ക്വുര്‍ആനിന്‍റെ അജയ്യത

അബൂമുര്‍ശിദ

2021 മാര്‍ച്ച് 13 1442 റജബ് 29

അറബിസാഹിത്യ തറവാട്ടിലെ അതികായന്മാര്‍ക്കിടയിലാണ് വിശുദ്ധ ക്വുര്‍ആന്‍ അവതരിക്കുന്നത്. ഇന്നും അറബിഭാഷയുടെയും സാഹിത്യത്തിന്‍റെയും അഗാധതകളിലേക്കിറങ്ങാന്‍ താല്‍പര്യമുള്ളവരോട് പതിനാല് നൂറ്റാണ്ട് മുമ്പുള്ള അറബിക്കവിതകളെ പഠനവിധേയമാക്കുവാനാണ് ഭാഷാപണ്ഡിതന്മാര്‍ നിര്‍ദേശിക്കാറുള്ളത്. അങ്ങനെ അറബിസാഹിത്യത്തിലെ മുടിചൂടാമന്നന്‍മാരായി വിരാജിച്ചിരുന്നവര്‍ പോലും ക്വുര്‍ആനിന്‍റെ സാഹിത്യമേന്മയും ആശയഗാംഭീര്യവും അംഗീകരിച്ചിരുന്നുവെന്നതാണ് വാസ്തവം.

അറബികള്‍ക്കിടയിലെ പ്രശസ്ത സാഹിത്യകാരനായിരുന്നു വലീദുബ്നു മുഗീറ. ധാരാളം കവിതകളും പ്രസംഗങ്ങളും അദ്ദേഹം മനഃപാഠമാക്കിയിരുന്നു. ഒരിക്കല്‍ പ്രവാചകന്‍ ﷺ നമസ്കാരത്തില്‍ വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് അദ്ദേഹം കേള്‍ക്കാനിടയായി. ക്വുര്‍ആനിന്‍റെ വശ്യസുന്ദരമായ സാഹിത്യമേന്മയിലും ആശയ ഭംഗിയിലും ആകൃഷ്ടനായ അദ്ദേഹം തന്‍റെ കുടുംബക്കാരുടെ മുന്നില്‍ അതിനെക്കുറിച്ച് വിശദീകരിച്ചത് ഇപ്രകാരമാണ്: 'അല്ലാഹുവാണ് സത്യം! ഞാന്‍ ചില വാചകങ്ങള്‍ കേട്ടു. അത് മനുഷ്യരുടെ വാക്യങ്ങളല്ല. ജിന്നുകളുടെ വാക്യങ്ങളുമല്ല. അല്ലാഹുവാണ് സത്യം! അതിനൊരു പ്രത്യേക മാധുര്യവും വശ്യതയുമുണ്ട്. അത് എല്ലാറ്റിനെക്കാളും മികച്ചുനില്‍ക്കുന്നു. അതിനെ മികച്ചുനില്‍ക്കാന്‍ മറ്റൊന്നുമില്ല.'

മറ്റൊരിക്കല്‍ ഉത്ബത്ത് പ്രവാചകനോട് വിയോജിപ്പുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ പ്രവാചകന്‍ ﷺ സൂറത്തുല്‍ ഫുസ്സ്വിലത്തിലെ ആദ്യഭാഗങ്ങള്‍ ഉത്ബത്തിനെ ഓതിക്കേള്‍പിച്ചു. ശേഷം അതിനെക്കുറിച്ച് ഉത്ബത്ത് തന്‍റെ കൂട്ടുകാരാടായി പറഞ്ഞു: 'ഞാന്‍ ചില വചനങ്ങള്‍ കേട്ടു. അല്ലാഹുവാണെ, അതിന് തുല്യമായത് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല. അത് കവിതയിലോ മാരണത്തിലോ ജ്യോത്സ്യത്തിലോ പെട്ടതല്ല.'

ക്വുര്‍ആനിന്‍റെ സാഹിത്യമേന്മയും ആശയഭംഗിയും ബോധ്യപ്പെട്ട അവര്‍ പക്ഷേ, അഹങ്കാരവും വിദ്വേഷവും നിമിത്തം ക്വുര്‍ആനിനെ തള്ളിപ്പറയുകയാണ് ചെയ്തത്. വിശുദ്ധ ക്വുര്‍ആന്‍ കെട്ടിച്ചമച്ചതാണെന്ന വാദവുമായി അവര്‍ മുന്നോട്ടുവന്നു. അപ്പോള്‍ ക്വുര്‍ആന്‍ അവരെ വെല്ലുവിളിച്ചു; ഇതുപോലൊരു വേദഗ്രന്ഥം കൊണ്ടുവരാന്‍: "(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ടുവരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ടുവരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും." (ക്വുര്‍ആന്‍ 17:88).

അവരുടെ പരിശ്രമം അവരെ ചില ഗദ്യപദ്യങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതിലേക്കെത്തിച്ചു. അവസാനം അവര്‍ക്കുതന്നെ മനസ്സിലായി ഇത് വിശുദ്ധ ക്വുര്‍ആനിന് സമാനമായി എടുത്തുകാട്ടുന്നത് വിഡ്ഢിത്തമാണെന്ന്. എങ്കിലും അഹങ്കാരം സത്യത്തെ അംഗീകരിക്കാന്‍ അവരെ സമ്മതിച്ചില്ല. അവര്‍ വിമര്‍ശനങ്ങളും എതിര്‍പ്പും അഭംഗുരം തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോള്‍ വിശുദ്ധ ക്വുര്‍ആന്‍ വീണ്ടും വെല്ലുവിളിച്ചു; ഈ ക്വുര്‍ആന്‍ നബി ﷺ കെട്ടിച്ചമച്ചതാണെങ്കില്‍ അതിന് സമാനമായ, കെട്ടിച്ചമച്ചുണ്ടാക്കിയ പത്ത് അധ്യായങ്ങള്‍ കൊണ്ടുവരിക; അല്ലെങ്കില്‍ ഒരു അധ്യായമെങ്കിലും കൊണ്ടുവരിക: "അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? പറയുക: എന്നാല്‍ ഇതുപോലെയുള്ള പത്ത് അധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ടുവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍" (ക്വുര്‍ആന്‍ 11:13). "അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അധ്യായം നിങ്ങള്‍ കൊണ്ടവരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍"(ക്വുര്‍ആന്‍ 10:38).