രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

ഡോ. ടി. കെ യൂസുഫ്

2021 ആഗസ്ത് 28 1442 മുഹര്‍റം 19

നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത സഹസ്രകോടി സൂക്ഷ്മാണുക്കളുടെ പാരാവാരത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് ചുറ്റുമുള്ള വായുവിലും വെള്ളത്തിലും മണ്ണിലും, എന്തിന് നമ്മുടെ ശരീരത്തില്‍ പോലും ട്രില്യണ്‍ കണക്കിന് സൂക്ഷ്മാണുക്കള്‍ ജീവിക്കുന്നുണ്ട്. കണ്ണിലും മൂക്കിലും വായിലും വയറ്റിലും ത്വക്കിലും മറ്റു അവയവങ്ങളിലുമായി ശരീരകോശത്തിന്റെ മൂന്നിരട്ടിയോളം വരുന്ന സൂക്ഷ്മാണുക്കളാണ് നമ്മുടെ കൂടെയൂള്ളത്. ഇവയില്‍ ചിലത് അപകടകാരികളാണെങ്കിലും അധികവുംനമുക്ക് വേണ്ടപ്പെട്ടവയാണ്. രോഗാണുക്കളില്‍ ഏറ്റവും വലിയ വില്ലനായ ഇത്തിരിക്കുഞ്ഞന്‍ വൈറസിന് കേവലം മുപ്പത് നാനോമീറ്റര്‍ വലിപ്പമാണുള്ളത്. ആയിരം നാനോമീറ്റര്‍ വലിപ്പമുള്ള ബാക്ടീരിയകള്‍, വ്യത്യസ്ത രൂപത്തിലുള്ള ഫംഗസുകള്‍, പാരാസൈറ്റുകള്‍ തുടങ്ങി നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് ദര്‍ശിക്കാനാവാത്ത ഒരു സൂക്ഷ്മജീവിലോകംതന്നെ നമ്മുടെ ശരീരത്തിലുണ്ട്.

മനുഷ്യശരീരം കീടാണുക്കളുടെ വിളനിലമാണെങ്കിലും ചില അവയവങ്ങളില്‍ ഇവയുടെ സാന്നിധ്യം അധികമായിരിക്കും. മൂക്ക്, വായ, തൊണ്ട, ആമാശയം, ത്വക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. ഇവയുമായി ഒരു സന്തുലിത താളപ്പൊരുത്തത്തിലും സൗഹൃദത്തിലുമാണ് നാം ജീവിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇവ പരിധിയിലധികമായി പെറ്റുപെരുകും, അല്ലെങ്കില്‍ രോഗഹേതുക്കളായ അപരിചിത സൂക്ഷ്മാണുക്കള്‍ ആക്രമണം നടത്തും. അപ്പോഴാണ് നമ്മുടെ പ്രതിരോധ സംവിധാനത്തില്‍ താളപ്പിഴ സംഭവിച്ച് നാം രോഗികളായിത്തീരുന്നത്. ട്രില്യന്‍ കണക്കിന് സൂക്ഷ്മാണുക്കളുടെ കൂടെ ആരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യന് ആയിരക്കണക്കിന് വൈറസുകള്‍ എന്തുകൊണ്ട് ഭീഷണിയായിത്തീരുന്നുവെന്നതിന് ശാസ്ത്രത്തിന് തൃപ്തികരമായ വ്യാഖ്യാനമൊന്നുമില്ല. 'പ്രതിരോധം ദുര്‍ബലമാകുമ്പോള്‍' എന്ന ഒരു വിശദീകരണം മാത്രമാണുള്ളത്. രോഗാണുക്കളെ നേരിടാനുള്ള പ്രതിരോധസംവിധാനം ദൈവംതന്നെ ശരീരത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. പക്ഷേ, ചിലസമയത്ത് ഇവ ആര്‍ജിത പ്രതിരോധത്തെ അതിജയിക്കാറുണ്ട്. അതുകൊണ്ട്തന്നെ അപകടകാരികളായ അണുക്കള്‍ ശരീരത്തില്‍ കയറാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമായ രക്ഷാമാര്‍ഗം.

സൂക്ഷ്മാണുക്കള്‍ പ്രകൃതിയില്‍ എല്ലായിടത്തും കാണപ്പെടുന്നുണ്ടെങ്കിലും ചില ജീവികള്‍ അപകടകരമായ അണുക്കളുടെ ആവാസകേന്ദ്രമായി പരിഗണിക്കപ്പെടുന്നുണ്ട്. മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗാണുക്കള്‍ കൂടുതലും കാണപ്പെടുന്നത് മാംസഭോജികളായ വന്യജീവികള്‍, പന്നി, പട്ടി, പരുന്ത,് കഴുകന്‍, കൊതുക്, ചെള്ള്, എലി തുടങ്ങിയ ജീവികളിലാണ്. ഇവയുടെ മാംസം ഭക്ഷിക്കുന്നത് ഇസ്‌ലാം വിരോധിച്ചിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

പ്രകൃതിയില്‍ മണ്ണിലും വെള്ളത്തിലുമെല്ലാം ധാരാളം സൂക്ഷ്മാണുക്കളുണ്ടെങ്കിലും അവയൊന്നും അപകടകാരികളല്ല. എന്നാല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍കൊണ്ടും മറ്റു ജൈവമാലിന്യങ്ങള്‍ കൊണ്ടും പരിസ്ഥിതി മലിനമാകുമ്പോള്‍ മാത്രമാണ് പ്രകൃതി രോഗാണുക്കളുടെ ഉറവിടമായിത്തീരുന്നത്. അങ്ങനെ വായു, വെള്ളം, മണ്ണ്, ജീവികള്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവയെല്ലാം രോഗാണുക്കള്‍ മനുഷ്യശരീരത്തിലെത്തുന്ന മാധ്യമങ്ങളായിത്തീരും.

വ്യക്തിശുചിത്വം

മതത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നായ ശുചിത്വം രോഗപ്രതിരോധരംഗത്ത് നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. അംഗശുദ്ധിയിലൂടെയും കുളിയിലൂടെയും ശരീരത്തിലെ എല്ലാവിധ മാലിന്യങ്ങളും നീക്കം ചെയ്ത് ശരീരത്തിലും വസ്ത്രത്തിലും ശുചിത്വം പുലര്‍ത്തേണ്ടത് നമസ്‌കാരം പോലുള്ള ആരാധനാകര്‍മങ്ങള്‍ക്ക് അനിവാര്യമാണ്. അഞ്ചുനേരം ഈ ചിട്ട പാലിക്കുന്നതിലൂടെ രോഗാണുക്കളെ ഒരളവോളം ചെറുത്തുനിര്‍ത്താന്‍ സാധിക്കും. 'അല്ലാഹു ശുദ്ധിയുള്ളവരെ ഇഷ്ടപ്പെടുന്നു' എന്ന ക്വുര്‍ആന്‍ വചനവും 'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്' എന്ന പ്രവാചക വചനവും ഇവിടെ പ്രസക്തമാണ്.

മാലിന്യശുദ്ധീകരണത്തിന് ഏറ്റവും നല്ലമാര്‍ഗം വെള്ളംകൊണ്ട് കഴുകുന്നതാണ്. 'നിങ്ങളെ ശുദ്ധീകരിക്കുന്നതിന് അല്ലാഹു ആകാശത്തുനിന്ന് വെള്ളമിറക്കിത്തന്നു' എന്ന് ക്വുര്‍ആന്‍ (അന്‍ഫാല്‍ 11) ഒരു അനുഗ്രഹമായി എടുത്ത് പറയുന്നുണ്ട്. പല കാരണങ്ങള്‍കൊണ്ടും വെള്ളം ശുചീകരണത്തിനുള്ള ഏറ്റവും നല്ല ഒരു മാധ്യമമാണ്. 'ആകാശത്തുനിന്ന് ശുദ്ധമായ വെള്ളമിറക്കി, നിങ്ങളെ ശുദ്ധീകരിക്കുന്നതിന്' എന്നും ക്വുര്‍ആന്‍ പല സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

മനുഷ്യശരീരത്തില്‍ ചര്‍മത്തിലാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയകളും ഫംഗസുകളും കാണപ്പെടുന്നത്. ശരീരത്തിലെ ഒരു ചതുരശ്ര സെന്റിമീറ്ററില്‍ ഒരു ലക്ഷം സൂക്ഷ്മാണുക്കള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ വസ്ത്രധാരണം കൊണ്ട് മറയ്ക്കപ്പെടാത്ത സ്ഥലങ്ങളില്‍ ഈ അണുസംഖ്യ പത്ത് മില്യണ്‍ വരെ കാണപ്പെടും. അംഗശുദ്ധിവരുത്തുമ്പോള്‍ (വുദൂഅ് ചെയ്യുമ്പോള്‍) മുഖം, കൈകാലുകള്‍ തുടങ്ങി ഏറ്റവും കൂടുതല്‍ അണുസാന്നിധ്യമുള്ള അവയവങ്ങളാണ് കഴുകുന്നത്. അതോെടാപ്പം ശരീരത്തിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കുന്ന പ്രധാന മാര്‍ഗങ്ങളായ വായും മൂക്കും വൃത്തിയാക്കുന്നതും അംഗശുദ്ധിയുടെ അവിഭാജ്യഘടകമാണ്. വായ രോഗാണുക്കളുടെ കവാടം മാതമല്ല അവയുടെ സങ്കേതം കൂടിയാണ്. വായില്‍ ഇതരഭാഗങ്ങളെ അപേക്ഷിച്ച് മുന്നൂറിരട്ടി രോഗാണുക്കള്‍ വസിക്കുന്നുണ്ട്. വായിലെ ഒരു മില്ലി ദ്രവത്തില്‍ നൂറ് മില്യണ്‍ രോഗാണുക്കളെങ്കിലുമുണ്ടാകും! വായില്‍ കാണപ്പെടുന്ന 60 ശതമാനം ബാക്ടീരിയകളും പരാന്നഭോജികളാണ്; അവ പോഷണം കണ്ടെത്തുന്നത് പല്ലിനിടയിലെ ഭക്ഷ്യ അവശിഷ്ടങ്ങളില്‍നിന്നാണ്. ഇവ ഉദ്പാദിക്കുന്ന സ്രവങ്ങളും അമ്ലങ്ങളുമാണ് വായില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നത്. ദിവസവും പല പ്രാവശ്യം വായ കഴുകുന്നതാണ് ഇതിനെതിരെയുള്ള പ്രതിവിധി.

അംഗശുദ്ധിയുടെ സമയത്ത് പല്ല് തേക്കുന്നത് നബിചര്യയാണ്. നബി ﷺ പറഞ്ഞു: ''നിങ്ങള്‍ പല്ല് തേക്കുക, അത് വായ ശുദ്ധീകരിക്കുന്നതും രക്ഷിതാവിന് ഇഷ്ടപ്പെട്ടതുമാണ്. ജിബ്‌രീല്‍ വരുമ്പോഴെല്ലാം എന്നോട് ദന്തശുദ്ധിയെക്കുറിച്ച് ഉപദേശിച്ചു. അത് ഒരു നിര്‍ബന്ധകാര്യമാക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു'' (ഇബ്‌നുമാജ).

ദന്തശുദ്ധി ആരോഗ്യസംരക്ഷണരംഗത്ത് വളരെ അനിവാര്യമായ ഒന്നാണ്. ഇതിന്റെ അഭാവത്തില്‍ പല്ലുകളില്‍ രൂപപ്പെടുന്ന പ്ലാക്ക് അഥവാ കട്ടിയുള്ള ആവരണത്തില്‍ ഒരു ഗ്രാമില്‍തന്നെ നൂറ് ബില്യണ്‍ കീടാണുക്കളുണ്ടാകും. ഇത്തരം പ്ലാക്കുകള്‍ പെട്ടെന്ന് രൂപപ്പെടുകയും മോണരോഗങ്ങള്‍ക്കും ദന്തക്ഷയത്തിനും കാരണമായിത്തീരുകയും ചെയ്യും. നിങ്ങള്‍ക്ക് പ്രയാസകരമാകില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിനും പല്ല് തേക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു എന്ന ഹദീഥ് ഇവിടെയാണ് പ്രസക്തമാകുന്നത്. ദന്തശുദ്ധീകരണത്തെ പ്രോത്സാഹിപ്പിച്ച വേറെയും വചനങ്ങള്‍ ഹദീഥുകളില്‍ കാണാന്‍ കഴിയും. സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള ധാരാളം രാസപദാര്‍ഥങ്ങള്‍ അടങ്ങിയ അറാക് മുതലായ മരങ്ങളുടെ ചെറിയ കമ്പുകളാണ് പരമ്പരാഗതമായി അറബികള്‍ പല്ല് തേക്കാന്‍ ഉപയോഗിച്ചുവരുന്നത്.

അംഗശുദ്ധിയുടെ സമയത്ത് മൂക്കില്‍ വെള്ളം കയറ്റി ചീറ്റി ശുദ്ധീകരിക്കേണ്ടതുണ്ട്. മൂക്കിനകത്ത് സൂക്ഷ്മാണുക്കളുടെ കോളനികള്‍തന്നെ കാണപ്പെടുന്നുണ്ട്. എന്നാല്‍ ശരിയായരീതിയില്‍ വുദൂഅ് എടുക്കുന്നവരില്‍ (സാധ്യമായ രൂപത്തില്‍ വെള്ളം കയറ്റി ചീറ്റുന്നതുകൊണ്ട്) ഇവ അധികം കാണപ്പെടുന്നില്ല. അതുപോലെ അംഗശുദ്ധിയിലൂടെ മുഖത്തും കൈകളിലും പാദങ്ങളിലുമുള്ള കീടാണുക്കളെ തുരത്താനാകും. വുദൂഅ് ചെയ്യുന്ന സമയത്ത് കൈകാലുകളുടെ വിരലുകളുടെ വിടവുകളും ചുളിവുകളും അഴുക്ക് നീങ്ങുംവിധം ശുദ്ധീകരിക്കാന്‍ നിഷ്‌കര്‍ശിച്ചിട്ടുണ്ട്. കൈകളില്‍ രോഗാണുക്കളുടെ സാന്നിധ്യം അധികമായതുകൊണ്ടാണ് വുദൂഇന് പുറമെ ഉറക്കമുണര്‍ന്ന ഉടനെയും മലമൂത്ര വിസര്‍ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കാന്‍ നബി ﷺ പ്രത്യേകം കല്‍പിച്ചത്.

ശരീരം മുഴുവന്‍ ശുദ്ധീകരിക്കുന്ന കുളിയും ഇസ്‌ലാമിക അധ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ചില സാഹചര്യങ്ങളില്‍ അത് നിര്‍ബന്ധമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കുളിക്കാതെ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ധാരാളം അവസരങ്ങളില്‍ കുളിക്കുന്നത് ഐച്ഛികമായി എണ്ണിയിട്ടുണ്ട്. ഒരാഴ്ചയിലധികം കുളിക്കാതിരിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യമല്ല. കാരണം നബി ﷺ പറഞ്ഞു: ''തലയും ശരീരവും കഴുകുന്ന രൂപത്തില്‍ കുളിക്കുന്നത് ഏഴ് ദിവസത്തിലൊരിക്കല്‍ ഒരു മുസ്‌ലിമിന് നിര്‍ബന്ധമാണ്'' (മുസ്‌ലിം).

നന്നായി കുളിക്കുന്നതിലൂടെ ശരീരത്തിലെ തൊണ്ണുറ് ശതമാനം സൂക്ഷ്മാണുക്കളെയും നിര്‍മാര്‍ജനം ചെയ്യാനാകും. മുസ്‌ലിംകള്‍ കുളിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരാണ്. മുന്‍കാലഘട്ടങ്ങളില്‍ പാശ്ചാത്യരടക്കമുള്ള പല സമുദായങ്ങളിലും കുളി ഒരു അപൂര്‍വ സംഭവമായിരുന്നു!

വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായ കുളി, ദന്തശുദ്ധി, നഖം മുറിക്കുക, ശൗച്യം ചെയ്യുക, മീശരോമം വെട്ടുക, കക്ഷ-ഗുഹ്യ രോമങ്ങള്‍ നീക്കംചെയ്യുക തുടങ്ങിയ പത്തോളം കാര്യങ്ങള്‍ തിരുവചനങ്ങളില്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിലല്ലാതെ മറ്റൊരു മതത്തിലും ഇത്തരം സൂക്ഷ്മായ ശുചിത്വ നിര്‍ദേശങ്ങള്‍ കാണാന്‍ സാധ്യമല്ല. ഇസ്‌ലാമിലെ ഇത്തരം ശുചിത്വനിയമങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്താല്‍ രോഗപ്രതിരോധത്തിന് അവ വളരെ സഹായകമാണെന്ന് കാണാം. ഉദാഹരണമായി, വിസര്‍ജനത്തിന് ശേഷം വെള്ളംകൊണ്ട് ശൗച്യം ചെയ്യാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അത് ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. വെള്ളം അല്ലാതെ ശൗച്യം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളിലൊന്ന് ടോയ്‌ലറ്റ് പേപ്പറുകളാണ്. എന്നാല്‍ അത്തരം കടലാസുകള്‍കൊണ്ട് മാലിന്യം പൂര്‍ണമായും തുടച്ചുനീക്കാന്‍ സാധ്യമല്ല. ടിഷ്യൂ പേപ്പറിന്റെ ഏഴ് അടുക്കുകളെ ഭേദിച്ച് കയ്യിലെത്താല്‍ മലത്തിലെ അണുക്കള്‍ക്ക് കഴിയും. പ്രത്യേകിച്ച് രോഗങ്ങളൊന്നുമില്ലാത്തവരുടെ വിസര്‍ജ്യത്തില്‍ പോലും ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍ അടങ്ങിയിട്ടുണ്ടാകും. രോഗികളുടെ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന രോഗാണുക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. നഖം വെട്ടാനുള്ള നിര്‍ദേശവും നിസ്സാരമായി കാണാനാവില്ല. കാരണം ഓരോ നഖത്തിന് ചുവട്ടിലും എണ്ണമറ്റ രോഗാണുക്കള്‍ കാണപ്പെടുന്നുണ്ട്. പ്രവാചകചര്യയില്‍ പെട്ട മറ്റു നിര്‍ദേശങ്ങളും രോഗപ്രതിരോധ രംഗത്ത് നിര്‍ണായകമായ പങ്ക് വഹിക്കുന്നവയാണ്.

ചേലാകര്‍മം ചെയ്യാത്തവരില്‍ മൂത്രാശയ രോഗങ്ങള്‍ അധികമായി കാണപ്പെടുന്നുണ്ട്. തന്നെയുമല്ല ഇത്തരം ആളുകളുമായി ബന്ധപ്പെടുന്ന സ്ത്രീകളിലും ഗര്‍ഭാശയകാന്‍സറിന്റെ തോതും അധികമായി കാണപ്പെടുന്നുണ്ട്. മലമൂത്ര വിസര്‍ജനത്തിന് ശേഷമുള്ള ശുചീകരണത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മൂത്രമൊഴിച്ചതിന് ശേഷം ശുദ്ധിയാക്കാന്‍ പലരും വിമുഖത കാണിക്കാറുണ്ട്. എന്നാല്‍ പ്രവാചകന്‍ ﷺ ഇക്കാര്യവും കണിശമായി കല്‍പിച്ചതായി കാണാം. ഈ രംഗത്ത് അലംഭാവം കാണിക്കുന്നത് മരണശേഷം ക്വബ്ര്‍ ശിക്ഷക്ക് പോലും കാരണമായിത്തീരുമെന്നാണ് ഹദീഥുകള്‍ വ്യക്തമാക്കുന്നുണ്ട്.

സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നതോെടാപ്പംതന്നെ ശരീരത്തില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധ്യതയുള്ള എല്ലാ മാര്‍ഗങ്ങളും ഇസ്‌ലാം അടക്കുന്നുണ്ട്. ഉദാഹരണമായി, ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്ന പാത്രത്തിലേക്ക് ഊതുന്നതും അതിലേക്ക് നിശ്വസിക്കുന്നതും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്. (അബൂദാവൂദ്). പാനീയത്തില്‍ ഊതുന്നത് വിലക്കിയപ്പോള്‍ ഒരാള്‍ ചോദിച്ചു: 'ഞാന്‍ പാത്രത്തില്‍ കരട് കാണുന്നുണ്ടെങ്കിലോ?' തിരുമേനി പറഞ്ഞു: 'നീ അതിനെ അതില്‍നിന്നും തൂവിക്കളയുക.' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എനിക്ക് ഒറ്റശ്വാസത്തില്‍ കുടിക്കാന്‍ സാധ്യമല്ല.' നബി ﷺ പറഞ്ഞു: 'എങ്കില്‍ പാത്രം നിന്റെ വായില്‍നിന്നും അകറ്റുക'(തിര്‍മുദി).

തുമ്മുന്ന അവസരങ്ങളില്‍ തിരുമേനി ﷺ കൈകള്‍കൊണ്ടും വസ്ത്രംകൊണ്ടും മുഖം പൊത്തിയിരുന്നു (തിര്‍മുദി). കോട്ടുവായിടുമ്പോഴും വായ് പൊത്തിപ്പിടിക്കാന്‍ ആജ്ഞാപിച്ചിട്ടുണ്ട്. നബി ﷺ പറഞ്ഞു:''നിങ്ങള്‍ ആരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ അവന്റെ കൈകൊണ്ട് വായ് പൊത്തിപ്പിടിക്കട്ടെ''(മുസ്‌ലിം).

പരിസര ശുചിത്വം

നബി ﷺ പറഞ്ഞു: 'നിശ്ചയം, അല്ലാഹു വൃത്തിയുള്ളവനാണ്; അവന്‍ വൃത്തി ഇഷ്ടപ്പെടുന്നു. അവന്‍ ശുദ്ധിയുള്ളവനാണ്; അവന്‍ ശുദ്ധി ഇഷ്ടപ്പെടുന്നു. അവന്‍ മാന്യനാണ്; മാന്യത ഇഷ്ടപ്പെടുന്നു. അവന്‍ ഔദാര്യവാനാണ്; ഔദാര്യം ഇഷ്ടപ്പെടുന്നു. നിങ്ങള്‍ നിങ്ങളുടെ മുറ്റങ്ങള്‍ വൃത്തിയാക്കുക, ജൂതരോട് സാദൃശ്യം പുലര്‍ത്താതിരിക്കുക' (തിര്‍മുദി).

വഴിയില്‍നിന്ന് ഉപദ്രവം നീക്കുന്നത് പുണ്യമാണെന്ന് പഠിപ്പിച്ച പ്രവാചകന്‍ ﷺ പള്ളി പോലുള്ള പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് തെറ്റാണെന്നും അരുളിയിട്ടുണ്ട്. വഴിയിലും തണലുകളിലും വിസര്‍ജിക്കുന്നത് ശപിക്കപ്പെട്ട കാര്യമായിട്ടാണ് ഹദീഥുകള്‍ പഠിപ്പിക്കുന്നത്. വഴിയില്‍ വിസര്‍ജിക്കുന്നത് ഉപദ്രവകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ തണലുകളില്‍ വിസര്‍ജിക്കുന്നത് വിലക്കിയത് അവിടെ വിശ്രമിക്കുന്നവര്‍ക്ക് പ്രയാസകരമാകാതിരിക്കാനോ അല്ലെങ്കില്‍ സൂര്യപ്രകാശത്തിന്റെ അഭാവത്തില്‍ രോഗാണുക്കള്‍ പെറ്റുപെരുകാതിരിക്കാനോ ആയിരിക്കാം. മൈക്രോസ്‌ക്കോപ്പും മൈക്രോബയോളജിയും അജ്ഞാതമായ ഒരു കാലഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നതിനും ഹസ്തദാനം ചെയ്യുന്നതിനും വലതുകൈ ഉപയോഗിക്കണമെന്നും ശൗച്യം ചെയ്യാന്‍ ഇടതുകൈ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ച തിരുവചനങ്ങള്‍ എത്രമാത്രം ശാസ്ത്രീയമാണ്!'

'അല്ലാഹുവിന്റെ ദൂതരുടെ വലതുകൈ ശുദ്ധീകരണത്തിനും ഭക്ഷണത്തിനും ആയിരുന്നു. ഇടതു കൈ ശൗച്യത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും'(അബൂദാവൂദ്).

ഭക്ഷണപാനീയങ്ങളുള്ള പാത്രങ്ങള്‍ അടച്ചുവെക്കാനും തോല്‍പാത്രങ്ങളുടെ മുകള്‍ഭാഗം കെട്ടി ഭദ്രമാക്കാനും പ്രവാചകന്‍ ﷺ കല്‍പിച്ചിട്ടുണ്ട്: ''പാത്രങ്ങള്‍ അടച്ചുവെക്കുക, വെള്ളത്തിന്റെ തോല്‍പാത്രം കെട്ടിവെക്കുക. വര്‍ഷത്തില്‍ ഒരു രാത്രി ഒരു മഹാമാരി ഇറങ്ങും. അടച്ചുവെക്കാത്ത പാത്രങ്ങളിലും കെട്ടിവെക്കാത്ത തുകല്‍പാത്രങ്ങളിലും അത് ഇറങ്ങും'' (മുസ്‌ലിം).

രോഗാണുക്കള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്ഷണ പാനീയങ്ങളുടെ പാത്രങ്ങള്‍ അടച്ചുവെച്ചില്ലെങ്കില്‍ അവ അതിലൂടെ പകരുമെന്നാണ് ഈ വചനം സൂചിപ്പിക്കുന്നത്. അതുപോലെ രാത്രി ഉറക്കമുണര്‍ന്നാല്‍ കൈ കഴുകി വൃത്തിയാക്കാതെ ഒന്നിലും സ്പര്‍ശിക്കരുതെന്നും തിരുമേനി കല്‍പിച്ചിട്ടുണ്ട്. നബി ﷺ പറഞ്ഞു: ''നിങ്ങള്‍ ആരെങ്കിലും ഉറക്കമുണര്‍ന്നാല്‍ അവന്റെ കൈ പാത്രത്തില്‍ മുക്കരുത്; അത് മൂന്ന് പ്രാവശ്യം കഴുകിയതിന് ശേഷമല്ലാതെ. കാരണം അവന്റെ കൈ രാത്രി എവിടെയായിരുന്നുവെന്ന് അവന് അറിയുകയില്ല.''

തോല്‍പാത്രത്തിന്റെ വായ്ഭാഗത്ത് വായവെച്ച് വെള്ളം കുടിക്കുന്നത് വിരോധിക്കുന്ന ഒരു ഹദീഥ് ബുഖാരിയില്‍ കാണാവുന്നതാണ്.

(അവസാനിച്ചില്ല)