പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

(ഭാഗം: 4)

നന്മ ലഭിച്ചവനെ അനുമോദിക്കല്‍

മനുഷ്യരിലുള്ള വളരെ മോശം സ്വഭാവങ്ങളിലൊന്നാണ് അപരന് നന്മ ലഭിച്ചാല്‍ അതില്‍ അസൂയ വെക്കുക എന്നത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഒരു നേട്ടം ലഭിച്ചാല്‍ അതില്‍ അവരെപ്പോലെ നമുക്കും സന്തോഷിക്കാന്‍ കഴിയണം. അപ്പോഴേ നാം ശുദ്ധമനഃസ്ഥിതിക്കാരാവുകയുള്ളൂ. അല്ലാതെ അപരന് കൈവന്ന നന്മയില്‍ അസൂയവെക്കുകയും തനിക്ക് കിട്ടാത്ത നേട്ടം അവന് ലഭിച്ചതില്‍ നിരാശപൂണ്ട് അത് അവനില്‍നിന്ന് നഷ്ടപ്പെടാനോ, അവന്റെ നേട്ടം തട്ടിയെടുക്കാനോ ആഗ്രഹിക്കുകയോ, അവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ അല്ല വേണ്ടത്. കഷ്ടപ്പാടുകള്‍ക്കും ത്യാഗങ്ങള്‍ക്കും നീണ്ട പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഒരാള്‍ ഒരു നേട്ടം കൊയ്തിട്ടുണ്ടെങ്കില്‍ അതില്‍ മനസ്സറിഞ്ഞ് സന്തോഷിക്കുകയും അവനില്‍ അത് നിലനില്‍ക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന സന്മനസ്സാണ് ഒരു സത്യവിശ്വാസിക്ക് ഉണ്ടാകേണ്ടത്.

ഒരു സംഭവം പറയാം: തബൂക്ക് യുദ്ധത്തിനുവേണ്ടി നബിﷺയും മുഹാജിറുകളും അന്‍സ്വാറുകളും തയ്യാറാകുന്ന സന്ദര്‍ഭത്തില്‍ ചിലര്‍ അതില്‍നിന്നും പിന്തിരിഞ്ഞുപോയി. എന്നാല്‍ പിന്നീട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തിട്ടുണ്ട്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു-അവരില്‍ നിന്ന് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞുമടങ്ങി. തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 9:117) എന്ന വചനം ഇറങ്ങിയ സന്ദര്‍ഭത്തില്‍, യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞുനിന്നവരില്‍പെട്ട ഒരാളായ കഅ്ബ് ഇബ്‌നുമാലിക്(റ) തന്റെ അടുക്കല്‍വന്ന വീഴ്ചയില്‍ ദുഃഖാകുലനായി കഴിച്ചുകൂട്ടുമ്പോള്‍ (തനിക്ക് അല്ലാഹു പൊറുത്ത് തന്നതായി) സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് വന്നയാളുടെ ശബ്ദം കേട്ടപാടെ സുജൂദ് ചെയ്ത് അല്ലാഹുവിന് നന്ദി കാണിച്ചു. പിന്നീട് നബിﷺയുടെ അടുക്കലേക്ക് മടങ്ങി.

കഅ്ബ്(റ) പറയുന്നു: ''ഞാന്‍ നബിﷺയും സ്വഹാബികളും ഒന്നിച്ചിരിക്കുന്ന അവസരത്തില്‍ പള്ളിയിലേക്ക് കടന്നുചെന്നു. അന്നേരം ത്വല്‍ഹത് ഇബ്‌നു ഉബൈദില്ല(റ) എന്റെ അടുത്തേക്ക് ഓടിവന്ന് എനിക്ക് ഹസ്തദാനം നല്‍കി എന്നെ അനുമോദിക്കുകയുണ്ടായി'' (ബുഖാരി).

നോക്കൂ, സ്വഹാബത്തിന്റെ പരസ്പരമുള്ള ആ ഒരു സ്‌നോഹോഷ്മളമായ ബന്ധവും പെരുമാറ്റവും! തങ്ങളുടെ സഹോദരങ്ങളുടെ വീഴ്ചയില്‍ അവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുത്തു എന്ന അവരുടെ നേട്ടത്തില്‍ അവരെപ്പോലെ അവരുടെ സന്തോഷത്തില്‍ പങ്കുകൊണ്ടവരാണ് സ്വഹാബത്ത്. ഈയൊരു മനോഭാവമായിരിക്കണം എല്ലാ വിശ്വാസികള്‍ക്കുമുണ്ടാവേണ്ടത്.

ഭക്ഷണ മര്യാദകള്‍

രാത്രിഭക്ഷണം പലപ്പോഴും കുടുംബത്തോടൊന്നിച്ച് ഹോട്ടലുകളിലും വലിയ റെസ്റ്റോറന്റുകളിലും പോയി കഴിക്കുന്നവരാണിന്ന് -പ്രത്യേകിച്ച് നഗരങ്ങളില്‍- കൂടുതലും. അതിന് പല കാരണങ്ങളുണ്ട്. കുടുംബവുമായി പുറത്തിറങ്ങുമ്പോഴുള്ള സന്തോഷം, മക്കളെ സന്തോഷിപ്പിക്കല്‍, ഇടക്കൊക്കെയൊന്ന് ഭാര്യയുടെ ജോലികുറച്ച് ആശ്വാസം നല്‍കല്‍, ഭക്ഷണവൈവിധ്യം ആസ്വദിക്കല്‍ എന്നിങ്ങനെ പലതും. വലിയ ജോലിത്തിരക്കുകള്‍ ഉള്ളവര്‍ ഭാര്യയുമായി സല്ലപിക്കാനും ടെന്‍ഷന്‍ കുറക്കാനും സമയം കണ്ടെത്തുന്നതും ഇതുപോലെയുള്ള സമയങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഫാസ്റ്റ് ഫുഡ് കടകള്‍ക്ക് പഞ്ഞമില്ല.

ഇത്തരം ഭക്ഷണശാലകളില്‍ ഭക്ഷണത്തിന് കയറി മെനു നോക്കി തങ്ങള്‍ക്കുവേണ്ട വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞാല്‍ ആദ്യം വരിക പ്ലൈറ്റുകളാണ്! അതു കഴിഞ്ഞാല്‍ പിന്നീട് ഓരോ ഗ്ലാസ്സ് വെള്ളം കൊണ്ടുവന്ന് മേശപ്പുറത്ത് വെക്കും. അതിനു പിന്നാലെ ടിഷ്യൂപേപ്പറുമെത്തും. പിന്നെയും ഒരുപാട് സമയം ഇരിക്കേണ്ടി വരുന്നതിനാല്‍ ബോറഡി ഒഴിവാക്കാന്‍ ഭക്ഷണത്തിനുമുമ്പുള്ള ചെറിയ വിഭവങ്ങള്‍ അതല്ലെങ്കില്‍ ഭക്ഷണത്തിന്റെ കൂടെ കഴിക്കാനുള്ള അച്ചാറും കച്ചമ്പറും മയോണൈസും സലാഡുമൊക്കെ കൊണ്ടുവന്നുവെക്കും. കാത്തിരിപ്പ് നീളുമ്പോള്‍ മുന്നില്‍ കൊണ്ടുവെച്ച ഐറ്റംസ് ഒന്ന് ടച്ച് ചെയ്യും. പിശാച് എത്ര സൂത്രത്തിലാണ് മനുഷ്യനെ കെണിയില്‍ പെടുത്തുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണവും ഒരുപക്ഷേ, ഇതായിരിക്കും. മേല്‍പറയപ്പെട്ട ഐറ്റങ്ങള്‍ അല്‍പാല്‍പമായി മുമ്പിലിരിക്കുന്ന പ്ലൈറ്റിലേക്ക് ഒഴിക്കും. എന്നിട്ട് പതിയെ രുചിക്കാന്‍ തുടങ്ങും. എന്നാല്‍ അന്നേരം ബിസ്മി ചൊല്ലാന്‍  പലരും മറന്നുപോകും. പിന്നീട് ഓര്‍ഡര്‍ ചെയ്ത വിഭവസമൃദ്ധമായ ഭക്ഷണം മുന്നിലെത്തിയാലോ, ആദ്യമേ ബിസ്മി ചൊല്ലാതെ കഴിച്ചു തുടങ്ങിയതുകൊണ്ട് പിന്നെ ബിസ്മി ചൊല്ലേണ്ട കാര്യം ഓര്‍ക്കുകയുമില്ല!

ഉമര്‍ ഇബ്‌നുഅബീസലമ(റ)യില്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഒരുദിനം അല്ലാഹുവിന്റെ റസൂലിനോടൊപ്പം ഭക്ഷിച്ചു. അപ്പോള്‍ തളികയ്ക്കു ചുറ്റുമുള്ള മാംസത്തില്‍നിന്ന് ഞാന്‍ എടുക്കുവാന്‍ തുടങ്ങി. അല്ലാഹുവിന്റെ റസൂല ﷺ പറഞ്ഞു: 'എന്റെ പുന്നാരമോനേ, നീ ബിസ്മി ചൊല്ലുക, വലതു കൈകൊണ്ട് ഭക്ഷിക്കുക, നിന്റെ മുന്നില്‍നിന്ന് ഭക്ഷിക്കുക.'' (മുസ്‌ലിം)

മൂന്ന് കാര്യങ്ങളാണ് ഈ ഹദീഥില്‍ പഠിപ്പിക്കുന്നത്:

1. ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതിന് മുമ്പ് 'ബിസ്മില്ലാഹി' (അല്ലാഹുവിന്റെ നാമത്തില്‍) എന്നു പറയണം.

2. ഭക്ഷണ പാനീയങ്ങള്‍ വലതുകൈകൊണ്ടാണ് കഴിക്കേണ്ടത്. ഇന്ന് ഇതും വളരെ വിരളമായി മാത്രമാണ് കാണുന്നത്. ഭക്ഷണം വലതു കൈകൊണ്ട് കഴിക്കുകയും വെള്ളം ഇടതുകൈകൊണ്ട് കുടിക്കുകയും ചെയ്യുന്നവരാണ് അധികവും. അത്തരക്കാരോട് വലതുകൈകൊണ്ട് കുടിക്കൂ എന്ന് ഉപദേശിച്ചാല്‍ തന്നെയും അവര്‍ക്കുള്ള മറുപടി ഭക്ഷണം കഴിക്കുന്ന കൈകൊണ്ട് വെള്ളത്തിന്റെ ഗ്ലാസ്സില്‍ പിടിച്ചാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അതില്‍ പിടിക്കും എന്നുള്ളതാണ്. എന്നാല്‍ ആ പറഞ്ഞതില്‍ യാതൊരു കഴമ്പുമില്ലെന്ന് നമുക്ക് മനസ്സിലാകും. കാരണം നാം കഴിക്കുന്ന പാത്രങ്ങളാകട്ടെ, ഗ്ലാസ്സുകളാകട്ടെ കഴുകാന്‍ സോപ്പോ മറ്റോ ഉപയോഗിക്കുന്നതിനാല്‍ വൃത്തിയാക്കാന്‍ പ്രയാസമില്ല. അതല്ലെങ്കില്‍ നാം കുടിക്കുന്ന ഗ്ലാസ്സ് ഡിസ്‌പോസിബിള്‍ ആയിരിക്കും. അതിനാല്‍ തന്നെ ഭക്ഷണാവശിഷ്ടങ്ങള്‍ ഗ്ലാസ്സില്‍ പറ്റിപ്പിടിക്കുമെന്ന തോന്നല്‍ വേണ്ടതില്ല. അതിന്റെ പേരിലുള്ള അനാവശ്യ ലജ്ജയും ഒഴിവാക്കേണ്ടതാണ്. ആരോഗ്യ ശാസ്ത്രം പറയുന്നത് ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുതെന്നാണ്. ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പോ അര മണിക്കൂര്‍ ശേഷമോ കുടിക്കലാണ് നല്ലത് എന്നാണ്. ഇത് പാലിക്കുന്നവര്‍ക്ക് മേല്‍ പറഞ്ഞ ന്യായീകരണം നടത്തേണ്ടിവരില്ലല്ലോ.

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ പറഞ്ഞു: ''നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ വലതുകൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുമ്പോള്‍ വലതുകൈകൊണ്ട് കുടിക്കുകയും ചെയ്യുക. നിശ്ചയം ഇടതു കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുക പിശാചാണ്.'' (മുസ്‌ലിം)

ഉമര്‍(റ) നിവേദനം; റസൂല ﷺ പറഞ്ഞു: ''നിങ്ങളിലൊരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലതു കൈകൊണ്ട് ഭക്ഷിക്കട്ടെ. കുടിക്കുകയാണെങ്കില്‍ വലതുകൈകൊണ്ട് കുടിക്കുകയും ചെയ്യട്ടെ. തീര്‍ച്ചയായും ശൈത്വാനാണ് തന്റെ ഇടതുകൈകൊണ്ട് തിന്നുകയും ഇടതുകൈകൊണ്ട് കുടിക്കുകയും ചെയ്യുക.'' (മുസ്‌ലിം)

ഒരു വ്യക്തി അല്ലാഹുവിന്റെ റസൂലിനടുക്കല്‍ തന്റെ ഇടതുകൈകൊണ്ട് ഭക്ഷിച്ചു. അപ്പോള്‍ തിരുമേനിﷺ പറഞ്ഞു: 'നിങ്ങളുടെ വലതുകൈകൊണ്ട് ഭക്ഷിക്കുക.' അയാള്‍ പറഞ്ഞു: 'എനിക്കു സാധിക്കുകയില്ല.' നബിﷺ പറഞ്ഞു: 'നിങ്ങള്‍ക്ക് സാധിക്കാതിരിക്കട്ടെ.' അഹങ്കാരം മാത്രമാണ് അയാളെ വലതുകൈകൊണ്ട് ഭക്ഷിക്കുന്നത് തടഞ്ഞത്. പിന്നീട് അയാളുടെ ആ കൈ അയാള്‍ തന്റെ വായിലേക്ക് ഉയര്‍ത്തിയിട്ടില്ല.'' (മുസ്‌ലിം)

3. തന്റെ മുന്നില്‍ നിന്ന് ഭക്ഷിക്കുക: ഒരു തളികയിലോ, സുപ്രവിരിച്ച് അതിന് നടുവില്‍വെച്ച ഭക്ഷണത്തില്‍ നിന്നോ ആണ് കഴിക്കുന്നതെങ്കില്‍ അവനവന്റെ ഭാഗത്തുനിന്നാണ് തിന്നുതുടങ്ങേണ്ടത്.

ഇബ്‌നു അബ്ബാസ്(റ)ല്‍നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ''നിങ്ങള്‍ തളികയില്‍ അതിന്റെ ചുറ്റു ഭാഗങ്ങളില്‍നിന്ന് തിന്നുതുടങ്ങുക. നിങ്ങള്‍ അതിന്റെ മധ്യത്തില്‍നിന്ന് തിന്നരുത്. കാരണം, ബറകത്ത് (അനുഗ്രഹം) അതിന്റെ മധ്യത്തിലാണ് ഇറങ്ങുക.'' (അഹ്മദ്)

ഭക്ഷണത്തളികയില്‍ ഒരു ഇനം മാത്രമാണെങ്കില്‍ തന്റെ മുന്നില്‍നിന്ന് കഴിക്കുകയാണ് വേണ്ടത്. എന്നാല്‍ തളികയില്‍ ഒന്നിലധികം വിഭവങ്ങളുണ്ടെങ്കില്‍ അവയിരിക്കുന്ന ഭാഗങ്ങളില്‍നിന്ന് എടുത്ത്കഴിക്കാവുന്നതാണ്. അപ്പോഴാണല്ലോ പാത്രത്തിലെ എല്ലാ വിഭവങ്ങളും കഴിക്കാനാവുക.

വസ്ത്രം ധരിക്കുമ്പോഴും അഴിക്കുമ്പോഴുമുള്ള പ്രാര്‍ഥനകള്‍

അല്ലാഹു നമുക്ക് നല്‍കിയ അനേകം അനുഗ്രഹങ്ങളില്‍ ഒന്നാണ് നാം ധരിക്കുന്ന വസ്ത്രം. അത് ഒരു അലങ്കാരമാണ്. മനുഷ്യന്റെ നഗ്നത മറക്കാനുള്ള വസ്തുവുമാണ്. ഓരോ രാജ്യത്തിനും ഓരോ സംസ്‌കാരമുണ്ട്. അവരുടെ സംസ്‌കാരം അവിടുത്തെ വസ്ത്രധാരണത്തിലും നമുക്ക് ദര്‍ശിക്കാം. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ച് വസ്ത്രം കൊണ്ട് ഉദ്ദേശിക്കുന്നത് നിര്‍ബന്ധമായും നഗ്നത മറക്കുക എന്നതുതന്നെയാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

''ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.'' (7:26)

''ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.'' (7:31)

നഗ്നത പ്രകടിപ്പിച്ചുകൊണ്ട് ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന സമ്പ്രദായം അജ്ഞാനകാലത്തെ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അത്തരം പ്രവണത തീര്‍ത്തും നിഷിദ്ധമാണെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ വസ്ത്രം ധരിക്കാനും തിന്നുമ്പോഴും കുടിക്കുമ്പോഴും മിതത്വം പാലിക്കാനുമുള്ള അല്ലാഹുവിന്റെ നിര്‍ദേശമാണിത്. ഈ കാര്യങ്ങളില്‍ അതിരു കവിഞ്ഞവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്നും ഉണര്‍ത്തുന്നു.

നബിﷺ പറഞ്ഞു: ''അമിതവ്യയവും ധൂര്‍ത്തും ഇല്ലാതെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും വസ്ത്രം ധരിക്കുകയും ദാനധര്‍മം നിര്‍വഹിക്കുകയും ചെയ്യുക.'' (ബുഖാരി)

''...നിങ്ങളെ ചൂടില്‍നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്) കീഴ്‌പെടുന്നതിന് വേണ്ടി.'' (ക്വുര്‍ആന്‍ 16:81)

ഇസ്‌ലാമില്‍ പുരുഷനും സ്ത്രീക്കും വ്യത്യസ്ത വസ്ത്രധാരണ രീതിയാണുള്ളത്. അവ അവരുടെ നഗ്‌നത മറയ്ക്കുന്ന രൂപത്തിലുമാണ്.

പുരുഷനാകട്ടെ, സ്ത്രീയാകട്ടെ പുതുവസ്ത്രം ധരിക്കുമ്പോഴും, സാധാരണ വസ്ത്രം ധരിക്കുന്ന വേളകളിലും, വസ്ത്രം അഴിച്ചുവെക്കുന്ന സന്ദര്‍ഭത്തിലും പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനകള്‍ നബിﷺ പഠിപ്പിച്ചിട്ടുണ്ട്.

പുതുവസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ഥന:

അബൂസഈദില്‍ ഖുദ്‌രിയ്യി(റ) നിവേദനം ചെയ്യുന്ന ഹദീഥില്‍ നബിﷺ പുതുവസ്ത്രം ധരിക്കുമ്പോള്‍ നടത്തിയിരുന്ന പ്രാര്‍ഥന ഇപ്രകാരം വന്നിട്ടുണ്ട്: ''അല്ലാഹുമ്മ ലകല്‍ഹംദു അന്‍ത കസൗവ്തനീഹി, അസ്അലുക മിന്‍ ഖൈരിഹി വഖയ്‌രി മാ സ്വുനിഅ ലഹു, വ അഊദുബിക മിന്‍ ശര്‍രിഹി വശര്‍രിമാ സ്വുനിഅ ലഹു.'' (അബൂദാവൂദ്)

സാരം: 'അല്ലാഹുവേ, നിനക്ക് മാത്രമാണ് സ്തുതികള്‍ മുഴുവനും. നീയാണ് ഇത് എന്നും ധരിപ്പിച്ചത്. ഇതിന്റെ നന്മയും ഇത് ഏതൊന്നിനുവേണ്ടി നിര്‍മിക്കപ്പെട്ടുവോ അതിന്റെ നന്മയും നിന്നോട് ഞാന്‍ തേടുന്നു. ഇതിന്റെ തിന്മയില്‍നിന്നും ഇത് ഏതൊന്നിന് വേണ്ടി നിര്‍മിക്കപ്പെട്ടുവോ അതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.'

വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ഥന:

''അല്‍ഹംദുലില്ലാഹില്ലദീ കസാനീ ഹാദാ വ റസഖനീഹി മിന്‍ ഗൈരി ഹൗവ്‌ലിം മിന്നീ വലാ ക്വുവ്വഃ''

സാരം: 'എന്നില്‍നിന്നുള്ള യാതൊരു കഴിവും ശേഷിയും കൂടാതെ ഈ വസ്ത്രം എന്നെ ധരിപ്പിക്കുകയും ഇത് എനിക്ക് പ്രദാനം ചെയ്യുകയും ചെയ്ത അല്ലാഹുവിന് മാത്രമാകുന്നു സര്‍വസ്തുതികളും.'

വസ്ത്രം ധരിക്കുന്നവന്‍ ഇപ്രകാരം പറഞ്ഞാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഇമാം അബൂദാവൂദും ദാരിമിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വസ്ത്രം അഴിക്കുമ്പോഴുള്ള പ്രാര്‍ഥന:

'ബിസ്മില്ലാഹി' എന്നു പറഞ്ഞുകൊണ്ട് വസ്ത്രം അഴിച്ചുവെക്കല്‍ പ്രവാചക സുന്നത്തില്‍പെട്ടതാണെന്ന് ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഹദീഥില്‍ വന്നിട്ടുണ്ട്.