പേരമക്കളുടെ അനന്തരാവകാശം

ശബീബ് സ്വലാഹി

2021 മാര്‍ച്ച് 13 1442 റജബ് 29

(ഇസ്ലാം, സ്ത്രീ, അനന്തരാവകാശം, ഭാഗം 6)

പേരമക്കള്‍ രക്തബന്ധുക്കളായി അനന്തരമെടുക്കുന്ന അവസ്ഥ:

ഈ വിഭാഗത്തില്‍ പരേതന്‍റെ പേരമക്കളുടെ കൂട്ടത്തില്‍നിന്നും പെണ്‍മക്കളുടെ മക്കള്‍, പെണ്‍ മക്കളുടെ ആണ്‍മക്കളുടെ മക്കള്‍, ആണ്‍മക്കളുടെ പെണ്‍മക്കളുടെ മക്കള്‍, അവരുടെ സ്ഥാനത്ത് വരുന്നവര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

പരേതന്  ഭാര്യ / ഭര്‍ത്താവ് എന്നിവര്‍ക്ക് പുറമെ നിശ്ചിതോഹരിക്കാരായോ ശിഷ്ടമോഹരിക്കാരായോ അനന്തരാവകാശികള്‍ ഇല്ലാത്ത ഘട്ടത്തിലാണ് ദവുല്‍അര്‍ഹാമായി (രക്തബന്ധുക്കളായി) അനന്തരം എടുക്കുന്ന അവസ്ഥ പരിഗണിക്കപ്പെടുന്നത്. അത്തരം ഘട്ടത്തില്‍ പ്രഥമ സ്ഥാനത്ത് വരുന്നത് പരേതന്‍റെ പെണ്‍കുട്ടികളുടെ മക്കളും അവരുടെ സ്ഥാനത്ത് വരുന്നവരുമാണ്. ഈ ഘട്ടത്തില്‍ ഭാര്യക്ക് സ്വത്തിന്‍റെ നാലിലൊന്നും ഭര്‍ത്താവിന് സ്വത്തിന്‍റെ പകുതിയുമാണ് നല്‍കേണ്ടത്.

ദവുല്‍അര്‍ഹാമിലൂടെ സ്വത്ത് വിഹിതംവെച്ച് നല്‍ക്കുന്ന സാഹചര്യത്തില്‍ ആണ്‍ ഒന്നിന്ന് രണ്ട് പെണ്‍ ഓഹരി എന്ന തത്ത്വം പരിഗണിക്കപ്പെടേണ്ടതില്ല എന്ന ഹംബലി കര്‍മശാത്ര വീക്ഷണമാണ് ഈ വിഷയത്തിലെ ഏറ്റവും ശരിയായ നിലപാടായി വിലയിരുത്തപ്പെടുന്നത്.

ഇനി ഹനഫീ, ശാഫിഈ കര്‍മശാസ്ത്രവീക്ഷണമാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ ആണ്‍ ഒന്നിന്ന് രണ്ട് പെണ്‍ ഓഹരി എന്ന തത്ത്വം ഈ ഘട്ടത്തിലും പരിഗണിക്കപ്പെടുമെന്ന് മാത്രം. അനന്തരാവകാശമായി സ്വത്ത് തടയപ്പെടുന്ന അവസ്ഥ വരുന്നില്ല.

ഒരു ഉദാഹരണം കാണുക: ഒരാള്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് അനന്തരാവകാശികളായുള്ളത് അദ്ദേഹത്തിന്‍റെ പെണ്‍മക്കളുടെ രണ്ട് അണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണെന്ന് കരുതുക. ഒന്നാമത്തെ വീക്ഷണപ്രകാരമാണ് സ്വത്ത് വിഹിതം വെക്കപ്പെടുന്നതെങ്കില്‍ ആകെ സ്വത്തിനെ നാല് ഓഹരിയാക്കി പെണ്‍മക്കളുടെ ആണ്‍, പെണ്‍ മക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

രണ്ടാം വീക്ഷണമാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ സ്വത്തിനെ ആറ് ഓഹരിയാക്കി രണ്ട് ഓഹരികള്‍ വീതം പുരുഷന്‍മാര്‍ക്കും ഓരോ ഓഹരി വീതം സ്ത്രീകള്‍ക്കും നല്‍കപ്പെടും.

ഇനി വ്യത്യസ്ത ഗണത്തില്‍ പെടുന്ന രക്തബന്ധുക്കളാണ് ഒന്നിച്ച് അവകാശികളായി വരുന്നതെങ്കില്‍ അവരുടെ ബന്ധം പരേതനിലേക്ക് ആരിലൂടെയാണോ സ്ഥിരപ്പെടുന്നത് അയാള്‍ക്കുള്ള ഓഹരി പരിഗണിച്ച് അതിനനുസൃതമായി അവകാശികള്‍ക്കിടയില്‍ ഓഹരി വിഹിതംവെക്കുകയാണ് ചെയ്യുക. അത് പരിഗണിക്കുമ്പോള്‍ മൂന്നുരൂപത്തില്‍ പെണ്‍മക്കളുടെ മക്കള്‍ പരേതനില്‍നിന്നും സ്വത്ത് അനന്തരമെടുക്കും. ഒന്നാമത്തെ രൂപം മുമ്പ് നാം മനസ്സിലാക്കിയതുപോലെ സ്വത്ത് മുഴുവനായും അനന്തരമെടുക്കുന്ന അവസ്ഥയും രണ്ടാമത്തെത് പരേതന്‍റെ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അനന്തരമെടുക്കുന്ന അവസ്ഥയുമാണ്. മൂന്നാമത്തെ അവസ്ഥ പരേതന്‍റെ സ്വത്തിന്‍റെ പകുതി അനന്തരമെടുക്കലാണ്. ശേഷിക്കുന്ന ഭാഗം മറ്റു ബന്ധുക്കള്‍ക്ക് അവരുടെ അവകാശ പ്രകാരവും നല്‍കപ്പെടും.

സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അനന്തരമെടുക്കുന്ന  ഒരു ഉദാഹരണം കാണുക:

ഒരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന് അവകാശികളായുള്ളത് രണ്ടോ അതിലധികമോ പെണ്‍മക്കളുടെ മക്കള്‍, മാതൃസഹോദരി, സഹോദരിയുടെ പുത്രന്‍ എന്നിവരാണ്. എങ്കില്‍ സ്വത്തിനെ ആറായി ഭാഗിച്ച് രണ്ടോ അതിലധികമോ പെണ്‍മക്കളിലൂടെ പരേതനിലേക്ക് ബന്ധം സ്ഥാപിക്കുന്ന പെണ്‍മക്കളുടെ മക്കള്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍രണ്ട് അഥവാ നാല് ഓഹരിയും പരേതനിലേക്ക് മാതാവിലൂടെ ബന്ധം സ്ഥാപിക്കുന്ന മാതൃസഹോദരിക്ക് മാതാവിന്‍റെ അവകാശമായ ആറിലൊന്ന് എന്ന അടിസ്ഥാനത്തില്‍ ഒരു ഓഹരിയും അവശേഷിക്കുന്ന ഒരു ഓഹരി പരേതനിലേക്ക് സഹോദരിയുടെ ശിഷ്ടമോഹരിയിലൂടെ ബന്ധം സ്ഥാപിക്കുന്ന സഹോദരി പുത്രനും വിഹിതമായി നല്‍കപ്പെടും.

സ്വത്തിന്‍റെ പകുതി അനന്തരമെടുക്കുന്ന രണ്ട് ഉദാഹരണങ്ങള്‍ കാണുക:

1) ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അവകാശികളായുള്ളത് ഭര്‍ത്താവും മകളുടെ മക്കളുമാണ്. പരേതയുടെ സ്വത്ത് രണ്ടായി ഭാഗിച്ച് പകുതി ഭര്‍ത്താവിനും പകുതി പെണ്‍മക്കളുടെ മക്കള്‍ക്കും നല്‍കപ്പെടും.

2)  ഒരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന് അവകാശികളായുള്ളത് മകളുടെ മക്കള്‍, മകന്‍റെ മകളുടെ മക്കള്‍, മാതൃസഹോദരി, സഹോദരിയുടെ പുത്രന്‍ എന്നിവരാണ്. എങ്കില്‍ സ്വത്തിനെ ആറായി ഭാഗിച്ച് മകളിലൂടെ പരേതനിലേക്ക് ബന്ധം സ്ഥാപിക്കുന്ന മകളുടെ മക്കള്‍ക്ക് സ്വത്തിന്‍റെ പകുതിയായ മൂന്ന് ഓഹരിയും മകന്‍റെ മകളിലൂടെ ബന്ധം സ്ഥാപിക്കുന്ന മകന്‍റെ മകളുടെ മകന് സ്വത്തിന്‍റെ ആറിലൊന്നായ ഒരു ഓഹരിയും പരേതനിലേക്ക് മാതാവിലൂടെ ബന്ധം സ്ഥാപിക്കുന്ന മാതൃസഹോദരിക്ക് മാതാവിന്‍റെ അവകാശമായ ആറിലൊന്ന് എന്ന അടിസ്ഥാനത്തില്‍ ഒരു ഓഹരിയും അവശേഷിക്കുന്ന ഒരു ഓഹരി പരേതനിലേക്ക് സഹോദരിയുടെ ശിഷ്ടമോഹരിയിലൂടെ ബന്ധം സ്ഥാപിക്കുന്ന സഹോദരി പുത്രനും വിഹിതമായി നല്‍കപ്പെടും. (അടുത്ത പേജിലെ ചാര്‍ട്ട് കാണുക)

മേല്‍ ഉദ്ധരിച്ചതുപ്രകാരം കൃത്യവും വ്യക്തവുമായി കാര്യങ്ങള്‍  ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടും അതൊന്ന് പഠിക്കാനോ മനസ്സിലാക്കാനോ തയ്യാറാകാതെ ആരോപണങ്ങള്‍ പടച്ചുവിടുക മാത്രമാണ് വിമര്‍ശകര്‍ ചെയ്യാറുള്ളത്. ഇസ്ലാം എന്ന് കേള്‍ക്കുമ്പോഴേക്കും വിമര്‍ശനബോധം ഉണരുന്നതിനെ ഒരു രോഗമായി മാത്രമെ കാണാന്‍ കഴിയൂ.

പരേതനില്‍നിന്നും പേരമക്കള്‍ നേരിട്ട് അനന്തരമെടുക്കാത്ത സന്ദര്‍ഭങ്ങള്‍:

പിതാവോ മാതാവോ ജീവിച്ചിരിക്കെ അവരുടെ  മക്കള്‍ മരിച്ചാല്‍ ആ മക്കളുടെ മക്കള്‍ക്ക് ജീവിച്ചിരിക്കുന്ന പിതാവിന്‍റെയും മാതാവിന്‍റെയും സ്വത്തില്‍ അവകാശമില്ല എന്നത് വിമര്‍ശകര്‍ സാധാരണ ഉന്നയിക്കാറുള്ള ഒരു ആരോപണമാണ്. എന്നാല്‍ ഇത് വസ്തുതക്ക് നിരക്കാത്ത കാര്യമാണെന്ന് മുമ്പ് ഉദ്ധരിച്ച ഉദാഹരണങ്ങളില്‍നിന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. അവയിലൊന്നും അനന്തരാവകാശികളുടെ പിതാക്കള്‍ ജീവിച്ചിരിക്കുന്നില്ല എന്നത് അവരുട പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് അനന്തരം എടുക്കുന്നതിന് തടസ്സമായി വന്നില്ല എന്നും നമുക്ക് കാണാന്‍ സാധിച്ചു.

എന്നാല്‍ പേരമക്കള്‍ പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് അനന്തരം എടുക്കാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടെന്ന് തുടക്കത്തില്‍ സൂചിപ്പിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ പേരമക്കളുടെ പിതാവ് മരിച്ചു എന്നതല്ല അവരുടെ പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് അനന്തരമെടുക്കാതിരിക്കാനുള്ള കാരണം. അങ്ങനെയായിരുന്നെങ്കില്‍ ജീവിച്ചിരിക്കുന്ന മക്കളുടെ മക്കള്‍ പിതാമഹനില്‍നിന്നോ പിതാമഹിയില്‍നിന്നോ നേരിട്ട് സ്വത്ത് അനന്തരമായി എടുക്കണമായിരുന്നു. അതും ഉണ്ടായിട്ടില്ല. യുക്തിവാദികളും വിമര്‍ശകരും ഉന്നയിക്കുന്നത് പോലെയല്ല കാര്യമെന്ന് ചുരുക്കം.

ഇനി പിതാവ് മരിച്ച മക്കള്‍ക്ക് പിതാവിന്‍റെ മാതാപിതാക്കളില്‍നിന്നും അനന്തരസ്വത്ത് നേരിട്ട് ലഭിക്കുന്ന അവസ്ഥ വന്നാല്‍, പിതാവ് ജീവിച്ചിരിക്കുന്ന പേരമക്കളോട് ചെയ്യുന്ന അനീതിയായിരിക്കും അത് എന്നത് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും. അവരുടെ പിതാക്കളുടെ കാലശേഷം ആ സ്വത്ത് അവര്‍ക്ക് തന്നെ ലഭിക്കാനുള്ളതല്ലേ എന്നതാണ് ന്യായമയി പറയുന്നതെങ്കില്‍ അവിടെ ഉയരുന്ന മറ്റൊരു ചോദ്യം ആ സ്വത്ത് പിതാവിന്‍റെ കാലശേഷം ഈ മക്കള്‍ക്ക് അനുഭവിക്കാന്‍ ലഭിക്കും എന്നതിന് ആരാണ് ഉറപ്പ് നല്‍കുക എന്നതാണ്. മാത്രവുമല്ല അത് ഒരുപക്ഷേ, ആ പിതാവിന്‍റെ ജീവനുപോലും ഭീഷണിയായി മാറുന്ന അവസ്ഥക്കും കാരണമാകാം.

പിതാവ് മരിച്ച മക്കളോടുള്ള അനുകമ്പയുടെ ഭാഗമായി അവകാശം നല്‍കുന്ന അവസ്ഥ വന്നാല്‍ ഓരോ വ്യക്തിക്കും പ്രത്യേകം നിയമങ്ങള്‍ ഉണ്ടാക്കേണ്ടിവരും. അത് അസാധ്യവും യുക്തിബോധത്തിനും നീതിക്കും നിരക്കാത്തതുമാണ്. ഇവിടെയാണ് അല്ലാഹുവിന്‍റെ തീരുമാനം കൃത്യവും നീതിയുക്തവുമാണെന്ന് ഏതൊരു മനുഷ്യനും ബോധ്യപ്പെടുക.

പേരമക്കള്‍ നിശ്ചിതോഹരിക്കാരായും ശിഷ്ടമോഹരിക്കാരായും രക്തബന്ധുക്കളായും അനന്തരമെടുക്കുന്ന അവസ്ഥകള്‍ ഉണ്ടെന്ന് മനസ്സിലാക്കിയല്ലോ. ഈ ഓരോ വിഭാഗവും പരേതനില്‍ നിന്നും സ്വത്ത് നേരിട്ട് അനന്തരമെടുക്കാതെ വരുമ്പോള്‍ അതിനുള്ള കാരണവും വ്യത്യസ്തമാണ്. അത് കൂടി നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.

രക്തബന്ധുക്കളായി അനന്തരമെടുക്കുന്നവര്‍ അനന്തരാവകാശത്തില്‍നിന്നും തടയപ്പെടുന്നത് അവരെക്കാള്‍ പരേതനിലേക്ക് ബന്ധംകൊണ്ട് ശക്തിയുള്ള നിശ്ചിതോഹരിക്കാരോ ശിഷ്ടമോഹരിക്കാരോ ജീവിച്ചിരിക്കുന്നത് കാരണത്താലാണ്. എന്നാല്‍ നിശ്ചിതോഹരിക്കാരായ പേരമക്കള്‍ക്ക് സ്വത്ത് തടയപ്പെടുന്നത് ഒന്നുകില്‍ സ്ത്രീകളുടെ മുന്തിയ ഓഹരിയായ മൂന്നില്‍ രണ്ട് പൂര്‍ണമായും പരേതന്‍റെ പെണ്‍മക്കള്‍തന്നെ അനന്തരമെടുക്കുന്ന സാഹചര്യത്തിലോ മക്കള്‍ തന്നെ ശിഷ്ടമോഹരിക്കാരായി സ്വത്ത് പൂര്‍ണമായോ നിശ്ചിതോഹരിക്കാരുടെ ഓഹരിക്ക് ശേഷം അവശേഷിക്കുന്ന ഓഹരികള്‍ മുഴുവനായി അനന്തരമെടുക്കുന്ന സാഹചര്യത്തിലോ ആണ്.

ശിഷ്ടമോഹരിക്കാരായ പേരമക്കള്‍ക്ക് അനന്തരം തടയപ്പെടുന്നുവെങ്കില്‍ അതിനുള്ള കാരണം തലമുറകള്‍കൊണ്ട് അവരെക്കാള്‍ പരേതനിലേക്ക് അടുത്ത ശിഷ്ടമോഹരിക്കാര്‍ അവകാശികളായി ഉണ്ട് എന്നതുമാണ്. ഇത് പേരമക്കളുടെ വിഷയത്തില്‍ മാത്രം പരിമിതവുമല്ല.

ഇസ്ലാം പേരമക്കളെ വഴിയാധാരമാക്കിയോ?

പേരമക്കളെ എന്നല്ല, ഒരാളെയും ഇസ്ലാം വഴിയാധാരമാക്കിയിട്ടില്ല. മാത്രമല്ല എല്ലാവര്‍ക്കും യഥാര്‍ഥ വഴികാണിച്ചുകൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. അനന്തരാവകാശമായി പരേതനില്‍നിന്നും സ്വത്ത് ലഭിക്കാത്ത, എന്നാല്‍ അദ്ദേഹത്തിനാല്‍ സംരക്ഷിക്കപ്പെടേണ്ട വ്യക്തികള്‍ക്കും അല്ലാത്തവര്‍ക്കും സ്വത്ത് ലഭിക്കാനുള്ള മാര്‍ഗവും ഇസ്ലാം വ്യക്തമാക്കിതന്നിട്ടുണ്ട്. അതാണ് വസ്വിയ്യത്ത്. അല്ലാഹു പറയുന്നത് കാണുക:

"നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്" (ക്വുര്‍ആന്‍ 2: 180).

ഇതിലെ 'മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്' എന്ന ഭാഗം അടിവരയിട്ട് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

ഈ വചനത്തിന്‍റെ വിശദീകരണത്തില്‍ അല്ലാമ മുഹമ്മദ്ബിന്‍ സ്വാലിഹ്ബിന്‍ അല്‍ഉഥൈമീന്‍(റഹി) പറയുന്നു: "(തന്‍റെപക്കല്‍) കൂടുതല്‍ സമ്പത്തുള്ളവര്‍ മാതാപിതാക്കള്‍ക്കും അടുത്തബന്ധുക്കള്‍ക്കും വേണ്ടി വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണ് എന്നത് ഈ ആയത്തിന്‍റെ ഗുണപാഠങ്ങളില്‍ പെട്ടതാണ്. ഈ ആയത്തിന്‍റെ വിധി അനന്തരാവകാശത്തിന്‍റെ വിധികള്‍ വിവരക്കുന്ന ആയത്തിനാല്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ടോ, പ്രത്യുത വിധി ദുര്‍ബലപ്പെടുത്തപ്പെടാത്ത ആയത്താണോ, മറിച്ച് അനന്തരാവകാശ വിധിവിലക്കുകള്‍ വന്ന ആയത്ത് (അനന്തരാവകാശികള്‍ക്ക് മാത്രമായി) പ്രത്യേകമാക്കപ്പെട്ട ആയത്താണോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ രണ്ട് അഭിപ്രായക്കാരാണ്. ഭൂരിഭാഗം പേരും ഇതിന്‍റെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ശരിയായ അഭിപ്രായം അതിന്‍റെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതല്ല" (തഫ്സീറുല്‍ ക്വുര്‍ആനില്‍കരീം 2/308).

ശൈഖ് ഉഥൈമീന്‍(റഹി) പറഞ്ഞതുപോലെ അനന്തരാവകാശ വിഷയവുമായി ബന്ധപ്പെട്ട് അവ തരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനം അനന്തരാവകാശികളുമായി ബന്ധപ്പെട്ട വിധിവിലക്കുകളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. അത് അതിന്‍റെ മുമ്പ് അവതരിപ്പിക്കപ്പെട്ട മറ്റു ആയത്തുകളുടെ വിധി ദുര്‍ബലപ്പെടുത്തുന്ന (നാസിഖ്) ആയത്തല്ല. അതിനാല്‍ മേല്‍സൂചിപ്പിച്ച സൂറത്തുല്‍ ബക്വറയിലെ 180ാമത് വചനം പരേതനില്‍നിന്നും അന്തരമെടുക്കാത്ത ആളുകളില്‍മാത്രം പരിമിതപ്പെടുന്നതാണന്നും മനസ്സിലാക്കുകയാണ് വേണ്ടത്. അതുകൊണ്ട് ഈ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടത് പരേതനില്‍ അനന്തരമെടുക്കാത്ത മാതാപിതാക്കള്‍, മറ്റു അടുത്തബന്ധുക്കള്‍ എന്നിവരുടെ വിഷയത്തിലാണ് എന്നാണ് പരിഗണിക്കപ്പെടുക.

അങ്ങനെവരുമ്പോള്‍ അത്തരക്കാര്‍ക്കായി തന്‍റെ സ്വത്തില്‍നിന്നും അനന്തരാവകാശികള്‍ക്ക് മാന്യമായരൂപത്തില്‍ സ്വത്ത് ലഭിക്കുംവിധം, തന്നെ ആശ്രയിച്ചുകഴിയുന്ന മറ്റുള്ള ബന്ധുക്കള്‍ക്കായി വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമായിത്തീരും. കാരണം നിര്‍ബന്ധ ബാധ്യതയെ അറിയിക്കുന്ന 'കുതിബ അലൈക്കും' (നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു) എന്ന പ്രയോഗവും, അതിനെ ശക്തിപ്പെടുത്തുന്ന 'ഹക്ക്വന്‍ അലല്‍മുത്തക്വീന്‍' (സൂക്ഷ്മതപുലര്‍ത്തുന്നവര്‍ക്ക് ഒരുകടമയത്രെ അത്) എന്ന പ്രയോഗവും ഈ ആയത്തില്‍ പ്രയോഗിക്കപ്പെട്ടു എന്നതാണ്.

ഇനി മാതാപിതാക്കള്‍ പരേതനില്‍നിന്നും അനന്തരമെടുക്കാത്ത അവസ്ഥയുണ്ടാകുമോ എന്ന് ചോദിക്കപ്പെട്ടേക്കാം. അത്തരം അവസരവും ഉണ്ട് എന്നാണ് നാം മനസ്സിലാക്കേണ്ടത്. മുസ്ലിംകളായ മക്കളുടെ അമുസ്ലിമായ മാതാപിതാക്കള്‍ ആ മക്കളുടെ സ്വത്തില്‍നിന്നും അനന്തരമെടുക്കുകയില്ല എന്നതാണ് മതത്തിലെ പൊതുനിയമം.

നബി ﷺ പറഞ്ഞു: 'മുസ്ലിമായ ആള്‍ സത്യനിഷേധിയെയും സത്യനിഷേധി മുസ്ലിമിനെയും അനന്തരമെടുക്കുകയില്ല' (ബുഖാരി, മുസ്ലിം).

എന്നാല്‍ മക്കള്‍ മുസ്ലിംകളായി എന്നതുകൊണ്ട് അമുസ്ലിംകളായ മാതാപിതാക്കളെ വ ഴിയാധാരമാക്കാനോ അവര്‍ക്ക് ചെയ്തുകൊടുക്കേണ്ട ഭൗതിക ഉത്തരവാദിത്തങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനോ മക്കള്‍ക്ക് പാടില്ല. അതിനാല്‍തന്നെ തങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ കാലശേഷം ജീവിക്കാനും മറ്റും പ്രയാസപ്പെടും എന്ന് ബോധ്യമുള്ള മുസ്ലിംകളായ മക്കള്‍ തങ്ങളുടെ സ്വത്തില്‍നിന്നും ഒരു ഓഹരി അത്തരം ഘട്ടങ്ങളില്‍ ആ മാതാപിതാക്കള്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമായിമാറും. അല്ലാത്തപക്ഷം അവര്‍ ശിക്ഷാര്‍ഹമായ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടവരായാണ് അല്ലാഹുവിന്‍റെ പക്കല്‍ പരിഗണിക്കപ്പെടുക.

അമുസ്ലിംകളായ മാതാപിതാക്കളുടെ വിഷയത്തില്‍ ഇത്രമാത്രം ഗൗരവത്തില്‍ കാര്യങ്ങള്‍ കല്‍പിക്കപ്പെടുമ്പോള്‍, തന്നില്‍നിന്നും അനന്തരമെടുക്കാത്ത പേരമക്കളടക്കമുള്ള, തന്‍റെ ഉത്തരവാദിത്തത്തില്‍വരുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി മാന്യമായ രൂപത്തില്‍ ജീവിക്കാനാവശ്യമായ വിഹിതം തന്‍റെ സ്വത്തില്‍നിന്നും വസ്വിയത്ത് ചെയ്യണം എന്നതിനെ മനസ്സാക്ഷിയുള്ള ആരാണ്നിഷേധിക്കുക? ക്വുര്‍ആനിന്‍റെ അധ്യാപനങ്ങളെ മറികടന്ന് ഒരുയഥാര്‍ഥ മുസ്ലിം ഒരിക്കലും ജീവിക്കുകയില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഏതെങ്കിലും വ്യക്തികളില്‍നിന്നുമുണ്ടാകുന്ന അപരാധങ്ങളെ ഇസ്ലാമികവല്‍ക്കരിച്ച് ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളത് നിങ്ങള്‍ പ്രചരിപ്പിക്കുന്ന കളവുകള്‍ സ്വന്തം വിലകളയുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. കൂടുതല്‍ ആളുകള്‍ക്ക് ഇസ്ലാം മനസ്സിലാക്കാന്‍ വഴിയൊരുക്കുമെന്ന ആശ്വാസവുമുണ്ട്.

ഇസ്ലാമിക നിയമങ്ങള്‍ നീതിയുക്തവും കൃത്യവുമാണ്. മതത്തെ അതിന്‍റെ പ്രമാണങ്ങളില്‍നിന്നും മനസ്സിലാക്കുക. മുന്‍വിധികള്‍ ഒഴിവാക്കുക.