രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍

ഡോ. ടി. കെ യൂസുഫ്

2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26

(രോഗ പ്രതിരോധം: ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ 2)

ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍

രോഗപ്രതിരോധ രംഗത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന രണ്ട് കാര്യങ്ങളാണ് സമ്പര്‍ക്ക വിലക്കും സാമൂഹിക അകലം പാലിക്കലും. നബി ﷺ പറഞ്ഞു: ''രോഗമുള്ളവയെ രോഗമില്ലാത്തവയുടെ കൂടെ മേയാന്‍ വിടരുത്'' (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം:'''ഒരു നാട്ടില്‍ പ്ലേഗ് ഉണ്ടെന്നു കേട്ടാല്‍ നിങ്ങള്‍ അവിടെ പ്രവേശിക്കരുത്. നിങ്ങള്‍ ഉള്ള ഒരു നാട്ടിലാണ് അത് സംഭവിക്കുന്നതെങ്കില്‍ നിങ്ങള്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്യരുത്'' (ബുഖാരി, മുസ്‌ലിം).

ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു തിരുവചനം ഇപ്രകാരമാണ്: ''പ്ലേഗില്‍ നിന്ന് ഭയന്നോടുന്നവര്‍ യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞോടുന്നവനെ പോലെയാണ്. ആരെങ്കിലും അതില്‍ ക്ഷമിച്ചാല്‍ അവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്'' (അഹ്മദ്).

പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചുവീഴുന്നവരെ കാണുമ്പോള്‍ അവിടെനിന്ന് രക്ഷപ്പെടരുത് എന്ന നിര്‍ദേശം പലര്‍ക്കും വിചിത്രമായി തോന്നിയേക്കാം. ലോകത്ത് മുസ്‌ലിംകള്‍ മാത്രമാണ് പ്രവാചക കല്‍പന മാനിച്ച് മാഹാമാരികളില്‍നിന്ന് ഓടി രക്ഷപ്പെടാതിരിക്കുന്നത്. രോഗലക്ഷണം പ്രകടപ്പിക്കാത്തവര്‍ പോലും രോഗവാഹകരായി മാറുന്നുണ്ടെന്നും ഇക്കൂട്ടരാണ് യഥാര്‍ഥത്തില്‍ കൂടുതല്‍ അപകടകാരികളായിത്തീരുന്നതെന്നും ഇന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ്  സമ്പര്‍ക്ക വിലക്കിന് ആഗോളതലത്തില്‍തന്നെ മുന്തിയ പരിഗണന നല്‍കപ്പെടുന്നത്.

വിരോധിക്കപ്പെട്ട ഭക്ഷണങ്ങള്‍

മാംസാഹാരം ഇസ്‌ലാം അനുവദിക്കുന്നുണ്ടെങ്കിലും ചില മാംസങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പന്നി, ചത്തമൃഗങ്ങള്‍, മാംസഭുക്കുകളായ വന്യജീവികള്‍ എന്നിവയുടെ മാംസം വിരോധിക്കപ്പെട്ടതാണ്. മനുഷ്യന് മാരകമായ രോഗങ്ങള്‍ പരത്തുന്ന പല കീടാണുക്കളുടെയും ആവാസകേന്ദ്രമായി ഗണിക്കപ്പെടുന്നത് ഇത്തരം മാംസങ്ങളാണ്. ചത്ത ജീവികളെ ജാഹിലിയ്യ കാലത്ത് ആളുകള്‍ ഭക്ഷിച്ചിരുന്നു. രോഗാണുബാധകൊണ്ട് മൃഗങ്ങള്‍ ചാകുമെന്നും അവയുടെ ശരീരത്തില്‍ ആകമാനം രോഗാണുക്കള്‍ നിറഞ്ഞിരിക്കുമെന്നും അക്കാലത്തുള്ളവര്‍ക്ക് അറിയുമായിരുന്നില്ല. എന്നാല്‍ വര്‍ത്തമാനകാലത്ത് രോഗാണുക്കളെക്കുറിച്ച് അവബോധം ഉള്ളതുകൊണ്ട് അധികപേരും ചത്തമൃഗങ്ങളെ ഭക്ഷിക്കാറില്ല. ജീവികളിലെ രക്തം രോഗാണുക്കളുടെ ആവാസകേന്ദ്രമായിട്ടാണ് ഗണിക്കപ്പെടുന്നത്. ശ്വേതരക്താണുക്കളുടെ സാന്നിധ്യമാണ് ഇവയുടെ ആക്രമണത്തെ ചെറുത്തുനിര്‍ത്തുന്നത്. എന്നാല്‍ ജീവികളുടെ ജീവന്‍ നഷ്ടപ്പെടുന്നതോടുകൂടി ശ്വേതരക്താണുക്കളുടെ സാന്നിധ്യം നഷ്ടപ്പെടുകയും രോഗാണുക്കള്‍ ക്രമാതീതമായി പെറ്റുപെരുകുകയും ചെയ്യും. ഇസ്‌ലാം നിഷ്‌ക്കര്‍ശിച്ചപോലെ അറുത്ത് രക്തം വാര്‍ന്നുപോകാന്‍ അനുവദിക്കുകയാണെങ്കില്‍ രക്തത്തില്‍ നിറഞ്ഞുനില്‍ക്കുന്ന രോഗാണുക്കള്‍ മാംസത്തിലൂടെ മനുഷ്യരിലേക്ക് പ്രവഹിക്കുന്നത് തടയാന്‍ കഴിയും.

പന്നിമാംസവും രോഗാണുക്കളും

പന്നിമാംസം ക്വുര്‍ആന്‍ വളരെ വ്യക്തമായി വിരോധിച്ചിട്ടുണ്ട്. (ക്വുര്‍ആന്‍ 6:145). ഏറ്റവും കൂടുതല്‍ രോഗാണു സാന്നിധ്യമുള്ള ഒരു ജീവിയാണ് പന്നി. ഏകദേശം അഞ്ഞൂറോളം പകര്‍ച്ചവ്യാധികള്‍ അതിനെ ബാധിക്കുന്നുണ്ട്. അതില്‍ നൂറോളം രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നതാണ്. പന്നിമാംസം കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഭക്ഷ്യഅലര്‍ജി, കരള്‍രോഗം, ദഹനക്കുറവ്, ആസ്തമ തുടങ്ങി പന്നിമാംസവും അതിന്റെ ഉത്പന്നവും കഴിക്കുന്നതിലൂടെ പകരുന്ന 13 രോഗങ്ങള്‍ക്ക് പുറമെയാണിത്. പന്നി നേരിട്ടോ മറ്റു മൃഗങ്ങള്‍ മുഖേനയോ അനേകം രോഗങ്ങള്‍ മനുഷ്യന് സമ്മാനിക്കുന്നുണ്ട്. ക്വുര്‍ആന്‍ മാത്രമല്ല ബൈബിളും പന്നി മാംസം ഭക്ഷിക്കുന്നത് വിരോധിക്കുന്നതായി കാണാം.

''പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പര്‍ശിക്കുകയോ അരുത്''(നിയമാവര്‍ത്തനം 14:8).

പന്നി കഴിഞ്ഞാല്‍ രോഗാണു കൈമാറ്റത്തിന് സാധ്യതയുള്ള മറ്റൊരു മൃഗം നായയാണ്. വേട്ടയാടുന്നതിനും കാവലിനും പോലുള്ളഅത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഇവയെ വാങ്ങുന്നതും വളര്‍ത്തുന്നതും ഇവയോട് സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്.

മാംസഭുക്കുകളായ വന്യമൃഗങ്ങളെയും പക്ഷികളെയും ഭക്ഷിക്കുന്നത് ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. തേറ്റയുള്ള വന്യമൃഗങ്ങളെയും കൂര്‍ത്ത നഖമുള്ള പക്ഷികളെയും അല്ലാഹുവിന്റെ ദൂതര്‍ ﷺ വിരോധിച്ചിട്ടുണ്ട്'(അഹ്മദ്). നബി ﷺ പറഞ്ഞു: ''തേറ്റയുള്ള എല്ലാ വന്യമൃഗങ്ങളും; അത് ഭക്ഷിക്കുന്നത് നിഷിദ്ധമാണ്'''(മുസ്‌ലിം).

ഇസ്‌ലാം നിരോധിച്ച ഇത്തരം ജീവികളിലൂടെ നേരിട്ടോ അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റു ജീവികള്‍ മുഖേനയോ മനുഷ്യശരീരത്തിലേക്ക് ധാരാളം പാരാസൈറ്റുകള്‍ കടന്നുവരുന്നുണ്ടെന്നത് ഒരു അനിഷേധ്യ വസ്തുയാണ്.  ഇസ്‌ലാം ഭക്ഷിക്കുന്നത് വിരോധിച്ച പല ജീവികളും ചത്തമൃഗങ്ങളെ തിന്നുന്നതിലൂടെ രോഗാണുവാഹകരായിത്തീരുന്നവ കൂടിയാണ്.

ലഹരി വസ്തുക്കളുടെ നിരോധനം

ഭക്ഷ്യവസ്തുക്കളില്‍നിന്ന് ചിലത് നിഷിദ്ധമാക്കിയതുപോലെ ചില പാനീയങ്ങളും വിരോധിച്ചിട്ടുണ്ട്. മദ്യം തീര്‍ത്തും വിലക്കപ്പെട്ട ഒരു പാനീയമാണ്. അതിന്റെ ഉത്പാദനവും വിതരണവുമെല്ലാം വിരോധിക്കപ്പെട്ടത് തന്നെയാണ്. മദ്യവും ചൂതാട്ടവും പൈശാചികവും ദൈവസ്മരണയില്‍നിന്നും നമസ്‌കാരത്തില്‍നിന്നും പിന്തിരിപ്പിക്കുന്നതുമാണെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. എന്നാല്‍ മദ്യം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അനവധിയാണ്. അതില്‍ അല്ലറ ചില്ലറ ഗുണങ്ങളുണ്ടെങ്കിലും ദോഷങ്ങളാണ് കൂടുതലെന്നും ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു ഔഷധം എന്ന നിലയ്ക്ക് അത് സേവിക്കാനാവുമോ എന്ന ചോദ്യത്തിന് റസൂല്‍ ﷺ മറുപടി നല്‍കിയത് 'നിശ്ചയം, അത് രോഗമാണ്; ഔഷധമല്ല' എന്നാണ്. മദ്യത്തിന്റെ ഏറ്റവും വലിയ ദോഷം അത് കരളിന്റെ പ്രവര്‍ത്തനത്തെ തകര്‍ത്ത് ശരീരത്തിന്റെ മെറ്റബോളിസത്തെ ആകമാനം അവതാളത്തിലാക്കിത്തീര്‍ക്കുന്നു എന്നതാണ്. കരളിനെ മാത്രമല്ല ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും വ്യവസ്ഥകളെയും അത് അപകടത്തിലാക്കുന്നുണ്ട്. മിക്ക രോഗങ്ങളുടെയും ചികിത്സയില്‍ ആദ്യമായി മദ്യം വര്‍ജിക്കാനാണ് ആവശ്യപ്പെടാറുള്ളത്.

വഴിവിട്ട ബന്ധങ്ങള്‍

അസാന്മാര്‍ഗിക ലൈംഗിക ബന്ധങ്ങള്‍ ഇസ്‌ലാം കര്‍ശനമായി വിരോധിച്ചതാണ്. വ്യഭിചാരത്തോട് നിങ്ങള്‍ അടുക്കുകപോലും ചെയ്യരുതെന്നാണ്'ക്വുര്‍ആന്‍ ആജ്ഞാപിക്കുന്നത്.

''നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു'' (17:32).

സ്വവര്‍ഗരതിയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്: ''ലൂത്വിനെയും (ദൂതനായി അയച്ചു). തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്‍മാരുടെ അടുത്ത് ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധവൃത്തി ചെയ്യുകയുമാണോ?...''(ക്വുര്‍ആന്‍ 29:28,29).

എയിഡ്‌സ് അടക്കമുള്ള എല്ലാ ലൈംഗിക രോഗങ്ങളുടെയും അടിസ്ഥാന കാരണം ഇസ്‌ലാം വിലക്കിയ ലൈംഗിക ബന്ധങ്ങള്‍ തന്നെയാണ്. ഭൗതിക വീക്ഷണകോണിലൂടെ നോക്കിയാല്‍ ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ വിവാഹബന്ധവും വിവാഹേതര ബന്ധവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നാല്‍ വിവാഹേതരബന്ധങ്ങളിലൂടെ മാത്രമാണ് ലൈംഗിക രോഗങ്ങള്‍ ഉണ്ടാകുകയും പകരുകയും ചെയ്യുന്നത്. വ്യഭിചാരം വ്യാപകമാകുന്ന സമൂഹങ്ങളില്‍ മഹാമാരികള്‍ പടരുമെന്ന്'(ഇബ്‌നു മാജ) ഹദീഥുകളില്‍ വന്നിട്ടുണ്ട്.

ലൈംഗിക ബന്ധങ്ങളിലൂടെ പകരുന്ന രോഗാണുക്കള്‍ക്ക് ഇതര കീടാണുക്കളെ അപേക്ഷിച്ച് ചില പ്രത്യേകതകള്‍ കാണപ്പെടുന്നുണ്ട്. ഇവ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ അതിജയിക്കുമെന്ന് മാത്രമല്ല എയിഡ്‌സ് പോലുള്ള രോഗങ്ങളുടെ വൈറസുകള്‍ ആര്‍ജിത പ്രതിരോധത്തെതന്നെ തകര്‍ക്കുന്നതാണ്. അതുപോലെ സിഫിലിസ് പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന അണുക്കളെ പഠന-ഗവേഷണങ്ങള്‍ക്ക് വേണ്ടി ലാബുകളില്‍ വളര്‍ത്തിയെടുക്കുക പ്രയാസകരമാണ്. മനുഷ്യശരീരത്തിലെ ചര്‍മങ്ങളും ശ്ലേഷ്മസ്തരങ്ങളും സാധാരണ രോഗാണുക്കളെ തടയാന്‍ കെല്‍പ്പുള്ളവയാണ്. എന്നാല്‍ ലൈംഗിക രോഗാണുക്കള്‍ ഇവയെ ഭേദിച്ച് അകത്ത് കടക്കുന്നതാണ്. ഒരേസമയം ഒന്നിലധികം രോഗങ്ങളുണ്ടാക്കുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ലൈംഗിക രോഗങ്ങളില്‍ അധികവും അടുത്ത തലമുറയിലേക്ക് പോലും പകരുമെന്നതും ഈ രോഗാണുക്കളുടെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നതാണ്. ഇത്തരം രോഗാണുക്കളില്‍ മിക്കതും മരുന്നുകൊണ്ട് ഫലപ്രദമായി നേരിടാന്‍ കഴിയാത്തവ കൂടിയായാണ്.  

നിയമാനുസൃതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വിലക്കിയത് പോലെത്തന്നെ ആര്‍ത്തവം പോലുള്ള അശുദ്ധ വേളകളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. ഇത്തരം അവസരങ്ങളില്‍ സ്വഭാവിക രോഗപ്രതിരോധം ഇല്ലാതാകും എന്ന് മാത്രമല്ല രക്തത്തിന്റെ സാന്നിധ്യം ഇരുവര്‍ക്കും അണുബാധയുണ്ടാക്കുന്നതുമാണ്. ലൈംഗിക സംസര്‍ഗ രംഗത്ത് ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിക്കുന്നത് കൊണ്ടാകാം അസാന്മാര്‍ഗിക ബന്ധങ്ങളുടെ ഫലമായുണ്ടാകുന്ന ലൈംഗിക ജന്യ രോഗങ്ങളുടെ അനുപാതം മുസ്‌ലിം രാജ്യങ്ങളില്‍ താരതമ്യേന കുറവായിട്ടാണ് കാണപ്പെടുന്നത്.

വിശിഷ്ടമായ ഭക്ഷണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ അനുവദനീയമാക്കുക മാത്രമല്ല അമിതമാകാത്തവിധം അവ കഴിക്കാനും ഇസ്‌ലാം ആജ്ഞാപിക്കുന്നുണ്ട്.  പോഷകാഹാരക്കുറവ് കൊണ്ടാണ് മുന്‍കാലങ്ങളില്‍ കൂടുതല്‍ പേര്‍ക്കും രോഗങ്ങളുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അമിതാഹാരം നിമിത്തമുള്ള ഭക്ഷ്യജന്യ രോഗങ്ങളാണ് കൂടുതലും കാണപ്പെടുന്നത്. ആഹാരത്തിന്റെ കാര്യത്തില്‍ അമിതത്വം പാടില്ലെന്ന് ക്വുര്‍ആന്‍ കണിശമായി കല്‍പിച്ചതാണ്. ഈ കല്‍പന കാറ്റില്‍ പറത്തുന്നതാണ് പല രോഗങ്ങളുടെയും അടിസ്ഥാന കാരണമായിത്തീരുന്നത്. മനുഷ്യര്‍ പൊതുവെ തീറ്റപ്രിയരായതുകൊണ്ട് ഭക്ഷണ നിയന്ത്രണം ശ്രമകരമായിരിക്കും. അമിതാഹാരത്തിന്റെ കെടുതിയില്‍നിന്നും രക്ഷിക്കുന്നതിനും ആഹാര നിയന്ത്രണം ശീലിപ്പിക്കുന്നതിനും കൂടിയാണ് വര്‍ഷത്തില്‍ ഒരു മാസം വ്രതം നിര്‍ബന്ധമാക്കിയത്. ഭക്ഷ്യജന്യ രോഗങ്ങള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയുടെ പ്രാഥമിക നടപടിയും വ്രതം തന്നെയാണ്. വ്രതത്തിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് അനവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവയെല്ലാം വ്രതത്തിന്റെ ആരോഗ്യതലങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. 'വ്രതം ഒരു പരിചയാണ്' എന്ന തിരുവചനത്തിന്റെ അര്‍ഥവ്യാപ്തയില്‍ രോഗപ്രതിരോധവും കൂടി അടങ്ങിയിട്ടുണ്ട്.

മാനസികാരോഗ്യം

മാനസികപ്രശ്‌നങ്ങളും സംഘര്‍ഷങ്ങളുമാണ് പല രോഗങ്ങള്‍ക്കും നിമിത്തമായി മാറുന്നത്. ശാരീരിക രോഗങ്ങളില്‍ അറുപത് ശതമാനവും മാനസിക കാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്. വിശ്വാസവും സല്‍കര്‍മങ്ങളും മാനസികാരോഗ്യ സംരക്ഷണ രംഗത്ത് ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ക്വുര്‍ആന്‍ പറയുന്നു: ''ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്...''(16:97).

രോഗപ്രതിരോധത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് ലോകം ബോധവാന്മാരാകുന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണെന്ന് കാണാം. എന്നാല്‍ ഇസ്‌ലാം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഈ രംഗത്ത് വ്യക്തമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധം മാത്രമല്ല, വന്ന രോഗങ്ങളെ ചികിത്സിക്കാനും ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. '

അനുചരന്മാര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ചികിത്സിക്കേണ്ടതുണ്ടോ?'' നബി ﷺ പറഞ്ഞു: ''അതെ, അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ ചികിത്സിക്കുക. വാര്‍ധക്യമൊഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും അവന്‍ ശമനവും ഉണ്ടാക്കിയിട്ടുണ്ട്''(അഹ്മദ്).

മറ്റൊരു നബിവചനം കാണുക: ''നിശ്ചയം, അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല; അതിന്റെ ശമനവും ഇറക്കിയിട്ടല്ലാതെ. അത് അറിയുന്നവന്‍ അറിയുന്നു, അറിയാത്തവന്‍ അറിയുന്നില്ല.''

അന്ധവിശ്വാസമുക്തമായ ഔഷധസേവയിലൂന്നിയ ചകിത്സാരീതിയാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അതോടപ്പം ചികിത്സയെക്കാള്‍ ഉത്തമം പ്രതിരോധം എന്ന തത്ത്വത്തെ അന്വര്‍ഥമാക്കുംവിധം രോഗപ്രതിരോധത്തിന് പ്രമുഖ്യം നല്‍കുന്നുമുണ്ട്.