ജമാഅത്തെഇസ്‌ലാമി: പേജിലും വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും നല്‍കുന്ന സന്ദേശം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

മുഹമ്മദ് നബിﷺ ജനിച്ചത് ആനക്കലഹ വര്‍ഷത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. സാധാരണയായി ഏതെങ്കിലും ഒരു കാര്യത്തെ ഒരു പ്രധാനപ്പെട്ട സംഭവം നടന്ന കാലത്തിലേക്ക് ചേര്‍ത്തിപ്പറയാറുണ്ടല്ലോ. അതുപോലെ അബ്‌റഹത്ത് രാജാവ് കഅ്ബ പൊളിക്കാന്‍ വന്ന സംഭവം നടന്ന കാലത്തായിരുന്നു നബിﷺ ജനിച്ചത്. അതിനാല്‍ നബിﷺ യുടെ ജനനത്തെ ആനക്കലഹ വര്‍ഷത്തിലേക്ക് ചേര്‍ത്തിപ്പറയുന്നു.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ജമാഅത്തെ ഇസ്‌ലാമി എന്നീ രണ്ടു സംഘടനകള്‍ ആശയപരമായി ഒരു പരിധിവരെ ഒരേസന്ദേശം പ്രചരിപ്പിച്ചുവരുന്ന, ഒരമ്മയുടെ ഇരട്ടമക്കളാണെന്നത് സുവ്യക്തമാണ്. അറബ്‌സമൂഹത്തിലെ പണ്ഡിത പ്രമുഖന്മാരുമായുള്ള ബന്ധവും സഹകരണവും കാരണം കേരളത്തിലെ ജമാഅത്തുകാരെക്കാളും പ്രാമാണികമായി അറിവ് സമ്പാദിക്കുകയും ഗവേഷണ പ്രചാരണങ്ങളില്‍ മുഴുകുകയും ചെയ്യുന്നതില്‍ ഇഖ്‌വാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒരുപടി മുന്നിലാണെന്ന് കാണാം.

ഇസ്‌ലാമില്‍ സുസ്ഥിരമായും പ്രാമാണികമായും സ്ഥിരപ്രതിഷ്ഠനേടിയ പലതും വിവരക്കേടുകൊണ്ടും സമൂഹത്തിന്റെ കയ്യടിയും ഗുഡ്‌സര്‍ട്ട്ഫിക്കറ്റും പ്രതീക്ഷിച്ചുകൊണ്ടും മൂടിവെക്കുകയും ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ജമാഅത്തുകാര്‍. എന്നാല്‍ അതേസമയംതന്നെ അറബ്‌ലോകത്തെ ഇഖ്‌വാന്‍ നേതാക്കള്‍ ഇതേവിഷയത്തില്‍ കൃത്യവും പ്രാമാണികവുമായ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. കേരളം ഒഴികെയുള്ള ഇതരസംസ്ഥാനങ്ങളിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ജമാഅത്ത് നേതാക്കളും പ്രവര്‍ത്തകരും ഒരുപരിധിവരെയും ഇതേനിലപാട് തുടര്‍ന്നുവരുന്നു. ചിലരംഗങ്ങളില്‍ മറിച്ചും കാണാവുന്നതാണ്.

കേരളത്തിലെ മുന്‍കാല തലമുറയില്‍പെട്ട പ്രമുഖസലഫി പണ്ഡിതന്മാരുടെ ഗുരുശിഷ്യബന്ധം കാരണം ചില ജമാഅത്തുകാര്‍ നമസ്‌കാരത്തില്‍ നെഞ്ചിന്മേല്‍ കൈകെട്ടുന്നു. എന്നാല്‍ കേരളം ഒഴികെയുള്ള ഇതര ഇന്ത്യന്‍/ഏഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ ഹനഫി വിധേയത്വം കാരണം 95%വും ആമാശയത്തിന്മേലാണ് കൈകള്‍ കെട്ടുന്നത്. പക്ഷേ, കേരളത്തില്‍ പലപ്പോഴും ഇവരുടെ നിലപാടുകളും വീക്ഷണങ്ങളും 'സലഫികുപ്പായം'കൊണ്ട് മൂടിയമാതിരിയാണ്.

കേരളത്തിലെ ജമാഅത്തുകാരുടെ ഒട്ടുമിക്ക പ്രോഗ്രാമുകളും ഇന്ന് സ്ത്രീ-പുരുഷ സമ്മിശ്രമാണ്. തെങ്ങില്‍ കയറി ബാനര്‍കെട്ടാനും ചുവരെഴുത്തുനടത്താനും പോസ്റ്റര്‍ ഒട്ടിക്കാനും കവലപ്രചാരണത്തിനും എന്തിനേറെ കൂടംകുളത്തെ ആണവവിരുദ്ധ സമരത്തില്‍ ശരീരമാസകലം മണ്ണില്‍ പൊതിയുന്ന നിലയില്‍ കുഴിയില്‍ ഇറങ്ങി മലര്‍ന്നുകിടക്കാനും പെണ്‍കൊടികളെ ഇറക്കുമതിചെയ്യുന്നതില്‍ 'സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം' വിജയിച്ചു. എന്നാല്‍ കേരളത്തിനു പുറത്ത് അവസ്ഥ വ്യത്യസ്തമാണ്. സ്വന്തം അയല്‍വാസികള്‍ പോലും കണ്ടാല്‍ തിരിച്ചറിയാത്ത നിലയില്‍ കറുത്ത 'ഹിജാബി'നകത്താണ് ഇവരുടെ ജീവിതം. കേരളത്തിലെ ജമാഅത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ 'അറേബ്യന്‍ ഇറക്കുമതി, ഗള്‍ഫ് സലഫിസം...!'

സയ്യിദ് മൗദൂദി സാഹിബിന്റെ 'പര്‍ദ'എന്ന കൃതിയിലെ വാക്കുകള്‍ക്കും വരികള്‍ക്കും അണുവിടപോലും ഞങ്ങള്‍ വ്യതിചലിക്കാന്‍ തയ്യാറെല്ലന്ന് അന്നുമുതല്‍ ഇന്നോളം അവര്‍ പ്രായോഗികമായി തെളിയിക്കുമ്പോഴാണ് കേരള ജമാഅത്തുകാരുടെ ഈ നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടം. പള്ളിയുടെ മിഹ്‌റാബ് ഏതു ദിശയിലാണെന്ന് കണ്ടുമനസ്സിലാക്കാനെങ്കിലും ഒരു പ്രാവശ്യമെങ്കിലും പള്ളിയില്‍ പ്രവേശിച്ചിട്ടുള്ളവരല്ല കേരളത്തിന് പുറത്തുള്ള ഒട്ടുമിക്ക ജമാഅത്തുകാരുടെ ഭാര്യമാരും പെണ്മക്കളും. വീടിന്റെ ഉള്ളിന്റെ ഉള്ളില്‍തന്നെ ഒതുങ്ങിക്കൂടി തങ്ങളുടെ ഇബാദത്തുകള്‍ നിര്‍വഹിക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യവും. ജമാഅത്തിന്റെ സമ്മേളന നഗരിയിലോ സ്റ്റേജിലോ, കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ കൂടിക്കലര്‍ന്നുള്ള ഒരു പ്രോഗ്രാം നമുക്ക് കാണാന്‍ സാധിക്കുകയില്ല. ഗോവ ജമാഅത്തെ ഇസ്‌ലാമിയുടെ ദശദിന കുടുംബ കാമ്പയ്‌നിന്റെ കളര്‍ചിത്രം ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.(1) സ്ത്രീ-പുരുഷന്മാര്‍ പരസ്പരം ദര്‍ശിക്കാതിരിക്കാന്‍ സദസ്സിന്റെ ഇടയില്‍ വലിച്ചുകെട്ടിയ ഉയരത്തിലുള്ള കര്‍ട്ടന്‍! കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ക്ക് 'ഫിക്വ്ഹുല്‍ വാക്വിഉ്' തിരിയാത്തതാകും ഇതിന്റെയൊക്കെ കാരണമെന്നാകും കേരള ജമാഅത്തുകാര്‍ക്ക് പറയാനുണ്ടാവുക.

സമകാലീന കേരളീയ ജമാഅത്തുകാരുടെയും ഇതര സംസ്ഥാനങ്ങളിലെ ജമാഅത്തുകാരുടെയും സമീപനങ്ങളെ പഠനാത്മകമായി വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക; ലജ്ജ, ആത്മാഭിമാനം, ആത്മരോഷം തുടങ്ങിയ മഹനീയ ഗുണങ്ങള്‍ കേരളത്തിലെ മിക്ക ജമാഅത്തുകാരും അവരുടെ മീഡിയകളും താത്ക്കാലികമായി 'മ്യൂസിയത്തിലേക്ക്'മാറ്റി സ്ഥാപിച്ചിരിക്കുന്നുവെന്നാണ്. ഇമാറത്ത് നേരിട്ട് നിയന്ത്രിക്കുന്ന മീഡിയാവണ്‍ ചാനല്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ പലപ്പോഴും ആത്മാഭിമാനമുള്ളവരെ ലജ്ജിപ്പിക്കുന്നതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനാവില്ല.

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പേരില്‍ കടന്നുവന്ന ജമാഅത്തെ ഇസ്‌ലാമിക്ക് 'സമഗ്രത'യുടെ പൂര്‍ത്തീകരണത്തിന് അനിവാര്യമായിരുന്നു ഒരു സമ്പൂര്‍ണ ചാനല്‍. പക്ഷേ, സമഗ്ര ഇസ്‌ലാമിക ചാനലെന്ന് ഇവര്‍ പരിചയപ്പെടുത്തി സാമ്പത്തിക സമാഹരണം നടത്തിയ മീഡിയവണ്‍, ഇവരുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'മലയാളിപ്പെണ്ണുങ്ങള്‍ അടക്കംപറഞ്ഞിരുന്ന പലതും നാണമില്ലാതെ വിളിച്ചുപറയാനുള്ള' പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടും കാര്യപ്പെട്ട അമീറുമാര്‍ക്ക് അനക്കമില്ലാത്തത് അത്ഭുതകരംതന്നെ. മീഡിയാവണ്‍ ഉദ്ഘാടന സദസ്സില്‍ മുന്‍അമീറും പ്രമുഖ ജമാഅത്ത് നേതാവുമായ പ്രൊഫ. സിദ്ദീഖ് ഹസ്സന്‍ സാഹിബ് നടത്തിയ ഒരു പരാമര്‍ശമാണ് സാന്ദര്‍ഭികമായി ഓര്‍മവരുന്നത്. 2013 ഫെബ്രുവരി 10ന്റെ ഉദ്ഘാടനസദസ്സില്‍ തനിക്ക് ലഭിച്ച 3 മിനുട്ട് സമയം ദല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തിയിരുന്ന ഉര്‍ദുപത്രമായ 'ദഅ്‌വത്ത്'ന്റെ കഥപറയാനായിരുന്നു അദ്ദേഹം വിനിയോഗിച്ചത്.

പത്രംനടത്തി പാപ്പരായ ദഅ്‌വത്തിന്റെ പത്രാധിപര്‍ മുഹമ്മദ് മുസ്‌ലിം സാഹിബിനെ 'അല്‍പം ചില വിട്ടുവീഴ്കള്‍ക്ക് തയ്യാറായാല്‍ എല്ലാ പ്രതിസന്ധികളും പരിഹരിച്ച് നിവര്‍ന്നുനില്‍ക്കാനാവുമെന്ന്' ആരോ ചിലര്‍ ഉപദേശിച്ചുവത്രെ! തന്റെ തൂലിക കാട്ടിക്കൊണ്ട് മുസ്‌ലിം സാഹിബ് പറഞ്ഞുവത്രെ: ''ഈ തൂലിക വളക്കാന്‍ സാധ്യമല്ല. ഒടിച്ചുകളയാം...' തുടര്‍ന്ന് സിദ്ദീഖ് ഹസ്സന്‍ പറഞ്ഞത് 'എനിക്ക് എന്റെ കുട്ടികളോട് പറയാനുള്ളത് ഈ പെട്ടി (മീഡിയവണ്‍) നേരെചൊവ്വേ നടത്താന്‍ കഴിയാതെവന്നാല്‍ പൊട്ടിച്ചു കളയണം, അങ്ങനെ ധീരരക്തസാക്ഷ്യം വഹിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും ശക്തമായ മാധ്യമമായി നമുക്ക് ജീവിക്കാന്‍ കഴിയണം, ഇല്ലെങ്കില്‍ മരിക്കണം...' എന്നായിരുന്നു.(2)

നാണവും മാനവുമില്ലാത്ത, അന്തസ്സും ആഭിജാത്യവുമില്ലാത്ത, ലജ്ജയെന്ന മഹനീയഗുണം തൊട്ടുതീണ്ടാത്ത ഒരു 'അത്യാധുനിക അടിപൊളി തലമുറ'യെ പടച്ചുവിടാനുതകുന്ന പോളിസി-പ്രോ്രഗാമുകളാണ് സമഗ്ര ഇസ്‌ലാമിന്റെ ലേബലില്‍ ഇവര്‍ അനുദിനം പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഈ ഗണത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടിവരുന്ന ഒരുചര്‍ച്ചയാണ് ഇവരുടെ ചാനലില്‍ നടത്തിയ 'ആര്‍ത്തവ രാഷ്ട്രീയത്തെപ്പറ്റിയുള്ള' വഴിത്തിരിവ് ചര്‍ച്ച.

സമഗ്ര ഇസ്‌ലാമിന്റെ മൊത്തം കുത്തകാവകാശികളായി ദീനിന്റെ അഞ്ചാം നിലയില്‍ വലിഞ്ഞുകയറി 'മാന്യത, സഭ്യത, ജാള്യത, പരിധിലംഘിക്കാതിരിക്കല്‍' തുടങ്ങിയ മഹനീയ ഗുണങ്ങളെല്ലാം ഞങ്ങള്‍ക്ക് മാത്രം സ്വന്തമാണെന്നും ബാക്കിയുള്ളവരെല്ലാം ഈ വിഷയത്തില്‍ ഞങ്ങളുടെ മുരീദുമാര്‍ മാത്രമാണെന്നും നാഴികക്ക് നാല്‍പതുവട്ടം ആണയിടുന്ന 'സമഗ്ര' ഇസ്‌ലാമിക പ്രസ്ഥാനം സ്വദക്വ-സകാത്തിന്റെ പിന്‍ബലത്തില്‍ പണിതുയര്‍ത്തിയ മലയാളത്തിലെ 'ഏക ഇസ്‌ലാമിക ചാനല്‍' അവതാരകന്റെ ചര്‍ച്ചയിലെ വാചകക്കസര്‍ത്തുകള്‍ ലജ്ജിപ്പിക്കുന്നതാണ്. നാണം പടച്ചപ്പോള്‍ നേരംവെളുത്തുപോയി എന്ന് ലജ്ജാവിഹീനരായി പെരുമാറുന്നവരെ വിശേഷിപ്പിക്കാറുണ്ട്. മുസ്‌ലിം ഉമ്മത്തിന്റെ സാമൂഹിക, സാംസ്‌കാരിക ജീവിതത്തിന്റെ മര്‍മങ്ങളില്‍ പ്രഹരിച്ചുകൊണ്ടുള്ള ഈ മീഡിയയുടെ സംഹാരതാണ്ഡവം ആരുടെ കയ്യടിയും പൊരുത്തവും വാങ്ങിക്കൂട്ടാനാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മലയാളത്തിലെ ഏതു ചാനലാണ് പലതരം അശ്ലീല പ്രകടനങ്ങളില്‍നിന്നും ഒഴിവായിട്ടുള്ളത്? പിന്നെയെന്തിന് മീഡിയ വണ്ണിന്റെ പിറകില്‍ മാത്രം സൈക്കിളുമായി കൂടുന്നുവെന്ന സ്വാഭാവിക ചോദ്യമാണ് സമൂഹത്തിനോട് ചോദിക്കാന്‍ ഇവര്‍ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇസ്തിഖാറത്ത് നമസ്‌കരിച്ച് ആത്മാര്‍ഥമായി അല്ലാഹുവിനോട് 'ദുആ' ചെയ്തിട്ടാണ് ഞങ്ങള്‍ ഈ മഹത്തായ സംരംഭത്തിന് തുടക്കമിട്ടതെന്ന് പരസ്യമായി ദീനിന്റെ പേരില്‍ പ്രഖ്യാപിച്ചവര്‍ നിങ്ങളല്ലാതെ സമൂഹത്തില്‍ മറ്റാരുമില്ലെന്ന് വ്യക്തമായതുകൊണ്ടാണ് ദീനിവിശ്വാസത്തെ മുറിവേല്‍പിക്കാന്‍ പര്യാപ്തമായ ഒരുനടപടിക്രമം നിങ്ങളില്‍നിന്നും ഉണ്ടാകുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നതെന്ന ലഘുവായ ഒരു ഉത്തരത്തെ സ്വീകരിക്കാനുള്ള സന്മനസ്സും വിശാലതയുമൊന്നും ഇനിയും 'ബഹുമാനപ്പെട്ട നേതാക്കള്‍ക്ക്' ഉണ്ടായിട്ടില്ല എന്ന് പറയേണ്ടിവരുന്നതും സ്വാഭാവികം.

'ഇസ്‌ലാമിക മീഡിയ'യുടെ നിലനില്‍പിനു വേണ്ടി രൂപയായി, റിയാലായി, ഡോളറായി ഓഹരിയെടുക്കുന്നവര്‍ക്ക് പരലോകത്തിന്റെ കണക്കുപുസ്തകത്തില്‍ ഒരുക്കിവെക്കപ്പെട്ട സൗഭാഗ്യങ്ങള്‍ വാതോരാതെ ആയത്തുകളായി, ഹദീസുകളായി, ഫത്‌വകളായി ഓതിക്കൊടുത്ത് സാമ്പത്തിക സമാഹരണം നടത്തിയ 'സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനത്തിന്' വിമര്‍ശനങ്ങളെ പ്രാമാണികമായി നേരിടാനുള്ള കെല്‍പില്ലാതെ പോകുന്നത് പരിതാപകരംതന്നെയാണ്. യൂസുഫ് നബി(അ)-സുലൈഖ സംഭവത്തെ സിനിമക്കും മറ്റു ദൃശ്യാവിഷ്‌കാരങ്ങള്‍ക്കും തെളിവായി ഖുത്വുബ നടത്തി സമുദായത്തെ സുഖിപ്പിച്ച് കീശചോര്‍ത്തിയവര്‍ക്ക് ചോദ്യശരങ്ങള്‍ അസഹനീയമായി തോന്നാന്‍ പാടില്ലല്ലൊ!

ഇസ്‌ലാമിക മൂല്യങ്ങളുടെ മറവില്‍ സമഗ്രമായി ലൈവ്‌ചെയ്തുകൊണ്ടിരിക്കുന്ന തിന്മകളുടെ ഗൗരവവും അതിന്റെ പരിണിതഫലവും സമൂഹത്തെ ബോധ്യപ്പെടുത്തല്‍ 'ആത്മരോഷമെന്ന' മഹനീയഗുണം അല്‍പമെങ്കിലും ബാക്കിയുള്ളവരുടെ ദൗത്യമല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതു തന്നെയാണ്. കേരളത്തിലെ 'ഇമ്മിണിബല്യ' ആനുകാലിക സംഭവമെന്ന ലിസ്റ്റിലാണ് 'ആര്‍ത്തവ ചര്‍ച്ച'യെ ഇവര്‍ പരിഗണിച്ചത്. വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് പുല്ലുവില കല്‍പിക്കാത്ത, പള്ളിപ്പറമ്പിലെ കേവലം ആറടിമണ്ണിന്റെ മാത്രം അവകാശം പ്രതീക്ഷിച്ച് കഴിയുന്ന, നിറയൗവനത്തിന്റെ ചോരത്തിളപ്പില്‍ ആരോടും എങ്ങനെയും എന്തും പ്രതികരിക്കാന്‍ മടികാണിക്കാത്ത, പ്രത്യേകം പരിശീലനം സിദ്ധിച്ച ഏതാനും 'മംഗ്ലീഷ് മങ്കമാര്‍' ഈ പ്രോഗ്രാമില്‍ നടത്തിയ കൊത്തിച്ചിതറലുകള്‍ ബഹുമാന്യ സാഹിബുമാരായ ജമാഅത്ത് ഇമാറത്തുകള്‍ കണ്ടില്ലെന്ന് ആരെങ്കിലും ധരിച്ചാല്‍ അവര്‍ക്ക് നെല്ലിക്കാത്തളം ചികിത്സതന്നെ നിര്‍ദേശിക്കേണ്ടിയിരിക്കുന്നു.

ശബരിമലയ്ക്കുള്ള പ്രത്യേകബസില്‍നിന്നും യുവതിയെ ഇറക്കിവിട്ടതിലെ അവകാശധ്വംസനം ചര്‍ച്ചചെയ്യാനെന്ന ലേബല്‍ പ്രോഗ്രാമിന് മനുഷ്യാവകാശത്തിന്റെ മുഖംനല്‍കിയെങ്കിലും പ്രോഗ്രാമില്‍ ഉയര്‍ന്നുകേട്ടതു മുഴുവനും ഇസ്‌ലാം നിന്ദയും ഇസ്‌ലാമിലെ സ്വാതന്ത്ര്യമില്ലായ്മയും അതിനെച്ചൊല്ലിയുള്ള ആവലാതികളുമായിരുന്നു. ചോദ്യത്തിന്റെയും ഉത്തരത്തിന്റെയും സകല വേലിക്കെട്ടുകളും തകര്‍ത്തെറിഞ്ഞ 'ആവിഷ്‌കാര സ്വാതന്ത്യം!' ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെട്ടതിനാല്‍, മുസ്‌ലിം നാമധേയമുണ്ടായതിനാല്‍, മുസ്‌ലിം മാതാപിതാക്കള്‍ക്ക് ജനിച്ചതിന്റെ പേരില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന സാമൂഹ്യപ്രതിസന്ധികള്‍ ഉറക്കെപ്പറയാന്‍ വെമ്പല്‍കൊണ്ടവര്‍ക്ക് അത് ഉറക്കെപ്പറയാനുള്ള ഒരുവേദിയായി ചര്‍ച്ച പരിണമിച്ചു.

ധാര്‍മികതയ്ക്ക് യാതൊരു നിലയും വിലയും കല്‍പിക്കാത്ത ഒരുവിഭാഗം മതവിരുദ്ധരെ 'ബുദ്ധിജീവികള്‍-സാംസ്‌കാരിക നായകര്‍' പട്ടം ചുമത്തി വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും എഴുന്നുള്ളിച്ച് പ്രതികരണ തൊഴിലാളികളായി കൊണ്ടുനടക്കുന്ന ജമാഅത്തുകാരില്‍നിന്നും ഇതിനപ്പുറം മറ്റൊന്ന് പ്രതീക്ഷിച്ചാല്‍ അത് അത്ഭുതമാണ്.

ഇന്ത്യയില്‍ ജനിച്ച്, തനിക്കുപോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത തീവ്രചിന്തകളെ താലോലിച്ച്, പിന്നീട് ഇസ്‌ലാമികരാഷ്ട്രം സ്വപ്‌നംകണ്ട്, പാകിസ്ഥാനിലേക്ക് ഹിജ്‌റ ചെയ്ത് അമേരിക്കയില്‍ മരണമടഞ്ഞ മൗദൂദി സാഹിബിന് ഉറക്കെപ്പറയാന്‍ കഴിയാത്ത ചില ചിന്താവൈകല്യങ്ങള്‍ക്കൊപ്പം ഏതാനും ചില നല്ല ചിന്തകളുമുണ്ടായിരുന്നുവെന്നത് നിഷേധിക്കുന്നില്ല. മൗദൂദി സാഹിബ് മനുഷ്യനാണെന്നും പാപസുരക്ഷിതത്വമില്ലാത്ത ആളാണെന്നും നിരീക്ഷണങ്ങളിലും പഠനങ്ങളിലും തെറ്റുകുറ്റങ്ങള്‍ സ്വാഭാവികമാണെന്നും അംഗീകരിക്കാനുള്ള സന്മനസ്സൊന്നും കേരളത്തിലെ ജമാഅത്ത് അവകാശികള്‍ക്ക് ഇനിയും വന്നുചേര്‍ന്നിട്ടില്ല.

മൗദൂദി സാഹിബിന്റെ ചിന്താവൈകല്യങ്ങളെ പ്രതിരോധിക്കാന്‍ ജമാഅത്ത് കേന്ദ്രങ്ങള്‍ 'നിര്‍വഹിക്കുന്ന' വളയമില്ലാചാട്ടങ്ങള്‍ പലപ്പോഴും വെളുക്കാന്‍ തേച്ചതിനെ പാണ്ടാക്കി മാറ്റുന്നുണ്ട്. കേരളീയ സമൂഹത്തില്‍ ഉറക്കെപ്പറഞ്ഞാല്‍ 'ആള്‍ക്കൂട്ടം' കയ്യൊഴിയുമെന്ന് ഭീതിയുള്ള ഒട്ടുമിക്ക വരികളും പ്രിയപ്പെട്ട നേതാവിന്റെ രചനകളില്‍നിന്നും അപ്പാക്രിഫ നടത്തുന്ന വിഷയത്തില്‍ ഐ.പി.എച്ചും പരിഭാഷകരും വിജയിച്ചിട്ടുണ്ട്. കാലങ്ങളായി സിമിയും പിന്നെ എന്‍.ഡി.എഫും ഈ വിഷയത്തില്‍ അവര്‍ക്കുള്ള പരിഭവം പ്രകടിപ്പിക്കുന്നത് ജമാഅത്തുകാര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഒസ്സാന്റെ മൂര്‍ച്ചകൂട്ടുന്ന മൂസാന്‍കല്ല് തേയുന്ന മാതിരി പ്രിയപ്പെട്ട നേതാവിന്റെ ജിഹാദി രചനകളില്‍ അനുദിനം മൂല്യശോഷണം സംഭവിക്കുമ്പോള്‍, തേഞ്ഞ് വൈകൃതമാകുമ്പോള്‍ പത്താന്‍കോട്ടെ ദാറുല്‍ ഇസ്‌ലാമില്‍നിന്നും തര്‍ബിയത്ത് ലഭിച്ച യഥാര്‍ഥ ജിഹാദികളുടെ ഈ വിലാപങ്ങള്‍ പലപ്പോഴും കേട്ടതായി പോലും നടിക്കപ്പെടാത്തത് മഹാകഷ്ടം!

മൗദൂദിയുടെ മാസ്റ്റര്‍പീസായി അറിയപ്പെടുന്ന തഫ്ഹീമുല്‍ ക്വുര്‍ആനിന്റെ മലയാളം പരിഭാഷയും ഈ അപ്പാക്രിഫക്ക് വിധേയമാണ്. മാന്യതയുടെ സര്‍വ അതിരുകളും ലംഘിച്ചുകൊണ്ട്, കേരളത്തിലെ അഖ്‌ലാനികളായ ജമാഅത്തുകാര്‍ക്ക് പില്‍ക്കാലത്ത് എതിരാകാന്‍ സാധ്യതയുള്ള അനിഷ്ടകരമായ സകലതും ഇവര്‍ കൈക്രിയക്ക് ഇരയാക്കി. നിലനില്‍പിനുവേണ്ടി പ്രമുഖനും സമുന്നതനുമായ നേതാവിന്റെ മാസ്റ്റര്‍പീസ് രചനയെ യഹൂദന്മാരെ വെല്ലുന്ന നിലയില്‍ കൈക്രിയക്ക് ഇരയാക്കിയ 'സമഗ്ര ഇസ്‌ലാമിക പ്രസ്ഥാന'മെന്ന ഖ്യാതി ഇവര്‍ക്ക് മാത്രം സ്വന്തമെന്ന് ഇവര്‍ സ്ഥാപിച്ചെടുത്തിരിക്കുന്നു.

നേതാവിന്റെ ക്വുര്‍ആന്‍ പരിഭാഷയില്‍ ഇങ്ങനെയൊക്കെ കൈക്രിയ നടത്താനുള്ള അനുമതി ഇവര്‍ക്ക് ആരാണ് നല്‍കിയതെന്ന ചോദ്യത്തിനു മുന്നില്‍ ജമാഅത്ത് മുഫ്തി ഇല്‍യാസ് മൗലവിപോലും മൗനംഭജിക്കുന്നു. അഭിപ്രായ വ്യത്യാസമുള്ളതോ സാധാരണയില്‍നിന്നും ഭിന്നമായതോ ആയ വീക്ഷണങ്ങളെ പരിഭാഷപ്പെടുത്തുമ്പോള്‍ അവിടെ അടിക്കുറിപ്പ് നല്‍കി വിശദീകരിക്കുന്ന സ്വഭാവമാണ് അക്കാദമിക തലത്തില്‍ പരിചയമുള്ള ശൈലി. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു ശൈലിയാണ് കേരളത്തിലെ ജമാഅത്തുകാര്‍ സമൂഹത്തിനെ ഇതിലൂടെ പരിശീലിപ്പിക്കുന്നത്.

കേരളത്തില്‍നിന്നും ആദ്യമായി പത്താന്‍കോട്ടെത്തി സയ്യിദ് മൗദൂദി സാഹിബിന് ബൈഅത്തുചെയ്ത് അദ്ദേഹത്തെ അടുത്തറിഞ്ഞ ഹാജി സാഹിബിനുപോലും ഇങ്ങനെയൊരനുമതി മൗദൂദിയില്‍നിന്നും ലഭിച്ചതായി അറിവില്ല. അതേസമയം മലയാളത്തില്‍നിന്നും മുറിച്ചുമാറ്റാന്‍ ശ്രമിച്ച പലതും ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളില്‍ അവശേഷിക്കുകയും ചെയ്യുന്നു! ഇതാണ് 'മലയാള ജമാഅത്തിന്റെ' മായാജാലം. എല്ലാറ്റിനും പണ്ഡിതോചിതമായി പ്രതികരിക്കുന്ന 'മുജീബ് മുഫ്തി' ഈ വിഷയത്തില്‍ പ്രതികരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ ലൈവായി കാട്ടിയ 'മലയാളി ഹൗസ്' പ്രോഗ്രാമില്‍ അഭിനയിച്ച എസ്.എഫ്.ഐ.നേതാവ് സിന്ദു ജോയ്, സവര്‍ണ കാവിരാഷ്ട്രീയത്തിന്റെ പ്രമുഖ നേതാവ് രാഹുല്‍ ഈശ്വര്‍ തുടങ്ങിയവരെ മൂല്യാധിഷ്ഠിതത്വത്തിന്റെ അളവുകോല്‍കൊണ്ട് തുലനം ചെയ്ത് 'മാധ്യമം' ഏഡിറ്റോറിയലിലൂടെ നിറുത്തിപ്പൊരിച്ച പാരമ്പര്യമുള്ള മാധ്യമകുടുംബത്തിന്റെ വേണ്ടാതീനങ്ങള്‍ ഇനിയാരു വിലക്കുമെന്നതാണ് വിഷയം. പത്തുചില്ലറക്ക് മാര്‍ഗമുണ്ടെങ്കില്‍ സെക്കന്റുകള്‍ക്കൊണ്ട് ഹലാലുകളെ ഹറാമാക്കിയും മറിച്ചും, ത്വാഗൂത്തും ആലിഹത്തും ഇഷ്ടക്കാരും വേണ്ടപ്പെട്ടവരുമായിത്തീരുന്ന ഫിക്വ്ഹുകള്‍ ജമാഅത്തുകാരുടെ ഭണ്ടാരത്തില്‍ ഏറെയാണ്.

ടാറ്റയും ബിര്‍ളയും പിന്നെ കോളയും കൈതൊട്ടാല്‍ പൊള്ളുന്ന ആഗോളികരണത്തിന്റെ റുകുനുകളാണെന്നു പരിചപ്പെടു

ത്തിയ ജമാഅത്ത് നേതാക്കള്‍ പത്തുചില്ലറക്കും പേരിനും പ്രശസ്തിക്കും ദീനാറിനും ദിര്‍ഹമിനും വേണ്ടി ഏതറ്റംവരെയും പോകുമെന്ന് ഇതിലൂടെ മനസ്സിലാക്കിയാല്‍ അത് തെറ്റല്ല. ഗള്‍ഫില്‍നിന്നും പുറത്തിറങ്ങുന്ന ഗള്‍ഫ് മാധ്യമത്തിന്റെ 'ഗള്‍ഫ് പതിപ്പ്' ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

ഗ്ലോബല്‍ മുതലാളിമാരുടെ ഫുള്‍പേജ് പരസ്യവും സപ്ലിമെന്റുമില്ലാതെ ഗള്‍ഫ് മാധ്യമത്തിന്റെ ഒറ്റക്കോപ്പിപോലും ഞങ്ങള്‍ അച്ചടിക്കില്ലെന്ന് 'പ്രസ്സില്‍തൊട്ട്' ആണയിട്ടമാതിരിയാണ് ഗള്‍ഫിലെ മാധ്യമ മുതലാളി. തത്ത്വത്തില്‍ എതിര്‍പ്പുമായി മുന്നില്‍ നില്‍ക്കുകയും പ്രയോഗത്തില്‍ ഒന്നാമതെത്തുകയും ചെയ്യുകയെന്ന കേരള ജമാഅത്തിന്റെ പുതിയ 'ഫിക്വ്ഹുല്‍ വാക്വിഅ്' അവരുടെ പരിഷ്‌ക്കരിച്ച സിലബസില്‍ ഉള്‍പ്പെടുത്തേണ്ടുന്ന കാലം അതിക്രമിച്ചുവെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്.

സയ്യിദ് മൗദൂദി സാഹിബ് തന്റെ രചനകളില്‍ പ്രാമാണികമായി വിമര്‍ശിച്ച സംഗീത, വാദ്യ ഉപകരണങ്ങള്‍ ഇന്ന് ജമാഅത്ത് ശൂറയില്‍ 'സുന്നത്ത് മുഅക്കദ്' പോലെയാണ്. കേരളത്തിലെ പൂര്‍വകാല സലഫി പണ്ഡിതന്മാരുമായി വ്യക്തമായി ബന്ധമുണ്ടായിരുന്ന അബ്ദുല്‍ അഹദ് തങ്ങള്‍ക്ക് സംഗീത വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടുപൊളിയന്‍ പരിപാടികള്‍ ഇഷ്ടമല്ലായിരുന്നുവെന്ന് പ്രബോധനത്തില്‍ അനുസ്മരിച്ചത് ആരെ ബോധ്യപ്പെടുത്താനായിരുന്നുവെന്ന് തല്‍ക്കാലം അവരോട് ചോദിക്കുന്നതില്‍ അര്‍ഥമില്ല: 'സൗമ്യ ശീലനെങ്കിലും നിലപാടുകളില്‍ കണിശക്കാരനായിരുന്നു അഹദ് തങ്ങള്‍. ദീനി സ്ഥാപങ്ങളുടെ സ്റ്റേജുകളിലും കലാപരിപാടിയുടെ പേരില്‍ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെയുള്ള തട്ടുതകര്‍പ്പന്‍ പാട്ടുഗോഷ്ടികളും മറ്റും അദ്ദേഹം ഇഷ്ടപ്പെട്ടില്ല...'(3)

പൂരപ്പറമ്പില്‍ ഉത്സവം കാണാന്‍പോയ തന്നെ ഉസ്താദ് അഹദ് തങ്ങള്‍ മാതൃകാപരമായി ശിക്ഷിച്ചസംഭവവും ഈ ലക്കത്തില്‍ വായിക്കാനാകും.(4) അറിവും സൂക്ഷ്മതയുമുള്ള എല്ലാ ജമാഅത്തുകാരും ഇങ്ങനെ വകതിരിവും വിവേകവും കാട്ടിയിരുന്നു. എന്നാല്‍ പിന്നീട് ജമാഅത്തുകാരില്‍നിന്നും വീക്ഷണ വ്യതിയാനത്തിന്റെ പേരില്‍ പുറത്തേക്ക് ചാടിയ സിമിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍: 'അഭിനവ അബ്ബാസി ഖിലാഫത്തില്‍'(5) എല്ലാം മാറ്റംവരുത്തി.

റഫറന്‍സ്:

1. പ്രബോധനം ഇന്റര്‍നാഷണല്‍: 2015 മാര്‍ച്ച് 06

2. Talk by Mr. Sidheek Hassan Sahib, Feb: 10, 2013,  https://www.youtube.com/watch?v=Hr77LDJ8uuI    

3. 2014 ഒക്ടോബര്‍ 17, പ്രബോധനംവീക്കിലി: ടി.കെ.അബ്ദുള്ള എഴുതിയ സ്മരണ: ഏഴരപ്പതിറ്റാണ്ടിന്റെ സൗഹൃദം

4. ടി.കെ. ഇബ്‌റാഹിം ടൊറോണ്ടോ എഴുതിയ അനുസ്മരണം: 2014 ഒക്ടോബര്‍ 17പ്രബോധനം വീക്കിലി

5. ഗള്‍ഫ് മാധ്യമത്തിന്റെ ഉടമസ്ഥന്‍ ജനാബ്. ഹംസ ആബ്ബാസിനെയാണോ ഈ പ്രയോഗത്തില്‍ ലക്ഷ്യമിട്ടതെന്ന് സംശയം. (അവസാനിച്ചില്ല)