ഒരു സമൂഹം ഒരേയൊരു മാര്‍ഗം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

2021 ജൂലൈ 17 1442 ദുല്‍ഹിജ്ജ 06

നബി ﷺ തന്റെ പുത്രി റുക്വിയ്യ(റ)യെ അന്ത്യയാത്രയാക്കിയപ്പോള്‍ പറഞ്ഞു: ''മകളേ, നല്ലവരായ നമ്മുടെ പൂര്‍വികന്മാരുടെ കൂട്ടത്തിലേക്ക് നീയും തിരിച്ചുചെല്ലൂ. ഉഥ്മാനുബ്‌നു മള്ഊനിനെപ്പോലെയുള്ളവരുടെ കൂട്ടത്തിലേക്ക്.''

ജീവിതത്തില്‍നിന്ന് ഞെട്ടറ്റുവീഴുന്ന വിശ്വാസികളെ മറവുചെയ്യുമ്പോഴും, അതിനുമുമ്പ് അവരെ സത്യമാര്‍ഗത്തിലേക്ക് ഉദ്‌ബോധനം നടത്തിയപ്പോഴുമെല്ലാം ഇഹലോകത്തുനിന്ന് പരലോകത്തേക്ക് നീണ്ടുപോകുന്ന, സ്വര്‍ഗംവരെ എത്തിനില്‍ക്കുന്ന നല്ലവരുടെ ഒരു മാര്‍ഗത്തെപ്പറ്റി നബി ﷺ പ്രത്യേകം ഉണര്‍ത്തിയിരുന്നു. ഒരിക്കല്‍ നബി ﷺ ഇക്കാര്യം ഒരു ചിത്രം വരച്ചുതന്നെ പഠിപ്പിച്ചു.

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ''നബി ﷺ നിലത്ത് ഒരു നേര്‍രേഖ വരച്ചു. പിന്നീട് അതിന്റെ വലത്തും ഇടത്തും വേറെയും രേഖകള്‍ വരച്ചു. എന്നിട്ട് മധ്യത്തിലുള്ള നേര്‍രേഖയില്‍ വിരല്‍വെച്ചുകൊണ്ട് ഈ ക്വുര്‍ആന്‍ വചനം ഓതി: 'ഇത് എന്റെ പാത. നേരേചൊവ്വെയുള്ള പാത. ഇത് നിങ്ങള്‍ പിന്‍പറ്റുക. മറ്റുവഴികളെ പിന്‍പറ്റുകയും ചെയ്യരുത്. അവ നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗംവിട്ടു ഭിന്നിപ്പിക്കും. അത് സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുകയാണ്'' (അല്‍അന്‍ആം 153).

'അസ്സ്വിറാത്വുല്‍ മുസ്തക്വീം' അഥവാ നേര്‍വഴി എന്നാണ് ക്വുര്‍ആനും നബിവചനങ്ങളും ഈ രേഖയെ വിശേഷിപ്പിച്ചത്.

മുമ്പേ നടന്നവരുടെ വഴിയാണ് സ്വിറാത്വുല്‍ മുസ്തക്വീം. മനുഷ്യസമൂഹത്തിന്റെ ഈ ജീവിതവഴിയില്‍ മുന്നില്‍ നടക്കാന്‍ തുടങ്ങിയത് ആദം(അ) ആണ്. അദ്ദേഹത്തെ അല്ലാഹു സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ജീവിക്കാനയച്ചു:

''നാം പറഞ്ഞു. നിങ്ങളെല്ലാവരും അവിടെ(സ്വര്‍ഗത്തില്‍)നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍നിന്നുള്ള മാര്‍ഗനിര്‍ദേശം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞാല്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവര്‍ക്കു ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'' (അല്‍ബക്വറ 38).

ആദം(അ) ആരംഭിച്ച ഈ പ്രയാണം മാനവകുലത്തിന്റെ ജീവിതപ്രയാണമായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടുപിന്നാലെ ഭാര്യയുമുണ്ട്.  സ്വര്‍ഗത്തില്‍നിന്നു തുടങ്ങി ഇഹലോകജീവിതം വഴി സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചെത്തുന്ന ജീവിതയാത്ര.

രണ്ടുവഴികള്‍

ആദം ദമ്പതികളുടെ കൂടെ ചെകുത്താനും ഇഹലോക ജീവിതത്തിലേക്കിറങ്ങിവന്നു:

''അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല'' (അല്‍ അഅ്‌റാഫ് 16,17).

ആദം(അ) നടത്തം ആരംഭിച്ച സ്വര്‍ഗത്തിലേക്കുള്ള വഴിക്കു സമാന്തരമായി പിശാചും വേറൊരു വഴിക്കു നടക്കാന്‍ തുടങ്ങി. സത്യത്തിന്റെയും അസത്യത്തിന്റെയും രണ്ടു വഴികള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് ആദം സന്തതികള്‍ ഈ രണ്ടുവഴികളിലും അണിനിരന്നു. ആദമിന്റെ രണ്ടു മക്കളില്‍ ഒരാള്‍ (ഹാബീല്‍) പിതാവിന്റെ പിന്നിലും മറ്റെയാള്‍ (ഖാബീല്‍) പിശാചിന്റെ പിന്നിലും അണിനിരന്നു. അല്ലാഹു പറയുന്നു:

''(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ. എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു'' (അല്‍മാഇദ 27,28).

അങ്ങനെ ഹാബീലും ഖാബീലും രണ്ടുവഴിക്ക് നീങ്ങി.

ആദമിന്റെ മക്കള്‍ പെരുകിത്തുടങ്ങി. പലരും പല വഴികൡ നീങ്ങി. ചിലര്‍ സ്വര്‍ഗത്തില്‍നിന്നു തുടങ്ങി സ്വര്‍ഗത്തില്‍ തന്നെ എത്തുന്ന, ആദം(അ) മുന്നില്‍ നടക്കുന്ന വഴിയുടെ പിന്നില്‍നിന്നു. വേറെ ചിലര്‍ പിശാച് മുന്നില്‍ നടക്കുന്ന വഴിയാണ് തുടര്‍ന്നത്. പിന്നീട് പിശാചിന്റെ ലൈന്‍ നീളംകൂടി. പല ൈലനുകളും അതിന്റെ ശാഖകളായുണ്ടായി. ആദമിന്റെ ലൈന്‍ ഒന്നുമാത്രം.അല്ലാഹു പറഞ്ഞു:

''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (അല്‍അന്‍ആം 153).

ഈ സ്വിറാത്വുല്‍ മുസ്തക്വീമില്‍ മുമ്പേ നടന്നവരാണ് പ്രവാചകന്മാര്‍. പല നബിമാരുടെയും പിതാക്കളെ ആദം(അ) തുടങ്ങിയ ൈലനില്‍ കാണുന്നില്ല. ഉദാഹരണമായി ഇബ്‌റാഹീം നബി(അ)ന്റെ പിതാവ്. അദ്ദേഹം എതിര്‍ലൈനില്‍ നില്‍ക്കുന്നത് കാണാം. പലരുടെയും ഭാര്യമാര്‍ അപ്പുറത്താണ്. പലരുടെയും മക്കള്‍ അപ്പുറത്തെ പിശാചിന്റെ വഴിയിലാണ്. ഫിര്‍ഔന്‍ പിശാചിന്റെ വരിയിലും ഭാര്യ നേര്‍വരിയിലുമാണ്. രണ്ടുവരിയിലും അണിനിരന്നവരില്‍ നിന്ന് ആയുസ്സ് തീര്‍ന്നവര്‍ മുമ്പേ കടന്നുപോയി. ഒന്നുകില്‍ സ്വര്‍ഗത്തിന്റെ മാര്‍ഗത്തിലൂടെ, അല്ലെങ്കില്‍ നരകത്തിന്റെ വഴിയിലൂടെ. അവര്‍ ജീവിതത്തിന്റെ ഫലം ആസ്വദിച്ചു തുടങ്ങി.

നമ്മുടെ വഴി

ആദം(അ) മുന്നില്‍ നടക്കുന്ന, സത്യസന്ധരും രക്തസാക്ഷികളും സച്ചരിതരും പിന്തുടര്‍ന്ന ഒരു വഴിയാണ് നാം തെരഞ്ഞെടുത്തിട്ടുള്ളത്. ആ വരിയില്‍ അണിനിരന്നവരുടെ പ്രത്യേകതകളെന്താണ്? ക്വുര്‍ആനില്‍ തന്നെ വായിക്കുക:

''പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു. തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും നിന്ന് നമസ്‌കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍. ഇപ്രകാരം പറയുന്നവരുമാകുന്നു അവര്‍: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു. ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍. അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും. പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകള്‍ക്ക് പകരം നന്മകള്‍ മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. വല്ലവനും പശ്ചാത്തപിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്. വ്യാജത്തിന് സാക്ഷിനില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തുകൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍. തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും!'' (അല്‍ഫുര്‍ക്വാന്‍ 63-76).

സ്വര്‍ഗത്തില്‍നിന്ന് തുടങ്ങി സ്വര്‍ഗത്തിലേക്ക് നീളുന്ന ആ വരിയില്‍ അണിനിരന്നവരുടെ വിശ്വാസങ്ങളും സ്വഭാവങ്ങളും നിഷ്ഠകളും വിശുദ്ധ ക്വുര്‍ആനിലും നബിവചനങ്ങളിലും ധാരാളമായി കാണാം. വഴിതെറ്റിക്കുന്ന പിശാചിന്റെ വലയത്തില്‍ പെട്ട് ഒരുവേള ഈ വരിയില്‍നിന്ന് തെറ്റിപ്പോയി കളവും വഞ്ചനയും കലഹവും വ്യാജവിശ്വസങ്ങളും ആചാരവൈകൃതങ്ങളും ചെയ്തുപോയാല്‍ തന്നെ വീണ്ടും തിരിച്ചുവരാനുള്ള പഴുതുകളും ധാരാളമുണ്ട്. ദിവസവും അഞ്ചുനേരം ''ഇഹ്ദിനസ്സ്വിറാത്വല്‍ മുസ്തക്വീം...'' (നാഥാ! നീ ഞങ്ങളെ നേരായ വഴിയില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍, കോപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല) എന്നിങ്ങനെ ഒറ്റക്കും കൂട്ടായും നമസ്‌കാരങ്ങളില്‍ ഓതല്‍ നിര്‍ബന്ധമായ ഫാതിഹയിലൂടെ പതിനേഴ് പ്രാവശ്യം നിര്‍ബന്ധമായും ആവര്‍ത്തിച്ച് പ്രാര്‍ഥിക്കാന്‍ അല്ലാഹു കല്‍പിച്ചതും സ്വര്‍ഗത്തിലേക്കുള്ള ഈ വഴിയില്‍ നിന്ന് ഒരിക്കലും തെറ്റാതിരിക്കാനാണ്. പരലോകരക്ഷയിലേക്ക് രണ്ടു ൈലനുകളില്ല. ഒന്നു മാത്രമേയുള്ളൂ. പ്രവാചകരും സ്വഹാബികളും ഹവാരിയ്യുകളും സലഫുകളും നിന്ന ഒറ്റവരി. ആ വരിയില്‍ മുതിര്‍ന്ന സ്ത്രീ-പുരുഷന്മാരും യുവാക്കളും കുട്ടികളുമെല്ലാം ഉണ്ട്. സച്ചരിതരായ പൂര്‍വികരുടെ പിന്നില്‍ നാം നിലനിന്നും നമ്മുടെ പിന്നില്‍ ഇളംതലമുറകളെയും അണിനിരത്തിയും സ്വിറാത്വുല്‍ മുസ്തക്വീമിന്റെ കണ്ണിമുറിയാതിരിക്കാന്‍ നാം കരുതിയിരിക്കുക.  

''നന്‍മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്.'' (ആലുഇംറാന്‍ 105,106).