര്‍ക്ക് ചിന്തിക്കാനേറേയുണ്ട്.

ഒന്നുമല്ലാത്ത അവസ്ഥയില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനാണ് അല്ലാഹു. എന്നിട്ട് കാഴ്ചശക്തിയും കേള്‍വിശക്തിയും മനുഷ്യന് അവന്‍ നല്‍കി. അല്ലാഹു പറയുന്നു:

''മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു'' (ക്വുര്‍ആന്‍ 76:1,2).

അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യര്‍ ഈ ഭൂമുഖത്ത് എത്രകാലം ജീവിക്കണം എന്ന് തീരുമാനിക്കുന്നതും അല്ലാഹു തന്നെ. അല്ലാഹു പറയുന്നു:

''അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിനുശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു'' (ക്വുര്‍ആന്‍ 16:70).

മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുതന്നെ അവന്റെ ആയുഷ്‌കാലവും നിയന്ത്രിക്കുന്നു. ചിലര്‍ ചെറുപ്പത്തിലേ മരണമടയുന്നു. ചിലര്‍ ഏതാനും വയസ്സുവരെ ജീവിക്കുന്നു. ചിലരാകട്ടെ, സാധാരണയില്‍ കവിഞ്ഞ ദീര്‍ഘായുസ്സ് നല്‍കപ്പെട്ടവരായിരിക്കും. അങ്ങനെ, മുമ്പ് അവര്‍ക്കുണ്ടായിരുന്ന അറിവും തന്റേടവും നഷ്ടപ്പെടുകയും, ഗ്രഹണേന്ദ്രിയങ്ങള്‍ ക്ഷയിച്ചു ശിശുക്കള്‍ കണക്കെ ആയിത്തീരുകയും ചെയ്യുന്നു. ഒരാള്‍ ദൃഢഗാത്രനും ആരോഗ്യവാനുമായതുകൊണ്ടോ മറ്റോ ദീര്‍ഘകാലം ജീവിക്കുമെന്നോ, വേറൊരാള്‍ അവശഗാത്രനും ആരോഗ്യം കുറഞ്ഞവനുമായതുകാണ്ട് നേരത്തെ മരണമടയുമെന്നോ നിശ്ചയിക്കുക സാധ്യമല്ല. എല്ലാം അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ചു നടക്കുന്നുവെന്നുമാത്രം.

അല്ലാഹു പറയുന്നു: ''വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്റെ പ്രകൃതി നാം തലതിരിച്ചുകൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ?'' (ക്വുര്‍ആന്‍ 36:68).

''മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍നിന്നും, പിന്നീട് ബീജത്തില്‍നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപംനല്‍കപ്പെട്ടതും രൂപംനല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്...'' (ക്വുര്‍ആന്‍ 22:5).

വാര്‍ധക്യം എന്നത് ഒരു മനുഷ്യന്റെ ഇഹലോക ജീവിതത്തിലെ ഏറ്റവും അവസാനത്തെ ഘട്ടമാണ്. അതുകൊണ്ടു തന്നെ ഈ ഒരു ഘട്ടത്തിലെത്തിയ ആണാകട്ടെ പെണ്ണാകട്ടെ മറ്റുള്ളവരില്‍നിന്നുള്ള പരിഗണനയും സ്‌നേഹവും കാരുണ്യവും ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്തുകൊണ്ടിരിക്കും.

വാര്‍ധക്യത്തിലെത്തിയവര്‍ ശാരീരികമായും മാനസികമായും ചെറിയ കുട്ടികളെപ്പോലെയായിരിക്കും. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് പോലും അവര്‍ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും കരയുകയും ചെയ്യും. ഗൗരവമുള്ള കാര്യങ്ങളില്‍ അങ്ങേയറ്റം വിഷമിക്കുകയും ചെയ്യും. മക്കള്‍ തങ്ങളെ വന്ന് കണ്ടില്ലെങ്കിലും, ആഗ്രഹിച്ച വല്ലതും കിട്ടാതിരുന്നാലും തങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടായാലും അവരുടെ മുഖം വാടും.

തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകിട്ടുന്നില്ലെങ്കില്‍, തങ്ങളുടെ വാക്കുകള്‍ക്ക് മക്കള്‍ വിലകല്‍പിക്കുന്നില്ലെങ്കില്‍ അത് അവരുടെ മനസ്സിലെ വല്ലാതെ വേദനിപ്പിക്കും. അവഗണന എന്നത് ഏതു പ്രായത്തില്‍ പെട്ടവരും ഇഷ്ടപ്പെടാത്ത കാര്യമാണല്ലോ.

ക്വുര്‍ആന്‍ വാര്‍ധക്യത്തിലെത്തിയവരോട് കാണിക്കേണ്ട മര്യാദകളും കടമകളും പറയുന്നത് പറഞ്ഞുതരുന്നത് നോക്കൂ:

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക'' (17:23).

ഈ വചനത്തിലൂടെ അല്ലാഹു പറയുന്ന കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം:

(1). അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുത്.

ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതല്‍ വിവരിക്കേണ്ട ആവശ്യമില്ല.

(2) മാതാപിതാക്കളോടു നന്മചെയ്യണം.  

(3) അവരോട് മാന്യമായി മാത്രം സംസാരിക്കണം; വാര്‍ധക്യം പ്രാപിച്ചാല്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അവര്‍ക്ക് വെറുപ്പുതോന്നുന്ന രീതില്‍ ഒരു വാക്കും അവരോട് ഉച്ചരിച്ചുകൂടാ.

അവര്‍ മക്കളുടെ ജന്മത്തിനു കാരണക്കാരാണ്.  ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണ് മക്കളെ അവര്‍ പരിപാലിച്ചു വളര്‍ത്തിയിട്ടുള്ളത്. അല്ലാഹുവിനോടു മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ചു പ്രസ്താവിച്ച ഉടനെത്തന്നെ അതോടുചേര്‍ത്തുകൊണ്ടു മാതാപിതാക്കളോടു മക്കള്‍ നിറവെറ്റേണ്ടുന്ന കടമയെക്കുറിച്ചു പ്രസ്താവിച്ചതില്‍നിന്ന് അവരോടുള്ള കടമകള്‍ക്കു അല്ലാഹു കല്‍പിച്ച പ്രധാന്യം എത്ര വമ്പിച്ചതാണെന്നു മനസ്സിലാക്കാവുന്നതാണ്. വേറെയും ചില വചനങ്ങളില്‍ ഈ രണ്ടു കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേര്‍ത്തു പ്രസ്താവിച്ചിരിക്കുന്നത് കാണാം. ചില സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വക ഒരു വസ്വിയ്യത്തുകൂടിയായിട്ടാണ് മാതാപിതാക്കള്‍ക്കു നന്മചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് എന്നു കാണാം.

''തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 29:8).

''മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്-എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം'' (ക്വുര്‍ആന്‍ 31:14).

''തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 46:15).

മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു കല്‍പിച്ചു മതിയാക്കാതെ, അതിനൊരു രൂപരേഖയൊന്നോണം തുടര്‍ന്നു ചില കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു:

(1) മാതാപിതാക്കളോട് 'ഛെ!' എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ പറഞ്ഞുകൂടാ. എക്കാലത്തും അവരോടു കാണിക്കേണ്ട് ഒരു മര്യാദ തന്നെയാണിത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ അവരുടെ വാക്കിലും പെരുമാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കള്‍ക്കു രുചിക്കാത്ത പലതും കൂടുതല്‍ അനുഭവപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്.

(2) അവരോടു കയര്‍ത്തു സംസാരിക്കുകയോ പരുഷവാക്കുകള്‍ പറയുകയോ ചെയ്യരുത്.

(3) അവരോടു സംസാരിക്കുന്നതു മാന്യമായ വാക്കുകളിലായിരിക്കുക കൂടി വേണം. അഥവാ, അച്ചടക്കവും മര്യാദയും ബഹുമാനവും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്.

ഈ 'മാന്യമായ വാക്കു' കൊണ്ട് എന്താണുദ്ദേശ്യമെന്നു ചോദിക്കപ്പെട്ടപ്പോള്‍, സഈദുബ്‌നുല്‍ മുസ്വയ്യബ് (റഹി) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്‌നു ജരീര്‍(റഹി) നിവേദനം ചെയ്തിരിക്കുന്നു: ''പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോടു പറയും പ്രകാരമുള്ള വാക്ക്.''

അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിര്‍ക്ക്. ആ ശിര്‍ക്ക് ചെയ്യുവാന്‍ വല്ല മാതാപിതാക്കളും മക്കളോട് നിര്‍ബന്ധം ചെലുത്തിയാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കരുതെന്നു കല്‍പിച്ചതോടൊപ്പം തന്നെ, അവരെ ഇഹലോകവിഷയങ്ങളില്‍ അനുസരിക്കുകയും അവരോട് നല്ല നിലയില്‍  സഹവസിക്കുകയും വേണം എന്നുകൂടി അല്ലാഹു കല്‍പിച്ചിരിക്കുന്നു.

(4) അവര്‍ക്കു എളിമയാകുന്ന ചിറകു താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹവാത്സല്യം നിമിത്തം അതിന്റെ ചിറകുവിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ട് അതിനുള്ളില്‍ അവയെ അണച്ചുകൂട്ടാറുള്ളതിനോടു ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് 'ചിറകു താഴ്ത്തല്‍.' ഒരുകാലത്ത് സ്‌നേഹവാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ടു പെരുമാറിയപോലെ, അവരുടെ വാര്‍ധക്യത്തില്‍ അവരോട് അങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്നു താല്‍പര്യം. ഇതു കേവലം ഒരു പ്രകടനമോ അഭിനയമോ ആയിക്കൂടാ. അവരോടുള്ള കാരുണ്യത്തില്‍നിന്നും കൃപയില്‍നിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്നുകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണു 'കാരുണ്യം നിമിത്തം' എന്ന വാക്കു സൂചിപ്പിക്കുന്നത്.

(5) അവര്‍ക്കുവേണ്ടി, 'എന്റെ രക്ഷിതാവേ, അവര്‍ രണ്ടാളും എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയുണ്ടാക്കിയതുപോലെ നീ അവരോടു കരുണ ചെയ്യേണമേ!' എന്നു പ്രാര്‍ഥിക്കണം. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നോ മറ്റോ പറഞ്ഞുമതിയാക്കാതെ, പ്രാര്‍ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചുതന്നിരിക്കുകയാണ്. 'എന്റെ ശൈശവത്തിലും ബാല്യത്തിലും എന്നെ വളര്‍ത്തിവലുതാക്കുവാന്‍ അവര്‍ക്ക് വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അവരോടുള്ള എന്റെ കടപ്പാട് വേണ്ടതുപോലെ നിര്‍വഹിക്കുവാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരില്‍ നീ തന്നെ നിന്റെ കാരുണ്യം അവരില്‍ ചൊരിയേണമേ' എന്നാണാ

പ്രാര്‍ഥനയുടെ താല്‍പര്യം.

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, അവരുടെ മരണശേഷവും മക്കള്‍ക്കു അവരോടു ചില കടപ്പാടുകളുണ്ട്. അവയില്‍ ഒന്നത്രെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.

'എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടശേഷം അവര്‍ക്കു ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേല്‍ ബാക്കിയുണ്ടോ?' എന്നു ഒരാള്‍ നബി ﷺ യോടു ചോദിച്ചു. അപ്പോള്‍ തിരുമേനി ﷺ ഇങ്ങനെ മറുപടി പറയുകയുണ്ടായി: ''ഉണ്ട്. നാലു കാര്യങ്ങളുണ്ട്. അവരുടെ പേരില്‍ (ജനാസ) നമസ്‌കരിക്കുകയും അവര്‍ക്കു പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവര്‍ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും; ഇവയാണ് അവരുടെ മരണശേഷം അവരോടു ചെയ്യേണ്ട പുണ്യത്തില്‍ നിന്റെമേല്‍ ബാക്കിയുള്ളത്'' (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ).

ഇബ്‌നു ഉമര്‍(റ) ഒരിക്കല്‍ മക്കയിലെ ഒരു തെരുവീഥിയില്‍വെച്ച് ഒരു 'അഅ്‌റാബി'യെ (ഗ്രാമീണനെ) കണ്ടപ്പോള്‍, അദ്ദേഹത്തിനു സലാം ചൊല്ലി വാഹനപ്പുറത്തുനിന്നിറങ്ങി. അദ്ദേഹത്തെ അതിന്‍മേല്‍ ഒന്നിച്ചിരുത്തുകയും തന്റെ തലപ്പാവ് അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഇബ്‌നുദീനാര്‍(റ) പറയുകയാണ്: 'ഈ അഅ്‌റാബികള്‍ക്ക് അല്‍പം കൊടുത്താലും അവര്‍ തൃപ്തിപ്പെടുമല്ലോ' എന്ന് ഞങ്ങള്‍ അപ്പോള്‍ ഇബ്‌നു ഉമറി(റ)നോടു പറയുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇയാളുടെ പിതാവ് (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂല്‍ ﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുമുണ്ട്: പുണ്യത്തില്‍വെച്ചു വളരെനല്ല ഒരു പുണ്യമാണു പിതാവ് പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോടു ബന്ധം ചേര്‍ക്കുന്നത്' (മുസ്‌ലിം).

(അവസാനിച്ചില്ല)