ഔല്‍: മസ്അലയും വിമര്‍ശകരും

ശബീബ് സ്വലാഹി തിരൂരങ്ങാടി

2021 ഏപ്രില്‍ 10 1442 ശഅബാന്‍ 27

(ഇസ്ലാമിക അനന്തരാവകാശം: 8)

ഔല്‍ സംഭവിക്കുന്ന അടിസ്ഥാന ഓഹരികളും അവയുടെ അവസ്ഥകളും:

ഇസ്ലാമിക അനന്തരാവകാശ നിയമത്തില്‍ 2,3,4,6,8,12,24 എന്നീ സംഖ്യകളാണ് പണ്ഡിതന്‍മാര്‍ ഏകോപിച്ച അടിസ്ഥാനോഹരികളായി പരിഗണിക്കപ്പെടുന്നത് എന്ന് നാം മുമ്പ് മനസ്സിലാക്കി. അവയില്‍ നിന്നും 6,12,24 എന്നീ മൂന്ന് ഓഹരികളില്‍ മാത്രമാണ് ഔല്‍ സംഭവിക്കുക എന്ന് ആദ്യമെ നാം അറിഞ്ഞിരിക്കണം. അവയില്‍ ഓരോന്നിന്നും വ്യത്യസ്ത അവസ്ഥകള്‍ ഉണ്ട്. അവ ഓരോന്നും ഉദാഹരണ സഹിതം നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.

അടിസ്ഥാന ഓഹരിയായ 6ല്‍ സംഭവിക്കുന്ന ഔലുകള്‍

നാല് ഔലുകളാണ് അടിസ്ഥാന ഓഹരിയായ 6ല്‍ സംഭവിക്കുന്നത്.  

1. ആറില്‍നിന്നും ഏഴിലേക്കുള്ള ഔല്‍.

2. ആറില്‍നിന്നും എട്ടിലേക്കുള്ള ഔല്‍.

3. ആറില്‍നിന്നും ഒമ്പതിലേക്കുള്ള ഔല്‍.

4. ആറില്‍നിന്നും പത്തിലേക്കുള്ള ഔല്‍.

ഇവ ഓരോന്നും  ഓരോ ഉദാഹരണങ്ങള്‍ സഹിതം മനസ്സിലാക്കാന്‍ ശ്രമിക്കാം.

1. അടിസ്ഥാന ഓഹരിയായ ആറില്‍നിന്നും ഏഴിലേക്കുള്ള ഔല്‍

പരേതക്ക് അവകാശികളായുള്ളത് ഭര്‍ത്താവും മാതാവും പിതാവുമൊത്ത ഒരു സഹോദരിയും മാതാവൊത്ത ഒരു സഹോദരിയുമാണെന്ന് കരുതുക. ഭര്‍ത്താവിന്‍റെ നിശ്ചിതോഹരി പകുതി, മാതാവും പിതാവുമൊത്ത ഒരു സഹോദരിയുടെ നിശ്ചിതോഹരി പകുതി, മാതാവൊത്ത ഒരു സഹോദരിയുടെ നിശ്ചിതോഹരി ആറില്‍ഒന്ന് എന്നിങ്ങനെയാണല്ലൊ. അതുകാരണത്താല്‍ ക്രിയയുടെ അടിസ്ഥാന ഓഹരിയായി ആറ് പരിഗണിക്കപ്പെടും. എന്നാല്‍ അവകാശികളുടെ വ്യക്തി ഓഹരികളുടെ തുക നോക്കൂ: 3+3+1=7. അതിനാല്‍ ക്രിയയുടെ അടിസ്ഥന ഓഹരിയായി ഏഴ് (ഔല്‍) പരിഗണിക്കപ്പെടും.

2. അടിസ്ഥാന ഓഹരിയായ ആറില്‍നിന്നും ഏട്ടിലേക്കുള്ള ഔല്‍

പരേതക്ക് മേല്‍ ഉദാഹരണത്തില്‍ സൂചിപ്പിക്കപ്പെട്ട അവകാശികള്‍ക്ക് പുറമെ മാതാവ്കൂടി അവകാശിയായി ജീവിച്ചിരിക്കുന്ന അവസ്ഥ ഉണ്ടാകുക. അപ്പോള്‍ മാതാവിന്‍റെ നിശ്ചിതോഹരിയായ ആറില്‍ ഒന്നുകൂടി വ്യക്തി ഓഹരികളില്‍ വര്‍ധിക്കും. അങ്ങനെവരുമ്പോള്‍ ഭര്‍ത്താവിന്‍റെ നിശ്ചിതോഹരി പകുതി, മാതാവും പിതാവുമൊത്ത ഒരു സഹോദരിയുടെ നിശ്ചിതോഹരി പകുതി, മാതാവൊത്ത ഒരു സഹോദരിയുടെ നിശ്ചിതോഹരി ആറില്‍ ഒന്ന്, മാതാവിന്‍റെ  നിശ്ചിതോഹരി ആറില്‍ ഒന്ന് എന്നിങ്ങനെയും. അതിനാല്‍ ക്രിയയുടെ അടിസ്ഥാന ഓഹരി ആറാകുകയും ചെയ്യും. അപ്പോള്‍ അവകാശികളുടെ വ്യക്തി ഓഹരികളുടെ തുക: 3+3+1+1=8. ഈ 8 ക്രിയയിലെ അടിസ്ഥാന ഓഹരി (ഔല്‍) ആയി പരിഗണിക്കപ്പെടും.

3. അടിസ്ഥാന ഓഹരിയായ ആറില്‍നിന്നും ഒമ്പതിലേക്കുള്ള ഔല്‍

പരേതക്ക് മേല്‍ ഉദാഹരണത്തില്‍ സൂചിപ്പിക്കപ്പെട്ട അവകാശികളില്‍ മാതാവും പിതാവുമൊത്ത ഒരു സഹോദരി എന്നതിനു പകരം ഒന്നില്‍കൂടുതല്‍ സഹോദരിമാര്‍ ഉണ്ടാകുക. അപ്പോള്‍ അവരുടെ നിശ്ചിതോഹരി മൂന്നില്‍രണ്ടായി മാറും. അങ്ങനെവരുമ്പോള്‍ ഭര്‍ത്താവിന്‍റെ നിശ്ചിതോഹരി പകുതി, മാതാവും പിതാവുമൊത്ത സഹോദരിമാരുടെ നിശ്ചിതോഹരി മൂന്നില്‍ രണ്ട്, മാതാവൊത്ത ഒരു സഹോദരിയുടെ നിശ്ചിതോഹരി ആറില്‍ ഒന്ന്, മാതാവിന്‍റെ നിശ്ചിതോഹരി ആറില്‍ ഒന്ന് എന്നിങ്ങനെ ആകും. അതിന്‍റെ അടിസ്ഥാനത്തില്‍ ക്രിയയുടെ അടിസ്ഥാന ഓഹരി ആറായി മാറും. അവകാശികളുടെ വ്യക്തി ഓഹരികളുടെ തുക: 3+4+1+1=9. അതിനാല്‍ ഈ ക്രിയയിലെ അടിസ്ഥാനഓഹരി 9 (ഔല്‍) ആയി പരിഗണിക്കപ്പെടും.

4. അടിസ്ഥാന ഓഹരിയായ ആറില്‍നിന്നും പത്തിലേക്കുള്ള ഔല്‍

തൊട്ട് മേലെയുള്ള ഉദാഹരണം തന്നെ എടുക്കുക. അതില്‍ മാതാവൊത്ത ഒരു സഹോദരിക്ക് പകരം മാതാവെത്ത ഒന്നില്‍കൂടുതല്‍ സഹോദരിമാരോ സഹോദരന്മാരോ ആണ് അവകാശികളായുള്ളതെങ്കില്‍ അവരുടെ നിശ്ചിതോഹരി മൂന്നില്‍ ഒന്നായിമാറും. അങ്ങനെവരുമ്പോള്‍ ഭര്‍ത്താവിന്‍റെ നിശ്ചിതോഹരി പകുതി, മാതാവും പിതാവുമൊത്ത സഹോദരിമാരുടെ നിശ്ചിതോഹരി മൂന്നില്‍ രണ്ട്, മാതാവൊത്ത സഹോദരങ്ങളുടെ നിശ്ചിതോഹരി മൂന്നില്‍ ഒന്ന്, മാതാവിന്‍റെ നിശ്ചിതോഹരി ആറില്‍ ഒന്ന് എന്നിങ്ങനെ ആകും. അതിന്‍റെ അടിസ്ഥാനത്തില്‍ ക്രിയയുടെ അടിസ്ഥാന ഓഹരി ആറായി തീരും. അവകാശികളുടെ വ്യക്തി ഓഹരികളുടെ തുക: 3+4+2+1=10. അതിനാല്‍ ഈ ക്രിയയിലെ അടിസ്ഥാന ഓഹരിയായി 10 (ഔല്‍) പരിഗണിക്കപ്പെടുകയാണ് ചെയ്യുക.

ക്രിയയുടെ അടിസ്ഥാന ഓഹരിയായ 12ല്‍ കടന്നുവരുന്ന ഔലുകള്‍

ക്രിയയുടെ അടിസ്ഥാന ഓഹരിയായ 12ന് മൂന്ന് ഔലുകളാണുള്ളത്. 13,15,17 എന്നിവയിലേക്കാണ് 12ല്‍നിന്നും ഔല്‍ സംഭവിക്കാറുള്ളത്. മേല്‍ സൂചിപ്പിച്ചത് പോലെ ഇവകള്‍ക്കും ഓരോ ഉദാഹണം നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:

1. ക്രിയയുടെ അടിസ്ഥാന ഓഹരിയായ 12ല്‍നിന്നും 13ലേക്ക് ഔല്‍

ഒരു സ്ത്രീ മരണപ്പെട്ടു. അവര്‍ക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മകള്‍, മകന്‍റെ മകള്‍, മാതാവ് എന്നിവരാണ്. ഭര്‍ത്താവിനുള്ള അവകാശം സ്വത്തിന്‍റെ നാലില്‍ ഒന്ന്. മകള്‍ക്കുള്ള അവകാശം പകുതി, മകന്‍റെ മകള്‍ക്ക് ആറിലൊന്ന്, മാതാവിന്‍റെ അവകാശം ആറില്‍ ഒന്ന്. ക്രിയയുടെ അടിസ്ഥാന ഓഹരി 12 ആയി കണക്കാക്കാം. അങ്ങനെവരുമ്പോള്‍ 12ന്‍റെ നാലിലൊന്ന് മൂന്ന് ഭര്‍ത്താവിനും, 12ന്‍റെ പകുതി ആറ് മകള്‍ക്കും. മകന്‍റെ മകള്‍ക്ക് 12ന്‍റെ ആറിലൊന്നും മാതാവിന് 12ന്‍റെ ആറിലൊന്നും വിഹിതവുമാണ് നല്‍കേണ്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തി ഓഹരികളുടെ തുക 3+6+2+2=13, ഈ 13നെ അടിസ്ഥാന ഓഹരിയായി പരിഗണിച്ച് ഓഹരിവെക്കുകയാണ് ചെയ്യുക.

2. ക്രിയയുടെ അടിസ്ഥാന ഓഹരിയായ 12ല്‍നിന്നും 15ലേക്ക് ഔല്‍

മേല്‍ സൂചിപ്പിച്ച ഉദാഹരണത്തില്‍ പരേതക്കുള്ള അനന്തരാവകാശികളില്‍ പിതാവ് കൂടിയുണ്ടങ്കില്‍ അദ്ദേഹവും 12ന്‍റെ ആറിലൊന്നിന് അവകാശിയാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തി ഓഹരിയില്‍ 2 ഓഹരി കൂടി വര്‍ധിക്കും. വ്യക്തി ഓഹരികളുടെ തുക 15 ആകുകയും അതിനെ അടിസ്ഥാന ഓഹരിയായി പരിഗണിക്കപ്പെടുകയും ചെയ്യും.

3. ക്രിയയുടെ അടിസ്ഥാന ഓഹരിയായ 12ല്‍നിന്നും 17ലേക്ക് ഔല്‍

ഒരാള്‍ക്ക് അനന്തരവകാശികളായുള്ളത് ഭാര്യ, മാതാവ്, മാതാവൊത്ത 2 സഹോദരന്മാര്‍, മാതാവും പിതാവുമൊത്ത രണ്ട്സഹോദരിമാര്‍ എന്നിവരാണെന്ന് കരുതുക. ഭാര്യക്ക് സ്വത്തിന്‍റെ നാലില്‍ ഒന്ന്, മാതാവിന് സ്വത്തിന്‍റെ ആറില്‍ ഒന്ന്, മാതാവൊത്ത സഹോദരന്മാര്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍ ഒന്ന്, മാതാവും പിതാവുമൊത്ത സഹോദരിമാര്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍രണ്ട് എന്നിങ്ങനെ അവകാശം നല്‍കപ്പെടും. അതിന്‍റെ അടിസ്ഥാനത്തില്‍ ക്രിയയുടെ അടിസ്ഥാന ഓഹരി 12 ആയിരിക്കും. 12ന്‍റെ നാലിലൊന്ന് 3,12ന്‍റെ ആറിലൊന്ന് 2,12ന്‍റെമൂന്നിലൊന്ന് 4,12ന്‍റെ മൂന്നില്‍രണ്ട് 8, എന്നിങ്ങനെയാകും വ്യക്തി ഓഹരികള്‍. അവയുടെ ആകെതുക 3+2+4+8= 17 ആയിരിക്കും. അതിനെ അടിസ്ഥാന ഓഹരിയായികണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും.

ഇതാണ് 12ല്‍ നിന്നുണ്ടാകുന്ന ഔലുകള്‍. ഇനി ഈ വിഭാഗത്തിലെ അവസാന ഇനമായ 24ന്‍റെ ഔലുകൂടി നമുക്ക് പരിചയപ്പെടാം. 24ന് ഒരു ഔല്‍ മാത്രമാണുള്ളത്. അത് 27 ആകുന്നു. ഉദാഹരണം കാണുക.

4. ക്രിയയുടെ അടിസ്ഥാന ഓഹരിയായ 24ല്‍നിന്നും 27ലേക്ക് ഔല്‍

പരേതന് അവകാശികളായുള്ളത് ഭാര്യ, മകള്‍, മകന്‍റെ മകള്‍, മാതാവ്, പിതാവ് എന്നിവരാണ്. ഭാര്യക്ക് സ്വത്തിന്‍റെ എട്ടിലൊന്ന് അവകാശം, മകള്‍ക്ക് സ്വത്തിന്‍റെ പകുതി, മകന്‍റെ മകള്‍ക്ക് സ്വത്തിന്‍റെ ആറിലൊന്ന്, മാതാവിന് സ്വത്തിന്‍റെ ആറിലൊന്ന്, പിതാവിനും സ്വത്തിന്‍റെ ആറിലൊന്ന്വീതമാണ് നല്‍കപ്പെടുക. അതിന്‍റെ അടിസ്ഥാനത്തില്‍ ക്രിയയുടെ അടിസ്ഥാന ഓഹരി 24.

24ന്‍റെ എട്ടില്‍ ഒന്ന് 3, 24ന്‍റെ പകുതി 12, 24ന്‍റെ ആറിലൊന്ന് 4 എന്നിങ്ങനെയാണല്ലോ. നാല് ഓഹരികള്‍ അവകാശമുള്ള മൂന്നാളുകള്‍. മൊത്തം വ്യക്തികളുടെ ഓഹരികളുടെ തുക 3+12+4+4+4=27 എന്ന് നമുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ ഈ ക്രിയയിലെ അടിസ്ഥാനഓഹരിയായി 27 പരിഗണിക്കപ്പെടും.

ഈ വിഭാഗത്തിലെ ഒരു ഉദാഹരണംകൂടി നമുക്ക് പരിചയപ്പെടാം.

പരേതന് അവകാശികളായുള്ളത് ഭാര്യ, മകന്‍റെ രണ്ട് പെണ്‍മക്കള്‍, പിതാമഹന്‍, പിതാമഹി എന്നിവരാണെന്ന് കരുതുക. ഭാര്യക്ക് സ്വത്തിന്‍റെ എട്ടില്‍ ഒന്ന്, മകന്‍റെ രണ്ട് പെണ്മക്കള്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍ രണ്ട്, പിതാമഹന് സ്വത്തിന്‍റെ ആറില്‍ ഒന്ന്, പിതാമഹിക്ക് സ്വത്തിന്‍റെ ആറില്‍ ഒന്ന് എന്ന നിലക്കാണ് അവകാശമുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രിയയുടെ അടിസ്ഥാന ഓഹരി 24 ആണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 24ന്‍റെ എട്ടില്‍ ഒന്ന് 3, 24ന്‍റെ മൂന്നില്‍ രണ്ട് 16,24ന്‍റെ ആറില്‍ ഒന്ന് 4 എന്നിങ്ങനെയാണന്ന് മനസ്സിലാക്കാം. നാല് ഓഹരി അനന്തരമെടുക്കുന്ന രണ്ടാളുകള്‍ ഉള്‍പെടെ ആകെ വ്യക്തി ഓഹരികള്‍ 3+16+4+4=27 എന്ന് മനസ്സിലാക്കാം. അഥവാ ഈ ക്രിയയിലെ അടിസ്ഥാന ഓഹരിയായി പരിഗണിക്കപ്പെടുക 27 ആണെന്നര്‍ഥം.

വിമര്‍ശകര്‍ ഉന്നയിക്കുന്നത് പോലെയാണ് കാര്യമെങ്കില്‍ അവകാശികളില്‍ പലര്‍ക്കും സ്വത്ത് ലഭിക്കാതെ വരുമായിരുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യം. അവകാശികളില്‍ ഒരോരുത്തര്‍ക്കും അവരുടെ വ്യക്തിഓഹരിക്കനുസൃതമായി ചെറിയതോതില്‍ ഓഹരികളില്‍ കുറവ് സംഭവിച്ചു. മുഴുവന്‍ അവകാശികള്‍ക്കും സ്വത്ത് ലഭിക്കുകയും ചെയ്തു. എത്രസുന്ദരമാണ് ഇസ്ലാമിന്‍റെ അധ്യാപനങ്ങള്‍. അതിനാല്‍ ഈ പരിശുദ്ധമതത്തെഅതിന്‍റെ യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്നുതന്നെ പഠിക്കാന്‍ തയ്യാറാകുക. തെറ്റുധാരണകള്‍ തിരുത്തുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. (ആമീന്‍)