മതവിരോധം മൂക്കുമ്പോള്‍

ശാഹുല്‍ പാലക്കാട്

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

സാം ഹാരിസ് എഴുതി: 'എനിക്കൊരു മാന്ത്രികവടി ലഭിക്കുകയും അതുകൊണ്ട് മതത്തെ അല്ലെങ്കില്‍ ബലാത്സംഗത്തെ ലോകത്തുനിന്നും തുടച്ചുനീക്കാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ ബലാത്സംഗത്തെ ഇല്ലായ്മ ചെയ്യുന്നതിനു പകരം മതത്തെ തുടച്ചുനീക്കുക എന്ന തീരുമാനത്തെ കൈക്കൊള്ളാന്‍ ഞാന്‍ മടിക്കില്ല.'(1)

മതമാണ് ലോകത്തെ ഏറ്റവും വലിയ തിന്മയും കെടുതിയുമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതാണ് മിക്ക നവനാസ്തിക കൃതികളുടെയും പൊതുസ്വഭാവം. മതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല്ലിറുക്കുകയും കണ്ണ് ചുവക്കുകയുമൊക്കെ ചെയ്യുന്ന നിലവാരത്തിലുള്ള മതവിരോധികളായ കുറെയധികം മാനസികരോഗികള്‍ സ്വയം നവനാസ്തികരെന്ന് അടയാളപ്പെടുത്തുന്നതിനു പുറകിലെ പ്രചോദനം സാം ഹാരിസിനെയും ഹിച്ചന്‍സിനെയും പോലുള്ളവരുടെ കിതാബുകളാണ്. ബലാത്സംഗത്തെ അല്ലെങ്കില്‍ മതത്തെ തുടച്ചുനീക്കാന്‍ അവസരം ലഭിച്ചാല്‍ മതത്തെ തിരഞ്ഞെടുക്കുകയും ബലാല്‍സംഗത്തെ അനുവദിക്കുകയും ചെയ്യുമെന്ന വിശദീകരണത്തില്‍നിന്നുതന്നെ അയാളുടെ മതത്തോടുള്ള വെറുപ്പിന്റെ തീവ്രത എത്രത്തോളമെന്ന് അളക്കാനാകുന്നുണ്ട്. സ്വാഭാവികമായും ഇത്രയധികം മതവിരോധം ചുമക്കുന്ന ആളുകളിലേക്ക് യഥാര്‍ഥത്തില്‍തന്നെ മതങ്ങളെ ഉന്മൂലനം ചെയ്യാനുള്ള അവസരം വന്നെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?

ഏറ്റവും വലിയ തിന്മയും കെടുതിയുമായി മനുഷ്യന്‍ കരുതുന്നതിനെ തുടച്ചുനീക്കുന്നതിനാണല്ലോ അവര്‍ മുന്‍ഗണന നല്‍കുക. ആ സ്വഭാവത്തില്‍ ബലാത്സംഗത്തെക്കാള്‍ വലിയ കെടുതിയെന്ന് നാസ്തികര്‍ക്ക് സ്വയം അഭിപ്രായമുള്ള മതദര്‍ശനങ്ങളുടെ ഉന്‍മൂലത്തിന് നാസ്തിക ഭരണക്രമത്തില്‍ പ്രഥമപരിഗണന ലഭിക്കുന്നത് സ്വാഭാവികത മാത്രമാണ്. മതസ്വാതന്ത്ര്യത്തിന് വിലങ്ങിടുകയും തങ്ങളുടെ തീവ്ര മതനിഷേധ നിലപാടുകള്‍ പൗരന്മാരിലേക്ക് അടിച്ചേല്‍പിക്കുകയും ചെയ്യുന്ന സ്വഭാവം നിരീശ്വരവാദത്തില്‍ നൈസര്‍ഗികമായി ഉള്ളടങ്ങിയതാണെന്ന് ചരിത്രപരമായിത്തന്നെ തെളിഞ്ഞതാണ്. മതങ്ങളോടുള്ള എതിര്‍പ്പിനെയും വിരോധത്തെയും അടിസ്ഥാനദര്‍ശനമായി കാണുന്നതുകൊണ്ടുതന്നെ തങ്ങള്‍ക്ക് അധികാരവും പദവിയും ലഭിച്ചിടത്തെല്ലാം നാസ്തികത ആ പ്രതികാരബുദ്ധി പ്രകടിപ്പിച്ചിട്ടുണ്ട് എന്നും കാണാം. 1944 നവംബറില്‍ കമ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടി ഭരണത്തില്‍ എത്തിയശേഷം ലോകത്തിലെ ആദ്യത്തെ നാസ്തിക രാഷ്ട്രമായി അല്‍ബേനിയ സ്വയം പ്രഖ്യാപിച്ചു. പ്രസ്തുത ഭരണഘടനയുടെ 370ാം അനുച്ഛേദത്തില്‍ അല്‍ബേനിയ ഒരു ഔദേ്യാഗിക നാസ്തിക രാഷ്ട്രമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.(2)

ആ രേഖപ്പെടുത്തലിന്റെ പ്രതിഫലനമെന്നോണം മതത്തിനും ദൈവവിശ്വാസികള്‍ക്കുമെതിരെയുള്ള യുദ്ധത്തിനാണ് പിന്നീട് അല്‍ബേനിയ സാക്ഷിയായത്. ബലാല്‍ക്കാരമായിത്തന്നെ രാഷ്ട്രത്തിനകത്തുനിന്നും മതചിഹ്നങ്ങളെ തകര്‍ത്തും, മതസ്ഥാപനങ്ങളെ പിടിച്ചെടുത്തും, വിശ്വാസസ്വാതന്ത്ര്യം നിഷേധിച്ചും, എതിര്‍ത്തവരെ കൊന്നുതള്ളിയും ഫാഷിസത്തിന്റെതായ എല്ലാ വൈകല്യങ്ങളും ആദ്യ നാസ്തിക രാഷ്ട്രംതന്നെ കാണിച്ചുതന്നിട്ടുണ്ട്. എന്നാല്‍ അല്‍ബേനിയയുടെ അവകാശവാദത്തിന് എതിരായി മുമ്പേതന്നെ മറ്റൊരു ഔദേ്യാഗിക നാസ്തിക രാഷ്ട്രവും ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. സോവിയറ്റ് റഷ്യയാണത്. നിരീശ്വരവാദത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമായ സയന്റിഫിക് എത്തീസം ആണ് തങ്ങളുടെ ആശയമെന്ന അവകാശവാദത്തില്‍ സ്ഥാപിതമായ സോവിയറ്റിന് കീഴില്‍ ലീഗ് ഓഫ് മിലിട്ടന്റ് എത്തിയിസ്റ്റ്‌സ് (leage of militant atheists) എന്ന പേരിലൊരു തീവ്ര മതഉന്മൂലന സംഘടനതന്നെ പ്രവര്‍ത്തിച്ചിരുന്നു.(3) സ്റ്റാലിന്‍ അടക്കമുള്ള ഭരണാധികാരികളുടെ ഉത്തരവോടെതന്നെ മതവിശ്വാസത്തിന്റെ പേരില്‍ പൗരന്മാര്‍ കൊലചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ചരിത്രം ആര്‍ക്കും നിഷേധിക്കാവുന്നതല്ല.(4)

ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളുടെ കണക്കനുസരിച്ച് കമ്യൂണിസം കാരണമായി ഇരുപതാം നൂറ്റാണ്ടില്‍ തന്നെ അന്‍പത് ദശലക്ഷം വിശ്വാസികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റെവറന്റ്ഫാദര്‍ റാഫേല്‍ മൂര്‍ അദ്ദേഹത്തിന്റെ 'ഇന്‍ മെമ്മറി ഓഫ് ദി ഫിഫ്റ്റി മില്യണ്‍ വിക്ടിംസ് ഓഫ് ദി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ഹോളോകാസ്റ്റ്' എന്ന ലേഖനത്തിലൂടെ സമര്‍ഥിക്കുന്നത്. ആരാധനാലയങ്ങള്‍ തകര്‍ത്തും കുഞ്ഞുങ്ങളില്‍ നിര്‍ബന്ധിതമായി മതനിഷേധ താല്‍പര്യങ്ങളെ കുത്തിവെച്ചും പുരോഹിതന്മാരെ വധിച്ചും മതത്തെ ഉന്മൂലനം ചെയ്യാന്‍ സോവിയറ്റ് നാസ്തികര്‍ നടത്തിയ ശ്രമങ്ങളെ ദിമിത്രി പോസ്പിലോവ്‌സ്‌കി രചിച്ച 'മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നാസ്തികതയുടെ ചരിത്രവും സോവിയറ്റിലെ മതവിരുദ്ധ നയങ്ങളും' A history of Marxist Leninist Atheism And Soviet Anti Relegious policies) എന്ന കൃതിയില്‍ വായിക്കാം.

മതവിരോധത്തിനു പുറമെ കേവല ഭൗതികവാദത്തിന്റെ ഉന്മാദത്തില്‍ തങ്ങളുദ്ദേശിച്ച ലോകക്രമത്തെ സൃഷ്ടിക്കാന്‍ മാത്രം കൊന്നുതള്ളിയ പച്ചമനുഷ്യരുടെ കണക്കുകള്‍ വേറെയും ഉണ്ട്. 1924 മുതല്‍ 1953 വരെയുള്ള സ്റ്റാലിന്റെ ഭരണകാലത്ത് മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത് ദശലക്ഷമാണ്. 1949 മുതല്‍ 1975 വരെ മാവോ സേതൂങ്ങിന്റെ നേതൃത്വത്തില്‍ ചൈനയില്‍ തുടച്ചുനീക്കപ്പെട്ടത് നാല്‍പത് മില്യണ്‍ മനുഷ്യരാണ്. നാസ്തികത ഒരു സംഘടിത ശക്തിയായി വളരുകയും ഭരണക്രമത്തിന്റെ ഭാഗമാവുകയും ചെയ്ത ചുരുക്കം ഇടങ്ങളില്‍ അത് മനുഷ്യനോട് പെരുമാറിയ ചരിത്രത്തിന്റെ ചുരുക്കം മാത്രമാണിത്. അടിച്ചേല്‍പിക്കപ്പെട്ട നാസ്തികതയുടെ പിരിമുറുക്കങ്ങള്‍ അനുഭവിക്കേണ്ടിവന്ന റഷ്യന്‍ജനത കമ്യൂണിസത്തിന്റെ തകര്‍ച്ചയോടെ പൂര്‍വാധികം ശക്തമായി തങ്ങളുടെ മതങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും തിരിച്ചെത്തിയെന്നത് കൂടെയാണ് ചരിത്രം.(5)

വര്‍ത്തമാനലോകത്തേക്ക് വന്നാലും മതവിരോധത്തിന്റെതായ നാസ്തിക സമീപനരീതികള്‍ ഒട്ടും പുരോഗമിച്ചിട്ടില്ല എന്നുകാണാം. ഔദേ്യാഗിക നാസ്തിക രാഷ്ട്രമായി സ്വയം രേഖപ്പെടുത്തിയിട്ടുള്ള ചൈനയുടെ സ്ഥിതിയിലേക്കുതന്നെ വരാം. രാഷ്ട്രമുഖത്തുനിന്നും മതചിഹ്നങ്ങളെ നീക്കംചെയ്യാനുള്ള അല്‍ബേനിയന്‍ മോഡല്‍ വ്യഗ്രതതന്നെ ചൈനയും കൈക്കൊള്ളുന്നതായി ബി.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചരിത്രപ്രധാനമായ മസ്ജിദുകള്‍പോലും ഇടിച്ചുനിരത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ അതില്‍ തെളിയിക്കുന്നുണ്ട്.(6) ശിന്‍ജ്യാങ്ങ് പ്രവിശ്യയിലെ നിലവിലെ മുസ്‌ലിം ജീവിതങ്ങളുടെ അവസ്ഥകളും വ്യത്യസ്തമല്ല. സ്വന്തം താടി നീട്ടി വളര്‍ത്താനോ, റമദാനിലെ വ്രതാനുഷ്ഠാനങ്ങള്‍ക്കോ നിലവില്‍ അവിടെ പൗരസ്വാതന്ത്ര്യമില്ല. നിലവിലുള്ള ചുരുക്കം മസ്ജിദുകള്‍പോലും പൂര്‍ണമായ ക്യാമറാ നിരീക്ഷണത്തിനകത്തുമാണ്. ഇതിനെല്ലാമുപരി വിശ്വാസികളെ ബലാല്‍ക്കാരമായും പീഡിപ്പിച്ചും മസ്തിഷ്‌കപ്രക്ഷാളനം നടത്താനായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍തന്നെ നിര്‍ബന്ധിത തടങ്കല്‍പാളയങ്ങള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.(7)

2014ല്‍ ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പീപ്പിള്‍സ് വാര്‍ ഓണ്‍ ടെറര്‍ (peoples war on terror) നയത്തിന്റെ ഭാഗമായി 2017 മുതല്‍ വിശ്വാസികളെ സര്‍ക്കാര്‍ ഈ തടങ്കല്‍പാളയത്തിലിട്ട് നരകിപ്പിക്കുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ നിരീക്ഷിക്കുന്നു.(8) ഇവിടെ സംഭവിക്കുന്ന പീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും മനുഷ്യാവകാശ നിഷേധങ്ങളുടെയും പേരില്‍ ചൈന അന്താരാഷ്ട്ര രംഗത്ത് തന്നെ വിമര്‍ശനവിധേയമായിക്കൊണ്ടിരിക്കുകയാണ്.

വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഉയ്ഗൂര്‍ മുസ്‌ലിംകളുടെ വംശഹത്യയായാണ് ഇതിനെ വിലയിരുത്തുന്നത്.(9) ഇത്തരം ക്യാമ്പുകളില്‍നിന്നും അവയവ കടത്തിനായി ആളുകളെ കൊല്ലുന്നതും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നതും ഉള്‍പെടെയുള്ള വാര്‍ത്തകളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു.(10)

ചുരുക്കത്തില്‍ അധികാരവും ശക്തിയും കൈചേര്‍ന്നിടത്തെല്ലാം നാസ്തികത കൈക്കൊണ്ടിട്ടുള്ള മതവിരോധത്തിനും വംശീയതക്കും ഉദാഹരണം മാത്രമാണിത്. മറ്റു ദര്‍ശനങ്ങളോടുള്ള വെറുപ്പിനെ വിഗ്രഹവത്കരിച്ചുകൊണ്ടുമാത്രം നിലനില്‍ക്കുന്ന ഒരു ദര്‍ശനമെന്ന നിലയ്ക്ക് നിരീശ്വര പ്രത്യയശാസ്ത്രങ്ങളില്‍നിന്നും സ്വാഭാവികമായുണ്ടാകുന്നതാണ് ഈ വെറുപ്പിന്റെ പ്രസരണവും.

ഇത് മനസ്സിലാക്കാന്‍ ശാസ്ത്ര പ്രചാരണമെന്ന പേരില്‍ നാസ്തികര്‍ നടത്തുന്ന വര്‍ത്തമാന പരിപാടികളെ നിരീക്ഷിച്ചാല്‍തന്നെ മതി. തെര്‍മോ ഡൈനാമിക്‌സിന്റെ സെക്കന്‍ഡ് ലോ കേട്ട് ഉത്തേജിതനാവുകയും കയ്യടിക്കുകയും ചെയ്യുന്ന ഒരു നാസ്തികനെയും ഇന്നുവരെ ആരും കണ്ടുകാണില്ല. എന്നാല്‍ മതദര്‍ശനങ്ങളെ തെറിനിലവാരത്തില്‍ അധിക്ഷേപിക്കുമ്പോള്‍ അതില്‍ ആനന്ദിക്കുകയും ഹര്‍ഷാരവം മുഴക്കുകയും ചെയ്യുന്ന മനോരോഗികള്‍ നാസ്തിക ശ്രോതാക്കളില്‍ ചുരുക്കമല്ലെന്നും നിരീക്ഷിക്കാം. ഉള്ളില്‍ തളംകെട്ടി കിടക്കുന്ന ഈ മതവിരോധം തന്നെയാണ് സോഷ്യല്‍ മീഡിയ തെറിവിളികള്‍ മുതല്‍ സോവിയറ്റ് മനുഷ്യ ഉന്മൂലനങ്ങളില്‍വരെ മുഴച്ചുനില്‍ക്കുന്നത്.

 

കുറിപ്പുകള്‍:

[1] https://www.thesunmagazine.org/issues/369/thetempleofreason

[2] https://balkaninsight.com/2019/08/28/howalbaniabecametheworldsfirstatheistcountry/

[3]  Keep, John L. H. (2005). "10: Captive minds: faith, science, history". In Litvin, Alter L; Keep, John L. H. (eds.). Stalinism: Russian and Western Views at the Turn of the Millennium. Totalitarian movements and political religions. Psychology Press. p. 153. ISBN 9780415351096. Retrieved 20170201. The principal vehicle for atheist propaganda was the League of (Militant) Godless, or LMG, headed by E.M. Yaroslavsky, which operated under close Party supervision and often in conjunction with its youth organization, the Komsomol.

[4] John Meyendorff (1987). Witness to the World. St Vladimir's Seminary Press. After having been the state religion for centuries both in Russian and in almost all the countries of Europe, Christianity suddenly was confronted with a militant atheistic system claiming to regulate not only the material, but also the spiritual life of man. The number of those who died for the faith is innumerable: in the year 1922 alone, 2691 secular priests, 1962 monks and 3447 nuns.  Quoted from N. Struve, Christians in Russia, Harvill Press, London, 1967, p. 38

Timothy Ware (1993). The Orthodox Church. Penguin Books. The Ottoman Turks, while nonChristians, were still worshippers of the one God and, as we have seen, allowed the Church a large measure of toleration. But Soviet Communism was committed by its fundamental principles to an aggressive and militant atheism. Not only were churches closed on a massive scale in the 1920s and 1930s, but huge numbers of bishops and clergy, monks, nuns and laity were sent to prison and to concentration camps. How many were executed or died from illtreatment we simply cannot calculate. Nikita Struve provides a list of martyrbishops running to 130 names, and even this he terms 'provisional and incomplete'. The sum total of priestmartyrs must extend into tens of thousands.”

[5] https://www.csmonitor.com/World/Europe/2011/0506/Russiaemergesas EuropesmostGodbelievingnation

[6] https://youtu.be/DewWSGTwOXo

[7] "Xinjiang de fankong, qu jiduanhua douzheng yu renquan baozhang" (in Chinese). Xinhua. 18 March 2019. Retrieved 20 July 2019.

[8] "China: Free Xinjiang 'Political Education' Detainees". Human Rights Watch.

[9] Statement by the Subcommittee on International Human Rights concerning the human rights situation of Uyghurs and other Turkic Muslims in Xinjiang, China". Subcommittee on International Human Rights (SDIR) of the Canadian House of Commons Standing Committee on Foreign Affairs and International Development. 21 October 2020. Archived from the original on 24 October 2020. Retrieved 23 October 2020.

[10] Liver on sale for $160k: Uyghur organs harvested in China's black markets.

https://www.hindustantimes.com/worldnews/liveronsalefor160kuyghurorgan sharvestedinchinasblackmarkets 101635556908589.html