ഔല്‍: മസ്അലയും വിമര്‍ശകരും

ശബീബ് സ്വലാഹി തിരൂരങ്ങാടി

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

(ഇസ്ലാമിക അനന്തരാവകാശം: 7)

അറിവില്ലായ്മ മനുഷ്യനെ അപകടത്തിലേക്ക് എത്തിക്കും. അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരോട് ചോദിച്ചു പഠിക്കല്‍ മനുഷ്യന്‍റെ സദ്ഗുണമായാണ് പരിഗണിക്കപ്പെടുന്നത്. തനിക്ക് യാതൊരു വിവരവുമില്ലാത്ത വിഷയത്തില്‍ ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് കടുത്ത അപരാധവുമാണ്. അതാണ് ഇസ്ലാംവിമര്‍ശകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനൊരു ഉദാഹരണമാണ് ഇസ്ലാമിക അനന്തരാവകാശത്തിലെ 'ഔല്‍ മസ്അല.' ഈ വിഷയത്തില്‍ ചിലപ്പോഴെങ്കിലും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ വിമര്‍ശകര്‍ക്ക് സാധിച്ചേക്കാം. അതിന്‍റെ വസ്തുത എന്താണന്ന്  നമുക്ക് പരിശോധിക്കാം.

വിമര്‍ശകര്‍ ഉന്നയിക്കാറുള്ള ഒരു ചോദ്യം ആദ്യം നമുക്ക് പരിചയപ്പെടാം: ഒരു സ്ത്രീ മരണപ്പെട്ടു. അവര്‍ക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, സഹോദരി, ഉമ്മ എന്നിവരാണ്. ഭര്‍ത്താവിന്‍റെ നിശ്ചിതോഹരി സ്വത്തിന്‍റെ പകുതി. സഹോദരിയുടെ നിശ്ചിതോഹരിയും സ്വത്തിന്‍റെ പകുതി. രണ്ട് പകുതികള്‍ കൂടി സ്വത്ത് മുഴുവന്‍ വിഹിതംവെച്ചു കഴിഞ്ഞാല്‍ പിന്നെ ഉമ്മയുടെ നിശ്ചിതോഹരിയായ മൂന്നിലൊന്ന് എവിടെ നിന്നും എടുത്തുകൊടുക്കും എന്നതാണ് ആ ചോദ്യം.

പ്രത്യക്ഷത്തില്‍ എന്തോ പ്രശ്നം ഇതിലുണ്ടെന്ന് തോന്നിയേക്കാം. ഈ ലേഖനം വായിച്ച് തീരും മുമ്പ് അതിനുള്ള ഉത്തരം നിങ്ങള്‍ക്കുതന്നെ കണ്ടെത്താന്‍ സാധിക്കും, ഇന്‍ശാ അല്ലാഹ്.

ഇസ്ലാമിക അനന്തരാവകാശനിയമത്തില്‍ നിശ്ചിതോഹരികള്‍ 1/2, 1/4, 1/6, 1/8, 1/3, 2/3 എന്നീ ആറ് ഓഹരികളാണന്ന് മുമ്പ് നാം മനസ്സിലാക്കി. അതിന്‍റെ അടിസ്ഥാനത്തില്‍ സ്വത്ത് വിഹിതം വെക്കുന്നതിനായി  മേല്‍സൂചിപ്പിച്ച ഭിന്നസംഖ്യകളുടെ ല.സാ.ഗുകളായി വരുന്ന 2,3,4,6,8,12,24 എന്നീ  സംഖ്യകളെയാണ് കര്‍മശാസ്ത്രപണ്ഡിതന്‍മാക്കിടയില്‍ ഏകോപിച്ച അടിസ്ഥാന ഓഹരികളായി കണക്കാക്കപ്പെട്ടിട്ടുള്ളത്.

മരണപ്പെട്ട വ്യക്തിയുടെ സ്വത്ത് അവകാശികള്‍ക്ക് വിഹിതം വെക്കുമ്പോള്‍ നിശ്ചിതോഹരിക്കാരുടെ വ്യക്തിയോഹരികളും ക്രിയയുടെ അടിസ്ഥാന ഓഹരികളും  തമ്മില്‍ പരസ്പരം താരതമ്യം ചെയ്താല്‍ അവയ്ക്കിടയില്‍ മൂന്ന് അവസ്ഥകള്‍ കടന്നുവരുന്നതായി സാധാരണ ഗതിയില്‍ കാണാന്‍ സാധിക്കും.

ഒന്ന്: ആദില്‍

നിശ്ചിതോഹരിക്കാരുടെ വ്യക്തിയോഹരികളുടെ തുകയും ക്രിയയുടെ അടിസ്ഥാന ഓഹരികളും തുല്യമായി വരുന്ന അവസ്ഥ.  ഇതിന് 'ആദില്‍' എന്നാണ് ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്‍റെ സാങ്കേതിക പ്രയോഗം. അതിനൊരു ഉദാഹരണം കാണുക:

ഒരാള്‍ മരണപ്പെട്ടു. പരേതന് അനന്തരാവകാശികളായുള്ളത് മാതാവും പിതാവുമൊത്ത രണ്ട് സഹോദരിമാരും മാതാവൊത്ത രണ്ട് സഹോദരന്‍മാരുമാണെന്ന് കരുതുക. മാതാവും പിതാവുമൊത്ത രണ്ട് സഹോദരിമാര്‍ക്കുള്ള നിശ്ചിതോഹരി മൂന്നില്‍രണ്ടും മാതാവൊത്ത സഹോദരന്‍മാര്‍ക്കുള്ള നിശ്ചിതോഹരി മൂന്നില്‍ഒന്നുമാണ്. സ്വത്തിനെ മൂന്ന് ഓഹരിയാക്കി രണ്ട് ഓഹരി മാതാവും പിതാവുമൊത്ത സഹോദരിമാര്‍ക്കും ഒരു ഓഹരി മാതാവെത്ത സഹോദരന്‍മാര്‍ക്കും നല്‍കപ്പെടും. ഇവിടെ വ്യക്തികള്‍ക്കുള്ള നിശ്ചിതോഹരികളുടെ തുക 2+1 = 3 ആണ്. അതേ മൂന്ന് തന്നെയാണ് ഈ പ്രശ്നത്തിലെ അടിസ്ഥാന ഓഹരിയും.

രണ്ട്: നാക്വിസ്വ്

നിശ്ചിതോഹരിക്കാരുടെ വ്യക്തിയോഹരികളുടെ തുക ക്രിയയുടെ അടിസ്ഥാന ഓഹരികളെക്കാള്‍ കുറവായി വരുന്ന അവസ്ഥ.  ഇതിന് 'നാക്വിസ്വ്' എന്നാണ് ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്‍റെ സാങ്കേതിക പ്രയോഗം. നാക്വിസ്വില്‍ മൂന്ന് രൂപം കടന്നുവരും:

1. നിശ്ചിതോഹരിക്കാരും ശിഷ്ടമോഹരിക്കാരും ഒന്നിച്ചുവരുന്ന അവസ്ഥ: അത്തരം അവസ്ഥകളില്‍ നിശ്ചിതോഹരിക്കാര്‍ അനന്തരമെടുത്ത് അവശേഷിക്കുന്ന സ്വത്ത് ശിഷ്ടമോഹരിക്കാര്‍ അനന്തരമെടുക്കും. ഉദാഹരണം കാണുക:

ഒരാള്‍ മരണപ്പെട്ടു. പരേതന് അനന്തരാവകാശികളായുള്ളത് മാതാവും മകളും ഒരു സഹോദരിയുമാണെന്ന് കരുതുക. മാതാവിന്‍റെ നിശ്ചിതോഹരി ആറില്‍ഒന്ന്, മകളുടെ നിശ്ചിതോഹരി പകുതി എന്നിങ്ങനെയാണ്. ഈ ക്രിയയുടെ അടിസ്ഥാനോഹരി ആറുമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു ഓഹരി മാതാവിനും മൂന്ന് ഓഹരി മകള്‍ക്കും നല്‍കപ്പെട്ടാല്‍ ആറില്‍ രണ്ടോഹരി അവശേഷിക്കുന്നുണ്ട്. അത് ശിഷ്ടമോഹരിക്കാരായ സഹോദരിക്കും നല്‍കപ്പെടും.

2. പരേതന്‍റെ അനന്തരാവകാശികളായി ഭാര്യയോ ഭര്‍ത്താവോ അല്ലാത്ത നിശ്ചിതോഹരിക്കാര്‍ ഉണ്ടാകുകയും അവരുടെ വ്യക്തിയോഹരികള്‍ അടിസ്ഥാന ഓഹരികളെക്കാള്‍ കുറവായി വരുകയും ചെയ്യുന്ന അവസ്ഥ: ഇത്തരം ഘട്ടത്തില്‍ നിശ്ചിതോഹരിക്കാരുടെ വ്യക്തിയോഹരികളുടെ മൊത്തം എണ്ണം അടിസ്ഥാന ഓഹരിയായി പരിഗണിച്ച് അനന്തരാവകാശികള്‍ക്കിടയില്‍ വീതിക്കപ്പെടും. ഇതിന് 'റദ്ദ് മസ്അല' എന്നാണ് ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്‍റെ സാങ്കേതിക പ്രയോഗം. ഉദാഹരണം കാണുക:

പരേതന് അവകാശികളായുള്ളത് മാതാവും ഒരു മകളും മകന്‍റെ ഒരു മകളുമാണെന്ന് കരുതുക.  മാതാവിന്‍റെ നിശ്ചിതോഹരി 1/6 (ആറില്‍ ഒന്ന്). മകളുടെ നിശ്ചിതോഹരി സ്വത്തിന്‍റെ 1/2 (പകുതി). മകന്‍റെ മകളുടെ നിശ്ചിതോഹരി 1/6 (ആറില്‍ ഒന്ന്).

ഈ ക്രിയയിലെ അടിസ്ഥാന ഓഹരി വ്യക്തികളുടെ നിശ്ചിതോഹരിയുടെ ല.സാ.ഗു ആയ 6 ആണ്. ഈ ല.സാ.ഗുവിന്‍റെ അടിസ്ഥാനത്തില്‍ പരേതന്‍റെ മാതാവിന് ഒരു ഓഹരി, മകള്‍ക്ക് മൂന്ന് ഓഹരി, മകന്‍റെ മകള്‍ക്ക് ഒരു ഓഹരി എന്നിങ്ങനെയാണ്. വ്യക്തികള്‍ക്ക് ലഭിച്ച നിശ്ചിതോഹരികള്‍ ഒന്നിച്ചുകൂട്ടിയാല്‍ ലഭിക്കുന്ന സംഖ്യ 5. അപ്പോള്‍ മൊത്തം സ്വത്തിനെ ആറ് ഓഹരിയാക്കുന്നതിനു പകരം അഞ്ച് ഓഹരിയാക്കുകയും ഒരു ഓഹരി മാതാവിനും മൂന്ന് ഓഹരി മകള്‍ക്കും ഒരു ഓഹരി മകന്‍റെ മകള്‍ക്കും നല്‍കപ്പെടുകയും ചെയ്യും. ഓരോരുത്തര്‍ക്കും അവരുടെ നിശ്ചിതോഹരിക്ക് അനുസൃതമായി സ്വത്തില്‍ വര്‍ധനവ് ലഭിക്കുകയും ചെയ്യും.

3. ഒരാള്‍ മരണപ്പെട്ടു. പരേതന് അനന്തരാവകാശികളായുള്ളത് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, അവര്‍ക്ക് പുറമെ മറ്റു നിശ്ചിതോഹരിക്കാരും. അവരുടെ നിശ്ചിതോഹരി നാക്വിസ് വിഭാഗത്തിലുമാണെന്ന് കരുതുക. എങ്കില്‍ ആദ്യം ഇണകള്‍ക്കുള്ള ഓഹരി കണക്കാക്കി അവശേഷിക്കുന്ന ഓഹരികള്‍ നിശ്ചിതോഹരിക്കാര്‍ക്ക് അവരുടെ ഓഹരികള്‍ കണക്കാക്കി റദ്ദായി നല്‍കപ്പെടും.

ഉദാഹരണം കാണുക: ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, സഹോദരി എന്നിവരാണെന്ന് കരുതുക. ആദ്യം ഭര്‍ത്താവിന്‍റെ പകുതി ഓഹരി കഴിച്ച് അവശേഷിക്കുന്ന പകുതി മുഴുവനായും മാതാവിനും സഹോദരിക്കും നിശ്ചിതോഹരിയായും റദ്ദായും നല്‍കപ്പെടും.

മൂന്ന്: ഔല്‍

പരേതന്‍റെ അനന്തരാവകാശികളുടെ നിശ്ചിതോഹരികളുടെ ആകെത്തുക അവരുടെ അടിസ്ഥാനോഹരിയെക്കാള്‍ വര്‍ധിച്ച് വരുന്ന അവസ്ഥ അനന്തരസ്വത്ത് വിഹിതം വെക്കുമ്പോള്‍ ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പരേതന്‍റെ അനന്തരാവകാശികളുടെ നിശ്ചിതോഹരികളുടെ ആകെത്തുക ക്രിയയുടെ അടിസ്ഥാനോഹരിയായി പരിഗണിച്ച് അവകാശികള്‍ക്കിടയില്‍ ഭാഗിച്ച് നല്‍കപ്പെടും. ഇതിന് 'ഔല്‍ മസ്അല' എന്നാണ് ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്‍റെ സാങ്കേതിക പ്രയോഗം. ഒരു ഉദാഹരണം കാണുക:

പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവും രണ്ട് സഹോദരിമാരുമാണന്ന് കരുതുക. സ്വത്തിന്‍റെ 1/2 (പകുതി) ഭര്‍ത്താവിനും 2/3 (മൂന്നില്‍ രണ്ട്) സഹോദരിമാര്‍ക്കും അവകാശപ്പെട്ടതാണ്. ഈ കണക്കില്‍ ല.സാ.ഗു വരുന്നത് 6 ആണ്.  ആറിന്‍റെ പകുതി മൂന്നും, ആറിന്‍റെ മൂന്നില്‍ രണ്ട് നാലുമാണ്. ആ രണ്ട് സംഖ്യകള്‍ തമ്മില്‍ കൂട്ടിയാല്‍ ലഭിക്കുന്ന തുക ഏഴുമാണ്. അതിനാല്‍ ഈ ക്രിയയുടെ അടിസ്ഥാനോഹരിയായി ആറിന് പകരം ഏഴിനെ സ്വീകരിച്ച് മൊത്തം സ്വത്തിനെ ഏഴ് ഓഹരിയാക്കി 3 ഓഹരി ഭര്‍ത്താവിനും 4 ഓഹരി സഹോദരിമാര്‍ക്കും അവകാശമായി നല്‍കപ്പെടും. അത്തരം സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ നിശ്ചിതോഹരിക്ക് അനുസൃതമായി ഓരോ അവകാശിക്കും ഓഹരികളില്‍ കുറവ് സംഭവിക്കും.

ഈ വിഷയം ആദ്യമായി ഉണ്ടായത് രണ്ടാം ഖലീഫയായ ഉമറുല്‍ ഫാറൂഖി(റ)ന്‍റെ കാലഘട്ടത്തിലാണ്. അന്ന് ജീവിച്ചിരുന്ന പ്രമുഖ സ്വഹാബിമാരുമായി കൂടിയാലോചന നടത്തി മേല്‍പറഞ്ഞ പ്രകാരം വിധിക്കുകയാണ് ഉമര്‍(റ) ചെയ്തത്.

(അവസാനിച്ചില്ല)