പേരമക്കളുടെ അനന്തരാവകാശം

ശബീബ് സ്വലാഹി

2021 മാര്‍ച്ച് 06 1442 റജബ് 22

(ഇസ്ലാം, സ്ത്രീ, അനന്തരാവകാശം, ഭാഗം 5)

ഇസ്ലാമിക അനന്തരാവകാശനിയമവുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ ഉന്നയിക്കാറുള്ള മറ്റൊരു ആരോപണമാണ് പേരമക്കള്‍ക്ക് അനന്തരാവകാശം നല്‍കുന്നില്ല എന്നത്. പിതാവോ മാതാവോ ജീവിച്ചിരിക്കെ അവരുടെ മക്കളില്‍നിന്നും ആരെങ്കിലും മരിച്ചാല്‍ മരണപ്പെട്ട വ്യക്തിയുടെ മക്കള്‍ക്ക് പരേതന്‍റെ ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തില്‍നിന്നും യാതൊരു അവകാശവും ലഭിക്കുന്നില്ല, അവരെ ഇസ്ലാം വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്,  ഇത് അനീതിയാണ്, മാനുഷികമൂല്യങ്ങള്‍ക്ക് എതിരാണ് മുതലായ കുപ്രചാരണങ്ങള്‍ കാലങ്ങളായി സമൂഹത്തില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നു. വിഷയത്തെ മൗലികമായി സമീപിക്കുന്ന ഏതൊരാള്‍ക്കും വിമര്‍ശകര്‍ ഉന്നയിക്കുന്നത് പൊള്ളവാദമാണന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഇസ്ലാമിക അനന്തരാവകാശനിയമത്തില്‍ പേരമക്കള്‍ പരേതന്‍റെ മാതാപിതാക്കളുടെ സ്വത്തില്‍നിന്നും നേരിട്ട് അനന്തരമെടുക്കുന്ന സാഹചര്യങ്ങളും നേരിട്ട് അനന്തരമെടുക്കാത്ത സാഹചര്യങ്ങളും ഉണ്ട് എന്ന് നാം ആദ്യം അറിയണം. നേരിട്ട് അനന്തരം ലഭിക്കാത്ത അവസരങ്ങളില്‍ അവര്‍ക്ക് സ്വത്ത് ലഭിക്കാനാവശ്യമായ വഴിയും ഇസ്ലാം കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്. സ്വത്ത് ലഭിക്കാതെ പേരമക്കള്‍ വഴിയാധാരമാകുന്ന അവസ്ഥക്ക് ഇസ്ലാം വഴിയൊരുക്കിയിട്ടില്ല; അത്തരം വഴികളെല്ലാം അടക്കുകകൂടി ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.

പേരമക്കള്‍ക്കുള്ള അവകാശങ്ങള്‍

ഇസ്ലാമിക അനന്തരാവകാശ നിയമപ്രകാരം പേരമക്കള്‍ അഹ്ലുല്‍ഫുറൂദ്വ് (നിശ്ചിതോഹരിക്കാര്‍) ആയും നിശ്ചിതോഹരിയുടെ കൂടെ മടക്കസ്വത്തിന്‍റെ (റദ്ദ്) അവകാശികളായും അസ്വബക്കാര്‍ (ശിഷ്ടമോഹരിക്കാര്‍) ആയും ദവില്‍അര്‍ഹാം (കുടുംബബന്ധമുള്ളവര്‍) ആയും അനന്തരമെടുക്കുന്ന സാഹചര്യങ്ങള്‍ ഉണ്ട്. അവയോരോന്നും സോദാഹരണം മനസ്സിലാക്കാന്‍ ശ്രമിക്കാം.

പേരമക്കള്‍ അഹ്ലുല്‍ഫുറൂദ്വ് (നിശ്ചിതോഹരിക്കാര്‍) ആയി അനന്തരമെടുക്കുന്ന അവസ്ഥകള്‍:

ഈ വിഭാഗത്തില്‍ പരേതന്‍റെ ആണ്‍മക്കളുടെ പെണ്‍മക്കളാണ് ഉള്‍പ്പെടുന്നത്. മകന്‍റെ മകള്‍, മകന്‍റെ മകന്‍റെ മകള്‍ എന്നിങ്ങനെ പെണ്‍കുട്ടികളുടെ പിതാക്കളുടെ തലമുറ ആണ്‍മക്കളിലൂടെ എത്ര താഴേക്ക് പോയാലും ആ പെണ്‍മക്കള്‍ താഴെ പറയുന്ന അവസ്ഥകളില്‍ നിശ്ചിതോഹരിക്കാരായി സ്വത്ത് അനന്തരമെടുക്കും:

മരിച്ചയാളുടെ സ്വത്തിന്‍റെ പകുതി ലഭിക്കുന്ന അവസ്ഥ:

പരേതന്‍റെ അനന്തരാവകാശിയായി മക്കളുടെ വിഭാഗത്തില്‍ മകന്‍റെ ഒരു മകള്‍ മാത്രമാണ് അവകാശിയായിട്ടുള്ളത് എങ്കില്‍ പരേതന്‍റെ സ്വത്തില്‍നിന്നും പകുതി മകന്‍റെ മകളുടെ അവകാശമാണ്. അത്തരത്തില്‍ അനന്തരമെടുക്കുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ മകന്‍റെ മകള്‍ക്ക് ഉണ്ട്. അവയില്‍ ചിലത് നമുക്ക് ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കാം:

1) ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് മാതാവും പിതാവും മകന്‍റെ ഒരു മകളുമാണ് എന്ന് കരുതുക.  പരേതന്‍റെ സ്വത്തിനെ ആറായി വിഭജിച്ച് അതില്‍ ഒരോഹരി മാതാവിനും ഒരോഹരി പിതാവിനും മൂന്നോഹരി മകന്‍റെ മകള്‍ക്കും നിശ്ചിതോഹരിക്കാര്‍ എന്ന നിലയില്‍ നല്‍കി ബാക്കിവന്ന ഒരു ഓഹരി ശിഷടമോഹരിക്കാരന്‍ എന്ന നിലയില്‍ പിതാവിനു തന്നെ നല്‍കുകയും ചെയ്യും.

2) ഒരു സ്ത്രീ മരണമടഞ്ഞു. അവര്‍ക്ക് അവകാശികളായുള്ളത് ഭര്‍ത്താവ്, മകന്‍റെ മകള്‍, സഹോദരി എന്നിവരാണ്. എങ്കില്‍ പരേതന്‍റെ സ്വത്തിനെ നാലായി വിഭജിച്ച് ഒരോഹരി ഭര്‍ത്താവിനും രണ്ടോഹരി മകന്‍റെ മകള്‍ക്കും നിശ്ചിതോഹരിയായി നല്‍കി ബാക്കിവന്ന ഒരു ഓഹരി ശിഷ്ടമോഹരിക്കാരി എന്ന നിലയില്‍ സഹോദരനും നല്‍കപ്പെടും.

ഇത്തരത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. തല്‍ക്കാലം രണ്ട് ഉദാഹരണങ്ങളില്‍ പരിമിതപ്പെടുത്തുന്നു.

പരേതന്‍റെ സ്വത്തിന്‍റെ മൂന്നില്‍രണ്ട് ലഭിക്കുന്ന അവസ്ഥ:

പരേതന്‍റെ അനന്തരാവകാശിയായി മക്കളുടെ വിഭാഗത്തില്‍ മകന്‍റെ രണ്ടോ അതിലധികമോ പെണ്‍മക്കള്‍ മാത്രമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ പരേതന്‍റെ സ്വത്തില്‍നിന്നും മൂന്നില്‍രണ്ടിന് അവകാശികളാണ് അവര്‍. ഉദാഹരണങ്ങള്‍ കാണുക:

1) പരേതന് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് മാതാവും പിതാവും മകന്‍റെ രണ്ട് പെണ്‍മക്കളുമാണെങ്കില്‍ സ്വത്ത് ആറായി ഭാഗിച്ച് ഒരു ഓഹരി മാതാവിനും ഒരു ഓഹരി പിതാവിനും നാല് ഓഹരി മകന്‍റെ രണ്ടു പെണ്‍മക്കള്‍ക്കും നല്‍കപ്പെടും.

2) ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് ഭര്‍ത്താവും മകന്‍റെ രണ്ട് പെണ്‍മക്കളും ഒരു സഹോദരിയുമാണ്. എങ്കില്‍ പരേതയുടെ അനന്തരസ്വത്തിനെ പന്ത്രണ്ട് ഓഹരിയാക്കി അതില്‍ മൂന്ന് ഓഹരി ഭര്‍ത്താവിനും എട്ട് ഓഹരി മകന്‍റെ രണ്ടു പെണ്‍മക്കള്‍ക്കും നിശ്ചിതോഹരിയായും ബാക്കി ഒരു ഓഹരി ശിഷ്ടമോഹരിയായി സഹോദരിക്കും നല്‍കപ്പെടും.

മുമ്പ് സൂചിപ്പിച്ചതുപോലെ മുകളില്‍ കൊടുത്ത രണ്ട് അവസ്ഥകളില്‍ പരിമിതപ്പെടുന്നതല്ല മകന്‍റെ പെണ്‍മക്കള്‍ക്ക് പരേതന്‍റെ സ്വത്തില്‍നിന്നും മുന്നില്‍രണ്ട് ഓഹരി ലഭിക്കന്ന അവസ്ഥ. ഉദാഹരണത്തിനായി രണ്ട് അവസ്ഥകള്‍ മാത്രം നല്‍കി എന്നു മാത്രം.

മയ്യിത്തിന്‍റെ സ്വത്തിന്‍റെ ആറിലൊന്ന് ലഭിക്കുന്ന അവസ്ഥ:

പരേതന്‍റെ മക്കളുടെ ഗണത്തില്‍നിന്നും പകുതിസ്വത്തിന് അവകാശിയായ മകളോടൊപ്പം മകന്‍റെ പെണ്‍മക്കള്‍ സ്വത്തിന്‍റെ ആറിലൊന്നിന് അവകാശികളാണ്. സ്ത്രീകളുടെ നിശ്ചിതോഹരിയായ മൂന്നില്‍രണ്ട് അവകാശം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഹരി നല്‍കപ്പെടുന്നത്. അവ രണ്ട് ഉദാഹരണങ്ങളിലൂടെ നമുക്ക് എളുപ്പം മനസ്സിലാക്കാം.

1) പരേതന് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് പിതാവും മാതാവും ഒരു മകളും മകന്‍റെ പെണ്‍മക്കളുമാണെന്ന് കരുതുക. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വത്തിനെ ആറായി വിഭജിച്ച് ഒരു ഓഹരി പിതാവിനും ഒരു ഓഹരി മാതാവിനും മൂന്ന് ഓഹരി മകള്‍ക്കും ഒരു ഓഹരി മകന്‍റെ പെണ്‍മക്കള്‍ക്കും വിഹിതംവെച്ച് നല്‍കുന്നതാണ്.

2) പരേതക്ക് അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് ഭര്‍ത്താവും പിതാവിന്‍റെ സഹോദരനും ഒരു മകളും മകന്‍റെ പെണ്‍മക്കളുമാണെന്ന് കരുതുക. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വത്തിനെ പന്ത്രണ്ട് ഓഹരിയായി വിഭജിക്കുന്നു. അതില്‍ ഭര്‍ത്താവിന് മൂന്ന് ഓഹരിയും മകള്‍ക്ക് ആറ് ഓഹരിയും മകന്‍റെ പെണ്‍മക്കള്‍ക്ക് രണ്ട് ഓഹരിയും നിശ്ചിതോഹരിക്കാര്‍ എന്ന നിലയിലും ബാക്കി ഒരു ഓഹരി പിതൃവ്യന് ശിഷ്ടമോഹരിക്കാരന്‍ എന്ന നിലക്കുമാണ് വിഹിതം നല്‍കുക.

ചുരുക്കത്തില്‍ പരേതന്‍റെ മകന്‍റെ പെണ്‍മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരും പരേതന്‍റെ സ്വത്തില്‍നിന്നും മൂന്നില്‍രണ്ട്, പകുതി, ആറില്‍ഒന്ന് എന്നീമൂന്നു രൂപങ്ങളില്‍ നിശ്ചിതോഹരിക്കാരായി അനന്തരമെടുക്കുന്നതാണ്.

മകന്‍റെ പെണ്‍മകള്‍ നിശ്ചിതോഹരിയുടെകൂടെ മടക്കസ്വത്തിന്‍റെ (റദ്ദ്) അവകാശികളായി അനന്തരമെടുക്കുന്ന അവസ്ഥകള്‍:

പരേതന്‍റെ മകന്‍റെ പെണ്‍മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരും പരേതന്‍റെ സ്വത്തില്‍നിന്നും മൂന്നില്‍രണ്ട്, പകുതി, ആറില്‍ഒന്ന് എന്നീമൂന്നു രൂപങ്ങളില്‍ നിശ്ചിതോഹരിക്കാരായി അനന്തരമെടുക്കുന്നതാണന്ന് നാം മനസ്സിലാക്കി. മേല്‍വിവരിച്ച അവസ്ഥകളോടൊപ്പം പരേതന്‍റെ അനന്തരാവകാശികളില്‍ നിശ്ചിതോഹരിക്കാരോ ശിഷ്ടമോഹരിക്കാരോ ആയി മറ്റു അവകാശികള്‍ ഇല്ലെങ്കില്‍ ആണ്‍മക്കളുടെ പെണ്‍മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരും അവരുടെ നിശ്ചിതോഹരിക്ക് പുറമെ മരിച്ചയാളുടെ ബാക്കി വരുന്ന സ്വത്തുമുഴുവന്‍ മടക്കസ്വത്ത് (റദ്ദ്) ആയി അനന്തരമെടുക്കുന്നതാണ്.

അവ ചില ഉദാഹരണങ്ങളിലൂടെ പരിചയപ്പെടാം:

1) ഒരാള്‍ മരണപ്പെടുമ്പോള്‍ അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് ആണ്‍മക്കളുടെ പെണ്‍മക്കള്‍ മാത്രമാണെന്ന് കരുതുക. എങ്കില്‍ പരേതന്‍റെ അനന്തരസ്വത്തിനെ മൂന്നായി ഭാഗിച്ച് അതില്‍ രണ്ട് ഓഹരി നിശ്ചിതോഹരിയായും ബാക്കിവന്ന ഒരു ഓഹരി മടക്കസ്വത്തായും അവര്‍ക്കിടയില്‍ തുല്യമായി വിഹിതം വെച്ച് നല്‍കുകയാണ് ചെയ്യുക.

2) പരേതന് അനന്തരാവകാശിയായി മകന്‍റെ ഒരു മകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിനെ രണ്ടായി ഭാഗിച്ച് ഒരു ഭാഗം നിശ്ചിതോഹരിയായും ബാക്കിയുള്ള ഒരു ഓഹരി മടക്കസ്വത്തായും അവള്‍ക്ക് നല്‍കപ്പെടും.

3) ഒരാള്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് ജീവിച്ചിരിപ്പുള്ളത് ഒരു മകളും മകന്‍റെ മകളും മാത്ര മാണെങ്കില്‍ പരേതന്‍റെ സ്വത്തിനെ ആറ് ഓഹരിയാക്കി അതില്‍ മുന്ന് ഓഹരി മകള്‍ക്കും ഒരു ഓഹരി മകന്‍റെ മകള്‍ക്കും നിശ്ചിതോഹരിയായി കണക്കാക്കപ്പെടും. ആറില്‍ നാല്ഓഹരി കഴിഞ്ഞ് ബാക്കി രണ്ടോഹരി അവശേഷിക്കുന്ന സാഹചര്യത്തില്‍ സ്വത്തിനെ മൊത്തം നാലോഹരിയാക്കി അതില്‍ മൂന്ന് ഓഹരി മകള്‍ക്കും ഒരു ഓഹരി മകന്‍റെ മകള്‍ക്കും നല്‍കപ്പെടും. ഓരോ അവകാശിക്കും അവര്‍ക്കുള്ള നിശ്ചിതോഹരിയുടെ തോതനുസരിച്ച് മടക്കസ്വത്തില്‍നിന്നും അവകാശവും ലഭിക്കും.

നോക്കൂ, കൃത്യവും നീതിപൂര്‍വവുമായ നിപാടുകളാണ് ഇസ്ലാം ഏത് വിഷയത്തിലും കൈകൊണ്ടിട്ടുള്ളത്. അനന്തരാവകാശ വിഷയത്തില്‍ കൃത്യമായ ഒരു കാഴ്ച്ചപ്പാടുമില്ലാത്ത, വിമര്‍ശനം ജീവിതവ്രതമാക്കിയ ആളുകളാണ് അന്യൂനവും സമ്പൂര്‍ണവുമായ ഇസ്ലാമിക അനന്തരാവകാശനിയമത്തെ ചോദ്യംചെയ്യാന്‍ മുന്നോട്ടുവരുന്നത്. അതുമുഖേന അവര്‍ സ്വയം അപഹാസ്യരാവുകയല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല എന്നാണ് വിഷയത്തെ വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുക.

പേരമക്കള്‍ അസ്വബക്കാര്‍ (ശിഷ്ടമോഹരിക്കാര്‍) ആയി അനന്തരമെടുക്കുന്ന അവസ്ഥകള്‍:

ഈ വിഭാഗത്തില്‍ പരേതന്‍റെ ആണ്‍മക്കളുടെ ആണ്‍മക്കളും പെണ്‍മക്കളും അവരുടെ സ്ഥാനത്തുള്ളവരുമാണ് ഉള്‍പ്പെടുന്നത്. മകന്‍റെ മക്കള്‍, മകന്‍റെ മകന്‍റെ മക്കള്‍ എന്നിങ്ങനെ പേരമക്കളുടെ പിതാക്കളുടെ തലമുറ ആണ്‍മക്കളിലൂടെ എത്ര താഴേക്ക് പോയാലും ആ പേരമക്കള്‍ താഴെ പറയുന്ന അവസ്ഥകളില്‍ ശിഷ്ടമോഹരിക്കാരായി സ്വത്ത് അനന്തരമെടുക്കും.

മകന്‍റെ മക്കളും അവരുടെസ്ഥാനത്ത് വരുന്നവരും ശിഷ്ടമോഹരിക്കാരായി പരേതന്‍റെ സ്വത്ത് പൂര്‍ണമായും അനന്തരമെടുക്കുന്ന അവസ്ഥകള്‍:

1) പരേതന് അനന്തരാവകാശിയായി മകന്‍റെ ഒരു മകന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ ശിഷ്ടമോഹരിക്കാരന്‍ എന്ന നിലയില്‍ പരേതന്‍റെ മുഴുവന്‍ സ്വത്തിനും അവന്‍ അവകാശിയാണ്.

2)  പരേതന് അനന്തരാവകാശിയായി ആണ്‍മക്കളുടെ ആണ്‍മക്കള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ ശിഷ്ടമോഹരിക്കാര്‍ എന്ന നിലയില്‍ പരേതന്‍റെ മുഴുവന്‍സ്വത്തിനും അവര്‍ അവകാശികളാണ്. സ്വത്തിനെ അവരുടെ എണ്ണത്തിന് അനുസൃതമായി വിഹിതംവെച്ച് തുല്യ ഓഹരിയായി അവര്‍ക്കിടയില്‍ വിഹിതം വെക്കപ്പെടും.

3)  പരേതന് അനന്തരാവകാശിയായി ആണ്‍മക്കളുടെ ആണ്‍ മക്കളും പെണ്‍മക്കളും മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ ശിഷ്ടമോഹരിക്കാര്‍ എന്ന നിലയില്‍ പരേതന്‍റെ മുഴുവന്‍സ്വത്തിനും അവര്‍ അവകാശികളാണ്. സ്വത്ത് വിഹിതംവെക്കുന്നതിനായി അനന്തരാവകാശികളിലെ പുരുഷന്‍മാരിലെ ഓരോരുത്തരെയും രണ്ടാളായി പരിഗണിച്ച് മൊത്തം അവകാശികളുടെ എണ്ണംകണക്കാക്കി എണ്ണത്തിന് അനുസൃതമായി വിഹിതംവെച്ച് ആണൊന്നിന് രണ്ട് പെണ്ണോഹരി എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അവകാശികള്‍ക്കിടയില്‍ സ്വത്ത് വിഹിതം വെക്കപ്പെടും.

മകന്‍റെ മക്കളും അവരുടെ സ്ഥാനത്ത്വരുന്നവരും മറ്റുനിശ്ചിതോഹരിക്കാരുടെ കൂടെ ശിഷ്ടമോഹരിക്കാരായി പരേതന്‍റെ സ്വത്ത് അനന്തരമെടുക്കുന്ന അവസ്ഥകള്‍:

ഈ വിഭാഗത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. പഠനത്തിന് സഹായകമാകുന്നതും കുപ്രചരണങ്ങള്‍ക്ക് വിരാമംകുറിക്കാന്‍ ഉതകുന്നതുമായ ഏതാനും ചിലത് മാത്രം ഇവിടെ പരിചയപ്പെടാം. മകന്‍റെ ആണ്‍മക്കള്‍ പരേതന് ആണ്‍മക്കളില്ലാത്ത സാഹചര്യ ത്തില്‍ പരേതന്‍റെ മകന്‍റെ സ്ഥാനത്തായിരിക്കും ഉണ്ടാവുക എന്നത് നാം അറിയാതെപോകരുത്.

നിശ്ചിതോഹരിക്കാരുടെകൂടെ മകന്‍റെ ആണ്‍മക്കള്‍ ശിഷ്ടമോഹരിക്കാരാകുന്ന രണ്ട് ഉദാഹരണങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു:

1) പരേതന് അനന്തരാവകാശികളായുള്ളത് മാതാവും പിതാവും മകന്‍റെ മകനോ അവന്‍റെ സ്ഥാനത്തുള്ളവനോ ആണെങ്കില്‍ പരരേതനില്‍നിന്നുള്ള അനന്തരസ്വത്തിനെ ആറ് ഓഹരിയാക്കി അതില്‍ ഒരു ഓഹരി പിതാവിനും ഒരു ഓഹരി മാതാവിനും നിശ്ചിതോഹരി നല്‍കി ബാക്കിവരുന്ന നാല് ഓഹരി ശിഷടമോഹരിയായി മകന്‍റെ മകന് പൂര്‍ണമായും നല്‍കപ്പെടും.

ഒന്നില്‍കൂടുതല്‍ ആണ്‍മക്കളാണ് അവരെങ്കില്‍ ശിഷ്ടമോഹരിയെ തുല്യമായി വീതിച്ച് അവര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടും.

നാലോഹരി മൂന്നുപേര്‍ക്കിടയില്‍ തുല്യമായി ഭാഗിക്കാനായി മൊത്തം ഓഹരിയായ ആറിനെ മൂന്ന്കൊണ്ട് ഗുണിച്ച് 18 ഓഹരിയാക്കി അതില്‍ മൂന്നോഹരി പിതാവിനും മൂന്നോഹരി മാതാവിനും നാല് ഓഹരികള്‍ വീതം മകന്‍റെ ആണ്‍മക്കള്‍ക്കിടയിലും വിതരണം ചെയ്യപ്പെടും.

2) ഒരു സ്ത്രീ മരണപ്പെട്ടു. അവര്‍ക്ക് അനന്താരാവകാശികളായുള്ള് ഭര്‍ത്താവ്, പിതാവ്, മാതാവ്, മകന്‍റെ ആണ്‍മക്കള്‍ എന്നിവരാണെങ്കില്‍ പരേതയുടെ അനന്തരസ്വത്തിനെ പന്ത്രണ്ടായി വിഭജിച്ച് നിശ്ചിതോഹരിക്കാര്‍ എന്ന നിലക്ക് ഭര്‍ത്താവ്, പിതാവ്, മാതാവ് എന്നിവര്‍ക്ക് മൂന്ന്, രണ്ട്, രണ്ടുവീതം ഓഹരികള്‍ യഥാക്രമം നല്‍കപ്പെടും. അവശേഷിക്കുന്ന അഞ്ചോഹരി മകന്‍റെ ആണ്‍മക്കള്‍ക്ക് ശിഷ്ടമോഹരിയായും നല്‍കപ്പെടും.

ഇനി നിശ്ചിതോഹരിക്കാരുടെ കൂടെ മകന്‍റെ ആണ്‍മക്കളും പെണ്‍മക്കളും ഒന്നിച്ച് ശിഷ്ടമോഹരിക്കാരാകുന്ന രണ്ട് ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കാം.

1)  ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് അനന്തരാവകാശികളായുള്ളത് ഭാര്യയും രണ്ട് പെണ്‍മക്കളും മകന്‍റെ രണ്ട് ആണ്‍മക്കളും ഒരു മകളുമാണെന്ന് കരുതുക. പരേതന്‍റെ സ്വത്തിനെ 24 ഓഹരിയായി ഭാഗിച്ച് അതില്‍ ഭാര്യക്ക് മൂന്ന് ഓഹരിയും പതിനാറ് ഓഹരി രണ്ട് പെണ്‍മക്കള്‍ക്കും നിശ്ചിതോഹരിയായി നല്‍കുന്നു. ശേഷം അവശേഷിച്ച അഞ്ച് ഓഹരിയില്‍ രണ്ട് ഓഹരികള്‍ വീതം പരേതന്‍റെ മകന്‍റെ രണ്ട് ആണ്‍മക്കള്‍ക്കും ഒരു ഓഹരി മകന്‍റെ മകള്‍ക്കും ശിഷ്ടമോഹരിയായി നല്‍കപ്പെടും.

2) പരേതന്‍റെ അനന്തരാവകാശികളായി ജീവിച്ചിരിക്കുന്നത് മാതാവും പിതാവും മകന്‍റെ മകനും മകന്‍റെ രണ്ട് പെണ്‍മക്കളുമാണ്. എങ്കില്‍ പരേതന്‍റെ സ്വത്ത് ആറായിഭാഗിച്ച് ഒരു ഓഹരി മാതാവിനും ഒരു ഓഹരി പിതാവിനും നിശ്ചിതോഹരിയായി നല്‍കപ്പെടും. അവശേഷിക്കുന്ന നാല് ഓഹരികളില്‍ രണ്ട് ഓഹരി പരേതന്‍റെ മകന്‍റെ മകനും ഓരോ ഓഹരിവീതം മകന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും ശിഷ്ടമോഹരിയായി നല്‍കപ്പെടും.

പരേതന്‍റെ പെണ്‍മക്കളും മകന്‍റെ പെണ്‍മക്കളും മകന്‍റെ മകന്‍റെ ആണ്‍മക്കളും ഒന്നിച്ച് അനന്തരമെടുക്കുന്ന അവസ്ഥകളും ഇസ്ലാമിക അനന്തരാവകാശനിയമത്തില്‍ കാണാന്‍ സാധിക്കും. അത്തരം അവസ്ഥകള്‍ വിരളമായിട്ടെങ്കിലും സംഭവിക്കാറുണ്ട്. ആ അവസ്ഥകൂടി വിഷയത്തിന്‍റെ പരിപൂര്‍ണതക്കു വേണ്ടി നമുക്ക് പരിചയപ്പെടാം.

പരേതന് അനന്തരാവകാശികളായുള്ളത് രണ്ടോ അതിലധികമോ പെണ്‍മക്കളും മകന്‍റെ പെണ്‍മക്കളും മകന്‍റെ മകന്‍റെ ആണ്‍മക്കളോ, ആണ്‍മക്കളും പെണ്‍മക്കളും ഒന്നിച്ചാണെന്നോ വിചാരിക്കുക. അത്തരം ഘട്ടത്തില്‍ സ്വത്തിനെ മൂന്നായി ഭാഗിച്ച് അതില്‍ രണ്ട് ഓഹരി പരേതന്‍റെ പെണ്‍മക്കള്‍ക്ക് നിശ്ചിതോഹരിയായി നല്‍കപ്പെടും.

നിശ്ചിതോഹരിയില്‍ സ്ത്രീകളുടെ ഓഹരിയായ മൂന്നില്‍രണ്ടും പരേതന്‍റെ പെണ്‍മക്കള്‍ക്കുതന്നെ ലഭിച്ച സ്ഥിതിക്ക് അവരുടെ സ്ഥാനത്ത് വരുന്ന നിശ്ചിതോഹരിക്കാരായ മകന്‍റെ പെണ്‍മക്കള്‍ക്ക് ഓഹരി ലഭിക്കാത്ത അവസ്ഥവരും. അത്തരം ഘട്ടത്തില്‍ അവരെക്കാളും താഴെ തലമുറയും ശിഷ്ടമോഹരിക്കാരുമായ മകന്‍റെ മകന്‍റെ ആണ്‍മക്കളുടെ കൂടെ അവരുടെ സഹോദരിയുടെ സ്ഥാനത്ത് കണക്കാക്കി ഒരുപുരുഷന് രണ്ട് സ്ത്രീകളുടെ അവകാശം എന്ന തത്ത്വത്തിന്‍റെ അടിസ്ഥാനത്തില്‍ അവശേഷിക്കുന്ന ഒരു ഓഹരി വിഹിതംവെച്ച് വിതരണം ചെയ്യപ്പെടും.

വസ്തുതകള്‍ ഇങ്ങനെയായിട്ടും സ്ത്രീകളോടും പേരമക്കളോടും അനന്തരസ്വത്തിന്‍റെ വിഷയത്തില്‍ നീതികേട് കാണിക്കുന്ന മതമാണ് ഇസ്ലാം എന്ന് വിമര്‍ശകര്‍ വിടുവായത്തം വിളമ്പുമ്പോള്‍, വസ്തുത എന്തെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ അത് ഏറ്റുപാടി നടക്കുന്നവര്‍ അവരുടെ അല്‍പത്വം ആഘോഷമാക്കുന്നു എന്ന് മാത്രമാണ് വിഷയത്തെ മാന്യമായി നോക്കിക്കാണുന്നവര്‍ക്ക് പറയാന്‍ സാധിക്കുക. (തുടരും)